ആദം عليه السلام യെ കുറിച്ച് വിശുദ്ധ ഖുര്‍ആൻ പ്രസ്താവിച്ച കാര്യങ്ങൾ ഉപരിലോകത്ത് വെച്ചുള്ളതായിരുന്നു. എങ്കിലും അദ്ധേഹത്തിന് സൃഷ്ടിപ്പിന് ഉപയോഗിച്ച മണ്ണ് ഭൂമിയിൽ നിന്നുള്ളതായിരുന്നു എന്നത് ശ്രദ്ധേയമാണ്. സൃഷ്ടാവും സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിൽ നിന്നുള്ള മുൻകൂട്ടിയുള്ള ഒരു ഒരുക്കമായിരുന്നു ഇത്. ആദം عليه السلام യുടെ ഭൂമിയിലെ ജീവിതത്തിന്റെ സൂക്ഷ്മവിശദാംശങ്ങൾ വിശുദ്ധ ഖുർആനിൽ പരാമർശിച്ചിട്ടില്ല; പകരം ഐഹിക ജീവിതത്തെക്കുറിച്ചുള്ള ഒരു പൊതുവായ രൂപരേഖ മാത്രമാണ് ഖുർആൻ നൽകിയിട്ടുള്ളത്. അല്ലാഹു പറയുന്നു:
قَالَ ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّ وَمَتَٰعٌ إِلَىٰ حِينٍ ﴿٢٤﴾ قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ ﴿٢٥﴾
അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങള്‍ക്ക് ഭൂമിയില്‍ വാസസ്ഥലമുണ്ട്. ഒരു നിശ്ചിതസമയം വരെ ജീവിതസൌകര്യങ്ങളുമുണ്ട്. (ഖുര്‍ആൻ:7/24)
قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٣٨﴾ وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ ﴿٣٩﴾
നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖുര്‍ആൻ:2/38-39)
എന്നാൽ ആദം عليه السلام യും അദ്ദേഹത്തിന്റെ ഇണയും (ഹവ്വാഅ് عليه السلام) എവിടെയാണ് ഇറങ്ങിയത്? ഇതിൽ ഒന്നിലധികം അഭിപ്രായങ്ങളുണ്ട്. ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിവേദനം ചെയ്യപ്പെട്ടതായി കാണാം:
أُهبِط آدم عليه السلام إلى أرض يقال لها: “دحنا”، بين مكة والطائف.
ആദം മക്കയ്ക്കും ത്വായിഫിനും ഇടയിലുള്ള ‘ദഹ്നാ’ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രദേശത്തേക്കാണ് ഇറക്കപ്പെട്ടത്.
قال الحسن رحمه الله:أهبط آدم عليه السلام بالهند، وحواء بجدة، وإبليس بدست ميسان من البصرة على أميال، وأهبطت الحية بأصبهان.
ഹസനുൽ ബസ്വരി رحمه الله പറഞ്ഞു: ആദം ഇന്ത്യയിലാണ് ഇറക്കപ്പെട്ടത്, ഹവ്വാ ജിദ്ദയിലും, ഇബ്‌ലീസ് ബസറയിൽ നിന്നുള്ള ഏതാനും മൈലുകൾ അകലെയുള്ള ദസ്ത് മീസാനിലും, പാമ്പ് അസ്ബഹാനിലുമാണ് ഇറക്കപ്പെട്ടത്.
ഇത് ഇബ്‌നു അബീ ഹാതിമും നിവേദനം ചെയ്തിട്ടുണ്ട്.
അസ്സുദ്ദി പറഞ്ഞു: أهبط آدم بالهند (ആദം ഇന്ത്യയിലാണ് ഇറക്കപ്പെട്ടത്)
عن ابن عمر قال: أهبط آدم بالصفا، وحواء بالمروة،
ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ആദം സ്വഫാ (കുന്നിലും), ഹവ്വാ മർവാ ആണ് ഇറക്കപ്പെട്ടത്.
അത് ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു. മുസ്ലിം ഉദ്ധരിച്ച ഹദീസിൽ വന്നിട്ടുണ്ട്:
خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا
സൂര്യൻ ഉദിച്ചുയരുന്ന ദിവസങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ചയാണ്; അന്നാണ് ആദം സൃഷ്ടിക്കപ്പെട്ടത്, അന്നാണ് അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്, അന്നാണ് അവിടെനിന്ന് പുറത്താക്കപ്പെട്ടതും. (മുസ്ലിം:854)
മറ്റൊരു ഹദീസിൽ ഇങ്ങനെയുമുണ്ട്:
وَفِيهِ تَقُومُ السَّاعَةُ
അന്നേ ദിവസമാണ് (വെള്ളിയാഴ്ച) അന്ത്യനാൾ സംഭവിക്കുന്നതും.
ഏതായാലും, പറയപ്പെട്ട കാര്യങ്ങളിൽ പ്രബലവും സ്വഹീഹുമായ നിവേദനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു അഭിപ്രായവുമില്ല. മറിച്ച്, ഇവ വേദക്കാരുടെ ഗ്രന്ഥങ്ങളെ ആശ്രയിച്ചുള്ള റിപ്പോർട്ടുകളും ചില സ്വഹാബികളുടെ ഉദ്ധരണികളെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങളും മാത്രമാണ്. ഈ സംഭവങ്ങളെല്ലാം അറബ് നാടുകളിലോ ഇന്ത്യയിലോ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
‘യാതൊരു സസ്യലതാദികളുമില്ലാത്ത വിജനവും മരുഭൂമിയുമായ ഒരു സ്ഥലത്ത് ആദം എങ്ങനെയാണ് ഇറങ്ങിയത്?’ എന്ന് ചോദിക്കപ്പെടുകയാണെങ്കിൽ അതിനുള്ള ഉത്തരം ഇതാണ്: അറബ് നാടുകൾ – ഹദീസുകളിൽ വന്നിട്ടുള്ളതുപോലെ – പച്ചപ്പും പുൽമേടുകളും നദികളും നിറഞ്ഞതായിരുന്നു. അതിനാൽ, ആദം عليه السلام ഭൂമിയിലെത്തുകയും, കഠിനമായ അധ്വാനത്തിനും നീണ്ട തിരച്ചിലിനും ശേഷം ഹവ്വായുമായി കണ്ടുമുട്ടുകയും ചെയ്തു. സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കപ്പെട്ടപ്പോൾ അവർ രണ്ടുപേരും ഭൂമിയിലെ ഒരേ സ്ഥലത്തല്ല, മറിച്ച് വ്യത്യസ്ത രണ്ട് സ്ഥലങ്ങളിലാണ് വന്നിറങ്ങിയത് എന്നാണ് പറയപ്പെടുന്നത്. അങ്ങനെ അവരുടെ പുനസ്സംഗമം നടന്നു. ജീവിതമാർഗ്ഗം കണ്ടെത്താനുള്ള അദ്ധ്വാനം അവർ ആരംഭിച്ചു. ജിബ്‌രീൽ عليه السلام അദ്ദേഹത്തിനും ഇണയ്ക്കും ഒരു അദ്ധ്യാപകനായിരുന്നു; അവർക്ക് എന്തെങ്കിലും ആവശ്യമായി വരുമ്പോഴെല്ലാം അവിടുന്ന് അത് പഠിപ്പിച്ചുകൊടുത്തു. ഉദാഹരണത്തിന്, പരുത്തിയിൽ നിന്ന് തനിക്കും ആദമിനും വേണ്ട വസ്ത്രം നെയ്യാൻ ജിബ്‌രീൽ ഹവ്വായെ പഠിപ്പിച്ചു. മറ്റു ചില റിപ്പോർട്ടുകൾ പ്രകാരം ആദം عليه السلام യുടെ ആദ്യത്തെ വസ്ത്രം ചെമ്മരിയാടിന്റെ രോമം കൊണ്ടുള്ളതായിരുന്നു. അങ്ങനെ ആദം തനിക്കായി ഒരു കുപ്പായവും, ഹവ്വാക്ക് വേണ്ടി ഒരു വസ്ത്രവും ഹിജാബും നെയ്തുണ്ടാക്കി. ഈ ഹിജാബ് നമസ്കാരത്തിന് വേണ്ടിയുള്ളതായിരിക്കാം, അത് മറയ്ക്ക് വേണ്ടിയുള്ളതായിരിക്കണമെന്നില്ല; കാരണം ഉണ്ടാകുന്ന എല്ലാ ആൺ-പെൺ മക്കളും അവരുടെ സ്വന്തം സന്താനങ്ങളാണല്ലോ.
അദ്ദേഹത്തിന് ലഭിച്ച ആദ്യത്തെ ഭക്ഷണം ഗോതമ്പിൽ നിന്നുള്ളതായിരുന്നു. ജിബ്‌രീൽ عليه السلام അദ്ദേഹത്തിന് ഏഴ് ഗോതമ്പുമണികൾ കൊണ്ടുകൊടുത്തു. ആ മണികൾ ആദം عليه السلام യുടെ ശരീരവലുപ്പത്തിന് അനുയോജ്യമായ വിധം വലിയ വലുപ്പമുള്ളവയായിരുന്നു. ആദം عليه السلام അത് വാങ്ങി കൃഷി ചെയ്തു. അത് വിളഞ്ഞു പാകമായപ്പോൾ കൊയ്തെടുക്കുകയും, മെതിക്കുകയും, പൊടിക്കുകയും, കുഴയ്ക്കുകയും, ചുട്ടെടുക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം തന്റെ സ്വന്തം കൈ അദ്ധ്വാനത്തിൽ നിന്ന് ഭക്ഷിച്ചു. ഇതെല്ലാം ജിബ്‌രീൽ عليه السلام അദ്ദേഹത്തിന് നൽകിയ ശിക്ഷണത്തിന് അനുസൃതമായിട്ടായിരുന്നു. അല്ലാഹു അദ്ദേഹത്തോട് പറഞ്ഞതിന്റെ സാക്ഷാത്കാരമായിരുന്നു ഇത്:
فَقُلْنَا يَٰٓـَٔادَمُ إِنَّ هَٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ ٱلْجَنَّةِ فَتَشْقَىٰٓ
അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട് പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറം തള്ളാതിരിക്കട്ടെ (അങ്ങനെ സംഭവിക്കുന്ന പക്ഷം) നീ കഷ്ടപ്പെടും. (ഖു൪ആന്‍ :20/117)
ആദം عليه السلام ആഗ്രഹിക്കുന്ന ഓരോ കാര്യത്തിനും അധ്വാനവും പരിശ്രമവും ആവശ്യമായി തീർന്നു. ഭൂമിയിൽ വെച്ച് ഹവ്വായുമായുള്ള അദ്ദേഹത്തിന്റെ ദാമ്പത്യം ഫലമണിഞ്ഞു; അവർ ഓരോ പ്രസവത്തിലും ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമായി ഇരട്ടകളെ പ്രസവിച്ചുപോന്നു. അങ്ങനെ ഒരു പ്രസവത്തിൽ ഖാബീലും അവന്റെ സഹോദരിയും ജനിച്ചു; തുടർന്ന് അടുത്ത പ്രസവത്തിൽ ഹാബീലും അവന്റെ സഹോദരിയും ജനിച്ചു. മക്കൾ പ്രായപൂർത്തിയായപ്പോൾ, ഒരു പ്രസവത്തിലെ ആൺകുട്ടിയെ അടുത്ത പ്രസവത്തിലെ പെൺകുട്ടിയെക്കൊണ്ട് വിവാഹം കഴിക്കാൻ ആദം عليه السلام അവരോട് ആവശ്യപ്പെട്ടു. അങ്ങനെ ആദം عليه السلام യുടെ സന്തതിപരമ്പരകൾ പെരുകാൻ തുടങ്ങി. താൻ അവരുടെ പിതാവും ഉപജീവനത്തിനായി അധ്വാനിക്കുന്നവനും എന്നതിനോടൊപ്പം തന്നെ തന്റെ മക്കളിലേക്ക് നിയോഗിക്കപ്പെട്ട ഒരു പ്രവാചകൻ കൂടിയായിരുന്നു അദ്ദേഹം.
عن أبي ذر رضي الله عنه قال: قلت: يا رسول الله، كم الأنبياء؟ قال: مائة ألف وأربعة وعشرون ألفًا قال: قلت: يا رسول الله، كم المرسَل من ذلك؟ قال:ثلاثمائة وثلاثة عشر جمًّا غفيرًا – يعني كثيرًا طيبًا – قال: قلت: يا رسول الله، من كان أولهم؟ قال: آدم، قلت: يا رسول الله، وآدم نبي مرسَل؟ قال: نَعم، خلقه الله بيده، ونفخ فيه من روحه، ثم سواه قِبَلًا – أي: عيانًا”.
അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ‘ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, പ്രവാചകന്മാർ ആകെ എത്രയാണ്?’ അവിടുന്ന് പറഞ്ഞു: ഒരു ലക്ഷത്തി ഇരുപത്തിനാലായിരം. ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, അവരിൽ നിന്നും നിയോഗിക്കപ്പെട്ട റസൂലുകൾ എത്രയാണ്?’ അവിടുന്ന് പറഞ്ഞു: മൂന്നൂറ്റി പതിമൂന്ന്, അതൊരു വലിയ സംഘമാണ്. ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, അവരിൽ ഒന്നാമൻ ആരായിരുന്നു?’ അവിടുന്ന് പറഞ്ഞു: ആദം. ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ആദം നിയോഗിക്കപ്പെട്ട ഒരു പ്രവാചകനായിരുന്നോ?’ അവിടുന്ന് പറഞ്ഞു: അതെ, അല്ലാഹു അദ്ദേഹത്തെ തന്റെ കൈകൊണ്ട് സൃഷ്ടിക്കുകയും, തന്റെ ആത്മാവിൽ നിന്ന് അതിൽ ഊതുകയും, തുടർന്ന് അവൻ അതിനെ നേരിൽ ശരിപ്പെടുത്തി അതായത്: പ്രത്യക്ഷത്തിൽ.
[ഇതിന്റെ പരമ്പര ദുർബലമാണ്.എന്നാൽ ഇതി്നറെ ആശയം വ്യക്തമാക്കുന്ന മറ്റ് നിരവധി ശവാഹിദുകൾ നിലവിലുള്ളതിനാൽ ഇതിന്റെ അടിസ്ഥാന ആശയം പണ്ഢിതൻമാര്‍ അംഗീകരിച്ചു പോന്നിട്ടുണ്ട്]
ഖാബീലും ഹാബീലും
ആദം عليه السلام യുടെ മക്കൾ തങ്ങളുടെ പിതാവിന്റെ സംരക്ഷണയിൽ വളരുകയും പ്രായപൂർത്തിയായ ഘട്ടത്തിലേക്ക് എത്തുകയും ചെയ്തു. ഭൂമിയെക്കുറിച്ച് അല്ലാഹു ഉദ്ദേശിച്ചതും മനുഷ്യവാസത്തിനായി അവൻ നിശ്ചയിച്ചതുമായ കാര്യം സാക്ഷാത്കരിക്കുന്നതിനും, സന്തതിപരമ്പരകൾ മുറിഞ്ഞുപോകാതെ തുടരുന്നതിനും ഈ മക്കൾക്കിടയിൽ വിവാഹബന്ധം അനിവാര്യമായിരുന്നു. അവരുടെ കാലത്ത് ഭൂമിയിൽ മറ്റ് മനുഷ്യരില്ലായിരുന്നു. അതിനാൽ മനുഷ്യവംശം നിലനിൽക്കാൻ വേണ്ടി ഒരു പ്രസവത്തിൽ ജനിക്കുന്ന ആൺകുട്ടിയും പെൺകുട്ടിയും അടുത്ത പ്രസവത്തിൽ ജനിക്കുന്നവരുമായി വിവാഹം കഴിക്കുന്നത് അന്ന് അനുവദിക്കപ്പെട്ടിരുന്നു. പ്രത്യേക സാഹചര്യം കാരണം അന്ന് ഹലാലാക്കപ്പെട്ട കാര്യം, സന്തതികൾ വർദ്ധിക്കുകയും ശാഖകളായി പിരിയുകയും ചെയ്തതോടെ ക്രമേണ ഹറാമാക്കപ്പെടുകയും ചെയ്തു. ആദ്യത്തെ വിവാഹത്തിൽ പോലും സാധ്യമായത്ര അകൽച്ച (അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം ഒഴിവാക്കൽ) നിയമമാക്കപ്പെട്ടിരുന്നു. അതിനാൽ, ആദ്യ പ്രസവത്തിലെ ആൺകുട്ടി രണ്ടാമത്തെ പ്രസവത്തിലെ പെൺകുട്ടിയെയും, രണ്ടാമത്തെ പ്രസവത്തിലെ ആൺകുട്ടി ആദ്യ പ്രസവത്തിലെ പെൺകുട്ടിയെയും വിവാഹം കഴിക്കണമെന്ന് അദ്ധേഹം നിശ്ചയിച്ചു. എന്നാൽ ഈ നിയമം മൂത്ത മകനായ ഖാബീലിന് തൃപ്തികരമായിരുന്നില്ല; തന്നോടൊപ്പം ഒരേ പ്രസവത്തിൽ ജനിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാനായിരുന്നു അവൻ ആഗ്രഹിച്ചിരുന്നത്. ഈ കൽപ്പന അനുസരിക്കാൻ പിതാവ് അവനെ ഉപദേശിച്ചുവെങ്കിലും, അവൻ ധിക്കരിക്കുകയും എതിർത്തുനിൽക്കുകയും ചെയ്തു. ഈ പ്രശ്ന പരിഹാരത്തിനായി ഇരുവരോടും ഓരോ ബലി അർപ്പിക്കാൻ പിതാവ് കൽപ്പിച്ചു. അവർ ആ കൽപ്പന ശിരസ്സാവഹിച്ചു; കർഷകനായിരുന്ന ഖാബീൽ ഒരു കതിർക്കറ്റ ഗോതമ്പും, ഹാബീൽ ഒരു ആടിനെയും ബലിയർപ്പിച്ചു. തുടർന്ന് ഒരു തീ വന്ന് ആടിനെ എടുത്തു (കരിച്ചുകളഞ്ഞു); ഇത് ഹാബീലിന്റെ ബലി സ്വീകരിക്കപ്പെട്ടതിന്റെ അടയാളമായിരുന്നു. എന്നിരുന്നാലും, സംഭവിച്ചതിൽ ഖാബീൽ തൃപ്തനായില്ല; അവൻ തന്റെ സഹോദരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി:
وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْـَٔاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ
(നബിയേ,) നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞു കേള്‍പിക്കുക. അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം. ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു; മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലി സ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ. (ഖു൪ആന്‍:5/27)
ആദം عليه السلام അവരെ രണ്ടുപേരെയും ഈയൊരു അവസ്ഥയിൽ വിട്ടുകൊണ്ട്, അല്ലാഹുവിന്റെ വിശുദ്ധ ഭവനം (കഅ്ബ) സന്ദർശിക്കാനായുള്ള തൻ്റെ റബ്ബിന്റെ വിളിക്ക് ഉത്തരം നൽകി പുറപ്പെട്ടു. താൻ മടങ്ങിവരുന്നത് വരെ സഹോദരനോട് നന്മയിൽ വർത്തിക്കണമെന്ന് അവിടുന്ന് ഖാബീലിനോട് ഉപദേശിക്കുകയും ചെയ്തു. എന്നാൽ ഖാബീൽ ആ കരാറും ഉത്തരവാദിത്തവും ലംഘിച്ചു; അവൻ തൻ്റെ സഹോദരനെ വധിക്കാൻ തക്കം പാർത്തിരുന്നു. അങ്ങനെ ഹാബീൽ തന്റെ ആടുകളെ മേയ്ച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അപ്രതീക്ഷിതമായി തക്കം നോക്കിയെത്തി,ഒരു കല്ലുകൊണ്ട് തല തകർത്ത് അവനെ അവൻ കൊലപ്പെടുത്തി.
فَطَوَّعَتْ لَهُۥ نَفْسُهُۥ قَتْلَ أَخِيهِ فَقَتَلَهُۥ فَأَصْبَحَ مِنَ ٱلْخَٰسِرِينَ
എന്നിട്ട് തന്റെ സഹോദരനെ കൊല്ലുവാന്‍ അവന്റെ മനസ്സ് അവന്ന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടകാരില്‍ പെട്ടവനായിത്തീര്‍ന്നു. (ഖു൪ആന്‍:5/30)
പിന്നീട് അവൻ ആ സഹോദരന്റെ മൃതദേഹം തന്റെ പുറത്തേറ്റിക്കൊണ്ടു നടന്നു. ഒരു വർഷക്കാലത്തോളം അതിനെ എന്തുചെയ്യണമെന്നറിയാതെ അവൻ അലഞ്ഞുതിരിഞ്ഞു. ഒടുവിൽ രണ്ട് കാക്കകൾ ഏറ്റുമുട്ടുന്നത് അവൻ കണ്ടു; അവയൊന്ന് മറ്റേതിനെ കൊലപ്പെടുത്തി, അതിനായി ഒരു കുഴി കുഴിച്ച് അതിൽ അതിനെ അടക്കം ചെയ്തു. അങ്ങനെ, തന്റെ സഹോദരന്റെ മൃതദേഹം ചുമന്നുകൊണ്ട് താൻ അനുഭവിച്ച യാതന എത്ര വലുതാണെന്ന് ഖാബീൽ തിരിച്ചറിയുകയും, തുടർന്ന് അവനും (സഹോദരനെ) കുഴിച്ചിടുകയും ചെയ്തു.
فَبَعَثَ ٱللَّهُ غُرَابًا يَبْحَثُ فِى ٱلْأَرْضِ لِيُرِيَهُۥ كَيْفَ يُوَٰرِى سَوْءَةَ أَخِيهِ ۚ قَالَ يَٰوَيْلَتَىٰٓ أَعَجَزْتُ أَنْ أَكُونَ مِثْلَ هَٰذَا ٱلْغُرَابِ فَأُوَٰرِىَ سَوْءَةَ أَخِى ۖ فَأَصْبَحَ مِنَ ٱلنَّٰدِمِينَ
അപ്പോള്‍ തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചു കൊടുക്കുവാനായി നിലത്ത് മാന്തി കുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു. (ഖു൪ആന്‍:5/31)
ഹാബീൽ തന്റെ സഹോദരനേക്കാൾ കൂടുതൽ ശക്തനായിരുന്നു എന്ന് പറയപ്പെടുന്നു. എങ്കിലും അവൻ സഹോദരനെ കൊലപ്പെടുത്തുന്നതിൽ നിന്ന് സൂക്ഷ്മത പാലിച്ചു. അവൻ ആ പാപത്തിന്റെ ഭാരം ചുമക്കട്ടെ എന്ന് കരുതുകയാണ് ചെയ്തത്. അങ്ങനെ അവൻ പറഞ്ഞു:
لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ ﴿٢٨﴾ إِنِّىٓ أُرِيدُ أَن تَبُوٓأَ بِإِثْمِى وَإِثْمِكَ فَتَكُونَ مِنْ أَصْحَٰبِ ٱلنَّارِ ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّٰلِمِينَ ﴿٢٩﴾
എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്‍റെ നേരെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്‍റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു. എന്‍റെ കുറ്റത്തിനും, നിന്‍റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം. (ഖു൪ആന്‍:5/28-29)
അങ്ങനെ, ഭൂമിയിലെ മനുഷ്യരിൽ ആദ്യമായി കൊല്ലപ്പെട്ട ആളായി ഹാബീൽ മാറി. അതുകൊണ്ടുതന്നെ, മൃതദേഹം എങ്ങനെ അടക്കം ചെയ്യണമെന്ന് ഖാബീലിന് അറിയുമായിരുന്നില്ല. ഒടുവിൽ ഒരു കാക്കയിൽ നിന്നാണ് അവൻ അത് പഠിച്ചെടുത്തത്.
ഒരു ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്, നബി ﷺ പറഞ്ഞു:
ما مِن نفس تُقتل ظلمًا إلا كان على ابن آدم الأولِ كِفْلٌ منها.
അക്രമമായി കൊല്ലപ്പെടുന്ന ഏതൊരു വ്യക്തിയുടെ രക്തച്ചൊരിച്ചിലിലും, ആദം നബിയുടെ ആദ്യത്തെ മകന് (ഖാബീലിന്) അതിന്റെ ഒരു പങ്ക് പാപമുണ്ടായിരിക്കും.
ഈ ഒരു കഥയെ മുൻനിർത്തി, സ്ത്രീയാണ് ഇതിനെല്ലാം കാരണമെന്ന് പറയാറുണ്ട്. ഒരിക്കൽ ആദമിനെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കാൻ കാരണമായ മരത്തിൽ നിന്ന് തിന്നാൻ അദ്ദേഹത്തെ പ്രലോഭിപ്പിച്ചത് സ്ത്രീ (ഹവ്വാ ബീവി) ആയിരുന്നല്ലാ. ഇവിടെയാകട്ടെ, സ്ത്രീസൗന്ദര്യമാണ് സഹോദരൻ സഹോദരനെ കൊലപ്പെടുത്താൻ കാരണമായത്. എന്നാൽ, സ്ത്രീകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു വശവും ഈ കഥയ്ക്കുണ്ട്; അത് തഖ്‌വയോടും മതനിഷ്ഠയോടും തോന്നിയ അസൂയയാണ്. അല്ലാഹുവിന്റെ അടുക്കൽ തങ്ങളുടെ പദവി എന്തെന്ന് അറിയാനായി രണ്ട് സഹോദരന്മാരും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ബലിയർപ്പിക്കുന്നതിൽ മത്സരിച്ചു. അങ്ങനെ രണ്ടുപേരും ഓരോ ബലിവസ്തു സമർപ്പിച്ചു. ഹാബീൽ ഉദാരമനസ്കതയും ഉദാരതയും ഉള്ളവനായിരുന്നു; അതിനാൽ അവൻ തന്റെ ആടുകളിൽ ഏറ്റവും മികച്ചതും തടിച്ചുകൊഴുത്തതുമായ ഒരു കൊമ്പൻ ആടിനെ അർപ്പിച്ചു. എന്നാൽ ഖാബീലാകട്ടെ ബലി എന്ന കർമ്മത്തിന്റെ പ്രതീകാത്മകതയെ നിസ്സാരമാക്കി കാണിച്ചുകൊണ്ട് തന്റെ കാർഷിക വിളകളിൽ ഏറ്റവും മോശമായ ഒരു കതിർക്കറ്റയാണ് നൽകിയത്. തുടർന്ന് അല്ലാഹു ഹാബീലിന്റെ ബലി സ്വീകരിച്ചു; അല്ലാഹു ഒരു തീയിനെ അയച്ച് അതിനെ സ്വീകരിച്ചു. എന്നാൽ ഖാബീലിന്റെ ബലിവസ്തു അതിനോടുള്ള അതൃപ്തിയുടെ തെളിവായി അതുപോലെ തന്നെ അവശേഷിച്ചു:
لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقْوَىٰ مِنكُمْ ۚ
അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ തഖ്‌വയാണ് അവങ്കല്‍ എത്തുന്നത്. (ഖു൪ആന്‍:22/37)
അങ്ങനെ, ഇബ്‌ലീസ് ആദമിനോട് അസൂയപ്പെട്ടതുപോലെ ഖാബീൽ തൻ്റെ സഹോദരനോട് അസൂയപ്പെടുകയും, അവനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് അവനെ കൊലപ്പെടുത്തുകയും ചെയ്തു.
മക്കയിൽ നിന്ന് മടങ്ങിയെത്തിയ ആദം عليه السلام തന്റെ മകന്റെ കൊലപാതകത്തിൽ അതീവ ദുഃഖിതനായി; ഹവ്വായും അതുപോലെ ദുഃഖിച്ചു. അഞ്ച് വർഷങ്ങൾക്ക് ശേഷം ഹവ്വാ عليه السلام ഒരു ശ്രേഷ്ഠനായ ആൺകുട്ടിക്ക് ജന്മം നൽകിയതോടെയാണ് അവരുടെ വേദനയ്ക്ക് ആശ്വാസമുണ്ടായത്. അവന് ‘ശീസ്’ (شيثًا) എന്ന് പേരിട്ടു; ‘അല്ലാഹുവിന്റെ സമ്മാനം’ എന്നാണ് അതിനർത്ഥം. അവൻ ഹാബീലിന് പകരക്കാരനായി. ജിബ്‌രീൽ عليه السلام ആദം عليه السلام യോട് ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: ‘ഹാബീലിന് പകരം അല്ലാഹു നൽകിയ സമ്മാനമാണിത്.’ ആദം عليه السلام തന്റെ അറിവുകൾ അവന് കൈമാറാൻ വസ്വിയ്യത്ത് ചെയ്തു.
عن ابن إسحاق: أن آدم لما حضرته الوفاة دعا ابنه شيثًا فعهد إليه عهده، وعلمه ساعات الليل والنهار، وأعلمه عبادةَ الخَلق لله في كل ساعة من الليل والنهار، وأخبره بأمور مغيَّبة ستحصل، منها الطوفان، فكان وصيَّ آدم وخليفته من بعده، وقد أنزل الله عليه خمسين صحيفة، وإليه ينتسب بنو آدم؛ فقد انقطع نسل قابيل وباد، وسائرُ نسل إخوته، كما قيل.
ഇബ്‌നു ഇസ്ഹാഖിൽ നിന്ന് നിവേദനം: ആദം عليه السلام മരണാസന്നനായപ്പോൾ തന്റെ മകനായ ശീസിനെ വിളിച്ച് ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുകയും, രാപ്പകലുകളിലെ സമയങ്ങളെക്കുറിച്ച് അവനെ പഠിപ്പിക്കുകയും, രാപ്പകലുകളിലെ ഓരോ സമയത്തും സൃഷ്ടികൾ അല്ലാഹുവിന് ചെയ്യുന്ന ആരാധനകളെക്കുറിച്ച് അവന് അറിവ് നൽകുകയും ചെയ്തു. പ്രളയം ഉൾപ്പെടെ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ചില അദൃശ്യ കാര്യങ്ങളെക്കുറിച്ച് അവൻ അവന് വിവരമറിയിച്ചു നൽകുകയും ചെയ്തു. അങ്ങനെ അദ്ദേഹം ആദമിന് ശേഷം അദ്ദേഹത്തിന്റെ വസ്വിയ്യത്ത് സ്വീകരിച്ചവനും അദ്ധേഹത്തിന്റെ പിൻഗാമിയുമായി മാറി. അല്ലാഹു അദ്ദേഹത്തിന് അമ്പത് ഏടുകൾ ഇറക്കിക്കൊടുത്തു. മാനവരാശി മുഴുവൻ ശീസിലേക്കാണ് വംശപരമ്പരയായി ചേർക്കപ്പെടുന്നത്; കാരണം ഖാബീലിന്റെയും മറ്റ് സഹോദരങ്ങളുടെയും സന്തതിപരമ്പരകൾ വംശമറ്റ് നശിച്ചുപോയി എന്ന് പറയപ്പെടുന്നു.
ഹാബീലും ഖാബീലും ആദം عليه السلام യുടെ ആദ്യകാല മക്കളിൽ പെട്ടവരാണെന്ന് ഖുർആൻ വചനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. അവർ ആദം عليه السلام യുടെ പേരക്കുട്ടികളോ ഇസ്രാഈൽ സന്തതികളോ ആണെന്ന് വാദിക്കുന്നവർക്ക് തെറ്റുപറ്റിയിരിക്കുന്നു. അതിക്രമിച്ചുള്ള കൊലപാതകത്തിന്റെ പാപം ആദം عليه السلام യുടെ ആദ്യത്തെ മകനിലേക്ക് ചേർത്തു പറയുന്ന ഹദീസ് വ്യക്തവുമാണ്.
ഇതിൽ നിന്ന്, നന്മയും തിന്മയും തമ്മിലുള്ള പോരാട്ടവും ദൈവീക കൽപ്പനകളോടുള്ള ധിക്കാരവും മനുഷ്യന്റെ ആദ്യകാലം മുതൽക്കേ ഉടലെടുത്തതാണെന്ന് വ്യക്തമാകുന്നു. ആദം നബിയുടെ മക്കളും ഈ ദൈവീക വിധിക്കതീതരായിരുന്നില്ല; മറിച്ച്, മുഴുവൻ മനുഷ്യരും വിധേയരാകുന്ന അതേ പരീക്ഷണത്തിന് അവരും വിധേയരാവുകയായിരുന്നു.
ആദം عليه السلام യുടെ മരണം
അങ്ങനെ ആദം عليه السلام യുടെ ആയുസ്സ് പൂർത്തിയായി. ഉദ്ധരിക്കപ്പെട്ടിട്ടുള്ളതുപോലെ, ആയിരം വർഷം തികഞ്ഞപ്പോൾ അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لَمَّا خَلَقَ اللَّهُ آدَمَ مَسَحَ ظَهْرَهُ فَسَقَطَ مِنْ ظَهْرِهِ كُلُّ نَسَمَةٍ هُوَ خَالِقُهَا مِنْ ذُرِّيَّتِهِ إِلَى يَوْمِ الْقِيَامَةِ وَجَعَلَ بَيْنَ عَيْنَىْ كُلِّ إِنْسَانٍ مِنْهُمْ وَبِيصًا مِنْ نُورٍ ثُمَّ عَرَضَهُمْ عَلَى آدَمَ فَقَالَ أَىْ رَبِّ مَنْ هَؤُلاَءِ قَالَ هَؤُلاَءِ ذُرِّيَّتُكَ فَرَأَى رَجُلاً مِنْهُمْ فَأَعْجَبَهُ وَبِيصُ مَا بَيْنَ عَيْنَيْهِ فَقَالَ أَىْ رَبِّ مَنْ هَذَا فَقَالَ هَذَا رَجُلٌ مِنْ آخِرِ الأُمَمِ مِنْ ذُرِّيَّتِكَ يُقَالُ لَهُ دَاوُدُ . فَقَالَ رَبِّ كَمْ جَعَلْتَ عُمْرَهُ قَالَ سِتِّينَ سَنَةً قَالَ أَىْ رَبِّ زِدْهُ مِنْ عُمْرِي أَرْبَعِينَ سَنَةً . فَلَمَّا انْقَضَى عُمْرُ آدَمَ جَاءَهُ مَلَكُ الْمَوْتِ فَقَالَ أَوَلَمْ يَبْقَ مِنْ عُمْرِي أَرْبَعُونَ سَنَةً قَالَ أَوَلَمْ تُعْطِهَا ابْنَكَ دَاوُدَ قَالَ فَجَحَدَ آدَمُ فَجَحَدَتْ ذُرِّيَّتُهُ وَنَسِيَ آدَمُ فَنَسِيَتْ ذُرِّيَّتُهُ وَخَطِئَ آدَمُ فَخَطِئَتْ ذُرِّيَّتُهُ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ആദമിനെ സൃഷ്ടിച്ചപ്പോൾ അദ്ദേഹത്തിന്റെ മുതുകിൽ തടവി. അങ്ങനെ അല്ലാഹു അന്ത്യനാൾ വരെ സൃഷ്ടിക്കാനിരിക്കുന്ന അദ്ദേഹത്തിന്റെ സന്തതികളിലെ എല്ലാ ആത്മാക്കളും അദ്ദേഹത്തിന്റെ മുതുകിൽ നിന്ന് പുറത്തുവന്നു. അവരിൽ ഓരോ മനുഷ്യന്റെയും ഇരു കണ്ണുകൾക്കിടയിലും അല്ലാഹു പ്രകാശത്തിന്റെ ഒരു തിളക്കം ഉണ്ടാക്കി. പിന്നീട് അല്ലാഹു അവരെ ആദമിന് കാണിച്ചുകൊടുത്തു. അപ്പോൾ അദ്ദേഹം ചോദിച്ചു: ‘എന്റെ നാഥാ, ഇവർ ആരാണ്?’ അല്ലാഹു പറഞ്ഞു: ‘ഇവർ നിന്റെ സന്തതികളാണ്.’ അപ്പോൾ അവരിൽ ഒരാളിൽ അദ്ദേഹത്തിന്റെ ഇരു കണ്ണുകൾക്കിടയിലുള്ള പ്രകാശത്തിന്റെ തിളക്കം ആദമിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം ചോദിച്ചു: ‘എന്റെ നാഥാ, ഇതാരാണ്?’ അല്ലാഹു പറഞ്ഞു: ‘നിന്റെ സന്തതികളിൽ അവസാനത്തെ സമുദായങ്ങളിൽ വരുന്ന ദാവൂദ് എന്ന് വിളിക്കപ്പെടുന്ന ഒരാളാണിത്.’ ആദം ചോദിച്ചു: ‘എന്റെ നാഥാ, ഇദ്ദേഹത്തിന് എത്ര വർഷത്തെ ആയുസ്സാണ് നീ നിശ്ചയിച്ചിട്ടുള്ളത്?’ അല്ലാഹു പറഞ്ഞു: ‘അറുപത് വർഷം.’ ആദം പറഞ്ഞു: ‘എന്റെ നാഥാ, എന്റെ ആയുസ്സിൽ നിന്ന് അൽപ്പം (നാൽപ്പത് വർഷം) ഇദ്ദേഹത്തിന് വർദ്ധിപ്പിച്ചു നൽകിയാലും.’ അങ്ങനെ ആദമിന്റെ ആയുസ്സ് പൂർത്തിയായപ്പോൾ മരണത്തിന്റെ മലക്ക് അദ്ദേഹത്തിന്റെ അടുക്കൽ വന്നു. അപ്പോൾ ആദം ചോദിച്ചു: ‘എന്റെ ആയുസ്സിൽ ഇനി നാൽപ്പത് വർഷം കൂടി ബാക്കിയില്ലേ?’ മലക്ക് ചോദിച്ചു: ‘താങ്കളത് താങ്കളുടെ മകനായ ദാവൂദിന് നൽകിയിരുന്നില്ലേ?’ നബി ﷺ പറഞ്ഞു: അങ്ങനെ ആദം ഓർമ്മയില്ലാതെ നിഷേധിച്ചു, അദ്ദേഹത്തിന്റെ സന്തതികളും നിഷേധിക്കുന്നവരായി; ആദം മറന്നുപോയി, അദ്ദേഹത്തിന്റെ സന്തതികളും മറക്കുന്നവരായി; ആദമിന് തെറ്റുപറ്റി, അദ്ദേഹത്തിന്റെ സന്തതികൾക്കും തെറ്റുപറ്റുന്നവരായി. (തിര്‍മിദി:3076)
‘മലക്കുകളെ അല്ലാഹു സാക്ഷികളാക്കി. അങ്ങനെ ആദം നബിക്ക് ആയിരം വർഷവും ദാവൂദ് നബിക്ക് നൂറ് വർഷവും ആയുസ്സ് പൂർത്തിയാക്കിക്കൊടുത്തു’ എന്നും ചില നിവേദനങ്ങൾ കാണാം.
ആദം عليه السلام മരിച്ചപ്പോൾ മലക്കുകൾ അദ്ദേഹത്തെ ഒറ്റയായ എണ്ണത്തിൽ വെള്ളമൊഴിച്ച് കുളിപ്പിക്കുകയും അദ്ദേഹത്തിനായി ഖബർ ഒരുക്കുകയും ചെയ്തു എന്ന് ചില നിവേദനങ്ങളിൽ വന്നിട്ടുണ്ട്. മലക്കുകൾ പറഞ്ഞു:
هَذِهِ سُنَّةُ آدَمَ فِي وَلَدِهِ
ഇതാണ് ആദമിന്റെ മക്കളിൽ അനുവർത്തിക്കേണ്ട ആദമിന്റെ മാതൃക.
അദ്ദേഹം മക്കയിലെ അബൂ ഖുബൈസ് മലയിലെ ഗുഹയിലാണ് മറവു ചെയ്യപ്പെട്ടതെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്; ‘غار الكنز (നിധിയുടെ ഗുഹ) എന്നാണ് ഈ ഗുഹ വിളിക്കപ്പെടുന്നത്.
ആദം عليه السلام യുടെ മരണത്തിന് ഒരു വർഷത്തിനുശേഷമാണ് ഹവ്വാ عليه السلام മരണപ്പെട്ടത്. അവർ 20 20 തവണ ഗർഭം ധരിച്ചുവെന്നും, ഓരോ പ്രസവത്തിലും ഒരു ആണും ഒരു പെണ്ണും വീതം (ഇരട്ടകളായി) ഉണ്ടായെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
അവലംബം: https://www.alukah.net/culture/0/142479/
www.kanzululoom.com