വിശുദ്ധ ഖുർആനും സബബുന്നുസൂലും

വിശുദ്ധ ഖുർആനിന്റെ അവതരണം രണ്ടുവിധത്തിലുണ്ട്:1.ഇബ്തിദാഇയ്യ് (നേരിട്ടുള്ള അവതരണം), 2.സബബിയ്യ് (കാരണബദ്ധമായ അവതരണം)

1.ഇബ്തിദാഇയ്യ് (النزول الابتدائي)

പ്രത്യേകിച്ച് ഒരു ബാഹ്യ സംഭവമോ ചോദ്യമോ പശ്ചാത്തലമായി ഇല്ലാതെ, അല്ലാഹു തന്റെ ദാസന്മാർക്ക് നേർവഴി കാണിക്കാനും നിയമങ്ങൾ പഠിപ്പിക്കാനുമായി സ്വയം നേരിട്ട് അവതരിപ്പിച്ച ആയത്തുകൾ. വിശുദ്ധ ഖുർആനിലെ ഭൂരിഭാഗം ആയത്തുകളും ഈ ഇനത്തിൽ പെട്ടതാണ്. അല്ലാഹുവിന്റെ ഈ വചനം അതിന് ഉദാഹരണമാണ്:

وَمِنْهُم مَّنْ عَٰهَدَ ٱللَّهَ لَئِنْ ءَاتَىٰنَا مِن فَضْلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّٰلِحِينَ

അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ദാനം ചെയ്യുകയും, ഞങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുമെന്ന് അവനുമായി കരാര്‍ ചെയ്ത ചിലരും ആ കൂട്ടത്തിലുണ്ട്‌. (ഖു൪ആന്‍:9/75)

ഈ വചനം കപടവിശ്വാസികളിൽ (മുനാഫിഖുകൾ) പെട്ട ചിലരുടെ യഥാർത്ഥ അവസ്ഥ വിവരിച്ചുകൊണ്ട് നേരിട്ട് (ഇബ്തിദാഇയ്യായി) അവതരിച്ചതാണ്. എന്നാൽ, ഈ ആയത്ത് ഥഅ്‌ലബ ബിൻ ഹാഥിബ് رَضِيَ اللَّهُ عَنْهُ വിന്റെ കാര്യത്തിൽ ഇറങ്ങിയതാണെന്ന് പ്രചരിച്ചിട്ടുള്ളതും, തഫ്സീറുകളിൽ ഉദ്ധരിച്ചിട്ടുള്ളതുമാണ്. പ്രസ്തുത നിവേദനം ദുര്‍ബലമാണ്.

2.സബബിയ്യ് (النزول السببي)

അതായത്, അതിന്റെ അവതരണത്തിന് മുമ്പായി അതിലേക്ക് നയിക്കുന്ന ഒരു പ്രത്യേക കാരണം ഉണ്ടാകുക. കാരണം (السبب) എന്നാൽ:

1. അല്ലാഹു മറുപടി നൽകുന്ന രീതിയിലുള്ള ഒരു ചോദ്യമായിരിക്കും. അല്ലാഹുവിന്റെ ഈ വചനത്തെപ്പോലെ:

يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ

(നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (ഖു൪ആന്‍:2/189)

2.ഒരു വിശദീകരണവും മുന്നറിയിപ്പും ആവശ്യമായി വരുന്ന രീതിയിൽ നടന്ന ഏതെങ്കിലും ഒരു സംഭവം.

وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ

നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. (ഖു൪ആന്‍:9/65)

സൂറ:തൗബ യിലെ 65,66ആയത്തുകൾ തബൂക്ക് യുദ്ധവുമായി ബന്ധപ്പെട്ട, ഒരു സദസ്സിൽ വെച്ച് സംസാരിച്ച കപടവിശ്വാസികളിൽ പെട്ട ഒരാളെക്കുറിച്ച് അവതരിച്ചതാണ്. അവൻ പറഞ്ഞു:“നമ്മുടെ ഓത്തുകാരെപ്പോലെ ഭക്ഷണപ്രിയരും കളവുപറയുന്നവരും ശത്രുവിനെ കണ്ടുമുട്ടുമ്പോൾ ഭീരുക്കളുമായി ആരെയും നാം കണ്ടിട്ടില്ല”. അവൻ അതുകൊണ്ട് ഉദ്ദേശിച്ചത് അല്ലാഹുവിന്റെ റസൂൽ ﷺ യെയും അവിടുത്തെ സ്വഹാബികളെയുമായിരുന്നു. ഈ കാര്യം അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കൽ വിവരമെത്തുകയും ഖുർആൻ വചനം അവതരിക്കുകയും ചെയ്തു. തുടർന്ന് ആ വ്യക്തി നബി ﷺ  യുടെ അടുക്കൽ തടസ്സങ്ങൾ പറഞ്ഞ് മാപ്പ് അപേക്ഷിച്ചുകൊണ്ട് വന്നു. എന്നാൽ നബി ﷺ  അവനോട് മറുപടിയായി ഓതിക്കേൾപ്പിച്ചത് ഈ വചനമാണ്:

قُلْ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ

പറയുക: അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്‌? (ഖു൪ആന്‍:9/65)

3. ചിലരിൽ നിന്ന് ഒരു പ്രവൃത്തി സംഭവിക്കുകയും അതിന്റെ മതപരമായ വിധി അറിയേണ്ടതായി വരികയും ചെയ്യുക.

قَدْ سَمِعَ ٱللَّهُ قَوْلَ ٱلَّتِى تُجَٰدِلُكَ فِى زَوْجِهَا وَتَشْتَكِىٓ إِلَى ٱللَّهِ وَٱللَّهُ يَسْمَعُ تَحَاوُرَكُمَآ ۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٌ

(നബിയേ,) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്‌. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്‌. (ഖുർആൻ:58/1)

ഖൗല ബിന്‍ത് ഥഅ്‌ലബ رَضِيَ اللَّهُ عَنْها യെ ഭര്‍ത്താവായ ഔസ്ബ്‌നു സ്വാമിത്ത് رَضِيَ اللَّهُ عَنْهُ വിവാഹമോചനത്തിന്റെ ജാഹിലിയ്യ രീതി മുഖേന വിവാഹമോചനം ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ട് അവര്‍ നബി ﷺ യുടെ സന്നിധിയില്‍ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഔസ് എന്റെ യുവത്വം മുഴുവന്‍ തിന്നുതീര്‍ത്ത് ഈ വാര്‍ധക്യത്തില്‍ എന്നെ വിവാഹമോനം ചെയ്തിരിക്കുന്നു. ഞാന്‍ താങ്കളോട് ഈവിഷയത്തില്‍ പരാതിപ്പെടുകയാണ്.’ ഇത് കഴിഞ്ഞപ്പോഴാണ് ത്വലാക്വിന്റെ ഇസ്‌ലാമിക വിധികള്‍ വ്യക്തമാക്കുന്ന ഈ വചനങ്ങള്‍ അവതരിച്ചത്:

അവതരണ പശ്ചാത്തലം അറിയുന്നതിന്റെ ഉപകാരങ്ങൾ

അവതരണ പശ്ചാത്തലങ്ങൾ അറിയൽ പ്രധാനപ്പെട്ട ഒന്നാണ്. കാരണം, അത് നിരവധിയായ ഉപകാരങ്ങളിലേക്ക് നയിക്കുന്നു. അവയിൽ പെട്ടതാണ്:

1.ഖുർആൻ അല്ലാഹുവിൽ നിന്ന് അവതരിച്ചതാണെന്ന കാര്യം വ്യക്തമാകൽ:

അതായത്, നബി ﷺ യോട് ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ചോദിക്കപ്പെടുമ്പോൾ, അവിടുത്തേക്ക് വഹ്‌യ്‌ അവതരിക്കുന്നത് വരെ അവിടുന്ന് മറുപടി പറയാതെ മാറിനിൽക്കുന്നു. അല്ലെങ്കിൽ മറഞ്ഞുനിൽക്കുന്ന യഥാർത്ഥ സംഭവം അവിടുത്തേക്ക് അജ്ഞാതമായിരിക്കുകയും, തുടർന്ന് അത് വ്യക്തമാക്കിക്കൊണ്ട് അവിടുത്തേക്ക് വഹ്‌യ്‌ അവതരിക്കുകയും ചെയ്യുന്നു.. ഒന്നാമത്തേതിന് ഉദാഹരണം, അല്ലാഹുവിന്റെ ഈ വചനമാണ്:

قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا

നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. (ഖു൪ആന്‍:17/85)

عَنِ ابْنِ مَسْعُودٍ، قَالَ بَيْنَا أَنَا أَمْشِي، مَعَ النَّبِيِّ صلى الله عليه وسلم فِي بَعْضِ حَرْثِ الْمَدِينَةِ وَهْوَ يَتَوَكَّأُ عَلَى عَسِيبٍ مَعَهُ، فَمَرَرْنَا عَلَى نَفَرٍ مِنَ الْيَهُودِ فَقَالَ بَعْضُهُمْ لِبَعْضٍ سَلُوهُ عَنِ الرُّوحِ‏.‏ فَقَالَ بَعْضُهُمْ لاَ تَسْأَلُوهُ أَنْ يَجِيءَ فِيهِ بِشَىْءٍ تَكْرَهُونَهُ‏.‏ فَقَالَ بَعْضُهُمْ لَنَسْأَلَنَّهُ‏.‏ فَقَامَ إِلَيْهِ رَجُلٌ مِنْهُمْ فَقَالَ يَا أَبَا الْقَاسِمِ مَا الرُّوحُ فَسَكَتَ عَنْهُ النَّبِيُّ صلى الله عليه وسلم فَعَلِمْتُ أَنَّهُ يُوحَى إِلَيْهِ فَقَالَ ‏‏{‏وَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتُوا مِنَ الْعِلْمِ إِلاَّ قَلِيلاً‏}‏‏.‏

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  ഞാൻ മദീനയിലെ ഒരു കൃഷിയിടത്തിലൂടെ നബി ﷺ യോടൊപ്പം നടക്കുകയായിരുന്നു. അവിടുന്ന് ഒരു ഈന്തപ്പനമടലിൽ (വടി പോലെ) ഊന്നിപ്പിടിച്ചിട്ടുണ്ടായിരുന്നു. അതിനിടയിൽ ഞങ്ങൾ ഒരു കൂട്ടം ജൂതന്മാരുടെ അടുക്കലൂടെ കടന്നുപോയി. അപ്പോൾ അവരിൽ ചിലർ ചിലരോടായി പറഞ്ഞു: ‘ഇദ്ദേഹത്തോട് ആത്മാവിനെ (റൂഹ്) കുറിച്ച് ചോദിക്കൂ.’ എന്നാൽ മറ്റു ചിലർ പറഞ്ഞു: ‘നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വല്ല കാര്യവും അവിടുന്ന് പറയുന്ന അവസ്ഥ വരാതിരിക്കാൻ അദ്ദേഹത്തോട് ചോദിക്കാതിരിക്കൂ.’ എങ്കിലും അവരിൽ ചിലർ പറഞ്ഞു: ‘ഞങ്ങൾ തീർച്ചയായും അദ്ദേഹത്തോട് ചോദിക്കുക തന്നെ ചെയ്യും.’തുടർന്ന് അവരിൽ ഒരാൾ നബി ﷺ യുടെ അടുത്തേക്ക് എഴുന്നേറ്റുവന്ന് ചോദിച്ചു: ‘അബുൽ ഖാസിമേ, എന്താണ് ആത്മാവ് (റൂഹ്)?’ അപ്പോൾ നബി ﷺ  മറുപടി പറയാതെ നിശബ്ദനായി നിന്നു. അപ്പോൾ അവിടുത്തേക്ക് വഹ്‌യ്‌  അവതരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. തുടർന്ന് അവിടുന്ന് പാരായണം ചെയ്തു: {നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല (ഖു൪ആന്‍:17/85)} (ബുഖാരി:7462)

രണ്ടാമത്തെ കാര്യത്തിന് ഉദാഹരണം:

يَقُولُونَ لَئِن رَّجَعْنَآ إِلَى ٱلْمَدِينَةِ لَيُخْرِجَنَّ ٱلْأَعَزُّ مِنْهَا ٱلْأَذَلَّ ۚ

അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്‌. (ഖു൪ആന്‍: 63/8)

കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹി ബ്നു ഉബയ്യ്  ‘താനാണ് ഏറ്റവും പ്രതാപവാനെന്നും, അല്ലാഹുവിന്റെ റസൂലും (സ്വ) സ്വഹാബികളുമാണ് ഏറ്റവും നിന്ദ്യരെന്നും’ പറയുന്നത് സൈദ് ബിൻ അർഖം رَضِيَ اللَّهُ عَنْهُ കേൾക്കുകയുണ്ടായി. തുടർന്ന് സൈദ് رَضِيَ اللَّهُ عَنْهُ ഈ വിവരം തന്റെ ബന്ധു മുഖാന്തിരം  നബി ﷺ യെ വിവരമറിയിക്കുകയും ചെയ്തു. അപ്പോൾ നബി ﷺ സൈദിനെ വിളിച്ചുവരുത്തി കേട്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ശേഷം നബി ﷺ അബ്ദുല്ലാഹി ബിനു ഉബയ്യിന്റെയും അവന്റെ കൂട്ടാളികളുടെയും അടുത്തേക്ക് ആളയച്ചു. എന്നാൽ ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് അവർ സത്യം ചെയ്തു പറഞ്ഞു. അപ്പോൾ നബി ﷺ അവരെ സത്യപ്പെടുത്തുകയും സൈദ് رَضِيَ اللَّهُ عَنْهُ പറഞ്ഞതിനെ തള്ളുകയും ചെയ്തു. എന്നാൽ, സൈദ് رَضِيَ اللَّهُ عَنْهُ പറഞ്ഞത് സത്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അല്ലാഹു ഈ ആയത്ത് ഇറക്കി. അങ്ങനെ യഥാർത്ഥ സംഭവം അല്ലാഹുവിന്റെ റസൂൽ ﷺ ക്ക് വ്യക്തമായി ബോധ്യപ്പെട്ടു.

2.തന്റെ പ്രവാചകനെ സംരക്ഷിക്കുന്നതിലും അവിടുത്തേക്ക് വേണ്ടി പ്രതിരോധിക്കുന്നതിലും അല്ലാഹു കാണിച്ച പ്രത്യേക പരിഗണനയുടെ വിശദീകരണം. ഇതിന് ഉദാഹരണമാണ് അല്ലാഹുവിന്റെ ഈ വചനം:

وَقَالَ ٱلَّذِينَ كَفَرُوا۟ لَوْلَا نُزِّلَ عَلَيْهِ ٱلْقُرْءَانُ جُمْلَةً وَٰحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَ ۖ وَرَتَّلْنَٰهُ تَرْتِيلًا

സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റതവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്‌. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്‌. അത് കൊണ്ട് നിന്‍റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍: 25/32)

അതുപോലെ തന്നെയാണ് വ്യാജ ആരോപണത്തിന്റെ ആയത്തുകളും. നബി ﷺയുടെ പവിത്രമായ കുടുംബജീവിതത്തിനായുള്ള പ്രതിരോധവും, കളവ് നിർമ്മിച്ചുണ്ടാക്കിയവർ അവിടുത്തെ കുടുംബത്തെ കളങ്കപ്പെടുത്താൻ ശ്രമിച്ചതിൽ നിന്ന് അതിനെ പരിശുദ്ധമാക്കുന്നവയുമാണ്.

3.തന്റെ ദാസന്മാരുടെ പ്രയാസങ്ങൾ നീക്കുന്നതിലും സങ്കടങ്ങൾ അകറ്റുന്നതിലുമുള്ള അല്ലാഹുവിന്റെ കരുതലും കരുണയും വ്യക്തമാകൽ

ഇതിന് ഉദാഹരണമാണ് തയമ്മുമിന്റെ ആയത്ത്.

عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم قَالَتْ خَرَجْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم فِي بَعْضِ أَسْفَارِهِ، حَتَّى إِذَا كُنَّا بِالْبَيْدَاءِ ـ أَوْ بِذَاتِ الْجَيْشِ ـ انْقَطَعَ عِقْدٌ لِي، فَأَقَامَ رَسُولُ اللَّهِ صلى الله عليه وسلم عَلَى الْتِمَاسِهِ، وَأَقَامَ النَّاسُ مَعَهُ، وَلَيْسُوا عَلَى مَاءٍ، فَأَتَى النَّاسُ إِلَى أَبِي بَكْرٍ الصِّدِّيقِ فَقَالُوا أَلاَ تَرَى مَا صَنَعَتْ عَائِشَةُ أَقَامَتْ بِرَسُولِ اللَّهِ صلى الله عليه وسلم وَالنَّاسِ، وَلَيْسُوا عَلَى مَاءٍ، وَلَيْسَ مَعَهُمْ مَاءٌ‏.‏ فَجَاءَ أَبُو بَكْرٍ وَرَسُولُ اللَّهِ صلى الله عليه وسلم وَاضِعٌ رَأْسَهُ عَلَى فَخِذِي قَدْ نَامَ فَقَالَ حَبَسْتِ رَسُولَ اللَّهِ صلى الله عليه وسلم وَالنَّاسَ، وَلَيْسُوا عَلَى مَاءٍ، وَلَيْسَ مَعَهُمْ مَاءٌ‏.‏ فَقَالَتْ عَائِشَةُ فَعَاتَبَنِي أَبُو بَكْرٍ، وَقَالَ مَا شَاءَ اللَّهُ أَنْ يَقُولَ، وَجَعَلَ يَطْعُنُنِي بِيَدِهِ فِي خَاصِرَتِي، فَلاَ يَمْنَعُنِي مِنَ التَّحَرُّكِ إِلاَّ مَكَانُ رَسُولِ اللَّهِ صلى الله عليه وسلم عَلَى فَخِذِي، فَقَامَ رَسُولُ اللَّهِ صلى الله عليه وسلم حِينَ أَصْبَحَ عَلَى غَيْرِ مَاءٍ، فَأَنْزَلَ اللَّهُ آيَةَ التَّيَمُّمِ فَتَيَمَّمُوا‏.‏ فَقَالَ أُسَيْدُ بْنُ الْحُضَيْرِ مَا هِيَ بِأَوَّلِ بَرَكَتِكُمْ يَا آلَ أَبِي بَكْرٍ‏.‏ قَالَتْ فَبَعَثْنَا الْبَعِيرَ الَّذِي كُنْتُ عَلَيْهِ، فَأَصَبْنَا الْعِقْدَ تَحْتَهُ‏.‏

ആയിശാ رضى الله عنها പറയുന്നു: ഞങ്ങൾ അല്ലാഹുവിൻ്റെ റസൂലിൻ്റെ കൂടെ ഒരു യാത്ര പുറപ്പെട്ടു. ഞങ്ങൾ ബൈദാഅ് പ്രദേശത്തോ ദാത്തുൽ ജൈശ് പ്രദേശത്തോ എത്തിയപ്പോൾ എൻ്റെ മാല അറ്റു വീണു പോയി. അതു തിരയാനായി നബി ﷺ അവിടെ നിന്നു. മറ്റാളുകളും നബി ﷺ യോടൊപ്പം അവിടെനിന്നു. അവർക്കവിടെ വെള്ളമുണ്ടായിരുന്നില്ല.

അങ്ങിനെ ആളുകൾ അബൂബക്കർ സിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിൻ്റെ അടുത്തേക്ക് ചെന്ന എന്നിട്ട് അവർ പറഞ്ഞു. ആയിശ ചെയ്‌തത് നിങ്ങൾ കണ്ടില്ലേ? അല്ലാഹുവിന്റെ റസൂലിനെയും ജനങ്ങളെയും ഇവിടെ നിർത്താൻ അവർ കാരണമായി. അവിടെ വെള്ളമില്ല, അവരുടെ കൈവശവും വെള്ളില്ല. അപ്പോൾ അബൂബക്കർ رَضِيَ اللَّهُ عَنْهُ (എന്റെ അടുത്തേക്ക്) വന്നു. ആ സമയം അല്ലാഹുവിൻ്റെ റസൂൽ ﷺ എൻ്റെ തുടയിൽ തലവെച്ച് ഉറങ്ങുകയായിരുന്നു. അബൂബക്കർ رَضِيَ اللَّهُ عَنْهُ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലിനെയും ആളുകളെയും നീ ഇവിടെ തടഞ്ഞു നിർത്തിയോ? അവർക്കിവിടെ വെള്ളമില്ല, അവരുടെ കൈവശവും വെള്ളമില്ല. ആയിശാ رضى الله عنها പറയുകയാണ്: അബുബക്കർ رَضِيَ اللَّهُ عَنْهُ എന്നെ അധിക്ഷേപിച്ചു സംസാരിച്ചു എന്തൊക്കെയോ പറഞ്ഞു. അദ്ദേഹം തന്റെ കൈകൊണ്ട് എൻ്റെ ഊരക്ക് കുത്താൻ തുടങ്ങി. എൻ്റെ തുട മേൽ അല്ലാഹുവിൻ്റെ റസൂലിൻ്റെ ശിരസ്സുണ്ടായതുകൊണ്ട് മാത്രമാണ് ഞാൻ ഇളകാതിരുന്നത്.

അല്ലാഹുവിന്റെ റസൂൽ ﷺ നേരം പുലർന്നപ്പോൾ എഴുന്നേറ്റു. വെള്ളമുണ്ടായിരുന്നില്ല. തത്സമയം തയമ്മുമിൻ്റെ ആയത്ത് ഇറങ്ങി. അവരെല്ലാവരും തയമ്മും ചെയ്തു. അപ്പോൾ ഉസൈദുബ്‌നു ഹുദൈർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അബൂബക്കറിൻ്റെ കുടുംബമേ, ഇത് നിങ്ങൾക്കുള്ള ആദ്യ അനുഗ്രഹമല്ലല്ലോ. ആയിശാ رضى الله عنها പറയുന്നു: ഞാൻ യാത്ര ചെയ്‌തിരുന്ന ഒട്ടകത്തെ എഴുന്നേൽപിച്ചു തെളിച്ചപ്പോൾ അതിൻ്റെ ചുവട്ടിൽനിന്ന് ഞങ്ങൾക്ക് മാല ലഭിച്ചു. (ബുഖാരി:334)

4.ആയത്തിനെ അതിന്റെ ശരിയായ രീതിയിൽ മനസ്സിലാക്കാൻ സാധിക്കൽ

ﺇِﻥَّ ٱﻟﺼَّﻔَﺎ ﻭَٱﻟْﻤَﺮْﻭَﺓَ ﻣِﻦ ﺷَﻌَﺎٓﺋِﺮِ ٱﻟﻠَّﻪِ ۖ ﻓَﻤَﻦْ ﺣَﺞَّ ٱﻟْﺒَﻴْﺖَ ﺃَﻭِ ٱﻋْﺘَﻤَﺮَ ﻓَﻼَ ﺟُﻨَﺎﺡَ ﻋَﻠَﻴْﻪِ ﺃَﻥ ﻳَﻄَّﻮَّﻑَ ﺑِﻬِﻤَﺎ ۚ

തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. (ഖു൪ആന്‍: 2/158)

അതായത്, സഫാ-മർവ്വക്കിടയിൽ സഅ്‌യ് ചെയ്യുക എന്നതാകുന്നു അതിന്റെ ഉദ്ദേശം. എന്നാൽ {فَلا جُنَاحَ عَلَيْهِ} (അവനിൽ യാതൊരു കുറ്റവുമില്ല) എന്ന വാക്കിന്റെ ബാഹ്യാർത്ഥം കാണിക്കുന്നത് സഫാ-മർവ്വകൾക്കിടയിലെ സഅ്‌യിന്റെ വിധി അത് അനുവദനീയം എന്ന വിഭാഗത്തിൽ പെടുന്നു എന്നാണ്. എന്നാൽ സ്വഹീഹുൽ ബുഖാരിയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു ഹദീസ് വന്നിട്ടുണ്ട്.

عَنْ عَاصِمِ بْنِ سُلَيْمَانَ، قَالَ سَأَلْتُ أَنَسَ بْنَ مَالِكٍ ـ رضى الله عنه ـ عَنِ الصَّفَا، وَالْمَرْوَةِ،‏.‏ فَقَالَ كُنَّا نَرَى أَنَّهُمَا مِنْ أَمْرِ الْجَاهِلِيَّةِ، فَلَمَّا كَانَ الإِسْلاَمُ أَمْسَكْنَا عَنْهُمَا، فَأَنْزَلَ اللَّهُ تَعَالَى ‏‏{‏إِنَّ الصَّفَا وَالْمَرْوَةَ ‏}‏ إِلَى قَوْلِهِ ‏‏{‏أَنْ يَطَّوَّفَ بِهِمَا‏}‏‏.‏

ആസിം ബിനു സുലൈമാൻ رحمه الله പറയുന്നു: ‘ഞാൻ അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിനോട് സഫാ, മർവ്വകളെക്കുറിച്ച് ചോദിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞങ്ങൾ അവ രണ്ടിനെയും ജാഹിലിയ്യാ കാലഘട്ടത്തിലെ കാര്യങ്ങളിൽ പെട്ട ഒന്നായിട്ടാണ് കണ്ടിരുന്നത്. അങ്ങനെ ഇസ്ലാം വന്നപ്പോൾ ഞങ്ങൾ അവ രണ്ടിനുമിടയിൽ സഅ്‌യ് ചെയ്യുന്നത് ഒഴിവാക്കി. അപ്പോഴാണ് അല്ലാഹു {إِنَّ الصَّفَا وَالْمَرْوَةَ} മുതൽ {أَنْ يَطَّوَّفَ بِهِمَا} വരെയുള്ള ആയത്ത് അവതരിപ്പിച്ചത്.  (ബുഖാരി:4496)

ഇതിൽ നിന്ന് വ്യക്തമാകുന്നത്, ആയത്തിൽ ‘കുറ്റമില്ല’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശം സഅ്‌യിന്റെ നിയമം വിശദീകരിക്കലല്ല; മറിച്ച്, ജാഹിലിയ്യാ കാലഘട്ടത്തിലെ ശീലങ്ങൾ കാരണം സഅ്‌യ് ചെയ്യാതിരുന്നപ്പോൾ അവർക്കുണ്ടായിരുന്ന മടിയും വിഷമവും നീക്കിക്കൊടുക്കൽ മാത്രമാണ്. കാരണം സഅ്‌യ് ചെയ്യുന്നത് ജാഹിലിയ്യത്തിലെ കാര്യങ്ങളിൽ പെട്ടതാണെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ സഅ്‌യിന്റെ വിധി എന്താണെന്നത് {مِنْ شَعَائِرِ اللَّهِ} (അല്ലാഹുവിന്റെ മതചിഹ്നങ്ങളിൽ പെട്ടതാണ്) എന്ന  വചനത്തിലൂടെ വ്യക്തമായിക്കഴിഞ്ഞിട്ടുമുണ്ട്.

വാക്കുകളുടെ പൊതുവായ അർത്ഥവും അവതരണ പശ്ചാത്തലത്തിന്റെ പ്രത്യേകതയും

ഒരു ആയത്ത് ഏതെങ്കിലും പ്രത്യേക പശ്ചാത്തലത്തിലാണ്  അവതരിച്ചതെങ്കിലും, അതിലെ പദപ്രയോഗങ്ങൾ പൊതുവായ അർത്ഥം നൽകുന്നതാണെങ്കിൽ, ആ ആയത്തിന്റെ വിധി അതിന്റെ അവതരണ പശ്ചാത്തലത്തിനും ആ പദപ്രയോഗത്തിന്റെ പരിധിയിൽ വരുന്ന മറ്റെല്ലാ കാര്യങ്ങൾക്കും ഒരുപോലെ ബാധകമായിരിക്കും. കാരണം, ഖുർആൻ അവതരിക്കപ്പെട്ടിട്ടുള്ളത് മുഴുവൻ ഉമ്മത്തിനും പൊതുവായ നിയമനിർമ്മാണത്തിനാണ്. അതിനാൽ അത് ഇറങ്ങാനുണ്ടായ പ്രത്യേക പശ്ചാത്തലത്തിനല്ല, മറിച്ച് പദപ്രയോഗത്തിന്റെ പൊതുവായ അർത്ഥത്തിനാണ് പ്രാധാന്യം നൽകേണ്ടത്. അതിന് ഉദാഹരണമാണ് ‘ലിആനിന്റെ’ ആയത്തുകൾ:

وَٱلَّذِينَ يَرْمُونَ أَزْوَٰجَهُمْ وَلَمْ يَكُن لَّهُمْ شُهَدَآءُ إِلَّآ أَنفُسُهُمْ فَشَهَٰدَةُ أَحَدِهِمْ أَرْبَعُ شَهَٰدَٰتِۭ بِٱللَّهِ ۙ إِنَّهُۥ لَمِنَ ٱلصَّٰدِقِينَ ‎﴿٦﴾‏ وَٱلْخَٰمِسَةُ أَنَّ لَعْنَتَ ٱللَّهِ عَلَيْهِ إِن كَانَ مِنَ ٱلْكَٰذِبِينَ ‎﴿٧﴾‏ وَيَدْرَؤُا۟ عَنْهَا ٱلْعَذَابَ أَن تَشْهَدَ أَرْبَعَ شَهَٰدَٰتِۭ بِٱللَّهِ ۙ إِنَّهُۥ لَمِنَ ٱلْكَٰذِبِينَ ‎﴿٨﴾‏ وَٱلْخَٰمِسَةَ أَنَّ غَضَبَ ٱللَّهِ عَلَيْهَآ إِن كَانَ مِنَ ٱلصَّٰدِقِينَ ‎﴿٩﴾

തങ്ങളുടെ ഭാര്യമാരുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, അവരവര്‍ ഒഴികെ മറ്റു സാക്ഷികളൊന്നും തങ്ങള്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നവരാരോ അവരില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട സാക്ഷ്യം തീര്‍ച്ചയായും താന്‍ സത്യവാന്‍മാരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്‍റെ പേരില്‍ നാലു പ്രാവശ്യം സാക്ഷ്യം വഹിക്കലാകുന്നു. അഞ്ചാമതായി, താന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്‍റെ ശാപം തന്‍റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം.) തീര്‍ച്ചയായും അവന്‍ കളവ് പറയുന്നവരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്‍റെ പേരില്‍ അവള്‍ നാലു പ്രാവശ്യം സാക്ഷ്യം വഹിക്കുന്ന പക്ഷം, അതവളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതാണ്‌. അഞ്ചാമതായി അവന്‍ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്‍റെ കോപം തന്‍റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം.) (ഖുർആൻ: 24/6-9)

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം:

عَنِ ابْنِ عَبَّاسٍ، أَنَّ هِلاَلَ بْنَ أُمَيَّةَ، قَذَفَ امْرَأَتَهُ عِنْدَ النَّبِيِّ صلى الله عليه وسلم بِشَرِيكِ بْنِ سَحْمَاءَ، فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ الْبَيِّنَةَ أَوْ حَدٌّ فِي ظَهْرِكَ ‏”‏‏.‏ فَقَالَ يَا رَسُولَ اللَّهِ إِذَا رَأَى أَحَدُنَا عَلَى امْرَأَتِهِ رَجُلاً يَنْطَلِقُ يَلْتَمِسُ الْبَيِّنَةَ‏.‏ فَجَعَلَ النَّبِيُّ صلى الله عليه وسلم يَقُولُ ‏”‏ الْبَيِّنَةَ وَإِلاَّ حَدٌّ فِي ظَهْرِكَ ‏”‏ فَقَالَ هِلاَلٌ وَالَّذِي بَعَثَكَ بِالْحَقِّ إِنِّي لَصَادِقٌ، فَلَيُنْزِلَنَّ اللَّهُ مَا يُبَرِّئُ ظَهْرِي مِنَ الْحَدِّ، فَنَزَلَ جِبْرِيلُ، وَأَنْزَلَ عَلَيْهِ ‏‏{‏وَالَّذِينَ يَرْمُونَ أَزْوَاجَهُمْ‏}‏ فَقَرَأَ حَتَّى بَلَغَ ‏‏{‏إِنْ كَانَ مِنَ الصَّادِقِينَ‏}‏

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഹിലാൽ ബിൻ ഉമയ്യ رَضِيَ اللَّهُ عَنْهُ തന്റെ ഭാര്യയെ ‘ശരീക് ബിൻ സഹ്മാഅ്’ എന്ന വ്യക്തിയുമായി ചേർത്ത് നബി ﷺ യുടെ അടുക്കൽ വെച്ച് (വ്യഭിചാര) ആരോപണമുന്നയിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു: ‘(ആരോപണത്തിന്) വ്യക്തമായ തെളിവ് തരിക, അല്ലെങ്കിൽ നിന്റെ മുതുകിൽ ശിക്ഷ (ചാട്ടവാറടി) ഭവിക്കും!’ അപ്പോൾ ഹിലാൽ رَضِيَ اللَّهُ عَنْهُ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ! ഞങ്ങളിലൊരാൾ തന്റെ ഭാര്യയുടെ കൂടെ അപരിചിതനായ ഒരു പുരുഷനെ കണ്ടാൽ അവൻ തെളിവ് തിരഞ്ഞു പോകണമെന്നോ?!’ എന്നാൽ നബി ﷺ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു: ‘തെളിവ് തരിക, അല്ലെങ്കിൽ നിന്റെ മുതുകിൽ ശിക്ഷ ഭവിക്കും!’

അപ്പോൾ ഹിലാൽ നബി ﷺ പറഞ്ഞു: ‘അങ്ങയെ സത്യവുമായി നിയോഗിച്ചവൻ തന്നെയാണ് സത്യം, തീർച്ചയായും ഞാൻ സത്യവാൻ തന്നെയാണ്. എന്റെ മുതുകിനെ ഈ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്ന വിധി അല്ലാഹു ഇറക്കുക തന്നെ ചെയ്യും!’ അങ്ങനെ ജിബ്‌രീൽ عليه السلام ഇറങ്ങിവരികയും നബി ﷺ ക്ക് ഈ ആയത്ത് അവതരിപ്പിച്ചു കൊടുക്കുകയും ചെയ്തു: {وَالَّذِينَ يَرْمُونَ أَزْوَاجَهُمْ} (തങ്ങളുടെ ഭാര്യമാരുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും … 24/6-9). നബി ﷺ അത് ഓതി കേൾപ്പിച്ചു, {إِن كَانَ مِنَ الصَّادِقِينَ} (അവന്‍ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ …) എന്ന ഭാഗം വരെ അവിടുന്ന് പാരായണം ചെയ്തു. (ബുഖാരി:4747)

ഈ ആയത്തുകൾ അവതരിച്ചത് ഹിലാൽ ബിൻ ഉമയ്യ رَضِيَ اللَّهُ عَنْهُ തന്റെ ഭാര്യയുടെ മേൽ കുറ്റം ആരോപിച്ച പശ്ചാത്തലത്തിലായിരുന്നുവെങ്കിലും ഇതിലെ വിധി അദ്ദേഹത്തിനും മറ്റുള്ളവർക്കും ഒരുപോലെ ബാധകമാണ്. അതിന് തെളിവാണ് സഹ്ൽ ഇബ്‌നുസഅ്ദ് رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസും.

أن رجلاً من الأنصار جاء إلى رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – فقال: يا رسول الله، أرأيت رجلاً وجد مع امرأته رجلاً أيقتله أم كيف يفعل؟ فأنزل الله في شأنه ما ذكر في القرآن من أمر المتلاعنين. فقال النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: (قد قضى الله فيك وفي امرأتك) قال: فتلاعنا في المسجد وأنا شاهد.

അൻസ്വാരികളിൽപെട്ട ഒരു വ്യക്തി തിരുദൂതരുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഒരു വ്യക്തി തന്റെ ഭാര്യയുടെ കൂടെ ഒരാളെ കണ്ടാൽ അവനെ വധിക്കേണമോ അതല്ലെങ്കിൽ എപ്രകാരമാണു ചെയ്യേണ്ടത്?’ അപ്പോൾ അയാളുടെ വിഷയത്തിൽ ലിആൻ ചെയ്തുകൊണ്ട് പരസ്പരം വേർപിരിയുന്ന ദമ്പതികളുടെ കാര്യത്തിൽ വിശുദ്ധക്വുർആനിൽ പരാമർശിച്ച വചനങ്ങൾ അവ തീർണമായി. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘താങ്കളുടെയും താങ്കളുടെ ഭാര്യയുടെയും വിഷയത്തിൽ അല്ലാഹു തീർപ്പുണ്ടാക്കിയിരിക്കുന്നു.’ (സഹ്ൽ) പറയുന്നു: ‘ഞാൻ സാക്ഷിയായിരിക്കെ അവർ രണ്ടു പേരും പള്ളിയിൽവെച്ചു ലിആൻ നടത്തി.’

മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:

فتلاعنا، وأنا مع الناس عند رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ

ഞാൻ ജനങ്ങളോടൊപ്പം തിരുദൂതരുടെ അടുക്കലായിരിക്കെ അവർ രണ്ടുപേരും ലിആൻ നടത്തി. (ബുഖാരി, മുസ്ലിം)

അങ്ങനെ നബി ﷺ ഈ ആയത്തുകളിലെ വിധിയെ ഹിലാൽ ബിൻ ഉമയ്യ رَضِيَ اللَّهُ عَنْهُ വിനും മറ്റുള്ളവർക്കും ഒരുപോലെ ബാധകമാക്കുകയുണ്ടായി.

 

അവലംബം: كتاب تفسير العثيمين

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *