മനുഷ്യനിൽ മറവി എന്നത് ജന്മനാ ഉള്ള ഒരു കാര്യമാണ്. മനുഷ്യന് ‘ഇൻസാൻ’ (الإنسان) എന്ന് പേര് വരാൻ തന്നെ കാരണം അവന്റെ മറവിയാണ് എന്ന് പറയപ്പെട്ടിട്ടുണ്ട്. ഈ മറവി സാധാരണയായി ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. അല്ലാഹു തന്റെ ദാസന്മാർക്കിടയിൽ ഓർമ്മശക്തിയിൽ നൽകിയിട്ടുള്ള വ്യത്യാസങ്ങൾക്ക് അനുസൃതമായി ചിലരിൽ ഇത് കുറഞ്ഞും മറ്റു ചിലരിൽ കൂടിയും കാണപ്പെടുന്നു.
വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഭാഗങ്ങൾ ആവർത്തിച്ചു നോക്കിയിട്ടില്ലെങ്കിൽ, അതിനെ പരിചരിച്ചിട്ടില്ലെങ്കിൽ അത് ഹൃദയത്തിൽ നിന്ന് വളരെ വേഗത്തിൽ ഊരിപ്പോകുന്നതാണ് (മറന്നുപോകുന്നതാണ്).
ഖുർആൻ വേഗത്തിൽ മറന്നുപോകുന്നതിൽ പല ഹിക്മത്തുകളും ഉണ്ടായേക്കാം. അതിലൊന്ന് ദാസന്മാരുടെ ഹൃദയങ്ങളെ പരീക്ഷിക്കുക എന്നതാണ്. ഖുർആനുമായി ബന്ധപ്പെടുകയും അത് നിരന്തരം പാരായണം ചെയ്യുകയും ചെയ്യുന്ന ഹൃദയവും, മനപ്പാഠമാക്കുന്ന സമയത്ത് മാത്രം അതിനോട് താല്പര്യം കാണിക്കുകയും പിന്നീട് ആവേശം ചോർന്നുപോയി അതിൽ നിന്ന് തിരിഞ്ഞുകളയുകയും ഒടുവിൽ അത് മറന്നുപോവുകയും ചെയ്ത ഹൃദയവും തമ്മിലുള്ള വ്യത്യാസം വേർതിരിച്ചറിയാൻ വേണ്ടിയാണത്.
മറ്റൊന്ന് വിശുദ്ധ ഖുർആൻ ധാരാളമായി പാരായണം ചെയ്യാനുള്ള മുസ്ലിമിന്റെ പ്രേരണയെ ശക്തിപ്പെടുത്തുക എന്നതാകാം; അവൻ ഓതുന്ന ഓരോ അക്ഷരത്തിനും വലിയ പ്രതിഫലം നേടിയെടുക്കാൻ വേണ്ടിയാണത്.
عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആനിലെ ഒരു അക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. الٓمٓ ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (തിര്‍മിദി:2910 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഒരാൾ ഖുർആൻ മനപ്പാഠമാക്കുകയും, പിന്നീട് അത് മറന്നുപോകാതിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ, അവന് പിന്നീട് ധാരാളമായി പാരായണം ചെയ്യേണ്ട ആവശ്യം വരുമായിരുന്നില്ല. അങ്ങനെ വരുമ്പോൾ ആവർത്തിച്ചു നോക്കുന്നതിലൂടെയും അതിനെ പരിചരിക്കുന്നതിലൂടെയും ലഭിക്കേണ്ട വലിയ പ്രതിഫലം അവന് നഷ്ടപ്പെട്ടുപോകുമായിരുന്നു. അതിനാൽ, മറവി ഉണ്ടാകുമെന്ന ഭയമാണ് റബ്ബിന്റെ അടുക്കൽ പ്രതിഫലം വർദ്ധിക്കുന്നതിനായി ഖുർആൻ കൂടുതൽ ഓതാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
قال الشيخ ابن عثيمين رحمه الله : وهذا من حكمة الله عز وجل أن يكون القرآن ينسى سريعًا؛ لأجل أن يحرص القارئ على تعاهده وكثرة تلاوته فيحصل له الأجر ويزداد أجرًا، وليكون هذا امتحان واختبار من الله عز وجل فيمن هو حريص على كتاب الله، أو ليس بحريص. فأوصي إخواني الذين منَّ الله عليهم بحفظ القرآن أن يكثروا من قراءته، لما في ذلك من الأجر والثواب .
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:ഖുർആൻ അതിവേഗം മറന്നു പോകുന്നു എന്നത് അല്ലാഹുവിന്റെ ഹിക്മത്തിൽ പെട്ടതാണ്. അതിലൂടെ ഖുർആൻ ധാരാളമായി ശ്രദ്ധിക്കുവാനും പാരായണം ചെയ്യുവാനും അതിലൂടെ ഒരു പാട് പ്രതിഫലം പാരായണക്കാരന് കരസ്ഥമാകുന്നതിനുംവേണ്ടി. അല്ലാഹുവിന്റെ ഗ്രന്ഥത്തോട് താല്പര്യമുള്ളവനെയും താല്പര്യമില്ലാത്തവനെയും പരീക്ഷിക്കുന്നതിനും വേണ്ടി. അതിനാൽ ഖുർആൻ ഹൃദിസ്ഥമാക്കിയ എന്റെ സഹോദരങ്ങളോട് എനിക്ക് ഉപദേശിക്കാനുള്ളത് അവർ ധാരാളമായി അത് പാരായണം ചെയ്യട്ടെ.അതിൽ പല പ്രതിഫലങ്ങളും നേട്ടങ്ങളുമുണ്ട്. (മജ്മൂഉ ഫതാവാ വറസാഇലിശ്ശൈഖ്:26/ 248)
നബി ﷺ ഖുർആൻ മറന്നുപോകുമെന്ന ഭയത്താൽ അതിനെ നിരന്തരം പരിചരിക്കാനും ആവർത്തിച്ചു നോക്കാനും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നിരവധി ഹദീസുകളിൽ വന്നതുപോലെ, അതിൽ വീഴ്ചവരുത്തുന്നതിനെതിരെ അവിടുന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്:
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” إِنَّمَا مَثَلُ صَاحِبِ الْقُرْآنِ كَمَثَلِ صَاحِبِ الإِبِلِ الْمُعَقَّلَةِ إِنْ عَاهَدَ عَلَيْهَا أَمْسَكَهَا وَإِنْ أَطْلَقَهَا ذَهَبَتْ ”.
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും ഖുർആൻ ഹൃദിസ്ഥമാക്കിയവന്റെ ഉപമ കാലുകൾ കെട്ടിയിട്ട ഒട്ടകത്തിന്റെ ഉടമസ്ഥനെപ്പോലെയാണ്. അവൻ അതിനെ ശ്രദ്ധയോടെ പരിചരിക്കുകയാണെങ്കിൽ അവനതിനെ കെട്ടിനിർത്താം. എന്നാൽ അവൻ അതിനെ അഴിച്ചുവിട്ടാൽ അത് (ഓടി)പ്പോവുക തന്നെ ചെയ്യും. (ബുഖാരി:5031)
ഒട്ടകം അതിന്റെ ഉടമസ്ഥനിൽ നിന്ന് ഓടിപ്പോവുകയോ കൈവിട്ടുപോവുകയോ ചെയ്താൽ, വലിയ കഠിനാധ്വാനത്തിനും പ്രയാസത്തിനും ശേഷമല്ലാതെ അതിനെ തിരികെ പിടിക്കാൻ കഴിയില്ല. ഇതുപോലെ തന്നെയാണ് ഖുർആൻ ഹൃദിസ്ഥമാക്കിയവന്റെ കാര്യവും; അവൻ ആവർത്തിച്ചു പഠിക്കുന്നതിലൂടെയും നിരന്തരമായ മുറാജഅ (ആവർത്തനം) വഴിയും തന്റെ ഹിഫ്ള് പരിചരിച്ചില്ലെങ്കിൽ, അത് അവനിൽ നിന്ന് കൈവിട്ടുപോകും. പിന്നീട് അത് തിരികെ നേടിയെടുക്കാൻ അവന് വലിയ പ്രയാസങ്ങൾ സഹിക്കേണ്ടി വരികയും ചെയ്യും.
قال الحافظ ابن حجر رحمه الله : ما دام التعاهد موجوداً فالحفظ موجود ، كما أن البعير ما دام مشدوداً بالعقال فهو محفوظ ، وخصّ الإبل الذكر لأنها أشد الحيوان الإنسي نفوراً ، وفي تحصيلها بعد استكمان نفورها صعوبة .
ഇബ്നു ഹജർ رحمه الله പറഞ്ഞു: എത്രത്തോളം കാലം പരിചരണവും ആവർത്തനവും നിലനിൽക്കുന്നുവോ, അത്രത്തോളം കാലം ആ മനപ്പാഠം നിലനിൽക്കും; ഒട്ടകം എത്രത്തോളം കാലം കയറുകൊണ്ട് കെട്ടിയിട്ടിരിക്കുന്നുവോ അത്രത്തോളം കാലം അത് സംരക്ഷിക്കപ്പെടുന്നത് പോലെ. മൃഗങ്ങളിൽ വെച്ച് ഒട്ടകത്തെ പ്രത്യേകം എടുത്തുപറയാൻ കാരണം, മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്ന മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓടിപ്പോകാൻ സ്വഭാവമുള്ളത് അതിനാണ്. അത് പൂർണ്ണമായി ഓടിപ്പോയതിനു ശേഷം അതിനെ തിരികെ പിടിക്കുക എന്നത് അതീവ ദുഷ്കരമായ കാര്യവുമാണ്. (ഫത്ഹുൽ ബാരി)
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” تَعَاهَدُوا هَذَا الْقُرْآنَ فَوَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَهُوَ أَشَدُّ تَفَلُّتًا مِنَ الإِبِلِ فِي عُقُلِهَا ” .
അബൂമൂസാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ഈ ഖുർആൻ നിരന്തരം ആവർത്തിച്ചു നോക്കുകയും പരിചരിക്കുകയും ചെയ്യുക. മുഹമ്മദിന്റെ ആത്മാവ് ഏതൊരുവന്റെ കയ്യിലാണോ അവൻ തന്നെയാണേ സത്യം, ഒട്ടകങ്ങൾ അതിന്റെ കെട്ടുകളിൽ നിന്ന് ചാടിപ്പോകുന്നതിനേക്കാൾ വേഗത്തിലാണ് ഹൃദയങ്ങളിൽ നിന്ന് ഖുർആൻ ഊരിപ്പോകുന്നത്. (മുസ്ലിം:791)
عَنْ عَبْدِ اللَّهِ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ” بِئْسَ مَا لأَحَدِهِمْ أَنْ يَقُولَ نَسِيتُ آيَةَ كَيْتَ وَكَيْتَ بَلْ نُسِّيَ، وَاسْتَذْكِرُوا الْقُرْآنَ فَإِنَّهُ أَشَدُّ تَفَصِّيًا مِنْ صُدُورِ الرِّجَالِ مِنَ النَّعَمِ ” .
അബ്ദുല്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഒരാൾ ‘ഞാൻ ഇന്ന ഇന്ന ആയത്തുകൾ മറന്നുപോയി’ എന്ന് പറയുന്നത് എത്രയോ മോശമായ കാര്യമാണ്! മറിച്ച്, അവൻ അത് മറപ്പിക്കപ്പെട്ടതാണ്. അതിനാൽ നിങ്ങൾ ഖുർആൻ മുറാജഅഃ ചെയ്യുക (ആവര്‍ത്തിക്കുക(. കാരണം, കന്നുകാലികൾ (അവയുടെ കെട്ടുകൾ അഴിഞ്ഞ്) ഓടിപ്പോകുന്നതിനേക്കാൾ വേഗത്തിലാണ് മനുഷ്യരുടെ ഹൃദയങ്ങളിൽ നിന്ന് അത് ഊരിപ്പോകുന്നത്. (ബുഖാരി:5032)
قال الحافظ ابن حجر رحمه الله: قال ابن بطال هذا حديث يوافق الآيتين : قوله تعالى {إِنَّا سَنُلْقِى عَلَيْكَ قَوْلًا ثَقِيلًا} وقوله تعالى {وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ}
ഇബ്നു ഹജർ رحمه الله പറഞ്ഞു: ഇബ്നു ബത്ത്വാൽ رحمه الله പ്രസ്താവിച്ചു: “ഈ ഹദീസ് രണ്ട് ഖുർആൻ സൂക്തങ്ങളോട് പൂർണ്ണമായും യോജിച്ചുപോകുന്ന ഒന്നാണ്: അല്ലാഹു പറയുന്നു: {തീര്‍ച്ചയായും നാം നിന്റെ മേല്‍ ഒരു കനപ്പെട്ട വാക്ക് ഇട്ടുതരുന്നതാണ്.} (സൂറ: മുസ്സമ്മിൽ:5) {തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു} (സൂറത്തുൽ ഖമർ: 17) (ഫത്ഹുൽ ബാരി)
അതിനാൽ, ആരെങ്കിലും ഖുർആനെ കാത്തുസൂക്ഷിക്കാനും അതിനോടുള്ള നിരന്തരബന്ധം പുതുക്കാനും മുന്നോട്ട് വരികയാണെങ്കിൽ, അല്ലാഹു അത് അവന് അങ്ങേയറ്റം എളുപ്പമാക്കിക്കൊടുക്കും. എന്നാൽ, ആരെങ്കിലും അതിൽ നിന്ന് തിരിഞ്ഞുകളയുകയാണെങ്കിൽ, അത് അവന്റെ ഹൃദയത്തിൽ നിന്ന് തെറിച്ചുപോവുകയും ചെയ്യും.
ഇതിൽ, ഖുർആൻ മറന്നുപോകുമെന്ന ഭയത്താൽ അത് മനഃപാഠമാക്കിയ ഭാഗങ്ങൾ പതിവായി ആവർത്തിച്ചു പഠിക്കുന്നതിനും പാരായണം ആവർത്തിക്കുന്നതിനും വലിയൊരു പ്രേരണയുണ്ട്. നബി ﷺ ഈ ഒരു ഉപമ നൽകിയത്, ഉദ്ദേശിച്ച കാര്യം ഏറ്റവും ലളിതമായി മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയാണ്. തന്നെയുമല്ല, ഖുർആൻ നിരന്തരം ആവർത്തിച്ചു പഠിക്കേണ്ടതിന്റെയും മനഃപാഠം പുതുക്കേണ്ടതിന്റെയും പ്രാധാന്യത്തെ ഉറപ്പിച്ചു പറയാൻ വേണ്ടി സത്യം ചെയ്തുകൊണ്ട് ഇത് ഊന്നിപ്പറയുകയും ചെയ്തിരിക്കുന്നു.
വിശുദ്ധ ഖുർആൻ മറന്നുപോകുന്നതിനുള്ള കാരണം ഒരുപക്ഷേ മനുഷ്യൻ ചെയ്തുപോയ ഏതെങ്കിലും പാപങ്ങൾ കാരണമാകാം.
ചുരുക്കത്തിൽ, അനിവാര്യമായ കഠിനമായ വല്ല തടസ്സങ്ങളും ഇല്ലാതെ ഖുർആൻ മറന്നുപോവുക എന്നത് പാപങ്ങളിൽ പെട്ടതാണെന്ന് തിരിച്ചറിയുക.
قال شيخ الإسلام رحمه الله: فإن نسيان القرآن من الذنوب.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: തീർച്ചയായും, ഖുർആൻ മറന്നുപോവുക എന്നത് പാപങ്ങളിൽ പെട്ടതു തന്നെയാണ്. (ഫതാവാ)
ഖുർആൻ ഓർമ്മിച്ചുവെക്കാനും മനഃപാഠം ദൃഢമാക്കാനും സഹായിക്കുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ പെട്ടതാണ് അതിന്റെ പാരായണം നിലനിര്‍ത്തൽ. അതേപോലെ അത് നമസ്കാരത്തിൽ ഓതുക, പ്രത്യേകിച്ച് രാത്രി നമസ്കാരങ്ങളിൽ. സലഫുകൾ പകൽ സമയങ്ങളിൽ അത് പാരായണം ചെയ്യുകയും രാത്രികളിൽ അതുകൊണ്ട് നമസ്കരിക്കുകയും ചെയ്യുമായിരുന്നു.
قال العلامة الشنقيطي رحمه الله: لا يثبت القرآن في الصدر ولا يسهل حفظه وييسر فهمه الا القيام به من جوف الليل..
ഇമാം ശൻഖീത്വീ رحمه الله പറഞ്ഞു: ഖുർആൻ ഹൃദയത്തിൽ ഉറച്ചുനിൽക്കുകയോ, അതിന്റെ മനപ്പാഠവും മനസ്സിലാകലും എളുപ്പമാവുകയോ ഇല്ല..
അതുകൊണ്ട് രാത്രിയുടെ മധ്യത്തിൽ നിന്ന് നമസ്കരിക്കുന്നത് കൊണ്ടല്ലാതെ.
[أضواء البيان ٣٥٩/٨]
www.kanzululoom.com