രക്തം, സമ്പത്ത്, അഭിമാനം എന്നിവയുടെ പവിത്രത

മുഹമ്മദ് നബി ﷺ തന്റെ വിടവാങ്ങൽ ഹജ്ജിലെ അനുഗൃഹീത പ്രഭാഷണങ്ങളിൽ അല്ലാഹുവിനോടുള്ള തൗഹീദിനും (ഏകദൈവ വിശ്വാസം) അവനോടുള്ള കീഴ്വണക്കത്തിനും ശേഷം ഏറ്റവും കൂടുതൽ ഊന്നിപ്പറഞ്ഞ കാര്യങ്ങളിൽ ഒന്നാണ് ‘മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുക’ എന്നതും ‘അവരുടെ പവിത്രത ലംഘിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുക’ എന്നതും. അത് അവരുടെ രക്തത്തിലായാലും, സമ്പത്തിലായാലും, അഭിമാനത്തിലായാലും. വിടവാങ്ങൽ ഹജ്ജിലെ പ്രവാചകന്റെ പ്രഭാഷണങ്ങളും മഹത്തായ ഉപദേശങ്ങളും ഒരാൾ ചിന്തിച്ചു നോക്കിയാൽ, ഈ വിഷയത്തിൽ അവിടുന്ന് നൽകിയ അങ്ങേയറ്റത്തെ പ്രാധാന്യവും താല്പര്യവും കണ്ടെത്താൻ കഴിയും. അറഫാ ദിനത്തിലും, ബലി പെരുന്നാൾ ദിനത്തിലും, അയ്യാമുത്തശ്‌രീഖിന്റെ ഇടദിവസങ്ങളിലും പ്രവാചകൻ ﷺ നടത്തിയ ആ പ്രഭാഷണങ്ങളിൽ ചിലത് നമുക്ക് പരിശോധിക്കാം:

ജാബിർ رَضِيَ اللَّهُ عَنْهُ നബി ﷺ യുടെ ഹജ്ജിനെ വിവരിച്ചുകൊണ്ട് പറയുന്നു:

حَتَّى إِذَا زَاغَتِ الشَّمْسُ أَمَرَ بِالْقَصْوَاءِ فَرُحِلَتْ لَهُ فَأَتَى بَطْنَ الْوَادِي فَخَطَبَ النَّاسَ وَقَالَ ‏:‏ إِنَّ دِمَاءَكُمْ وَأَمْوَالَكُمْ حَرَامٌ عَلَيْكُمْ كَحُرْمَةِ يَوْمِكُمْ هَذَا فِي شَهْرِكُمْ هَذَا فِي بَلَدِكُمْ هَذَا …

… അങ്ങനെ സൂര്യൻ (ഉച്ചസമയത്ത് പടിഞ്ഞാറോട്ട്) ചരിഞ്ഞപ്പോൾ, അവിടുന്ന് തന്റെ ഒട്ടകമായ ‘ഖസ്‌വാഅ്’ കൊണ്ടുവരാൻ കൽപ്പിക്കുകയും അതിന് ജീനി കെട്ടുകയും ചെയ്തു. തുടർന്ന് അവിടുന്ന് ആ താഴ്വരയുടെ മധ്യഭാഗത്ത് വരികയും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പ്രസംഗിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: നിശ്ചയമായും നിങ്ങളുടെ രക്തവും, നിങ്ങളുടെ സമ്പത്തും, നിങ്ങളുടെ ഈ മാസത്തിലെ, നിങ്ങളുടെ ഈ നാട്ടിലെ, നിങ്ങളുടെ ഈ ദിവസത്തെ പവിത്രത പോലെ തന്നെ പവിത്രമാണ്. (മുസ്ലിം:1218)

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم خَطَبَ النَّاسَ يَوْمَ النَّحْرِ فَقَالَ ‏”‏ يَا أَيُّهَا النَّاسُ‏.‏ أَىُّ يَوْمٍ هَذَا ‏”‏‏.‏ قَالُوا يَوْمٌ حَرَامٌ‏.‏ قَالَ ‏”‏ فَأَىُّ بَلَدٍ هَذَا ‏”‏‏.‏ قَالُوا بَلَدٌ حَرَامٌ‏.‏ قَالَ ‏”‏ فَأَىُّ شَهْرٍ هَذَا ‏”‏‏.‏ قَالُوا شَهْرٌ حَرَامٌ‏.‏ قَالَ ‏”‏ فَإِنَّ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ عَلَيْكُمْ حَرَامٌ، كَحُرْمَةِ يَوْمِكُمْ هَذَا، فِي بَلَدِكُمْ هَذَا فِي شَهْرِكُمْ هَذَا ‏”‏‏.‏ فَأَعَادَهَا مِرَارًا، ثُمَّ رَفَعَ رَأْسَهُ فَقَالَ ‏”‏ اللَّهُمَّ هَلْ بَلَّغْتُ اللَّهُمَّ هَلْ بَلَّغْتُ ‏”‏‏.‏ قَالَ ابْنُ عَبَّاسٍ ـ رضى الله عنهما ـ فَوَالَّذِي نَفْسِي بِيَدِهِ إِنَّهَا لَوَصِيَّتُهُ إِلَى أُمَّتِهِ ـ ‏”‏ فَلْيُبْلِغِ الشَّاهِدُ الْغَائِبَ، لاَ تَرْجِعُوا بَعْدِي كُفَّارًا يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ ‏”‏‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ ബലിപെരുന്നാൾ ദിനത്തിൽ (يَوْمَ النَّحْرِ) ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം ചോദിച്ചു:”ജനങ്ങളേ, ഇത് ഏത് ദിവസമാണ്?” അവർ പറഞ്ഞു: “ഇതൊരു പവിത്രമായ ദിവസമാണ് (ബലിപെരുന്നാൾ ദിനം).” അവിടുന്ന് ചോദിച്ചു: “ഇത് ഏത് നാടാണ്?” അവർ പറഞ്ഞു: “ഇതൊരു പവിത്രമായ നാടാണ് (മക്ക).” അവിടുന്ന് ചോദിച്ചു: “ഇത് ഏത് മാസമാണ്?” അവർ പറഞ്ഞു: “ഇതൊരു പവിത്രമായ മാസമാണ് (ദുൽഹജ്ജ്).”

അപ്പോൾ അവിടുന്ന് പ്രഖ്യാപിച്ചു: “നിശ്ചയമായും നിങ്ങളുടെ രക്തവും, നിങ്ങളുടെ സമ്പത്തും, നിങ്ങളുടെ അഭിമാനവും നിങ്ങളുടെ ഈ നാട്ടിൽ, നിങ്ങളുടെ ഈ മാസത്തിൽ, നിങ്ങളുടെ ഈ ദിവസത്തിനുള്ള പവിത്രത പോലെ തന്നെ പവിത്രമാണ്.

അവിടുന്ന് ഇത് പലതവണ ആവർത്തിച്ചു. ശേഷം തന്റെ തല ആകാശത്തേക്ക് ഉയർത്തിക്കൊണ്ട് പറഞ്ഞു: “അല്ലാഹുവേ, ഞാൻ (നിന്റെ സന്ദേശം) എത്തിച്ചു നൽകിയില്ലേ? അല്ലാഹുവേ, ഞാൻ എത്തിച്ചു നൽകിയില്ലേ?”

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, ഇത് അവിടുന്ന് തന്റെ ഉമ്മത്തിന് നൽകിയ വസിയ്യത്താണ്. അവിടുന്ന് പറഞ്ഞു: “അതുകൊണ്ട്, ഇവിടെ സന്നിഹിതരായവർ ഹാജരില്ലാത്തവർക്ക് ഈ സന്ദേശം എത്തിച്ചു കൊടുക്കട്ടെ. എനിക്ക് ശേഷം നിങ്ങൾ പരസ്പരം കഴുത്തറക്കുന്ന സത്യനിഷേധികളായി മാറരുത്.” (ബുഖാരി:1739)

عَنْ أَبِي بَكْرَةَ ـ رضى الله عنه ـ قَالَ خَطَبَنَا النَّبِيُّ صلى الله عليه وسلم يَوْمَ النَّحْرِ، قَالَ ‏”‏ أَتَدْرُونَ أَىُّ يَوْمٍ هَذَا ‏”‏‏.‏ قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ‏.‏ قَالَ ‏”‏ أَلَيْسَ يَوْمَ النَّحْرِ ‏”‏‏.‏ قُلْنَا بَلَى‏.‏ قَالَ ‏”‏ أَىُّ شَهْرٍ هَذَا ‏”‏‏.‏ قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ‏.‏ فَقَالَ ‏”‏ أَلَيْسَ ذُو الْحَجَّةِ ‏”‏‏.‏ قُلْنَا بَلَى‏.‏ قَالَ ‏”‏ أَىُّ بَلَدٍ هَذَا ‏”‏‏.‏ قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ‏.‏ قَالَ ‏”‏ أَلَيْسَتْ بِالْبَلْدَةِ الْحَرَامِ ‏”‏‏.‏ قُلْنَا بَلَى‏.‏ قَالَ ‏”‏ فَإِنَّ دِمَاءَكُمْ وَأَمْوَالَكُمْ عَلَيْكُمْ حَرَامٌ، كَحُرْمَةِ يَوْمِكُمْ هَذَا، فِي شَهْرِكُمْ هَذَا، فِي بَلَدِكُمْ هَذَا، إِلَى يَوْمِ تَلْقَوْنَ رَبَّكُمْ‏.‏ أَلاَ هَلْ بَلَّغْتُ ‏”‏‏.‏ قَالُوا نَعَمْ‏.‏ قَالَ ‏”‏ اللَّهُمَّ اشْهَدْ، فَلْيُبَلِّغِ الشَّاهِدُ الْغَائِبَ، فَرُبَّ مُبَلَّغٍ أَوْعَى مِنْ سَامِعٍ، فَلاَ تَرْجِعُوا بَعْدِي كُفَّارًا يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ ‏”‏‏.‏

അബൂബക്റ رَضِيَ اللَّهُ عَنْهُ പറയുന്നു: ബലിപെരുന്നാൾ ദിനത്തിൽ (يَوْمَ النَّحْرِ) പ്രവാചകൻ ﷺ ഞങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അവിടുന്ന് ചോദിച്ചു: “ഇത് ഏത് ദിവസമാണെന്ന് നിങ്ങൾക്ക് അറിയാമോ?” ഞങ്ങൾ പറഞ്ഞു: “അല്ലാഹുവിനും അവന്റെ റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” അവിടുന്ന് അല്പനേരം മൗനം പാലിച്ചു; ആ ദിവസത്തിന് അവിടുന്ന് മറ്റൊരു പേര് നൽകുമോ എന്ന് പോലും ഞങ്ങൾ വിചാരിച്ചു പോയി. ശേഷം അവിടുന്ന് ചോദിച്ചു: “ഇത് ബലിപെരുന്നാൾ ദിനമല്ലേ (യൗമുന്നഹ്‌ർ)?” ഞങ്ങൾ പറഞ്ഞു: “അതേ.”

അവിടുന്ന് ചോദിച്ചു: “ഇത് ഏത് മാസമാണ്?” ഞങ്ങൾ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” അവിടുന്ന് വീണ്ടും മൗനം പാലിച്ചു; ഈ മാസത്തിന് മറ്റൊരു പേര് വിളിക്കുമോ എന്ന് ഞങ്ങൾ കരുതി. അവിടുന്ന് ചോദിച്ചു: “ഇത് ദുൽഹജ്ജ് മാസമല്ലേ?” ഞങ്ങൾ പറഞ്ഞു: “അതേ.”

അവിടുന്ന് ചോദിച്ചു: “ഇത് ഏത് നാടാണ്?” ഞങ്ങൾ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” അവിടുന്ന് മൗനം പാലിച്ചു; ആ നാട്ടിന് മറ്റൊരു പേര് പറയുമോ എന്ന് ഞങ്ങൾ വിചാരിച്ചു. അവിടുന്ന് ചോദിച്ചു: “ഇത് പവിത്രമായ നാടല്ലേ (മക്ക)?” ഞങ്ങൾ പറഞ്ഞു: “അതേ.”

അപ്പോൾ അവിടുന്ന് പ്രഖ്യാപിച്ചു: “നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്ന നാൾ വരെ നിങ്ങൾക്ക് പവിത്രമാണ്; നിങ്ങളുടെ ഈ ദിവസത്തിന്, ഈ മാസത്തിന്, ഈ നാടിനുള്ള പവിത്രത പോലെ തന്നെ. ശ്രദ്ധിക്കുക, ഞാൻ (സന്ദേശം) എത്തിച്ചു നൽകിയില്ലേ?” അവര്‍ പറഞ്ഞു: “അതേ.” അവിടുന്ന് പറഞ്ഞു: “അല്ലാഹുവേ, നീ ഇതിന് സാക്ഷിയാവേണമേ. ഇവിടെ സന്നിഹിതരായവർ ഹാജരില്ലാത്തവർക്ക് ഇത് എത്തിച്ചു കൊടുക്കട്ടെ. കാരണം, നേരിട്ട് കേൾക്കുന്നവരേക്കാൾ ഈ സന്ദേശം ലഭിക്കുന്ന (മറ്റുള്ളവർ വഴി കേൾക്കുന്ന) ചിലർ ഇത് കൂടുതൽ ഉൾക്കൊള്ളുന്നവരായേക്കാം. എനിക്ക് ശേഷം നിങ്ങൾ പരസ്പരം കഴുത്തറക്കുന്ന സത്യനിഷേധികളായി മാറരുത്.” (ബുഖാരി:1741)

عَنِ ابْنِ عُمَرَ، رضى الله عنهما قَالَ قَالَ النَّبِيُّ صلى الله عليه وسلم بِمِنًى ‏”‏ أَتَدْرُونَ أَىُّ يَوْمٍ هَذَا ‏”‏‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏”‏ فَإِنَّ هَذَا يَوْمٌ حَرَامٌ، أَفَتَدْرُونَ أَىُّ بَلَدٍ هَذَا ‏”‏‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏”‏ بَلَدٌ حَرَامٌ، أَتَدْرُونَ أَىُّ شَهْرٍ هَذَا ‏”‏‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏”‏ شَهْرٌ حَرَامٌ ‏”‏‏.‏ قَالَ ‏”‏ فَإِنَّ اللَّهَ حَرَّمَ عَلَيْكُمْ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ، كَحُرْمَةِ يَوْمِكُمْ هَذَا فِي شَهْرِكُمْ هَذَا فِي بَلَدِكُمْ هَذَا ‏”‏‏.‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മിനായിൽ വെച്ച് ജനങ്ങളോട് ചോദിച്ചു: “ഇത് ഏത് ദിവസമാണെന്ന് നിങ്ങൾക്ക് അറിയാമോ?” അവർ പറഞ്ഞു: “അല്ലാഹുവിനും അവന്റെ റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” അവിടുന്ന് പറഞ്ഞു: “തീർച്ചയായും ഇതൊരു പവിത്രമായ ദിവസമാണ് (ബലിപെരുന്നാൾ ദിനം).”

ശേഷം അവിടുന്ന് ചോദിച്ചു: “ഇത് ഏത് നാടാണെന്ന് നിങ്ങൾക്ക് അറിയാമോ?” അവർ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” അവിടുന്ന് പറഞ്ഞു: “ഇതൊരു പവിത്രമായ നാടാണ് (മക്ക).”

വീണ്ടും അവിടുന്ന് ചോദിച്ചു: “ഇത് ഏത് മാസമാണെന്ന് നിങ്ങൾക്ക് അറിയാമോ?” അവർ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” അവിടുന്ന് പറഞ്ഞു: “ഇതൊരു പവിത്രമായ മാസമാണ് (ദുൽഹജ്ജ്).”

തുടർന്ന് അവിടുന്ന് പ്രഖ്യാപിച്ചു: “നിശ്ചയമായും നിങ്ങളുടെ രക്തവും, നിങ്ങളുടെ സമ്പത്തും, നിങ്ങളുടെ അഭിമാനവും അല്ലാഹു നിങ്ങൾക്ക് പവിത്രമാക്കിയിരിക്കുന്നു; നിങ്ങളുടെ ഈ നാട്ടിൽ, നിങ്ങളുടെ ഈ മാസത്തിൽ, നിങ്ങളുടെ ഈ ദിവസത്തിനുള്ള അതേ പവിത്രത പോലെ തന്നെ.” (ബുഖാരി:6043)

عَنْ جَرِيرٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ لَهُ فِي حَجَّةِ الْوَدَاعِ ‏”‏ اسْتَنْصِتِ النَّاسَ ‏”‏ فَقَالَ ‏”‏ لاَ تَرْجِعُوا بَعْدِي كُفَّارًا يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ ‏”‏‏.‏

ജരീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: വിടവാങ്ങൽ ഹജ്ജിന്റെ വേളയിൽ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: “ജനങ്ങളോട് നിശബ്ദരായിരിക്കാൻ ആവശ്യപ്പെടുക.” (എല്ലാവരും നിശബ്ദരായപ്പോൾ) അവിടുന്ന് ഇപ്രകാരം പ്രഖ്യാപിച്ചു: “എനിക്ക് ശേഷം നിങ്ങൾ പരസ്പരം കഴുത്തറക്കുന്ന സത്യനിഷേധികളായി മാറിപ്പോകരുത്. (ബുഖാരി:121)

وعن فضالة بن عبيد رضي الله عنه قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي حَجَّةِ الْوَدَاعِ : أَلَا أُخْبِرُكُمْ بِالْمُؤْمِنِ ؟ مَنْ أَمِنَهُ النَّاسُ عَلَى أَمْوَالِهِمْ وَأَنْفُسِهِمْ ، وَالْمُسْلِمُ : مَنْ سَلِمَ النَّاسُ مِنْ لِسَانِهِ وَيَدِهِ ، وَالْمُجَاهِدُ: مَنْ جَاهَدَ نَفْسَهُ فِي طَاعَةِ اللَّهِ ، وَالْمُهَاجِرُ: مَنْ هَجَرَ الْخَطَايَا وَالذَّنُوبَ.

ഫളാലത്തുബ്നു ഉബൈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  വിടവാങ്ങൽ ഹജ്ജിന്റെ വേളയിൽ അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം അരുളി:”യഥാർത്ഥ വിശ്വാസി  ആരെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? ജനങ്ങൾ തങ്ങളുടെ സമ്പത്തിന്റെയും ജീവന്റെയും കാര്യത്തിൽ ആരെയാണോ വിശ്വസിക്കുന്നത് (സുരക്ഷിതരായിരിക്കുന്നത്), അവനാണ് വിശ്വാസി. തന്റെ നാവിൽ നിന്നും കൈകളിൽ നിന്നും ജനങ്ങൾ സുരക്ഷിതരായിരിക്കുന്നത് ആരോ, അവനാണ് മുസ്‌ലിം. അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തിൽ സ്വന്തം മനസ്സിനോട് പോരാടുന്നവനാണ് മുജാഹിദ്. തെറ്റുകുറ്റങ്ങളെയും പാപങ്ങളെയും വെടിഞ്ഞുനിൽക്കുന്നവനാണ് മുഹാജിർ (ഹിജ്റ ചെയ്തവൻ). (അഹ്മദ്)

عن سلمة ابن قيس الأشجعي رضي الله عنه قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي حَجَّةِ الْوَدَاعِ: أَلَا إِنَّمَا هُنَّ أَرْبَعٌ : أَنْ لَا تُشْرِكُوا بِاللَّهِ شَيْئًا ، وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ، وَلَا تَزْنُوا ، وَلَا تَسْرِقُوا.

സലമത്തുബ്നു ഖൈസ് (رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: വിടവാങ്ങൽ ഹജ്ജിന്റെ വേളയിൽ അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം അരുളി: ശ്രദ്ധിക്കുക, നിശ്ചയമായും അവ നാല് കാര്യങ്ങളാണ്: അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കരുത്, അല്ലാഹു പവിത്രമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്. (അഹ്മദ്)

അല്ലാഹു പവിത്രമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കരുത് എന്ന നബി ﷺ യുടെ വിലക്കിൽ, മനുഷ്യരക്തത്തിന്റെ മഹത്തായ പവിത്രത വെളിപ്പെടുന്നു. വ്യഭിചാരത്തെ വിലക്കിയതിലൂടെ മനുഷ്യന്റെ അഭിമാനത്തിന്റെ പവിത്രത വ്യക്തമാക്കപ്പെടുന്നു. മോഷണത്തെ വിലക്കിയതിലൂടെ മനുഷ്യ സമ്പത്തിന്റെ പവിത്രതയുമാണ് വിവരിക്കപ്പെടുന്നത്.

ആരാണോ നബി ﷺ യുടെ ഈ മഹത്തായ ഹദീസുകളെക്കുറിച്ചും, വിടവാങ്ങൽ ഹജ്ജിലെ അവിടുത്തെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങളെക്കുറിച്ചും ചിന്തിക്കുന്നത്, അവർക്ക് ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടും. മനുഷ്യരുടെ രക്തവും (ജീവൻ), അവരുടെ സമ്പത്തും, അവരുടെ അഭിമാനവും അങ്ങേയറ്റം പവിത്രമാണെന്നും അവ ആദരിക്കപ്പെടേണ്ടതാണെന്നും ഇതിലൂടെ വ്യക്തമാകുന്നു. യാതൊരു വിധത്തിലുള്ള അതിക്രമങ്ങൾക്കോ കൈയേറ്റങ്ങൾക്കോ അവ വിട്ടുകൊടുക്കാൻ പാടുള്ളതല്ല.

മുസ്‌ലിംകളുടെ ഇന്നത്തെ അവസ്ഥയിൽ, പ്രത്യേകിച്ച് ഈ കാലഘട്ടത്തിലേക്ക് നോക്കുന്ന ഒരാൾക്ക് കാണാൻ കഴിയുന്നത്; മിക്ക ആളുകളിലും രക്തം (ജീവൻ), സമ്പത്ത്, അന്തസ്സ് എന്നിവയുടെ കാര്യത്തിൽ വലിയ തോതിലുള്ള അശ്രദ്ധയും നിസ്സാരഭാവവുമാണ്. അല്ലാഹുവിനെ ഭയപ്പെടുകയോ, അത്യുന്നതനായ അവൻ നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യമോ ഇല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. അല്ലാഹുവിന്റെ മുമ്പിൽ നിൽക്കേണ്ടി വരുമെന്നതിനെക്കുറിച്ചോ, തന്റെ മടക്കത്തെക്കുറിച്ചോ ഉള്ള യാതൊരുവിധ ബോധവുമില്ലാതെയാണ് അവർ ഇത് ചെയ്തുകൊണ്ടിരിക്കുന്നത്.

وَسَيَعْلَمُ ٱلَّذِينَ ظَلَمُوٓا۟ أَىَّ مُنقَلَبٍ يَنقَلِبُونَ

അക്രമകാരികള്‍ അറിഞ്ഞു കൊള്ളും; തങ്ങള്‍ തിരിഞ്ഞുമറിഞ്ഞ് എങ്ങനെയുള്ള പര്യവസാനത്തിലാണ് എത്തുകയെന്ന്. (ഖുർആൻ:26/227)

ഈ വിഷയത്തിൻ്റെ ഗൗരവം ആരെങ്കിലും ശരിയായി മനസ്സിലാക്കുന്നുവെങ്കിൽ, അവൻ വലിയൊരു അറിവും വിജ്ഞാനവുമാണ് നേടിയെടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ ഉപകാരപ്രദമായ ഈ സംഭവം നമുക്ക് ചിന്തിക്കാം:

كتب رجل إلى ابن عمر رضي الله عنهما أن اكتب إلي بالعلم كلِّه. فكتب إليه: إنَّ العلم كثير، ولكن إن استطعت أن تلقى الله خفيف الظهر من دماء الناس، خميص البطن من أموالهم، كاف اللسان عن أعراضهم، لازما لأمر جماعتهم، فافعل

ഒരാൾ ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിന് ഇപ്രകാരം കത്തെഴുതി: “എനിക്ക് എല്ലാ അറിവുകളും  എഴുതി അയച്ചു തന്നാലും.” അദ്ദേഹം മറുപടിയായി ഇപ്രകാരം എഴുതി:
“തീർച്ചയായും അറിവ് എന്നത് വളരെ വിശാലമാണ്. എങ്കിലും, അന്ത്യനാളിൽ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ മുസ്‌ലിംകളുടെ രക്തം ചിന്തിയ ഭാരമില്ലാത്ത മുതുകും, അവരുടെ സമ്പത്ത് കവർന്നെടുക്കാത്ത ഒഴിഞ്ഞ വയറും, അവരുടെ അഭിമാനത്തെ മുറിപ്പെടുത്താത്ത നാവുമായി വരിക. ഒപ്പം വിശ്വാസികളുടെ സമൂഹത്തോടൊപ്പം നിലകൊള്ളുകയും ചെയ്യുക.’ ഇതൊക്കെ ചെയ്യാൻ നിനക്ക് സാധിക്കുമെങ്കിൽ നീ അത് ചെയ്തുകൊള്ളുക. [سير أعلام النبلاء للذهبي5/216].

ഈ മൂന്ന് കാര്യങ്ങൾ -അതായത് മനുഷ്യജീവന്റെ പവിത്രത, അഭിമാനത്തിന്റെ പവിത്രത, സമ്പത്തിന്റെ പവിത്രത എന്നിവ സംരക്ഷിക്കൽ – ഏറ്റവും മഹത്തായ അറിവായി അദ്ദേഹം വിശദീകരിച്ചു. ആർക്കാണോ ഇതിന് തൗഫീഖ്  ലഭിക്കുന്നത്, അവൻ വലിയൊരു നന്മയാണ് നേടിയെടുത്തിരിക്കുന്നത്. അതിനാൽ, നാം ഈ വലിയ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുകയും അത് അർഹിക്കുന്ന രീതിയിൽ പരിപാലിക്കുകയും വേണം. അന്ത്യനാളിൽ അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുമ്പോൾ, രക്തത്തിലോ അഭിമാനത്തിലോ സമ്പത്തിലോ കൈയേറ്റം നടത്തിയതിന്റെ അശുദ്ധി നമ്മിൽ പുരണ്ടിട്ടുണ്ടാകുന്നത് നാം ജാഗ്രതയോടെ ഭയപ്പെടണം. കാരണം ഇത് നിസ്സാരമായ ഒരു കാര്യമല്ല.

 

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *