الرسل (റസൂലുകൾ – ദൂതന്മാർ) എന്നത് റസൂൽ (رسول) എന്നതിന്റെ ബഹുവചനമാണ്. അർത്ഥം: (مُرسَل മുർസൽ) അതായത്: വല്ല കാര്യവും എത്തിച്ചുകൊടുക്കാൻ നിയോഗിക്കപ്പെട്ടവൻ.
ഇവിടെ ഉദ്ദേശിക്കുന്നത്: ഏതൊരു മനുഷ്യനിലേക്കാണോ വഹ്‌യ് (ദിവ്യബോധനം) നൽകപ്പെടുകയും, അതൊരു നിയമമായി നൽകപ്പെടുകയും, അത് ജനങ്ങൾക്ക് എത്തിച്ചുകൊടുക്കാൻ കൽപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ളത്, അവരെയാണ്.
റസുലുകളിൽ ആദ്യത്തേത് നൂഹ് عليه السلام യും, അവരിൽ അവസാനത്തെയാൾ മുഹമ്മദ് ﷺ യും ആകുന്നു.
അല്ലാഹു പറയുന്നു:
إِنَّآ أَوْحَيْنَآ إِلَيْكَ كَمَآ أَوْحَيْنَآ إِلَىٰ نُوحٍ وَٱلنَّبِيِّـۧنَ مِنۢ بَعْدِهِۦ ۚ
(നബിയേ,) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. (ഖു൪ആന്‍:4/163)
സ്വഹീഹുൽ ബുഖാരിയിൽ അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം ചെയ്ത ശഫാഅത്തിന്റെ സുദീർഘമായ ഹദീസിൽ; (ആ പരലോക വിചാരണാ വേളയിൽ) ജനങ്ങൾ ആദം നബി عليه السلام യുടെ അരികിൽ ചെന്ന് തങ്ങൾക്ക് വേണ്ടി (അല്ലാഹുവിന്റെ അടുക്കൽ) ശുപാർശ ചെയ്യാൻ ആവശ്യപ്പെടുമെന്നും, അപ്പോൾ അദ്ദേഹം ഒഴിവുകഴിവ് പറഞ്ഞ് അവരോട് ഇപ്രകാരം പറയും എന്ന് പരാമർശിച്ചിരിക്കുന്നു:
ائتوا نوحًا أول رسولٍ بعثه الله.
അല്ലാഹു നിയോഗിച്ച ആദ്യത്തെ റസൂലായ നൂഹ് عليه السلام യുടെ അരികിലേക്ക് നിങ്ങൾ ചെല്ലുവിൻ, (ബുഖാരി)
മുഹമ്മദ് നബി ﷺ യെ കുറിച്ച് അല്ലാഹു പറയുന്നു:
مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ
മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. (ഖു൪ആന്‍:33/40)
സ്വന്തം ജനതയിലേക്ക് സ്വതന്ത്രമായ ശരീഅത്തുമായി അല്ലാഹു നിയോഗിച്ച ഒരു റസൂലോ, അതല്ലെങ്കിൽ മുൻകഴിഞ്ഞ പ്രവാചകന്റെ നിയമത്തെ പുതുക്കിക്കൊണ്ട് വഹ്‌യ് (ദിവ്യബോധനം) ലഭിച്ച ഒരു നബിയോ ഇല്ലാത്ത യാതൊരു സമൂഹവുമില്ല. അല്ലാഹു പറയുന്നു:
ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36)
وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ
ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല. (ഖു൪ആന്‍:35/32)
إِنَّآ أَنزَلْنَا ٱلتَّوْرَىٰةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا ٱلنَّبِيُّونَ ٱلَّذِينَ أَسْلَمُوا۟ لِلَّذِينَ هَادُوا۟
തീര്‍ച്ചയായും നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (അല്ലാഹുവിന്) കീഴ്പെട്ട പ്രവാചകന്‍മാര്‍ യഹൂദമതക്കാര്‍ക്ക് അതിനനുസരിച്ച് വിധികല്‍പിച്ച് പോന്നു.(ഖു൪ആന്‍:5/44)
റസൂലുകൾ എന്നത് സൃഷ്ടിക്കപ്പെട്ട മനുഷ്യരാണ്. റുബൂബിയ്യത്തിന്റെയോ (രക്ഷാകര്‍തൃത്വത്തിന്റെയോ) ഉലൂഹിയ്യത്തിന്റെയോ (ദൈവത്വത്തിന്റെയോ) പ്രത്യേകതകളിൽ യാതൊന്നും അവർക്കില്ല. പ്രവാചകന്മാരിൽ പ്രമുഖനും അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ഉന്നത പദവിയുള്ളവനുമായ മുഹമ്മദ് നബി ﷺ യെ കുറിച്ച് അല്ലാഹു പറയുന്നു:
قُل لَّآ أَمْلِكُ لِنَفْسِى نَفْعًا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُ ۚ وَلَوْ كُنتُ أَعْلَمُ ٱلْغَيْبَ لَٱسْتَكْثَرْتُ مِنَ ٱلْخَيْرِ وَمَا مَسَّنِىَ ٱلسُّوٓءُ ۚ إِنْ أَنَا۠ إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ
(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്. (ഖു൪ആന്‍:7/188)
قُلْ إِنِّى لَآ أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا ﴿٢١﴾ قُلْ إِنِّى لَن يُجِيرَنِى مِنَ ٱللَّهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِۦ مُلْتَحَدًا ﴿٢٢﴾
പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല. പറയുക: അല്ലാഹുവി (ന്‍റെ ശിക്ഷയി) ല്‍ നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല. (ഖു൪ആന്‍:72/21-22)
മനുഷ്യസഹജമായ എല്ലാ പ്രത്യേകതകളും അവരെയും ബാധിക്കുന്നതാണ്; രോഗം, മരണം, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ആവശ്യകത തുടങ്ങിയവയെല്ലാം അതിൽ പെടുന്നു. ഇബ്‌റാഹീം عليه السلام തന്റെ റബ്ബിനെ വിശേഷിപ്പിച്ചുകൊണ്ട് പറഞ്ഞതായി അല്ലാഹു പറയുന്നു:
وَٱلَّذِى هُوَ يُطْعِمُنِى وَيَسْقِينِ ﴿٧٩﴾ وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ وَٱلَّذِى يُمِيتُنِى ثُمَّ يُحْيِينِ ﴿٨١﴾
(അല്ലാഹുവാണ്) എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍, എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്, എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍. (ഖുർആൻ:26/79-81)
قال النبي صلى الله عليه وسلم: إِنَّمَا أَنَا بَشَرٌ مِثْلُكُمْ، أَنْسَى كَمَا تَنْسَوْنَ، فَإِذَا نَسِيتُ فَذَكِّرُونِي.
നബി ﷺ പറഞ്ഞു: തീർച്ചയായും ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങൾ മറക്കുന്നതുപോലെ ഞാനും മറക്കുന്നു. അതിനാൽ ഞാൻ മറന്നുപോയാൽ നിങ്ങൾ എന്നെ ഓർമ്മിപ്പിക്കുവിൻ! (ബുഖാരി)
അവരുടെ ഏറ്റവും ഉന്നതമായ പദവികളിലും, അവരെ പ്രശംസിക്കുന്ന സന്ദർഭത്തിലുമൊക്കെ അല്ലാഹു ഉബൂദിയത്ത് (അടിമത്തം) കൊണ്ട് അവരെ വിശേഷിപ്പിച്ചിട്ടുണ്ട്; നൂഹ് عليه السلام യെ കുറിച്ച് അല്ലാഹു പറഞ്ഞു:
إِنَّهُۥ كَانَ عَبْدًا شَكُورًا
തീര്‍ച്ചയായും അദ്ദേഹം (നൂഹ്) വളരെ നന്ദിയുള്ള ഒരു ദാസനായിരുന്നു. (ഖുർആൻ:17/3)
മുഹമ്മദ് നബി ﷺയെ കുറിച്ച് അല്ലാഹു പറഞ്ഞു:
تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَٰلَمِينَ نَذِيرًا
തന്റെ അടിമയുടെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം(ക്വുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനുവേണ്ടിയത്രെ അത്. (ഖു൪ആന്‍: 25/1)
ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് [عليهم السلام] എന്നിവരെ കുറിച്ച് അല്ലാഹു പറഞ്ഞു:
وَٱذْكُرْ عِبَٰدَنَآ إِبْرَٰهِيمَ وَإِسْحَٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَٰرِ ﴿٤٥﴾ إِنَّآ أَخْلَصْنَٰهُم بِخَالِصَةٍ ذِكْرَى ٱلدَّارِ ﴿٤٦﴾ وَإِنَّهُمْ عِندَنَا لَمِنَ ٱلْمُصْطَفَيْنَ ٱلْأَخْيَارِ ﴿٤٧﴾
കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്രാഹീം, ഇഷാഖ്, യഅ്ഖൂബ് എന്നിവരെയും ഓര്‍ക്കുക. നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട് നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്. തീര്‍ച്ചയായും അവര്‍ നമ്മുടെ അടുക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു. ഇസ്മാഈല്‍, അല്‍യസഅ്, ദുല്‍കിഫ്ല് എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു. (ഖു൪ആന്‍: 38/45-47)
ഈസ ബ്നു മര്‍യം عليه السلام യെ കുറിച്ച് അല്ലാഹു പറഞ്ഞു:
إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَٰهُ مَثَلًا لِّبَنِىٓ إِسْرَٰٓءِيلَ
അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു. (ഖു൪ആന്‍: 43/59)
പ്രവാചകന്മാരിലുള്ള വിശ്വസം നാല് കാര്യങ്ങളെ ഉൾക്കൊള്ളുന്നു:
ഒന്നാമത്തേത്: അവരുടെ രിസാലത്ത് അല്ലാഹുവിങ്കൽ നിന്നുള്ള സത്യമാണെന്ന് വിശ്വസിക്കുക. ആകയാൽ, അവരിൽ ഒരാളുടെ രിസാലത്തിനെ ആരെങ്കിലും നിഷേധിച്ചാൽ, അവൻ എല്ലാവരെയും നിഷേധിച്ചിരിക്കുന്നു. അല്ലാഹു പറയുന്നതുപോലെ:
كَذَّبَتْ قَوْمُ نُوحٍ ٱلْمُرْسَلِينَ
നൂഹിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. (ഖു൪ആന്‍: 26/105)
അങ്ങനെ, മറ്റൊരു റസൂൽ ഇല്ലാത്ത സന്ദർഭത്തിൽ അവർ ആ റസൂലിനെ നിഷേധിച്ചപ്പോൾ, അല്ലാഹു അവരെ എല്ലാ റസൂലുകളെയു നിഷേധിച്ചവരായി കണക്കാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ, മുഹമ്മദ് നബി ﷺ യെ നിഷേധിക്കുകയും അദ്ദേഹത്തെ പിൻപറ്റാതിരിക്കുകയും ചെയ്ത നസ്വാറാക്കൾ; വാസ്തവത്തിൽ ഈസ ബ്നു മര്‍യം عليه السلام യെയും നിഷേധിച്ചവരും അദ്ദേഹത്തെ പിൻപറ്റാത്തവരുമാണ്. വിശിഷ്യാ, മുഹമ്മദ് നബി ﷺ യെ കുറിച്ച് അദ്ദേഹം അവർക്ക് സന്തോഷവാർത്ത അറിയിച്ചിട്ടുമുണ്ട്. അല്ലാഹു അവരെ വഴികേടിൽ നിന്ന് രക്ഷിക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു റസൂലാണ് അദ്ദേഹം എന്നതല്ലാതെ ആ സന്തോഷവാർത്തയ്ക്ക് വേറെ യാതൊരു അർത്ഥവുമില്ല.
രണ്ടാമത്തേത്: നാം പേര് പഠിച്ചിട്ടുള്ള പ്രവാചകന്മാരെ അവരുടെ പേരുകൾ സഹിതം വിശ്വസിക്കുക. ഉദാഹരണത്തിന്: മുഹമ്മദ്, ഇബ്‌റാഹീം, മൂസാ, ഈസാ, നൂഹ് [عَلَيْهِمُ الصَّلَاةُ وَالسَّلَامُ]. ഈ അഞ്ച് പ്രവാചകന്മാരാണ് ‘ഉലുൽ അസ്മ്’ (ദൃഢചിത്തരായ ദൂതന്മാർ) എന്നറിയപ്പെടുന്നത്. അല്ലാഹു ഖുർആനിൽ രണ്ട് സ്ഥലങ്ങളിൽ ഇവരെ എടുത്തുപറഞ്ഞിട്ടുണ്ട്:
وَإِذْ أَخَذْنَا مِنَ ٱلنَّبِيِّۦنَ مِيثَٰقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ
പ്രവാചകന്‍മാരില്‍ നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്.) നിന്‍റെ പക്കല്‍ നിന്നും നൂഹ്, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം.) (ഖു൪ആന്‍ :33/7)
شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًا وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِۦٓ إِبْرَٰهِيمَ وَمُوسَىٰ وَعِيسَىٰٓ ۖ أَنْ أَقِيمُوا۟ ٱلدِّينَ وَلَا تَتَفَرَّقُوا۟ فِيهِ
നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം – നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം – അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. (ഖു൪ആന്‍ :42/13)
എന്നാൽ, നാം പേരുകൾ അറിയാത്ത പ്രവാചകന്മാരെ സംബന്ധിച്ചിടത്തോളം, അവരിൽ നാം പൊതുവായി വിശ്വസിക്കുന്നു. അല്ലാഹു പറയുന്നു:
وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ
നിനക്ക് മുമ്പ് നാം പല ദൂതന്‍മാരെയും അയച്ചിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല. (ഖു൪ആന്‍ :40/78)
മൂന്നാമത്തേത്: അവരെക്കുറിച്ച് സ്ഥിരപ്പെട്ട് വന്നിട്ടുള്ള വാർത്തകളെ പൂർണ്ണമായി സത്യപ്പെടുത്തുകയെന്നതാണ്.
നാലാമത്തേത്: നമ്മിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്റെ ശരീഅത്ത് അനുസരിച്ച് പ്രവർത്തിക്കുകയെന്നതാണ്. അവരിൽ അവസാനത്തെയാളും മുഴുവൻ മനുഷ്യരിലേക്കും നിയോഗിക്കപ്പെട്ടയാളുമാണ് മുഹമ്മദ് നബി ﷺ. അല്ലാഹു പറയുന്നു:
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا
ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണെ സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)
പ്രവാചകന്മാരിലുള്ള വിശ്വാസത്തിന് മഹത്തായ ഫലങ്ങളുണ്ട്; അവയിൽ ചിലത് താഴെ പറയുന്നവയാണ്:
ഒന്നാമത്തേത്: അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചും തന്റെ ദാസന്മാരോടുള്ള അവന്റെ പരിപാലനത്തെ കുറിച്ചുമുള്ള അറിവാണ് അത്. കാരണം, അല്ലാഹുവിന്റെ പാതയിലേക്ക് അവരെ നയിക്കാനും, അവനെ എങ്ങനെ ആരാധിക്കണമെന്ന് അവർക്ക് വ്യക്തമാക്കി കൊടുക്കാനുമായി അവൻ അവരിലേക്ക് ദൂതന്മാരെ അയച്ചു. എന്തെന്നാൽ, കേവലം മാനുഷിക ബുദ്ധിക്ക് ഇക്കാര്യങ്ങൾ സ്വയം ഗ്രഹിക്കാൻ സാധ്യമല്ലല്ലോ.
രണ്ടാമത്തേത്: ഈ മഹത്തായ അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുകയെന്നതാണ്.
മൂന്നാമത്തേത്: പ്രവാചകന്മാരെ സ്നേഹിക്കുകയും ആദരിക്കുകയും, അവർക്ക് യോജിച്ച വിധത്തിൽ അവരെ പ്രശംസിക്കുകയും ചെയ്യുക എന്നതാണ്. കാരണം, അവർ അല്ലാഹുവിന്റെ ദൂതന്മാരാണ്. മാത്രമല്ല, അവർ അല്ലാഹുവിനെ ആരാധിക്കുകയും അവന്റെ ദൗത്യം എത്തിച്ചുകൊടുക്കുകയും ദാസന്മാരോട് ഗുണകാംക്ഷ പുലർത്തുകയും ചെയ്തവരാണ്.
അല്ലാഹുവിന്റെ ദൂതന്മാരെ ധിക്കരിച്ചവർ വാദിച്ചത് അല്ലാഹുവിന്റെ ദൂതന്മാർ മനുഷ്യരിൽപെട്ടവരായിരിക്കുകയില്ല എന്നാണ്! അല്ലാഹു ഈ വാദം ഉദ്ധരിക്കുകയും, തന്റെ ഈ വചനത്തിലൂടെ അത് ഖണ്ഡിക്കുകയും ചെയ്തിരിക്കുന്നു:
وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰٓ إِلَّآ أَن قَالُوٓا۟ أَبَعَثَ ٱللَّهُ بَشَرًا رَّسُولًا ﴿٩٤﴾ قُل لَّوْ كَانَ فِى ٱلْأَرْضِ مَلَٰٓئِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكًا رَّسُولًا ﴿٩٥﴾
ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു. (നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്ന് പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്ത് നിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു. (ഖു൪ആന്‍:17/94-95)
ഭൂമിയിലെ നിവാസികളിലേക്ക് നിയോഗിക്കപ്പെട്ടവനായതുകൊണ്ട് പ്രവാചകൻ മനുഷ്യനായിരിക്കൽ അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് അല്ലാഹു ഈ വാദത്തെ ഖണ്ഡിച്ചു. കാരണം, ഭൂമിയിലെ നിവാസികൾ മനുഷ്യരാണ്. ഇനി ഭൂമിയിലെ നിവാസികൾ മലകുകളായിരുന്നുവെങ്കിൽ, അവരെപ്പോലെ ആയിരിക്കാൻ വേണ്ടി ആകാശത്തുനിന്ന് ഒരു മലക്കിനെത്തന്നെ അല്ലാഹു ദൂതനായി ഇറക്കുമായിരുന്നു. അപ്രകാരം, പ്രവാചകന്മാരെ നിഷേധിച്ചവർ പറഞ്ഞതായി അല്ലാഹു വിവരിക്കുന്നു:
… قَالُوٓا۟ إِنْ أَنتُمْ إِلَّا بَشَرٌ مِّثْلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعْبُدُ ءَابَآؤُنَا فَأْتُونَا بِسُلْطَٰنٍ مُّبِينٍ ﴿١٠﴾قَالَتْ لَهُمْ رُسُلُهُمْ إِن نَّحْنُ إِلَّا بَشَرٌ مِّثْلُكُمْ وَلَٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ وَمَا كَانَ لَنَآ أَن نَّأْتِيَكُم بِسُلْطَٰنٍ إِلَّا بِإِذْنِ ٱللَّهِ ۚ … ﴿١١﴾
അവര്‍ (ജനങ്ങള്‍) പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ച് വരുന്നതില്‍ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ വല്ല രേഖയും നിങ്ങള്‍ ഞങ്ങള്‍ക്ക് കൊണ്ട് വന്നുതരൂ. അവരോട് അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍മാര്‍ തന്നെയാണ്. എങ്കിലും, അല്ലാഹു തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാന്‍ ഞങ്ങള്‍ക്കാവില്ല. (ഖു൪ആന്‍:14/10-11)
അവലംബം: മുഹമ്മദ് ബ്നു സ്വാലിഹ് അല്‍-ഉഥൈമീന്‍ رحمه الله യുടെ كتاب نبذة في العقيدة الإسلامية എന്ന കൃതിയിൽ നിന്നും
www.kanzululoom.com