വുളൂഇന്റെ രൂപം
▪️അത് താഴെ പറയുന്ന പ്രകാരമാണ്:
1.അശുദ്ധി നീക്കം ചെയ്യാനോ അല്ലെങ്കിൽ നമസ്കാരത്തിനും മറ്റുമായി വുളൂഅ് (അംഗശുദ്ധി) ചെയ്യാനോ കരുതുക. ശുദ്ധീകരണമടക്കമുള്ള എല്ലാ കർമ്മങ്ങൾക്കും നിയ്യത്ത് (ഉദ്ദേശ്യം) ഒരു നിബന്ധനയാകുന്നു. നബിﷺപറഞ്ഞു:
إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى
തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപെടുക ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകുന്നു. ഏതൊരാള്‍ക്കും ഉദ്ദേശിച്ചതെ കരസ്ഥമാകുകയുള്ളൂ. (ബുഖാരി: 1 – മുസ്ലിം:1907)
2.പിന്നീട് “ബിസ്മില്ലാഹ്” (അല്ലാഹുവിന്റെ നാമത്തിൽ) എന്ന് പറയണം.
3.തന്റെ രണ്ട് മുൻകൈകൾ മൂന്ന് തവണ കഴുകണം.
4.പിന്നീട് വായ കഴുകുകയും മൂക്കിലേക്ക് വെള്ളം വലിച്ചെടുക്കുകയും ചീറ്റുകയും ചെയ്യുക; മൂന്ന് വെള്ളം കോരിയെടുക്കലുകൾ കൊണ്ടായിരിക്കണം ഇത് ചെയ്യേണ്ടത്.
5.പിന്നീട് മുഖം മൂന്ന് തവണ കഴുകണം.
6.തന്റെ രണ്ടു കൈകൾ മുട്ടുകൾ വരെ മൂന്ന് തവണ കഴുകണം.
7.രണ്ട് കൈകൾ ഉപയോഗിച്ച് തലയുടെ മുൻഭാഗത്തുനിന്ന് പിറകുവശത്തേക്ക് തല തടവണം. പിന്നീട് എവിടെ നിന്നാണോ തുടങ്ങിയത് ആ ഭാഗത്തേക്ക് അവയെ ഒരിക്കൽ കൂടി തിരിച്ചുകൊണ്ടുവരണം (ഒരു തവണ).
8.പിന്നീട് തന്റെ ചൂണ്ടുവിരലുകൾ രണ്ട് ചെവികളുടെയും കുഴികളിലേക്ക് പ്രവേശിപ്പിക്കുകയും, തള്ളവിരലുകൾ കൊണ്ട് ചെവിയുടെ പുറംഭാഗം തടവുകയും ചെയ്യണം.(*)
(*)ചെവികൾ തടവാൻ വേണ്ടി പുതിയ വെള്ളം എടുക്കേണ്ട ആവശ്യമില്ല. അത് സുന്നത്തുമല്ല. ചെവി തടവാൻ നബിﷺ പുതിയ വെള്ളം എടുത്തതായി, അവിടുത്തെ വുദ്വൂഅ് വിശദീകരിച്ച് തന്നവരാരും പറഞ്ഞിട്ടില്ല. അതുകൊണ്ട്, തല തടവിയതിന് ശേഷം കൈകളിൽ അവശേഷിക്കുന്ന നനവ് കൊണ്ട് തന്നെ ചെവികൾ കൂടി തടവലാണ് ഏറ്റവും ഉത്തമം. [فقه العبادات للشيخ ابن عثيمين(ص113)]
9.പിന്നീട് കണങ്കാലുകൾ ഉൾപ്പെടെ തന്റെ രണ്ടു കാലുകളും മൂന്ന് തവണ വീതം കഴുകണം.
ഇത് നബി ﷺ നിർവഹിച്ച വുളൂഇന്റെ പൂർണ്ണമായ രൂപമാകുന്നു.
▪️അതിൽ നിന്നുള്ള ഫർള് (നിർബന്ധമായ കാര്യം) താഴെ പറയുന്നതാകുന്നു:
1.ഒരു തവണ മാത്രം കഴുകുക.
2.അല്ലാഹു തന്റെ വചനത്തിൽ ക്രമീകരിച്ചതുപോലെ അവയെ ക്രമപ്രകാരം ചെയ്യുക.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ
സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. (ഖുർആൻ:5/6)
3.അവക്കിടയിൽ സാമാന്യമായി നീണ്ട ഇടവേള ഉണ്ടാകാതിരിക്കുക; അതായത് അവയിൽ ഒന്ന് മറ്റേതിന്റെ തുടർച്ചയായി വരാത്ത വിധം (അവയവങ്ങൾ ഉണങ്ങിപ്പോകുന്നത്ര) ദീർഘമായ സമയം പിരിഞ്ഞുപോകാതിരിക്കുക. തുടർച്ചയായി ചെയ്യുക എന്നത് നിബന്ധമാക്കപ്പെട്ട എല്ലാ കാര്യങ്ങളുടെയും വിധിയും ഇതുതന്നെയാണ്.
ഖുഫ്ഫുകൾക്കും (സോക്സുകൾക്കും) ജബീറയ്ക്കും (പരിക്കിന്മേലുള്ള കെട്ടുകൾക്കും) മുകളിലൂടെ തടവുന്നതിന്റെ നിയമങ്ങൾ.
▪️ഒരാൾ ധരിച്ചിരിക്കുന്നത് ഖുഫ്ഫുകളോ (സോക്സുകൾ) അതുപോലെയുള്ളവയോ ആണെങ്കിൽ, അയാൾക്ക് ഉദ്ദേശമെങ്കിൽ അവയ്ക്ക് മുകളിലൂടെ തടവാവുന്നതാണ്.
1. നാട്ടിലുള്ളവര്‍ക്ക് ഒരു പകലും രാത്രിയും (24 മണിക്കൂർ); യാത്രക്കാരന് രാപ്പകലുകളടക്കം മൂന്ന് ദിവസവും (72 മണിക്കൂർ).
2. അവ രണ്ടും ശുദ്ധിയുള്ള അവസ്ഥയിൽ ധരിച്ചിരിക്കുക എന്നത് നിബന്ധനയാണ്.
3. ചെറിയ അശുദ്ധിയുടെ കാര്യത്തിൽ മാത്രമേ അവയുടെ മുകളിൽ തടവല്‍ പാടുള്ളൂ. (വലിയ അശുദ്ധിക്ക് പാടില്ല).
عن أنس مرفوعًا: إِذَا تَوَضَّأَ أَحَدُكُمْ، وَلَبِسَ خُفَّيْهِ فَلْيَمْسَحْ عَلَيهِمَا، ولْيُصَلِّ فِيهِمَا، ولا يَخْلَعْهُمَا إِنْ شَاءَ إلا مِنْ جَنَابَةٍ.
അനസ് رضي الله عنه മർഫൂആയി നിവേദനം ചെയ്യുന്നു: ‘നിങ്ങളിൽ ഒരാൾ വുളൂഅ് ചെയ്യുകയും തന്റെ ഖുഫ്ഫുകൾ (സോക്സുകള്‍) ധരിക്കുകയും ചെയ്താൽ, (വുളൂഅ് നഷ്ടപ്പെടുമ്പോൾ) അവൻ അവയുടെ മുകളിൽ തടവണം; അവയിൽ വെച്ചുകൊണ്ട് (അവ ധരിച്ചുകൊണ്ട് തന്നെ) നമസ്കരിക്കുകയും ചെയ്യട്ടെ. അവന് ഉദ്ദേശിക്കുന്നുവെങ്കിൽ അവ ഊരിമാറ്റേണ്ടതില്ല, ജനബാബത്തുകൊണ്ട് (വലിയ അശുദ്ധി) അല്ലാതെ, [رَوَاهُ اَلْحَاكِمُ وَصَحَّحَهُ]
▪️ ഒരാളുടെ വുളൂഇന്റെ അവയവങ്ങളിൽ ഒടിവിനുമേൽ വല്ല ജബീറയോ (പ്ലാസ്റ്റർ/കെട്ട്) മുറിവിനുമേൽ മരുന്നോ ഉണ്ടായിരിക്കുകയും, അവ കഴുകുന്നത് ഉപദ്രവമുണ്ടാക്കുകയും ചെയ്താൽ, ചെറിയ അശുദ്ധിയിലും വലിയ അശുദ്ധിയിലും ആ മുറിവ് /കെട്ട് ഭേദമാകുന്നതുവരെ അവയ്ക്ക് മുകളിലൂടെ വെള്ളംകൊണ്ട് തടവേണ്ടതാണ്.(*)
(*)ഖുഫ്ഫയിന്മേല് തടവുന്നതിന് വുളൂഅ് ഉള്ളപ്പോഴാണ് ഖുഫ്ഫ ധരിച്ചതെന്ന നിബന്ധനയുണ്ട്. എന്നാൽ ജബീറയുടെ (കെട്ടിന്റെ) കാര്യത്തിൽ ആ നിബന്ധനയില്ല; വുളൂഅ് ഇല്ലാത്ത അവസ്ഥയിലാണ് കെട്ടിട്ടതെങ്കിലും അതിനുമുകളിൽ തടവൽ അനുവദനീയമാണ്.
▪️ഖുഫ്ഫുകൾ തടവേണ്ട രൂപം: അതിന്റെ പുറംഭാഗത്തിന്റെ ഭൂരിഭാഗവും അവൻ തടവുക എന്നതാണ്.
▪️എന്നാൽ ജബീറയുടെ (കെട്ടിന്റെ) കാര്യം: അതിന്റെ മുഴുവൻ ഭാഗത്തിന് മുകളിലൂടെയും അവൻ തടവേണ്ടതാണ്.
വുളൂഅ് അസാധുവാക്കുന്നത് സംബന്ധിച്ച അധ്യായം
▪️അവ താഴെ പറയുന്നവയാകുന്നു:
1.മുൻദ്വാരങ്ങളിൽ നിന്നോ പിൻദ്വാരങ്ങളിൽ നിന്നോ പുറത്തേക്ക് വരുന്ന ഏതൊരു വസ്തുവും.
2.കവിഞ്ഞൊഴുകുന്ന വലിയ അളവിലുള്ള രക്തവും അതുപോലെയുള്ള മറ്റ് അശുദ്ധ വസ്തുക്കളും.
3.ഉറക്കം കാരണമോ അല്ലാതെയോ ബുദ്ധി നീങ്ങിപ്പോകൽ.
4.ഒട്ടകത്തിന്റെ മാംസം തിന്നൽ.
5.വികാരത്തോടെ സ്ത്രീയെ സ്പര്‍ശിക്കല്‍.
6.ലൈംഗികാവയവത്തിൽ തൊടൽ.
7.മയ്യിത്തിനെ കുളിപ്പിക്കൽ.(*)
(*)ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മയ്യിത്തിനെ കുളിപ്പിക്കുന്നയാൾ വുളൂഅ് ചെയ്യണമെന്ന് ഇബ്നു ഉമർ, ഇബ്നു അബ്ബാസ് (رضى الله عنهما) എന്നിവരിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടതായി വന്നിട്ടുണ്ടെങ്കിലും, അത് നിർബന്ധമാണെന്ന നിലയിലല്ല മനസ്സിലാക്കേണ്ടത് എന്ന വീക്ഷണവുമുണ്ട്.
8.രിദ്ദത്ത് (ഇസ്ലാമിൽ നിന്ന് പുറത്തുപോകൽ): അത് ഒരാളുടെ സൽകർമ്മങ്ങളെ മുഴുവൻ നിഷ്ഫലമാക്കുന്നതാണ്.
അല്ലാഹു പറയുന്നു:
أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَٰمَسْتُمُ ٱلنِّسَآءَ
അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട് … (ഖുർആൻ:5/6)
നബി ﷺ ചോദിക്കപ്പെട്ടു:
أَنَتَوَضَّأُ مِنْ لُحُومِ اَلْإِبِلِ؟ فَقَالَ: “نعم”.
‘ഒട്ടകത്തിന്റെ മാംസം തിന്നാൽ ഞങ്ങൾ വുളൂഅ് ചെയ്യേണ്ടതുണ്ടോ?’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘ചെയ്യണം.’ (മുസ്ലിം)
ഖുഫ്ഫുകളുടെ കാര്യത്തില്‍ നബി ﷺ പറഞ്ഞു:
وَلَكِنْ مِنْ غَائِطٍ وبَولٍ ونَومٍ
‘എന്നാൽ വിസർജനം, മൂത്രമൊഴിക്കൽ, ഉറക്കം എന്നിവ കാരണത്താലാണ്’ [رَوَاهُ النَّسَائِيُّ وَاَلتِّرْمِذِيُّ وَصَحَّحَهُ]
ശൈഖ് നാസിര്‍ അസ്സഅദി رحمة الله യുടെ كتاب منهج السالكين وتوضيح الفقة في الدين എന്ന കൃതി, كتاب الطهارة യില്‍ നിന്നും
www.kanzululoom.com