ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറകൾ (أسس العقيدة الإسلامية)
ഇസ്ലാം മതം എന്നാൽ അഖീദയും ശരീഅത്തുമാണ്.
അഖീദ എന്നാൽ: അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും ഖദറിലും – അതിന്റെ നന്മയിലും തിന്മയിലും – വിശ്വസിക്കുക എന്നതാണ് അതിന്റെ അടിസ്ഥാനങ്ങൾ. വിശുദ്ധ ഖുര്‍ആനും തിരുസ്സുന്നത്തും ഈ അടിസ്ഥാനങ്ങളെ വ്യക്തമായി തെളിയിച്ചിട്ടുള്ളതാണ്.
അല്ലാഹു പറയുന്നു:
لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّـۧنَ …….
നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്മാരിലും വിശ്വസിക്കുകയും …….. (ഖു൪ആന്‍:2/177)
ഖദറിനെ കുറിച്ച് അല്ലാഹു പറയുന്നു:
إِنَّا كُلَّ شَىْءٍ خَلَقْنَٰهُ بِقَدَرٍ ﴿٤٩﴾وَمَآ أَمْرُنَآ إِلَّا وَٰحِدَةٌ كَلَمْحِۭ بِٱلْبَصَرِ ﴿٥٠﴾
തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു. നമ്മുടെ കല്പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിന്റെ ഒരു ഇമവെട്ടല്‍ പോലെ.(ഖു൪ആന്‍:54/49-50)
സുന്നത്തിൽ നിന്നുള്ള തെളിവ്: ജിബ്രീൽ عليه السلام ഈമാനിനെ (വിശ്വാസത്തെ) കുറിച്ച് ചോദിച്ചപ്പോൾ നബി ﷺ മറുപടിയായി പറഞ്ഞത് ഇപ്രകാരമാണ്:
الإيمان: أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ.
‘ഈമാന്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും, അവസാന നാളിലും, വിശ്വസിക്കലാകുന്നു. നീ ഖദറില്‍, അതിന്റെ നന്മയിലും അതിന്റെ തിന്മയിലും വിശ്വസിക്കലുമാണ്.
أهداف العقيدة الإسلامية (ഇസ്ലാമിക വിശ്വാസ കാര്യങ്ങളുടെ ലക്ഷ്യങ്ങൾ)
الهدف (ലക്ഷ്യം) എന്നതിന്റെ ഭാഷാപരമായ അർത്ഥം: പല അർത്ഥങ്ങൾക്കായി ഇത് പ്രയോഗിക്കപ്പെടുന്നു; അതിൽ പെട്ടതാണ്: (ലക്ഷ്യസ്ഥാനം; അങ്ങോട്ട് എറിയാൻ വേണ്ടി അത് നാട്ടിനിർത്തപ്പെടുന്നു, ഉദ്ദേശിക്കപ്പെടുന്ന ഏതൊരു കാര്യവും ഇതിൽ ഉൾപ്പെടുന്നു)
ഇസ്ലാമിക വിശ്വാസകാര്യങ്ങളുടെ ലക്ഷ്യങ്ങൾ എന്നാൽ: അത് മുറുകെ പിടിക്കുന്നതിലൂടെ കൈവരുന്ന അതിന്റെ ഉന്നതമായ ഉദ്ദേശ്യങ്ങളും മഹത്തായ ലക്ഷ്യസ്ഥാനങ്ങളുമാണ്. അവ വളരെ ഏറെയും വൈവിധ്യമുള്ളതുമാണ്; അവയിൽ പെട്ടതാണ്:
ഒന്നാമതായി: ഉദ്ദേശ്യശുദ്ധിയും (നിയ്യത്ത്) ആരാധനയും അല്ലാഹുവിന് മാത്രം ആത്മാർത്ഥമായി അർപ്പിക്കുക (ഇഖ്ലാസ്). കാരണം അവനാണ് പങ്കാളികളില്ലാത്ത സ്രഷ്ടാവ്; അതിനാൽ ഉദ്ദേശ്യവും ആരാധനയും അവന് മാത്രമായിരിക്കൽ നിർബന്ധമാണ്.
രണ്ടാമതായി: ഹൃദയത്തിൽ ഈ വിശ്വാസം ഇല്ലാത്തതുകൊണ്ട് ഉടലെടുക്കുന്ന അരാജകവും ദിശതെറ്റിയതുമായ ആശയക്കുഴപ്പങ്ങളിൽ നിന്നും ചിന്തകളിൽ നിന്നും ബുദ്ധിയെയും ചിന്താശേഷിയെയും മോചിപ്പിക്കുക. കാരണം, ആരുടെ ഹൃദയത്തിൽ നിന്ന് ഈ വിശ്വാസം ശൂന്യമായിരിക്കുന്നുവോ, അവൻ ഒന്നുകിൽ എല്ലാ വിശ്വാസങ്ങളിൽ നിന്നും ഹൃദയം ഒഴിഞ്ഞവനും ഭൗതിക വസ്തുക്കളെ മാത്രം ആരാധിക്കുന്നവനുമായിരിക്കും; അല്ലെങ്കിൽ വിശ്വാസങ്ങളിലെ വഴികേടുകളിലും അന്ധവിശ്വാസങ്ങളിലും പെട്ട് ഉഴലുന്നവനായിരിക്കും.”
മൂന്നാമതായി: മാനസികവും ബൗദ്ധികവുമായ സമാധാനമാണ്. ഹൃദയത്തിൽ ആശങ്കയോ ചിന്തകളിൽ അസ്വസ്ഥതയോ ഉണ്ടാകുകയില്ല. കാരണം, ഈ വിശ്വാസം സത്യവിശ്വാസിയെ അവന്റെ സൃഷ്ടാവുമായി ബന്ധിപ്പിക്കുന്നു. അങ്ങനെ അവൻ അല്ലാഹുവിനെ തന്റെ പരിപാലകനായ റബ്ബായും നിയമങ്ങളും വിധികളും നിശ്ചയിക്കുന്ന പരമാധികാരിയായും തൃപ്തിപ്പെടുന്നു. തന്മൂലം അവന്റെ ഹൃദയം അല്ലാഹുവിന്റെ വിധിയെക്കുറിച്ച് സമാധാനമടയുകയും, ഇസ്ലാമിന് വേണ്ടി അവന്റെ നെഞ്ചകം തുറക്കപ്പെടുകയും (ആശ്വാസം ലഭിക്കുകയും) ചെയ്യുന്നു. അതിനാൽ അവൻ അതിനുപകരം മറ്റൊന്നിനെയും തേടിപ്പോവുകയുമില്ല.
നാലാമതായി: അല്ലാഹുവിനെ ആരാധിക്കുന്നതിലോ സൃഷ്ടികളോട് ഇടപഴകുന്നതിലോ ഉദ്ദേശ്യത്തിലും പ്രവർത്തനത്തിലും വ്യതിചലനം വരാതെ സുരക്ഷിതമായിരിക്കുക എന്നതാണ്. കാരണം, പ്രവാചകന്മാരിലുള്ള വിശ്വാസമാണ് അതിന്റെ അടിസ്ഥാനങ്ങളിൽ പെട്ട ഒന്ന്. അത് ഉദ്ദേശ്യത്തിലും പ്രവർത്തനത്തിലും സുരക്ഷിതത്വമുള്ള അവരുടെ മാർഗ്ഗം പിൻപറ്റുന്നതിനെ ഉൾക്കൊള്ളുന്നുണ്ട്.
അഞ്ചാമതായി: കാര്യങ്ങളിൽ ദൃഢനിശ്ചയവും ഗൗരവവും ഉണ്ടായിരിക്കുക എന്നതാണ്. അതായത്, പ്രതിഫലം ആഗ്രഹിച്ചുകൊണ്ട്, സൽപ്രവൃത്തി ചെയ്യാനുള്ള ഒരവസരവും പാഴാക്കിക്കളയാതെ അവൻ അത് പ്രയോജനപ്പെടുത്തുന്നു. ശിക്ഷയെ ഭയപ്പെട്ടുകൊണ്ട് പാപത്തിന്റെ ഒരു സാഹചര്യവും സമീപത്തേക്ക് വരാതെ അവൻ അതിൽ നിന്നും അകലം പാലിക്കുകയും ചെയ്യുന്നു. കാരണം, ഉയിർത്തെഴുന്നേൽപ്പിലും പ്രവർത്തനങ്ങൾക്ക് പ്രതിഫലം ലഭിക്കുമെന്നുള്ളതിലുമുള്ള വിശ്വാസമാണ് അതിന്റെ അടിസ്ഥാനങ്ങളിൽ പെട്ട ഒന്ന്.
അല്ലാഹു പറയുന്നു:
وَلِكُلٍّ دَرَجَٰتٌ مِّمَّا عَمِلُوا۟ ۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا يَعْمَلُونَ
ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി പല പദവികളുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നിന്റെ രക്ഷിതാവ് ഒട്ടും അശ്രദ്ധനല്ല. (ഖുര്‍ആന്‍:6/132)
ഈ ലക്ഷ്യത്തിലേക്ക് പ്രോത്സാഹിപ്പിച്ചുകൊണ്ട് നബി ﷺ ഇപ്രകാരം പറഞ്ഞു:
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللهِ وَلَا تَعْجَزْ، وَإِنْ أَصَابَكَ شَيْءٌ، فَلَا تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا، وَلَكِنْ قُلْ قَدَرُ اللهِ وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ മുസ്ലിമിനേക്കാള് ഉത്തമനും അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവനും. എല്ലാവരിലും നന്മയുണ്ട്. നിനക്ക് പ്രയോജനപ്പെടുന്നതിനോട് താല്പര്യം കാണിക്കുക. അല്ലാഹുവിനോട് സഹായം തേടുക. നീ ദുര്‍ബലനായിപ്പോകരുത് നിനക്കെന്തെങ്കിലും (വിപത്ത്) ബാധിച്ചാല്‍ ‘ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്രകാരമൊക്കെ ആകുമായിരുന്നു’ എന്ന് നീ പറയരുത്. പകരം ‘അല്ലാഹു കണക്കാക്കിയ വിധി, അവനുദ്ദേശിച്ചത് നടന്നു’ എന്ന് പറയുക. കാരണം ‘ലൌ(എങ്കില്‍)’ എന്ന പ്രയോഗം (അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ചെയ്യാതിരുന്നുവെങ്കില്‍ എന്ന് പറയുന്നത്) പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതാണ്. (മുസ്ലിം:2664)
ആറാമതായി: തങ്ങളുടെ മതത്തെ ഉറപ്പനിർത്താനും അതിന്റെ അടിത്തറകൾ ദൃഢമാക്കാനും വിലപിടിപ്പുള്ളതും അല്ലാത്തതുമായ സർവ്വസ്വവും സമർപ്പിക്കാൻ തയ്യാറുള്ള, ശക്തമായ ഒരു സമൂഹത്തെ രൂപീകരിക്കുക എന്നതാണ്. ആ മാർഗ്ഗത്തിൽ തങ്ങൾക്ക് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അവർ ഒട്ടും ഉത്കണ്ഠപ്പെടുകയുമില്ല. അല്ലാഹു പറയുന്നു:
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ
അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളുംകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തതാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവന് തന്നെയാകുന്നു സത്യവാന്മാര്. (ഖുർആൻ:49/15)
ഏഴാമതായി: വ്യക്തികളെയും സമൂഹങ്ങളെയും നന്നാക്കിക്കൊണ്ട് ഇഹപര സൗഭാഗ്യം കൈവരിക്കുക, പ്രതിഫലങ്ങളും ഉന്നത പദവികളും നേടിയെടുക്കുക എന്നിവയാണ്. അല്ലാഹു പറയുന്നു:
مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖുർആൻ:16/97)
ഇവയാണ് ഇസ്ലാമിക വിശ്വാസത്തിന്റെ ചില ലക്ഷ്യങ്ങൾ. അല്ലാഹു അവ നമുക്കും എല്ലാ മുസ്ലിങ്ങൾക്കും സാധിപ്പിച്ചു തരാൻ നാം ആഗ്രഹിക്കുന്നു. തീർച്ചയായും അവൻ ഔദാര്യവാനും മാന്യനുമാകുന്നു. സർവ്വലോക പരിപാലകനായ അല്ലാഹുവിനാണ് സർവ്വസ്തുതിയും.
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.
അവലംബം: മുഹമ്മദ് ബ്നു സ്വാലിഹ് അല്‍-ഉഥൈമീന്‍ رحمه الله യുടെ كتاب نبذة في العقيدة الإسلامية എന്ന കൃതിയിൽ നിന്നും
www.kanzululoom.com