ബറക്കത്തും ബറക്കത്ത് തേടലും

ബർകത്ത് (البركة): ഒരു കാര്യത്തിൽ നന്മ വർദ്ധിക്കുകയും അത് നിലനിൽക്കുകയും വളരുകയും ചെയ്യുക എന്നാണ് ഇതിന്റെ അർത്ഥം.

ബർകത്ത് തേടൽ (التبرك): അല്ലാഹു അവന്റെ കൽപ്പനകളിലൂടെയോ സൃഷ്ടിപ്പിലൂടെയോ ഏതെങ്കിലും ഒരു വസ്തുവിൽ അനുഗ്രഹം നിശ്ചയിക്കുകയും, ആ വസ്തുവിലൂടെ ആ നന്മയും പുണ്യവും കരസ്ഥമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെയാണ് ‘തബറുക്’ എന്ന് പറയുന്നത്.

ജീവിതത്തിൽ നന്മയും അഭിവൃദ്ധിയും നേടിയെടുക്കുക എന്നത് ഏതൊരു വിശ്വാസിയുടെയും ആഗ്രഹമാണ്. എന്നാൽ ബർകത്ത് തേടേണ്ട ശരിയായ മാർഗ്ഗങ്ങൾ ഏതാണെന്ന് തിരിച്ചറിയാത്തതിന്റെ ഫലമായി പലപ്പോഴും പ്രമാണങ്ങൾക്ക് നിരക്കാത്ത പല അബദ്ധങ്ങളിലും ആളുകൾ ചെന്നുപെടുന്നുണ്ട്. ഉദാഹരണത്തിന് ചിലർ പറയാറുണ്ട്: “കുഞ്ഞ് ജനിച്ചയുടനെ നല്ലവനും സൂക്ഷ്മശീലനുമായ ഒരാളെക്കൊണ്ട് ‘തഹ്‌നീക്ക്’ (കാരക്കനീരോ തേനോ കുഞ്ഞിന്റെ നാവില്‍ പുരട്ടുന്നത് ) ചെയ്യിക്കുന്നത് നല്ലതാണ്; അങ്ങനെ ചെയ്താൽ കുഞ്ഞും അവനെപ്പോലെ നല്ലവനാകുമെന്നും ബർകത്ത് കിട്ടുമെന്നും കരുതപ്പെടുന്നു!“

എന്നാല്‍ തഹ്നീക് ചെയ്യുന്നയാൾ “നവജാത ശിശുവിന് വേണ്ടി ബർകത്തിന് പ്രാർത്ഥിക്കുകയാണ്” എന്നതാണ് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ള ശരിയായ രീതി. ഹദീസില്‍ വന്നതുപോലെ:

عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُؤْتَى بِالصِّبْيَانِ فَيُبَرِّكُ عَلَيْهِمْ وَيُحَنِّكُهُمْ

ആയിശയിൽ(റ) നിന്ന് നിവേദനം: നബി ﷺ യുടെ അടുക്കൽ കുഞ്ഞുങ്ങൾ കൊണ്ടുവരപ്പെടുകയും നബി ﷺ അവർക്ക് ഈത്തപഴം ചവച്ചരച്ച് അതിന്റെ നീര് നൽകുകയും ബറക്കത്തിന് വേണ്ടി പ്രാർത്ഥിക്കുകയും‌ ചെയ്യുമായിരുന്നു. (മുസ്ലിം:2147)

ഇനി വ്യക്തികളെക്കൊണ്ട് ബർക്കത്ത്  തേടുന്ന കാര്യത്തിൽ – അവരുടെ ശരീരത്തെയോ, അവരുടെ ചെരുപ്പിനെയോ, അവരുടെ തുപ്പലിനെയോ, അവരുടെ വുളൂഇന്റെ വെള്ളത്തെയോ മുൻനിർത്തിക്കൊണ്ട്ത് – അത് ഒരിക്കലും ശറഈആയ ഒരു ബർക്കത്തല്ല; പ്രവാചകൻ മുഹമ്മദ് നബിയിൽ ﷺ നിന്നുള്ളത് ഒഴികെ. കാരണം, നബിയുടെ ശരീരവും അവിടുത്തെ തിരുശേഷിപ്പുകളും ബർക്കത്തുള്ളതാണ്. അവയിൽ യാതൊന്നും ഇക്കാലത്ത് ബാക്കിയുള്ളതായി സ്ഥിരപ്പെട്ടിട്ടില്ല. എന്നാൽ അവിടുന്ന് ഒഴികെയുള്ള മറ്റുള്ളവരുടെ കാര്യത്തിൽ ഇത് അനുവദനീയമല്ല.

ഇനി, ശറഅ് അംഗീകരിച്ചിട്ടുള്ള ബർക്കത്തിന് നിരവധി ഇനങ്ങളുണ്ട്; അവയിൽ ചിലത് താഴെ പറയുന്നവയാണ്:

ഒന്ന്: ‘ഖുർആൻ’ പോലെയുള്ള അറിയപ്പെട്ട മതപരമായ കാര്യങ്ങൾ കൊണ്ട് ബർകത്ത് തേടൽ. അല്ലാഹു പറയുന്നു:

ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ

നിനക്ക് നാം അവതരിപ്പിച്ചുതന്ന ബര്‍കത്തുള്ള (അനുഗൃഹീത) ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:38/29)

അതിന്റെ ബർകത്തുകളിൽ പെട്ടതാണ്:

1.ആരെങ്കിലും അത് മുറുകെപ്പിടിച്ചാൽ (അതനുസരിച്ച് ജീവിച്ചാൽ) അവര്‍ക്ക്  വിജയം ലഭിക്കുകയായി; അങ്ങനെ ആ ഗ്രന്ഥം മുഖേന അല്ലാഹു ധാരാളം ജനസമൂഹങ്ങളെ ശിർക്കിൽ  നിന്ന് രക്ഷപ്പെടുത്തി.

2.വിശുദ്ധ ഖുർആൻ പാരായണം ചെയ്താല്‍ ഓരോ അക്ഷരത്തിനും പത്ത് നന്മകൾ ലഭിക്കുന്നതാണ്. ഹദീസില്‍ വന്നതുപോലെ.

3.ഖു൪ആന്‍ മനപാഠമാക്കിയവര്‍ക്ക് നമസ്‌കാരത്തിൽ ഇമാമായി നിൽക്കുന്നതിന് മറ്റുള്ളവരേക്കാൾ മുൻഗണന നൽകപ്പെടും.

4.ഒന്നിലധികം മയ്യിത്തുകൾ ഒരേ ഖബറിൽ തന്നെ അടക്കം ചെയ്യേണ്ട നിർബന്ധിത സാഹചര്യം വന്നാൽ, ഖിബ്‌ലയുടെ ഭാഗത്തേക്ക് മറ്റുള്ളവരേക്കാൾ മുന്നിലായി വെക്കാൻ ഖുർആൻ മനഃപാഠമാക്കിയവന് മുൻഗണന നൽകപ്പെടും.

5.ഖുർആൻ മനഃപാഠമാക്കിയ വ്യക്തിക്ക് ഇഹലോകത്ത് താൻ മനഃപാഠമാക്കിയ ഓരോ ആയത്തിനനുസരിച്ച് പരലോകത്ത് പദവി ഉയർത്തിക്കൊടുക്കും.

5.ഖുർആന്റെ പാരായണത്തിൽ സത്യവിശ്വാസികൾക്ക് അല്ലാഹു രോഗശമനം ഉണ്ടാക്കിയിരിക്കുന്നു; അത് ശാരീരിക രോഗങ്ങളിൽ നിന്നാകട്ടെ, അതല്ല മാനസികമായ  രോഗങ്ങളിൽ നിന്നാകട്ടെ. അല്ലാഹു പറഞ്ഞു:

وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ

സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിക്കുന്നു. (ഖു൪ആന്‍:17/82)

രണ്ട്: അറിവ്, പ്രാർത്ഥന, അതുപോലെയുള്ള മറ്റ് കാര്യങ്ങൾ തുടങ്ങിയ പ്രകടമായതും അറിയപ്പെട്ടതുമായ ചില കാര്യങ്ങൾ കൊണ്ടുള്ള ബർക്കത്ത്. അതായത്, ഒരു വ്യക്തിയുടെ അറിവുകൊണ്ടും നന്മയിലേക്കുള്ള അദ്ദേഹത്തിന്റെ ക്ഷണം കൊണ്ടും ആളുകൾക്ക് അനുഗ്രഹം ലഭിക്കാറുണ്ട്. കാരണം, നമുക്ക് അദ്ദേഹത്തിൽ നിന്ന് ധാരാളം നന്മകൾ ലഭിച്ചു എന്നതിനാൽ അത് ഒരു ബർക്കത്തായി തീരുന്നു.

മൂന്ന്: ഭക്ഷണം കഴിക്കാൻ ഒന്നിച്ചിരിക്കുക, പാത്രത്തിന്റെ വശങ്ങളിൽ നിന്ന് ഭക്ഷിക്കുക, വിരലുകൾ നക്കുക, ഭക്ഷണം അളന്നുവെക്കുക തുടങ്ങിയ ശരീഅത്ത് അനുശാസിച്ച രൂപങ്ങൾ കൊണ്ട് ബർകത്ത് തേടൽ.

عَنْ وَحْشِيِّ بْنِ حَرْبٍ أَنَّهُمْ قَالُوا يَا رَسُولَ اللَّهِ إِنَّا نَأْكُلُ وَلاَ نَشْبَعُ ‏.‏ قَالَ ‏”‏ فَلَعَلَّكُمْ تَأْكُلُونَ مُتَفَرِّقِينَ ‏”‏ ‏.‏ قَالُوا نَعَمْ ‏.‏ قَالَ ‏”‏ فَاجْتَمِعُوا عَلَى طَعَامِكُمْ وَاذْكُرُوا اسْمَ اللَّهِ عَلَيْهِ يُبَارَكْ لَكُمْ فِيهِ ‏”

വഹ്ശിയ്യ് ഇബ്നു ഹ൪ബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: സ്വഹാബികള്‍ ചോദിച്ചു: പ്രവാചകരേ, ഞങ്ങള്‍ ഭക്ഷിക്കുന്നു. വയര്‍ നിറയാറില്ല. നബി ﷺ ചോദിച്ചു: നിങ്ങള്‍ ഒറ്റക്കാണോ ഭക്ഷിക്കുന്നത്? അവര്‍ പറഞ്ഞു: അതെ, നബി ﷺ പറഞ്ഞു: നിങ്ങളുടെ ഭക്ഷണത്തില്‍ നിങ്ങള്‍ ഒന്നിച്ചിരിക്കുകയും നിങ്ങള്‍ ബിസ്മി ചൊല്ലുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്കതില്‍ ബക്കര്‍ത്ത്‌ ലഭിക്കും. (സുനനുഇബ്നുമാജ:3286 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: إِنَّ الْبَرَكَةَ تَنْزِلُ وَسَطَ الطَّعَامِ فَكُلُوا مِنْ حَافَتَيْهِ وَلاَ تَأْكُلُوا مِنْ وَسَطِهِ.

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും ബർകത്ത് ഭക്ഷണത്തിന്റെ മധ്യഭാഗത്താണ് ഇറങ്ങുന്നത്. അതിനാൽ നിങ്ങൾ അതിന്റെ വശങ്ങളിൽ നിന്ന് ഭക്ഷിക്കുക; മധ്യഭാഗത്തുനിന്ന് (ആദ്യം) ഭക്ഷിക്കരുത്. (തിര്‍മിദി:1805)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: إِذَا أَكَلَ أَحَدُكُمْ فَلْيَلْعَقْ أَصَابِعَهُ فَإِنَّهُ لاَ يَدْرِي فِي أَيَّتِهِنَّ الْبَرَكَةُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അവന്‍ വിരലുകള്‍ നക്കട്ടെ. അവന്റെ ആഹാരത്തില്‍ ഏതിലാണ്‌ ബര്‍ക്കത്തെന്ന്‌ അവനറിയില്ല. (മുസ്ലിം:2035)

عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ كِيلُوا طَعَامَكُمْ يُبَارَكْ لَكُمْ ‏‏

മിഖ്ദാമി ബ്നു മഅ്ദീകരിബ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ ഭക്ഷണ സാധനങ്ങള്‍ നിങ്ങള്‍ അളന്ന് കൊടുക്കുക, നിങ്ങള്‍ക്ക് ബറകത്ത് ലഭിക്കും. (ബുഖാരി:2128)

നാല്: സ്ഥലങ്ങൾ കൊണ്ട് ബർകത്ത് തേടൽ. കർമ്മങ്ങളിൽ ഇഖ്‌ലാസും ഇത്തിബാഉം (അല്ലാഹുവിന് വേണ്ടി ചെയ്യലും നബിചര്യയുടെ പിൻപറ്റലും) ഉണ്ടായാൽ അല്ലാഹു ബർകത്ത് നിശ്ചയിച്ച ചില സ്ഥലങ്ങളുണ്ട്. പള്ളികൾ ഉദാഹരണം; പ്രത്യേകിച്ച് മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്‌സാ, മസ്ജിദു ഖുബാ എന്നിവ. അവയിലെ നമസ്കാരത്തിന്റെ ശ്രേഷ്ഠത അറിയിക്കുന്ന ഹദീസുകൾ പ്രശസ്തവും അറിയപ്പെട്ടതുമാണ്.

അഞ്ച്: ഭക്ഷണങ്ങൾ കൊണ്ട് ബർകത്ത് തേടൽ. അല്ലാഹു ബർകത്ത് നിശ്ചയിച്ച ചില ഭക്ഷണങ്ങളുമുണ്ട്. ഉദാഹരണത്തിന്:

1.ഒലീവ് എണ്ണ.

عَنْ أَبِي أَسِيدٍ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏:‏ كُلُوا الزَّيْتَ وَادَّهِنُوا بِهِ فَإِنَّهُ مِنْ شَجَرَةٍ مُبَارَكَةٍ ‏

അബൂഅസീദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ഒലീവ് എണ്ണ ഭക്ഷിക്കുകയും അത് ശരീരത്തിൽ പുരട്ടുകയും ചെയ്യുക. കാരണം, അത് അനുഗ്രഹീതമായ മരത്തിൽ നിന്നുള്ളതാണ്. (തിർമിദി:1852)

2.കരിഞ്ചീരകം

عَنْ أَبِي هُرَيْرَةَ، أَنَّهُ، سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِنَّ فِي الْحَبَّةِ السَّوْدَاءِ شِفَاءً مِنْ كُلِّ دَاءٍ إِلاَّ السَّامَ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു: നിങ്ങള്‍ കരിഞ്ചീരകം ഉപയോഗിക്കുക. മരണം ഒഴികെ എല്ലാ രോഗത്തിനും അതില്‍ ശമനമുണ്ട്. (മുസ്ലിം:2215)

3.സംസം വെള്ളം

അബൂദർറ് رضي الله عنه നിവേദനം ചെയ്ത ഹദീസിൽ, സംസം വെള്ളത്തെക്കുറിച്ച് നബി ﷺ പറഞ്ഞു:

إِنَّهَا مُبَارَكَةٌ إِنَّهَا طَعَامُ طُعْمٍ

തീ൪ച്ചയായും അത് (സംസം) അനുഗ്രഹീതമാണ്. തീ൪ച്ചയായും അത് (സംസം) ഭക്ഷണത്തിന് ഭക്ഷണവുമാണ്. (مسلم 4/1922)

ആറ്: സമയങ്ങൾ കൊണ്ട് ബർകത്ത് തേടൽ. കൂടുതൽ പുണ്യവും അനുഗ്രഹവും നൽകി പ്രത്യേകമാക്കിയ ചില സമയങ്ങളുണ്ട്; റമദാൻ മാസം, ലൈലത്തുൽ ഖദ്ർ, ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങൾ, ജുമുഅ ദിവസം, രാത്രിയുടെ അവസാന സമയം തുടങ്ങിയവ.

ഖേദകരമെന്ന് പറയട്ടെ, ഇതൊന്നും പല ആളുകളും ബര്‍കത്താണെന്ന് അറിയുന്നുപോലുമില്ല,  മാത്രമല്ല മറ്റ് പലതുമാണ് അവര്‍ ബര്‍കത്തുള്ളതായി തെറ്റിദ്ധരിച്ചിട്ടുള്ളത്. അതാകട്ടെ, ഇസ്‌ലാം കർശനമായി വിലക്കിയ, ശിർക്കിലേക്കും അന്ധവിശ്വാസത്തിലേക്കും അവരെ നയിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്:

1. വ്യക്തികളിൽ നിന്നുള്ള ബർക്കത്ത്: നബി ﷺ ഒഴികെയുള്ള എത്ര വലിയ ഔലിയാക്കളുടെയോ പണ്ഡിതന്മാരുടെയോ ശരീരത്തിൽ നിന്നോ, അവരുടെ വസ്ത്രങ്ങൾ, ചെരുപ്പുകൾ എന്നിവയിൽ നിന്നോ ബർക്കത്ത് തേടൽ പാടില്ല.

2.ഖബ്റുകൾ കേന്ദ്രീകരിച്ചുള്ളവ: ഖബ്റുകളിൽ പോയി ബര്‍കത്ത് തേടുകയോ അവിടത്തെ മണ്ണെടുക്കുകയോ ചെയ്യുക. ഇതെല്ലാം നിഷിദ്ധമാണ്.

3.മരങ്ങളും കല്ലുകളും: പ്രത്യേക അനുഗ്രഹമുണ്ടെന്ന് വിശ്വസിച്ച് ചില മരങ്ങളിലും കല്ലുകളിലും വണങ്ങുകയോ തുണികെട്ടുകയോ ചെയ്യുക. മതം പഠിപ്പിച്ചിട്ടില്ലാത്ത ഇതെല്ലാം നിഷിദ്ധമാണ്.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *