ലാ ഇലാഹ ഇല്ലല്ലാഹ് ഗ്രഹിച്ചവരും ഗ്രഹിക്കാത്തവരും

എല്ലാ പ്രവാചകന്മാരുടെയും പ്രബോധനത്തിന്റെ കാതൽ “ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന തൗഹീദിന്റെ ആദർശമായിരുന്നു.

ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ

ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)

ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36)

لاَ- إِلَهَ – إِلاَّ – اللَّهُ എന്നീ നാല് പദങ്ങൾ ചേർന്ന വാക്യമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’. ‘അല്ലാഹുവല്ലാതെ മറ്റാരു ഇലാഹും ഇല്ല’ എന്നാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ അര്‍‍ത്ഥം. ഇലാഹ് എന്നാല്‍ مَعْبُود (മഅ്ബൂദ് – ഇബാദത്ത് നല്‍കപ്പെടുന്നവന്‍ /ആരാധിക്കപ്പെടുന്നവന്‍) എന്നാണ് വിവക്ഷ. لاَ مَعْبُودَ بِحَقٍّ إِلاَّ اللهُ – ലാ മഅ്ബൂദ ബി ഹഖിന്‍ ഇല്ലല്ലാഹ് – (യഥാര്‍‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല) എന്നാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ ഉദ്ദേശം. “അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല” എന്നും പറയാം.

പ്രവാചകന്മാർ പ്രബോധനം ചെയ്ത “ലാ ഇലാഹ ഇല്ലല്ലാഹ്” എന്നത് കേവലം ഒരു നാമമാത്ര പ്രഖ്യാപനമല്ലായിരുന്നുവെന്ന് ചുരുക്കം. അത് അംഗീകരിച്ചാൽ തങ്ങളുടെ ആരാധ്യൻമാരെ പൂർണ്ണമായി തള്ളിക്കളയേണ്ടി വരുമെന്ന് ആ ജനതയിലെ അവിശ്വാസികൾക്ക് കൃത്യമായ ഭാഷാപരവും ആശയപരവുമായ ബോധ്യമുണ്ടായിരുന്നു. അതായത് അത് അംഗീകരിക്കുകയാണെങ്കിൽ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാനും സഹായം തേടാനും അഭയം തേടാനും ഭാരം ഏൽപ്പിക്കാനും പ്രതീക്ഷ വയ്ക്കാനും ഭയപ്പെടാനും സ്നേഹിക്കാനും ഒന്നും കഴിയില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവർ “ഞങ്ങളുടെ ഇലാഹുകളെ ഉപേക്ഷിക്കില്ല” എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് തൗഹീദിനെ ശക്തമായി എതിർത്തത്.ഇക്കാര്യം അവരുടെ വാക്കുകളായി വിശുദ്ധ ഖുര്‍ആൻ ഉദ്ദരിക്കുന്നത് കാണുക:

1. നൂഹ് നബി عليه السلام യുടെ സമൂഹം

നൂഹ് നബി عليه السلام യുടെ ജനത തങ്ങളുടെ ഇലാഹുകളെ വിട്ടുകൊടുക്കില്ലെന്ന് പരസ്പരം ഉപദേശിക്കുകയാണുണ്ടായത്.

وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا

അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്‌. വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്‌. (ഖു൪ആന്‍:71/23)

2. ഹൂദ് നബി عليه السلام യുടെ സമൂഹം

ഹൂദ് നബി عليه السلام തൗഹീദ് പ്രബോധനം ചെയ്തപ്പോൾ, തങ്ങളുടെ മുൻഗാമികൾ ആരാധിച്ചുപോന്ന ഇലാഹുകളെ ഉപേക്ഷിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് ആദ് ജനത തുറന്നടിച്ചു:

قَالُوا۟ يَٰهُودُ مَا جِئْتَنَا بِبَيِّنَةٍ وَمَا نَحْنُ بِتَارِكِىٓ ءَالِهَتِنَا عَن قَوْلِكَ وَمَا نَحْنُ لَكَ بِمُؤْمِنِينَ

അവര്‍ പറഞ്ഞു: ഹൂദേ, നീ ഞങ്ങള്‍ക്ക് വ്യക്തമായ ഒരു തെളിവും കൊണ്ടു വന്നിട്ടില്ല. നീ പറഞ്ഞതിനാല്‍ മാത്രം ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ വിട്ടുകളയുന്നതല്ല. ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നതുമല്ല. (ഖു൪ആന്‍:11/53)

3. സാലിഹ് നബി عليه السلام യുടെ സമൂഹം

സാലിഹ് നബി عليه السلام തൗഹീദിലേക്ക് ക്ഷണിച്ചപ്പോൾ തങ്ങളുടെ പിതാക്കന്മാർ ആരാധിച്ചിരുന്ന ഇലാഹുകളെ ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്ന വിഷമമാണ് അവർ പങ്കുവെച്ചത്:

قَالُوا۟ يَٰصَٰلِحُ قَدْ كُنتَ فِينَا مَرْجُوًّا قَبْلَ هَٰذَآ ۖ أَتَنْهَىٰنَآ أَن نَّعْبُدَ مَا يَعْبُدُ ءَابَآؤُنَا وَإِنَّنَا لَفِى شَكٍّ مِّمَّا تَدْعُونَآ إِلَيْهِ مُرِيبٍ

അവര്‍ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ ആരാധിക്കുന്നതില്‍ നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ച് കൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ്‌. (ഖു൪ആന്‍:11/62)

4. ശുഐബ് നബി عليه السلام യുടെ സമൂഹം

ശുഐബ് നബി عليه السلام തൌഹീദ് പഠിപ്പിച്ചപ്പോൾ തങ്ങളുടെ ഇലാഹുകളെ ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്ന നമസ്കാരത്തെയാണ് അവർ പരിഹസിച്ചത്:

قَالُوا۟ يَٰشُعَيْبُ أَصَلَوٰتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ ءَابَآؤُنَآ أَوْ أَن نَّفْعَلَ فِىٓ أَمْوَٰلِنَا مَا نَشَٰٓؤُا۟ ۖ إِنَّكَ لَأَنتَ ٱلْحَلِيمُ ٱلرَّشِيدُ

അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ച് വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്‍പന നല്‍കുന്നത് നിന്‍റെ ഈ നമസ്കാരമാണോ? തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ ? (ഖു൪ആന്‍:11/87)

5.മക്കയിലെ ഖുറൈശികൾ (മുഹമ്മദ് നബി ﷺ യുടെ സമൂഹം)

മുഹമ്മദ് നബി ﷺ തൗഹീദ് പ്രബോധനം ചെയ്തപ്പോൾ, ഈ തത്വം അംഗീകരിച്ചാൽ തങ്ങളുടെ എല്ലാ ഇലാഹുകളെയും ഉപേക്ഷിച്ച് “ഒരൊറ്റ ഇലാഹിലേക്ക്” ഒതുങ്ങേണ്ടി വരുമല്ലോ എന്ന അത്ഭുതമാണ് അവർ പ്രകടിപ്പിച്ചത്:

أَجَعَلَ ٱلْـَٔالِهَةَ إِلَٰهًا وَٰحِدًا ۖ إِنَّ هَٰذَا لَشَىْءٌ عُجَابٌ ‎﴿٥﴾‏ وَٱنطَلَقَ ٱلْمَلَأُ مِنْهُمْ أَنِ ٱمْشُوا۟ وَٱصْبِرُوا۟ عَلَىٰٓ ءَالِهَتِكُمْ ۖ إِنَّ هَٰذَا لَشَىْءٌ يُرَادُ ‎﴿٦﴾

ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ, അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞു കൊണ്ട്‌) പോയി: നിങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത് ഉദ്ദേശപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു. (ഖു൪ആന്‍:38/5-6)

അല്ലാഹുവില്‍ വിശ്വസിക്കുന്നതോടൊപ്പം തങ്ങള്‍ അല്ലാഹുവല്ലാത്ത പ്രവാചകന്‍മാ൪ക്കും മഹാന്‍മാ൪ക്കും ആരാധനയുടെ വകുപ്പില്‍ വരുന്ന പല കാര്യങ്ങളും സമ൪പ്പിച്ചിരുന്നതില്‍ നിന്നെല്ലാം മുക്തരാകണം എന്നതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ താല്‍പര്യമെന്ന് മക്കയിലെ മുശ്’രിക്കുകള്‍ക്ക് അറിയാമായിരുന്നു. ‘ലാഇലാഹ ഇല്ലല്ലാഹ് ‘ എന്നത് അംഗീകരിച്ചാല്‍ പിന്നെ അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാവൂ, അവന് വേണ്ടി മാത്രമേ ബലി അ൪പ്പിക്കാവൂ, അവന് മാത്രമേ നേ൪ച്ച സമ൪പ്പിക്കാവൂ എന്ന് തുടങ്ങി ഇബാദത്തിന്റെ സകല വശങ്ങളും അല്ലാഹുവിനോട് മാത്രമേ പറ്റുകയുള്ളൂവെന്നും അവനിലേക്ക് അടുക്കുന്നതിന് വേണ്ടി മധ്യസ്ഥന്‍മാരെയും ശുപാ൪ശകന്‍മാരെയും സ്വീകരിക്കേണ്ടതില്ലെന്നും അവ൪ മനസ്സിലാക്കി. അല്ലാഹു അല്ലാത്തവ൪ക്കുള്ള ആരാധന ഉപേക്ഷിക്കുക എന്നുള്ളത് ‘ലാ ഇലാഹ ഇല്ലല്ലാഹ എന്ന വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അല്ലാഹുവിനെ ആരാധന കൊണ്ട് ഒരുവനാക്കലാണെന്നും അവ൪ മനസ്സിലാക്കി. അതുകൊണ്ടാണ് “എല്ലാ ആരാധ്യന്മാരെയും നീ ഒറ്റ ആരാധ്യനാക്കുകയാണോ” എന്ന് അവർ ചോദിച്ചത്.

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നത് അംഗീകരിക്കുകയാണെങ്കില്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിനും അവനോട് ശുപാ൪ശ നടത്തുന്നതിനും വേണ്ടി മരണപ്പെട്ടവരെയോ അവരുടെ പ്രതീകങ്ങളായ വിഗ്രഹങ്ങളേയോ സ്വീകരിക്കാന്‍ പാടില്ലെന്നുള്ളത് അവരെ അസ്വസ്ഥരാക്കി. അതവ൪ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ അവരതില്‍‍ വിശ്വസിക്കാന്‍ തയ്യാറായില്ല. അഥവാ റബ്ബും, സൃഷ്ടാവും, റാസിക്കുമായ അല്ലാഹുവിനെ മാത്രമേ ഇലാഹ് ആക്കാവൂ എന്നത് അവ൪ അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ ‘ലാഇലാഹ ഇല്ലല്ലാഹ്’ അംഗീകരിക്കണമെന്ന് പറഞ്ഞാല്‍ അവ൪ പിന്തിരിഞ്ഞ് കളയുമായിരുന്നു.

ﺇِﻧَّﻬُﻢْ ﻛَﺎﻧُﻮٓا۟ ﺇِﺫَا ﻗِﻴﻞَ ﻟَﻬُﻢْ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ٱﻟﻠَّﻪُ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻭَﻳَﻘُﻮﻟُﻮﻥَ ﺃَﺋِﻨَّﺎ ﻟَﺘَﺎﺭِﻛُﻮٓا۟ ءَاﻟِﻬَﺘِﻨَﺎ ﻟِﺸَﺎﻋِﺮٍ ﻣَّﺠْﻨُﻮﻥٍۭ

‘അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ല’ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ആരാധ്യന്‍മാരെ ഉപേക്ഷിച്ച് കളയണമോ എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു. (ഖു൪ആന്‍:37/35-36)

ഇവിടയാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ മ൪മ്മം. അതായത് അല്ലാഹു മാത്രമാണ് സൃഷ്ടാവും രക്ഷിതാവും നിയന്താവും അന്നം നല്‍കുന്നവനുമെന്ന് വിശ്വസിക്കുന്നതോടൊപ്പം ആ അല്ലാഹുവിന് മാത്രമേ ആരാധനയുടെ വകുപ്പില്‍ പെടുന്ന സകലതും സമ൪പ്പിക്കാന്‍ പാടുള്ളൂ.’ അതായത് ആരാധനയുടെ വകുപ്പില്‍ വരുന്ന നമസ്കാരം, നോമ്പ്, പ്രാ൪ത്ഥന, ഇസ്തിഗാസ(സഹായം തേടല്‍), നേ൪ച്ച, ബലി, പ്രതീക്ഷ, ഭയം, ആഗ്രഹം, പേടി, ഭാരമേല്‍പ്പിക്കല്‍ എന്നിവയെല്ലാം അല്ലാഹുവിന് മാത്രം ചെയ്യണം.ആരാധനയുടെ വകുപ്പില്‍ വരുന്ന എന്തെങ്കിലും അല്ലാഹു അല്ലാത്തവ൪ക്ക് അ൪പ്പിച്ചാല്‍ അത് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന് എതിരാണ്. അവന്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘എന്ന സാക്ഷ്യം പൂ൪ത്തീകരിച്ചിട്ടില്ല.

മുസ്ലിം സമൂഹവും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശവും

മുസ്ലിം സമൂഹത്തിൽ ജനിച്ചുവളർന്നിട്ടും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമ ആവർത്തിച്ചു ചൊല്ലിക്കൊണ്ട് തന്നെ, ഔലിയാക്കളെയും സ്വാലിഹീങ്ങളെയും വിളിച്ച് പ്രാർത്ഥിക്കുകയും അവരോട് സഹായം തേടുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകൾ ഇന്നുണ്ട്. മുൻകാല സത്യനിഷേധികൾ പ്രവാചകന്മാരുടെ തൗഹീദ് പ്രബോധനത്തെ നേരിട്ടതിന്റെ തനിമയാർന്നൊരു തുടർച്ച തന്നെയാണ് ഈ പ്രവണതയിൽ കാണാൻ കഴിയുന്നത്. മുസ്ലിം നാമധാരികളായി ജീവിക്കുകയും അനുദിനം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് മൊഴിയുകയും ചെയ്യുമ്പോൾ തന്നെ, പ്രയാസ ഘട്ടങ്ങളിൽ അല്ലാഹുവിന് പുറമെ ഔലിയാക്കളെയും മൺമറഞ്ഞുപോയ സ്വാലിഹീങ്ങളെയും വിളിച്ച് പ്രാർത്ഥിക്കുന്നവരും സഹായം ചോദിക്കുന്നവരും അവരോട് കാര്യങ്ങൾ ചോദിച്ചു വാങ്ങുന്നവരും യഥാർത്ഥത്തിൽ ഈ കലിമയുടെ പൊരുൾ ഉൾക്കൊണ്ടിട്ടില്ല.

ഖുർആൻ പഠിപ്പിച്ച തൗഹീദിന്റെ അടിസ്ഥാനം, പ്രാർത്ഥനയും (ദുആ) സഹായതേട്ടവും (ഇസ്തിആനത്ത്) അല്ലാഹുവിന് മാത്രമായി പ്രത്യേകമാക്കുക എന്നതാണ്. മുൻകാല ജനത കല്ലുകളെയും മരങ്ങളെയും വിഗ്രഹങ്ങളെയും ഇലാഹുകളാക്കി വിളിച്ചെങ്കിൽ, ഇവർ ഔലിയാക്കളെയും സ്വാലിഹീങ്ങളെയും ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു എന്ന വ്യത്യാസം മാത്രമാണ് ഇവിടെയുള്ളത്.

അതുകൊണ്ടുതന്നെ, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നത് കേവലം നാവിൽ മാത്രം ഒതുങ്ങുന്ന ഒരു വചനമല്ല; മറിച്ച് അല്ലാഹു അല്ലാത്ത സകല ശക്തികളെയും പ്രാർത്ഥനാ രംഗത്തുനിന്നും ആരാധനാ കർമ്മങ്ങളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട്, സർവ്വസ്വവും അല്ലാഹുവിനുമാത്രം അർപ്പിക്കുക എന്ന ഉറച്ച പ്രതിജ്ഞയാണത്. ഈ യാഥാർത്ഥ്യം ഗ്രഹിക്കാത്തതുകൊണ്ടാണ് നാവിൽ തൗഹീദ് ഉണ്ടായിരിക്കെത്തന്നെ ഖുർആൻ ശക്തമായി വിലക്കിയ ശിർക്കിലേക്ക് പലരും അറിയാതെ വീണുപോകുന്നത്. മുൻകാല സമൂഹങ്ങളുടെ ചരിത്രം പഠിക്കുന്നത് കേവലം ചരിത്രാന്വേഷണത്തിനല്ല, മറിച്ച് തങ്ങളുടെ വിശ്വാസത്തെയും ആരാധനകളെയും ഈ തെറ്റുകളിൽ നിന്ന് ശുദ്ധീകരിക്കാനാണ് എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണിത്.

ഉപസംഹാരം

പ്രവാചകന്മാരുടെ അവിശ്വാസികളായ സമൂഹം ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ആദർശത്തിന്റെ താൽപര്യം മനസ്സിലാക്കി എന്നും ആധുനിക മുസ്ലിം സമൂഹത്തി‍‍ ചിലര്‍ അത് മനസ്സിലാക്കിയിട്ടില്ലെന്നുമാണ് ഇതിൽ ബോധ്യമാകുന്നത്. നാവിൽ തൗഹീദിന്റെ കലിമയുണ്ടായിരിക്കെത്തന്നെ, അർത്ഥമറിയാതെയും അതിന്റെ പ്രായോഗിക ലക്ഷ്യം ഉൾക്കൊള്ളാതെയും പോയതുകൊണ്ടാണ് അറിയാതെയാണെങ്കിലും മുൻകാല അവിശ്വാസികൾ എതിർത്ത അതേ ശിർക്കിലേക്ക് പലരും വീണുപോകുന്നത്. ഈ യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് സ്വന്തം വിശ്വാസത്തെയും ആരാധനകളെയും ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ചരിത്രപാഠങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *