പ്രാര്‍ഥന അതാകുന്നു ആരാധന എന്നതിന്റെ അർത്ഥം.
عن النُّعْمَانِ بْنِ بَشِيرٍ قَالَ : سَمِعْتُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – يَقُولُ : الدُّعَاءُ هُوَ الْعِبَادَةُ. ثُمَّ قَرَأَ : {وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ}
നുഅ്മാനുബ്‌നു ബശീർؓ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രാർത്ഥന, അതുതന്നെയാണ് ആരാധന. ശേഷം നബി ﷺ ഓതി: {നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.} (ഖു൪ആന്‍ : 40/60) (തിർമുദി, ഇബ്‌നുമാജ, അഹ്‌മദ്)
പ്രാർത്ഥന (ദുആ) രണ്ട് വിധത്തിലുണ്ട്:
1. دعاء مسألة وطلب (ചോദിക്കലിന്റെയും തേടലിന്റെയും പ്രാർത്ഥന): ഇഹത്തിലും പരത്തിലും തനിക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ തരണേ എന്ന് അല്ലാഹുവിനോട് ചോദിക്കുകയും, ഇഹത്തിലും പരത്തിലും ഉപദ്രവകരമായ കാര്യങ്ങൾ തങ്ങളിൽ നിന്ന് തടഞ്ഞുതരണമെന്ന് തേടുകയും ചെയ്യുക.
2. دعاء العبادة (ആരാധനയുടെ പ്രാർത്ഥന): ഹൃദയം കൊണ്ടുള്ളതോ, ശരീരം കൊണ്ടുള്ളതോ, ധനപരമോ ആയ ഏതെങ്കിലും ഒരു ആരാധനാ കർമ്മം നിർവ്വഹിച്ചുകൊണ്ട് മനുഷ്യൻ അല്ലാഹുവിന്റെ അടിമയായി വർത്തിക്കുക എന്നത് ഇതിലൂടെ ഉദ്ദേശിക്കപ്പെടുന്നു.
الدعاء هو العبادة (പ്രാര്‍ഥന അതാകുന്നു ആരാധന) എന്ന വാചകത്തിൽ هو എന്ന സർവ്വനാമവും, العبادة എന്ന ഭാഗത്ത് ചേർന്ന ال ഉം മറ്റൊന്നിലേക്കും അതിനെ വ്യാപിപ്പിക്കാൻ കഴിയില്ല എന്ന അർത്ഥത്തെയാണ് നൽകുന്നത്. അതായത്, “ആരാധന എന്നത് പ്രാർത്ഥനയല്ലാതെ മറ്റൊന്നുമല്ല” എന്ന് നബി ﷺ ശക്തമായി ഊന്നിപ്പറയുകയാണ്.
قال ابن رجب رحمه الله: اعلم أن أصل الدعاء في اللغة: الطلب، فهو استدعاء لما يطلبه الداعي ويؤثر حصوله، فتارة يكون الدعاء بالسؤال من الله عز وجل والابتهال إليه، كقول الداعي: اللهم اغفر لي، اللهم ارحمني، وتارة يكون بالإتيان بالأسباب التي تقتضي حصول المطالب، وهو الاشتغال بطاعة الله وذكره، وما يحب من عبده أن يفعله، وهذا هو حقيقة الإيمان. وفي ” السنن الأربعة” عن النعمان بن بشير، عن النبي صلي الله عليه وسلم قال: إن الدعاء هو العبادة ثم قرأ: {وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ} [غافر: 60]. فما استجلب العبد من الله ما يحب، واستدفع منه ما يكره؛ بأعظم من اشتغاله بطاعة الله وعبادته وذكره وهو حقيقة الإيمان، فإن الله يدفع عن الذين آمنوا.
ഇബ്നു റജബ് رحمه الله പറയുന്നു: അറിയുക; ഭാഷാപരമായി ‘ദുആ’ (പ്രാർത്ഥന) എന്ന വാക്കിന്റെ അടിസ്ഥാനം ‘തേട്ടം’ (ആവശ്യപ്പെടൽ) എന്നാണ്. അതായത്, പ്രാർത്ഥന നടത്തുന്നവൻ താൻ ആഗ്രഹിക്കുന്നതും തനിക്ക് ലഭിക്കാൻ ഇഷ്ടപ്പെടുന്നതുമായ കാര്യം ആവശ്യപ്പെടലാണിത്.
ചിലപ്പോൾ ഇത് അല്ലാഹുവിനോട് ചോദിച്ചുകൊണ്ടും അവങ്കലേക്ക് വിനയത്തോടും താഴ്മയോടും കൂടി കേണപേക്ഷിച്ചു കൊണ്ടുമായിരിക്കും; ഉദാഹരണത്തിന് പ്രാർത്ഥന നടത്തുന്നയാൾ {അല്ലാഹുവേ, എനിക്ക് നീ പൊറുത്തുതരേണമേ, അല്ലാഹുവേ, എന്നോട് നീ കരുണ കാണിക്കേണമേ} എന്ന് പറയുന്നതുപോലെ.
മറ്റു ചിലപ്പോൾ അത്, നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ ലഭ്യമാകുന്നതിന് കാരണമാകുന്ന മാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ടുമായിരിക്കും; അതായത്, അല്ലാഹുവിനെ അനുസരിക്കുന്നതിലും അവന്റെ സ്മരണയിലും മുഴുകുക, തന്റെ അടിമ ചെയ്തു കാണാൻ അവൻ (അല്ലാഹു) ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക എന്നിവയൊക്കെ ഇതിൽ പെടുന്നു. ഇതാണ് യഥാർത്ഥ ഈമാനിന്റെ (വിശ്വാസത്തിന്റെ) യാഥാർത്ഥ്യം.
നാല് സുനൻ ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ള ഹദീസ്, നുഅ്മാനുബ്‌നു ബശീർؓ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം പ്രാർത്ഥന, അതുതന്നെയാണ് ആരാധന. ശേഷം നബി ﷺ ഓതി: {നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.} (ഖു൪ആന്‍ : 40/60)
ഒരു അടിമ അല്ലാഹുവിൽ നിന്ന് താൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നേടിയെടുക്കുന്നതിനേക്കാൾ, തനിക്ക് അനിഷ്ടകരമായ കാര്യങ്ങളെ അവനിൽ നിന്ന് തടഞ്ഞു നീക്കുന്നതിനേക്കാൾ, അല്ലാഹുവിനെ അനുസരിക്കുന്നതിലും അവനെ ആരാധിക്കുന്നതിലും അവനെ സ്മരിക്കുന്നതിലും വ്യാപൃതനാകുന്നതിനേക്കാൾ വലുതായ മറ്റൊരു മാർഗ്ഗവുമില്ല; അതാണ് യഥാർത്ഥ ഈമാൻ (വിശ്വാസം). തീർച്ചയായും അല്ലാഹു വിശ്വസിച്ചവരെ (തിന്മകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും) പ്രതിരോധിക്കുന്നതാണ്. [فتح الباري (1/ 20)]
പ്രാർത്ഥനയുടെ ഖുർആനിക വ്യാഖ്യാനം
വിശുദ്ധ ഖുർആനിലെ സൂക്തങ്ങളിൽ വന്നിട്ടുള്ള ‘ദുആ’ (പ്രാർത്ഥന) എന്ന പദം ഒരേസമയം രണ്ട് അർത്ഥങ്ങളും (1.ദുആ അൽ-മസഅലഃ, 2.ദുആ അൽ-ഇബാദഃ) ഉദ്ദേശിക്കപ്പെടാറുണ്ട്; കാരണം അവ രണ്ടും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. വായകൊണ്ട് അല്ലാഹുവിനോട് ചോദിക്കുന്ന ഓരോ യാചകനും അവനെ ആരാധിക്കുന്നവനാണ്; തീർച്ചയായും പ്രാർത്ഥന എന്നത് ആരാധന തന്നെയാണ്. അതുപോലെ അല്ലാഹുവിന് വേണ്ടി നമസ്കരിക്കുകയോ നോമ്പ് നോൽക്കുകയോ ഹജ്ജ് ചെയ്യുകയോ ചെയ്യുന്ന ഏതൊരു ആരാധകനും അത് ചെയ്യുന്നത് അല്ലാഹുവിങ്കൽ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും സ്വർഗ്ഗം വിജയിക്കാനും ശിക്ഷയിൽ നിന്ന് രക്ഷനേടാനും വേണ്ടിയാണ്.
അല്ലാഹുവിനോട് ചോദിക്കുന്നത് ആരാധനയാകുന്നത് എങ്ങനെ?
നാം നമ്മുടെ വായകൊണ്ട് അല്ലാഹുവിനോട് കൈയേന്തി ചോദിക്കുമ്പോൾ, നമ്മുടെ അടിമത്തവും ദീനതയും അല്ലാഹുവിന്റെ മുന്നിൽ പൂർണ്ണമായി സമർപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവിനെ മാത്രം റബ്ബായി അംഗീകരിച്ചുകൊണ്ട് അവനിലേക്ക് തിരിയുന്ന ഈ പ്രവൃത്തി തന്നെ വലിയൊരു ആരാധനയാണ്. അതുകൊണ്ടാണ് {പ്രാര്‍ഥന അതാകുന്നു ആരാധന} എന്ന് നബി ﷺ പറഞ്ഞത്.
ആരാധനകൾ ‘പ്രാര്‍ത്ഥന’ ആകുന്നത് എങ്ങനെ?
ഒരു മുസ്ലിം നമസ്കരിക്കുമ്പോഴോ, നോമ്പ് നോൽക്കുമ്പോഴോ, ഹജ്ജ് നിർവഹിക്കുമ്പോഴോ അവൻ വെറുതെ കുറെ ചടങ്ങുകൾ ചെയ്യുകയല്ല ചെയ്യുന്നത്. അവന്റെ മനസ്സിൽ അല്ലാഹുവിന്റെ പ്രതിഫലം നേടണമെന്ന ആഗ്രഹമുണ്ട്; സ്വർഗ്ഗം കരസ്ഥമാക്കണമെന്ന ലക്ഷ്യമുണ്ട്; പരലോക ശിക്ഷയിൽ നിന്ന് രക്ഷപ്പെടണമെന്ന ഭയമുണ്ട്. അപ്പോൾ അവന്റെ ആ കർമ്മങ്ങളെല്ലാം നിശബ്ദമായൊരു തേട്ടമാണ്, അല്ലാഹുവിലേക്കുള്ള വലിയൊരു യാചനയാണ്.
ചുരുക്കത്തിൽ, നമ്മൾ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോൾ അതൊരു ആരാധനയായി മാറുന്നു; നമ്മൾ ആരാധനകൾ ചെയ്യുമ്പോൾ അതൊരു പ്രാര്‍ത്ഥനയായി മാറുന്നു.
قال الشيخ عبد الرحمن السعدي رحمه الله:كل ما ورد في القرآن من الأمر بالدعاء، والنهي عن دعاء غير الله، والثناء على الداعين، يتناول دعاء المسألة، ودعاء العبادة.
ശൈഖ് അബ്ദുറഹ്മാൻ അസ്സഅ്ദി رحمه الله പറഞ്ഞു: വിശുദ്ധ ഖുർആനിൽ പ്രാർത്ഥിക്കാൻ കൽപിച്ചുകൊണ്ടും, അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നതിനെ വിലക്കിക്കൊണ്ടും, പ്രാർത്ഥിക്കുന്നവരെ പ്രശംസിച്ചുകൊണ്ടും വന്നിട്ടുള്ള എല്ലാ പരാമർശങ്ങളും ദുആ അൽ-മസഅലഃ, ദുആ അൽ-ഇബാദഃ എന്നീ രണ്ട് രൂപങ്ങളെയും ഉൾക്കൊള്ളുന്നവയാണ്.
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله പറഞ്ഞു: അല്ലാഹുവിൻറെ സാമീപ്യം തേടൽ (തവസ്സുൽ), അല്ലാഹുവിലേക്ക് മുഖം തിരിക്കൽ, അല്ലാഹു കൽപ്പിച്ച സൽക്കർമ്മങ്ങൾ മുൻനിർത്തി അവനോട് ചോദിക്കൽ – അതായത് ഗുഹയിൽ കുടുങ്ങിപ്പോയ മൂന്ന് പേർ തങ്ങളുടെ സൽക്കർമ്മങ്ങൾ മുൻനിർത്തി പ്രാർത്ഥിച്ചതുപോലെ – അതുപോലെ പ്രവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും പ്രാർത്ഥനയും അവരുടെ ശുപാർശയും (മറ്റുളളവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന); ഇവയെല്ലാം യാതൊരു ഭിന്നാഭിപ്രായവുമില്ലാത്ത (ഏകകണ്ഠമായി അംഗീകരിക്കപ്പെട്ട) കാര്യങ്ങളിൽ പെട്ടതാണ്. അല്ലാഹു ഈ വചനത്തിൽ കൽപ്പിച്ചിട്ടുള്ള ‘വസീല’ യിൽ (സാമീപ്യ മാർഗ്ഗത്തിൽ) പെട്ടതാണ് അത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും ചെയ്യുക. (ഖു൪ആന്‍:5/35)
أُو۟لَٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ
അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, (ഖു൪ആന്‍:17/57)
തീർച്ചയായും അല്ലാഹുവിലേക്ക് ‘വസീല’ (സാമീപ്യ മാർഗ്ഗം) തേടുകയെന്നാൽ; ആരെക്കൊണ്ടാണോ (അല്ലെങ്കിൽ ഏത് മാർഗ്ഗത്തിലൂടെയാണോ) അല്ലാഹുവിലേക്ക് അടുക്കാൻ സാധിക്കുന്നത്, അത് തേടുകയെന്നാണ്, അതായത്, അവനിലൂടെ (അല്ലെങ്കിൽ ആ മാർഗ്ഗത്തിലൂടെ) അല്ലാഹുവിലേക്ക് എത്തിച്ചേരുകയും സാമീപ്യം തേടുകയും ചെയ്യുകയെന്നാണ്. അത് ആരാധനയുടെയും അനുസരണത്തിന്റെയും കൽപ്പനകൾ പാലിക്കുന്നതിന്റെയും രൂപത്തിലാകട്ടെ, അല്ലെങ്കിൽ അവനോട് ചോദിക്കുന്നതിന്റെയും അവനിൽ അഭയം പ്രാപിക്കുന്നതിന്റെയും രൂപത്തിലാകട്ടെ – ഗുണങ്ങൾ (ഉപകാരങ്ങൾ) നേടിയെടുക്കാനും, ദോഷങ്ങൾ (തിന്മകൾ) തടയാനുമുള്ള അല്ലാഹുവിലേക്കുള്ള ആഗ്രഹത്താലാകട്ടെ (അതെല്ലാം അതിൽ ഉൾപ്പെടുന്നു).
ഖുർആനിലെ ‘ദുആ’ (പ്രാർത്ഥന) എന്ന പദം ഈ രണ്ട് കാര്യങ്ങളെയും (ചോദിക്കലിനെയും ആരാധനയെയും) ഉൾക്കൊള്ളുന്നുണ്ട്; അതായത് ആരാധന അർത്ഥമാക്കുന്ന ‘ദുആ’യും, ചോദ്യം അർത്ഥമാക്കുന്ന ‘ദുആ’യും. അവ രണ്ടിൽ ഓരോന്നും മറ്റേതിനെ അനിവാര്യമാക്കുന്നുണ്ടെങ്കിലും, ഒരു അടിമയ്ക്ക് വല്ല വിപത്തോ പ്രയാസമോ നേരിടുമ്പോൾ അവന്റെ ഉദ്ദേശ്യം തന്റെ ആവശ്യം നിറവേറ്റിക്കിട്ടുകയോ വിഷമങ്ങൾ നീങ്ങിക്കിട്ടുകയോ ചെയ്യുക എന്നതായിരിക്കും. അങ്ങനെ അവൻ ചോദിച്ചുകൊണ്ടും താഴ്മയോടെ പ്രാർത്ഥിച്ചുകൊണ്ടും അതിനായി ശ്രമിക്കുന്നു. അത് യഥാർത്ഥത്തിൽ ആരാധനയും അനുസരണവുമാണെങ്കിലും ശരി.
തുടക്കത്തിൽ അവന്റെ ഉദ്ദേശ്യം ആവശ്യമായ ആ കാര്യം നേടിയെടുക്കുക മാത്രമായിരിക്കും: അതായത് ഉപജീവനം, വിജയം, പൂർണ്ണമായ സൗഖ്യം എന്നിവ. എന്നാൽ പിന്നീട് പ്രാർത്ഥനയും താഴ്മയോടെയുള്ള തേട്ടവും അവന് അല്ലാഹുവിലുള്ള വിശ്വാസം, അവനെക്കുറിച്ചുള്ള അറിവ്, അവന്റെ സ്നേഹം എന്നിവയുടെ വാതിലുകൾ തുറന്നുകൊടുക്കുന്നു; അല്ലാഹുവിനെ സ്മരിക്കുന്നതിലും അവനോട് പ്രാർത്ഥിക്കുന്നതിലുമുള്ള ആ സന്തോഷം, അവനെ സംബന്ധിച്ചിടത്തോളം തന്നെ അലട്ടിയ ആ ആവശ്യത്തേക്കാൾ ഉപരിയായി അവന് പ്രിയപ്പെട്ടതും വലിയ പദവിയുള്ളതുമായി മാറുകയും ചെയ്യുന്നു.
ഇത് അല്ലാഹു തന്റെ ദാസന്മാരോട് കാണിക്കുന്ന കാരുണ്യങ്ങളിൽ പെട്ടതാണ്; ഐഹികമായ ആവശ്യങ്ങളിലൂടെ അവൻ അവരെ ഉന്നതമായ ദീനിന്റെ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നു.
ചിലപ്പോൾ ഒരു അടിമ, അല്ലാഹുവിനോടുള്ള ആരാധനയും അവനുള്ള അനുസരണവും നിമിത്തം തുടക്കത്തിൽ തന്നെ അവൻ കൽപ്പിച്ച കാര്യങ്ങൾ പ്രവർത്തിച്ചേക്കാം; അതായത് അവനോടുള്ള സ്നേഹവും അവനിലേക്ക് ഖൽബ് മടങ്ങലും അവനെക്കുറിച്ചുള്ള ഭയവും അവന്റെ കൽപ്പനകൾ പ്രാവർത്തികമാക്കലും കാരണത്താൽ. ആ കർമ്മങ്ങളിൽ ഉപജീവനവും വിജയവും സൗഖ്യവും നേടിയെടുക്കൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ശരി. അല്ലാഹു പറഞ്ഞു:
وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. (ഖു൪ആന്‍:40/60)
സുനനുകളുർെ ആളുകളായ അബൂദാവൂദും മറ്റും നിവേദനം ചെയ്ത ഹദീസിൽ, നബി ﷺ പറഞ്ഞു:
الدعاء هو العبادة،
പ്രാർത്ഥന, അതുതന്നെയാണ് ആരാധന.
ശേഷം നബി ﷺ ഓതി:
وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. (ഖു൪ആന്‍:40/60)
ഈ ഹദീസിനെയും ഖുർആൻ വചനത്തെയും രണ്ട് അർത്ഥങ്ങളിലുമാണ് പണ്ഡിതന്മാർ വ്യാഖ്യാനിച്ചിട്ടുള്ളത്: (അല്ലാഹുവിന്റെ വചനമായ) ٱدْعُونِىٓ ‘നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ’ എന്നതിന്റെ ഉദ്ദേശ്യം: ‘നിങ്ങൾ എന്നെ ആരാധിക്കുകയും എന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുക; എങ്കിൽ ഞാൻ നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകാം’ എന്നാണ്.
മറ്റൊന്ന്: ‘നിങ്ങൾ എന്നോട് ചോദിക്കുവിൻ, ഞാൻ നിങ്ങൾക്ക് തരാം’ എന്നും വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. ആ രണ്ട് അർത്ഥങ്ങളും ശരിയാണ്. [اقتضاء الصراط المستقيم (2/ 312 – 313)]
www.kanzululoom.com