കച്ചവടത്തിന്റെ നിബന്ധനകൾ

കച്ചവടത്തിന്റെ നിബന്ധനകൾ

കച്ചവടത്തിൽ അടിസ്ഥാനപരമായ വിധി അത് അനുവദനീയമാണ് (ഹലാൽ) എന്നതാണ്. അല്ലാഹു പറഞ്ഞു:

وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ

അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:2/275)

അതിനാൽ, കച്ചവടത്തിന്റെ നിബന്ധനകൾ പൂർത്തിയായാൽ ഭൂമി, കെട്ടിടങ്ങൾ, മൃഗങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി എല്ലാത്തരം വസ്തുക്കളിലും കരാറുകളിൽ ഏർപ്പെടുന്നത് അനുവദനീയമാണ്.

അപ്പോൾ (കച്ചവടത്തിലെ) ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളിൽ പെട്ടതാണ്:

ഒന്നാമത്തെ നിബന്ധന: പരസ്പര തൃപ്തി (ഇരുവിഭാഗത്തിന്റെയും സംതൃപ്തി). അല്ലാഹു പറയുന്നു:

 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَٰطِلِ إِلَّآ أَن تَكُونَ تِجَٰرَةً عَن تَرَاضٍ مِّنكُمْ

സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്‌. (ഖു൪ആന്‍:4/29)

രണ്ടാമത്ത നിബന്ധന: അതിൽ (കച്ചവടത്തിൽ) അവ്യക്തതയോ അജ്ഞതയോ ഉണ്ടാകുവാൻ പാടില്ല; കാരണം നബി ﷺ അവ്യക്തമായ കച്ചവടത്തെ വിലക്കിയിരിക്കുന്നു.

عَنْ أَبِي هُرَيْرَةَ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنْ بَيْعِ الْحَصَاةِ وَعَنْ بَيْعِ الْغَرَرِ ‏.‏

അബൂഹുറൈറ رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ കല്ലെറിഞ്ഞുള്ള കച്ചവടം (കല്ലിട്ട് നിർണ്ണയിക്കുന്ന കച്ചവടം), അവ്യക്തതയുള്ള കച്ചവടം എന്നിവ വിരോധിച്ചിരിക്കുന്നു. (മുസ്ലിം:1513)

അത്തരം കച്ചവടങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

1.ഒളിച്ചോടിയ അടിമയെയും, ഓടിപ്പോയ മൃഗത്തെയും വിൽക്കൽ.

2.’രണ്ട് സാധനങ്ങളിൽ ഒന്ന് ഞാൻ നിനക്ക് വിറ്റു’ എന്ന് പറഞ്ഞ് വ്യക്തതയില്ലാതെ വിൽക്കൽ.

3.കല്ലെടുത്ത് എറിയുമ്പോൾ അത് ഭൂമിയിൽ ചെന്ന് വീഴുന്നത്ര സ്ഥലമോ അല്ലെങ്കിൽ അതുപോലെയുള്ളതോ വിൽക്കൽ.

4.തന്റെ അടിമപ്പെണ്ണ് പ്രസവിക്കുന്ന കുഞ്ഞിനെയോ, മരം കായ്ക്കുന്ന ഫലങ്ങളെയോ (അവ ഉണ്ടാകുന്നതിന് മുമ്പ്) വിൽക്കൽ.

5.ഗർഭിണിയായ മൃഗത്തിന്റെ വയറ്റിലുള്ള കുഞ്ഞിനെ വിൽക്കൽ.

ഇത്തരം അവ്യക്തതകൾ വിലയിലായാലും വിൽക്കുന്ന ഉൽപന്നത്തിലായാലും  വിധി ഒന്നുതന്നെയാണ് (ഹറാമാണ്).

മൂന്നാമത്തെ നിബന്ധന: കരാറിലേർപ്പെടുന്ന വ്യക്തി (കച്ചവടക്കാരൻ) ആ വസ്തുവിന്റെ ഉടമസ്ഥനായിരിക്കണം (അല്ലെങ്കിൽ അത് വിൽക്കാൻ അനുവാദം ലഭിച്ച ആളായിരിക്കണം). കൂടാതെ അയാൾ പ്രായപൂർത്തിയായവനും കാര്യബോധമുള്ളവനും  ആയിരിക്കണം.

നാലാമത്തെ നിബന്ധന: കച്ചവടത്തിന്റെ നിബന്ധനകളിൽ പെട്ടതാണ്: അതിൽ പലിശ (റിബാ) ഉണ്ടാകുവാൻ പാടില്ല എന്നതും.

عَنْ عُبَادَةَ -رضي الله عنه- قَالَ: قَالَ رَسُولُ اَللَّهِ صلى الله عليه وسلم: “اَلذَّهَبُ بِالذَّهَبِ، وَالْفِضَّةُ بِالْفِضَّةِ، وَالْبُرُّ بِالْبُرِّ، وَالشَّعِيرُ بِالشَّعِيرِ، وَالتَّمْرُ بِالتَّمْرِ، وَالْمِلْحُ بِالْمِلْحِ، مِثْلاً بِمِثْلِ سَوَاءً بِسَوَاءٍ، فَإِذَا اِخْتَلَفَتْ هَذِهِ اَلْأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ، إِذَا كَانَ يَدًا بِيَدٍ، فَمَنْ زَادَ أَوْ اِسْتَزَادَ فَقَدْ أربى.

ഉബാദത്തുബ്‌നു സ്വാമിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:”സ്വർണ്ണം സ്വർണ്ണത്തിനും, വെള്ളി വെള്ളിക്കും, ഗോതമ്പ് ഗോതമ്പിനും, ബാർലി ബാർലിക്കും, ഈത്തപ്പഴം ഈത്തപ്പഴത്തിനും, ഉപ്പ് ഉപ്പിനും പകരം (വിൽക്കുമ്പോൾ) തുല്യത്തിന് തുല്യമായും, കൃത്യമായി ഒരേ അളവിലും (നേരിട്ട്) കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ ഈ വിഭാഗങ്ങൾ വെവ്വേറെയായാൽ, അത് കയ്യില്‍ നിന്നും കയ്യിലേക്ക് (നേരിട്ടുളള)  ഇടപാടാണെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ വിൽക്കാവുന്നതാണ്. ഇനി ആരെങ്കിലും (അളവിലോ തൂക്കത്തിലോ) കൂടുതൽ നൽകുകയോ അല്ലെങ്കിൽ കൂടുതൽ ആവശ്യപ്പെടുകയോ ചെയ്താൽ തീർച്ചയായും അവൻ പലിശ  ഇടപാടിൽ ഏർപ്പെട്ടു. അത് വാങ്ങുന്നവനും കൊടുക്കുന്നവനും അതിൽ സമന്മാരാണ്. (മുസ്ലിം)

അതുകൊണ്ട് അളന്നു തിട്ടപ്പെടുത്തുന്ന ഒരു വസ്തു അതേ ഇനത്തിൽപ്പെട്ട മറ്റൊന്നുമായി കച്ചവടം ചെയ്യുമ്പോൾ ഈ രണ്ട് നിബന്ധനകളോടെയല്ലാതെ കച്ചവടം ചെയ്യാൻ പാടില്ല. തൂക്കി തിട്ടപ്പെടുത്തുന്ന ഒരു വസ്തുവും അതേ ഇനത്തിൽപ്പെട്ടതുമായി വിൽക്കുമ്പോഴും വിധി അതുതന്നെയാണ്.

ഉദാഹരണത്തിന്: സ്വർണ്ണത്തിന് പകരം സ്വർണ്ണം വാങ്ങുമ്പോൾ തൂക്കം കൃത്യം സമമായിരിക്കണം, ഇടപാട് രൊക്കം ആയിരിക്കണം. ഉദാഹരണത്തിന്: 10 ഗ്രാം പഴയ സ്വർണ്ണം കൊടുത്ത് പുതിയ സ്വർണ്ണം വാങ്ങുമ്പോൾ, പുതിയ സ്വർണ്ണവും 10 ഗ്രാം തന്നെ വാങ്ങണം. പഴയതിന്റെ ഭംഗിക്കുറവ് കാരണം 8 ഗ്രാം പുതിയത് വാങ്ങിയാൽ അത് പലിശയാകും. അതേപോലെ 10 ഗ്രാം പുതിയത് വാങ്ങി അതിന്റെ കൂടെ അധികമായി പണം കൂടി കൊടുത്താലും അതും പലിശയാകും. ഇവിടെ ശരിയായ രീതി: പഴയ സ്വർണ്ണം പണത്തിന് വിൽക്കുക, ശേഷം ആവശ്യമുള്ളത്ര പുതിയ സ്വർണ്ണം വാങ്ങുക. അതേപോലെ ഇടപാട് രൊക്കം  ആയിരിക്കണം. അഥവാ on the spot ല്‍ ഇടപാട് നടന്നിരിക്കണം. അതായത് 10 പവന്‍ സ്വ൪ണ്ണം ഇന്ന് കൊടുത്ത് പിന്നീട് എപ്പോഴെങ്കിലും സ്വ൪ണ്ണം മാറ്റി വാങ്ങുന്ന രീതി പാടുള്ളതല്ല.

അളന്നു തിട്ടപ്പെടുത്തുന്ന ഒരു വസ്തു വേറെ ഇനത്തിൽപ്പെട്ട അളന്നു തിട്ടപ്പെടുത്തുന്ന വസ്തുവുമായോ, അല്ലെങ്കിൽ തൂക്കുന്ന ഒരു വസ്തു വേറെ ഇനത്തിലുള്ള തൂക്കുന്ന വസ്തുവുമായോ കച്ചവടം ചെയ്യുകയാണെങ്കിൽ, സദസ്സ് പിരിയുന്നതിന് മുമ്പ് തന്നെ തത്സമയം കൈമാറണം എന്ന നിബന്ധനയോടെ അത് അനുവദനീയമാണ്.

ഉദാഹരണം: സ്വർണ്ണം നൽകി വെള്ളി വാങ്ങുന്നു (രണ്ടും തൂക്കുന്നവയാണ്). ഇതിൽ 1 ഗ്രാം സ്വർണ്ണത്തിന് പകരം 80 ഗ്രാം വെള്ളി വാങ്ങാം.  ഗോതമ്പ് നൽകി ബാർലി വാങ്ങുന്നു (രണ്ടും അളക്കുന്ന ധാന്യങ്ങളാണ്). ഇതിൽ 1 കിലോ ഗോതമ്പിന് പകരം 2 കിലോ ബാർലി വാങ്ങാം. എന്നാൽ കൈമാറ്റം അന്നേരം തന്നെ (തത്സമയം) നടന്നിരിക്കണം. കച്ചവട സദസ്സ് പിരിയുന്നതിന് മുമ്പ് രണ്ടുപേരും സാധനങ്ങൾ പരസ്പരം കൈപ്പറ്റിയിരിക്കണം. കടമായി മാറ്റിവെക്കാൻ പാടില്ല. കടമായി മാറ്റിയാൽ അത് പലിശയായി മാറും.

അളക്കുന്ന ഒരു വസ്തു തൂക്കുന്ന ഒന്ന ഉപയോഗിച്ച് വിൽക്കുകയോ, അല്ലെങ്കിൽ തിരിച്ച് (തൂക്കുന്ന വസ്തു അളക്കുന്ന ഒന്ന ഉപയോഗിച്ച്) വിൽക്കുകയോ ചെയ്യുകയാണെങ്കിൽ: സദസ്സ് പിരിഞ്ഞതിനു ശേഷമാണ് കൈമാറ്റം നടക്കുന്നത് എങ്കിൽപോലും അത് അനുവദനീയമാണ് (ജാഇസാണ്).

അളന്നളക്കുന്ന ഒരു വസ്തു തൂക്കി വിൽക്കുന്ന ഒരു വസ്തുവുമായി  പകരം വിൽക്കുകയാണെങ്കിലോ, അല്ലെങ്കിൽ അതിന് വിപരീതമായി വിൽക്കുകയാണെങ്കിലോ അത് അനുവദനീയമാണ്; ഇടപാടുകാർ പരസ്പരം പിരിഞ്ഞുപോയ ശേഷമാണ് വസ്തുക്കൾ കൈവശപ്പെടുത്തുന്നത് എങ്കിൽ പോലും.

അളക്കുന്ന വസ്തുക്കളും (ഉദാ: ഗോതമ്പ്, അരി) തൂക്കുന്ന വസ്തുക്കളും (ഉദാ: സ്വർണ്ണം, വെള്ളി, പണം) തമ്മിൽ മാറ്റിയെടുക്കുമ്പോൾ അളവുകളിൽ വ്യത്യാസമാകാം. അവിടെ രൊക്കം ഇടപാട് വേണമെന്നുമില്ല.

പലിശ മൂന്ന് തരത്തിലുണ്ട്: 1)രിബാൽ ഫള്ൽ (ربا الفضل): ഒരേ ഇനത്തിൽപ്പെട്ട വസ്തുക്കൾ തമ്മിൽ കൈമാറുമ്പോൾ, അളവിലോ തൂക്കത്തിലോ വ്യത്യാസം വരുത്തി അധികമായി വാങ്ങുന്ന പലിശാ രൂപമാണിത്. 2)രിബാൻ നസീഅഹ് (ربا النسيئة): പലിശ ബാധകമാകുന്ന വസ്തുക്കൾ തമ്മിൽ കൈമാറ്റം ചെയ്യുമ്പോൾ കൈവശപ്പെടുത്തൽ വൈകിപ്പിക്കുന്നത് മൂലം ഉണ്ടാകുന്ന പലിശാ രൂപമാണിത്. 3) രിബാൽ ഖർള് (ربا القرض): കടം കൊടുക്കുന്ന ആൾ കടം വാങ്ങുന്നയാളിൽ നിന്ന് എന്തെങ്കിലും ലാഭം വ്യവസ്ഥ ചെയ്യലാണിത്. ലാഭം ഉണ്ടാക്കുന്ന ഏതൊരു കടമിടപാടും പലിശയാണ്.

തൂക്കത്തിലോ അളവിലോ സമമാണോ എന്ന് അറിയാതിരിക്കൽ, വ്യത്യാസമുണ്ടെന്ന് (കൂടുതൽ-കുറവുണ്ടെന്ന്) ഉറപ്പിച്ചു അറിയുന്നത് പോലെത്തന്നെയാണ്.

നബി ﷺ ‘ബയ്ഉൽ മുസാബനഃ’ വിരോധിച്ചിരിക്കുന്നു. അതായത്, മരത്തിന്റെ തലപ്പിലുള്ള (പച്ച) ഈത്തപ്പഴത്തിന് പകരം (ഉണങ്ങിയ) ഈത്തപ്പഴം കൊടുത്ത് വാങ്ങുന്ന രീതിയാണത്. (ഇതിൽ മരത്തിലുള്ള പച്ച ഈത്തപ്പഴത്തിന്റെ യഥാർത്ഥ അളവ്  തിട്ടപ്പെടുത്താൻ സാധിക്കാത്തതിനാലാണ് ഈ ഇടപാട് നിഷിദ്ധമാക്കപ്പെട്ടത്.) (أخرجه البخاري “٤٠٣/٤”، ومسلم “١٥٤٢)

ഈത്തപ്പഴ ആവശ്യമുള്ളവനും, എന്നാൽ അത് വാങ്ങാൻ പണമില്ലാത്തവനുമായ ആൾക്ക്, അഞ്ച് ‘ഔസുഖ്’ൽ (അളവ് തൂക്കം) താഴെയുള്ള അളവിൽ, മരത്തിലുളേള (പച്ച) ഈത്തപ്പഴത്തിന്റെ അളവ് അനുമാന കണക്കാക്കി ഉണങ്ങിയ ഈത്തപ്പഴത്തിന് പകരം  കച്ചവടം നടത്തുന്നതിന് ഇളവ് നൽകപ്പെട്ടിരിക്കുന്നു.

അഞ്ചാമത്തെ നിബന്ധന: കച്ചവട കരാർ ഇസ്‌ലാമിക ശരീഅത്ത് ഹറാമാക്കിയ  യാതൊരു കാര്യത്തിന്മേലും നടക്കാൻ പാടില്ല എന്നത് നിബന്ധനകളിൽ പെട്ടതാണ്:

1.ഒന്നുകിൽ ആ വസ്തു സ്വയം ഹറാമായതുകൊണ്ട്; നബി ﷺ മദ്യം, ശവം, വിഗ്രഹങ്ങൾ എന്നിവയുടെ കച്ചവടം വിരോധിച്ചിരിക്കുന്നത് പോലെ.

2.ആ കച്ചവടം കാരണം ഒരു മുസ്‌ലിമുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതിലേക്ക് അത് നയിക്കും എന്നതുകൊണ്ട്; നബി ﷺ ഒരു മുസ്‌ലിമിന്റെ കച്ചവടത്തിന് മേൽ കച്ചവടം നടത്തുന്നതും, അവന്റെ വാങ്ങലിന് മേൽ വാങ്ങുന്നതും, ‘നജ്‌ശ്’ (വില കൂട്ടിക്കാണിക്കാൻ വ്യാജമായി ലേലം വിളിക്കൽ) നടത്തുന്നതും വിരോധിച്ചിരിക്കുന്നത് പോലെ.

3.അടിമക്കച്ചവടത്തിൽ രക്തബന്ധമുള്ളവരെ (കുടുംബബന്ധമുള്ളവരെ) പരസ്പരം വേർപെടുത്തുന്നത് വിലക്കിയിട്ടുള്ളത് അതിൽ പെട്ടതാണ്.

4.ഒരു വാങ്ങലുകാരൻ താൻ വാങ്ങുന്ന സാധനം ഉപയോഗിച്ച് അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുമെന്ന് ഉറപ്പായ അറിവുണ്ടെങ്കിൽ അവന് അത് വിൽക്കൽ അതിൽ പെട്ടതാണ്. ഉദാഹരണത്തിന്, ചൂതാട്ടത്തിനായി ഈന്തപ്പഴക്കുരുവും മുട്ടയും വാങ്ങുന്നത്, അല്ലെങ്കിൽ കുഴപ്പത്തിനും വഴിയോരക്കൊള്ളക്കാർക്കും വേണ്ടിയുള്ള ആയുധ വില്പന എന്നിവ പോലെ.

5.നബി ﷺ ചരക്കുകളുമായി വരുന്ന വ്യാപാരികളെ വഴിയിൽ വെച്ച് എതിരേറ്റ് വാങ്ങുന്നത് വിരോധിച്ചിരിക്കുന്നു. അവിടുന്ന് പറഞ്ഞു:

لَا تَلَقَّوْا اَلْجَلَبَ، فَمَنْ تَلَقَّى فاشترى منه، فإذا أتى سيده السوق، فهو بالخيار

‘നിങ്ങൾ (ചരക്കുകളുമായി വരുന്ന) ചരക്കുസംഘങ്ങളെ വഴിയിൽ വെച്ച് കണ്ടുമുട്ടി കച്ചവടം ചെയ്യരുത്. ഇനി ആരെങ്കിലും അവരെ എതിരേറ്റ് ചരക്ക് വാങ്ങുകയും, പിന്നീട് ആ ചരക്കിന്റെ ഉടമസ്ഥൻ കമ്പോളത്തിൽ എത്തുകയും ചെയ്താൽ, അയാൾക്ക് (ആ കച്ചവടം സ്ഥിരപ്പെടുത്താനോ റദ്ദാക്കാനോ) തീരുമാനിക്കാനുള്ള അവകാശമുണ്ട്. (മുസ്ലിം)

6. നബി ﷺ പറഞ്ഞു:

مَنْ غَشَّنَا فَلَيْسَ مِنَّا

നമ്മെ വഞ്ചിച്ചവൻ നമ്മിൽ പെട്ടവനല്ല. (മുസ്ലിം)

വ്യക്തമായ പലിശയ്ക്ക് (റിബാ അൽ-സ്വരീഹ്) തുല്യമായതാണ്:

1- ‘ഈനഃ’ (العينة) എന്ന തന്ത്രത്തിലൂടെ പലിശയെ സാധൂകരിക്കാൻ ശ്രമിക്കൽ. അതായത്, ഒരു സാധനം കാലാവധി നിശ്ചയിച്ച് 100 രൂപയ്ക്ക് വിൽക്കുകയും, പിന്നീട് അത് വാങ്ങിയ ആളിൽ നിന്ന് തന്നെ അതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് (ഉദാഹരണത്തിന് 80 രൂപയ്ക്ക്) തൽസമയം (രൊക്കം പണമായി) തിരികെ വാങ്ങുകയും ചെയ്യുക. അല്ലെങ്കിൽ ഇതിന്റെ നേരെ തിരിച്ചുള്ള രീതി.

2.അല്ലെങ്കിൽ കടം പുതുക്കി നിശ്ചയിക്കുന്നതിലൂടെ പലിശയുണ്ടാക്കാനുള്ള തന്ത്രം കാണിക്കൽ.

3.അല്ലെങ്കിൽ, ഒരു കടമിടപാടിലൂടെ പലിശ കരസ്ഥമാക്കാൻ തന്ത്രം കാണിക്കൽ; അതായത്, അവൻ അയാൾക്ക് കടം നൽകുകയും കടം വാങ്ങുന്നവന്റെ സ്വത്തിൽ നിന്ന് എന്തെങ്കിലും ഉപഭോഗം ചെയ്യാനോ, അല്ലെങ്കിൽ അതിന് പകരമായി എന്തെങ്കിലും പ്രതിഫലം തരണമെന്നോ നിബന്ധന വെക്കുക. കാരണം, ഏതൊരു ലാഭവും ആനുകൂല്യവും കൊണ്ടുതരുന്ന കടവും പലിശയാകുന്നു.

4.വ്യാജ തന്ത്രങ്ങളിൽ പെട്ടതാണ്: വെള്ളിയാഭരണത്തോടൊപ്പം മറ്റൊരു വസ്തുവും കൂടി ചേർത്ത് പകരമായി വെള്ളി കൊണ്ട് വിൽപ്പന നടത്തുന്നത്; അല്ലെങ്കിൽ, ഒരു അളവ് അജ്‌വ ഈത്തപ്പഴവും ഒരു ദിർഹം നാണയവും നൽകി, പകരമായി ഒരു ദിർഹം നാണയം മാത്രം വാങ്ങൽ.

പച്ച ഈന്തപ്പഴം നൽകി ഉണങ്ങിയ ഈന്തപ്പഴം പകരം വാങ്ങുന്നതിനെക്കുറിച്ച് പ്രവാചകനോട് ﷺ ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് ചോദിച്ചു: ‘അത് ഉണങ്ങുമ്പോൾ (ഭാരത്തിലും അളവിലും) കുറവു വരുമോ?’ അവർ പറഞ്ഞു: ‘അതെ.’ തുടർന്ന് അവിടുന്ന് അത് വിരോധിച്ചു.

അളവ് നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത ഒരു ഈന്തപ്പഴക്കൂന, കൃത്യമായി അളന്ന് നിശ്ചയിച്ച ഈന്തപ്പഴത്തിന് പകരം വിൽക്കുന്നത് പ്രവാചകൻ ﷺ വിരോധിച്ചിരിക്കുന്നു.

 

ശൈഖ് നാസിര്‍ അസ്സഅദി رحمة الله യുടെ كتاب منهج السالكين وتوضيح الفقة في الدين എന്ന കൃതി, كِتَابُ البُيُوعِ (കച്ചവടങ്ങളുടെ അദ്ധ്യായം)

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *