വിധിയിലുള്ള വിശ്വാസം

القَدَر (ഖദർ) [ദാല് അക്ഷരത്തിന് ഫത്ഹ് കൊടുത്തുകൊണ്ട്]: അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള അറിവിനും അവന്റെ യുക്തിക്ക് അനുസൃതമായും സൃഷ്ടികളെക്കുറിച്ച് അല്ലാഹു  നിർണ്ണയിച്ചുവെച്ചിട്ടുള്ള കാര്യങ്ങളാണ്.

ഖദറിലുള്ള (വിധിയിലുള്ള) വിശ്വാസം നാല് കാര്യങ്ങളെ ഉൾക്കൊള്ളുന്നു:

ഒന്നാമത്തേത്: അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും – അവ മൊത്തത്തിലായാലും വിശദമായാലും, മുൻകാലത്തായാലും ഭാവിയിലായാലും, അവന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ടതായാലും അതല്ല തന്റെ ദാസന്മാരുടെ പ്രവൃത്തികളുമായി ബന്ധപ്പെട്ടതായാലും – സർവ്വതും അറിയുന്നവനാണ് എന്ന് വിശ്വസിക്കലാണ്.

രണ്ടാമത്തേത്: അല്ലാഹു അത് ‘ലൗഹുൽ മഹ്ഫൂളിൽ’ രേഖപ്പെടുത്തിവെച്ചിട്ടുണ്ട് എന്ന് വിശ്വസിക്കലാണ്. ഈ രണ്ട് കാര്യങ്ങളെക്കുറിച്ച് അല്ലാഹു  ഇപ്രകാരം പറയുന്നു:

أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ

ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്‌. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ. (ഖു൪ആന്‍: 22/70)

عَنْ عَبْدِ اللَّهِ بْنِ عَمْرِو، بْنِ الْعَاصِ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ.‏

അബ്ദുല്ലാഹിബ്‌നു അംറ് رَضِيَ اللَّهُ عَنْهُ നിവേദനം, നബിﷺ പറഞ്ഞു: ആകാശഭൂമികൾ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് അല്ലാഹു മുഴുവൻ സൃഷ്ടികളുടെയും വ്യവസ്ഥകൾ രേഖപ്പെടുത്തി. അവന്റെ സിംഹാസനം വെള്ളത്തിന് മുകളിലാണ്. (മുസ്‌ലിം)

മൂന്നാമത്തേത്: അല്ലാഹുവിന്റെ ഉദ്ദേശപ്രകാരമല്ലാതെ പ്രപഞ്ചത്തിലെ യാതൊരു വസ്തുവും സംഭവിക്കുകയില്ല എന്ന് വിശ്വസിക്കലാണ്. അത് അവന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ടതായാലും ശരി, അതല്ല സൃഷ്ടികളുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ടതായാലും ശരി.

അല്ലാഹുവിന്റെ പ്രവൃത്തിയെ കുറിച്ച് അല്ലാഹു പറയുന്നു:

وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ

നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. (ഖു൪ആന്‍: 28/68)

وَيَفْعَلُ ٱللَّهُ مَا يَشَآءُ

അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു. (ഖു൪ആന്‍: 14/27)

هُوَ ٱلَّذِى يُصَوِّرُكُمْ فِى ٱلْأَرْحَامِ كَيْفَ يَشَآءُ

ഗര്‍ഭാശയങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ. (ഖു൪ആന്‍:3/6)

സൃഷ്ടികളുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ടതിനെക്കുറിച്ച് അല്ലാഹു പറയുന്നു:

وَلَوْ شَآءَ ٱللَّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَٰتَلُوكُمْ

അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെ മേല്‍ അവര്‍ക്കവന്‍ ശക്തി നല്‍കുകയും, നിങ്ങളോടവര്‍ യുദ്ധത്തില്‍ ഏര്‍പെടുകയും ചെയ്യുമായിരുന്നു. (ഖു൪ആന്‍:4/90)

وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ

നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അത് കൊണ്ട് അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക. (ഖുർആൻ :6/112)

നാലാമത്തേത്: പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും അവയുടെ സ്വത്വത്തോടും വിശേഷണങ്ങളോടും ചലനങ്ങളോടും കൂടി അല്ലാഹു സൃഷ്ടിച്ചവയാണ് എന്ന് വിശ്വസിക്കലാണ്. അല്ലാഹു പറയുന്നു:

ٱللَّهُ خَٰلِقُ كُلِّ شَىْءٍ ۖ

അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. (ഖു൪ആന്‍: 39/62)

وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا

ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍: 25/2)

തന്റെ പ്രവാചകനായ ഇബ്രാഹിം [عليه الصلاة والسلام] തന്റെ ജനതയോട് പറഞ്ഞതിനെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറയുന്നു:

وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ

നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്‌ അല്ലാഹുവാണ്. (ഖു൪ആന്‍: 37/96)

ഈ വിവരിച്ച ഖദറിലുള്ള വിശ്വാസം, അടിമക്ക് അവന്റെ  കർമ്മങ്ങളിൽ സ്വന്തമായ ഉദ്ദേശ്യമോ അതിനുള്ള കഴിവോ ഉണ്ടെന്ന യാഥാർത്ഥ്യത്തിന് എതിരാകുന്നില്ല. കാരണം, ശറഉം യാഥാർത്ഥ്യവും അതിലേക്ക് വ്യക്തമായി തെളിവ് നൽകുന്നുണ്ട്.

ശറഇയ്യായ കാര്യം പരിശോധിച്ചാൽ, മനുഷ്യന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു:

فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا

അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ. (ഖു൪ആന്‍:78/39)

نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُوا۟ حَرْثَكُمْ أَنَّىٰ شِئْتُمْ ۖ

നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങളിച്ഛിക്കും വിധം നിങ്ങൾക്ക് നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്. (ഖുർആൻ:2/223)

കഴിവിനെ സംബന്ധിച്ച് അല്ലാഹു  പറയുന്നു:

فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ وَٱسْمَعُوا۟ وَأَطِيعُوا۟ وَأَنفِقُوا۟ خَيْرًا لِّأَنفُسِكُمْ

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. (ഖുർആൻ:64/16)

لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ

അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. (ഖുർആൻ:2/286)

ഇനി യാഥാർത്ഥ്യത്തിന്റെ കാര്യം പരിശോധിച്ചാൽ, തനിക്ക് സ്വന്തമായി ഉദ്ദേശമുണ്ടെന്ന് ഓരോ മനുഷ്യനും അറിയാം.

അതുപോലെ തന്നെ കഴിവുമുണ്ട്; അവയിലൂടെയാണ് അവൻ പ്രവർത്തിക്കുന്നതും ഉപേക്ഷിക്കുന്നതും. സ്വന്തം ഇഷ്ടപ്രകാരം സംഭവിക്കുന്ന കാര്യങ്ങളും – നടക്കുന്നത് പോലുള്ളവ -, തന്റെ ഇഷ്ടത്തിന് പുറമെ സംഭവിക്കുന്ന കാര്യങ്ങളും – വിറയൽ പോലുള്ളവ – തമ്മിൽ അവൻ വേർതിരിച്ചറിയുകയും ചെയ്യുന്നു. എങ്കിലും, ദാസന്റെ ഇച്ഛയും കഴിവും അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന്റെയും കഴിവിന്റെയും കീഴിൽ മാത്രം സംഭവിക്കുന്നവയാണ്. അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:

لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ ‎﴿٢٨﴾‏ وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ ‎﴿٢٩﴾‏

നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി. ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. (ഖുർആൻ:81/28-29)

കാരണം പ്രപഞ്ചം മുഴുവൻ അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ളതാണ്;അതിനാൽ അവന്റെ ഉടമസ്ഥതയിൽ അവന്റെ അറിവോടും ഉദ്ദേശ്യത്തോടും കൂടിയല്ലാതെ യാതൊരു കാര്യവും സംഭവിക്കുകയില്ല.

ഈ വിവരിച്ച രീതിയിലുള്ള ഖദറിലുള്ള വിശ്വാസം, താൻ ഉപേക്ഷിച്ച നിർബന്ധ ബാധ്യതകളുടെ പേരിലോ അല്ലെങ്കിൽ ചെയ്തുപോയ പാപങ്ങളുടെ പേരിലോ (അല്ലാഹുവിന്റെ വിധി മുൻകൂട്ടി നിശ്ചയിച്ചതാണെന്ന വാദം പറഞ്ഞ്) ന്യായീകരണം കണ്ടെത്താൻ ദാസന് ഒരു തെളിവോ ഒഴിവുകഴിവോ നൽകുന്നില്ല. അതിനാൽത്തന്നെ, വിധി മുൻനിർത്തിക്കൊണ്ടുള്ള അവന്റെ ന്യായീകരണം താഴെ പറയുന്ന പല കാരണങ്ങളാലും അസാധുവാകുന്നു:

ഒന്നാമത്തേത്: അല്ലാഹു പറയുന്നു:

سَيَقُولُ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَآ أَشْرَكْنَا وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن شَىْءٍ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ حَتَّىٰ ذَاقُوا۟ بَأْسَنَا ۗ قُلْ هَلْ عِندَكُم مِّنْ عِلْمٍ فَتُخْرِجُوهُ لَنَآ ۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ أَنتُمْ إِلَّا تَخْرُصُونَ ‎

ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്. ഇതേപ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതുവരെ നിഷേധിച്ചു കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.  (ഖുർആൻ:6/148)

അവർക്ക് വിധി മുൻനിർത്തി ന്യായീകരണമുണ്ടായിരുന്നെങ്കിൽ, അല്ലാഹു അവരെ തന്റെ ശിക്ഷ ആസ്വദിപ്പിക്കുമായിരുന്നില്ല.

രണ്ടാമത്തേത്: അല്ലാഹു പറയുന്നു:

‏ رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعْدَ ٱلرُّسُلِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ഖുർആൻ:4/165)

എതിർത്തു നിൽക്കുന്നവർക്ക് വിധി ഒരു  ന്യായീകരണം ആണെങ്കിൽ, ദൂതന്മാരെ അയച്ചതുകൊണ്ട് ആ ന്യായീകരണം ഇല്ലാതാവുകയില്ലായിരുന്നു; കാരണം ദൂതന്മാരുടെ നിയോഗത്തിന് ശേഷമുള്ള എതിർപ്പുകളും അല്ലാഹുവിന്റെ വിധിയനുസരിച്ചാണല്ലോ സംഭവിക്കുന്നത്.

മൂന്നാമത്തേത്: ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തത്. ബുഖാരിയിലെ ഹദീസ് ഇപ്രകാരമാണ്: (നബി ﷺ പറഞ്ഞു:)

مَا مِنْكُمْ مِنْ أَحَدٍ إِلاَّ قَدْ كُتِبَ مَقْعَدُهُ مِنَ النَّارِ أَوْ مِنَ الْجَنَّةِ ‏”‏‏.‏ فَقَالَ رَجُلٌ مِنَ الْقَوْمِ أَلاَ نَتَّكِلُ يَا رَسُولَ اللَّهِ قَالَ ‏”‏ لاَ اعْمَلُوا فَكُلٌّ مُيَسَّرٌ ‏”‏ ثُمَّ قَرَأَ ‏‏{‏فَأَمَّا مَنْ أَعْطَى وَاتَّقَى‏}‏ [سورة الليل: ٥]

നിങ്ങളിൽ ആരുമില്ല, നരകത്തിലെ അവന്റെ ഇരിപ്പിടമോ സ്വർഗ്ഗത്തിലെ അവന്റെ ഇരിപ്പിടമോ എഴുതപ്പെടാത്തവരായിട്ട്. അപ്പോൾ കൂട്ടത്തിൽ ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്നാൽ പിന്നെ ഞങ്ങൾ (പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് വിധിയെ മാത്രം ആശ്രയിച്ച്) ഭരമേൽപിച്ചിരിക്കട്ടെയോ?” അദ്ധേഹം പറഞ്ഞു: “വേണ്ട, നിങ്ങൾ പ്രവർത്തിക്കുക; ഓരോരുത്തർക്കും അവരവർക്ക് വിധിക്കപ്പെട്ടതിലേക്ക് എളുപ്പമാക്കപ്പെട്ടിരിക്കുന്നു.” പിന്നീട് അവിടുന്ന ഈ ആയത്ത് ഓതി:{എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും} [സൂറ:ലൈൽ:5]. (ബുഖാരി)

മുസ്ലിമിലെ റിപ്പോര്‍ട്ടിൽ ഇപ്രകാരമാണുള്ളത്:

فَكُلٌّ مُيَسَّرٌ لِمَا خُلِقَ لَهُ

ഓരോരുത്തർക്കും അവൻ എന്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ അതിലേക്ക് എളുപ്പമാക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം)

അങ്ങനെ നബി ﷺ കർമ്മങ്ങൾ ചെയ്യാൻ കൽപ്പിക്കുകയും, വിധിയെ മാത്രം ആശ്രയിച്ച് വെറുതെയിരിക്കുന്നതിനെ വിലക്കുകയും ചെയ്തു.

നാലാമത്തേത്: തീർച്ചയായും അല്ലാഹു ദാസനോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്തിട്ടുണ്ട്. അവന്റെ കഴിവില്‍ പെട്ടത് മാത്രമല്ലാതെ അവൻ അവനെ ബുദ്ധിമുട്ടിച്ചിട്ടുമില്ല. അല്ലാഹു പറയുന്നു:

فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. (ഖുര്‍ആന്‍:64/16)

لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا

അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. (ഖുര്‍ആന്‍:2/286)

ഒരു അടിമ തന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായും നിർബന്ധിതനായിരുന്നുവെങ്കിൽ, അവന് ഒഴിഞ്ഞുമാറാൻ സാധിക്കാത്ത കാര്യങ്ങളിലായിരിക്കും അവൻ നിയോഗിക്കപ്പെടുന്നത്. എന്നാൽ ഇത് പൂർണ്ണമായും അസത്യമാണ്. അതുകൊണ്ടാണ് അജ്ഞത, മറവി, അല്ലെങ്കിൽ നിർബന്ധിതാവസ്ഥ  എന്നിവ കാരണം അവനിൽ നിന്ന് ഒരു പാപം സംഭവിച്ചുപോയാൽ അവന്റെ മേൽ യാതൊരു കുറ്റവും ഇല്ലാത്തത്; കാരണം അവന് ഒഴികഴിവുണ്ട്.

അഞ്ചാമതായി: അല്ലാഹു നിശ്ചയിച്ച ഖദര്‍ (വിധി) എന്നത് ഒരു രഹസ്യമാണ്; അത് സംഭവിക്കുന്നതിന് മുമ്പ് അതാരും അറിയുന്നില്ല. എന്നാൽ മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളിലുള്ള അവന്റെ ഉദ്ദേശമാകട്ടെ അവൻ പ്രവർത്തിക്കുന്നതിന് തൊട്ടുമുമ്പുള്ളതാണ് (അവനത് സ്വയം തീരുമാനിക്കുന്നതാണ്). അതിനാൽ, ഒരു കാര്യം ചെയ്യാനുള്ള അവന്റെ തീരുമാനം അല്ലാഹുവിന്റെ വിധിയെക്കുറിച്ചുള്ള മുൻകൂട്ടിയുള്ള അറിവിന്റെ അടിസ്ഥാനത്തിലല്ല ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ, ‘വിധിയായിരുന്നു’ എന്ന് പറഞ്ഞ് ന്യായം ഉന്നയിക്കാനുള്ള അവന്റെ വാദം ഇല്ലാതാകുന്നു; കാരണം തനിക്ക് അറിവില്ലാത്ത ഒരു കാര്യത്തെ വെച്ച് ഒരാൾക്കും ന്യായം പറയാൻ സാധിക്കുകയില്ലല്ലോ!

ആറാമതായി: ഒരു മനുഷ്യൻ തന്റെ ഐഹിക കാര്യങ്ങളിൽ തനിക്ക് അനുയോജ്യമായതും ഉപകാരപ്രദവുമായ കാര്യങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്നതും, തനിക്ക് അനുയോജ്യമല്ലാത്തതിലേക്ക് തിരിയാതിരിക്കുന്നതും നാം കാണുന്നുണ്ട്; എന്നിട്ട് താൻ മോശമായതിലേക്ക് മാറിയതിന് അവൻ വിധിയെ ന്യായം പറയുന്നില്ല! എന്നാൽ പിന്നെ, തന്റെ ദീനീ കാര്യങ്ങളിൽ തനിക്ക് ഉപകരിക്കുന്നതിൽ നിന്ന് തനിക്ക് ഉപദ്രവമുണ്ടാക്കുന്നതിലേക്ക് തിരിയുകയും, തുടർന്ന് അതിന് ഖദ്‌റിനെ ന്യായം പറയുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ഈ രണ്ട് കാര്യങ്ങളുടെയും (ദുൻയാവിന്റെയും ദീനിന്റെയും) സ്വഭാവം ഒന്നുതന്നെയല്ലേ?

ഇക്കാര്യം (മുൻപ് പറഞ്ഞ വാദത്തെ) വ്യക്തമാക്കുന്ന ഒരു ഉദാഹരണം:

ഒരു മനുഷ്യന്റെ മുന്നിൽ രണ്ട് വഴികളുണ്ടെന്ന് സങ്കൽപ്പിക്കുക: അതിലൊന്ന് എത്തിച്ചേരുന്നത് മുഴുവൻ അരാജകത്വവുമുള്ള ഒരു രാജ്യത്തേക്കാണ്; അവിടെ കൊലപാതകവും, കൊള്ളയടിയും, ആത്മാഭിമാനത്തെ മുറിവേൽപ്പിക്കലും, ഭയവും, പട്ടിണിയുമാണുള്ളത്.

രണ്ടാമത്തെ വഴി: എത്തിച്ചേരുന്നത് പൂർണ്ണമായും ക്രമസമാധാനവുമുള്ള ഒരു രാജ്യത്തേക്കാണ്; അവിടെ ഭയരഹിതമായ സുരക്ഷിതത്വവും, സുഖപ്രദമായ ജീവിതവും, ജീവനും ആത്മാഭിമാനത്തിനും സ്വത്തുക്കൾക്കും പൂർണ്ണമായ ആദരവും സംരക്ഷണവുമുണ്ട്. എങ്കിൽ, ഈ രണ്ട് വഴികളിൽ ഏതായിരിക്കും അവൻ തെരഞ്ഞെടുക്കുക?

തീർച്ചയായും അവൻ ക്രമസമാധാനവും സുരക്ഷിതത്വവുമുള്ള രാജ്യത്തേക്ക് നയിക്കുന്ന രണ്ടാമത്തെ വഴിയായിരിക്കും തെരഞ്ഞെടുത്ത് സഞ്ചരിക്കുക. ഒരു ബുദ്ധിയുള്ള മനുഷ്യനും അരാജകത്വത്തിന്റെയും ഭയത്തിന്റെയും രാജ്യത്തേക്കുള്ള വഴി സ്വീകരിക്കുകയും എന്നിട്ട് ‘വിധിയായിരുന്നു’ എന്ന് ന്യായം പറയുകയും ചെയ്യുക എന്നത് ഒരിക്കലും സാധ്യമല്ല! അങ്ങനെയെന്നിരിക്കെ, പരലോക വിഷയത്തിൽ സ്വർഗ്ഗത്തിന്റെ വഴിക്ക് പകരം നരകത്തിന്റെ വഴി തെരഞ്ഞെടുക്കുകയും എന്നിട്ട് വിധിയെ ന്യായം പറയുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?!

മറ്റൊരു ഉദാഹരണം: ഒരു രോഗിയോട് മരുന്ന് കുടിക്കാൻ കൽപ്പിക്കപ്പെടുകയും അവൻ മനസ്സിന് തീരെ ഇഷ്ടമില്ലാതിരുന്നിട്ടും അത് കുടിക്കുകയും ചെയ്യുന്നത് നാം കാണുന്നു! തനിക്ക് ഉപദ്രവമുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് തടയപ്പെടുമ്പോൾ മനസ്സിന് കൊതിയുണ്ടായിരുന്നിട്ടും അവൻ അത് ഉപേക്ഷിക്കുകയും ചെയ്യുന്നു! ഇതെല്ലാം രോഗശമനവും ആരോഗ്യവും ആഗ്രഹിച്ചുകൊണ്ടാണ് അവൻ ചെയ്യുന്നത്. തനിക്ക് രോഗശമനം ലഭിക്കാൻ മരുന്ന് കുടിക്കാതിരിക്കുകയോ തനിക്ക് കേടുവരുത്തുന്ന ഭക്ഷണം കഴിക്കുകയോ ചെയ്തിട്ട് അതിന് ‘വിധിയായിരുന്നു എന്ന് ന്യായം പറയാൻ അവൻ ഒരിക്കലും തയ്യാറാകില്ല! അങ്ങനെയെന്നിരിക്കെ, ഒരു മനുഷ്യൻ അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ച കാര്യങ്ങൾ ഉപേക്ഷിക്കുകയും, അല്ലാഹുവും അവന്റെ റസൂലും തടഞ്ഞ കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക, തുടർന്ന് അതിന് ഖദ്‌റിനെ ന്യായം പറയുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

ഏഴാമതായി: താൻ ഉപേക്ഷിച്ച നിർബന്ധ ബാധ്യതകൾക്കും താൻ ചെയ്ത പാപങ്ങൾക്കും വിധിയെ ന്യായം പറയുന്ന ഒരു വ്യക്തിയോട്, മറ്റൊരാൾ അതിക്രമം കാണിക്കുകയും അവന്റെ ധനം കവർന്നെടുക്കുകയോ അവന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുകയോ ചെയ്യുകയും, തുടർന്ന് അതിന് വിധിയെ ന്യായം പറഞ്ഞുകൊണ്ട് ‘എന്നോട് കോപിക്കരുത്, തീർച്ചയായും എന്റെ ഈ അതിക്രമം അല്ലാഹുവിന്റെ വിധി  കാരണമാണ് സംഭവിച്ചത്’ എന്ന് പ്രഖ്യാപിക്കുകയും ചെയ്താൽ, ഈ അതിക്രമിയുടെ ന്യായം സ്വീകരിക്കാൻ അവൻ ഒരിക്കലും തയ്യാറാകില്ല! അങ്ങനെയെന്നിരിക്കെ, മറ്റൊരാൾ തനിക്കെതിരെ അതിക്രമം കാണിക്കുമ്പോൾ വിധിയെ ന്യായമായി അംഗീകരിക്കാതിരിക്കുകയും, താൻ അല്ലാഹുവിന്റെ അവകാശങ്ങൾക്ക് നേരെ (അനുസരണക്കേടിലൂടെ) അതിക്രമം കാണിക്കുമ്പോൾ സ്വന്തം കാര്യത്തിന് വിധിയെ ന്യായം പറയുകയും ചെയ്യുന്നത് എങ്ങനെയാണ്?

അമീറുൽ മുഅ്മിനീൻ ഉമർ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ വിന്റെ അ‌‌ടുക്ക‍‍ല്‍ കൈ മുറിച്ചുമാറ്റപ്പെടാൻ അർഹനായ ഒരു മോഷ്ടാവ് കൊണ്ടുവരപ്പെട്ടു; അപ്പോൾ അദ്ധേഹം അവന്റെ കൈ മുറിക്കാൻ ഉത്തരവിട്ടു. അപ്പോൾ അവൻ പറഞ്ഞു: ‘പൊറുക്കണം അമീറുൽ മുഅ്മിനീൻ! ഞാൻ മോഷ്ടിച്ചത് അല്ലാഹുവിന്റെ വിധി കാരണത്താൽ മാത്രമാണ്.’ അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ മറുപടി നൽകി: ‘നാമും അല്ലാഹുവിന്റെ വിധി  കാരണത്താൽ തന്നെയാണ് നിന്റെ കൈ മുറിക്കുന്നത്!’

വിധിയിലുള്ള വിശ്വാസത്തിന് മഹത്തായ ഫലങ്ങളുണ്ട്; അവയിൽ ചിലത് താഴെ പറയുന്നവയാണ്:

ഒന്നാമത്തേത്: ഭൗതിക കാരണങ്ങൾ സ്വീകരിക്കുമ്പോൾ, ആ കാരണത്തെ മാത്രം ആശ്രയിച്ചുപോകാതെ അല്ലാഹുവിൽ പൂർണ്ണമായി ഭരമേൽപ്പിക്കുക. കാരണം, എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ വിധിയനുസരിച്ചാണ് നടക്കുന്നത്.

രണ്ടാമത്തേത്: താൻ ആഗ്രഹിച്ച കാര്യം നേടിയെടുക്കുമ്പോൾ മനുഷ്യൻ തന്നിൽ തന്നെ അഹങ്കരിക്കാതിരിക്കുക; കാരണം ആ നേട്ടം അല്ലാഹുവിന്റെ അനുഗ്രഹമാണ്. നന്മയുടെയും വിജയത്തിന്റെയും കാരണങ്ങൾ അവൻ വിധിച്ചുതന്നതുകൊണ്ടാണ് അത് സാധ്യമായത്. തന്നിൽ തന്നെ അഭിമാനം കൊള്ളുന്നത് ആ അനുഗ്രഹത്തിന് നന്ദി ചെയ്യാൻ അവനെ മറപ്പിച്ചു കളയും.

മൂന്നാമത്തേത്: അല്ലാഹുവിന്റെ വിധികളിലൂടെ തനിക്ക് ലഭിക്കുന്ന കാര്യങ്ങളിൽ  സമാധാനവും ആശ്വാസവും ഉണ്ടായിരിക്കുക എന്നത്. ഇഷ്ടപ്പെട്ട വല്ലതും നഷ്ടപ്പെട്ടുപോയാലോ അല്ലെങ്കിൽ അനിഷ്ടകരമായ വല്ലതും സംഭവിച്ചാലോ അവൻ വ്യാകുലപ്പെടുകയില്ല; കാരണം അത് ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യമുള്ള അല്ലാഹുവിന്റെ വിധിയനുസരിച്ചുള്ളതാണ്. അത് സംഭവിക്കാതിരിക്കാൻ കഴിയാത്തവിധം തീർച്ചയായും സംഭവിക്കുന്നതുമാണ്. ഇതിനെക്കുറിച്ച് അല്ലാഹു  ഇപ്രകാരം പറയുന്നു:

مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ‎﴿٢٢﴾‏ لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ ۗ وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ‎﴿٢٣﴾

ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്‌,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്‌. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല. (ഖുർആൻ:57/22-23)

عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ ‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ

സുഹൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)

വിധിയുടെ കാര്യത്തിൽ രണ്ടു കക്ഷികൾ വഴിപിഴച്ചുപോയിരിക്കുന്നു:

ഒന്നാമത്തെ വിഭാഗം: ദാസൻ തന്റെ പ്രവൃത്തികളിൽ നിർബന്ധിതനാണെന്നും, അതിൽ അവന് യാതൊരുവിധ ഉദ്ദേശമോ കഴിവോ ഇല്ലെന്നും വാദിച്ച ജബ്രിയ്യ (الجبرية) കക്ഷികളാണ്.

രണ്ടാമത്തെ വിഭാഗം: ഉദ്ദേശത്തിലും കഴിവിലും ദാസൻ തന്റെ പ്രവർത്തനങ്ങളിൽ സ്വതന്ത്രനാണെന്നും, അതിൽ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനോ കഴിവിനോ യാതൊരുവിധ സ്വാധീനവുമില്ലെന്നും വാദിച്ച ഖദരിയ്യ (القدرية) കക്ഷികളാണ്.

ഒന്നാമത്തെ വിഭാഗമായ ജബ്രിയ്യകൾക്കുള്ള മറുപടി ശറഇയ്യായും യാഥാർത്ഥ്യവും അടിസ്ഥാനമാക്കി താഴെ പറയുന്നവയാണ്:

ശറഇയ്യായ കാര്യം പരിശോധിച്ചാൽ; തീർച്ചയായും അല്ലാഹു ദാസന് ഇച്ഛാശക്തിയും ഉദ്ദേശ്യവും സ്ഥിരപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കർമ്മം അവനിലേക്ക് ചേർത്തുപറയുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:

مِنكُم مَّن يُرِيدُ ٱلدُّنْيَا وَمِنكُم مَّن يُرِيدُ ٱلْـَٔاخِرَةَ

നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്‌. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്‌. (ഖു൪ആന്‍:3/152)

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا

പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. (ഖുർആൻ:18/29)

مَّنْ عَمِلَ صَٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّٰمٍ لِّلْعَبِيدِ

വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്‍മചെയ്താല്‍ അതിന്‍റെ ദോഷവും അവന് തന്നെ. നിന്‍റെ രക്ഷിതാവ് (തന്‍റെ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല. (ഖുർആൻ:41/46)

ഇനി യാഥാർത്ഥ്യത്തിന്റെ (പ്രത്യക്ഷ ജീവിതാനുഭവങ്ങളുടെ) കാര്യം പരിശോധിച്ചാൽ; തന്റെ ഇഷ്ടപ്രകാരം ചെയ്യുന്ന ഐച്ഛിക പ്രവൃത്തികളും (ഉദാഹരണത്തിന്: തിന്നുക, കുടിക്കുക, വിൽക്കുക, വാങ്ങുക തുടങ്ങിയവ) തന്റെ ഇഷ്ടമില്ലാതെ തന്റെമേൽ വന്നുഭവിക്കുന്ന കാര്യങ്ങളും (ഉദാഹരണത്തിന്: പനി കാരണം വിറയ്ക്കുക, മുകളിൽ നിന്ന് വീഴുക തുടങ്ങിയവ) തമ്മിലുള്ള വ്യത്യാസം ഏതൊരു മനുഷ്യനും അറിയാവുന്നതാണ്. ഒന്നാമത്തെ അവസ്ഥയിൽ യാതൊരു നിർബന്ധവുമില്ലാതെ തന്റെ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത് പ്രവർത്തിക്കുന്നവനാണ് അവൻ; എന്നാൽ രണ്ടാമത്തെ അവസ്ഥയിൽ തനിക്ക് സംഭവിച്ച കാര്യത്തിൽ അവന് യാതൊരു തെരഞ്ഞെടുപ്പോ ഉദ്ദേശ്യമോ ഇല്ല.

രണ്ടാമത്തെ വിഭാഗമായ ഖദരിയ്യകൾക്കുള്ള മറുപടി ശറഇയ്യായും ബുദ്ധിപരമായും   താഴെ പറയുന്നവയാണ്:

ശറഇയ്യായ കാര്യം പരിശോധിച്ചാൽ; അല്ലാഹു എല്ലാത്തിന്റെയും സ്രഷ്ടാവാണ്. ഓരോ കാര്യവും അവന്റെ ഉദ്ദേശ്യപ്രകാരമാണ് നിലനിൽക്കുന്നത്. ദാസന്മാരുടെ പ്രവൃത്തികളും അവന്റെ ഉദ്ദേശ്യപ്രകാരമാണ് സംഭവിക്കുന്നത് എന്ന് അല്ലാഹു തന്റെ ഗ്രന്ഥത്തിലൂടെ വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു:

وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلَ ٱلَّذِينَ مِنۢ بَعْدِهِم مِّنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَٰتُ وَلَٰكِنِ ٱخْتَلَفُوا۟ فَمِنْهُم مَّنْ ءَامَنَ وَمِنْهُم مَّن كَفَرَ ۚ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلُوا۟ وَلَٰكِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ

അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ (ദൂതന്‍മാരുടെ) പിന്‍ഗാമികള്‍ വ്യക്തമായ തെളിവ് വന്നുകിട്ടിയതിനു ശേഷവും (അന്യോന്യം) പോരടിക്കുമായിരുന്നില്ല. എന്നാല്‍ അവര്‍ ഭിന്നിച്ചു. അങ്ങനെ അവരില്‍ വിശ്വസിച്ചവരും നിഷേധിച്ചവരുമുണ്ടായി. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ പോരടിക്കുമായിരുന്നില്ല. പക്ഷെ അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. (ഖുർആൻ:2/253)

وَلَوْ شِئْنَا لَـَٔاتَيْنَا كُلَّ نَفْسٍ هُدَىٰهَا وَلَٰكِنْ حَقَّ ٱلْقَوْلُ مِنِّى لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു. (ഖുർആൻ:32/13)

ബുദ്ധിപരമായ കാര്യം പരിശോധിച്ചാൽ; പ്രപഞ്ചം മുഴുവൻ അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. മനുഷ്യനും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്; അതിനാൽ അവനും അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ളവനാണ്. ഉടമസ്ഥന്റെ അനുവാദവും ഉദ്ദേശ്യവുമില്ലാതെ ഉടമസ്ഥന്റെ വസ്തുവിൽ മറ്റൊരു ഉടമസ്ഥതയിലുള്ളവന് സ്വതന്ത്രമായി ഇടപെടാൻ സാധിക്കുകയില്ല.

 

അവലംബം: മുഹമ്മദ്‌ ബ്നു സ്വാലിഹ്‌ അല്‍-ഉഥൈമീന്‍ رحمه الله യുടെ كتاب نبذة في العقيدة الإسلامية എന്ന കൃതിയിൽ നിന്നും

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *