عَنْ عَبْدِ اللَّهِ بْنِ الْمُبَارَكِ قَالَ :كُنْتُ بِمَكَّةَ فَأَصَابَهُمْ قَحْطٌ ، فَخَرَجُوا إِلَى الْمَسْجِدِ الْحَرَامِ يَسْتَسْقُونَ فَلَمْ يُسْقَوْا وَإِلَى جَانِبِي أَسْوَدُ مَنْهُوكٌ ، فَقَالَ : اللَّهُمَّ اللَّهُمَّ قَدْ دَعَوْكَ فَلَمْ تُجِبْهُمْ ، إِنِّي أُقْسِمُ عَلَيْكِ أَنْ تَسْقِيَنَا . قَالَ : فَوَاللَّهِ مَا لَبِثْنَا أَنْ سُقِينَا ، قَالَ : فَانْصَرَفَ الْأَسْوَدُ ، وَاتَّبَعْتُهُ حَتَّى دَخَلَ دَارًا فِي الْحَنَّاطِينَ فَعَلَّمْتُهَا ، فَلَمَّا أَصْبَحْتُ أَخَذْتُ دَنَانِيرَ ، وَأَتَيْتُ الدَّارَ ، فَإِذَا رَجُلٌ عَلَى بَابِ الدَّارِ ، فَقُلْتُ : أَرَدْتُ رَبَّ هَذِهِ الدَّارِ ، قَالَ : أَنَا ،قُلْتُ : مَمْلُوكٌ لَكَ أَرَدْتُ شِرَاءَهُ ، فَقَالَ : لِي أَرْبَعَةَ عَشَرَ مَمْلُوكًا أُخْرِجُهُمْ إِلَيْكَ ، قَالَ : فَلَمْ يَكُنْ فِيهِمْ فَقُلْتُ لَهُ : بَقِيَ شَيْءٌ ؟ فَقَالَ لِي : غُلَامٌ مَرِيضٌ ، فَأَخْرَجَهُ فَإِذَا هُوَ الْأَسْوَدُ ، فَقُلْتُ : بِعْنِيهِ ، فَقَالَ : هُوَ لَكَ يَا أَبَا عَبْدِ الرَّحْمَنِ ، فَأَعْطَيْتُهُ الْأَرْبَعَةَ عَشَرَ دِينَارًا وَأَخَذْتُ الْمَمْلُوكَ ، فَلَمَّا صِرْنَا إِلَى بَعْضِ الطَّرِيقِ ، قَالَ : يَا مَوْلَايَ أَيُّ شَيْءٍ تَصْنَعُ بِي وَأَنَا مَرِيضٌ ؟ فَقُلْتُ لَهُ : لِمَا رَأَيْتُهُ عَشِيَّةَ أَمْسِ ، قَالَ : فَاتَّكَأَ عَلَى الْحَائِطِ فَقَالَ : اللَّهُمَّ لَا تُشَهِّرْ بِي فَاقْبِضْنِي إِلَيْكَ ، قَالَ : فَخَرَّ مَيِّتًا ، فَانْحَشَرَ عَلَيْهِ أَهْلُ مَكَّةَ.
അബ്ദുല്ലാഹിബ്നു മുബാറക് رحمه الله പറഞ്ഞു: ഞാൻ മക്കയിലായിരുന്ന ഒരു സമയത്ത് അവിടെ കഠിനമായ വരൾച്ച ബാധിച്ചു. മഴക്ക് വേണ്ടി പ്രാർത്ഥിക്കാനായി ജനങ്ങൾ മസ്ജിദുൽ ഹറാമിലേക്ക് പുറപ്പെട്ടു. എന്നാൽ അവർക്ക് മഴ ലഭിച്ചില്ല. അപ്പോൾ എന്റെ വശത്തായി ക്ഷീണിതനായ ഒരു കറുത്ത വര്‍ഗക്കാരനായ മനുഷ്യൻ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അയാൾ പ്രാര്‍ത്ഥിച്ചു: “അല്ലാഹുവേ… അല്ലാഹുവേ… നിന്റെ ദാസന്മാർ നിന്നെ വിളിച്ചു പ്രാർത്ഥിച്ചു, നീ അവർക്ക് ഉത്തരം നൽകിയില്ല. ഞങ്ങൾക്ക് മഴ നൽകണമെന്ന് നിന്റെ മേൽ ഞാൻ സത്യം ചെയ്ത് അപേക്ഷിക്കുന്നു”.
അബ്ദുല്ലാഹിബ്നു മുബാറക് رحمه الله പറഞ്ഞു: “അല്ലാഹുവാണെ സത്യം! (അദ്ദേഹം ആ പ്രാർത്ഥന പൂർത്തിയാക്കി) അധികം വൈകുന്നതിന് മുൻപേ ഞങ്ങൾക്ക് മഴ ലഭിച്ചു.”
അബ്ദുല്ലാഹിബ്നു മുബാറക് رحمه الله പറഞ്ഞു: ആ കറുത്ത വർഗ്ഗക്കാരൻ (പ്രാർത്ഥനയ്ക്ക് ശേഷം) അവിടെനിന്നും നടന്നുപോയി. അദ്ദേഹം ‘ഹന്നാത്വീൻ’ (ധാന്യക്കച്ചവടക്കാർ) താമസിക്കുന്ന ഒരു വീട്ടിലേക്ക് പ്രവേശിക്കുന്നത് വരെ ഞാൻ അദ്ദേഹത്തെ പിന്തുടർന്നു. ഞാൻ ആ വീട് (തിരിച്ചറിയാനായി) അടയാളപ്പെടുത്തി വെച്ചു. പിറ്റേദിവസം രാവിലെയായപ്പോൾ ഞാൻ കുറച്ച് ദിനാറുകൾ കൈയ്യിലെടുത്തു ആ വീട്ടിലെത്തി. അപ്പോൾ ആ വീടിന്റെ വാതിൽക്കൽ ഒരു മനുഷ്യൻ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞു: ‘എനിക്ക് ഈ വീടിന്റെ ഉടമസ്ഥനെ കാണണം.’ അദ്ദേഹം പറഞ്ഞു: ‘അത് ഞാനാണ്.’ ഞാൻ പറഞ്ഞു: ‘നിങ്ങളുടെ പക്കലുള്ള ഒരു അടിമയെ എനിക്ക് വാങ്ങണമെന്നുണ്ട്.’ അദ്ദേഹം (യജമാനൻ) പറഞ്ഞു: ‘എനിക്ക് പതിനാല് അടിമകളുണ്ട്, അവരെ ഞാൻ താങ്കൾക്കായി പുറത്തിറക്കാം (താങ്കൾക്ക് കാണിച്ചുതരാം).’
അബ്ദുല്ലാഹിബ്നു മുബാറക് رحمه الله പറഞ്ഞു: (ഉടമ കാണിച്ച ആ പതിനാല് പേരിൽ) അദ്ദേഹം ഉണ്ടായിരുന്നില്ല. അപ്പോൾ ഞാൻ ചോദിച്ചു: ‘ഇനി ആരെങ്കിലും ബാക്കിയുണ്ടോ?’ “അപ്പോൾ അദ്ദേഹം (ഉടമ) എന്നോട് പറഞ്ഞു: ‘രോഗിയായ ഒരു അടിമ (കൂടിയുണ്ട്)’. അങ്ങനെ അദ്ദേഹം ആ അടിമയെ പുറത്തിറക്കി. അപ്പോൾ ഇതാ അദ്ദേഹം ആ കറുത്ത വർഗ്ഗക്കാരൻ തന്നെ! ഞാൻ പറഞ്ഞു: ‘ഇദ്ദേഹത്തെ എനിക്ക് വിൽക്കൂ’. “അപ്പോൾ അദ്ദേഹം (ഉടമ) പറഞ്ഞു: ‘അബൂ അബ്ദുറഹ്മാൻ, ഇദ്ദേഹം താങ്കൾക്കുള്ളതാണ് (താങ്കൾക്ക് നൽകിയിരിക്കുന്നു)’. അങ്ങനെ ഞാൻ അദ്ദേഹത്തിന് പതിനാല് ദിനാറുകൾ നൽകുകയും ആ അടിമയെ ഏറ്റെടുക്കുകയും ചെയ്തു.
ഞങ്ങൾ നടന്ന് വഴിയുടെ പകുതി ഭാഗത്ത് എത്തിയപ്പോൾ അദ്ദേഹം (അടിമ) ചോദിച്ചു: ‘യജമാനനേ, രോഗിയായ എന്നെക്കൊണ്ട് താങ്കൾ എന്ത് ചെയ്യാനാണ്?’ ഞാൻ (ഇബ്നു മുബാറക്) അദ്ദേഹത്തോട് പറഞ്ഞു: ‘ഇന്നലെ വൈകുന്നേരം ഞാൻ കണ്ട ആ കാഴ്ച (താങ്കളുടെ പ്രാർത്ഥന) തന്നെയാണ് ഇതിന് കാരണം’.
അബ്ദുല്ലാഹിബ്നു മുബാറക് رحمه الله പറഞ്ഞു: (എന്റെ മറുപടി കേട്ടപ്പോൾ) ആ മനുഷ്യൻ ഒരു ചുവരിനോട് ചേർന്നുനിന്നു. എന്നിട്ട് ഇപ്രകാരം പ്രാർത്ഥിച്ചു: ‘അല്ലാഹുവേ, എന്നെ നീ (ജനങ്ങൾക്കിടയിൽ) പ്രശസ്തനാക്കരുതേ, അതിനാൽ എന്നെ നിന്റെ അടുത്തേക്ക് നീ തിരിച്ചുവിളിക്കേണമേ’.
അബ്ദുല്ലാഹിബ്നു മുബാറക് رحمه الله പറഞ്ഞു: ഉടൻ തന്നെ അദ്ദേഹം അവിടെ മരിച്ചുവീണു. മക്കയിലെ ജനങ്ങളെല്ലാം (അദ്ദേഹത്തിന്റെ ജനാസയിൽ പങ്കെടുക്കാൻ) അവിടെ ഒരുമിച്ചുകൂടി. [أصول اعتقاد أهل السنة والجماعة]
ഈ സംഭവത്തിലെ ചില പാഠങ്ങൾ
▪️അടിമയും അല്ലാഹും തമ്മിലുള്ള ബന്ധം: അടിമ സമൂഹത്തിലെ ഏതുതുറയിലുള്ളവനായാലും അല്ലാഹു പരിഗണിക്കും.
▪️അല്ലാഹു പ്രാര്‍ത്ഥനക്ക് ഉത്തരം നൽകും.
▪️അര്ഹതയുള്ളവനാകുക
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ
അബൂഹുറൈററ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കും രൂപങ്ങളിലേക്കമല്ല നോക്കുന്നത്, പക്ഷെ നിങ്ങളുടെ ഹൃദയങ്ങളിലേക്കും കര്മ്മങ്ങളിലേക്കുമാണ് നോക്കുന്നത്. (മുസ്ലിം:2564)
അല്ലാഹു മനുഷ്യരുടെ ശരീരത്തിന്റെ രൂപങ്ങളിലേക്കല്ല നോക്കുന്നത്; അവർ ശാരീരിക ഭംഗിയുള്ളവരാണോ അല്ല, വികൃത രൂപമുള്ളവരാണോ, തടിച്ചവരാണോ മെലിഞ്ഞവരാണോ, ആരോഗ്യദൃഢഗാത്രരാണോ രോഗാതുരരാണോ എന്നതൊന്നുമല്ല അവൻ നോക്കുന്നത്. അതുമല്ലെങ്കിൽ അവരുടെ സമ്പത്തിലേക്കല്ല അല്ലാഹു നോക്കുന്നത്; സമ്പത്ത് കൂടുതലാണോ കുറവാണോ എന്നൊന്നുമല്ല. ഇത്തരം കാര്യങ്ങളുടെ പേരിൽ അല്ലാഹു മനുഷ്യരെ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ല. മറിച്ച്, അവരുടെ ഹൃദയങ്ങളിലേക്കാണ് അവൻ നോക്കുന്നത്. അതിലുള്ള സൂക്ഷ്മതയും ദൃഢവിശ്വാസവും സത്യസന്ധതയും ഇഖ്ലാസും അവൻ നോക്കുന്നതാണ്. അതിൽ ലോകമാന്യമോ പ്രശസ്തിക്ക് വേണ്ടിയുള്ള ആഗ്രഹമോ ഉണ്ടോ എന്നത് അവൻ നോക്കുന്നതാണ്. അതു പോലെ, അവരുടെ പ്രവർത്തനങ്ങൾ ശരിയായ വിധത്തിലാണോ അവർ പ്രവർത്തിക്കുന്നത്, അതല്ല തെറ്റായ വിധത്തിലാണോ എന്നതും അവൻ നോക്കുന്നതാണ്. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് അവർക്ക് പ്രതിഫലങ്ങൾ നൽകപ്പെടുന്നതും ശിക്ഷ അനുഭവിക്കേണ്ടി വരുന്നതും
ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺇِﻧَّﺎ ﺧَﻠَﻘْﻨَٰﻜُﻢ ﻣِّﻦ ﺫَﻛَﺮٍ ﻭَﺃُﻧﺜَﻰٰ ﻭَﺟَﻌَﻠْﻨَٰﻜُﻢْ ﺷُﻌُﻮﺑًﺎ ﻭَﻗَﺒَﺎٓﺋِﻞَ ﻟِﺘَﻌَﺎﺭَﻓُﻮٓا۟ ۚ ﺇِﻥَّ ﺃَﻛْﺮَﻣَﻜُﻢْ ﻋِﻨﺪَ ٱﻟﻠَّﻪِ ﺃَﺗْﻘَﻰٰﻛُﻢْ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻋَﻠِﻴﻢٌ ﺧَﺒِﻴﺮٌ
ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ തഖ്വയുള്ളവനാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖു൪ആന്‍:49/13)
www.kanzululoom.com