നമസ്കാരത്തിന്റെ കാര്യം, അതിന് മുമ്പായി പാലിക്കേണ്ട ചില നിബന്ധനകളുണ്ട് . അവയിൽ പെട്ടതാണ്: ശുദ്ധീകരണം:
നബി ﷺ പറഞ്ഞതുപോലെ:
لَا يَقْبَلُ اللهُ صَلَاةً بِغَيرِ طُهُورٍ.
ശുദ്ധിയില്ലാതെ അല്ലാഹു ഒരു നമസ്കാരവും സ്വീകരിക്കുകയില്ല. (مُتَّفَقٌ عَلَيْهِ)
[ഈ വാചകം പ്രത്യേകമായ ഒരു ഹദീസിന്റെ പൂർണ്ണരൂപമായല്ല, മറിച്ച് ഈ ആശയത്തിൽ ഇമാം ബുഖാരിയും ഇമാം മുസ്ലിമും (رحمهما الله.) തങ്ങളുടെ സ്വഹീഹ് ഗ്രന്ഥങ്ങളിൽ നിരവധി ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന സൂചനയ്ക്കായി (തലക്കെട്ടായി) പണ്ഡിതന്മാർ ഉപയോഗിക്കുന്ന ഒരു ശൈലിയാണ്. ‘മുത്തഫഖുൻ അലൈഹി’ എന്ന് രേഖപ്പെടുത്തിയത് ഈ ആശയത്തിന്റെ ആധികാരികതയെയും, ഇതുപോലെയുള്ള സ്വഹീഹായ ഹദീസുകൾ ഇരു ഗ്രന്ഥങ്ങളിലും ഉണ്ടെന്നതിനെയും സൂചിപ്പിക്കാനാണ്.]
അതിനാൽ, വലിയ അശുദ്ധിയോ, ചെറിയ അശുദ്ധിയോ, നജസോ നീക്കി ആരെങ്കിലും ശുദ്ധീകരണം നേടിയിട്ടില്ലെങ്കിൽ, അവന് നമസ്കരിക്കാൻ പാടില്ല (അവന്റെ നമസ്കാരം സ്വീകാര്യമല്ല).
ശുദ്ധീകരണം രണ്ടു വിധത്തിലാകുന്നു: ഒന്നാമത്തേത്: വെള്ളം കൊണ്ടുള്ള ശുദ്ധീകരണമാണ്; അതാണ് അടിസ്ഥാനം.
ആകാശത്തുനിന്ന് വർഷിച്ചതോ ഭൂമിയിൽ നിന്ന് ഉറവപൊട്ടിയതോ ആയ ഏത് വെള്ളവും ശുദ്ധം ആകുന്നു; (ചെറുതും വലുതുമായ) അശുദ്ധികളിൽ നിന്നും (ശരീരത്തിലോ വസ്ത്രത്തിലോ ഉള്ള) മാലിന്യങ്ങളിൽ നിന്നും അത് ശുദ്ധീകരിക്കുന്നു; അതിന്റെ നിറമോ രുചിയോ മാറിയിട്ടുണ്ടെങ്കിൽ പോലും. നബി ﷺ പറഞ്ഞതുപോലെ:
إِنَّ الْمَاءَ طَهُورٌ لَا يُنَجِّسُهُ شَيءٌ
തീർച്ചയായും വെള്ളം ശുദ്ധമാണ്; യാതൊന്നിനെയും അതിനെ അശുദ്ധമാക്കാൻ സാധിക്കില്ല. [رَوَاهُ أَهْلُ اَلسُّنَنِ، وهو صحيح]
എന്നാൽ വല്ല നജസും (മാലിന്യമോ) കാരണം വെള്ളത്തിന്റെ വിശേഷണങ്ങളിൽ (നിറം, രുചി, മണം) വല്ലതും മാറുകയാണെങ്കിൽ, ആ വെള്ളം നജസാണ് (അശുദ്ധമാണ്); അത് വർജ്ജിക്കൽ നിർബന്ധമാണ്.
[ശരിയായ വീക്ഷണം, വെള്ളം രണ്ടു വിധത്തിലാകുന്നു എന്നതാണ്: (ഒന്ന്) സ്വയം ശുദ്ധവും മറ്റുള്ളവയെ ശുദ്ധീകരിക്കുന്നതുമായ വെള്ളം (طهور مطهر), (രണ്ട്) അശുദ്ധവും മറ്റുള്ളവയെ അശുദ്ധമാക്കുന്നതുമായ വെള്ളം (نجس منجس). ഇവ രണ്ടിനുമിടയിലെ മാനദണ്ഡം, നജസുകളോ മാലിന്യങ്ങളോ കാരണം വെള്ളത്തിന്റെ ഏതെങ്കിലും ഒരു വിശേഷണത്തിന് (നിറം, മണം, രുചി) വരുന്ന വ്യത്യാസമാണ്. അതിനാൽ, ഏത് വെള്ളത്തിന്റെയെങ്കിലും നിറമോ മണമോ രുചിയോ നജസ് കാരണം വ്യത്യാസപ്പെട്ടിട്ടുണ്ടോ, അത് അശുദ്ധമാക്കുന്ന നജസായ വെള്ളമാണ്. ആ വ്യത്യാസം കുറഞ്ഞതോ കൂടുതലോ ആകട്ടെ, അത് ശുദ്ധീകരിക്കുന്ന സ്ഥലത്താകട്ടെ അല്ലാതിരിക്കട്ടെ, നിറത്തിലാകട്ടെ മണത്തിലാകട്ടെ രുചിയിലാകട്ടെ, അത് പരസ്പരം കലർന്നുകൊണ്ട് ഉണ്ടാകിയതാകട്ടെ അല്ലാതിരിക്കട്ടെ (എല്ലാ നിലയ്ക്കും അത് നജിസാണ്). ഇനി, നജസ് ബാധിച്ചിട്ടും അതിന്റെ വിശേഷണങ്ങളിൽ യാതൊന്നും മാറ്റം വന്നിട്ടില്ലാത്ത വെള്ളമാകട്ടെ, അത് ശുദ്ധമായ വെള്ളം തന്നെയാകുന്നു.]
വസ്തുക്കളുടെ അടിസ്ഥാനം, ശുദ്ധിയും അനുവദനീയതയുമാണ്. അതിനാൽ, ഒരു മുസ്ലിമിന് വെള്ളത്തിന്റെയോ, വസ്ത്രത്തിന്റെയോ, സ്ഥലത്തിന്റെയോ, അല്ലെങ്കിൽ മറ്റെന്തിന്റെയെങ്കിലും നജസിന്റെ കാര്യത്തിൽ സംശയം തോന്നുയാണെങ്കിൽ, അത് ശുദ്ധിയുള്ളതാണ്.
അല്ലെങ്കിൽ താൻ ശുദ്ധി നേടിയിട്ടുണ്ടെന്ന് ഉറപ്പുള്ളവനാകുകയും, എന്നാൽ തന്റെ അശുദ്ധി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുകയും ചെയ്താൽ, അവൻ ശുദ്ധിയുള്ളവൻ തന്നെയാണ് (അവന്റെ വുളൂഅ് നഷ്ടപ്പെട്ടിട്ടില്ല). നമസ്കാരത്തിൽ തനിക്ക് വല്ലതും അനുഭവപ്പെടുന്നുണ്ടെന്ന് തോന്നിപ്പോകുന്ന ഒരാളെക്കുറിച്ച് നബി ﷺ പറഞ്ഞത് പോലെ:
لَا يَنْصَرِفْ حَتَّى يَسْمَعَ صَوتًا أَوْ يَجِدَ رِيحًا
അവൻ ശബ്ദം കേൾക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ (നമസ്കാരം വിട്ട്) പിരിഞ്ഞു പോകരുത്. (ബുഖാരി, മുസ്ലിം)
[ശബ്ദമോ മണമോ ഉണ്ടായില്ലെങ്കിലും, തനിക്ക് കീഴ്വായു പോയി എന്ന് വ്യക്തമായി ബോധ്യപ്പെട്ടാൽ വുളൂഅ് നഷ്ടപ്പെടും.]
ശൈഖ് നാസിര് അസ്സഅദി رحمة الله യുടെ كتاب منهج السالكين وتوضيح الفقة في الدين എന്ന കൃതി, كتاب الطهارة (ശുദ്ധീകരണത്തിന്റെ അദ്ധ്യായം) ൽ നിന്നും
www.kanzululoom.com