ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله യുടെ കവിത ‘ലാമിയ്യ’ യുടെ ലഘുവിവരണം
ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട വളരെ പ്രശസ്തമായ ഒരു ലഘുകവിതയാണ് അൽ-ലാമിയ്യ (اللامية لابن تيمية). ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله യുടെ പേരിലാണ് ഈ കവിത അറിയപ്പെടുന്നത്. കവിതയിലെ ഓരോ വരിയും അവസാനിക്കുന്നത് അറബിയിലെ ‘ലാം’ (ل) എന്ന അക്ഷരത്തിൽ അവസാനിക്കുന്നതുകൊണ്ടാണ് ഇതിന് ‘ലാമിയ്യ’ എന്ന് പേര് വന്നത്.
ഇബ്നു തൈമിയ്യ رحمه الله : ഒരു പരിചയപ്പെടുത്തല്‍
ഇമാമുമാരുടെ ശൈഖ്, മുഫസ്സിർ, മുജ്തഹിദ്, ബിദ്അതുകാരുടെ വേരറുത്തയാൾ, ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷം ദീനിന്റെ പരിഷ്കർത്താവും സുന്നത്തിന്റെ സംരക്ഷകനും; എന്നൊക്കെ അദ്ധേഹം അറിയപ്പെടുന്നു. തഖിയുദ്ദീൻ അബുൽ അബ്ബാസ് അഹ്മദ് ബിൻ അബ്ദുൽ ഹലീം ബിൻ അബ്ദുൽ സലാം ബിൻ അബ്ദുല്ല ബിൻ അബിൽ ഖാസിം ബിൻ തൈമിയ്യ അൽ-ഹർറാനി. അദ്ദേഹത്തിന്റെ പിതാവും പിതാമഹനും ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാരിൽ പെട്ടവരാണ്. ഹിജ്റ 728-ൽ അദ്ദേഹം വഫാത്തായി.
ലാമിയ്യ : ഒരു പരിചയപ്പെടുത്തല്‍:
അത് 16 വരികളുള്ള ഒരു കാവ്യരൂപമാണ്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله യുടെ കത്തുകൾക്കും ഗ്രന്ഥങ്ങൾക്കുമിടയിൽ ഒരു കൈയെഴുത്തുപ്രതിയായി ഇത് കണ്ടെടുക്കപ്പെടുകയും, അതിൽ ചിലതിന്റെ മുകളിൽ ‘ഇബ്നു തൈമിയ്യയുടെ അഖീദ’ എന്ന് എഴുതപ്പെട്ടിട്ടുണ്ടാകുകയും ചെയ്തതുകൊണ്ടാണ് ഇത് അദ്ദേഹത്തിലേക്ക് ചേർത്തുപറയപ്പെടാൻ കാരണം.
എന്നാൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൊന്നും ഇത് പരാമർശിക്കപ്പെട്ടിട്ടില്ല; ശിഷ്യനായ ഇബ്നുൽ ഖയ്യിം رحمه الله ശൈഖുൽ ഇസ്ലാമിന്റെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഇതും എണ്ണിയിട്ടുമില്ല. അതുകൊണ്ടാണ് പണ്ഡിതന്മാർ ഇതിനെ “ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയിലേക്ക് ചേർത്തുപറയപ്പെടുന്ന കവിത” എന്ന് വിശേഷിപ്പിക്കുന്നത്. എങ്കിലും, ചുരുങ്ങിയ വരികളിൽ വലിയ അർത്ഥതലങ്ങളുള്ള വിലപ്പെട്ട ഒരു കവിതയാണിത്. ഇതിൽ അടങ്ങിയിരിക്കുന്ന ആശയങ്ങൾ പൂർണ്ണമായും സത്യമാണ്.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله യുടെ ‘ലാമിയ്യ’യുടെ രചനയെക്കുറിച്ചുള്ള ആ ആരോപണത്തെ (അത് അദ്ദേഹത്തിന്റേതാണോ എന്ന ചർച്ചയെ) കുറിച്ച് അബ്ദുറഹ്മാൻ അൽ-അഖ്ൽ തന്റെ بدر التمام شرح لامية شيخ الإسلام എന്ന ഗ്രന്ഥത്തിൽ വളരെ മനോഹരമായ ഒരു പഠനം നടത്തിയിട്ടുണ്ട്.
ലാമിയ്യ
ഈ കവിതയിൽ വിശ്വാസകാര്യങ്ങളിൽ പെട്ട ചില വിഷയങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്, എല്ലാ വിഷയങ്ങളുമല്ല; ഒരാള്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയെന്ന നിലയ്ക്കാണ് ഇത് രചിക്കപ്പെട്ടതെന്നതാണ് ഇതിന് കാരണം. ഫത്വ എപ്പോഴും ചോദിക്കപ്പെടുന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരിക്കുമല്ലോ വരുന്നത്.
يا سَائِلي عَنْ مَذْهَبِي وعَقيدَتِي … رُزِقَ الهُدى مَنْ لِلْهِدايةِ يَسْأَلُ
എന്റെ മദ്ഹബിനെ (നിലപാടിനെ) കുറിച്ചും എന്റെ അഖീദയെ (വിശ്വാസത്തെ) കുറിച്ചും ചോദിക്കുന്നവനേ … നേർവഴി ചോദിക്കുന്നവന് സന്മാർഗ്ഗം നൽകപ്പെട്ടിരിക്കുന്നു /നൽകപ്പെടട്ടെ.
▪️കർമ്മശാസ്ത്രപരമായ ശാഖാവിഷയങ്ങളിലാണ് സാധാരണയായി ‘മദ്ഹബ്’ എന്ന് പറയാറുള്ളതെങ്കിലും, ഇവിടെ അത് കൊണ്ടുദ്ദേശിക്കുന്നത് വിശ്വാസകാര്യങ്ങളിൽ സ്വീകരിക്കുന്ന നിലപാടാണ്. മനസ്സ് ഉറപ്പിച്ച് പൂർണ്ണമായി വിശ്വസിക്കുന്ന കാര്യത്തിനാണ് ‘അഖീദ’ (വിശ്വാസം) എന്ന് പറയുന്നത്.
▪️തന്റെ വിശ്വാസവും മാർഗ്ഗവും എന്താണെന്ന് ചോദിച്ചു വന്ന ആളോട് ദേഷ്യപ്പെടുകയോ വിമുഖത കാണിക്കുകയോ ചെയ്യാതെ, “നിനക്ക് അല്ലാഹു നേർവഴി നൽകട്ടെ” എന്ന് സ്നേഹത്തോടെ പ്രാർത്ഥിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. സത്യം അറിയാൻ ആഗ്രഹിച്ചു വരുന്നവർക്ക് അത് ലഭിക്കട്ടെ എന്ന നല്ല മനസ്സാണ് ഇവിടെ കാണിക്കുന്നത്.
▪️സച്ചരിതമായ ഉദ്ദേശ്യത്തോടെ നേർവഴി തേടുന്ന ഏതൊരാൾക്കും അല്ലാഹു അത് സൗകര്യപ്പെടുത്തിക്കൊടുക്കുമെന്ന അറിയിപ്പും അതില്‍ അടങ്ങിയിരിക്കുന്നു.
▪️അറിവിന്റെ ആളുകളുടെ അടുക്കലേക്ക് വിവരങ്ങൾ ചോദിച്ചുവരുന്നവർ തങ്ങളുടെ ലക്ഷ്യം സത്യവും സന്മാർഗ്ഗവും ആണെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഉണർത്തലും ഇതിലുണ്ട്.
اسمَعْ كَلامَ مُحَقِّقٍ في قَـولـِه … لا يَنْـثَني عَنـهُ ولا يَتَبَـدَّلُ
ഒരു ദൃഢതയുള്ളവന്റെ വാക്ക് നീ കേൾക്കുക … അവന് അതിൽ നിന്ന് വ്യതിചലിക്കുകയോ മാറിപ്പോവുകയോ ഇല്ല.
▪️താൻ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രഹിച്ചതും മനസ്സിലാക്കിയതുമായ സത്യത്തിൽ യാതൊരു സംശയവുമില്ലാത്ത, പൂർണ്ണ ബോധ്യമുള്ള ഒരു പണ്ഡിതന്റെ വാക്കുകളാണ് ഇനി പറയാൻ പോകുന്നത് എന്ന് ഇവിടെ വ്യക്തമാക്കുന്നു.
▪️ആളുകൾ എന്തുതന്നെ പറഞ്ഞാലും, സമൂഹത്തിൽ എന്തുതന്നെ മാറ്റങ്ങൾ ഉണ്ടായാലും, അല്ലെങ്കിൽ തനിക്കെതിരെ എത്ര വലിയ എതിർപ്പുകളും പരീക്ഷണങ്ങളും വന്നാലും താൻ സ്വീകരിച്ച സത്യത്തിന്റെ ആദർശത്തിൽ നിന്ന് അണുകടൽ പോലും വ്യതിചലിക്കാൻ ആ പണ്ഡിതൻ തയ്യാറല്ല. ജീവിതത്തിലുടനീളം നേരിട്ട വലിയ കോലാഹലങ്ങൾക്കിടയിലും ഇബ്നു തൈമിയ്യ رحمه الله പുലർത്തിയ അടിയുറച്ച നിലപാടിന്റെ നേർസാക്ഷ്യമാണിത്.
▪️ഖുർആനെയും സുന്നത്തിനെയും അടിസ്ഥാനമാക്കി, തെളിവുകളിലൂടെ സത്യം മനസ്സിലാക്കി അതിൽ ഉറച്ചുനിൽക്കുന്ന പണ്ഡിതന്റെ വാക്കുകൾ പൂർണ്ണ മനസ്സോടെയും പ്രയോജനപ്പെടുത്തണമെന്ന ആഗ്രഹത്തോടെയും കേൾക്കണം; യഥാർത്ഥ വിശ്വാസികളുടെ നിലപാട് ഇതായിരിക്കണം.
▪️സത്യം മനസ്സിലാക്കിയ ഒരാൾ അതിൽ കൽഭിത്തി പോലെ ഉറച്ചുനിൽക്കണം എന്ന മഹത്തായ പാഠവും ഈ വരികൾ നൽകുന്നുണ്ട്. ഭൗതികമായ നേട്ടങ്ങൾക്കോ ജനങ്ങളുടെ പ്രീതിക്കോ വേണ്ടി തന്റെ വിശ്വാസങ്ങളിൽ വെള്ളം ചേർക്കാനോ പാടില്ല.
حُبُّ الصَّحابَةِ كُلّهِمْ لي مَذْهَبٌ … وَمَوَدَّةُ القُرْبى بِها أَتَوَسّــلُ
എല്ലാ സ്വഹാബാക്കളെയും സ്നേഹിക്കുക എന്നത് എന്റെ മദ്ഹബാണ് … (മുഹമ്മദ് നബി ﷺ യുടെ) കുടുംബത്തോടുള്ള സ്നേഹം കൊണ്ട് ഞാൻ (അല്ലാഹുവിങ്കലേക്ക്) അടുപ്പം തേടുന്നു.
▪️മതത്തിന്റെ വാഹകരായതുകൊണ്ടാണ് സ്വഹാബികളെ മുൻനിർത്തിക്കൊണ്ട് അദ്ദേഹം ഇത് ആരംഭിച്ചത്. സ്വഹാബികളും താബിഉകളും താബിഉത്താബിഉകളുമാണ് സലഫുസ്സ്വാലിഹുകൾ. വിശുദ്ധ ഖുർആനും സുന്നത്തും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനവും ഇസ്ലാം ഗ്രഹിച്ചെടുക്കുന്നതിനുള്ള അടിത്തറയുമാണ് സ്വഹാബികളുടെ അറിവും അവരുടെ ജീവിതരീതിയും. സ്വഹാബികളെ പിന്തുടരുന്നവരാണ് താബിഉകൾ; സ്വഹാബികളുടെ പാത പിന്തുടർന്ന് അവരുടെ ചുവടുപിടിച്ച് ജീവിച്ച താബിഉകളെ പിൻപറ്റുന്നവരാണ് താബിഉത്താബിഉകള്‍.
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ
അബ്ദില്ലാ رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്. പിന്നീട് അതിനുശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍. (ബുഖാരി:2652)
▪️മുഹമ്മദ് നബി ﷺ യുടെ എല്ലാ സ്വഹാബികളെയും യാതൊരു പക്ഷപാതവുമില്ലാതെ സ്നേഹിക്കുക എന്നത് അഹ്ലുസ്സുന്ന വൽജമാഅത്തിന്റെ അടിത്തറയാണ്. അവരിൽ ആരെയും ആക്ഷേപിക്കുകയോ വെറുക്കുകയോ ചെയ്യാതെ എല്ലാവരെയും ആദരിക്കണം. അതുകൊണ്ടാണ് അദ്ദേഹം (كلهم – എല്ലാവരെയും) എന്ന് പറഞ്ഞത്. മറ്റുള്ള മനുഷ്യരെ സ്നേഹിക്കുന്നതിനേക്കാൾ ഉപരിയായ ഒരു പ്രത്യേക സ്നേഹമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ .
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ഒരാളും (യഥാര്‍ഥ) വിശ്വാസിയാവുകയില്ല. (ബുഖാരി, മുസ്ലിം)
ഇത് പൊതുവായ മുസ്ലിംകളെയെല്ലാം സംബന്ധിച്ചാണെങ്കിൽ, സ്വഹാബികളുടെ കാര്യത്തിൽ ഇതിനേക്കാൾ ഉപരിയായ സ്നേഹം അനിവാര്യമാണ്.
▪️സ്വഹാബികളെ സ്നേഹിക്കൽ ഈമാനിൽ പെട്ടതാണ്; അവരെ വെറുക്കൽ കപടവിശ്വാസവുമാണ്.
▪️നബി ﷺ യുടെ കുടുംബാംഗങ്ങളെയും സ്നേഹിക്കുക എന്നത് ഇതിൽ പെടുന്നു. അതായത്, നബി കുടുംബത്തോടും സ്വഹാബികളോടുമുള്ള സ്നേഹം കൊണ്ട് ഞാൻ അല്ലാഹുവിലേക്ക് അടുക്കുന്നു. ആ സ്നേഹം അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലം ലഭിക്കുന്ന സൽകർമ്മവും അവനിലേക്കടുക്കാനുള്ള മാർഗ്ഗവും (തവസ്സുൽ) ആണെന്ന് താൻ കാണുന്നുവെന്നും വ്യക്തമാക്കുന്നു.
▪️എന്നാൽ വ്യക്തികളുടെ ഹഖ്, ജാഹ്, ബർകത്ത് എന്നിവ മുൻനിർത്തിക്കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ആക്കുന്നത് ശറഇല്‍ ഇല്ലാത്തതാണ്; അതിന് തെളിവില്ലാത്തതിനാൽ അത് ബിദ്അത്താണ് (പുത്തനാചാരം). കാരണം, തവസ്സുൽ എന്നത് ഒരു ഇബാദത്താണ്; ആരാധനകളാകട്ടെ പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമുള്ളതാണ്.
▪️സ്വഹാബികളെ വെറുക്കുകയും അവരെ കാഫിറാക്കുകയും അലി رضى الله عنه വിനും അദ്ദേഹത്തിന്റെ സന്താനങ്ങൾക്കും എതിരെ അതിരുകവിയുകയും ചെയ്യുന്ന റാഫിളുകൾക്കും, പ്രവാചക കുടുംബത്തോട് ശത്രുത പുലർത്തുന്ന നവാസിബുകൾക്കും, അലി رضى الله عنه വിനെയും മുആവിയ رضى الله عنه വിനെയും അവരോടൊപ്പമുള്ള സ്വഹാബികളെയും കാഫിറാക്കിയ ഖവാരിജുകൾക്കും ഈ വരികളിൽ ശക്തമായ മറുപടിയുണ്ട്.
وَلِكُلِّهِمْ قَـدْرٌ عَلا وفَضائلٌ … لكِنَّما الصِّديقُ مِنْهُمْ أَفْضَـلُ
അവർക്കെല്ലാവർക്കും ഉന്നതമായ പദവിയും പ്രകടമായ ശ്രേഷ്ഠതയുമുണ്ട് … എന്നാൽ അവരിൽ (അബൂബക്കർ) സിദ്ദീഖ് ആണ് ഏറ്റവും ശ്രേഷ്ഠൻ.
▪️നബി ﷺ യുടെ എല്ലാ സ്വഹാബികൾക്കും ഇസ്ലാമിൽ അതിശ്രേഷ്ഠമായ പദവികളും എണ്ണിയാൽ തീരാത്ത സൽഗുണങ്ങളുമുണ്ട്. നബി ﷺ യെ നേരിൽ കാണാനും അദ്ദേഹത്തോടൊപ്പം ഇസ്ലാമിനെ സേവിക്കാനും ഭാഗ്യം സിദ്ധിച്ചവരാണവർ. അതിനാൽ ഓരോ സ്വഹാബിക്കും സമൂഹത്തിൽ വളരെ ഉയർന്ന സ്ഥാനമുണ്ട്. പദവികളിലും ശ്രേഷ്ടതകളിലും എല്ലാവരും തുല്ല്യരല്ല.
▪️സ്വഹാബികളിൽ ഏറ്റവും ശ്രേഷ്ഠൻ അബൂബക്കർ സിദ്ദീഖ് رضى الله عنه ആണ്. അല്ലാഹുവിന്റെ റസൂൽ ﷺ കഴിഞ്ഞാൽ ഈ സമുദായത്തിൽ ഏറ്റവും ഉത്തമൻ അദ്ദേഹമാണ്. പിന്നീട് ഉമർ رضى الله عنه, പിന്നെ ഉസ്മാൻ رضى الله عنه, തുടർന്ന് അലി رضى الله عنه. അതിനുശേഷം സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്ത് പേരിൽ പെട്ട ബാക്കിയുള്ളവരും. അവരെല്ലാവരും ഉന്നതമായ പദവിയും സ്ഥാനവുമുള്ളവരാണ്; അവരെല്ലാവരും നീതിമാന്മാരാണ്; എണ്ണിയാൽ തീരാത്ത സൽഗുണങ്ങളും ശ്രേഷ്ഠതകളും അവർക്കുണ്ട്.
وأُقِـول في القُرآنِ ما جاءَتْ بِـه … آياتُـهُ فَهُوَ الكريمُ المُنْـزَلُ
വിശുദ്ധ ഖുർആനെക്കുറിച്ച് അതിലെ ആയത്തുകൾ അറിയിച്ചുതന്ന കാര്യങ്ങളാണ് ഞാൻ പറയുന്നത്; അത് അല്ലാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ട ആദരണീയമായ ഗ്രന്ഥമാകുന്നു.
▪️ഖുർആൻ അല്ലാഹുവിന്റെ വചനമാണ്. അതിന്റെ പദവും ആശയവും അല്ലാഹുവിന്റേതു തന്നെയാണ്; അവൻ അത് യഥാർത്ഥത്തിൽ സംസാരിച്ചതാണ്, അത് സൃഷ്ടിയല്ല മറിച്ച് അവതരിപ്പിക്കപ്പെട്ടതാണ്, മുഹമ്മദ് നബി ﷺ അത് ജിബ്രീൽ عليه السلام യിൽ നിന്നും, ജിബ്രീൽ عليه السلام അത് അല്ലാഹുവിൽ നിന്നും നേരിട്ട് കേട്ടതാണ് എന്ന ഖുർആനിക ആയത്തുകൾ വ്യക്തമാക്കുന്ന കാര്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നുവെന്ന് അദ്ധേഹം അറിയിക്കുന്നു. മുഅ്തസിലത്തുകൾ, അശ്അരികൾ, മാതുരീദികൾ എന്നിവരുടെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾക്കുള്ള മറുപടി ഇതിലുണ്ട്.
▪️ഖുർആനിനെ കുറിച്ചോ അതിന്റെ അവതരണത്തെ കുറിച്ചോ പറയുമ്പോൾ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും വന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ സംസാരിക്കാവൂ. സ്വന്തം യുക്തിയോ തത്ത്വചിന്തകളോ അതിലേക്ക് കൂട്ടിച്ചേർക്കരുത്.
▪️ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ് (كلام الله): ഖുർആൻ സൃഷ്ടിയല്ല (غير مخلوق), മറിച്ച് അത് അല്ലാഹു അവതരിപ്പിച്ച ഉന്നതമായ വചനമാണ്.
▪️ ‘കരീം’ (ആദരണീയമായത്) എന്നത് ഖുർആനിന്റെ ഒരു വിശേഷണമാകുന്നു. അല്ലാഹു പറഞ്ഞതുപോലെ:
إِنَّهُۥ لَقُرْءَانٌ كَرِيمٌ
തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു. (ഖുർആൻ:56/77)
ഭാഷാപരമായി ‘കരീം’ (ആദരണീയമായത്) എന്നാൽ: സൗന്ദര്യത്തിലും ശ്രേഷ്ഠതയിലും മറ്റുള്ളവരെ കവച്ചുവെച്ചവൻ (അല്ലെങ്കിൽ ഉയർന്നവൻ) എന്നാണ്. ശറഇയ്യായി ഖുർആനുൽ കരീം (القرآن الكريم) എന്നാൽ: ധാരാളം നന്മകളുള്ളതും, ഉന്നതമായ പദവിയുള്ളതും, അതിയായ ഉപകാരമുള്ളതുമാണ്.
وأقولُ قالَ الُله جل جلاله … والمصطفى الهادي ولا أتأوَّلُ
അല്ലാഹു – അവന്റെ മഹത്വവും പ്രതാപവും എത്രയോ ഉന്നതമാണ് – പറഞ്ഞു എന്നും, സന്മാർഗം കാണിച്ച മുസ്തഫ (തിരഞ്ഞെടുക്കപ്പെട്ടവൻ) പറഞ്ഞു എന്നും ഞാൻ പറയും; ഞാൻ (അതിന്റെ യഥാർത്ഥ അർത്ഥം വളച്ചൊടിച്ച്) വ്യാഖ്യാനിക്കുകയോ ദുർവ്യാഖ്യാനം നടത്തുകയോ ഇല്ല.
▪️ഞാൻ ഖുർആനെയും സുന്നത്തിനെയും തെളിവായി സ്വീകരിക്കുന്നു; അല്ലാഹു ഖുർആനിൽ അറിയിച്ചുതന്നതിലും നബി ﷺ സുന്നത്തിലൂടെ പഠിപ്പിച്ചതിലുമുള്ള കാര്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ നാമങ്ങൾ, വിശേഷണങ്ങൾ, പ്രവൃത്തികൾ എന്നിവയിൽ വന്ന പരാമർശങ്ങളെ ഞാൻ വ്യാഖ്യാനിനിച്ചൊപ്പിക്കാനോ (തഅ്വീൽ) അ൪ത്ഥത്തില്‍ നിന്ന് തെറ്റിക്കാനോ (തഹ്രീഫ്) യഥാ൪ത്ഥ അ൪ത്ഥം നല്കാതിരിക്കാനോ അവയെ നിഷേധിക്കാനോ (തഅ്ത്വീല്‍) അവയെ മറ്റ് ഏതെങ്കിലുമായി ഉപമിക്കാനോ (തംസീല്‍) അവയെ മറ്റ് ഏതെങ്കിലുമായി സാദൃശ്യപ്പെടുത്താനോ (തശ്ബീഹ്) നിശ്ചിതമായ രൂപം നല്കുവാനോ (തക്’യിഫ്) മുതിരുകയില്ല എന്ന് അറിയിക്കുന്നു. പ്രമാണങ്ങളില്‍ അവ എങ്ങനെ വന്നിട്ടുണ്ടോ അതുപോലെ തന്നെ ഞാൻ സ്വീകരിക്കുന്നു.
▪️തഅ്വീൽ പലവിധമുണ്ട്; എന്നാൽ ഇവിടെ ഉദ്ദേശിക്കുന്നത് തെറ്റായ തഅ്വീലാണ് – ഉദാഹരണത്തിന് അല്ലാഹുവിന്റെ ‘കൈ’ എന്നതിനെ ‘അനുഗ്രഹം’ എന്നും, അല്ലാഹു അര്‍ശില്‍ ഇസ്തിവ്വാഅ് ചെയ്തു എന്നതിനെ ‘കൈയടക്കി ഭരിക്കുന്നത്’ (ഇസ്തിലാഅ്) എന്നും, അല്ലാഹു ‘ഇറങ്ങിവരുന്നത്’ എന്നതിനെ അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങിവരുന്നു എന്നുമൊക്കെ വ്യാഖ്യാനിക്കുന്നത് പോലെ.
▪️മതപരമായ കാര്യങ്ങളിൽ, വിശിഷ്യാ അല്ലാഹുവിന്റെ നാമവിശേഷണങ്ങളെക്കുറിച്ചും വിധിവിശ്വാസങ്ങളെക്കുറിച്ചും പറയുമ്പോൾ സ്വന്തം ബുദ്ധിയെയോ തത്ത്വചിന്തകളെയോ അല്ല, മറിച്ച് “അല്ലാഹു പറഞ്ഞു”, “അല്ലാഹുവിന്റെ റസൂൽ പറഞ്ഞു” എന്ന പ്രമാണങ്ങളെയാണ് (ഖുർആനും സുന്നത്തും) ഞാന്‍ പൂർണ്ണമായി അവലംബിക്കുന്നത് എന്ന് ചുരുക്കം.
▪️സന്മാർഗം കാണിച്ചുതന്ന തിരഞ്ഞെടുക്കപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി ﷺ യുടെ ചര്യയാണ് താൻ പിൻപറ്റുന്നത് എന്ന് ശൈഖുല്‍ ഇസ്ലാം വ്യക്തമാക്കുന്നു. നബി ﷺ യിൽ നിന്ന് വന്ന സ്വഹീഹായ ഹദീസുകളെ യാതൊരു മടിയും കൂടാതെ സ്വീകരിക്കുമെന്ന് വ്യക്തം.
وجميعُ آياتِ الصِّفاتِ أُمِرُّهـا … حَقـًا كما نَقَـلَ الطِّرازُ الأَوَّلُ
(അല്ലാഹുവിന്റെ) വിശേഷണങ്ങളെ കുറിച്ചുള്ള എല്ലാ ആയത്തുകളും ആദ്യത്തെ ഉത്തമ സംഘം (സലഫുകൾ) കൈമാറിവന്നതുപോലെ അവയുടെ യഥാർത്ഥ അർത്ഥത്തിൽ നാം സ്വീകരിക്കുന്നു.
▪️അല്ലാഹുവിന്റെ വിശേഷണങ്ങളുടെ കാര്യത്തില്‍ സലഫുസ്സ്വാലിഹുകള്‍ പറഞ്ഞതുപോലെ: أمروها كما جاءت (അവ വന്നതുപോലെ നടപ്പിലാക്കുക) -അവ എങ്ങനെയാണെന്ന രൂപം കൽപ്പിക്കാതെ- എന്ന്. അതായത്: അവയുടെ ബാഹ്യാർത്ഥം ഏതിലേക്കാണോ വിരൽ ചൂണ്ടുന്നത് അതനുസരിച്ച്, അവയുടെ ബാഹ്യാർത്ഥം വിശേഷണം സ്ഥിരീകരിക്കുന്നതിലേക്കാണ് സൂചിപ്പിക്കുന്നത്.
▪️മുഅത്തിലുകൾ പ്രമാണങ്ങളിൽ വന്നിട്ടുള്ള അല്ലാഹുവിന്റെ വിശേഷണങ്ങളെ നിഷേധിക്കുന്നു. ഉദാഹരണത്തിന് അവർ പറയും: ‘അല്ലാഹുവിന് കൈ ഇല്ല’ എന്ന്, എന്നിട്ട് അതിനെ ‘അനുഗ്രഹം’ എന്ന് വ്യാഖ്യാനിക്കുകയും ചെയ്യും. അങ്ങനെ അവർ ആ വിശേഷണത്തെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നിന്ന് തടയുകയും , പ്രമാണത്തിൽ വരാത്ത മറ്റൊരു അർത്ഥം അവിടെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അവര്‍ (അല്ലാഹുവിന്റെ വിശേഷണങ്ങളെ) തശ്ബീഹ് (സൃഷ്ടികളോട് ഉപമിക്കൽ) ചെയ്തതിന് ശേഷമാണ് അതിനെ വക്രീകരിച്ചത്. അങ്ങനെ ആ തശ്ബീഹിൽ നിന്ന് അവർ തഅ്തീലിലേക്ക് തെന്നിമാറുകയായിരുന്നു.
▪️രൂപകൽപനയില്ലാതെ (بلا كيف) എന്ന് പറയുമ്പോൾ അവർ ആ വിശേഷണത്തിന്റെ രൂപത്തെക്കുറിച്ചുള്ള അറിവാണ് നിഷേധിച്ചത് (അതായത് ‘എങ്ങനെ’ എന്ന); മറിച്ച്, ആ വിശേഷണത്തിന്റെ യാഥാർത്ഥ്യത്തെ അവർ നിഷേധിച്ചില്ല.
▪️അവരുടെ بلا كيف (എങ്ങനെയെന്ന് രൂപം കൽപ്പിക്കാതെ) എന്ന പ്രയോഗം അല്ലാഹുവിന്റെ വിശേഷണങ്ങളെ സൃഷ്ടികളോട് ഉപമിക്കുന്ന മുശബ്ബിഹീങ്ങൾക്കുള്ള മറുപടിയാണ്.
അപ്പോൾ അല്ലാഹുവിന്റെ വിശേഷണങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു ‘കൈഫിയ്യത്ത്’ (രൂപം) ഉണ്ട്; പക്ഷേ, അത് നമുക്ക് അറിയുക സാധ്യമല്ല. മറിച്ച്, അതിന്റെ യഥാർത്ഥ അറിവ് നാം അല്ലാഹുവിലേക്ക് ഏൽപ്പിക്കുന്നു. അവന് എങ്ങനെയാണെന്ന് അവനല്ലാതെ മറ്റാര്‍ക്കും അറിയുകയില്ല.
لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ
അവന് തുല്യമായി യാതൊന്നുമില്ല. അവന് എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :42/11)
وأَرُدُّ عُهدتهـا إلى نُقَّالِهـا … وأصونُها عـن كُلِّ ما يُتَخَيَّلُ
അതിന്റെ ഉത്തരവാദിത്തം അത് റിപ്പോർട്ട് ചെയ്തവരിലേക്ക് തന്നെ ഞാൻ മടക്കുന്നു; എല്ലാവിധ വ്യാഖ്യാനങ്ങളിൽ നിന്നും അതിനെ ഞാൻ സംരക്ഷിക്കുകയും ചെയ്യുന്നു.
▪️അങ്ങനെ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഞാൻ ഒഴിവാകുന്നു; അതിന്റെ സനദ്, പദങ്ങൾ, മനസ്സിലാക്കുന്ന രീതി എന്നിവയെല്ലാം സലഫുസ്വാലിഹുകളിലേക്കും , പണ്ഡിതന്മാരിലേക്കും, അത് റിപ്പോർട്ട് ചെയ്ത നീതിമാന്മാരും വിശ്വസ്തരുമായ ആളുകളിലേക്കും ഞാൻ മടക്കുന്നു. അങ്ങനെ അതിന്റെ ഉത്തരവാദിത്തം അവരിലേക്ക് മടക്കിക്കഴിഞ്ഞാൽ, അവൻ മിഥ്യാധാരണകളിൽ നിന്നും കെട്ടിച്ചമക്കലുകളിൽ നിന്നും തെറ്റുകളിൽ നിന്നും മുക്തനായിത്തീരുന്നു.
അതുപോലെതന്നെ, ഭാവനയിൽ കാണുന്ന എല്ലാ കാര്യങ്ങളിൽ നിന്നും ഞാൻ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നു. മനസ്സിൽ തോന്നുന്ന എല്ലാ സങ്കൽപങ്ങൾക്കും അപ്പുറത്താണ് അല്ലാഹു. ആ സങ്കൽപങ്ങളിൽ നിന്നെല്ലാം അവൻ പരിശുദ്ധനാണ്. അവനറിയാം എന്നതല്ലാതെ അവന്റെ യഥാർത്ഥ രൂപം അവനല്ലാതെ മറ്റാരും അറിയുകയില്ല. അല്ലാഹു പറഞ്ഞതുപോലെ അതിന് ബുദ്ധി പരിമിതവുമാണ്:
وَلَا يُحِيطُونَ بِهِۦ عِلْمًا
അവര്‍ക്കാകട്ടെ അതിനെപ്പറ്റിയൊന്നും പരിപൂര്‍ണ്ണമായി അറിയാനാവുകയില്ല. (ഖു൪ആന്‍:20/110)
▪️മനുഷ്യന്റെ ബുദ്ധിയിൽ പൊതുവെ മൂന്ന് കാര്യങ്ങളിൽ ഏതെങ്കിലുമാണ് വരുന്നത്: ഒന്നുകിൽ താൻ നേരിട്ട് കണ്ട ഒരു കാര്യം. അല്ലെങ്കിൽ അതിന് സമാനമായ മറ്റൊരു കാര്യം. അല്ലെങ്കിൽ അതിലേക്ക് ഉപമിക്കാൻ സാധിക്കുന്ന വല്ലതും. എന്നാൽ, മനുഷ്യൻ കാണുകയോ, അതിന് സമാനമായത് കാണുകയോ, അതുമായി താരതമ്യം ചെയ്യാൻ സാധിക്കുന്നതോ അല്ലാത്ത ഏതൊരു കാര്യവും അവന്റെ മനസ്സിൽ കടന്നുവരുകയേയില്ല. അതുപോലെ തന്നെയാണ് അല്ലാഹുവിന്റെ വിശേഷണങ്ങളെക്കുറിച്ചുള്ള പ്രമാണങ്ങളും. അവയുടെ അടിസ്ഥാന അർത്ഥം എന്താണെന്ന് നമുക്ക് അറിയാം; എന്നാൽ അതിന്റെ പൂർണ്ണത എങ്ങനെയെന്ന് നമുക്കറിയില്ല. ഇനി അതിന്റെ രൂപം അല്ലെങ്കിൽ രീതി (കൈഫിയ്യത്ത്) എങ്ങനെയെന്നത് യാതൊരു മനുഷ്യന്റെയും മനസ്സിൽ പോലും ചിന്തിക്കാൻ പോലുമാവില്ല. അതിനാൽ, അല്ലാഹുവിന്റെ വിശേഷണങ്ങളുടെ യഥാർത്ഥ രൂപം മനസ്സിലാക്കാം എന്ന മോഹം തീർത്തും ഉപേക്ഷിക്കേണ്ടതാണ്. [شرح لامية شيخ الإسلام ابن تيمية لعبد الكريم الخضير.]
▪️ ബിദ്അത്തിന്റെ ആളുകള്‍ ഭാവനയിൽ നിന്ന് അതിനെ അവർ സംരക്ഷിച്ചില്ല; അങ്ങനെ അല്ലാഹുവിന്റെ കൽപ്പനയ്ക്ക് എതിരു പ്രവർത്തിച്ചതുമൂലം അവർ ആദ്യം അല്ലാഹുവിന്റെ വിശേഷണങ്ങളെ സൃഷ്ടികളോട് ഉപമിക്കുന്നതിലും (തശ്ബീഹ്), പിന്നീട് അവയെ നിഷേധിക്കുന്നതിലും (തഅ്ത്വീല്‍) ചെന്നുപതിച്ചു.
ﻭَﻻَ ﺗَﻘْﻒُ ﻣَﺎ ﻟَﻴْﺲَ ﻟَﻚَ ﺑِﻪِۦ ﻋِﻠْﻢٌ ۚ ﺇِﻥَّ ٱﻟﺴَّﻤْﻊَ ﻭَٱﻟْﺒَﺼَﺮَ ﻭَٱﻟْﻔُﺆَاﺩَ ﻛُﻞُّ ﺃُﻭ۟ﻟَٰٓﺌِﻚَ ﻛَﺎﻥَ ﻋَﻨْﻪُ ﻣَﺴْـُٔﻮﻻً
നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റേയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഖു൪ആന്‍:17/36)
قُبْحًا لِمَنْ نَبَذَ القرآن وراءَهُ … وإِذا اسْتَدَلَّ يقولُ قالَ الأخطَلُ
വിശുദ്ധ ഖുർആനെ തന്റെ പിന്നിലേക്ക് വലിച്ചെറിഞ്ഞവന്‍ (അത് അവഗണിച്ചവന്) നാശം! തെളിവ് ചോദിക്കുമ്പോഴൊക്കെ അവൻ ‘അഖ്തൽ പറഞ്ഞു’ എന്ന് ഉദ്ധരിക്കുന്നു!
▪️അല്ലാഹു ‘കലാം’ (സംസാരം) എന്ന വിശേഷണമുള്ളവനാണ്; അല്ലാഹു പറഞ്ഞതുപോലെ:
وَكَلَّمَ ٱللَّهُ مُوسَىٰ تَكْلِيمًا
മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു. (ഖു൪ആന്‍:3/164)
وَلَمَّا جَآءَ مُوسَىٰ لِمِيقَٰتِنَا وَكَلَّمَهُۥ رَبُّهُۥ
നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ … (ഖു൪ആന്‍:7/143)
وَإِنْ أَحَدٌ مِّنَ ٱلْمُشْرِكِينَ ٱسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَٰمَ ٱللَّهِ
ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്റെ സംസാരം അവന് കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. (ഖു൪ആന്‍:9/6)
وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ
(അല്ലാഹു) അവരെ വിളിക്കുകയും എന്റെ പങ്കാളികളെന്ന് നിങ്ങള്‍ ജല്പിച്ചു കൊണ്ടിരുന്നവര്‍ എവിടെ? എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) (ഖു൪ആന്‍:28/74)
മുഅ്തസിലകളും അശ്അരികളും അടങ്ങുന്ന ബിദ്അത്തിന്റെ ആളുകൾ, അല്ലാഹു സംസാരിക്കുന്നു എന്നത് നിഷേധിക്കുകയും, ഖുർആൻ അറിയിച്ചതിനെ അവഗണിക്കുകയും ചെയ്തു. ക്രിസ്ത്യൻ കവിയായ അഖ്തലിന്റേതായി പറയപ്പെടുന്ന ഒരു കാവ്യശകലം അവർ ഇതിന് തെളിവായി കൊണ്ടുരുകയും ചെയ്തു. അത് ഇതാണ്:
إن الكلام لفي الفؤاد وإنما جعل اللسان على الفؤاد دليلا
സംസാരം യഥാർത്ഥത്തിൽ ഹൃദയത്തിലാണുളളത്; ഹൃദയത്തിലുള്ള ആ കാര്യങ്ങൾ പുറംലോകത്തെ അറിയിക്കാനുള്ള ഒരു മാർഗ്ഗമായിട്ടാണ് നാവിനെ നിശ്ചയിച്ചിരിക്കുന്നത്.
‘അല്ലാഹുവിന്റെ സംസാരം എന്നത് അവനിൽ നിലനിൽക്കുന്ന കേവലം ഒരാശയമാണ്; അവന് സംസാരിക്കുകയല്ല ചെയ്യുന്നത്,’ എന്നാണ് അവർ പറഞ്ഞത്. എന്നാൽ തന്റെ التسعينية എന്ന ഗ്രന്ഥത്തിൽ ഏകദേശം തൊണ്ണൂറോളം തെളിവുകളിലൂടെ ശൈഖുൽ ഇസ്ലാം ഈ ‘കലാമുൻ നഫ്സാനി’ (മനസ്സിൽ മാത്രം നിലനിൽക്കുന്ന സംസാരം എന്ന വാദം) വാദത്തെ ഖണ്ഡിച്ചിട്ടുണ്ട്.
▪️ ഭാഷാപരമായി ‘സംസാരം’ എന്നാൽ അക്ഷരങ്ങളും കേൾവിയുള്ള ശബ്ദവുമൊത്തുള്ള സംസാരമാണ്. അല്ലാഹു ശബ്ദത്തോടും അക്ഷരത്തോടും കൂടി കേൾവിയുള്ള സംസാരം സംസാരിക്കുന്നു എന്നാണ് അഹ്ലുസ്സുന്ന വൽ ജമാഅത്തിന്റെ വിശ്വാസം. എന്നാൽ മനസ്സിനുള്ളിലെ വിചാരം അതൊരു സംസാരമല്ല. മനസ്സിലുള്ള കാര്യങ്ങളുടെ കാര്യത്തിൽ മൂകനും (സംസാരിക്കാൻ കഴിയാത്തവനും) സംസാരിക്കുന്നവനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. രണ്ടുപേരുടെയും മനസ്സിൽ ആശയങ്ങൾ ഓടിയെത്താം, എന്നാൽ അത് സംസാരമാവില്ല.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ اللَّهَ تَجَاوَزَ لأُمَّتِي مَا حَدَّثَتْ بِهِ أَنْفُسَهَا مَا لَمْ يَتَكَلَّمُوا أَوْ يَعْمَلُوا بِهِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും എന്റെ സമുദായത്തിന് അവരുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അവർ അതിനെക്കുറിച്ച് സംസാരിക്കുകയോ പ്രവൃത്തിയിൽ വരുത്തുകയോ ചെയ്യാത്തിടത്തോളം കാലം അല്ലാഹു പൊറുത്തുനൽകിയിരിക്കുന്നു. (മുസ്ലിം:127)
അങ്ങനെ ഈ ഹദീസിലൂടെ മനസ്സിലെ തോന്നലുകളും (حديث النفس) സംസാരവും (الكلام) തമ്മിൽ വേർതിരിച്ചു.
▪️ അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ പഠിക്കാനും അതിലെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാനും സമയം കണ്ടെത്താത്ത, അതിനെ ഗൗനിക്കാതെ തന്റെ പുറകിലേക്ക് വലിച്ചെറിയുന്ന ആളുകളുടെ വലിയ വീഴ്ചയെയാണ് ഇത് കാണിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാർഗ്ഗദർശനമാക്കേണ്ട ഖുർആനിനെ പാടേ അവഗണിക്കുന്ന അവസ്ഥയാണിത്.
▪️ജീവിതത്തിലെ സംശയങ്ങൾക്കോ പ്രശ്നങ്ങൾക്കോ പരിഹാരം തേടുമ്പോൾ അല്ലെങ്കിൽ മതപരമായ കാര്യങ്ങളിൽ സംസാരിക്കുമ്പോൾ, അല്ലാഹുവിന്റെ വചനങ്ങളോ പ്രവാചക വചനങ്ങളോ (ഖുർആനോ സുന്നത്തോ) എടുത്തുദ്ധരിക്കുന്നതിന് പകരം, മറ്റ് എന്തെങ്കിലും ആശയമോ തത്വമോ പരിഹാരമോ ചെയ്യുന്നവര്‍ നാശത്തിലാണ് അകപ്പെടുക.
والمؤمنون يَـرَوْنَ حقـًا ربَّهُمْ … وإلى السَّمـاءِ بِغَيْرِ كَيْفٍ يَنْزِلُ
സത്യവിശ്വാസികൾ (പരലോകത്ത്) യഥാര്‍ത്ഥമായി തങ്ങളുടെ റബ്ബിനെ കാണും; അവൻ ആകാശത്തേക്ക് ഇറങ്ങി വരുന്നു, യാതൊരു കൈഫിയ്യത്തും ഇല്ലാതെ (എങ്ങനെയെന്ന ചോദ്യമില്ല എന്നര്‍ത്ഥം)
▪️പരലോകത്ത് സത്യവിശ്വാസികൾ തങ്ങളുടെ റബ്ബിനെ യാഥാർത്ഥ്യമായും ഉറപ്പായും കാണും എന്നത് അഹ്ലുസ്സുന്ന വൽ ജമാഅത്തിന്റെ വിശ്വാസത്തിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴿٢٢﴾ إِلَىٰ رَبِّهَا نَاظِرَةٌ ﴿٢٣﴾
ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും, അവയുടെ രക്ഷിതാവിന്റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. (ഖു൪ആന്‍:75/22-23)
സത്യനിഷേധികളുടെ കാര്യത്തില്‍ അല്ലാഹു പറയുന്നു:
كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു. (ഖു൪ആന്‍:83/15)
هم محجوبون عن رؤيته، وعن كرامته.
അവർ അല്ലാഹുവിനെ കാണുന്നതിൽ നിന്നും അവന്റെ ആദരവുകളിൽ നിന്നും തടയപ്പെട്ടവരാണ്. (ത്വബ്രി)
പരലോകത്ത് വെച്ച് വിശ്വാസികൾ തങ്ങളുടെ റബ്ബിനെ കാണുമെന്നതിന് പണ്ഡിതന്മാർ ഇതിൽ നിന്ന് തെളിവ് പിടിച്ചിട്ടുണ്ട്.
عَنْ جَرِيرٍ، رضى الله عنه قَالَ كُنَّا جُلُوسًا عِنْدَ النَّبِيِّ صلى الله عليه وسلم إِذْ نَظَرَ إِلَى الْقَمَرِ لَيْلَةَ الْبَدْرِ قَالَ : إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا الْقَمَرَ لاَ تُضَامُّونَ فِي رُؤْيَتِهِ،
ജരീര്‍ رضى الله عنه പറയുന്നു: ഒരു പൌ൪ണ്ണമി രാവില്‍ ഞങ്ങള്‍ നബി ﷺ യുടെ അടുക്കല്‍ ഇരിക്കുകയായിരുന്നു. അവിടുന്ന് ചന്ദ്രനെ നോക്കികൊണ്ട് പറഞ്ഞു: തീ൪ച്ചയായും ഈ ചന്ദ്രനെ നിങ്ങള്‍ നോക്കികാണുന്നതുപോലെ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ നോക്കികാണുന്നതാണ്. അവനെ നോക്കികാണുന്നതില്‍ നിങ്ങള്‍ക്ക് യാതൊരു വിഷമം ഉണ്ടാകുകയില്ല. (ബുഖാരി:7434)
ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഇതിന് ധാരാളം തെളിവുകളുണ്ട്. എന്നാൽ ജഹ്മിയ്യത്ത്, റാഫിളത്ത്, മുഅ്തസിലത്ത്, ഇബാളിയ്യത്ത് തുടങ്ങിയ ദുർമാർഗികൾ കേവല ബുദ്ധിപരമായ തത്ത്വചിന്തകളുടെ അടിത്തറയിൽ അല്ലാഹുവിനെ കാണുന്നതിനെ നിഷേധിക്കുകയും, അതിന്മേൽ തങ്ങളുടെ വിശ്വാസത്തെ കെട്ടിപ്പടുക്കുകയും ചെയ്തു. തുടർന്ന് തങ്ങളുടെ വാദങ്ങളെ ന്യായീകരിക്കാനായി അവർ തെളിവ് പറഞ്ഞത് അല്ലാഹുവിന്റെ ഈ വചനം:
لَّا تُدْرِكُهُ ٱلْأَبْصَٰرُ وَهُوَ يُدْرِكُ ٱلْأَبْصَٰرَ
കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന് കണ്ടെത്തുകയും ചെയ്യും. (ഖു൪ആന്‍:6/103)
അഹ്ലുസ്സുന്ന അവർക്ക് മറുപടി നൽകിക്കൊണ്ട് പറഞ്ഞു: മനുഷ്യന്റെ പരിമിതമായ കാഴ്ചശക്തിക്ക് അല്ലാഹുവിന്റെ മഹത്വത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുകയില്ല. അതേസമയം സത്യവിശ്വാസികൾ തങ്ങളുടെ റബ്ബിനെ സ്വർഗ്ഗത്തിൽ തടസ്സങ്ങളില്ലാതെ നേരിട്ട് കാണും.
ഈ വിഷയത്തില്‍ ഈ വചനവും അവർ ദുർവ്യാഖ്യാനിച്ചു.
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴿٢٢﴾ إِلَىٰ رَبِّهَا نَاظِرَةٌ ﴿٢٣﴾
ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും, അവയുടെ രക്ഷിതാവിന്റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. (ഖു൪ആന്‍:75/22-23)
അവരുടെ ദുര്‍വ്യാഖ്യാനം ഇപ്രകാരമാണ്: ‘അതായത്, തങ്ങളുടെ രക്ഷിതാവിന്റെ പ്രതിഫലത്തിനായി കാത്തിരിക്കുന്നവയാണ് എന്ന്.’ എന്നാൽ ഇത് ബാത്വിലാണ്. കാരണം, അറബി ഭാഷയിൽ ‘നളറ’ (النظر) എന്ന വാക്ക് ‘ഇലാ’ (إلى) യോടൊപ്പം ചേർത്തുപറഞ്ഞാൽ, അതിന്റെ അർത്ഥം ‘കണ്ണുകൾ കൊണ്ട് നേരിട്ട് കാണുക’ എന്നാണ്. എന്നാൽ ‘കാത്തിരിക്കുക’ എന്ന അർത്ഥത്തിൽ പറയുമ്പോൾ അത് ‘ഇലാ’ ചേർത്തു ഉപയോഗിക്കാറില്ല.
▪️അല്ലാഹു അവന്റെ മഹത്വത്തിനും പ്രതാപത്തിനും ഇണങ്ങിയ വിധത്തിൽ താഴത്തെ ആകാശത്തേക്ക് ഇറങ്ങിവരുമെന്ന് വിശ്വസിക്കുന്നത് അഹ്ലുസ്സുന്നത്തിന്റെ മന്ഹജാണ്. അതിന്റെ രൂപം നമുക്ക് അറിയില്ല.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ നന്മ നിറഞ്ഞ രക്ഷിതാവ് എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊരു ഭാഗം അവശേഷിക്കുന്ന സമയത്ത് ആകാശത്തിലേക്ക് ഇറങ്ങി വരും. അവന് ചോദിക്കും. വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഉത്തരം ഞാന്‍ നല്‍കും. വല്ലവനും എന്നോട് ചോദിക്കുന്ന പക്ഷം ഞാനവന് നല്‍കും. വല്ലവനും എന്നോട് പാപ മോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഞാന്‍ പൊറുത്തു കൊടുക്കും.(ബുഖാരി:1145)
ആകാശത്തിലേക്ക് ഇറങ്ങല്‍ എന്നത് അല്ലാഹുവിന് സ്ഥിരപ്പെട്ട ഒരു വിശേഷണമാണ്. അവൻ എങ്ങനെയാണ് ഇറങ്ങിവരുന്നത് എന്ന് അവനല്ലാതെ മറ്റാർക്കും അറിയില്ല. അല്ലാഹുവിന്റെ വിശേഷണങ്ങളെക്കുറിച്ചുള്ള നിലപാട് എല്ലാ വിഷയത്തിലും ഒന്നുതന്നെയാണ്; അതായത്, അവന്റെ ദാത്ത് (സത്ത) എങ്ങനെയുള്ളതാണെന്ന് അവനല്ലാതെ മറ്റാർക്കും അറിയാത്തതുപോലെ തന്നെ, അവന്റെ ദാത്തിന്റെ വിശേഷണങ്ങൾ എങ്ങനെയുള്ളതാണെന്നും അവന് മാത്രമാണ് അറിയുന്നത്. അല്ലാഹു പറഞ്ഞതുപോലെ:
لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ
അവന് തുല്യമായി യാതൊന്നുമില്ല. അവന് എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :42/11)
എന്നാൽ അല്ലാഹുവിന്റെ വിശേഷണങ്ങളെ നിഷേധിച്ചു കളയുന്ന മുഅ്ത്തലത്തുകള് പറഞ്ഞു: ‘ഇറങ്ങിവരുന്നു എന്നതിന്റെ അർത്ഥം ഒരു മലക്ക് ഇറങ്ങിവരുന്നു എന്നോ, അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങിവരുന്നു എന്നോ, അതല്ലെങ്കിൽ അല്ലാഹുവിന്റെ കൽപ്പന ഇറങ്ങിവരുന്നു എന്നോ ആണ്’ എന്ന്. എന്നാൽ ഇത് വ്യക്തമായ അബദ്ധമാണ്. കാരണം, ‘ആരെങ്കിലും എന്നോട് പാപമോചനം തേടുകയാണെങ്കിൽ… ആരെങ്കിലും എന്നോട് പ്രാർത്ഥിക്കുകയാണെങ്കിൽ…’ എന്ന് ചോദിക്കുന്നത് ഒരു മലക്കോ കാരുണ്യമോ കൽപ്പനയോ അല്ലല്ലോ. മാത്രമല്ല, മലക്കുകളുടെയും കാരുണ്യത്തിന്റെയും കൽപ്പനയുടെയും ഇറങ്ങിവരവ് എല്ലാ സമയത്തുമുള്ളതാണ്; അല്ലാതെ രാത്രിയുടെ അവസാന മൂന്നിലൊരിടത്ത് മാത്രം പ്രത്യേകമായുള്ളതല്ല.
അഹ്ലുസ്സുന്നയുടെ വിശ്വാസമനുസരിച്ച് ഇത് യാഥാർത്ഥ്യമാണ്. എന്നാൽ അത് ‘എങ്ങനെയാണ്’ എന്ന് ചോദിക്കാൻ പാടില്ല. അതായത്, സൃഷ്ടികളുടെ ഇറങ്ങിവരവ് പോലെയല്ല അത്; അല്ലാഹുവിന്റെ മഹത്വത്തിന് ഇണങ്ങിയ വിധത്തിലാണ്. അതിന്റെ സ്വഭാവമോ രൂപമോ നമ്മൾ ചർച്ച ചെയ്യാൻ പാടില്ല, പ്രമാണങ്ങൾ പറഞ്ഞതുപോലെ വിശ്വസിക്കുകയാണ് വേണ്ടത്.
وأُقِرُ بالميـزانِ والحَوضِ الذي … أَرجـو بأنِّي مِنْـهُ رِيًّا أَنْهَـلُ
ഞാൻ മീസാനിനെയും (തുലാസ്) ഹൗളിനെയും (ഹൗളുല്കൌസര്) അംഗീകരിക്കുന്നു; അതിൽ നിന്ന് ദാഹം തീർത്ത് എനിക്ക് സംതൃപ്തിയോടെ കുടിക്കാൻ സാധിക്കുമെന്ന് ഞാൻ ആശിക്കുകയും ചെയ്യുന്നു.
▪️അടിമകളുടെ കർമ്മങ്ങൾ തൂക്കിക്കൊടുക്കുന്ന യഥാർത്ഥമായ ഒരു തുലാസിൽ അഹ്ലുസ്സുന്ന വൽ ജമാഅത്ത് വിശ്വസിക്കുന്നു. അല്ലാഹു പറയുന്നു:
وَنَضَعُ ٱلْمَوَٰزِينَ ٱلْقِسْطَ لِيَوْمِ ٱلْقِيَٰمَةِ فَلَا تُظْلَمُ نَفْسٌ شَيْـًٔا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَٰسِبِينَ
ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുക്മണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി. (ഖു൪ആന്‍ :21/47)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ، ثَقِيلَتَانِ فِي الْمِيزَانِ، حَبِيبَتَانِ إِلَى الرَّحْمَنِ سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ ”.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: രണ്ട് കലിമത്തുകൾ; നാവിന് ഭാരമില്ലാത്തവയാണ്. അവ രണ്ടും മീസാനിൽ ഭാരമുള്ളവയാണ്. റഹ്മാനായ അല്ലാഹുവിന് പ്രിയങ്കരവുമാണ്: سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ اْلعَظِيمِ എന്നിവയാണവ. (ബുഖാരി, മുസ്ലിം)
▪️അഹ്ലുസ്സുന്ന വൽ ജമാഅത്തിന്റെ വിശ്വാസത്തിൽ പെട്ടതാണ് പരലോകത്ത് ( നബി ﷺ ക്ക് നൽകപ്പെടുന്ന) ‘ഹൗള്’ (പ്രത്യേക തടാകം) ഉണ്ടെന്ന് വിശ്വസിക്കുക എന്നത്.
إِنَّا أَعْطَيْنَاكَ الْكَوْثَرَ
നിശ്ചയമായും നാം നിനക്ക് കൌസ൪ (ധാരാളം നന്മകള്) നല്കിയിരിക്കുന്നു. (ഖു൪ആന്‍:108/1)
إِنَّا آتَيْنَاكَ -أَيُّهَا الرَّسُولُ- الخَيْرَ الكَثِيرَ، وَمِنْهُ نَهْرُ الكَوْثَرِ فِي الجَنَّةِ.
അല്ലാഹുവിന്റെ റസൂലേ! അങ്ങേക്ക് നാം ധാരാളം നന്മകൾ നൽകിയിരിക്കുന്നു. അതിൽ പെട്ടതാണ് സ്വർഗത്തിലുള്ള ‘കൗസർ’ എന്ന അരുവി. (തഫ്സീർ മുഖ്തസ്വർ)
അത് ഇപ്പോൾ തന്നെ നിലവിലുണ്ട്. നബി ﷺ പറഞ്ഞു:
وَإِنِّي لأَنْظُرُ إِلَى حَوْضِي الآنَ،
തീർച്ചയായും ഞാൻ ഇപ്പോൾ എന്റെ ഹൗളിലേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്. (ബുഖാരി: 4085).
ഹൗളിന്റെ യാഥാർത്ഥ്യവും അതിന്റെ വിശേഷണങ്ങളും വ്യക്തമാക്കുന്ന സ്വഹീഹായ ഹദീസുകൾ ധാരാളമുണ്ട്.
وكذا الصِّراطُ يُمَدُّ فوقَ جَهَنَّمٍ … فَمُسَلَّمٌ نَـاجٍ وآخَـرَ مُهْمَـلُ
അതുപോലെ, നരകത്തിന് മുകളിലായി സിറാത് പാലം നീട്ടപ്പെടും; (അതിലൂടെ കടന്നുപോകുമ്പോൾ) ചിലർ രക്ഷപ്പെട്ട് സുരക്ഷിതരായിത്തീരും, മറ്റുചിലർ (നരകത്തിലേക്ക്) വീഴ്ത്തപ്പെടുകയും ചെയ്യും.
▪️പരലോകത്ത് മഹ്ശറയിലെ വിചാരണയ്ക്ക് ശേഷം സ്വർഗത്തിനും നരകത്തിനും ഇടയിൽ, ജഹന്നമ്മിന് മീതെ സ്ഥാപിക്കപ്പെടുന്ന യഥാർത്ഥ പാലമാണ് സിറാത്. ഇതിലൂടെ കടന്നുപോകാതെ ആർക്കും സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കില്ല എന്നത് അഹ്ലുസ്സുന്നയുടെ സ്ഥിരപ്പെട്ട അഖീദയാണ്.
ثُمَّ يُضْرَبُ الْجِسْرُ عَلَى جَهَنَّمَ، وَتَحِلُّ الشَّفَاعَةُ… فَنَاجٍ مُسَلَّمٌ، وَمَخْدُوشٌ مُرْسَلٌ، وَمَكْدُوسٌ فِي نَارِ جَهَنَّمَ …
പിന്നീട് നരകത്തിന് മീതെ ‘അൽ-ജിസ്റ്’ (സിറാത് പാലം) സ്ഥാപിക്കപ്പെടും, ശഫാഅത്തിന് (ശുപാർശക്ക്) അനുമതി നൽകപ്പെടുകയും ചെയ്യും… അങ്ങനെ യാതൊരു പരിക്കും ഏൽക്കാതെ സുരക്ഷിതനായി രക്ഷപ്പെടുന്നവനുണ്ട്; പരിക്കേറ്റിട്ടാണെങ്കിലും രക്ഷപ്പെടാൻ അനുവദിക്കപ്പെടുന്നവനുണ്ട്; നരകാഗ്നിയിലേക്ക് അടിമേൽ മറിഞ്ഞു വീഴുന്നവനുമുണ്ട്… (ബുഖാരി, മുസ്ലിം)
▪️സത്യവിശ്വാസികള്‍ക്ക് സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനായി സ്വിറാത്ത് പാലത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. അതേപോലെ അല്ലാഹുവില്‍ വിശ്വസിക്കുകയും എന്നാല്‍ പാപങ്ങള്‍ ചെയ്ത് നരകപ്രവേശനത്തിന് അ൪ഹത നേടിയവ൪ക്കും സ്വിറാത്ത് പാലത്തിലൂടെ കടക്കേണ്ടതുണ്ട്.
▪️അവിശ്വാസികള്‍ക്കും അല്ലാഹുവില്‍ പങ്ക് ചേ൪ത്തവ൪ക്കും നരകത്തില്‍ പ്രവേശിക്കുന്നതിന് സ്വിറാത്തിലൂടെ കടക്കേണ്ടതില്ല. അവരെ സ്വിറാത്തില്‍ പ്രവശിപ്പിക്കാതെതന്നെ നരകത്തിലേക്ക് തള്ളുകയാണ് ചെയ്യുന്നത്
والنَّارُ يَصْلاها الشَّقيُّ بِحِكْمَة ٍ … وكذا التَّقِيُّ إلى الجِنَانِ سَيَدْخُلُ
ദുർഭാഗ്യവാൻ അല്ലാഹുവിന്റെ യുക്തിപൂർവ്വമായ തീരുമാനപ്രകാരം നരകാഗ്നിയിൽ കടന്നെരിയും; അതുപോലെ തഖ്വയുള്ളവൻ സ്വർഗ്ഗത്തോപ്പുകളിലേക്ക് പ്രവേശിക്കുകയും ചെയ്യും.
▪️അഹ്ലുസ്സുന്നയുടെ വിശ്വാസത്തില്‍ പെട്ടതാണ്; സ്വർഗ്ഗവും നരകവും നിലവിൽ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു എന്നത്. സ്വർഗ്ഗത്തെക്കുറിച്ച് അല്ലാഹു പറയുന്നു:
وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (ഖുര്‍ആൻ:3/133)
നരകത്തെക്കുറിച്ച് അവല്ലാഹു പറയുന്നു:
وَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَٰفِرِينَ
സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. (ഖുര്‍ആൻ:3/131)
നിരവധി ആയത്തുകളിലൂടെ ഇതേ വിഷയം അല്ലാഹു പഠിപ്പിക്കുന്നുണ്ട്. മാത്രവുമല്ല ഹദീസിന്റെ ഗ്രന്ഥങ്ങളിൽ അനവധി തെളിവുകൾ ഈ വിഷയത്തിൽ ഉണ്ട്. സ്വഹീഹുൽ ബുഖാരിയിലെ സൃഷ്ടിയുടെ തുടക്കം (بدا الحلق) എന്ന അധ്യായത്തിൽ ‘സ്വർഗ്ഗം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്, നരകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്’ എന്നിങ്ങനെ രണ്ട് അധ്യായങ്ങൾ തന്നെ കാണാം അതിലെ ഒരു ഹദീസ് കാണുക:
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ أَحَدَكُمْ إِذَا مَاتَ عُرِضَ عَلَيْهِ مَقْعَدُهُ بِالْغَدَاةِ وَالْعَشِيِّ، إِنْ كَانَ مِنْ أَهْلِ الْجَنَّةِ فَمِنْ أَهْلِ الْجَنَّةِ، وَإِنْ كَانَ مِنْ أَهْلِ النَّارِ فَمِنْ أَهْلِ النَّارِ، فَيُقَالُ هَذَا مَقْعَدُكَ حَتَّى يَبْعَثَكَ اللَّهُ يَوْمَ الْقِيَامَةِ
അബ്ദില്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍, രാവിലെയും വൈകുന്നേരവും അവന്റെ ഇരിപ്പിടം (വാസസ്ഥലം) അവന് പ്രദര്‍ശിപ്പിക്കപ്പെടും. അവന് സ്വര്‍ഗക്കാരനാണെങ്കില്‍ സ്വര്‍ഗക്കാരില്‍ നിന്നും, അവന് നരകക്കാരനാണെങ്കില്‍ നരകക്കാരില്‍ നിന്നുമായിരിക്കും പ്രദര്‍ശിപ്പിക്കപ്പെടുക. അവനോടു പറയപ്പെടും: ഖിയാമത്തു നാളില്‍ അല്ലാഹു നിന്നെ എഴുന്നേല്‍പ്പിക്കുന്നതുവരേക്കും നിന്റെ ഇരിപ്പിടം ഇതാണ്. (ബുഖാരി:1379)
▪️അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചവൻ അല്ലാഹുവിന്റെ നീതിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ നരകത്തിൽ പ്രവേശിക്കുന്നു; സൂക്ഷ്മതയുള്ളവൻ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും അടിസ്ഥാനത്തിൽ സ്വർഗ്ഗത്തിലും പ്രവേശിക്കുന്നു. അതിനാൽ, ആരെങ്കിലും അല്ലാഹുവിനെ അനുസരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും യുക്തിയും കാരണമാണ്; ആരെങ്കിലും പിന്തിരിയുകയും അഹങ്കരിക്കുകയും തന്റെ തന്നിഷ്ടത്തെ പിന്തുടരുകയും ചെയ്താൽ അവൻ നരകത്തിൽ പ്രവേശിക്കുന്നത് അല്ലാഹുവിന്റെ നീതിയും യുക്തിയും കാരണമാണ്.
وَلَوْ عَلِمَ ٱللَّهُ فِيهِمْ خَيْرًا لَّأَسْمَعَهُمْ ۖ وَلَوْ أَسْمَعَهُمْ لَتَوَلَّوا۟ وَّهُم مُّعْرِضُونَ
അവരിൽ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞിരുന്നുവെങ്കിൽ അവരെ അവൻ കേൾപ്പിക്കുക തന്നെ ചെയ്യുമായിരുന്നു. അവരെ അവൻ കേൾപിച്ചിരുന്നെങ്കിൽ തന്നെ അവർ അവഗണിച്ചുകൊണ്ട് തിരിഞ്ഞുകളയുമായിരുന്നു. (ഖുർആൻ:8/23)
فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ
അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല. (ഖുർആൻ:61/5)
▪️അല്ലാഹു തന്റെ ദാസന്മാരെക്കുറിച്ച് സൂക്ഷ്മമായി കാണുന്നവനും, സർവ്വജ്ഞനും, അങ്ങേയറ്റം യുക്തിമാനുമാകുന്നു.:
ولِكُلِّ حَيٍّ عاقـلٍ في قَبـرِهِ … عَمَلٌ يُقارِنُـهُ هنـاك وَيُسْـأَلُ
ബുദ്ധിയുള്ള ഏതൊരു ജീവിക്കും ഖബ്റില്‍ വെച്ച് അവന് കൂട്ടിരിക്കാൻ അവന്റെ കർമ്മം ഉണ്ടായിരിക്കും; അവൻ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.
▪️ഖബ്റിലെ ശിക്ഷയും പരീക്ഷണവും അവിടുത്തെ സുഖാനുഭൂതികളും ഖുർആനും സുന്നത്തും കൊണ്ട് സ്ഥിരപ്പെട്ട സത്യമാണ്; ഇത് അഹ്ലുസ്സുന്നയുടെ വിശ്വാസപ്രമാണത്തിൽ പെട്ടതുമാണ്. അതിനാൽ മനുഷ്യന് മരണപ്പെട്ടാൽ, അവന്റെ കർമ്മങ്ങൾ അവനോടൊപ്പം ഖബ്റിൽ കൂട്ടിനുണ്ടാകും, അതായത് അതിൽ വേർപിരിയാതെ ഉണ്ടാകും.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَتْبَعُ الْمَيِّتَ ثَلاَثَةٌ، فَيَرْجِعُ اثْنَانِ وَيَبْقَى مَعَهُ وَاحِدٌ، يَتْبَعُهُ أَهْلُهُ وَمَالُهُ وَعَمَلُهُ، فَيَرْجِعُ أَهْلُهُ وَمَالُهُ، وَيَبْقَى عَمَلُهُ
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ മയ്യത്തിനെ (ഖബറിലേക്ക്) അനുഗമിക്കുന്നു. അതിൽ രണ്ടെണ്ണം മടങ്ങിപ്പോകുന്നു, ഒന്ന് അവനോടൊപ്പം അവശേഷിക്കുന്നു. അവന്റെ കുടുംബവും സമ്പത്തും അമലും (കർമം) അവനെ പിന്തുടരുന്നു. കുടുംബവും സമ്പത്തും മടങ്ങിപ്പോകുന്നു, അവന്റെ കർമം മാത്രം അവനോടൊപ്പം അവശേഷിക്കുന്നു. (ബുഖാരി:6514)
عَنِ الْبَرَاءِ بْنِ عَازِبٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ” إِذَا أُقْعِدَ الْمُؤْمِنُ فِي قَبْرِهِ أُتِيَ، ثُمَّ شَهِدَ أَنْ لاَ إِلَهَ إِلاَّ اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ، فَذَلِكَ قَوْلُهُ {يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ} ”
ബറാഇബ്നു ആസിബ് رضى الله عنهما യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുഅ്മിനിനെ അവന്റെ ഖബറില്‍ വെച്ച് കഴിഞ്ഞാല്‍ (രണ്ടു മലക്കുകള്‍) വരും. അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ലെന്നും മുഹമ്മദ് ﷺ അവന്റെ ദൂതനാണെന്നും അവരുടെ മുമ്പില്‍ അവന് സാക്ഷ്യപ്പെടുത്തും. അതാണ് അല്ലാഹു പറഞ്ഞത്:
يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُوا۟ بِٱلْقَوْلِ ٱلثَّابِتِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ
ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്. (ഖുര്‍ആൻ:14/27) (ബുഖാരി:1369)
▪️ഖബ്റിലെ ശിക്ഷയ്ക്ക് ഖുർആൻ തെളിവ് നൽകുന്നുണ്ട്; അല്ലാഹു പറയുന്നു:
ٱلنَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ ٱلسَّاعَةُ أَدْخِلُوٓا۟ ءَالَ فِرْعَوْنَ أَشَدَّ ٱلْعَذَابِ
നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക. (എന്ന് കല്പിക്കപ്പെടും) (ഖുർആൻ:40/46)
وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَقُولُونَ عَلَى ٱللَّهِ غَيْرَ ٱلْحَقِّ وَكُنتُمْ عَنْ ءَايَٰتِهِۦ تَسْتَكْبِرُونَ
ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്റെയും, അവന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്കപ്പെടുന്നതാണ്. (എന്ന് മലക്കുകള്‍ പറയും.) (ഖു൪ആന്‍:6/93)
▪️സുന്നത്തിൽ നിന്നുള്ള തെളിവ്: നബി ﷺ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ
അല്ലാഹുവേ, ഖബ്റിലെ ശിക്ഷയിൽ നിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു. (ബുഖാരി:1377)
▪️മനുഷ്യന് മരിച്ചു ഖബ്റിലായാൽ അവിടെ അവന് കൂട്ടായി മറ്റാരും ഉണ്ടാകില്ല; മറിച്ച് അവൻ ചെയ്ത നല്ലതോ ചീത്തയോ ആയ കർമ്മങ്ങൾ ഒരു രൂപത്തിൽ അവനോടൊപ്പം കൂട്ടുകാരനായി കൂടെയുണ്ടാകും. അവൻ ചെയ്ത ഓരോ കാര്യങ്ങളെക്കുറിച്ചും അവിടെ വെച്ച് ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. അതുകൊണ്ട് ഇഹലോകത്ത് സൽകർമ്മങ്ങൾ ചെയ്ത് പരലോകത്തേക്ക് തയ്യാറെടുക്കണമെന്ന വലിയൊരു സന്ദേശമാണ് ഈ വരി നൽകുന്നത്.
هذا اعتقادُ الشافِعيِّ ومالك ٍ … وأبي حنيفةَ ثم أحمدَ يُنْقَلُ
ഇതാണ് ഇമാം ശാഫിഇ, മാലിക്, അബൂഹനീഫ, പിന്നീട് അഹ്മദ് എന്നിവരിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുള്ള അഖീദ (വിശ്വാസപ്രമാണം)
▪️ഈ കവിതയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സലഫുസ്സ്വാലിഹീങ്ങളുടെയും, അതുപോലെ മുസ്ലിംകള് മാതൃകയാക്കുന്ന നാല് ഇമാമുമാരുടെയും വിശ്വാസത്തില്‍ പെട്ടതാണ്. ഈ വിശ്വാസം ശൈഖുല്‍ ഇസ്ലാം സ്വന്തമായി ഉണ്ടാക്കിയതല്ല, മറിച്ച് വിശ്വസനീയമായ പ്രമാണങ്ങളിൽ നിന്ന് അവരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്.
▪️കർമ്മശാസ്ത്രപരമായ വിഷയങ്ങളിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, വിശ്വാസ കാര്യങ്ങളില്‍ നാല് മദ്ഹബുകളുടെ ഇമാമുകളും ഒരേ നിലപാടാണ് സ്വീകരിച്ചിരുന്നത് എന്ന് ഈ വരികൾ ഓർമ്മിപ്പിക്കുന്നു. ഇവരെല്ലാവരും വിശ്വസിച്ചതും പഠിപ്പിച്ചതും സലഫുകളുടെ അതേ അഖീടയാണ്.
فإِنِ اتَّبَعْتَ سبيلَهُمْ فَمُوَفَّقٌ … وإنِ ابْتَدَعْتَ فَما عَلَيْكَ مُعَوَّلُ
അതിനാൽ നീ അവരുടെ മാർഗ്ഗത്തെ പിൻപറ്റിയാൽ നീ തൗഫീഖ് (സന്മാർഗ്ഗം) ലഭിച്ചവനാണ്; ഇനി നീ (ദീനിൽ) ബിദ്അത്തുകൾ ഉണ്ടാക്കുകയാണെങ്കിൽ നിന്റെ കാര്യത്തിൽ യാതൊരു ആശ്രയവുമില്ല.
▪️പ്രവാചകനും സ്വഹാബികളും താബിഉകളും അടങ്ങുന്ന സലഫുസ്വാലിഹുകളുടെ വിശ്വാസരീതി മുറുകെപ്പിടിക്കുക എന്നതാണ് പരമപ്രധാനമായ വിജയം.
▪️ഖുർആനും സുന്നത്തും അവര മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും പ്രായോഗികമാക്കുകയും ചെയ്യുക എന്നതാണ് ‘മുവഫ്ഫഖ്’ (അല്ലാഹുവിന്റെ അനുഗ്രഹത്താൽ വിജയം വരിച്ചവൻ) ആകാനുള്ള വഴി.
▪️മതത്തിന്റെ മൗലിക കാര്യങ്ങളിൽ സ്വന്തം ബുദ്ധിയെയോ തന്നിഷ്ടത്തെയോ അടിസ്ഥാനമാക്കി പുതിയ വ്യാഖ്യാനങ്ങളോ ആചാരങ്ങളോ ഉണ്ടാക്കിയെടുക്കുന്നവൻ നാശത്തിലേക്ക് നയിക്കും. അത്തരം വഴികൾ സ്വീകരിക്കുന്നവരുടെ മേൽ ദീനീപരമായ കാര്യങ്ങളിൽ യാതൊരുവിധ ആശ്രയവുമില്ല; അതായത് അവരുടെ വാദങ്ങൾക്കോ വിശ്വാസങ്ങൾക്കോ ഇസ്ലാമിൽ അംഗീകാരമോ വിലയോ ഇല്ല എന്നർത്ഥം.
www.kanzululoom.com