ശിർക്ക് : മുന്നറിയിപ്പും ഭയപ്പെടേണ്ടതിന്റെ അനിവാര്യതയും

അല്ലാഹുവിന്റെ കോപത്തിനും വെറുപ്പിനും കാരണമാകുന്ന ഏതൊരു പാപത്തിലും വീണുപോകുന്നതിനെ ഭയന്നുകൊണ്ടായിരിക്കണം ഒരു മുസ്‌ലിം തന്റെ ജീവിതം നയിക്കേണ്ടത്. ഒരു അടിമ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടതും, സൂക്ഷ്മത പുലർത്താൻ കഠിനമായി പരിശ്രമിക്കേണ്ടതും, അകന്നുനിൽക്കാൻ സ്വന്തം മനസ്സിനോട് പോരാടേണ്ടതുമായ ഏറ്റവും വലിയ പാപം ശിര്‍ക്ക് (അല്ലാഹുവിൽ പങ്കുചേർക്കൽ) ആണ്.

അതെ, ശിർക്ക് എന്നത് പാപങ്ങളിൽ വെച്ച് ഏറ്റവും വമ്പിച്ചതും അപകടകരവുമാണ്. അത് അക്രമങ്ങളിൽ വെച്ച് ഏറ്റവും വലിയ അക്രമവും, കുറ്റകൃത്യങ്ങളിൽ വെച്ച് ഏറ്റവും വലുതുമാണ്. ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണത്. അല്ലാഹുവിന്റെ രക്ഷിതാവാകാനുള്ള അധികാരത്തെ (റുബൂബിയ്യത്ത്) തകർക്കലും, അവന്റെ ആരാധിക്കപ്പെടാനുള്ള അർഹതയെ (ഉലൂഹിയ്യത്ത്) കുറച്ചുകാണിക്കലും, പ്രപഞ്ചനാഥനെക്കുറിച്ചുള്ള ദുർവിചാരവുമാണ് ശിർക്ക്. അല്ലാഹുവിന് പുറമെയുള്ളവരെ അവന് തുല്യമാക്കലാണത്; അതായത്, സർവ്വവിധ കുറവുകളുമുള്ള ദരിദ്രനായ സൃഷ്ടിയെ, സർവ്വ സമ്പന്നനും മഹാനുമായ അല്ലാഹുവിനോട് സമപ്പെടുത്തലാണത്.

മറ്റേതൊരു കാര്യത്തെക്കുറിച്ചുള്ള ഭയത്തേക്കാളും വലുതായിരിക്കണം അല്ലാഹുവിൽ പങ്കുചേർക്കുന്നതിനെ കുറിച്ചുള്ള നമ്മുടെ ഭയം. ഇത് സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനിലും തിരുസ്സുന്നത്തിലും ധാരാളം തെളിവുകളുണ്ട്. ഒരു അടിമ ഗൗരവത്തോടെ അവയെ നോക്കിക്കണ്ടാൽ ശിർക്കിനെക്കുറിച്ചുള്ള ഭയവും ജാഗ്രതയും അത് അവന്റെ ഹൃദയത്തിൽ ജനിപ്പിക്കും. അതിൽ വീണുപോകാതിരിക്കാൻ അവൻ അതീവ ശ്രദ്ധ പുലർത്തുകയും ചെയ്യും. അത്തരത്തിലുള്ള തെളിവുകളിൽ പെട്ടതാണ് സൂറ: നിസാഅ് ൽ രണ്ട് സ്ഥലങ്ങളിലായി അല്ലാഹു നൽകിയിട്ടുള്ള ഈ താക്കീത്:

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌. (ഖു൪ആന്‍:4/48)

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدْ ضَلَّ ضَلَٰلَۢا بَعِيدًا

തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:4/116)

ഈ വചനങ്ങളിൽ വളരെ വ്യക്തമായ ഒരു വിവരണമുണ്ട്: ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്തുകൊണ്ട് അവനെ കണ്ടുമുട്ടുകയാണെങ്കിൽ, അല്ലാഹുവിന്റെ പാപമോചനത്തിൽ അവന് യാതൊരു പ്രതീക്ഷയ്ക്കും വകയില്ല. മറിച്ച്, അവന്റെ തിരിച്ചുവരവും അന്ത്യവും നരകാഗ്നിയിലേക്കായിരിക്കും; അവനതിൽ എന്നെന്നേക്കുമായി വസിക്കേണ്ടി വരും. മരണം വന്ന് അവന് ആശ്വാസം നൽകുകയോ, അവിടുത്തെ ശിക്ഷയിൽ നിന്ന് അല്പമെങ്കിലും ഇളവ് ലഭിക്കുകയോ ഇല്ല. അല്ലാഹു  പറഞ്ഞതുപോലെ:

وَٱلَّذِينَ كَفَرُوا۟ لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا۟ وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِى كُلَّ كَفُورٍ ‎﴿٣٦﴾‏ وَهُمْ يَصْطَرِخُونَ فِيهَا رَبَّنَآ أَخْرِجْنَا نَعْمَلْ صَٰلِحًا غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ ۖ فَذُوقُوا۟ فَمَا لِلظَّٰلِمِينَ مِن نَّصِيرٍ ‎﴿٣٧﴾

അവിശ്വസിച്ചവരാരോ അവര്‍ക്കാണ് നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന് ഒട്ടും അവര്‍ക്ക് ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു. അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല. (ഖു൪ആന്‍:25/36-37)

അന്ത്യദിനത്തിൽ അല്ലാഹുവിൽ പങ്കുചേർത്തവൻ, താൻ ചെയ്തു കൊണ്ടിരുന്ന തെറ്റായ പ്രവൃത്തികൾക്ക് പകരം നല്ല കർമ്മങ്ങൾ ചെയ്യാൻ വേണ്ടി ഒരിക്കൽ കൂടി ദുനിയാവിലേക്ക് മടക്കി അയക്കണമെന്ന് ആവശ്യപ്പെടും. എന്നാൽ അവന് ഉത്തരം നൽകപ്പെടുകയില്ല. മരണം വന്ന് തന്റെ കഷ്ടപ്പാടുകൾ അവസാനിച്ചിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിക്കും. അതിനും അവന് മറുപടി ലഭിക്കില്ല. ശിക്ഷയിൽ നിന്ന് ഒരു ദിവസമെങ്കിലും ഒന്ന് ലഘൂകരിച്ചു തരണമെന്ന് അവൻ കെഞ്ചും. അപ്പോഴും അവന് ഉത്തരം ലഭിക്കില്ല. മറിച്ച്, നരകാഗ്നിയിൽ അവൻ എന്നെന്നേക്കുമായി കഴിയേണ്ടി വരും.

നരകവാസികളുടെ ശിക്ഷയുടെ കാഠിന്യം അറിയിക്കുന്ന വചനം കാണുക:

فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا

അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല. (ഖു൪ആന്‍:78/30)

സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ ശിർക്കിനെക്കുറിച്ചുള്ള ഭയം ഉണ്ടാക്കുന്ന മറ്റൊരു കാര്യം, അല്ലാഹുവിന്റെ സച്ചരിതരായ അടിമകളുടെയും അവനോട് ഏറ്റവും അടുത്തവരായ പ്രവാചകന്മാരുടെയും അവസ്ഥയെക്കുറിച്ച് ചിന്തിക്കലാണ്. ഈ വലിയ പാപത്തെക്കുറിച്ച് അവർക്കുണ്ടായിരുന്ന ഭയം നാം ആലോചിക്കണം. ഈ കാര്യത്തിൽ إمام الحنفاء എന്ന് വിളിക്കപ്പെടുന്ന ഇബ്രാഹിം നബി عليه السلام യുടെ പ്രാർത്ഥനയെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ ധാരാളമാണ്. അല്ലാഹു തന്റെ ഖലീൽ ആയി സ്വീകരിച്ച വ്യക്തിയാണദ്ദേഹം. സ്വന്തം കൈകൾ കൊണ്ട് വിഗ്രഹങ്ങൾ തച്ചുടച്ചവനും അല്ലാഹുവിന്റെ തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിച്ചവനും ആ പാതയിൽ മഹത്തായ നിലപാടുകൾ സ്വീകരിച്ചവനുമാണ് അദ്ദേഹം. അദ്ദേഹം തന്റെ പ്രാർത്ഥനയിൽ ഇപ്രകാരം പറഞ്ഞു:

وَإِذْ قَالَ إِبْرَٰهِيمُ رَبِّ ٱجْعَلْ هَٰذَا ٱلْبَلَدَ ءَامِنًا وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ ‎﴿٣٥﴾‏ رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ ٱلنَّاسِ ۖ فَمَن تَبِعَنِى فَإِنَّهُۥ مِنِّى ۖ وَمَنْ عَصَانِى فَإِنَّكَ غَفُورٌ رَّحِيمٌ ‎﴿٣٦﴾

ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്‍റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്‍റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ. എന്‍റെ രക്ഷിതാവേ! തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍ നിന്ന് വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. അതിനാല്‍ എന്നെ ആര്‍ പിന്തുടര്‍ന്നുവോ അവന്‍ എന്‍റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ. (ഖു൪ആന്‍:78/30)

ചിന്തിച്ചു നോക്കൂ, ഏകദൈവ വിശ്വാസികളുടെ നേതാവായ ഇബ്രാഹിം നബി ﷺ തന്നെയും തന്റെ മക്കളെയും വിഗ്രഹാരാധനയിൽ നിന്ന് അകറ്റിനിർത്താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. അതായത്, വിഗ്രഹാരാധനയുടെ ഒരു വശത്ത് പോലും താൻ എത്താതിരിക്കാനും, അതിലേക്ക് നയിക്കുന്ന യാതൊരു മാർഗ്ഗങ്ങളിലോ കാരണങ്ങളിലോ വീണുപോകാതിരിക്കാനും തന്നെ ദൂരെയൊരു വശത്താക്കണേ എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇബ്രാഹിം തൈമി رحمه الله ഈ വചനം പാരായണം ചെയ്തുകൊണ്ട് ഇപ്രകാരം പറയുമായിരുന്നു:

من يأمن البلاء بعد إبراهيم

ഇബ്രാഹിം നബിക്ക് ശേഷം പിന്നെ ആരാണ് പരീക്ഷണങ്ങളെക്കുറിച്ച് നിർഭയനായിരിക്കുക?

അതായത്, അല്ലാഹുവിന്റെ ഖലീലായ ഇബ്രാഹിം നബി عليه السلام പോലും ശിർക്കിനെ ഭയപ്പെടുകയും ഇത്ര വലിയൊരു പ്രാർത്ഥന നടത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, മറ്റാർക്കാണ് ശിർക്കിൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയുക?

നബി ﷺ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മൂന്ന് തവണ വീതം ഇപ്രകാരം പറയുമായിരുന്നു:

اللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْكُفْرِ، وَالْفَقْرِ، وأَعُوْذُ بِكَ مِنْ عَذَابِ القَبْرِ، لاَ إِلَهَ إِلاَّ أَنْتَ

അല്ലാഹുവേ, അവിശ്വാസത്തില്‍ നിന്നും, ദാരിദ്ര്യത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. ഖബറിലെ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല. (അബൂദാവൂദ് :5090)

നബി ﷺ  തന്റെ പ്രാർത്ഥനയിൽ ഇപ്രകാരം പറയുമായിരുന്നു:

اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لاَ إِلَهَ إِلاَّ أَنْتَ أَنْ تُضِلَّنِي أَنْتَ الْحَىُّ الَّذِي لاَ يَمُوتُ وَالْجِنُّ وَالإِنْسُ يَمُوتُونَ

അല്ലാഹുവേ, നിനക്ക് ഞാൻ കീഴ്പ്പെട്ടിരിക്കുന്നു, നിന്നിൽ ഞാൻ വിശ്വസിച്ചു, നിന്റെ മേൽ ഞാൻ ഭരമേൽപ്പിച്ചു, നിന്നിലേക്ക് ഞാൻ മടങ്ങി, നിന്റെ സഹായത്താൽ ഞാൻ (ശത്രുക്കളോട്) വാദിച്ചു. അല്ലാഹുവേ, നീയല്ലാതെ ആരാധനയ്ക്ക് അർഹനില്ല; നീ എന്നെ വഴിപിഴപ്പിക്കുന്നതിൽ നിന്ന് നിന്റെ പ്രതാപം മുഖേന ഞാൻ നിന്നോട് സംരക്ഷണം തേടുന്നു. നീ ഒരിക്കലും മരണമില്ലാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവൻ ആകുന്നു. എന്നാൽ ജിന്നുകളും മനുഷ്യരും മരണപ്പെടുന്നവരാണ്. (മുസ്ലിം:2717)

ശിർക്കിൽ നിന്ന് സംരക്ഷണം തേടുന്നതും വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതുമായ ധാരാളം ഹദീസുകൾ ഇനിയുമുണ്ട്.

قالت أمُّ سلمة رضي الله عنها كان أكثرُ دعاء رسول الله صلى الله عليه وسلم : “اللهمّ يا مصرّف القلوب، صرِّف قلوبنا على طاعتك” قالت قلت يا رسول الله: أو إن القلوب لتتقلب قال: “نعم ما من قلب إلا وهو بين أصبعين من أصابع الرحمن يقلبها كيف يشاء، فإن شاء أقامه وإن شاء أزاغه”.

ഉമ്മു സൽമ رضي الله عنها പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഏറ്റവും അധികം നടത്തിയിരുന്ന പ്രാർത്ഥന ഇതായിരുന്നു: “അല്ലാഹുവേ, ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, ഞങ്ങളുടെ ഹൃദയങ്ങളെ നിന്റെ അനുസരണത്തിലേക്ക്  നീ തിരിക്കേണമേ.” ഉമ്മു സൽമ رضي الله عنها ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, തീർച്ചയായും ഹൃദയങ്ങൾ ഇപ്രകാരം മാറിമറിഞ്ഞു കൊണ്ടിരിക്കുമോ?” നബി ﷺ മറുപടി പറഞ്ഞു: “അതെ, പരമകാരുണികനായ അല്ലാഹുവിന്റെ വിരലുകൾക്കിടയിലല്ലാത്ത ഒരു ഹൃദയവുമില്ല; അവൻ ഉദ്ദേശിക്കുന്ന രീതിയിൽ അതിനെ അവൻ മാറ്റിമറിക്കുന്നു. അവൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനെ നേർവഴിയിൽ ഉറപ്പിച്ചു നിർത്തുന്നു, അവൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനെ (സത്യത്തിൽ നിന്ന്) തെറ്റിച്ചുകളയുന്നു.

عَنْ مَحْمُودِ بْنِ لَبِيدٍ الأَنْصَارِيَّ‏- رضى الله عنه ‏- قَالَ: قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم : إنَّ أخْوَفَ ما أخافُ عليكم الشِّركُ الأصْغَرُ، قالوا: وما الشِّركُ الأصْغَرُ يا رسولَ اللهِ؟ قال: الرِّياءُ؛ يقولُ اللهُ عزَّ وجلَّ لهم يومَ القِيامةِ إذا جُزِيَ الناسُ بأعمالِهم: اذْهَبوا إلى الذين كنتُم تُراؤون في الدُّنيا، فانظُروا هل تَجِدون عِندَهُم جزاءً؟!

മഹ്മൂദ് ബ്നു ലബീദ് അൽ അൻസ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”നിങ്ങളുടെ കാര്യത്തില്‍ ചെറിയശിര്‍ക്കിനെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്.” സ്വഹാബത്ത് ചോദിച്ചു: ”എന്താണ് റസൂലേ ചെറിയ ശിര്‍ക്ക്?” നബി ﷺ പറഞ്ഞു: ‘രിയാഅ്’ അന്ത്യദിനത്തില്‍ കര്‍മങ്ങളുടെ ഫലം ജനങ്ങള്‍ക്കു നല്‍കുമ്പോള്‍ അല്ലാഹു പറയും: ‘ദുന്‍യാവില്‍ ആരെകാണിക്കാനായിരുന്നോ നിങ്ങള്‍ ചെയ്തിരുന്നത് അവരുടെ അടുക്കല്‍ പ്രതിഫലമുണ്ടോ എന്ന് പോയി അന്വേഷിച്ചു കൊള്ളുക” (അഹ്മദ്)

പണ്ഡിതന്മാർ പറഞ്ഞു: അല്ലാഹുവിനോടുള്ള അനുസരണത്തിലും തൗഹീദിലും  അത്യുന്നത നിലവാരത്തിലായിരുന്ന സ്വഹാബികളുടെ കാര്യത്തിൽ പോലും പ്രവാചകൻ ﷺ ‘ചെറിയ ശിർക്കിനെ’  ഭയപ്പെട്ടിരുന്നുവെങ്കിൽ, അവരുടെ പത്തിലൊരംശം പോലും തൗഹീദിലോ ഇബാദത്തിലോ എത്തിയിട്ടില്ലാത്ത നമ്മുടെയൊക്കെ അവസ്ഥ എന്തായിരിക്കും?

لَلشِّرْكُ فِيكُمْ أَخْفَى مِنْ دَبِيبِ النَّمْلِ

നിങ്ങൾക്കിടയിൽ ശിർക്ക് എന്നത് ഉറുമ്പ് ഇഴയുന്നതിനേക്കാൾ നിശബ്ദമായി (സൂക്ഷ്മമായി) കടന്നുകൂടുന്നതാണ്. (അദബുൽമുഫ്രദ്)

عن معقل بن يسار قال:‏ انْطَلَقْتُ مَعَ أَبِي بَكْرٍ الصِّدِّيقِ رَضِيَ اللَّهُ عَنْهُ إِلَى النَّبِيِّ صلى الله عليه وسلم، فَقَالَ‏:‏ يَا أَبَا بَكْرٍ، لَلشِّرْكُ فِيكُمْ أَخْفَى مِنْ دَبِيبِ النَّمْلِ، فَقَالَ أَبُو بَكْرٍ‏:‏ وَهَلِ الشِّرْكُ إِلاَّ مَنْ جَعَلَ مَعَ اللهِ إِلَهًا آخَرَ‏؟‏ فَقَالَ النَّبِيُّ صلى الله عليه وسلم‏:‏ وَالَّذِي نَفْسِي بِيَدِهِ، لَلشِّرْكُ أَخْفَى مِنْ دَبِيبِ النَّمْلِ، أَلاَ أَدُلُّكَ عَلَى شَيْءٍ إِذَا قُلْتَهُ ذَهَبَ عَنْكَ قَلِيلُهُ وَكَثِيرُهُ‏؟‏ قَالَ‏:‏ قُلِ‏:‏ اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ، وَأَسْتَغْفِرُكَ لِمَا لا أَعْلَمُ‏.‏

മഅ്ഖൽ ബ്നു യസാർ رَضِيَ اللَّهُ عَنْهُ പറയുന്നു: “ഞാൻ അബൂബക്കർ സിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിനൊപ്പം നബി ﷺയുടെ അടുക്കലേക്ക് പോയി. അപ്പോൾ നബി ﷺ പറഞ്ഞു: ‘അബൂബക്കറേ, നിശ്ചയമായും നിങ്ങൾക്കിടയിൽ ശിർക്ക് എന്നത് ഉറുമ്പ് ഇഴയുന്നതിനേക്കാൾ നിഗൂഢമായി (സൂക്ഷ്മമായി) കടന്നുകൂടുന്നതാണ്.’ അബൂബക്കർ رَضِيَ اللَّهُ عَنْهُ ചോദിച്ചു: ‘അല്ലാഹുവിനോടൊപ്പം മറ്റൊരു ദൈവത്തെ നിശ്ചയിക്കൽ മാത്രമാണോ ശിർക്ക്?’ അപ്പോൾ നബി ﷺ പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, ഉറുമ്പ് ഇഴയുന്നതിനേക്കാൾ നിഗൂഢമായിട്ടായിരിക്കും ശിർക്ക് നിങ്ങളിൽ കടന്നുകൂടുക. വലുതും ചെറുതുമായ ശിർക്കിൽ നിന്ന് നിന്നെ രക്ഷിക്കുന്ന ഒരു കാര്യം ഞാൻ നിനക്ക് പറഞ്ഞുതരട്ടെയോ? നീ ഇപ്രകാരം പറയുക:’

اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ، وَأَسْتَغْفِرُكَ لِمَا لا أَعْلَمُ‏.‏

അല്ലാഹുവേ, അറിഞ്ഞുകൊണ്ട് നിന്നിൽ പങ്കുചേർക്കുന്നതിൽ നിന്ന് ഞാൻ നിന്നോട് സംരക്ഷണം തേടുന്നു. ഞാൻ അറിയാതെ ചെയ്തതിനും പാപമോചനം തേടുന്നു. (അദബുൽമുഫ്രദ്:716)

നാം മനപ്പാഠമാക്കുകയും ജീവിതത്തിൽ പതിവായി ചൊല്ലിക്കൊണ്ടിരിക്കുകയും ചെയ്യേണ്ട ഒരു പ്രാർത്ഥനയാണിത്.

ശിർക്കിനെ കുറിച്ച് ഭയമുണ്ടാക്കുന്ന കാര്യങ്ങളിൽ മറ്റൊന്ന്, ഈ ഉമ്മത്തിൽ പെട്ട ചില വിഭാഗങ്ങൾ വിഗ്രഹാരാധനയിലേക്ക് മടങ്ങിപ്പോകുമെന്ന് നബി ﷺ ധാരാളം ഹദീസുകളിലൂടെ നൽകിയ മുന്നറിയിപ്പാണ്. ഇതിനെക്കുറിച്ച് നിരവധി ഹദീസുകൾ വന്നിട്ടുണ്ട്:

عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِي بِالْمُشْرِكِينَ وَحَتَّى يَعْبُدُوا الأَوْثَانَ

സൗബാന്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്‍റെ സമൂഹത്തില്‍ ഒരു വിഭാഗം ബഹുദൈവാരാധകരുമായി ചേരുന്നതുവരെയും ബിംബങ്ങളെ ആരാധിക്കുന്നതുവരെയും അന്ത്യനാള്‍ സംഭവിക്കുകയില്ല. (തിര്‍മിദി:2219)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:لاَ تَقُومُ السَّاعَةُ حَتَّى تَضْطَرِبَ أَلَيَاتُ نِسَاءِ دَوْسٍ عَلَى ذِي الْخَلَصَةِ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദൗസ് ഗോത്രത്തിലെ സ്ത്രീകളുടെ ഇടുപ്പുകൾ ‘ദിൽ ഖലസ’ (എന്ന് വിളിക്കപ്പെടുന്ന വിഗ്രഹത്തിന്) ചുറ്റും ആടി ഉലയുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. (ബുഖാരി:7116)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ ‏”‏‏.

അബൂസഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിശ്ചയം നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാല്‍ അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കില്‍ അവരെ പിന്‍പറ്റി നിങ്ങളും അതില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാല്‍ ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു : അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)

ഇക്കാര്യങ്ങളെല്ലാം നബി ﷺ പറഞ്ഞത് തന്റെ ഉമ്മത്തിന് ഗുണകാംക്ഷയോടെ ഉപദേശം നൽകുന്നതിനും, ഈ വലിയ പാപത്തെക്കുറിച്ചും ഗുരുതരമായ കുറ്റത്തെക്കുറിച്ചും അവർക്ക് മുന്നറിയിപ്പ് നൽകുന്നതിനും വേണ്ടിയാണ്. അല്ലാഹു നമ്മെയെല്ലാവരെയും അതിൽ നിന്ന് കാത്തുരക്ഷിക്കട്ടെ.

ശിർക്കിനെ കുറിച്ച് ഭയമുണ്ടാക്കുന്ന കാര്യങ്ങളിൽ മറ്റൊന്ന്, ശിര്‍ക്ക് ചെയ്യുന്നവനും നരകത്തിനുമിടയിൽ മരണമല്ലാതെ മറ്റൊരു തടസ്സവുമില്ല എന്നുള്ളതാണ് .

عَنْ عَبْدِ اللَّهِ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ :‏ مَنْ مَاتَ وَهْوَ يَدْعُو مِنْ دُونِ اللَّهِ نِدًّا دَخَلَ النَّارَ

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന് സമന്‍മാരെ വിളിച്ച് പ്രാ൪ത്ഥിച്ചുകൊണ്ട് ആരെങ്കിലും മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചതുതന്നെ. (ബുഖാരി:4497)

പണ്ഡിതന്മാർ പറഞ്ഞു: തീർച്ചയായും നരകം ശിര്‍ക്ക് ചെയ്യുന്നവനോട് എത്രത്തോളം അടുത്താണ് നിൽക്കുന്നത് എന്നതിലേക്കുള്ള തെളിവാണ് ഈ ഹദീസ്. അതായത്, അവനും നരകത്തിനുമിടയിൽ മരണമല്ലാതെ മറ്റൊരു തടസ്സവുമില്ല.

ഈ തെളിവുകളെല്ലാം ശിർക്കിനെ കുറിച്ച് വലിയ തോതിൽ ഭയപ്പെടാൻ ഒരു സത്യവിശ്വാസിയെ പ്രേരിപ്പിക്കുന്നു. ഈ ഭയം അവന്റെ ഹൃദയത്തിൽ ഈ ഗുരുതരമായ പാപത്തെക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നു. എങ്കിൽ മാത്രമേ അതിൽ നിന്ന് ജാഗ്രത പാലിക്കാനും ജീവിതകാലം മുഴുവൻ അതിൽ നിന്ന് വിട്ടുനിൽക്കാനും സാധിക്കുകയുള്ളൂ.  ഹുദൈഫ ഇബ്നുൽ യമാൻ رضى الله عنه വിനെ പോലെ. അദ്ധേഹം പറയുന്നു:

كَانَ النَّاسُ يَسْأَلُونَ رَسُولَ اللَّهِ صلى الله عليه وسلم عَنِ الْخَيْرِ، وَكُنْتُ أَسْأَلُهُ عَنِ الشَّرِّ، مَخَافَةَ أَنْ يُدْرِكَنِي

അല്ലാഹുവിന്റെ റസൂലിന്റെ ﷺ സ്വഹാബികൾ അദ്ദേഹത്തോട് നന്മയെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു, എന്നാൽ ഞാൻ തിന്മയെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു, അത് എന്നെ ബാധിക്കുമോ എന്ന ഭയം കാരണം. (ബുഖാരി:7084)

വിശുദ്ധ ഖുർആനിലെയും സുന്നത്തിലെയും തെളിവുകൾ വ്യക്തമാക്കുന്നത് ശിർക്ക് രണ്ട് തരത്തിലുണ്ടെന്നാണ്: വലിയ ശിർക്കും (الشرك الأكبر) ചെറിയ ശിർക്കും (الشرك الأصغر). ഇവ രണ്ടും അവയുടെ നിർവ്വചനത്തിലും  വിധിയിലും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു.

വലിയ ശിർക്കിന്റെ നിർവ്വചനം ഇപ്രകാരമാണ്: അല്ലാഹുവിന്റെ റുബൂബിയ്യത്തിലോ (സൃഷ്ടിപ്പ്, പരിപാലനം തുടങ്ങിയ അധികാരം), അല്ലാഹുവിന്റെ നാമഗുണവിശേഷങ്ങളിലോ (അസ്മാഉ വസ്സിഫാത്ത്), അല്ലെങ്കിൽ ഉലൂഹിയ്യത്തിലോ (ഇബാദത്ത്) അല്ലാഹു അല്ലാത്തവയെ അവന് തുല്യമാക്കുക എന്നതാണ്. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഏതെങ്കിലും സവിശേഷതകളിൽ മറ്റൊന്നിനെ അവന് സമമാക്കുന്നവൻ അതുവഴി വലിയ ശിർക്കാണ് ചെയ്യുന്നത്. ഇത് ചെയ്യുന്ന വ്യക്തിയെ ഇസ്‌ലാം എന്ന മില്ലത്തിൽ (മതത്തിൽ) നിന്ന് പുറത്തുപോകാൻ ഇത് കാരണമാകും.

എന്നാൽ ചെറിയ ശിർക്കിന്റെ (ശിർക്കുൽ അസ്ഗർ) നിർവ്വചനം ഇപ്രകാരമാണ്: ഖുർആനിലും സുന്നത്തിലും ‘ശിർക്ക്’ എന്ന് വിശേഷിപ്പിക്കപ്പെട്ടതും എന്നാൽ വലിയ ശിർക്കിന്റെ അത്രയും ഗൗരവത്തിൽ എത്താത്തതുമായ കാര്യങ്ങളാണിവ. ഉദാഹരണത്തിന് അല്ലാഹു അല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുക, ‘അല്ലാഹുവും താങ്കളും ഉദ്ദേശിച്ചത് പോലെ’ എന്ന് പറയുക, ‘അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നു’ എന്ന് പറയുക തുടങ്ങിയവ. ഇത്തരം വാക്കുകൾ പറയുന്നവർ ഹൃദയം കൊണ്ട് ശിർക്ക് ഉദ്ദേശിക്കുന്നില്ലെങ്കിലും അവ ശിർക്കിന്റെ ഗണത്തിൽ പെടുന്ന സംസാരങ്ങളാണ്.

പരലോകത്തെ വിധിയെ സംബന്ധിച്ചിടത്തോളം അവ രണ്ടും (വലിയ ശിർക്കും ചെറിയ ശിർക്കും) വ്യത്യാസപ്പെട്ടിരിക്കുന്നു. വലിയ ശിർക്ക് (ശിർക്കുൽ അക്ബർ) ചെയ്തവൻ നരകത്തിൽ എന്നെന്നേക്കുമായി വസിക്കുന്നവനാണ്. അവിടെ അവന് മരണം വിധിക്കപ്പെടുകയോ ശിക്ഷയിൽ ഇളവ് ലഭിക്കുകയോ ഇല്ല. എന്നാൽ ചെറിയ ശിർക്കിന്റെ (ശിർക്കുൽ അസ്ഗർ) അവസ്ഥ അതിനേക്കാൾ താഴെയാണ്. എങ്കിലും, അതിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ അത് മറ്റ് വൻപാപങ്ങളേക്കാൾ (കബാഇർ) വലുതാണ്.

قال عبد الله بن مسعود رضي الله عنه: لأَن أحلف بالله كاذبا أحبُّ إلي مِن أن أحلف بغيره صادقا.

അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ നാമത്തിൽ കള്ളസത്യം ചെയ്യുന്നത്, അല്ലാഹു അല്ലാത്തവരുടെ നാമത്തിൽ സത്യസന്ധമായി സത്യം ചെയ്യുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്.

കാരണം, അല്ലാഹു അല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുന്നത് (സത്യസന്ധമാണെങ്കിൽ പോലും) ശിർക്കാണ്. എന്നാൽ അല്ലാഹുവിന്റെ പേരിൽ കള്ളസത്യം ചെയ്യുന്നത് ‘കളവ്’ എന്ന വൻപാപമാണ്. വൻപാപങ്ങളെ ഒരിക്കലും ശിർക്കിനോട് താരതമ്യം ചെയ്യാൻ കഴിയില്ല. ഇത് സ്വഹാബികളുടെ ആഴത്തിലുള്ള മതപരമായ അറിവിനെയാണ് സൂചിപ്പിക്കുന്നത്.

ഈ വിഷയം – അതായത് ശിർക്കിനെക്കുറിച്ചുള്ള കാര്യവും അത് തിരിച്ചറിയലും – നാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട മഹത്തായ കാര്യങ്ങളിൽ ഒന്നാണ്. ഭൂരിഭാഗം ആളുകളും ഈ വലിയ കാര്യത്തെക്കുറിച്ച് അജ്ഞരായപ്പോൾ, അവർ ശിർക്കിന്റെ ഗണത്തിൽ പെടുന്ന പല കാര്യങ്ങളിലും പ്രവൃത്തികളിലും ചെന്നുചാടി. തങ്ങൾ ചെയ്യുന്നത് എന്താണെന്നോ അതിന്റെ ഗൗരവമോ അവർ അറിയുന്നില്ല. ചിലപ്പോൾ പലവിധ പേരുകൾ നൽകി അവരിൽ ചിലർക്ക് സത്യം അവ്യക്തമാക്കപ്പെടുന്നു. അല്ലാഹുവിന് മാത്രമായി അർപ്പിക്കേണ്ട നിഷ്കളങ്കമായ ആരാധനകളിൽ നിന്ന്, നിഷിദ്ധമായ കാര്യങ്ങളിലേക്കും അതിലുപരി ശിർക്കൻ പ്രവൃത്തികളിലേക്കും തിരിച്ചുവിടാൻ ആ പേരുകൾ കാരണമാകുന്നു. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

 

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *