പണ്ഡിതന്മാർ വാജിബിനെ (വാജിബ് എന്നതിനെ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അടുത്തു ‘ഫർള്’ എന്നും വിളിക്കപ്പെടുന്നു) രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു: واجب عيني (വ്യക്തിഗത ബാധ്യത), واجب كفائي (സാമൂഹിക ബാധ്യത).
1. واجب عيني (വാജിബ് ഐൻ – വ്യക്തിഗത നിർബന്ധ ബാധ്യത) എന്നാൽ: ബാധ്യതയുള്ള ഓരോ വ്യക്തിയിൽ നിന്നും അത് പ്രവർത്തിക്കണമെന്ന് മതം ഖണ്ഡിതമായി ആവശ്യപ്പെട്ട കാര്യങ്ങളാണ്. നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, മാതാപിതാക്കളോടുള്ള നന്മ ചെയ്യൽ, കുടുംബബന്ധം ചേർക്കൽ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
2. واجب كفائي (വാജിബ് കിഫാഈ – സാമൂഹിക നിർബന്ധ ബാധ്യത) എന്നാൽ: മതം അത് ആവശ്യപ്പെട്ടിരിക്കുന്നത് നിർബന്ധ ബാധ്യത ആളുകളുടെ സമൂഹത്തിൽ നിന്നുമാണ്; അല്ലാതെ അവരിൽ ഓരോ വ്യക്തിയിൽ നിന്നും വേറെവേറെയായിട്ടല്ല. അതിനാൽ ആ ആവശ്യം നിറവേറ്റാൻ മതിയാകുന്നത്ര ആളുകൾ അത് നിർവ്വഹിച്ചാൽ ബാക്കിയുള്ളവരിൽ നിന്ന് ആ ഉത്തരവാദിത്തം ഒഴിവാകും. ഇനി ആരും അത് ചെയ്യാതിരുന്നാൽ എല്ലാവരും ഒരുപോലെ കുറ്റക്കാരാവുകയും ചെയ്യും.
ഇതിനുള്ള ഉദാഹരണം: ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിനും സത്യസന്ദേശം അവർക്ക് എത്തിച്ചുകൊടുക്കുന്നതിനും വേണ്ടിയുള്ള അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ് ഫർദ് കിഫായ (സാമൂഹിക ബാധ്യത) ആകുന്നു. അതിനാൽ, ആവശ്യത്തിന് ആളുകൾ അത് നിർവ്വഹിച്ചാൽ ബാക്കിയുള്ളവരിൽ നിന്ന് അതിന്റെ ബാധ്യത നീങ്ങിപ്പോകും.
قال الإمام أحمد رحمه الله: الغزو واجب على الناس كلهم ، فإذا غزا بعضهم أجزأ عنهم.
ഇമാം അഹ്മദ് رحمه الله പറഞ്ഞു: ജിഹാദ് ജനങ്ങൾക്കെല്ലാം നിർബന്ധമുള്ള കാര്യമാണ്; എന്നാൽ അവരിൽ ഒരു വിഭാഗം ആളുകൾ അതിൽ പങ്കെടുത്താൽ, അത് മറ്റുള്ളവർക്കും മതിയാകുന്നതാണ്. [الكوكب المنير (1/173)]
قال ابن قدامة رحمه الله: والجهاد من فروض الكفايات , في قول عامة أهل العلم . وحكي عن سعيد بن المسيب , أنه من فروض الأعيان.
ഇബ്‌നു ഖുദാമ رحمه الله പറഞ്ഞു: ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ജിഹാദ് എന്നത് ഫർദ് കിഫായകളിൽ (സാമൂഹിക നിർബന്ധ ബാധ്യതകളിൽ) പെട്ടതാണ്. എന്നാൽ സഈദ് ഇബ്‌നുൽ മുസയ്യബ് رحمه الله യിൽ നിന്ന് ഇത് ഫർദ് ഐൻ (വ്യക്തിഗത നിർബന്ധ ബാധ്യത) ആണെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. [المغني (9/162)]
മറ്റൊരു ഉദാഹരണം: മരിച്ചയാളെ കുളിപ്പിക്കൽ, മയ്യത്ത് നമസ്കരിക്കൽ , ഖബറടക്കൽ എന്നിവ.
قال الإمام الشافعي رحمه الله : حق على الناس غسل الميت ، والصلاة عليه ودفنه ، لا يسع عامتهم تركه. وإذا قام به من فيه كفاية أجزأ عنهم ، إن شاء الله تعالى.
ഇമാം ശാഫി رحمه الله പറഞ്ഞു: മരിച്ചയാളെ കുളിപ്പിക്കലും അവന്റെ മേൽ ജനാസ നമസ്കരിക്കലും അവനെ ഖബറടക്കലും ജനങ്ങളുടെ മേൽ ബാധ്യതയുള്ള കാര്യമാണ്; അത് പൂർണ്ണമായി ഉപേക്ഷിക്കാൻ പൊതുജനങ്ങൾക്ക് അനുവാദമില്ല. എന്നാൽ, ആവശ്യത്തിന് മതിയാകുന്ന ആളുകൾ അത് നിർവ്വഹിച്ചു കഴിഞ്ഞാൽ – ഇൻശാ അല്ലാഹ് – ബാക്കിയുള്ളവർക്ക് അത് മതിയാകുന്നതാണ് (ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവ് ലഭിക്കുന്നതാണ്). (അൽഉമ്മ്: 1/312).
www.kanzululoom.com