വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ മേൽ ആദ്യമായി അവതരിച്ചത് റമദാനിലെ ലൈലത്തുൽ ഖദ്റിലാണ്. അല്ലാഹു പറയുന്നു:
ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍:97/1)
إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ﴿٣﴾ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ ﴿٤﴾
തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു. (ഖു൪ആന്‍:44/3-4)
ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ ﻓَﻤَﻦ ﺷَﻬِﺪَ ﻣِﻨﻜُﻢُ ٱﻟﺸَّﻬْﺮَ ﻓَﻠْﻴَﺼُﻤْﻪُ ۖ
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. (ഖു൪ആന്‍:2/185)
പണ്ഡിതന്മാർക്കിടയിൽ ഏറ്റവും പ്രശസ്തമായ അഭിപ്രായപ്രകാരം, നബി ﷺ ക്ക് ആദ്യമായി ഖുർആൻ അവതരിക്കുമ്പോൾ അവിടുത്തെ വയസ്സ് നാൽപതായിരുന്നു. ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ, അത്വാഅ്, സഈദ് ബിനുൽ മുസയ്യബ് [رحمهم الله] തുടങ്ങിയവരിൽ നിന്നും ഇത് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രായമാണ് ഒരാൾക്ക് പക്വതയുടെ ഉന്നതിയും, ബുദ്ധിയുടെ പൂർണ്ണതയും, കാര്യങ്ങൾ ഗ്രഹിക്കാനുള്ള പൂർണ്ണ പ്രാപ്തിയും കൈവരുന്ന ഘട്ടം.
അല്ലാഹുവിന്റെ അടുക്കൽ നിന്ന് നബി ﷺ യിലേക്ക് ഖുർആനുമായി അവതരിച്ചത് അല്ലാഹുവോട് ഏറ്റവും അടുപ്പമുള്ളവരും ആദരണീയരുമായ മലക്കുകളിൽ പെട്ട ജിബ്‌രീൽ عليه السلام ആകുന്നു. വിശുദ്ധ ഖുർആനിനെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറയുന്നത് കാണുക:
وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ ﴿١٩٢﴾ نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ﴿١٩٣﴾ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ﴿١٩٤﴾ بِلِسَانٍ عَرَبِىٍّ مُّبِينٍ ﴿١٩٥﴾
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു.നിന്റെ ഹൃദയത്തിലാണ് (അത് ഇറക്കി തന്നിട്ടുള്ളത്). നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്). (ഖു൪ആന്‍ :26/192-195)
ജിബ്‌രീൽ عليه السلام ക്ക് ഉദാരത, അപാരമായ കരുത്ത്, അല്ലാഹുവിനോടുള്ള സാമീപ്യം, മലക്കുകൾക്കിടയിലുള്ള ഉന്നത സ്ഥാനവും ആദരവും, വിശ്വസ്തത, സൗന്ദര്യം, പരിശുദ്ധി എന്നിവ ഉൾപ്പെടുന്ന മഹത്തായ നിരവധി നല്ല വിശേഷണങ്ങൾ ഉണ്ടായിരുന്നു.അല്ലാഹുവിന്റെ വചനവുമായി അവന്റെ ദൂതന്മാരിലേക്ക് നിയോഗിക്കപ്പെടുന്ന അല്ലാഹുവിന്റെ സന്ദേശവാഹകൻ അദ്ദേഹത്തെ യോഗ്യനാക്കിയത് ഈ സവിശേഷതകളാണ്. അല്ലാഹു പറയുന്നു:
إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ ﴿١٩﴾ ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍ ﴿٢٠﴾ مُّطَاعٍ ثَمَّ أَمِينٍ ﴿٢١﴾
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു. ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ) അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ) (ഖു൪ആന്‍:81/19-21)
عَلَّمَهُۥ شَدِيدُ ٱلْقُوَىٰ ﴿٥﴾ ذُو مِرَّةٍ فَٱسْتَوَىٰ ﴿٦﴾ وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ ﴿٧﴾
ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്.കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു. അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു. (ഖു൪ആന്‍:53/5-7)
അല്ലാഹു പറയുന്നു:
قُلْ نَزَّلَهُۥ رُوحُ ٱلْقُدُسِ مِن رَّبِّكَ بِٱلْحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُوا۟ وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ
പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അത് ഇറക്കിയിരിക്കുകയാണ്. (ഖു൪ആന്‍:16/102)
തന്റെ അടുക്കൽ നിന്ന് ഖുർആനുമായി ഇറങ്ങിന്ന ജിബ്‌രീൽ عليه السلام യുടെ വിശേഷണങ്ങൾ അല്ലാഹു നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. അവ ഖുർആനിന്റെ മഹത്വത്തെയും, അതിനോട് അല്ലാഹുവിനുള്ള പ്രത്യേക പരിഗണനയെയുമാണ് കാണിക്കുന്നത്. കാരണം, മഹത്തായ കാര്യങ്ങളുമായിട്ടല്ലാതെ അത്രയും മഹാനായ ഒരു ദൂതനെ അല്ലാഹു അയക്കുകയില്ലല്ലോ.
ഖുർആനിൽ നിന്ന് ആദ്യമായി അവതരിച്ചത്
ഖുർആനിൽ നിന്ന് ആദ്യമായി അവതരിച്ചത് സൂറത്തുൽ അലഖിലെ ആദ്യത്തെ 5 ആയത്തുകളാണ്. അത് ഈ വചനങ്ങളാണ്:
ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ﴿١﴾ خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ﴿٢﴾ ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ﴿٣﴾ ٱلَّذِى عَلَّمَ بِٱلْقَلَمِ ﴿٤﴾ عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ ﴿٥﴾
സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. (ഖുർആൻ:96/1-5)
പിന്നീട് കുറച്ചുകാലത്തേക്ക് വഹ്‌യ് (ദിവ്യസന്ദേശം) നിലച്ചു. അതിനുശേഷം സൂറത്തുൽ മുദ്ദഥ്‌ഥിറിലെ ആദ്യത്തെ 5 ആയത്തുകൾ അവതരിച്ചു. അത് ഈ വചനങ്ങളാണ്:
يَٰٓأَيُّهَا ٱلْمُدَّثِّرُ ﴿١﴾ قُمْ فَأَنذِرْ ﴿٢﴾ وَرَبَّكَ فَكَبِّرْ ﴿٣﴾ وَثِيَابَكَ فَطَهِّرْ ﴿٤﴾ وَٱلرُّجْزَ فَٱهْجُرْ ﴿٥﴾
ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും, നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും. പാപം വെടിയുകയും ചെയ്യുക. (ഖുർആൻ:74/1-5)
ഹിറാഅ് ഗുഹയില്‍ വെച്ചുള്ള വഹ്‌യിന്റെ തുടക്കത്തെക്കുറിച്ച് ആയിശാ رضي الله عنها നിവേദനം ചെയ്യുന്ന സുദീര്‍ഘമായ ഹദീസിൽ ഇപ്രകാരമുണ്ട്:
حَتَّى جَاءَهُ الْحَقُّ وَهُوَ فِي غَارِ حِرَاءٍ، فَجَاءَهُ الْمَلَكُ فَقَالَ اقْرَأْ. قَالَ ” مَا أَنَا بِقَارِئٍ ”. قَالَ ” فَأَخَذَنِي فَغَطَّنِي حَتَّى بَلَغَ مِنِّي الْجَهْدَ، ثُمَّ أَرْسَلَنِي فَقَالَ اقْرَأْ. قُلْتُ مَا أَنَا بِقَارِئٍ. فَأَخَذَنِي فَغَطَّنِي الثَّانِيَةَ حَتَّى بَلَغَ مِنِّي الْجَهْدَ، ثُمَّ أَرْسَلَنِي فَقَالَ اقْرَأْ. فَقُلْتُ مَا أَنَا بِقَارِئٍ. فَأَخَذَنِي فَغَطَّنِي الثَّالِثَةَ، ثُمَّ أَرْسَلَنِي فَقَالَ {ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ﴿١﴾ خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ﴿٢﴾ ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ﴿٣﴾}
….. അങ്ങനെ അവിടുന്ന് ഹിറാ ഗുഹയിലായിരിക്കെ അവിടുത്തെ അടുക്കൽ സത്യം (വഹ്‌യ്) എത്തിച്ചേർന്നു. തുടർന്ന് മലക്ക് (ജിബ്‌രീൽ) അവിടുത്തെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു: ‘വായിക്കുക.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ നബി ﷺ പറയുന്നു: ‘എനിക്ക് വിഷമം ഉണ്ടാകുന്നതുവരെ (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു.’ എന്നിട്ട് പറഞ്ഞു: ‘വായിക്കുക.’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ എനിക്ക് വിഷമം ഉണ്ടാകുന്നത് വരെ രണ്ടാമതും (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു. എന്നിട്ട് പറഞ്ഞു: ‘വായിക്കുക.’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ എനിക്ക് വിഷമം ഉണ്ടാകുന്നതുവരെ മൂന്നാമതും (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു. എന്നിട്ട് (മലക്ക്) പറഞ്ഞു: ‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു” (സൂറ അലക്വ് 1-5) ….. (ബുഖാരി:3)
أَنَّ جَابِرَ بْنَ عَبْدِ اللَّهِ الأَنْصَارِيَّ، قَالَ ـ وَهُوَ يُحَدِّثُ عَنْ فَتْرَةِ الْوَحْىِ، فَقَالَ ـ فِي حَدِيثِهِ ” بَيْنَا أَنَا أَمْشِي، إِذْ سَمِعْتُ صَوْتًا، مِنَ السَّمَاءِ، فَرَفَعْتُ بَصَرِي فَإِذَا الْمَلَكُ الَّذِي جَاءَنِي بِحِرَاءٍ جَالِسٌ عَلَى كُرْسِيٍّ بَيْنَ السَّمَاءِ وَالأَرْضِ، فَرُعِبْتُ مِنْهُ، فَرَجَعْتُ فَقُلْتُ زَمِّلُونِي. فَأَنْزَلَ اللَّهُ تَعَالَى {يَا أَيُّهَا الْمُدَّثِّرُ * قُمْ فَأَنْذِرْ} إِلَى قَوْلِهِ {وَالرُّجْزَ فَاهْجُرْ} فَحَمِيَ الْوَحْىُ وَتَتَابَعَ ”.
ജാബിർ ബിൻ അബ്ദില്ല അൽ-അൻസ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം വഹ്‌യ് കുറച്ചുകാലം നിലച്ചുനിന്നതിനെക്കുറിച്ച് സംസാരിക്കവേ തന്റെ ഹദീസിൽ ഇപ്രകാരം പറഞ്ഞു: (നബി ﷺ പറഞ്ഞു:)’ഞാൻ നടന്നുപോയ്ക്കൊണ്ടിരിക്കെ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു. അങ്ങനെ ഞാൻ എന്റെ ദൃഷ്ടി ഉയർത്തി നോക്കി. അപ്പോൾ ഹിറാ ഗുഹയിൽ എന്റെ അടുക്കൽ വന്ന അതേ മലക്ക് ആകാശത്തിനും ഭൂമിക്കുമിടയിൽ ഒരു കസേരയിൽ ഇരിക്കുന്നു! അപ്പോൾ എന്നിൽ കഠിനമായ ഭയം നിറഞ്ഞു. തുടർന്ന് ഞാൻ (വീട്ടിലേക്ക്) മടങ്ങിവന്ന് ‘എന്നെ പുതപ്പിച്ചു തരൂ, എന്നെ പുതപ്പിച്ചു തരൂ’ എന്ന് പറഞ്ഞു. അപ്പോൾ അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിച്ചു: {ഹേ, പുതച്ചു മൂടിയവനേ} മുതൽ {പാപം വെടിയുകയും ചെയ്യുക}വരെ (ഖുർആൻ:74/1-5). അതിനുശേഷം വഹ്‌യ് ശക്തമാവുകയും തുടർച്ചയായി അവതരിക്കാൻ തുടങ്ങുകയും ചെയ്തു. (ബുഖാരി:4)
ഇതിന് പുറമെ ഖുർആനിൽ ‘ആദ്യമായി അവതരിച്ചത്’ എന്ന് പറയപ്പെടുന്ന ചില ആയത്തുകളുമുണ്ട്. എന്നാൽ, അതിലൂടെ ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ അവതരണം മാത്രമാണ്.
عَنْ يَحْيَى، قَالَ سَأَلْتُ أَبَا سَلَمَةَ أَىُّ الْقُرْآنِ أُنْزِلَ أَوَّلُ فَقَالَ {يَا أَيُّهَا الْمُدَّثِّرُ} فَقُلْتُ أُنْبِئْتُ أَنَّهُ {اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ} فَقَالَ أَبُو سَلَمَةَ سَأَلْتُ جَابِرَ بْنَ عَبْدِ اللَّهِ أَىُّ الْقُرْآنِ أُنْزِلَ أَوَّلُ فَقَالَ {يَا أَيُّهَا الْمُدَّثِّرُ} فَقُلْتُ أُنْبِئْتُ أَنَّهُ {اقْرَأْ بِاسْمِ رَبِّكَ} فَقَالَ لاَ أُخْبِرُكَ إِلاَّ بِمَا قَالَ رَسُولُ اللَّهِ صلى الله عليه وسلم قَالَ رَسُولُ اللَّهِ صلى الله عليه وسلم ” جَاوَرْتُ فِي حِرَاءٍ فَلَمَّا قَضَيْتُ جِوَارِي، هَبَطْتُ فَاسْتَبْطَنْتُ الْوَادِيَ فَنُودِيتُ، فَنَظَرْتُ أَمَامِي وَخَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي فَإِذَا هُوَ جَالِسٌ عَلَى عَرْشٍ بَيْنَ السَّمَاءِ وَالأَرْضِ، فَأَتَيْتُ خَدِيجَةَ فَقُلْتُ دَثِّرُونِي وَصُبُّوا عَلَىَّ مَاءً بَارِدًا، وَأُنْزِلَ عَلَىَّ {يَا أَيُّهَا الْمُدَّثِّرُ * قُمْ فَأَنْذِرْ * وَرَبَّكَ فَكَبِّرْ}”
യഹ്‌യ رحمه الله പറഞ്ഞു: ‘ഞാൻ അബൂ സലമ رحمه الله യോട് ചോദിച്ചു: ഖുർആനിൽ നിന്ന് ആദ്യം അവതരിച്ചത് ഏതാണ്? അപ്പോൾ അദ്ദേഹം പറഞ്ഞു: {يَا أَيُّهَا الْمُدَّثِّرُ} (സൂറ: മുദ്ദഥിർ). ഞാൻ പറഞ്ഞു: {اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ} (സൂറ: അലഖ്) ആണെന്നാണ് എനിക്ക് വിവരം ലഭിച്ചിട്ടുള്ളത്. അപ്പോൾ അബൂ സലമ رحمه اللهപറഞ്ഞു: ഞാൻ ജാബിർ ബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ വിനോട് ഖുർആനിൽ നിന്ന് ആദ്യം അവതരിച്ചത് ഏതാണെന്ന് ചോദിച്ചിരുന്നു. അപ്പോൾ അദ്ദേഹവും പറഞ്ഞത് {يَا أَيُّهَا الْمُدَّثِّرُ} എന്നാണ്. ഞാൻ പറഞ്ഞിരുന്നു: {اقْرَأْ بِاسْمِ رَبِّكَ} ആണെന്നാണ് എനിക്ക് വിവരം ലഭിച്ചത്. അപ്പോൾ ജാബിർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതല്ലാതെ മറ്റൊന്നും ഞാൻ നിന്നോട് പറയുന്നില്ല; അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ഞാൻ ഹിറാ ഗുഹയിൽ ഏകാന്തതയിൽ കഴിഞ്ഞു. അത് പൂർത്തിയാക്കി താഴേക്ക് ഇറങ്ങി താഴ്‌വരയിലൂടെ നടക്കുമ്പോൾ എന്നെ ആരോ വിളിക്കുന്നതായി കേട്ടു. ഞാൻ എന്റെ മുന്നിലേക്കും പിന്നിലേക്കും വലത്തോട്ടും ഇടത്തോട്ടും നോക്കി. അപ്പോൾ, ആകാശത്തിനുമിടയിൽ ഒരു സിംഹാസനത്തിലിരിക്കുന്ന അദ്ദേഹത്തെ (ജിബ്‌രീലിനെ) ഞാൻ കണ്ടു. അങ്ങനെ ഞാൻ ഖദീജയുടെ അടുക്കലേക്ക് മടങ്ങിച്ചെന്ന് ‘എന്നെ പുതപ്പിച്ചു തരൂ, എന്റെ മേൽ തണുത്ത വെള്ളം കോരി ഒഴിക്കൂ’ എന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് ഈ ആയത്തുകൾ അവതരിക്കപ്പെട്ടത്: {ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും ചെയ്യുക} (ബുഖാരി:4924)
ജാബിർ رَضِيَ اللَّهُ عَنْهُ പ്രസ്താവിച്ച ഈ ആദ്യ അവതരണം , വഹ്‌യ് താത്കാലികമായി നിലച്ചതിന് (فترة الوحي) ശേഷം ആദ്യമായി അവതരിച്ചത് എന്ന നിലക്കോ, അല്ലെങ്കിൽ രിസാലത്തുമായി ബന്ധപ്പെട്ട് ആദ്യമായി അവതരിച്ചത് എന്ന നിലക്കോ ഉള്ളതാണ്. കാരണം സൂറ: അലഖിൽ സൂറത്തിൽ നിന്ന് അവതരിച്ച ഭാഗം കൊണ്ട് നബി ﷺയുടെ പ്രവാചകത്വം (നുബൂവ്വത്ത്) സ്ഥിരപ്പെട്ടു. സൂറ: മുദ്ദഥ്‌ഥിറിൽ നിന്ന് അവതരിച്ച ‘എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക’ (മുദ്ദഥ്‌ഥിർ: 2) എന്ന വചനം കൊണ്ട് അവിടുത്തെ രിസാലത്തും സ്ഥിരപ്പെടുകയുണ്ടായി.
അവലംബം: كتاب تفسير العثيمين
www.kanzululoom.com