വിശുദ്ധ ഖുർആൻ ഉറ്റാലോചിക്കൽ (تدبر القرآن) എന്നത് ഏറ്റവും മഹത്തായ പുണ്യകർമ്മങ്ങളിൽ പെട്ടതാണ്. വിശുദ്ധ ഖു൪ആന്‍ അല്ലാഹു അവതരിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നുതന്നെ ഇതാണ്.
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَٰفًا كَثِيرًا
അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. (ഖുർആൻ :4/82)
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ
അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ? (ഖുർആൻ :47/24)
ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ
നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:38/29)
قَالَ شيخ الإسلام ابن تيمية رحمه الله: ومن أصغى إلى كلام الله وكلام رسوله بعقله، وتدبره بقلبه وجد فيه من الفهم والحلاوة والبركة والمنفعة ما لا يجده في شيء من الكلام لا منظومه ولا منثوره.
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: ‘ആരാണോ അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും വചനങ്ങളിലേക്ക് തന്റെ ബുദ്ധി പൂർണ്ണമായി സമർപ്പിച്ചുക്കൊണ്ട് കാതോർക്കുകയും, സ്വന്തം ഹൃദയം കൊണ്ട് അതിനെക്കുറിച്ച് ചിന്തിച്ചു മനസ്സിലാക്കുകയും ചെയ്യുന്നത്; അതിലൂടെ അവന് ലഭിക്കുന്ന അറിവും, ആസ്വാദനവും , ബറക്കത്തും, ഉപകാരവും മറ്റേതൊരു സംസാരത്തിൽ നിന്നും – അത് പദ്യരൂപത്തിലുള്ളതാണെങ്കിലും ശരി ഗദ്യരൂപത്തിലുള്ളതാണെങ്കിലും ശരി – ഒരിക്കലും കണ്ടെത്താൻ സാധിക്കുകയില്ല.’ [اقتضاء الصراط المستقيم ” (2/270)]
തദബ്ബുറുൽ ഖുര്‍ആൻ; പ്രാധാന്യം
يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ
മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള (രോഗത്തിന്) ശമനവും നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു). (ഖു൪ആന്‍:10/57)
തീർച്ചയായും നാം ഖുർആനിൽ നിന്ന് ആഗ്രഹിക്കുന്നത് നല്ലൊരു ജീവിതമാണ്. ഖുർആനിലേക്ക് തിരിയുകയും അതിനെ നെഞ്ചേറ്റുകയും ചെയ്യാതെ ഹൃദയത്തിന് യഥാർത്ഥ ജീവിതമോ സുരക്ഷിതത്വമോ ഇല്ല. ഒരു മുസ്ലിമിന് അവന്റെ ജീവിതത്തിൽ ലഭിക്കുന്ന ശ്രേഷ്ഠതകളും ഗുണവിശേഷങ്ങളും അവൻ ഖുർആനുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഖുർആൻ പാരായണം ചെയ്യുന്നതിലും, അത് മനസ്സിലാക്കുന്നതിലും, ജീവിതത്തിൽ പകർത്തുന്നതിലും അവൻ കാണിക്കുന്ന താല്പര്യത്തിനനുസരിച്ചാണ് അവന് പദവിയും, അല്ലാഹുവിന്റെ സംരക്ഷണവും, കാരുണ്യവും, സന്മാർഗ്ഗവും, സൽകീർത്തിയും സിദ്ധിക്കുന്നത്. ഈ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനായി തന്റെ ഗ്രന്ഥത്തിലേക്ക് തിരിയുന്നവന്, ഏറ്റവും ഉദാരനായ നമ്മുടെ റബ്ബ് മഹത്തായ ഔദാര്യവും അതിവിശാലമായ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
ഇഹലോകത്തും പരലോകത്തും ഒരുപോലെ മനുഷ്യനെ നശിപ്പിച്ചു കളയുന്ന മാരകമായ ഹൃദയരോഗങ്ങൾക്കുള്ള ശമനം വിശുദ്ധ ഖുർആനിലുണ്ട്.
وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًا
സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിക്കുന്നില്ല. (ഖു൪ആന്‍:17/82)
إِنَّ فِى ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُۥ قَلْبٌ أَوْ أَلْقَى ٱلسَّمْعَ وَهُوَ شَهِيدٌ
ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്തവന്ന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്. (ഖു൪ആന്‍:50/37)
ഖുർആനുമായുള്ള ആഴത്തിലുള്ള ബന്ധത്തിലൂടെ മാത്രമാണ് മനുഷ്യന് യഥാർത്ഥ ഉൾക്കാഴ്ച ലഭിക്കുന്നത്. ആ ഉൾക്കാഴ്ചയാകട്ടെ, തന്റെ ജീവിതയാത്രയിൽ ഓരോ ചുവടും എവിടെയാണ് വെക്കേണ്ടതെന്ന് കൃത്യമായി കാണിച്ചുതരുന്ന ഒരു വെളിച്ചമാണ്.
إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ لِتَحْكُمَ بَيْنَ ٱلنَّاسِ بِمَآ أَرَىٰكَ ٱللَّهُ ۚ وَلَا تَكُن لِّلْخَآئِنِينَ خَصِيمًا
നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്. (ഖു൪ആന്‍:4/105)
ഖുർആനിലൂടെ അതിന്റെ പഠിതാവിന് തൻ്റെ ഹൃദയത്തിലേക്ക് കുളിർമയും സമാധാനവുമായി ഇറങ്ങിവരുന്ന ആത്മീയ സമാധാനചിത്തത (السكينة) ലഭിക്കുന്നു; അത് അവന്റെ ഉള്ളിൽ കത്തിയെരിയുന്ന വിഷമങ്ങളുടെയും ഉത്കണ്ഠകളുടെയും തീയെ അണച്ചുകളയുന്നു. കാരണം, കാലം എത്രതന്നെ നീണ്ടുപോയാലും ശരി, അക്രമികളുടെ ദയനീയമായ അന്ത്യവും അല്ലാഹു അവർക്കായി നിശ്ചയിച്ചിട്ടുള്ള ആ നാശത്തിൻ്റെ കൃത്യമായ സമയവും അവൻ ഖുർആനിലൂടെ കാണുന്നു.
ഖുർആനെക്കുറിച്ചും അത് മനുഷ്യ മനസ്സുകളിൽ എന്ത് സ്വീധീനമാണ് ഉണ്ടാക്കുന്നതെന്നും ഖുർആൻ തന്നെ സംസാരിക്കുന്നത് പോലെ മറ്റൊന്നിനും സംസാരിക്കാൻ കഴിയില്ല.
قُلْ نَزَّلَهُۥ رُوحُ ٱلْقُدُسِ مِن رَّبِّكَ بِٱلْحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُوا۟ وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ
പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അത് ഇറക്കിയിരിക്കുകയാണ്. (ഖു൪ആന്‍:16/102)
أَفَمَن يَعْلَمُ أَنَّمَآ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ كَمَنْ هُوَ أَعْمَىٰٓ ۚ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَٰبِ
അപ്പോള്‍ നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ. (ഖു൪ആന്‍:13/19)
തദബ്ബുറുൽ ഖുര്‍ആൻ (ഖുർആൻ ഉറ്റാലോചിക്കൽ) എന്നത് നാം സ്വയം ഇറങ്ങിത്തിരിക്കേണ്ട ഒരു അനുഭവമാണ്; നാം തന്നെ ആസ്വദിക്കേണ്ട ഒരു സുഖവുമാണത്. അതിനെക്കുറിച്ച് മറ്റുള്ളവർ എത്രതന്നെ വിവരിച്ചുതന്നാലും ശരി, നാം അത് സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിയുക തന്നെ വേണം. അത് ആരംഭിക്കുന്നത്, അല്ലാഹു തൻ്റെ വചനങ്ങളിലൂടെ നമ്മിൽ നിന്ന് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചറിയുന്നതിലൂടെയാണ്. അതായത്, ഒന്നാമതായി ആ വചനങ്ങൾ മനസ്സിലാക്കുകയും, രണ്ടാമതായി ആ ആശയങ്ങളെ ഹൃദയത്തിൽ ഇളക്കിമറിക്കുകയും ചെയ്യുമ്പോഴാണത് സാധ്യമാകുന്നത്.
ഖുർആൻ ഒരു നല്ല ഈത്തപ്പഴം പോലെയാണ്; അത് എത്രത്തോളം കൂടുതൽ ചവച്ചരക്കുന്നുവോ അത്രത്തോളം അത് നിനക്ക് മധുരം പ്രദാനം ചെയ്തുകൊണ്ടേയിരിക്കും. ഖുർആൻ എത്രത്തോളം ആവർത്തിക്കുന്നുവോ അത്രത്തോളം അതിൻ്റെ മാധുര്യം കൂടിവരികയേ ഉള്ളൂ. അതുകൊണ്ട്, അത് ആവർത്തിച്ചു പാരായണം ചെയ്യുന്നത് വർദ്ധിപ്പിക്കേണ്ടതുണ്ട്. കാരണം, അതിലെ അത്ഭുതങ്ങൾ ഒരിക്കലും അവസാനിക്കുകയില്ല; എത്രയധികം ആവർത്തിച്ചു ഓതിയാലും അതിൻ്റെ പുതുമ നഷ്ടപ്പെടുകയില്ല.
തദബ്ബുറിലേക്ക് കടന്നുചെല്ലാൻ ദുർഘടമായ വഴികളോ ഭയപ്പെടുത്തുന്ന പാതകളോ ഇല്ല. കാരണം, മനുഷ്യർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിലാണ് അല്ലാഹു ഖുർആനെ സംവിധാനിച്ചിട്ടുള്ളത്; ഓരോരുത്തരും അവരുടെ മാനസികമായ തയ്യാറെടുപ്പിനനുസരിച്ച് അതിൽ നിന്നും ആശയങ്ങൾ സ്വീകരിക്കുന്നു. എങ്കിലും, ഖുർആനുമായി തനിച്ചിരിക്കുന്ന ഒരാളും അതിൽ നിന്നും എന്തെങ്കിലും ഒരു നേട്ടം കൊയ്യാതെ പുറത്തുപോകുന്നില്ല. അങ്ങനെ ഓരോ തവണയും അതിൽ നിന്നും അറിവിന്റെയും ആത്മീയതയുടെയും ഓരോ കാര്യങ്ങൾ നേടിയെടുത്ത് മുന്നോട്ട് പോകുമ്പോൾ, ഒടുവിൽ ബുദ്ധിയെ അത്ഭുതപ്പെടുത്തുന്നതും മനസ്സിനെ കീഴടക്കുന്നതുമായ ആ മഹത്തായ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ നാം ചെന്നെത്തിനിൽക്കുക തന്നെ ചെയ്യും.
ആദ്യമായി ആ വചനത്തിന്റെ അർത്ഥം മനസ്സിലാക്കുക, ആ വചനം തന്നെ പലവട്ടം ആവർത്തിച്ചു ഓതുക, ഒരിക്കലും തിടുക്കം കൂട്ടരുത്; മറിച്ച് ആഴത്തിലുള്ള തിരിച്ചറിവിലേക്ക് കൂടുതൽ കൂടുതൽ ഇറങ്ങിച്ചെല്ലുക. രോഗത്തിനുള്ള മരുന്നും മനസ്സിനുള്ള രോഗശമനവും ആത്മാർത്ഥതയോടെ അതിൽ തിരയുക; തീർച്ചയായും അത് കണ്ടെത്തുക തന്നെ ചെയ്യും.
എന്നാൽ ഭൂരിഭാഗം മനുഷ്യരുടെയും അവസ്ഥ എന്തെന്നാൽ, അവർ തദബ്ബുർ ചെയ്യുന്നതിന് പകരം, തദബ്ബുറിനെക്കുറിച്ചുള്ള ചർച്ചകളിലും സംസാരങ്ങളിലും മുഴുകിയിരിക്കുന്നു എന്നതാണ്. അങ്ങനെ അവർ ലക്ഷ്യത്തെ മറന്ന് അതിലേക്കുള്ള മാർഗ്ഗങ്ങളിൽ മാത്രം വ്യാപൃതരായി. വ്യക്തവും നേർരേഖയിലുള്ളതുമായ പ്രധാന പാതയെ ഉപേക്ഷിച്ച് വഴിയരികിലെ ചെറിയ ശാഖാചർച്ചകളിൽ അവർ കുടുങ്ങിപ്പോവുകയും ചെയ്തു.
അതുകൊണ്ട്, ആഴത്തിൽ ചിന്തിക്കുന്നവനായി ഖുർആനിലേക്ക് തിരിയുക, നമുക്കാവശ്യമുള്ളത് അതിൽ തിരയുക; അത് സ്പർശിച്ചറിയുക, തീർച്ചയായും അത് കണ്ടെത്തുക തന്നെ ചെയ്യും.
തീർച്ചയായും ഖുർആനിൽ മനുഷ്യന് (ആവശ്യമുള്ളതെല്ലാം) മതിയായതുണ്ട്
أَوَلَمْ يَكْفِهِمْ أَنَّآ أَنزَلْنَا عَلَيْكَ ٱلْكِتَٰبَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِى ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ
നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. എന്നതു തന്നെ അവര്‍ക്കു മതിയായിട്ടില്ലേ? അതവര്‍ക്ക് ഓതികേള്‍പിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ അനുഗ്രഹവും ഉല്‍ബോധനവുമുണ്ട്. (ഖു൪ആന്‍:29/51)
തദബ്ബുറുൽ ഖുര്‍ആൻ; പ്രായോഗിക ഘട്ടങ്ങൾ
1. തദബ്ബുറിന് വേണ്ടി നിന്റെ മനസ്സിനെ പാകപ്പെടുത്തുക എന്നത് അനിവാര്യമാണ്. ഖുർആനോടുള്ള സ്നേഹത്തിലൂടെയും, അതിനെ ആദരിക്കുന്നതിലൂടെയും, അതിന്റെ സന്മാർഗ്ഗദർശനങ്ങളിലേക്ക് നമുക്കുള്ള കടുത്ത ആവശ്യകതയെക്കുറിച്ച് മനസ്സിൽ തൊട്ടറിയുന്നതിലൂടെയുമാണ് അത് സാധ്യമാകുക.
2. നാം എപ്പോഴും ഖുർആനോടൊപ്പമായിരിക്കുക; പാരായണത്തിലൂടെയും, അത് ശ്രദ്ധിച്ചു കേൾക്കുന്നതിലൂടെയും, നമ്മുടെ മനസ്സിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അതിൽ തിരയുന്നതിലൂടെയും.
3. തഫ്സീറുകളുടെ സഹായത്തോടെ ആയത്തുകളുടെ അർത്ഥം മനസ്സിലാക്കുക; കാരണം തദബ്ബുർ ചെയ്യുന്നതിനുള്ള അടിസ്ഥാന നിബന്ധന അർത്ഥം ഗ്രഹിക്കുക എന്നതാണ്.
4. ആയത്തുകളിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മമായ ആശയങ്ങളും രഹസ്യങ്ങളും തിരിച്ചറിയാൻ സഹായിക്കുന്ന ഗ്രന്ഥങ്ങളുടെ സഹായം തേടുക.
5. ഒരു വചനം തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു പാരായണം ചെയ്യുന്നതിൽ ഒരിക്കലും മടുപ്പ് തോന്നരുത്.
ഖുർആൻ ചിന്തിച്ചു പഠിക്കുന്ന ഒരാൾക്ക് ഏതെങ്കിലും ഒരു പ്രത്യേക വിഷയം നിശ്ചയിക്കാം; എന്നിട്ട് അതിനെക്കുറിച്ച് ഖുർആനിൽ പരതുകയോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രശ്നത്തിലോ പ്രതിസന്ധിയിലോ ഖുർആൻ നൽകുന്ന സന്മാർഗ്ഗദർശനം എന്താണെന്ന് തിരയുകയോ ചെയ്യാവുന്നതാണ്. തീർച്ചയായും അവന് അതിൽ അത്യുൽകൃഷ്ടമായ നന്മ കണ്ടെത്താൻ സാധിക്കും.
തദബ്ബുർ പരിശീലിക്കാൻ പണ്ഢിതന്‍മാര്‍ നിർദ്ദേശിക്കുന്നത്, ‘സൂറത്തുൽ ഫാതിഹ’ കൊണ്ട് തുടക്കം കുറിക്കുക. അതിന് ശേഷം, ‘സൂറ: ഇഖ്‌ലാസ്, സൂറ: ഫലഖ്, സൂറ:അന്നാസ്’ എന്നിവയും, പിന്നീട് ‘സൂറ: അസറും’ തെരഞ്ഞെടുക്കുക. അതിനുശേഷം ‘മുഫസ്സ്വൽ’ (المفصل) ആയ സൂറത്തുകളിലേക്ക് കടക്കുക. അത് സൂറത്ത് ‘ഖാഫ്’ (50) മുതൽ ഖുർആന്റെ അവസാനം വരെയുള്ള സൂറത്തുകളാണ്.
അൽപം കൂടി വലിയ സൂറത്തുകളുടെ കാര്യത്തിൽ, ‘സൂറ: റഅ്ദ്’ (13) നോക്കുക. അതിലെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന വചനങ്ങളെയും, അതിലെ ഉപദേശങ്ങളെയും ആഴത്തിൽ ചിന്തിക്കുക, അതിന്റെ ആശയങ്ങൾ നന്നായി മനസ്സിലാക്കുക.
അതുകൊണ്ട്, ഈ സൂറത്തുകളെ ആഴത്തിൽ ചിന്തിക്കുക, അവയോടൊപ്പം ജീവിക്കുക, അവയെ ഹൃദയത്തിൽ കാത്തുസൂക്ഷിക്കുകയും (മനപ്പാഠമാക്കുകയും) ചെയ്യുക.
അല്ലാഹുവിന്റെ ഗ്രന്ഥവുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെ അവന്റെ വെളിച്ചം കൊണ്ട് നേർവഴിയിലാവുകയാണ് ചെയ്യുന്നത്. ഖുർആനോട് എത്രത്തോളം അടുക്കുന്നുവോ, അത്രത്തോളം അതിനെക്കുറിച്ചുള്ള ഗ്രഹണം വർദ്ധിക്കും. അത് എത്രത്തോളം മനസ്സിലാക്കുകയും, അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നുവോ, അത്രത്തോളം ഈമാൻ വർദ്ധിക്കുകയും അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യും.
തദബ്ബുറുൽ ഖുര്‍ആൻ; ചില നേട്ടങ്ങൾ
1.വിശുദ്ധ ഖുര്‍ആൻ അല്ലാഹുവിൽ നിന്നുളളതാണെന്ന് ബോധ്യപ്പെടും, അത് വൈരുദ്ധ്യമില്ലാത്ത ഗ്രന്ഥമാണെന്നും ബോധ്യപ്പെടും.
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَٰفًا كَثِيرًا
അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. (ഖുർആൻ :4/82)
അല്ലാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ച് ഉറ്റാലോചിക്കുന്നതിന്റെ പ്രയോജനത്തിൽ പെട്ടതാണ്: അടിമ അത് അല്ലാഹുവിന്റെ സംസാരമാണെന്ന് ഉറപ്പിന്റെയും അറിവിന്റെയും തലത്തിലെത്തുന്നു. അതിന്റെ ഭാഗങ്ങൾ മറ്റ് ഭാഗങ്ങളെ സ്ഥിരീകരിക്കുന്നു, കൂടാതെ അതിന്റെ ഭാഗങ്ങൾ പരസ്പരം യോജിക്കുന്നു. അതിനാൽ ഖുർആനിൽ പലയിടത്തും ആവർത്തിച്ചുവരുന്ന വിധികളും കഥകളും വിവരണങ്ങളും കാണാൻ കഴിയും, അവയെല്ലാം പരസ്പരം യോജിപ്പിലും സത്യത്തിലുമാണ്. പരസ്പര വിരുദ്ധമായി യാതൊന്നുമില്ല. അങ്ങനെ ഖുർആൻ പൂർണതയുള്ളതാണെന്നും അത് എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന അറിവുള്ളവനിൽ നിന്നാണെന്നും അറിയാം. അതുകൊണ്ടാണ് അല്ലാഹു പറയുന്നത്: {അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു} അതായത്, അത് അല്ലാഹുവിൽ നിന്നുള്ളതായതിനാൽ, അതിൽ വൈരുദ്ധ്യങ്ങളൊന്നുമില്ല. (തഫ്സീറുസ്സഅ്ദി)
2.വിശുദ്ധ ഖുര്‍ആൻ മനുഷ്യന് ആവശ്യമുള്ളതാണെന്നും ബോധ്യപ്പെടും.
أَفَلَمْ يَدَّبَّرُوا۟ ٱلْقَوْلَ أَمْ جَآءَهُم مَّا لَمْ يَأْتِ ءَابَآءَهُمُ ٱلْأَوَّلِينَ
ഈ വാക്കിനെ (ഖുര്‍ആനിനെ) പ്പറ്റി അവര്‍ ആലോചിച്ച് നോക്കിയിട്ടില്ലേ? അതല്ല, അവരുടെ പൂര്‍വ്വപിതാക്കള്‍ക്ക് വന്നിട്ടില്ലാത്ത ഒരു കാര്യമാണോ അവര്‍ക്ക് വന്നുകിട്ടിയിരിക്കുന്നത്? (ഖുർആൻ :23/68)
3.ഖുര്‍ആനിന്റെ അവതരണ ലക്ഷ്യം ബോധ്യപ്പെടും
ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ
നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:38/29)
{لِيَدَّبَّرُوا آيَاتِهِ} أي: هذه الحكمة من إنزاله، ليتدبر الناس آياته، فيستخرجوا علمها ويتأملوا أسرارها وحكمها، فإنه بالتدبر فيه والتأمل لمعانيه، وإعادة الفكر فيها مرة بعد مرة، تدرك بركته وخيره،
{ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും} അതായത്: ഈ ഗ്രന്ഥം അവതരിപ്പിച്ചതിന് പിന്നിലെ പരമമായ യുക്തി ഇതാണ്; മനുഷ്യർ ഇതിലെ വചനങ്ങൾ തദബ്ബുർ ചെയ്യണം, അതിലൂടെ ഇതിലെ അറിവുകൾ പുറത്തെടുക്കണം, അതിന്റെ രഹസ്യങ്ങളെയും യുക്തികളെയും കുറിച്ച് ആഴത്തിൽ ചിന്തിക്കണം. തീർച്ചയായും, ഖുർആനിൽ തദബ്ബുർ ചെയ്യുന്നതിലൂടെയും, അതിന്റെ ആശയങ്ങളെക്കുറിച്ച് ആഴത്തിൽ ആലോചിക്കുന്നതിലൂടെയും, ഒരേ ചിന്ത തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നതിലൂടെയും മാത്രമേ അതിന്റെ ബർക്കത്തും നന്മയും തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. (തഫ്സീറുസ്സഅ്ദി)
4.ഹൃദയം തുറക്കപ്പെടും
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ
അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ? (ഖുർആൻ :47/24)
ഖുർആനെക്കുറിച്ച് ചിന്തിക്കുക എന്നത് ഹൃദയത്തിലെ പൂട്ടുകൾക്ക് എതിരായ (അവയെ തുറക്കുന്ന) ഒന്നായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതിനാൽ, ഒരു അടിമ എത്രത്തോളം (ഖുർആനിൽ) ചിന്തിക്കുന്നുവോ, അത്രത്തോളം അവന്റെ ഹൃദയത്തിലെ പൂട്ടുകൾ തുറക്കപ്പെടുകയും, അതിനനുസരിച്ച് സന്മാർഗ്ഗവും ഈമാനും അവനിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. (മജ്മൂഉൽ ഫതാവ:7/398 – ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ )
www.kanzululoom.com