وَالْفِقْهَ: مَعْرِفَةُ اَلْأَحْكَامِ اَلشَّرْعِيَّةِ اَلْفَرْعِيَّةِ بِأَدِلَّتِهَا مِنْ اَلْكِتَابِ، وَالسُّنَّةِ، وَالْإِجْمَاعِ، وَالْقِيَاسِ اَلصَّحِيحِ،
ഫിഖ്ഹ് എന്നാൽ: കിതാബ് (വിശുദ്ധ ഖുർആൻ), സുന്നത്ത് (ഹദീസ്), ഇജ്മാഅ് , സ്വഹീഹായ ഖിയാസ് എന്നിവയിൽ നിന്നുള്ള തെളിവുകളോടെ ശാഖാപരമായ ശറഇയ്യായ വിധികൾ മനസ്സിലാക്കലാണ്.
I.ശറഇയ്യായ വിധികൾ അഞ്ചെണ്ണമാകുന്നു:
1.വാജിബ് اَلْوَاجِبُ (നിർബന്ധം)
അല്ലാഹുവും റസൂൽ ﷺ യും ഖണ്ഡിതമായി (നിർബന്ധമായും) ചെയ്യാൻ ആവശ്യപ്പെട്ട കാര്യം.
അത് ചെയ്യുന്നവന് പ്രതിഫലം നൽകപ്പെടുകയും, (കാരണമില്ലാതെ) ഉപേക്ഷിക്കുന്നവൻ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന കാര്യമാണ്.
2.ഹറാം الحرام (നിഷിദ്ധം)
അല്ലാഹുവും റസൂൽ ﷺ യും ഖണ്ഡിതമായി (നിർബന്ധമായും) ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട കാര്യം.
വാജിബിന്റെ എതിർഭാഗം. (അതായത്: അത് ഉപേക്ഷിക്കുന്നവന് പ്രതിഫലം ലഭിക്കുകയും, ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു).
3.മക്റൂഹ് الْمَكْرُوهُ (വെറുക്കപ്പെട്ടത്)
അല്ലാഹുവും റസൂൽ ﷺ യും ഖണ്ഡിതമല്ലാത്ത രീതിയിൽ (അഭികാമ്യമല്ല എന്ന നിലയ്ക്ക്) ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട കാര്യം.
അത് ഉപേക്ഷിക്കുന്നവന് പ്രതിഫലം നൽകപ്പെടുകയും, ചെയ്യുന്നവൻ ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന കാര്യമാണ്.
4.മസ്നൂൻ المسنون (മുസ്തഹബ്ബ്)
മൻദൂബ് എന്നാൽ അല്ലാഹുവും റസൂൽ ﷺ യും ഖണ്ഡിതമല്ലാത്ത രീതിയിൽ (നിർബന്ധമാക്കാതെ) ചെയ്യാൻ ആവശ്യപ്പെട്ട കാര്യമാണ്. ഉസ്വൂലുൽ ഫിഖ്ഹിലെ പണ്ഡിതന്മാർ ‘അൽ-മസ്നൂൻ’ (المسنون) എന്ന വാക്കിന് പകരം ‘അൽ-മൻദൂബ്’ (المندوب) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
മക്റൂഹിന്റെ എതിർഭാഗം. (അതായത്: അത് ചെയ്യുന്നവന് പ്രതിഫലം ലഭിക്കുകയും, ഉപേക്ഷിക്കുന്നവൻ ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു).
5.മുബാഹ് الْمُبَاحُ (അനുവദനീയമായത്)
സ്വതവേ അതിന്റെ കാര്യത്തിൽ കല്പനയോ വിലക്കലോ ബാധകമല്ലാത്ത കാര്യം.
അത് ചെയ്യുന്നതും ഉപേക്ഷിക്കുന്നതും സമമായ കാര്യമാണ് (ചെയ്യുന്നതിനോ ഉപേക്ഷിക്കുന്നതിനോ പ്രതിഫലമോ ശിക്ഷയോ ഇല്ല)
II.പ്രായപൂർത്തിയായതും ബുദ്ധിയുള്ളതുമായ ഇസ്ലാമിക നിയമങ്ങൾ പാലിക്കാൻ ബാധ്യതയുള്ള ഏതൊരാളുടെയും മേൽ, തന്റെ ഇബാദത്തുകളിലും (ആരാധനകൾ) മുആമലാത്തുകളിലും (ഇടപാടുകൾ) മറ്റ് കാര്യങ്ങളിലും തനിക്ക് ആവശ്യമുള്ളതെല്ലാം ഫിഖ്ഹിൽ (ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ) നിന്ന് പഠിക്കൽ നിര്ബന്ധമാണ് (വാജിബ്).
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : مَنْ يُرِدِ اللهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ.
നബി ﷺ പറഞ്ഞു: അല്ലാഹു ഒരാൾക്ക് നന്മ വരുത്തുവാൻ ഉദ്ദേശിക്കുന്നുവോ, അവന് ദീനിൽ ഫിഖ്ഹ് (അവഗാഹം) അവൻ പ്രധാനം ചെയ്യുന്നതാണ്. (ബുഖാരി, മുസ്ലിം)
അവലംബം: ശൈഖ് നാസിര് അസ്സഅദി رحمة الله യുടെ كتاب منهج السالكين وتوضيح الفقة في الدين എന്ന കൃതിയുടെ ആമുഖം
www.kanzululoom.com