الكتب (ഗ്രന്ഥങ്ങൾ) എന്നത് مكتوب (എഴുതപ്പെട്ടത്) എന്ന അർത്ഥം വരുന്ന كتاب എന്ന വാക്കിന്റെ ബഹുവചനമാണ്.
ഇവിടെ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്: സൃഷ്ടികൾക്ക് കാരുണ്യവും വഴികാട്ടിയുമായി അല്ലാഹു അവന്റെ ദൂതന്മാർക്ക് ഇറക്കിക്കൊടുത്ത ഗ്രന്ഥങ്ങളെയാണ്; അതിലൂടെ അവർക്ക് ഇഹലോകത്തിലും പരലോകത്തിലും തങ്ങളുടെ സൗഭാഗ്യത്തിൽ എത്തിച്ചേരാൻ വേണ്ടി.
വേദഗ്രന്ഥങ്ങളിലുള്ള വിശ്വസം നാല് കാര്യങ്ങളെ ഉൾക്കൊള്ളുന്നു:
ഒന്നാമത്തേത്: വേദഗ്രന്ഥങ്ങളുടെ ഇറക്കം അല്ലാഹുവിങ്കൽ നിന്നാണെന്ന് യാഥാർത്ഥ്യബോധത്തോടെ വിശ്വസിക്കൽ.
രണ്ടാമത്തേത്: പേരുകൾ അറിയുന്ന ഗ്രന്ഥങ്ങളെ അവയുടെ പേരുപറഞ്ഞു കൊണ്ട് വിശ്വസിക്കുക. ഉദാഹരണത്തിന്: മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ട ഖുർആൻ, മൂസാ നബി عليه السلام ക്ക് ഇറക്കിക്കൊടുക്കപ്പെട്ട തൗറാത്ത്, ഈസാ നബി عليه السلام ക്ക് ഇറക്കിക്കൊടുക്കപ്പെട്ട ഇഞ്ചീൽ, ദാവൂദ് നബി عليه السلام ക്ക് നൽകപ്പെട്ട സബൂർ എന്നിവ. എന്നാൽ പേരറിയാത്തവയെ നാം മൊത്തത്തിലും വിശ്വസിക്കുന്നു.
മൂന്നാമത്തേത്: അവയിൽ നിന്ന് ശരിയായി വന്നിട്ടുള്ള വിവരങ്ങളെല്ലാം സത്യപ്പെടുത്തുക, ഖുർആനിൽ വന്നതുപോലെ. മുൻവേദഗ്രന്ഥങ്ങളിൽ മാറ്റിമറിക്കപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യാതെ ബാക്കിയുള്ളവയുടെ വിവരങ്ങളെയും (സത്യപ്പെടുത്തുക)
നാലാമത്തേത്: അവയിൽ നിന്ന് ദുർബലപ്പെടുത്തപ്പെടാത്ത (റദ്ദാക്കപ്പെടാത്ത) നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക; അതിന്റെ യുക്തി നമുക്ക് മനസ്സിലാകുകയോ മനസ്സിലാകാതിരിക്കുകയോ ചെയ്യട്ടെ, അതിൽ പൂർണ്ണമായ തൃപ്തിയും വിധിവിലക്കുകൾക്ക് വിധേയപ്പെടലും ഉണ്ടാവുക. മുൻവേദഗ്രന്ഥങ്ങളെല്ലാം മഹത്തായ ഖുർആൻ വഴി നിയമപരമായി ദുർബലപ്പെടുത്തപ്പെട്ടിരിക്കുന്നു (അവയുടെ നിയമങ്ങൾ ഖുർആൻ കൊണ്ട് ദുർബലമായിരിക്കുന്നു). അല്ലാഹു പറയുന്നു:
وَأَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَٰبِ وَمُهَيْمِنًا عَلَيْهِ ۖ
നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. (ഖു൪ആന്‍:5/48)
അതായത്: അവയുടെ മേൽ വിധികർത്താവാക്കിക്കൊണ്ട്.
അതുപ്രകാരം, മുൻഗ്രന്ഥങ്ങളിലെ യാതൊരു വിധികളും അനുസരിച്ച് പ്രവർത്തിക്കാൻ പാടില്ല; അവയിൽ നിന്ന് ശരിയായതായി സ്ഥിരപ്പെടുകയും, ഖുർആൻ അംഗീകരിക്കുകയും ചെയ്തവ ഒഴികെ.
വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം ഉത്തമമായ ഫലങ്ങൾ നൽകുന്നു. അവയിൽ ചിലത് താഴെ പറയുന്നവയാണ്:
ഒന്നാമത്തേത്: അല്ലാഹു തന്റെ ദാസന്മാരോട് കാണിക്കുന്ന കാരുണ്യത്തെയും പരിപാലനയെയും കുറിച്ചുള്ള അറിവ്. എങ്ങനെയെന്നാൽ, ഓരോ ജനതയ്ക്കും അവരെ നേരായ മാർഗ്ഗത്തിലേക്ക് നയിക്കാനായി അവൻ ഓരോ ഗ്രന്ഥവും ഇറക്കിക്കൊടുത്തു.
രണ്ടാമത്തേത്: അല്ലാഹുവിന്റെ നിയമനിർമ്മാണത്തിലെ യുക്തി മനസ്സിലാക്കൽ; അതായത്, ഓരോ ജനതയുടെയും അവസ്ഥകൾക്ക് അനുയോജ്യമായ നിയമങ്ങളാണ് അവൻ നിശ്ചയിച്ചു നൽകിയത്. അല്ലാഹു പറഞ്ഞതു പോലെ:
لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا
നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. (ഖു൪ആന്‍:5/48)
മൂന്നാമത്തേത്: ഇക്കാര്യത്തിലുള്ള (വേദഗ്രന്ഥങ്ങൾ നൽകിയതിലുള്ള) അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി ചെയ്യുക.
മുഹമ്മദ് ബ്നു സ്വാലിഹ് അല്‍-ഉഥൈമീന്‍ رحمه الله യുടെ كتاب نبذة في العقيدة الإسلامية എന്ന കൃതിയിൽ നിന്നും
www.kanzululoom.com