ഖുർആൻ പാരായണത്തിൽ തജ്‍വീദിന്റെയും തര്‍ത്തീലിന്റെയും പ്രാധാന്യം

വിശുദ്ധ ഖുർആൻ അല്ലാഹുവിൻ്റെ സംസാരമാണ്. അത് ജിബ്‌രീൽ عليه السلام വഴി മുഹമ്മദ് നബി ﷺ ക്ക് എപ്രകാരമാണോ പാരായണം ചെയ്‌തു നൽകിയിട്ടുള്ളത് അപ്രകാരം തന്നെയാണ് ഖുർആൻ പാരായണം ചെയ്യുന്ന ഓരോരുത്തരും പാരായണം ചെയ്യേണ്ടത്. മുഹമ്മദ് നബി ﷺ ക്ക് ഖുർആൻ നൽകുക മാത്രമല്ല, അദ്ദേഹത്തോടും അദ്ദേഹത്തെ പിന്തുടരുന്നവരോടും ഖുർആൻ മനഃപാഠമാക്കുവാനും യഥാവിധി പാരായണം ചെയ്യുവാനും അതിലെ ആശയങ്ങൾ ഗ്രഹിക്കുവാനും ഖുർആൻ ജീവിതത്തിൽ പ്രാവർത്തികമാക്കാനും അല്ലാഹു കല്പിച്ചിരിക്കുന്നു. ഈ സന്ദർഭത്തിൽ ഏറെ പ്രധാന്യമുള്ള രണ്ട് പ്രധാന ആശയങ്ങളാണ് തജ്‍വീദും (التَّجْوِيدُ) തർതീലും (التَّرْتِيلُ).

ഖുർആൻ പഠിതാക്കളിൽ ഒരു വിഭാഗം ഖുർആൻ പാരായണത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. അവര്‍ പാരായണ നിയമങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം കല്പിക്കുന്നില്ല. ഖുർആൻ പ്രവർത്തനപഥത്തിലല്ലേ വേണ്ടത് എന്നാണ് അവർ ചോദിക്കുന്നത്. എന്നാൽ ഈ വാദം തെറ്റാണ്. കാരണം അല്ലാഹു ജിബ്‌രീൽ عليه السلام മുഖേന മുഹമ്മദ് നബി ﷺ ക്ക് ഖുർആൻ അവതരിപ്പിച്ചത് പാരായണ നിയമങ്ങളോട് (مُجَوَّد) കൂടി തന്നെയാണ്. നബി ﷺ അത് സ്വഹാബികൾക്ക് ഓതിക്കേൾപ്പിച്ചതും مُجَوَّد [സാവധാനത്തിൽ, ഈണത്തിലും തജ്‌വീദ് നിയമങ്ങൾ പൂർണ്ണമായി പാലിച്ചും ഓതുന്ന ശൈലി] ആയിട്ടാണ്. അങ്ങനെ സലഫു സ്വാലിഹുകളിലൂടെ തലമുറ തലമുറയായി കൈമാറ്റം ചെയ്യപ്പെട്ടു നമ്മിലേക്ക് എത്തിയ ശാസ്ത്രമാണ് ഇൽമുത്തജ്‌വീദ് (علم التجويد), അഥവാ ഖുർആൻ പാരായണ ശാസ്ത്രം.

എന്താണ് തജ്‌വീദ് ?

ഏതൊരു കാര്യത്തെയും ഭംഗിയായും ആകർഷകമായും ചെയ്യുന്നതിനെയാണ് ഭാഷയിൽ തജ്‌വീദ് എന്ന് പറയുന്നത്. എന്നാൽ സാങ്കേതികമായി, മതത്തിന്റെ ശറഇയായ ഭാഷയിൽ അതിൻ്റെ അർഥം, ഖുർആനിലെ ഓരോ അക്ഷരങ്ങളെയും അതിൻറെ യഥാർത്ഥ ഉത്ഭവസ്ഥാനത്ത് നിന്നും ഉച്ചരിക്കുകയും, ഓരോ അക്ഷരങ്ങൾക്കും അതിൻ്റെ നിയമങ്ങളും അവകാശങ്ങളും നൽകുകയും, നീട്ടേണ്ട സ്ഥലത്ത് നീട്ടിയും മണിക്കേണ്ട സ്ഥലങ്ങളിൽ മണിച്ചും മറച്ചുപിടിക്കേണ്ട സ്ഥലങ്ങളിൽ മറച്ചുപിടിച്ചും, മണിക്കാൻ പാടില്ലാത്ത, വെളിവാക്കേണ്ട സ്ഥലങ്ങളിൽ വെളിവാക്കിയും ഒരക്ഷരം മറ്റൊരക്ഷരമായി മാറ്റേണ്ട സ്ഥലങ്ങളിൽ അങ്ങനെ ചെയ്‌തും ഖുർആൻ പാരായണത്തിൽ പ്രവാചക മാതൃക പിൻപറ്റി ഏറ്റവും നല്ല രൂപത്തിൽപാരായണം ചെയ്യുക എന്നതാണ്.

അല്ലാഹു പറയുന്നു:

وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا

ഖുർആൻ തർത്തീലോടെ പാരായണം ചെയ്യുക. (ഖുർആൻ 73/4)

നിയമങ്ങൾ പാലിച്ച്, സാവകാശം, നിറുത്തി നിറുത്തി ഓതുന്നതിനെയാണ് തർത്തീൽ എന്നുപറയുന്നത്.

فَإِنَّ تَرْتِيلَ الْقُرْآنِ بِهِ يَحْصُلُ التَّدَبُّرُ وَالتَّفَكُّرُ، وَتَحْرِيكُ الْقُلُوبِ بِهِ، وَالتَّعَبُّدُ بِآيَاتِهِ، وَالتَّهَيُّؤُ وَالِاسْتِعْدَادُ التَّامُّ لَهُ،

തീർച്ചയായും ഖുർആൻ തർത്തീലോടുകൂടി പാരായണം ചെയ്യുന്നത് വഴി അതിനെക്കുറിച്ചുള്ള ചിന്തയും ആലോചനയും സാധ്യമാകുന്നു; അതുവഴി ഹൃദയങ്ങളിൽ ചലനമുണ്ടാകുകയും, അതിന്റെ ആയത്തുകൾ കൊണ്ട് (അല്ലാഹുവിനെ) ആരാധിക്കുകയും, അതിനായി പൂർണ്ണമായ ഒരുക്കവും സജ്ജീകരണവും കൈവരികയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)

تَرْتِيل (തര്‍ത്തീല്‍) എന്നാല്‍, അക്ഷരങ്ങള്‍ വ്യക്തമാക്കിയും വാക്കുകള്‍ മുറിച്ചു മുറിച്ചും, വാചകങ്ങള്‍ നിറുത്തി നിറുത്തിയും കൊണ്ട് സാവകാശ രൂപത്തില്‍ നന്നാക്കി വായിക്കുക – അല്ലെങ്കില്‍ സംസാരിക്കുക – എന്നര്‍ത്ഥം ആകുന്നു. ഖുര്‍ആന്‍ തര്‍ത്തീലാക്കി ഓതണമെന്ന കല്‍പന വളരെ അര്‍ത്ഥവത്തായ ഒരു കൽപനയാണ്. ഓതുന്നവന് അതിന്റെ അര്‍ത്ഥവും ആശയവും, സൂചനകളും എല്ലാം ഓര്‍മ്മിക്കുവാനും അവ മനസ്സില്‍ പതിയുവാനും അവയെ പറ്റി ഉറ്റാലോചിക്കുവാനും അത് വളരെ ഉപകരിക്കുന്നു. അങ്ങിനെ ഉള്ള ഓത്ത് കേള്‍ക്കുന്നവര്‍ക്കും അത് ഫലം ചെയ്യും. ഖുര്‍ആനിനോടുള്ള ആദരവും ഭക്തിയും പ്രകടിപ്പിക്കലും കൂടിയാണത്. സാധാരണ വായനകളിലും സംസാരങ്ങളിലും പോലും ഉച്ചാരണ ശുദ്ധി കൂടാതെയും അക്ഷരവ്യക്തത കൂടാതെയും ധൃതിയില്‍ ഉരുവിടുന്ന സമ്പ്രദായം അനഭിലഷണീയമാണല്ലോ. (അമാനി തഫ്സീര്‍)

ٱﻟَّﺬِﻳﻦَ ءَاﺗَﻴْﻨَٰﻬُﻢُ ٱﻟْﻜِﺘَٰﺐَ ﻳَﺘْﻠُﻮﻧَﻪُۥ ﺣَﻖَّ ﺗِﻼَﻭَﺗِﻪِۦٓ ﺃُﻭ۟ﻟَٰٓﺌِﻚَ ﻳُﺆْﻣِﻨُﻮﻥَ ﺑِﻪِۦ ۗ

നാം ഈ വേദഗ്രന്ഥം നല്‍കിയത് ആര്‍ക്കാണോ അവരത് പാരായണത്തിന്റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. (ഖു൪ആന്‍:2/121)

عَنِ الْبَرَاءِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ‏.‏

അൽബറാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ ശബ്ദം കൊണ്ട് ഖുർആനിനെ ഭംഗിയാക്കുക. (നസാഇ:1015)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَيْسَ مِنَّا مَنْ لَمْ يَتَغَنَّ بِالْقُرْآنِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ഖുർആൻ ഈണത്തിൽ ഓതാത്തവൻ നമ്മിൽ പെട്ടവനല്ല. (ബുഖാരി:7527)

മറ്റു ഗ്രന്ഥങ്ങൾ വായിക്കുന്നതുപോലെയല്ല, ഖുർആൻ വായിക്കേണ്ടത് ഏറ്റവും മനോഹരമായ ഈണത്തോടെയും ശബ്ദത്തോടെയും ആവേണ്ടതുണ്ട്. അതുകൊണ്ടാണ് ഖുർആൻ വായനക്ക് പാരായണം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ പാരായണ ശാസ്ത്രം നാം പഠിക്കേണ്ടതുണ്ട്. മഹാനായ അബൂബക്ർ رَضِيَ اللَّهُ عَنْهُ വിന്റെ പാരായണഭംഗികൊണ്ടായിരുന്നു ഖുർആനിന്റെ ശത്രുക്കൾ പോലും അത് കേൾക്കുവാനും മനസ്സിലാക്കുവാനും തയ്യാറായത്.

അറബി ഭാഷാ ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ സാധാരണ ഗൗനിക്കേതില്ലാത്ത എത്രയോ കാര്യങ്ങള്‍ ഖുര്‍ആന്‍ പാരായണത്തില്‍ ഗൗനിക്കേണ്ടതായുണ്ട്. അവ നബി ﷺ യില്‍ നിന്നു സ്വഹാബികളും, അവരില്‍ നിന്ന് താബിഉകളും അവരില്‍ നിന്ന് പിന്‍ഗാമികളുമായി കര്‍ണാകര്‍ണികയായി പഠിച്ചു വന്ന പാരമ്പര്യ വിജ്ഞാനങ്ങളത്രെ. ചുരുക്കിപ്പറയുന്ന പക്ഷം, ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ ഒട്ടും അറിയാത്തവന് ഖുര്‍ആന്‍ ശരിക്കും വായിക്കുവാന്‍ സാധിക്കുകയില്ല. ഗ്രന്ഥത്തില്‍ നിന്നു മാത്രം പഠിച്ചാലും പോരാ, ഗുരുമുഖങ്ങളില്‍ നിന്നു തന്നെ നേരില്‍ കേട്ടു മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവ വേണ്ടതുപോലെ പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കുകയുള്ളൂ. (അമാനി തഫ്സീര്‍ – മുഖവുരയിൽ നിന്നും)

വിശുദ്ധ ഖുർആൻ തജ്‍വീദ് ചെയ്യലിന്റെ പടവുകളിൽ പെട്ട ഒരു പടിയാണ് തർത്തീൽ.

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *