സൂറ : മുഅ്മിനൂൻ 1-11 ആയത്തുകളിലൂടെ …..
ഇത് സത്യവിശ്വാസികളായ തന്റെ ദാസന്മാരെക്കുറിച്ചും, അവരുടെ വിജയം, സൗഭാഗ്യം എന്നിവയെക്കുറിച്ചും, അത് ഏത് കാര്യം കൊണ്ടാണ് അവർ നേടിയെടുത്തത് എന്നതിനെക്കുറിച്ചും അല്ലാഹു എടുത്തുപറയുന്ന ഒരു പരാമർശമാണ്. ഇതിൽ, അവരുടെ വിശേഷണങ്ങൾ സ്വായത്തമാക്കാനുള്ള പ്രേരണയും അതിലേക്ക് ആകൃഷ്ടരാക്കലും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഓരോ ദാസനും തന്നിലെയും മറ്റുള്ളവരിലെയും ഈമാൻ (വിശ്വാസം) അളന്നുനോക്കേണ്ടത് ഈ സൂക്തങ്ങൾ മുൻനിർത്തിയാണ്. അതിലൂടെ തന്നിലും മറ്റുള്ളവരിലും വിശ്വാസത്തിൽ എത്രത്തോളം വർദ്ധനവോ കുറവോ, ആധിക്യമോ അല്പത്വമോ ഉണ്ട് എന്ന് തിരിച്ചറിയാൻ സാധിക്കും.
قَدْ أَفْلَحَ ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. (ഖുർആൻ:23/1)
അതായത്: അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ പ്രവാചകന്മാരെ സത്യപ്പെടുത്തുകയും ചെയ്ത സത്യവിശ്വാസികൾ തീർച്ചയായും വിജയം വരിക്കുകയും, സൗഭാഗ്യം പ്രാപിക്കുകയും, രക്ഷനേടുകയും, അവർ ആഗ്രഹിച്ച സമസ്ത കാര്യങ്ങളും നേടുകയും ചെയ്തിരിക്കുന്നു.
ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ
തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരാണവർ. (ഖുർആൻ:23/2)
അവരുടെ പരിപൂർണ്ണമായ വിശേഷണങ്ങളിൽ പെട്ടതാണ് {തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരാണവർ}എന്നത്.
നമസ്കാരത്തിലെ الْخُشُوعُ (ഭക്തി) എന്നാൽ:
هُوَ حُضُورُ الْقَلْبِ بَيْنَ يَدَيِ اللَّهِ تَعَالَى، مُسْتَحْضِرًا لِقُرْبِهِ
അത് അല്ലാഹുവിന്റെ മുന്നിൽ ഹൃദയം പരിപൂർണ്ണമായി സാന്നിധ്യപ്പെടലാവുന്നു; അവൻ തന്നോട് എത്രത്തോളം അടുത്താണ് എന്ന ബോധ്യം മനസ്സിൽ ഓർത്തെടുത്തുകൊണ്ട്.
അതിലൂടെ അവന്റ ഹൃദയം ശാന്തമാവുകയും, മനസ്സ് തൃപ്തിയടയുകയും, ശാരീരിക ചലനങ്ങൾ അടങ്ങുകയും, അനാവശ്യമായ ശ്രദ്ധതിരിയലുകൾ കുറയുകയും ചെയ്യുന്നു.
തന്റെ റബ്ബിന്റെ മുന്നിൽ മര്യാദയുള്ളവനാവുകയും നിസ്‌കാരത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ അവൻ പറയുന്നതും ചെയ്യുന്നതുമായ എല്ലാ പ്രവർത്തനങ്ങളിലും മനഃസാന്നിധ്യത്തോടെ ആവുകയും ചെയ്യും. ഇതിലൂടെ വസ്‌വാസുകളും അനാവശ്യ ചിന്തകളും ഇല്ലാതാകുന്നു.
ഇതാണ് നമസ്കാരത്തിന്റെ ആത്മാവും അതിൽ നിന്നുള്ള പ്രധാന ലക്ഷ്യവും. ദാസന് പ്രതിഫലം രേഖപ്പെടുത്തപ്പെടുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇത് നമസ്‌കാരത്തിന്റെ ആത്മാവും ലക്ഷ്യവും ആണ്, ഇതാണ് അടിമക്കായി രേഖപ്പെടുത്തപ്പെടുക. അപ്പോൾ ഭയഭക്തിയോ മനഃസാന്നിധ്യമോ ഇല്ലാത്ത നമസ്‌കാരം പ്രതിഫലം ലഭിക്കുന്നതായാൽ പോലും അവന്റെ ഹൃദയം അതിൽ ഉണ്ടായതിന്റെ തോത് അനുസരിച്ച് മാത്രമായിരിക്കും (പ്രതിഫലം).
وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ
അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരാണവർ. (ഖുർആൻ:23/3)
(അനാവശ്യകാര്യത്തില്‍ നിന്ന്) അതായത് യാതൊരു ഗുണമോ പ്രയോജനമോ ഇല്ലാത്ത സംസാരങ്ങളിൽ നിന്ന് (തിരിഞ്ഞുകളയുന്നവരാണവർ); അതിനോടുള്ള വിമുഖത കൊണ്ടും, സ്വന്തം ആത്മാവിനെ അതിൽ നിന്ന് പരിശുദ്ധമാക്കാനും, അതിനേക്കാൾ ഉയർന്ന തലത്തിലേക്ക് ഉയരാനുമാണത്.
ﻭَﺇِﺫَا ﻣَﺮُّﻭا۟ ﺑِﭑﻟﻠَّﻐْﻮِ ﻣَﺮُّﻭا۟ ﻛِﺮَاﻣًﺎ
അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍. (ഖുർആൻ:25/72)
അനാവശ്യ കാര്യങ്ങളിൽ നിന്ന് പോലും അവർ തിരിഞ്ഞുകളയുന്നവരാണെങ്കിൽ, നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് അവർ മാറിനിൽക്കുന്നത് അതിനേക്കാൾ ഏറെ മുൻഗണനയുള്ളതും അത്യാവശ്യവുമായ കാര്യമാണല്ലോ!
ഒരു അടിമ തന്റെ നാവിനെ നിയന്ത്രിക്കുകയും നന്മയിലല്ലാതെ അതിനെ പൂട്ടിവെക്കുകയും ചെയ്താൽ, അവൻ തന്റെ കാര്യങ്ങളുടെ യജമാനനായിത്തീരുന്നു. നബി ﷺ മുആദ് ബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിന് നിർദ്ദേശങ്ങൾ ഉപദേശിച്ചുകൊടുത്തപ്പോൾ പറഞ്ഞതുപോലെ:
أَلَا أُخْبِرُكُ بِمَلَاكِ ذَلِكَ كُلِّهِ؟ قُلْتُ: بَلَى يَا رَسُولَ اللَّهِ، فَأَخَذَ بِلِسَانِ نَفْسِهِ وَقَالَ: كَفَّ عَلَيْكَ هَذَا.
ഇതിന്റെയൊക്കെ അടിസ്ഥാനമാ കാര്യം എന്താണെന്ന് ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ?’ ഞാൻ പറഞ്ഞു: ‘അതെ, അല്ലാഹുവിന്റെ റസൂലേ!’ അപ്പോൾ അവിടുന്ന് തന്റെ സ്വന്തം നാവ് പിടിച്ചുകൊണ്ട് പറഞ്ഞു: ‘ഇതിനെ നീ തടഞ്ഞു നിർത്തുക (നിയന്ത്രിക്കുക).
അതുകൊണ്ട് സത്യവിശ്വാസികളുടെ പ്രശംസനീയമായ ഗുണങ്ങളിൽ പെട്ടതാണ് അനാവശ്യ കാര്യങ്ങളിൽ നിന്നും നിഷിദ്ധങ്ങളിൽ നിന്നും തങ്ങളുടെ നാവുകളെ തടഞ്ഞു നിർത്തുക എന്നത്.
وَٱلَّذِينَ هُمْ لِلزَّكَوٰةِ فَٰعِلُونَ
സകാത്ത് കൊടുത്ത് വീട്ടുന്നവരാണവർ. (ഖുർആൻ:23/4)
അതായത്, വിവിധ തരം ധനശേഖരങ്ങൾക്ക് അനുസൃതമായി തങ്ങളുടെ സ്വത്തിന്റെ സകാത്ത് നൽകുന്നവരും; തിന്മയായ സ്വഭാവങ്ങളിൽ നിന്നും മോശപ്പെട്ട പ്രവൃത്തികളിൽ നിന്നും തങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നവരുമാകുന്നു അവർ. അത്തരം കാര്യങ്ങൾ വെടിയുന്നതിലൂടെയും വർജ്ജിക്കുന്നതിലൂടെയുമാണ് ആത്മാവ് ശുദ്ധമാകുന്നത്. അങ്ങനെ, നമസ്കാരത്തിലെ ഖുശൂഇലൂടെ പടച്ചതമ്പുരാന്റെ ഇബാദത്തിലും (ആരാധനയിലും), സകാത്ത് വീട്ടുന്നതിലൂടെ അവിടുത്തെ സൃഷ്ടികളോടും അവർ നന്മ (ഇഹ്സാൻ) ചെയ്തു. അങ്ങനെ, നമസ്കാരത്തിലെ ഭക്തിയിലൂടെ (ഖുശൂഅ്) അവർ സൃഷ്ടാവിനോടുള്ള ഇബാദത്തിനെ ഭംഗിയുള്ളതാക്കി; സകാത്ത് വീട്ടുന്നതിലൂടെ അവന്റെ സൃഷ്ടികളോട് അവർ ഇഹ്‌സാൻ (നന്മ) ചെയ്യുകയും ചെയ്തു.
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ﴿٥﴾ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴿٦﴾ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ﴿٧﴾
തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍. (ഖുർആൻ:23/5-7)
{തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍} വ്യാഭിചാരത്തിൽ നിന്ന്; ആ അവയവങ്ങളെ പൂർണ്ണമായി കാത്തുസൂക്ഷിക്കുന്നതിൽ പെട്ടതാണ് അങ്ങോട്ട് നയിക്കുന്ന കാര്യങ്ങളായ നോട്ടം, സ്പർശനം തുടങ്ങിയവയിൽ നിന്ന് വിട്ടുനിൽക്കുക എന്നതും. അങ്ങനെ അവർ തങ്ങളുടെ ലൈംഗികാവയവങ്ങളെ മറ്റെല്ലാവരിൽ നിന്നും (പൂർണ്ണമായി) കാത്തുസൂക്ഷിച്ചു.
{തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള വലതുകൈകൾ ഉടമപ്പെടുത്തിയവരുമായോ ഉള്ള ബന്ധം ഒഴികെ} അടിമസ്ത്രീകളിൽ നിന്ന്. {അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല.} അവjd] രണ്ടുപേരുമായുള്ള (ശാരീരിക) അടുപ്പം കൊണ്ട്; കാരണം അല്ലാഹു ആ രണ്ടു വിഭാഗങ്ങളെയും (അവർക്ക്) അനുവദനീയമാക്കിയിരിക്കുന്നു.
{എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം}ഭാര്യയും അടിമസ്ത്രീയും അല്ലാത്തവരെ, {അവര്‍ തന്നെയാണ് അതിക്രമകാരികള്‍} അഥവാ, അല്ലാഹു അനുവദിച്ച കാര്യങ്ങളിൽ നിന്ന് അവൻ നിഷിദ്ധമാക്കിയതിലേക്ക് അതിരുകടന്നവർ, അല്ലാഹുവിന്റെ വിലക്കുകളെ ലംഘിക്കാൻ ധൈര്യം കാണിച്ചവർ.
ഈ ആയത്തിന്റെ പൊതുവായ അർത്ഥം, മുത്അ വിവാഹം (താൽക്കാലിക വിവാഹം) നിഷിദ്ധമാണെന്നതിലേക്ക് വിരൽ ചൂണ്ടുന്നു. കാരണം, അവൾ നിലനിൽപ്പ് ലക്ഷ്യമാക്കപ്പെടുന്ന യഥാർത്ഥ ഭാര്യയുമല്ല, ഉടമസ്ഥതയിലുള്ള അടിമസ്ത്രീയുമല്ല. അത്പോലെതന്നെ, മുഹല്ലിലിന്റെ വിവാഹവും (ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീക്ക് ആദ്യ ഭർത്താവിലേക്ക് മടങ്ങാൻ വേണ്ടി മാത്രം ചെയ്യുന്ന വിവാഹം) ഹറാമാകുന്നതും ഇതുകൊണ്ടുതന്നെയാണ്.
അതുപോലെതന്നെ “അല്ലെങ്കിൽ അവരുടെ വലതുകൈകൾ ഉടമപ്പെടുത്തിയവർ” എന്ന അല്ലാഹുവിന്റെ വചനം സൂചിപ്പിക്കുന്നത്: ഒരു അടിമസ്ത്രീ അനുവദനീയമാകണമെങ്കിൽ അവൾ പൂർണ്ണമായും അവന്റെ മാത്രം ഉടമസ്ഥതയിലായിരിക്കൽ ഉപാധിയാണ്. എന്നാൽ, അവളിൽ അവന് ഭാഗികമായ ഉടമസ്ഥത മാത്രമാണുള്ളതെങ്കിൽ അവൾ അവന് ഹലാലാകുകയില്ല. കാരണം അവൾ അവന്റെ മാത്രം ഉടമസ്ഥതയിലുള്ളവളല്ല, മറിച്ച് അവനും മറ്റൊരാൾക്കും കൂടി പങ്കാളിത്തമുള്ള ഉടമസ്ഥതയാണുള്ളത്. ഒരു സ്വതന്ത്ര സ്ത്രീയിൽ ഒരേ സമയം രണ്ടു ഭർത്താക്കന്മാർ പങ്കാളികളാകുന്നത് എപ്രകാരം പാടില്ലയോ, അതുപോലെതന്നെ ഒരു അടിമസ്ത്രീയിൽ രണ്ടു യജമാനന്മാർ പങ്കാളികളാകുന്നതും അനുവദനീയമല്ല.
وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ
തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരുമാണവർ. (ഖുർആൻ:23/8)
അതായത്: അവർ അതിനെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നവരും, കൃത്യമായി പാലിക്കുന്നവരും, കാത്തുസൂക്ഷിക്കുന്നവരും, അത് നിർവ്വഹിക്കാനും നടപ്പിലാക്കാനും അത്യധികം താല്പര്യമുള്ളവരുമാകുന്നു. ഇത് അല്ലാഹുവിന്റെ അവകാശങ്ങളിൽ പെട്ടതും, അല്ലാഹുവിന്റെ ദാസന്മാരുടെ (മനുഷ്യരുടെ) അവകാശങ്ങളിൽ പെട്ടതുമായ എല്ലാവിധ അമാനത്തുകൾക്കും (വിശ്വസ്തതകൾക്കും) പൊതുവായി ബാധകമാണ്.
അല്ലാഹു പറയുന്നു:
إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَٰنُ ۖ
തീര്‍ച്ചയായും നാം അമാനത്ത് (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. (ഖു൪ആന്‍:33/72)
അതിനാൽ അല്ലാഹു തന്റെ ദാസന്റെ മേൽ നിർബന്ധമാക്കിയ മുഴുവൻ കാര്യങ്ങളും അമാനത്തുകളാണ്; അവ പൂർണ്ണമായി നിർവ്വഹിച്ചുകൊണ്ട് കാത്തുസൂക്ഷിക്കൽ ദാസന്റെ ബാധ്യതയാണ്. അതുപോലെതന്നെ മനുഷ്യരുടെ അമാനത്തുകളും ഇതിൽ ഉൾപ്പെടുന്നു; സാമ്പത്തികമായ അമാനത്തുകൾ, രഹസ്യങ്ങൾ സൂക്ഷിക്കൽ മുതലായവയെപ്പോലെ. അതിനാൽ ദാസൻ (മനുഷ്യൻ) ഈ രണ്ടു കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്; കൂടാതെ ആ രണ്ടു തരം അമാനത്തുകളും (അല്ലാഹുവിന്റെ അവകാശങ്ങളും പടപ്പുകളുടെ അവകാശങ്ങളും) വീട്ടുകയും ചെയ്യേണ്ടതുണ്ട്. (അല്ലാഹു പറഞ്ഞതുപോലെ:)
إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّوا۟ ٱلْأَمَٰنَٰتِ إِلَىٰٓ أَهْلِهَا
വിശ്വസിച്ചേല്‍പിക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്ന് അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. (ഖു൪ആന്‍:4/58)
അതുപോലെതന്നെയാണ് കരാറും; അത് അവരും അവരുടെ റബ്ബും തമ്മിലുള്ള കരാറിനെയും, അവരും മറ്റു ദാസന്മാരും (മനുഷ്യരും) തമ്മിലുള്ള കരാറിനെയും ഉൾക്കൊള്ളുന്നു. അതായത് മനുഷ്യൻ ഉണ്ടാക്കുന്ന ബാധ്യതകളും ഉടമ്പടികളുമാണവ. അതിനാൽ അത് പാലിക്കലും നിറവേറ്റലും അവന്റെ മേൽ നിർബന്ധമാണ്. അതിൽ വീഴ്ച വരുത്തുന്നതും അത് അവഗണിക്കുന്നതും അവന്റെ മേൽ നിഷിദ്ധവുമാണ്.
وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ
തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമാണവർ. (ഖുർആൻ:23/9)
അതായത്: അവർ നമസ്കാരത്തിന്റെ സമയങ്ങളിലും, അതിന്റേതായ പരിധികൾ, നിബന്ധനകൾ (ശർത്വുകൾ), അവിഭാജ്യ ഘടകങ്ങൾ (അർകാനുകൾ) എന്നിവ പാലിച്ചുകൊണ്ടും നമസ്കാരത്തിൽ സ്ഥിരത പുലർത്തുന്നവരാകുന്നു. അല്ലാഹു അവരെ നമസ്കാരത്തിലെ ഭക്തിയുടെ (ഖുശൂഅ്) പേരിലും, അതിനെ സൂക്ഷ്മതയോടെ നിലനിർത്തുന്നതിന്റെ പേരിലും പ്രശംസിച്ചിരിക്കുന്നു. കാരണം, ഈ രണ്ടു കാര്യങ്ങളും ഒന്നിച്ചില്ലാതെ അവരുടെ കാര്യം പൂർണ്ണമാവുകയില്ല. അതിനാൽ, ഭക്തിയില്ലാതെ നമസ്കാരത്തിൽ സ്ഥിരത പുലർത്തുന്നവനോ, അല്ലെങ്കിൽ നിശ്ചിത സമയങ്ങളും നിബന്ധനകളും കാത്തുസൂക്ഷിക്കാതെ ഭക്തി പ്രകടിപ്പിക്കുന്നവനോ ആരുമാകട്ടെ, അവൻ ആക്ഷേപാർഹനും പോരായ്മയുള്ളവനുമാകുന്നു.
أُو۟لَٰٓئِكَ هُمُ ٱلْوَٰرِثُونَ ﴿١٠﴾ ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَٰلِدُونَ ﴿١١﴾
അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍. അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖുർആൻ:23/10-11)
{അവര്‍ തന്നെയാകുന്നു} മേൽപ്പറഞ്ഞ മഹത്തായ ഗുണങ്ങളാൽ വിശേഷിപ്പിക്കപ്പെട്ടവർ, {അനന്തരാവകാശികള്‍ അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍} അതായത് സ്വർഗ്ഗങ്ങളിൽ വെച്ച് ഏറ്റവും ഉയർന്നതും, മധ്യഭാഗത്തുള്ളതും, ഏറ്റവും ശ്രേഷ്ഠമായതുമായ ‘ഫിർദൗസ്’ അനന്തരം എടുക്കുന്നവർ. കാരണം, നന്മയുടെ ഗുണങ്ങളിൽ ഏറ്റവും ഉയർന്നതും ഉന്നതിയിലുള്ളതുമായ കാര്യങ്ങളാണ് അവർ അണിഞ്ഞിരിക്കുന്നത്.
അല്ലെങ്കിൽ (ഫർദൗസ് എന്നത് കൊണ്ട്) ഉദ്ദേശിക്കുന്നത് സ്വർഗ്ഗം മുഴുവനുമാണ്; അതുവഴി സത്യവിശ്വാസികൾ അവരവരുടെ പദവികൾക്കും സ്ഥാനങ്ങൾക്കും അനുസരിച്ച് ഓരോരുത്തരുടെയും അവസ്ഥ പോലെ ഇതിൽ പ്രവേശിക്കുന്നതിന് വേണ്ടിയാണിത്.
{അവരതില്‍ നിത്യവാസികളായിരിക്കും} അവർ അവിടെനിന്ന് മാറിപ്പോവുകയോ, അതിന് പകരം മറ്റൊന്ന് ആഗ്രഹിക്കുകയോ ഇല്ല; യാതൊരുവിധ അസ്വസ്ഥതകളോ വിഷമങ്ങളോ ഇല്ലാതെ, ഏറ്റവും പൂർണ്ണവും ശ്രേഷ്ഠവും പരിപൂർണ്ണവുമായ അനുഗ്രഹങ്ങൾ അതിൽ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് അത്.
തഫ്സീറുസ്സഅ്ദി
www.kanzululoom.com