അമാനത്ത്: അര്‍ത്ഥവും ആശയവും

ഇസ്‌ലാമിക ശരീഅത്തിൽ ‘അമാനത്ത്’ (الأمانة) എന്നതിന് പൊതുവായതും പ്രത്യേകവുമായ രണ്ട് അർത്ഥങ്ങളുണ്ട്:

പൊതുവായ അർത്ഥം: ശരീഅത്തിന്റെ (ഇസ്‌ലാമിക നിയമങ്ങളുടെ) മുഴുവൻ കൽപനകളെയും വിലക്കുകളെയും ഉൾക്കൊള്ളുന്നതാണ് അത്. അതിന് തെളിവാണ് അല്ലാഹുവിന്റെ ഈ വചനം:

إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَٰنُ ۖ إِنَّهُۥ كَانَ ظَلُومًا جَهُولًا

തീര്‍ച്ചയായും നാം അമാനത്ത് (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു. (ഖു൪ആന്‍:33/72)

ഇബ്നു കഥീർ رحمه الله ‘അമാനത്ത്’ എന്ന പദത്തിന്റെ വിശദീകരണത്തിൽ മുൻഗാമികളായ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ച ശേഷം പ്രസ്താവിച്ചു:

وكل هذه الأقوال لا تنافي بينها ، بل هي متفقة وراجعة إلى أنها : التكليف ، وقبول الأوامر والنواهي بشرطها ، وهو أنه إن قام بذلك أثيب ، وإن تركها عوقب ، فقبلها الإنسان على ضعفه وجهله وظلمه ، إلا من وفق الله ، وبالله المستعان

ഈ അഭിപ്രായങ്ങളൊന്നും പരസ്പരം എതിരല്ല; മറിച്ച് അവയെല്ലാം യോജിക്കുന്നതും ഒരേ ആശയത്തിലേക്ക് മടങ്ങുന്നതുമാണ്. അതായത്: അത് (അമാനത്ത്) ‘തക്ലീഫ്’ (മതപരമായ ഉത്തരവാദിത്തം), ചില നിബന്ധനകളോടെ കല്പനകളും വിലക്കുകളും സ്വീകരിക്കൽ എന്നിവയാണ്. ആ നിബന്ധനയെന്നത്: ഒരാൾ അത് പൂർണ്ണമായി നിറവേറ്റിയാൽ അവന് പ്രതിഫലം നൽകപ്പെടും, അത് ഉപേക്ഷിച്ചാൽ അവൻ ശിക്ഷിക്കപ്പെടും എന്നതാണ്. അങ്ങനെ മനുഷ്യൻ തന്റെ ബലഹീനതയും അജ്ഞതയും അക്രമവും നിമിത്തം അത് ഏറ്റെടുത്തു – അല്ലാഹു തൗഫീഖ് നൽകിയവരൊഴികെ. അല്ലാഹുവിലാണ് സഹായം തേടുന്നത്. [تفسير ابن كثير ” (6 / 489) .]

ഇബ്‌നു ജരീർ അത്ത്വബരി رحمه الله തിരഞ്ഞെടുത്തിട്ടുള്ളതും ഈ ആശയമാണ്. അദ്ധേഹം പ്രസ്താവിച്ചു:

وأولى الأقوال في ذلك بالصواب ما قاله الذين قالوا : إنه عُنِي بالأمانة في هذا الموضع جميع معاني الأمانات في الدين ، وأمانات الناس . وذلك أن الله لم يَخُصّ بقوله (عَرَضْنَا الأمَانَةَ) بعض معاني الأمانات لما وصفنا

ഈ വിഷയത്തിൽ ശരിയായ അഭിപ്രായങ്ങളോട് ഏറ്റവും അടുത്തത് ഇപ്രകാരം പറഞ്ഞവരുടെ വാക്കുകളാണ്: ഈ സ്ഥലത്ത് ‘അമാനത്ത്’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ദീനിലെ (മതപരമായ) മുഴുവൻ അമാനത്തുകളും ജനങ്ങളുടെ അമാനത്തുകളുമാണ്. കാരണം അല്ലാഹു {നാം അമാനത്ത് എടുത്തുകാട്ടുകയുണ്ടായി} എന്ന് പറഞ്ഞതിൽ, നാം വിശദീകരിച്ചതുപോലെ ഏതെങ്കിലും ചില പ്രത്യേക അമാനത്തുകളെ മാത്രം വേർതിരിച്ചു പറഞ്ഞിട്ടില്ല. [تفسير الطبري ” (19 / 204 – 205).]

قال القرطبي رحمه الله :والأمانة تعمّ جميع وظائف الدّين على الصحيح من الأقوال ، وهو قول الجمهور.

ഇമാം ഖുർത്വുബി رحمه الله പറഞ്ഞു:ശരിയായ അഭിപ്രായമനുസരിച്ച് ‘അമാനത്ത്’ എന്നത് ദീനിലെ (മതത്തിലെ) മുഴുവൻ ചുമതലകളെയും ഉൾക്കൊള്ളുന്നതാണ്. അതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. [تفسير القرطبي ” (17 / 244)]

അല്ലാഹു പറയുന്നു:

وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ

തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരുമാണവർ. (ഖുർആൻ:23/8)

قال الشيخ المفسر محمد الأمين الشنقيطي رحمه الله : والأمانة تشمل : كل ما استودعك الله ، وأمرك بحفظه ، فيدخل فيها حفظ جوارحك من كل ما لا يرضي الله ، وحفظ ما ائتمنت عليه من حقوق الناس … ” .

ശൈഖ് മുഹമ്മദ് അൽ-അമീൻ അശ്ശൻഖീത്വീ رحمه الله പറയുന്നു: അമാനത്ത് എന്നതിൽ അല്ലാഹു നിന്നെ ഏൽപ്പിച്ചതും, കാത്തുസൂക്ഷിക്കാൻ നിന്നോട് കൽപ്പിച്ചതുമായ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നു. അതിനാൽ, അല്ലാഹു തൃപ്തിപ്പെടാത്ത എല്ലാ കാര്യങ്ങളിൽ നിന്നും നിന്റെ അവയവങ്ങളെ സൂക്ഷിക്കുന്നതും, ജനങ്ങളുടെ അവകാശങ്ങളിൽ നിന്നെ ഏൽപ്പിച്ചിട്ടുള്ള കാര്യങ്ങൾ സംരക്ഷിക്കുന്നതും അതിൽ ഉൾപ്പെടുന്നു. [ أضواء البيان ” (5 / 846) .]

പ്രത്യേകമായ അർത്ഥം: ഇത് സംരക്ഷിക്കണമെന്നും വീഴ്ച വരുത്തുകയോ വഞ്ചിക്കുകയോ ചെയ്യരുതെന്നും ശരീഅത്തിന്റെ പ്രമാണങ്ങൾ നിരന്തരം കൽപിച്ചിട്ടുള്ളതാണ്. പണ്ഡിതന്മാരുടെയും ഫിഖ്ഹിന്റെയും ഗ്രന്ഥങ്ങളിലും ജനങ്ങളുടെ നാവുകളിലും പ്രശസ്തമായിട്ടുള്ളതും ഇതാണ്.

ഇതിന് മൂന്ന് പ്രശസ്തമായ രൂപങ്ങളുണ്ട്:

ഒന്നാമത്തെ രൂപം: കരാറുകൾ വഴി സ്ഥിരപ്പെട്ട സാമ്പത്തിക അവകാശങ്ങൾ. ഉദാഹരണത്തിന്: സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വത്തുക്കൾ, കടങ്ങൾ, വാടക ഇടപാടുകൾ  തുടങ്ങിയവ. അല്ലെങ്കിൽ കരാറുകൾ ഇല്ലാതെ ലഭിക്കുന്നവ. ഉദാഹരണത്തിന്: വഴിയിൽ നിന്ന് കണ്ടുകിട്ടുന്ന വസ്തുക്കൾ, ജനങ്ങൾക്ക് നഷ്ടപ്പെട്ടുപോയതായി മനുഷ്യൻ കണ്ടെത്തുന്ന ധനം എന്നിവ.

ഫിഖ്ഹ് വിജ്ഞാനകോശമായ الموسوعة الفقهية الكويتية ൽ ഇപ്രകാരമുണ്ട്: പരിശോധനയിൽ നിന്ന് വ്യക്തമാകുന്നത്, ഫുഖഹാക്കൾ ‘അമാനത്ത്’ എന്ന പദം രണ്ട് അർത്ഥങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്:

അതിലൊന്ന്: വിശ്വസ്തനായി ഏൽപ്പിക്കപ്പെട്ടയാളുടെ പക്കലുള്ള വസ്തു എന്ന അർത്ഥത്തിൽ. അത് താഴെ പറയുന്നവയിലായിരിക്കും:

A: അമാനത്ത് എന്നത് ഏതൊരു കരാറിലാണോ അതിന്റെ യഥാർത്ഥ ലക്ഷ്യമായി വരുന്നത്, അതാണ് വദീഅത്ത്. കാത്തുസൂക്ഷിക്കുന്നതിനായി ഒരാളുടെ അടുക്കൽ ഏൽപ്പിക്കുന്ന വസ്തുവിനാണ് വദീഅത്ത് എന്ന് പറയുന്നത്. അതിനാൽ ഇത് അമാനത്തിനേക്കാൾ സവിശേഷമായ ഒന്നാണ്; അതായത്, എല്ലാ വദീഅത്തും അമാനത്ത് ആണ്, എന്നാൽ എല്ലാ അമാനത്തും വദീഅത്ത് ആയിരിക്കണമെന്നില്ല.

B: അമാനത്ത് എന്നത് പ്രധാന ലക്ഷ്യമല്ലാതെ അനുബന്ധമായി വരുന്ന കരാർ. ഉദാഹരണത്തിന്: വാടക, കടം വാങ്ങൽ, ലാഭവിഹിതക്കച്ചവടം, വക്കാലത്ത്, പങ്കാളിത്ത കച്ചവടം, ഈടുവെക്കൽ എന്നിവ.

C:  കരാറുകൾ കൂടാതെ ഉണ്ടാകുന്നവ. ഉദാഹരണത്തിന്: വഴിയിൽ നിന്ന് കണ്ടുകിട്ടുന്ന വസ്തു, കാറ്റടിച്ച് അയൽക്കാരന്റെ ധനം ഒരാളുടെ വീട്ടിൽ വന്നു വീഴുന്നത് പോലെയുള്ളവ. ഇവയെ ‘ശർഇയ്യായ അമാനത്തുകൾ’ എന്ന് വിളിക്കപ്പെടുന്നു.”

രണ്ടാമത്തെ രൂപം: ജനങ്ങളുടെ രഹസ്യങ്ങൾ സൂക്ഷിക്കുക.

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ مِنْ أَعْظَمِ الأَمَانَةِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ الرَّجُلَ يُفْضِي إِلَى امْرَأَتِهِ وَتُفْضِي إِلَيْهِ ثُمَّ يَنْشُرُ سِرَّهَا

‏അബൂസഈദില്‍ ഖുദ്രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ അല്ലാഹുവിങ്കല്‍ അമാനത്തില്‍ (ലംഘനങ്ങളിൽ) പ്രധാനപ്പെട്ടത്, ഒരാള്‍ തന്റെ ഭാര്യയിലേക്കും  ഭാര്യ അയാളിലേക്കും കൂടിച്ചേരുകയും ചെയ്തതില്‍ പിന്നെ അവളുടെ രഹസ്യങ്ങള്‍ പരസ്യമാക്കുന്ന വ്യക്തിയാണ്. (മുസ്ലിം:1437)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِذَا حَدَّثَ الرَّجُلُ بِالْحَدِيثِ ثُمَّ الْتَفَتَ فَهِيَ أَمَانَةٌ ‏

ജാബിര്‍ ബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ ഒരു വാര്‍ത്ത പറയുകയും അനന്തരം (മറ്റാരും കേള്‍ക്കരുതെന്ന നിലക്ക്) തിരിഞ്ഞുനോക്കുകയും ചെയ്താല്‍ അത് അമാനത്താണ്. (പരസ്യം ചെയ്യുവാന്‍ പാടില്ലാത്തതാണ്).’ (തിര്‍മിദി:1959)

മൂന്നാമത്തെ രൂപം: പൊതുവും സ്വകാര്യവുമായ ഉത്തരവാദിത്തങ്ങളും സ്ഥാനമാനങ്ങളും.

ഇവ സത്യത്തിലും നീതിയിലും അധിഷ്ഠിതമായി നിർവ്വഹിക്കേണ്ട അമാനത്തുകളാണ്. ഭരണാധികാരം ഒരു അമാനത്താണ്, ന്യായാധിപസ്ഥാനം അമാനത്താണ്, ഏതൊരു സ്ഥാപനത്തിലെയും ഉത്തരവാദിത്തം അമാനത്താണ്, കുടുംബത്തിന്റെ ഉത്തരവാദിത്തം അമാനത്താണ്; ഇപ്രകാരം എല്ലാവിധ ഉത്തരവാദിത്തങ്ങളും സ്ഥാനമാനങ്ങളും അമാനത്താണ്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِذَا ضُيِّعَتِ الأَمَانَةُ فَانْتَظِرِ السَّاعَةَ ‏”‏‏.‏ قَالَ كَيْفَ إِضَاعَتُهَا يَا رَسُولَ اللَّهِ قَالَ ‏”‏ إِذَا أُسْنِدَ الأَمْرُ إِلَى غَيْرِ أَهْلِهِ، فَانْتَظِرِ السَّاعَةَ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അമാനത്ത് നശിപ്പിക്കപ്പെട്ടാൽ നീ അന്ത്യനാളിനെ പ്രതീക്ഷിച്ച് കൊള്ളുക.’ അദ്ദേഹം (ചോദിച്ചയാൾ) ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എങ്ങനെയാണ് അത് നശിപ്പിക്കപ്പെടുക?’ നബി ﷺ പറഞ്ഞു: ‘അധികാരവും ഉത്തരവാദിത്തങ്ങളും അതിന് യോഗ്യരല്ലാത്തവരിലേക്ക് ഏൽപ്പിക്കപ്പെടുമ്പോൾ നീ അന്ത്യനാളിനെ പ്രതീക്ഷിച്ചുകൊള്ളുക.’ (ബുഖാരി:6496)

عَنْ أَبِي ذَرٍّ، قَالَ قُلْتُ يَا رَسُولَ اللَّهِ أَلاَ تَسْتَعْمِلُنِي قَالَ فَضَرَبَ بِيَدِهِ عَلَى مَنْكِبِي ثُمَّ قَالَ ‏ “‏ يَا أَبَا ذَرٍّ إِنَّكَ ضَعِيفٌ وَإِنَّهَا أَمَانَةٌ وَإِنَّهَا يَوْمَ الْقِيَامَةِ خِزْىٌ وَنَدَامَةٌ إِلاَّ مَنْ أَخَذَهَا بِحَقِّهَا وَأَدَّى الَّذِي عَلَيْهِ فِيهَا ‏”‏ ‏.‏

അബൂദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ (നബിയോട്) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നെ ഗവര്‍ണറായി നിശ്ചയിക്കുന്നില്ലേ?’ അപ്പോള്‍ നബി ﷺ തന്റെ കൈകൊണ്ട് എന്റെ ഇരുചുമലുകളിലും തട്ടി. ശേഷം തിരുമേനി പറഞ്ഞു: ‘അബൂദര്‍റ്! താങ്കള്‍ ദുര്‍ബലനാണ്. നേതൃപദവിയാകട്ടെ അമാനത്തുമാണ്. അത് അന്ത്യനാളില്‍ നിന്ദ്യതയും അപമാനവുമാണ്; നേതൃത്വം യഥാവിധം ഏറ്റെടുക്കുകയും അതില്‍ തന്റെമേല്‍ ബാധ്യതയായത് നിര്‍വഹിക്കുകയും ചെയ്തവര്‍ക്കൊഴിച്ച്.’ (മുസ്‌ലിം:1825).

അമാനത്തിന്റെ വിധി

പൊതുവായതും പ്രത്യേകമായതുമായ അമാനത്തുകൾ ശറഇയ്യായ രീതിയിൽ കാത്തുസൂക്ഷിക്കലും തിരികെ ഏൽപ്പിക്കലും നിർബന്ധമാണ്. അവ പാഴാക്കി കളയുന്നതും അവയോട് വഞ്ചന കാണിക്കുന്നതും നിഷിദ്ധവുമാണ്. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَخُونُوا۟ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓا۟ أَمَٰنَٰتِكُمْ وَأَنتُمْ تَعْلَمُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്‌. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്‌. (ഖു൪ആന്‍:8/27)

إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّوا۟ ٱلْأَمَٰنَٰتِ إِلَىٰٓ أَهْلِهَا

വിശ്വസിച്ചേല്‍പിക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്ന് അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. (ഖു൪ആന്‍:4/58)

അമാനത്തിൽ വഞ്ചന കാണിക്കുന്നത് കപടവിശ്വാസത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا إِذَا اؤْتُمِنَ خَانَ وَإِذَا حَدَّثَ كَذَبَ وَإِذَا عَاهَدَ غَدَرَ، وَإِذَا خَاصَمَ فَجَرَ

അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങള്‍ ആരിലെങ്കിലുമുണ്ടായാല്‍ അവന്‍ വ്യക്തമായ കപട വിശ്വാസിയാണ്. എന്നാല്‍ ആരിലെങ്കിലും (ഈ നാല് കാര്യങ്ങളില്‍ നിന്ന്) ഏതെങ്കിലുമൊരു കാര്യമുണ്ടായാല്‍ അവന്‍ ആ കാര്യം വെടിയുന്നത് വരെ കാപട്യത്തിന്റെ അംശം അവനില്‍ ഉണ്ടായിരിക്കും, അവ: (1) വിശ്വസിച്ചേൽപ്പിച്ചാൽ ചതിക്കും, (2) സംസാരിച്ചാല്‍ കളവ് പറയും, (3) കരാര്‍ ചെയ്താല്‍ ലംഘിക്കും, (4) തര്‍ക്കിച്ചാല്‍ (തെറ്റിയാല്‍) ദുഷിച്ചത് പറയും (ചെയ്യും). (ബുഖാരി: 34)

അമാനത്തിൽ വഞ്ചന കാണിക്കുന്നത് പാപങ്ങളിൽ പെട്ട ഒന്നാണ്; മാത്രമല്ല, അത് വൻപാപങ്ങളിൽ പെട്ടതുമാണ്. അവൻ തൗബ (പശ്ചാത്താപം) ചെയ്യണം. അതിനുശേഷം, പാഴാക്കിയ ഈ അമാനത്ത് അല്ലാഹുവിന്റെ അവകാശങ്ങളുമായി  ബന്ധപ്പെട്ടതാണെങ്കിൽ, പശ്ചാത്താപത്തിനും ഇസ്തിഗ്ഫാറിനും പുറമെ, ഈ വീഴ്ച പരിഹരിക്കാൻ ശരീഅത്ത് നിർദ്ദേശിച്ച വല്ല കൽപനകളും ഉണ്ടോ എന്ന് നോക്കലും, ഖളാഅ് വീട്ടുകയോ കഫാറത്ത നൽകുകയോ ചെയ്യുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്തുവീട്ടലും അവന്റെ മേൽ നിർബന്ധമാണ്. ഉദാഹരണത്തിന്, റമളാനിൽ  ഉദ്ദേശപൂർവ്വം നോമ്പ് മുറിച്ച് നോമ്പാകുന്ന അമാനത്ത് പാഴാക്കിയ ഒരാൾ, തന്റെ തൗബയോടൊപ്പം  താൻ നോമ്പ് മുറിച്ച ദിവസങ്ങൾ ഖളാഅ് വീട്ടൽ നിർബന്ധമാണ്. ഇനി അവൻ നോമ്പ് മുറിച്ചത് ലൈംഗികബന്ധം കാരണത്താലാണെങ്കിൽ, അവൻ ‘കഫാറത്ത്’ നൽകുകയും വേണം.  അവൻ വഞ്ചന കാണിച്ച ആ അമാനത്ത് മനുഷ്യരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ അവൻ ആ അവകാശം അതിന്റെ ഉടമസ്ഥന് തിരികെ നൽകുകയോ, അല്ലെങ്കിൽ അവനോട് മാപ്പും പൊരുത്തപ്പെടലും തേടുകയോ ചെയ്യലും നിർബന്ധമാണ്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ كَانَتْ لَهُ مَظْلَمَةٌ لأَحَدٍ مِنْ عِرْضِهِ أَوْ شَىْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ، قَبْلَ أَنْ لاَ يَكُونَ دِينَارٌ وَلاَ دِرْهَمٌ، إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ، وَإِنْ لَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ ‏”‏‏.‏

അബൂഹുറൈറ رضى الله عنه വില്‍ നിന്ന് നിവേദനം; നബിﷺ പറഞ്ഞു: വല്ലവനും തന്റെ സ്നേഹിതന്‍റെ അഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ടോ മറ്റോ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ ദീനാറും ദിര്‍ഹമും ഫലം ചെയ്യാത്ത ദിവസം വരും മുമ്പായി ഈ ലോകത്ത് വെച്ച് തന്നെ മാപ്പ് ചോദിച്ചു തന്‍റെ പാപത്തില്‍ നിന്ന് മോചനം നേടിക്കൊള്ളട്ടെ. അവന്‍ വല്ല സല്‍കര്‍മ്മവും ചെയ്തിട്ടുണ്ടെങ്കില്‍ ചെയ്ത അക്രമത്തിന്‍റെ തോതനുസരിച്ച് അതില്‍ നിന്നെടുക്കും. അവന്ന് നന്മകളൊന്നുമില്ലെങ്കിലോ അക്രമിക്കപ്പെട്ട സഹോദരന്‍റെ പാപത്തില്‍ ഒരു ഭാഗം ഇവന്‍റെ മേല്‍ ചുമത്തും. (ബുഖാരി:2449)

قال النووي رحمه الله: قال العلماء : التوبة واجبة من كل ذنب ، فإن كانت المعصية بين العبد وبين الله تعالى ، لا تتعلق بحق آدمي ، فلها ثلاثة شروط : أحدها : أن يقلع عن المعصية . والثاني : أن يندم على فعلها . والثالث : أن يعزم أن لا يعود إليها أبدا . فإن فقد أحد الثلاثة لم تصح توبته . وإن كانت المعصية تتعلق بآدمي فشروطها أربعة : هذه الثلاثة ، وأن يبرأ من حق صاحبها ، فإن كانت مالا أو نحوه : رده إليه ، وإن كانت حد قذف ونحوه مَكَّنَه منه أو طلب عفوه ، وإن كانت غيبة : استحله منها.

ഇമാം നവവി رحمه الله പറഞ്ഞു: പണ്ഡിതന്മാർ പറഞ്ഞു: എല്ലാ പാപങ്ങളിൽ നിന്നും തൗബ ചെയ്യൽ (പശ്ചാത്തപിക്കൽ) നിർബന്ധമാണ്. ഇനി ആ തെറ്റ് അല്ലാഹുവിനും അടിമക്കും ഇടയിലുള്ളതും, മറ്റൊരാളുടെ അവകാശവുമായി ബന്ധമില്ലാത്തതുമാണെങ്കിൽ അതിന് മൂന്ന് നിബന്ധനകളുണ്ട്:

1.ആ തെറ്റിൽ നിന്ന് പൂർണ്ണമായി പിന്തിരിയുക.

2.അത് ചെയ്തതിൽ ഖേദിക്കുക.

3.ഇനിയൊരിക്കലും അത് ചെയ്യില്ലെന്ന് ഉറച്ചു തീരുമാനിക്കുക.

ഈ മൂന്ന് നിബന്ധനകളിൽ ഒന്ന് ഇല്ലെങ്കിലും അവന്റെ തൗബ ശരിയാവുകയില്ല.

ഇനി ആ തെറ്റ് ഒരു മനുഷ്യന്റെ അവകാശവുമായി ബന്ധപ്പെട്ടതാണെങ്കിൽ അതിന് നാല് നിബന്ധനകളുണ്ട്: ഈ പറയപ്പെട്ട മൂന്ന് കാര്യങ്ങളും, കൂടാതെ ആ അവകാശക്കാരന്റെ ബാധ്യതയിൽ നിന്ന് ഒഴിവാകലും. അത് പണമോ അല്ലെങ്കിൽ അതിന് സമാനമായതോ ആണെങ്കിൽ, അത് അവന് തിരിച്ചുനൽകണം. ഇനി അത് അപവാദപ്രചാരണം പോലെയുള്ള ഹദ്ദ് ലഭിക്കേണ്ട കുറ്റമാണെങ്കിൽ, അവന് അതിനുള്ള അവസരം നൽകുകയോ അല്ലെങ്കിൽ അവനോട് മാപ്പ് ചോദിക്കുകയോ വേണം. ഇനി അത് ഗീബത്ത് (പരദൂഷണം) ആണെങ്കിൽ, അവനോട് പൊരുത്തപ്പെടീക്കണം. (റിയാളുസ്സ്വാലിഹീൻ: പേജ് 14)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *