നജസ് നീക്കലും നജസായ വസ്തുക്കളും

▪️ശരീരത്തിലോ വസ്ത്രത്തിലോ സ്ഥലത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും വസ്തുവിലോ ഉള്ള സകലവിധ നജസുകളും (അശുദ്ധികളും) കഴുകി ശുദ്ധീകരിക്കുന്നതിന്, ആ അശുദ്ധിയുടെ വസ്തുവോ അടയാളമോ ആ സ്ഥലത്തുനിന്ന് നീങ്ങിപ്പോവുക എന്നത് മാത്രം മതിയാകും. നായയുടെ നജസിന്റെ കാര്യത്തിലൊഴികെ മറ്റെല്ലാ നജസുകളും കഴുകി വൃത്തി ക്കുന്നതിൽ ശരീഅത്ത് നിശ്ചിത എണ്ണം നിബന്ധനയാക്കിയിട്ടില്ല (*). നായയുടെ നജസിന്റെ കാര്യത്തിൽ ഏഴ് തവണ കഴുകണമെന്നും, അതിലൊന്ന് മണ്ണുകൊണ്ട് തേച്ചു കഴുകണമെന്നും ബുഖാരിയും മുസ്ലിമും ഏകോപിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്ത ഹദീസിൽ നിബന്ധനയാക്കിയിട്ടുണ്ട്.

(*)عَنْ أَنَسِ بْنِ مَالِكٍ، أَنَّ النَّبِيَّ صلى الله عليه وسلم رَأَى أَعْرَابِيًّا يَبُولُ فِي الْمَسْجِدِ فَقَالَ ‏”‏ دَعُوهُ ‏”‏‏.‏ حَتَّى إِذَا فَرَغَ دَعَا بِمَاءٍ فَصَبَّهُ عَلَيْهِ‏.‏

അനസ് رضى الله عنه വിൽ നിന്ന് നിവേദനം:  ഒരു അഅ്റാബി പള്ളിയിൽ മൂത്രമൊഴിക്കുന്നത് നബി ﷺ കണ്ടു, അവിടുന്ന് (സ്വഹാബികളോട്) പറഞ്ഞു: ‘അവനെ വെറുതെ വിടുക.’ അങ്ങനെ അവൻ (മൂത്രമൊഴിച്ച്) കഴിഞ്ഞപ്പോൾ (നബി ﷺ) ഒരു പാത്രം വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുകയും, അത് അതിലേക്ക് ഒഴിക്കുകയും ചെയ്തു. (ബുഖാരി:219)

▪️നജസായ വസ്തുക്കൾ:

1.മനുഷ്യന്റെ മൂത്രം.

2.മനുഷ്യന്റെ മലം.

3.രക്തം. എങ്കിലും അൽപമായ രക്തം പൊറുക്കപ്പെട്ടിരിക്കുന്നു (അത് അശുദ്ധിയല്ല). അതുപോലെ ഭക്ഷിക്കപ്പെടുന്ന മൃഗങ്ങളിൽ നിന്ന് (അറുക്കുമ്പോൾ) ഒഴുകിപ്പോയ രക്തവും (അശുദ്ധമാണ്); എന്നാൽ മാംസത്തിലും ഞരമ്പുകളിലും ബാക്കിയാകുന്ന രക്തം ശുദ്ധമാകുന്നു.

4.മറ്റ് നജസുകളിൽ പെട്ടതാണ്: ഭക്ഷിക്കുന്നത് നിഷിദ്ധമാക്കപ്പെട്ട ഏത് മൃഗത്തിന്റെ മൂത്രവും മലവും.

5.വന്യമൃഗങ്ങളെല്ലാം നജസാണ്.

6.അതുപോലെത്തന്നെ ചത്ത ജീവികളെല്ലാം നജസാണ്; മനുഷ്യന്റെ മൃതദേഹം, ഒഴുകുന്ന രക്തമില്ലാത്ത ജീവികൾ (*), മീൻ, വെട്ടുകിളി എന്നിവ ഒഴികെ; കാരണം അവ ശുദ്ധിയുള്ളവയാണ്.

(*)ഈച്ചകളും കൊതുകുകളും അവയെപോലെയുള്ളവയും.

അല്ലാഹു പറയുന്നു:

حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ് ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്‌) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്‌. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്‌) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു. (ഖു൪ആന്‍:5/3)

قَالَ اَلنَّبِيُّ صلى الله عليه وسلم: اَلْمُؤْمِنُ لَا يَنْجُسُ حَيًّا وَلَا مَيِّتًا.

നബി ﷺ പറഞ്ഞു: സത്യവിശ്വാസി ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞാലും അശുദ്ധനാകുന്നില്ല.

قَالَ اَلنَّبِيُّ صلى الله عليه وسلم: أحل لنا ميتتان ودمَان، فأما الْمَيْتَتَانِ: فَالْحُوتُ وَالْجَرَادُ، وَأَمَّا الدُّمَانِ: فَالْكَبِدُ والطِّحال.

നബി ﷺ പറഞ്ഞു: നമുക്ക് രണ്ട് ശവങ്ങളും രണ്ട് രക്തങ്ങളും അനുവദിക്കപ്പെട്ടിരിക്കുന്നു. ആ രണ്ട് ശവങ്ങൾ: മീനും വെട്ടുകിളിയുമാണ്; ആ രണ്ട് രക്തങ്ങൾ: കരളും പ്ലീഹയുമാണ്. [رَوَاهُ أَحْمَدُ وَابْنُ مَاجَهْ٥]

▪️ഭക്ഷിക്കപ്പെടുന്ന മൃഗങ്ങളുടെ മലവും മൂത്രവും: അവ രണ്ടും ശുദ്ധമാകുന്നു.

▪️മനുഷ്യന്റെ ശുക്ലം (മനിയ്യ്) ശുദ്ധമാകുന്നു.

كان النبي صلى الله عليه وسلم يَغْسِلُ رَطْبَهُ، وَيَفْرُكُ يَابِسَهُ

നബി ﷺ അതിന്റെ നനവുള്ളത് കഴുകിക്കളയുമായിരുന്നു, അതിന്റെ ഉണങ്ങിയത് കൈകൊണ്ട് ഉരച്ചു കളയുമായിരുന്നു.

▪️ആഹാരം ആഗ്രഹിച്ചു തിന്നാത്ത (മുലകുടി മാറാത്ത, ഭക്ഷണം കഴിച്ച് തുടങ്ങിയിട്ടില്ലാത്ത) ആണ്‍കുട്ടിയുടെ മൂത്രം (ശുദ്ധീകരിക്കുന്നതിന്) അതിന്മേൽ വെള്ളം തളിക്കൽ മാത്രം മതിയാകും.

قال النبي صلى الله عليه وسلم: يُغْسَلُ مِنْ بَولِ الْجَارِيَةِ، وَيُرَشُّ مِنْ بَولِ الْغُلامِ.

നബി ﷺ പറഞ്ഞു: പെൺകുട്ടിയുടെ മൂത്രം കഴുകിക്കളയേണ്ടതാണ്; ആൺകുട്ടിയുടെ മൂത്രത്തിന്മേൽ (വെള്ളം) തളിച്ചാൽ മതിയാകും. [رَوَاهُ أَبُو دَاوُدَ وَالنَّسَائِيُّ]

▪️നജസിന്റെ രൂപം (വസ്തു) നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞാൽ ആ സ്ഥലം ശുദ്ധമായിത്തീരും. അതിനുശേഷവും അതിന്റെ നിറമോ മണമോ ബാക്കിനിൽക്കുന്നത് ദോഷം ചെയ്യുകയില്ല (ശുദ്ധിക്ക് തടസ്സമാകുകയില്ല).

ആർത്തവ രക്തത്തെപ്പറ്റി ഖൗല رضي الله عنها യോട് നബി ﷺ പറഞ്ഞതുപോലെ:

يَكْفِيكِ الْمَاء، ولا يَضُرُّكِ أَثَرَه.

നീയത് വെള്ളം കൊണ്ട് കഴുകിയാൽ മതി, അതിന്റെ അടയാളം (നിറമോ മണമോ) നിനക്ക് ദോഷം ചെയ്യുകയില്ല.

 

ശൈഖ് നാസിര്‍ അസ്സഅദി رحمة الله യുടെ كتاب منهج السالكين وتوضيح الفقة في الدين എന്ന കൃതി, كتاب الطهارة യില്‍ فصل إزالة النجاسة والأشياء النجسة എന്ന അദ്ധ്യായം

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *