ഫിത്‌നകളെ അതിജീവിക്കാനുള്ള 5 മാനദണ്ഡങ്ങൾ

عن المقداد بن الأسود رضي الله عنه ، عن النبي صلى الله عليه وسلم أنه قال: إِنَّ السَّعَيدَ لَمَنْ جُنِّبَ الفِتَن.

മിഖ്ദാദ് ബ്നു അസ്‌വദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും, ഫിത്‌നകളിൽ (കുഴപ്പങ്ങളിലും പരീക്ഷണങ്ങളിലും) നിന്ന് അകറ്റിനിർത്തപ്പെട്ടവൻ ആരോ അവനാണ് യഥാർത്ഥ സൗഭാഗ്യവാൻ.  (അബൂദാവൂദ്:4263)

ഇവിടെ, സ്വന്തത്തിനും ഇസ്‌ലാം ഉമ്മത്തിനും നന്മയും സൗഭാഗ്യവും ഔന്നത്യവും ആഗ്രഹിക്കുന്ന ഗുണകാംക്ഷികളായ ധാരാളം ആളുകൾ ഇപ്രകാരം ചോദിക്കുന്നു: എങ്ങനെയെല്ലാമാണ് ഈ സൗഭാഗ്യം കൈവരിക്കാൻ സാധിക്കുക? ഈ മഹത്തായ ലക്ഷ്യത്തിലേക്ക് എങ്ങനെയാണ് എത്തിച്ചേരുക? പരീക്ഷണങ്ങളെയും കുഴപ്പങ്ങളെയും  എങ്ങനെയാണ് പ്രതിരോധിക്കുക? ഒരാൾക്ക് എങ്ങനെയാണ് ഇത്തരം വിപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി രക്ഷപ്പെടാൻ സാധിക്കുക?

കാരണം, ഗുണകാംക്ഷയുള്ളവനും അഭിമാനബോധമുള്ളവനുമായ ഏതൊരു മുസ്ലിമും തനിക്കു വേണ്ടിയോ തന്റെ സമുദായത്തിന് വേണ്ടിയോ ഇത്തരം കുഴപ്പങ്ങൾ (ഫിത്‌നകൾ) ആഗ്രഹിക്കില്ല.  തന്നോടും അല്ലാഹുവിന്റെ വിശ്വാസികളായ അടിമകളോടുമുള്ള തന്റെ ഹൃദയത്തിലുള്ള ഗുണകാംക്ഷയാണ് അതിന് കാരണം. പ്രവാചകൻ ﷺയുടെ ഈ വചനം ഇവിടെ പ്രസക്തമാണ്: ‘

عَنْ تَمِيمٍ الدَّارِيِّ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ الدِّينُ النَّصِيحَةُ ‏”‏ قُلْنَا لِمَنْ قَالَ ‏”‏ لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ ‏”‏ ‏.‏

അബൂറുക്വയ്യഃ തമീം ഇബ്‌നു ഔസ് അദ്ദാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഇസ്‌ലാം നസ്വീഹത്താണ് (ഗുണകാംക്ഷയാണ്)’.ഞങ്ങള്‍ ചോദിച്ചു: ‘ആരോട്? നബി ﷺ പറഞ്ഞു: ‘അല്ലാഹുവോട്, അല്ലാഹുവിന്റെ കിതാബിനോട്, അല്ലാഹുവിന്റെ റസൂലിനോട്, മുസ്‌ലിം നേതാക്കളോട്, മുസ്‌ലിംകളിലെ സാധാരണക്കാരോട്.’ (മുസ്‌ലിം:55)

അതിനാൽ, തന്നോടും മറ്റുള്ളവരോടുമുള്ള ഗുണകാംക്ഷയുടെ താല്പര്യം എന്നത് ഫിത്‌നകളെക്കുറിച്ച് ജാഗ്രത പാലിക്കലും, അവയിൽ നിന്ന് അകന്നുനിൽക്കാൻ കഠിനമായി പരിശ്രമിക്കലും, അവയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കലും, പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ തിന്മകളിൽ നിന്നും അല്ലാഹുവിൽ അഭയം തേടലുമാണ്.

ഈ സന്ദർഭത്തിൽ, വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളിലേക്കും മഹത്തായ അടിസ്ഥാനങ്ങളിലേക്കും സുശക്തമായ മാനദണ്ഡങ്ങളിലേക്കും (നിബന്ധനകൾ) ഞാൻ വിരൽ ചൂണ്ടാൻ ആഗ്രഹിക്കുന്നു. ഇവ ശ്രദ്ധിക്കുകയും ജീവിതത്തിൽ പാലിക്കുകയും ചെയ്യുന്നത് വഴി ഒരു മുസ്ലിമിന് – അല്ലാഹുവിന്റെ അനുഗ്രഹത്താൽ – ഫിത്‌നകളിൽ നിന്ന് മോചനം നേടാൻ സാധിക്കുന്നതാണ്. ഖുര്‍ആനിൽ നിന്നും സുന്നത്തിൽ നിന്നും സ്വീകരിച്ചിട്ടുള്ള മഹത്തായ മാനദണ്ഡങ്ങളാണിവ.

1.തീർച്ചയായും ഫിത്‌നകളെ പ്രതിരോധിക്കാനും അവയുടെ തിന്മകളിൽ നിന്നും ദോഷങ്ങളിൽ നിന്നും അകന്നുനിൽക്കാനും സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അത് അല്ലാഹുവോടുള്ള തഖ്‌വയും (ഭയഭക്തി), രഹസ്യത്തിലും പരസ്യത്തിലും അദൃശ്യത്തിലും ദൃശ്യത്തിലും അല്ലാഹുവിനെ സൂക്ഷിക്കലുമാണ്. അല്ലാഹു  പറയുന്നു:

وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا ‎﴿٢﴾‏ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ‎﴿٣﴾‏

… ആര് അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അല്ലാഹു അവന് ഒരു പോംവഴി ഏര്‍പ്പെടുത്തി കൊടുക്കും, (മാത്രമല്ല) അവന്‍ കണക്കാക്കാത്ത വിധത്തിലൂടെ അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ് …… (ഖു൪ആന്‍:65/2-3)

അതായത്, ഇഹലോകത്തെയും പരലോകത്തെയും എല്ലാ കുഴപ്പങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും തിന്മകളിൽ നിന്നും അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കും എന്നാണ് ഇതിന്റെ അർത്ഥം.

അല്ലാഹു  പറയുന്നു:

وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مِنْ أَمْرِهِۦ يُسْرًا

വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌. (ഖു൪ആന്‍:65/4)

ശുഭപര്യവസാനം എപ്പോഴും തഖ്‌വയുള്ളവർക്ക് (സൂക്ഷ്മതയുള്ളവർക്ക്) മാത്രമാണ്.

താബിഉകളുടെ കാലഘട്ടത്തിൽ ഒരു ഫിത്‌ന ഉണ്ടായപ്പോൾ, ഗുണകാംക്ഷികളായ ഒരു കൂട്ടം ആളുകൾ പണ്ഡിതനായ ത്വൽഖ് ബ്നു ഹബീബ് رحمه الله യുടെ അടുക്കൽ വന്ന് ചോദിച്ചു: ‘ഇതാ കുഴപ്പങ്ങൾ സംഭവിച്ചിരിക്കുന്നു, ഞങ്ങൾ എങ്ങനെയാണ് ഇതിൽ നിന്ന് രക്ഷപ്പെടുക?’ അദ്ദേഹം മറുപടി പറഞ്ഞു: اتقوها بالتقوى  (നിങ്ങൾ തഖ്‌വ കൊണ്ട് അതിനെ പ്രതിരോധിക്കുക). അവർ ചോദിച്ചു: ‘തഖ്‌വ എന്നാൽ എന്താണെന്ന് ഞങ്ങൾക്ക് വിവരിച്ചുതന്നാലും.’ അദ്ദേഹം പറഞ്ഞു:

تقوى الله : عملٌ بطاعة الله على نور من الله رجاء رحمة الله، وترك معصية الله على نور من الله خيفة عقاب الله

അല്ലാഹുവിനോടുള്ള തഖ്‌വ എന്നാൽ: അല്ലാഹുവിൽ നിന്നുള്ള പ്രകാശത്തിന്റെ (അറിവിന്റെ) അടിസ്ഥാനത്തിൽ, അവന്റെ കാരുണ്യം ആഗ്രഹിച്ചുകൊണ്ട് അവനെ അനുസരിക്കലാണ്. കൂടാതെ അല്ലാഹുവിൽ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തിൽ, അവന്റെ ശിക്ഷ ഭയപ്പെട്ടുകൊണ്ട് അവനോടുള്ള അനുസരണക്കേടുകൾ (പാപങ്ങൾ) ഉപേക്ഷിക്കലുമാണ്.

ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം: തഖ്‌വ എന്നത് ഒരാൾ തന്റെ നാവ് കൊണ്ട് പറയുന്ന ഒരു വാക്കോ അല്ലെങ്കിൽ അയാൾ ഉന്നയിക്കുന്ന വെറും അവകാശവാദമോ അല്ല. മറിച്ച്, അല്ലാഹുവിനെ ഭയപ്പെടുക എന്നത് ഗൗരവകരമായ പരിശ്രമമാണ്. അല്ലാഹുവിനെ അനുസരിച്ചുകൊണ്ടും അവന് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്തുകൊണ്ട് അവനിലേക്ക് അടുത്തും സ്വന്തം നഫ്സിനോട് കാണിക്കുന്ന ഗുണകാംക്ഷയാണത്. പ്രത്യേകിച്ച്, നിർബന്ധ കർമ്മങ്ങൾ കൃത്യമായി നിർവ്വഹിക്കുകയും പാപങ്ങളിൽ നിന്നും നിഷിദ്ധമായ കാര്യങ്ങളിൽ നിന്നും അകന്നുനിൽക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ കാതൽ. ആരുടെയെങ്കിലും അവസ്ഥ ഇപ്രകാരമാണെങ്കിൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവൻ സ്തുത്യർഹമായ പരിണാമം (നല്ല അന്ത്യം)  കൈവരിക്കുന്നതാണ്.

2.ഫിത്‌നകളെ ഒഴിവാക്കുന്നതിനായുള്ള സുപ്രധാനമായ മറ്റൊരു മാനദണ്ഡം ഖുര്‍ആനും സുന്നത്തും പിൻപറ്റുക എന്നതാണ്. ഖുർആനിലും സുന്നത്തിലും അടിയുറച്ചു നിൽക്കുക എന്നത് ഇഹലോകത്തും പരലോകത്തും പ്രതാപത്തിന്റയും രക്ഷയുടെയും വിജയത്തിന്റെയും പാതയാണ്.

قال الإمام مالك رحمه الله إمام دار الهجرة :السنة سفينة نوح فمن ركبها نجا ومن تركها هلك وغرق.

ഇമാം മാലക് رحمه الله പറഞ്ഞു: ‘സുന്നത്ത് എന്നത് നൂഹ് നബിയുടെ കപ്പൽ പോലെയാണ്; അതിൽ കയറിയവൻ രക്ഷപ്പെട്ടു, അതിൽ നിന്ന് വിട്ടുനിന്നവൻ നശിക്കുകയും മുങ്ങിപ്പോവുകയും ചെയ്തു.’

ആരെങ്കിലും തന്റെ ജീവിതത്തിൽ സുന്നത്തിന് മുൻഗണന നൽകുന്നുവോ , അവന്റെ സംസാരത്തിൽ ജ്ഞാനം (ഹിക്മത്ത്) വെളിപ്പെടുകയും അവൻ ഫിത്‌നകളിൽ നിന്ന് സുരക്ഷിതനാവുകയും ഇഹലോകത്തെയും പരലോകത്തെയും നന്മകൾ കൈവരിക്കുകയും ചെയ്യും.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ ‏

നബി ﷺ പറഞ്ഞു: എനിക്ക് ശേഷം നിങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്റെ ചര്യയും, സദ്‌വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു മുറുകെ പിടിക്കുകയും ചെയ്യുവീന്‍. (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്. (അബൂദാവൂദ് : 4607 – സ്വഹീഹ് അല്‍ബാനി)

അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴുള്ള മോചനവും ഫിത്‌നകളിൽ നിന്നുള്ള സുരക്ഷയും സാധ്യമാകുന്നത് നബി ﷺയുടെ സുന്നത്തിനെ മുറുകെ പിടിക്കുന്നതിലൂടെയും, ബിദ്അത്തുകളിൽ (പുത്തൻ ആചാരങ്ങൾ) നിന്നും തന്നിഷ്ടങ്ങളിൽ (الأهواء) നിന്നും അകന്നു നിൽക്കുന്നതിലൂടെയും മാത്രമാണ്. ഒരാൾ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും – അയാളുടെ ഓരോ നീക്കങ്ങളിലും നിശ്ചലതയിലും, എഴുന്നേൽക്കുമ്പോഴും ഇരിക്കുമ്പോഴും എന്നുവേണ്ട സകല ഇടപാടുകളിലും – സുന്നത്തിനെ വിധികർത്താവാക്കണം. ആരുടെയെങ്കിലും അവസ്ഥ ഇപ്രകാരമാണെങ്കിൽ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവൻ എല്ലാ തിന്മകളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടും. എന്നാൽ, ആരാണോ തന്റെ മനസ്സിന് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ തോന്നിയതുപോലെ സഞ്ചരിക്കുകയും തന്റെ തന്നിഷ്ടങ്ങൾക്ക് പിന്നാലെ പോവുകയും ചെയ്യുന്നത്, അവൻ തനിക്കും അല്ലാഹുവിന്റെ മറ്റ് അടിമകൾക്കും തിന്മയാണ് വരുത്തിവെക്കുന്നത്.

3.ഫിത്‌നകളെ പ്രതിരോധിക്കാനുള്ള മഹത്തായ മാനദണ്ഡങ്ങളിൽ മറ്റൊന്ന്: സൗമ്യത (الرفقُ), സാവകാശം (الأناة), തിടുക്കം കാണിക്കാതിരിക്കൽ, കാര്യങ്ങളുടെ പരിണതഫലങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കൽ എന്നിവയാണ്. തീർച്ചയായും തിടുക്കം  നന്മ കൊണ്ടുവരില്ല; എന്നാൽ സാവകാശത്തിൽ നന്മയും അനുഗ്രഹവും ഉണ്ട്. ആരെങ്കിലും തന്റെ കാര്യങ്ങളിൽ തിടുക്കം കാണിക്കുന്നവനും പ്രവൃത്തികളിൽ എടുത്തുചാട്ടം ഉള്ളവനുമാണെങ്കിൽ, തെന്നിപ്പോകുന്നതിൽ നിന്നും വഴിപിഴച്ച ആശയങ്ങളിലും തെറ്റുകളിലും വീഴുന്നതിൽ നിന്നും അവന് സുരക്ഷിതനാകാൻ കഴിയില്ല. എന്നാൽ, ആരാണോ സൗമ്യതയുള്ളവനും സാവകാശമുള്ളവനും തിടുക്കത്തിൽ നിന്നും എടുത്തുചാട്ടത്തിൽ നിന്നും അകന്നുനിൽക്കുന്നവനും കാര്യങ്ങളുടെ അന്ത്യത്തെക്കുറിച്ച് ചിന്തിച്ചു പ്രവർത്തിക്കുന്നവനുമാകുന്നത്, അവൻ – അല്ലാഹുവിന്റെ അനുഗ്രഹത്താൽ – ഇഹലോകത്തും പരലോകത്തും സന്തോഷം നൽകുന്ന സ്തുത്യർഹമായ പരിണാമങ്ങളിൽ എത്തിച്ചേരും.

قال عبد الله بن مسعود رضي الله عنه : إنها ستكون أمور مشتبهات فعليكم بالتؤدة فإنك أن تكون تابعا في الخير ، خيرا من أن تكون رأسا في الشر .

അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: തീർച്ചയായും (ഭാവിയിൽ) തിരിച്ചറിയാൻ പ്രയാസമുള്ള ആശയക്കുഴപ്പങ്ങൾ  ഉണ്ടായേക്കാം. അപ്പോൾ നിങ്ങൾ സാവകാശം കൈക്കൊള്ളുക. കാരണം, നന്മയിൽ ഒരു അനുയായിയാവുക എന്നത് തിന്മയിൽ ഒരു നേതാവാകുന്നതിനേക്കാൾ നിനക്ക് ഉത്തമമാണ്.

തീർച്ചയായും, കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ എടുത്തുചാട്ടം കാണിക്കുകയും വിവേകരഹിതമായി പെരുമാറുകയും ചെയ്യുന്നവൻ, സാവകാശത്തിന്റെയും  അക്ഷോഭ്യതയുടെയും  പാതയിൽ നിന്ന് അകന്നുപോകുന്നവനാണ്. അവൻ തനിക്കും അല്ലാഹുവിന്റെ മറ്റ് അടിമകൾക്കും മേൽ തിന്മയുടെയും പരീക്ഷണങ്ങളുടെയും ഒരു വലിയ വാതിലാണ് തുറന്നിടുന്നത്. അതിന്റെ പാപഭാരവും തിന്മയും അവൻ ചുമക്കേണ്ടി വരും; അതിന്റെ കഠിനമായ ദുരന്തഫലങ്ങൾ അവൻ അനുഭവിക്കുകയും ചെയ്യും.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ إِنَّ مِنَ النَّاسِ مَفَاتِيحَ لِلْخَيْرِ مَغَالِيقَ لِلشَّرِّ وَإِنَّ مِنَ النَّاسِ مَفَاتِيحَ لِلشَّرِّ مَغَالِيقَ لِلْخَيْرِ فَطُوبَى لِمَنْ جَعَلَ اللَّهُ مَفَاتِيحَ الْخَيْرِ عَلَى يَدَيْهِ وَوَيْلٌ لِمَنْ جَعَلَ اللَّهُ مَفَاتِيحَ الشَّرِّ عَلَى يَدَيْهِ ‏”‏ ‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും, നന്മയുടെ താക്കോലുകളും തിന്മയുടെ പൂട്ടുകളും ആയിത്തീരുന്ന ചില മനുഷ്യരുണ്ട്. അതുപോലെ, തിന്മയുടെ താക്കോലുകളും നന്മയുടെ പൂട്ടുകളും ആയിത്തീരുന്ന ചില മനുഷ്യരുമുണ്ട്. അതിനാൽ, അല്ലാഹു നന്മയുടെ താക്കോലുകൾ ആരുടെ കൈകളിലാണോ ഏൽപ്പിച്ചിട്ടുള്ളത് അവർക്ക് മംഗളം. അല്ലാഹു തിന്മയുടെ താക്കോലുകൾ ആരുടെ കൈകളിലാണോ ഏൽപ്പിച്ചിട്ടുള്ളത് അവർക്ക് നാശം. [رواه ابن ماجه (237) ، وحسنه الألباني رحمه الله في (صحيح سنن ابن ماجه) (194) .]

അതുകൊണ്ട്, ബുദ്ധിയുള്ളവൻ കാര്യങ്ങളുടെ പരിണതഫലങ്ങളെക്കുറിച്ച് ചിന്തിച്ച് എപ്പോഴും ജാഗ്രതയുള്ളവനായിരിക്കും. അവൻ സഹനശീലനും , സൗമ്യതയുള്ളവനും , സാവകാശം കാണിക്കുന്നവനും ആയിരിക്കും. എടുത്തുചാട്ടം, തിടുക്കം, വിവേകശൂന്യമായ വേഗത എന്നിവയിൽ നിന്ന് അവൻ അകന്നുനിൽക്കും. കാരണം, എടുത്തുചാട്ടവും തിടുക്കവും അത് ചെയ്യുന്നവന് കഠിനമായ ദുരന്തഫലങ്ങളും വേദനാനിറഞ്ഞ ദോഷങ്ങളും മോശമായ അന്ത്യവുമല്ലാതെ മറ്റൊന്നും കൊണ്ടുവരികയില്ല.

4.ഫിത്‌നകളെ പ്രതിരോധിക്കാനുള്ള സുപ്രധാന മാനദണ്ഡങ്ങളിൽ മറ്റൊന്ന്: മുസ്ലിംകളുടെ കൂട്ടായ്മയെ (ജമാഅത്ത്) മുറുകെ പിടിക്കലും ഭിന്നിപ്പിൽ നിന്നും അഭിപ്രായ വ്യത്യാസങ്ങളിൽ നിന്നും അകന്നുനിൽക്കലുമാണ്. തീർച്ചയായും ഭിന്നിപ്പ് തിന്മയാണ്, എന്നാൽ ഒരുമിച്ചുനിൽക്കുന്നത് അല്ലാഹുവിന്റെ കാരുണ്യവുമാണ്. മുസ്ലിംകൾക്കിടയിൽ ഐക്യമുണ്ടാകാനും അവരുടെ ബന്ധം സുശക്തമാകാനും അവരുടെ പ്രതാപം വർദ്ധിക്കാനും ഈ ഒരുമ സഹായിക്കുന്നു. ഇതിലൂടെ നന്മയിലും പുണ്യത്തിലും  സഹകരിക്കാനും ഇഹലോകത്തും പരലോകത്തും അവർക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ കൈവരിക്കാനും സാധിക്കുന്നു. എന്നാൽ ഭിന്നിപ്പ് അവർക്ക് ധാരാളം തിന്മകളും ദോഷങ്ങളും പരീക്ഷണങ്ങളും വരുത്തിവെക്കുന്നു, അതിന്റെ പരിണതഫലം സ്തുത്യർഹമായിരിക്കില്ല. അതുകൊണ്ടുതന്നെയാണ് മുസ്ലിം സമൂഹത്തോട് ചേർന്നുനിൽക്കാനും ഭിന്നിപ്പിനെതിരെ ജാഗ്രത പാലിക്കാനും ഒട്ടേറെ ഹദീസുകളിലൂടെ നബി ﷺ വസ്വിയ്യത്ത് നൽകിയിട്ടുള്ളത്. നബി ﷺ പറയുന്നു:

الْجَمَاعَةُ رَحْمَةٌ ، وَالْفُرْقَةُ عَذَابٌ.

 ജമാഅത്ത് (ഒരുമിച്ചുനിൽക്കുന്നത്) കാരുണ്യമാണ്, ഭിന്നിച്ചുനിൽക്കുന്നത്  ശിക്ഷയുമാണ്. (അഹ്മദ്:4/278 – സ്വഹീഹുൽ ജാമിഅ്:3109)

عَلَيْكُمْ بِالْجَمَاعَةِ وَإِيَّاكُمْ وَالْفُرْقَةَ

നിങ്ങൾ ജമാഅത്തിനെ മുറുകെ പിടിക്കുക, ഭിന്നിപ്പിനെ നിങ്ങൾ ജാഗ്രതയോടെ വെടിയുക. (തിര്‍മിദി:2165)

يَدُ اللَّهِ عَلَى الْجَمَاعَةِ

അല്ലാഹുവിന്റെ കൈ ജമാഅത്തിന്റെ മേലാകുന്നു. [ ابن أبي عاصم في (السنة) (81) – (ظلال الجنة) (1/40)]

لاَ تَخْتَلِفُوا فَإِنَّ مَنْ كَانَ قَبْلَكُمُ اخْتَلَفُوا فَهَلَكُوا

നിങ്ങൾ ഭിന്നിക്കരുത്; കാരണം തീർച്ചയായും നിങ്ങൾക്ക് മുൻപുള്ളവർ ഭിന്നിച്ചു, അങ്ങനെ അവർ നശിച്ചുപോയി. (ബുഖാരി:2410)

5. ഫിത്‌നകളെ പ്രതിരോധിക്കാനും അവയുടെ തിന്മകളിൽ നിന്ന് അകന്നുനിൽക്കാനും നിർബന്ധമായും ശ്രദ്ധിക്കേണ്ട മഹത്തായ മറ്റൊരു മാനദണ്ഡം: അറിവിൽ ആഴമുള്ള പണ്ഡിതന്മാരിൽ നിന്നും യാഥാർത്ഥ്യം വേർതിരിച്ചറിയുന്ന പണ്ഡിതന്മാരിൽ നിന്നും അറിവ് സ്വീകരിക്കുക എന്നതാണ്. മറിച്ച്, അറിവ് നേടുന്നതിൽ തുടക്കക്കാരായവരിൽ നിന്നും, അറിവ് സമ്പാദിക്കുന്നതിൽ കുറഞ്ഞ വിഹിതം മാത്രം ലഭിച്ചവരിൽ നിന്നും അറിവ് തേടുന്നത് ഒഴിവാക്കേണ്ടതുമാണ്. കാരണം നബി ﷺ അരുളിയിട്ടുണ്ട്:

الْبَرَكَةُ مَعَ أَكَابِرِكُمْ

ബറക്കത്ത് (അനുഗ്രഹം) നിങ്ങളിലെ മുതിർന്നവരോടൊപ്പമാകുന്നു. [رواه ابن حبان (559) – الصحيحة) (1778)]

അറിവിൽ പാദങ്ങൾ ഉറച്ചവരും, അത് നേടിയെടുക്കുന്നതിൽ ദീർഘകാലം ചെലവഴിച്ചവരുമായ മുതിർന്ന പണ്ഡിതന്മാരുടെ കൂടെയാണ് ബറക്കത്ത് (അനുഗ്രഹം) ഉള്ളത്. അല്ലാഹു നൽകിയ അറിവ്, ഹിക്മത്ത്, ശാന്തത, സാവകാശം, കാര്യങ്ങളുടെ പരിണതഫലങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള കഴിവ് എന്നിവയിലൂടെ ഉമ്മത്തിനിടയിൽ ഉന്നതമായ സ്ഥാനം നേടിയവരാണവർ. ഇത്തരക്കാരിൽ നിന്നാണ് അറിവ് സ്വീകരിക്കാൻ നമ്മോട് കൽപ്പിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു  പറഞ്ഞു:

وَإِذَا جَآءَهُمْ أَمْرٌ مِّنَ ٱلْأَمْنِ أَوِ ٱلْخَوْفِ أَذَاعُوا۟ بِهِۦ ۖ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُو۟لِى ٱلْأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنۢبِطُونَهُۥ مِنْهُمْ ۗ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَٱتَّبَعْتُمُ ٱلشَّيْطَٰنَ إِلَّا قَلِيلًا

സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു. (ഖു൪ആന്‍:4/83)

ആരാണോ ഇത്തരം പണ്ഡിതന്മാരെ ആശ്രയിക്കുന്നത്, അവൻ ഫിത്‌നകളിൽ നിന്ന് സുരക്ഷിതനാവുകയും സ്തുത്യർഹമായ പരിണതഫലം കൈവരിക്കുകയും ചെയ്യും.

6. ഫിത്‌നകളെ ഒഴിവാക്കാൻ പാലിക്കേണ്ട സുപ്രധാനമായ മറ്റൊരു മാനദണ്ഡം: അല്ലാഹുവുമായുള്ള ബന്ധം നന്നാക്കലും അവനോടുള്ള പ്രാർത്ഥനയുമാണ്. തീർച്ചയായും പ്രാർത്ഥന എന്നത് ഇഹലോകത്തെയും പരലോകത്തെയും എല്ലാ നന്മകളുടെയും താക്കോലാണ്. പ്രത്യേകിച്ച്, വെളിവായതും മറഞ്ഞിരിക്കുന്നതുമായ ഫിത്‌നകളിൽ നിന്ന് മുസ്ലിംകളെ സംരക്ഷിക്കാൻ അല്ലാഹുവോട് ചോദിക്കലും, വഴിപിഴപ്പിക്കുന്ന ഫിത്‌നകളിൽ നിന്ന് അവനോട് അഭയം തേടലും അത്യന്താപേക്ഷിതമാണ്. ആരെങ്കിലും അല്ലാഹുവോട് അഭയം തേടിയാൽ അവൻ അവനെ സംരക്ഷിക്കും, ആരെങ്കിലും അവനോട് ചോദിച്ചാൽ അവൻ നൽകും. തീർച്ചയായും തന്നെ വിളിച്ചു പ്രാർത്ഥിക്കുന്ന ഒരു അടിമയെയും അവൻ നിരാശനാക്കുകയോ കൈവെടിയുകയോ ഇല്ല. അല്ലാഹു  പറയുന്നു:

ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮا۟ ﻟِﻰ ﻭَﻟْﻴُﺆْﻣِﻨُﻮا۟ ﺑِﻰ ﻟَﻌَﻠَّﻬُﻢْ ﻳَﺮْﺷُﺪُﻭﻥَ

നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. (ഖു൪ആന്‍: 2/186)

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *