ഖുർആനിക സൂറത്തുകളുടെ ശ്രേഷ്ടതകൾ വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ സ്വഹീഹായ ഹദീസുകൾക്ക് പുറമെ ദുര്‍ബലവും (ضعيف) നിർമ്മിതവുമായ (موضوع) ഹദീസുകൾ കടന്നുകൂടിയിട്ടുണ്ടായിരുന്നു. ജനങ്ങളെ നല്ല കാര്യങ്ങളിലേക്ക് ആകൃഷ്ടരാക്കാൻ എന്ന വ്യാജേന നിർമ്മിക്കപ്പെട്ട ഇത്തരം ഹദീസുകളെ സത്യസന്ധമായി തുറന്നുകാട്ടാനും, സ്വഹീഹായ സുന്നത്തിനെ മാത്രം പിന്തുടരാൻ ഉമ്മത്തിനെ പ്രാപ്തരാക്കാനും ഹദീസ് പണ്ഢിതൻമാര്‍ എല്ലാ കാലത്തും പരിശ്രമിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ ഏറെ അദ്ധ്വാനിച്ച പണ്ഢിതനാണ് ശൈഖ് അൽബാനി رحمه الله.
വിശുദ്ധ ഖുർആനിലെ ചില സൂറത്തുകളുടെ മഹത്വങ്ങളെക്കുറിച്ച് വിവരിക്കുന്ന, സ്വഹീഹും (صحيح) ദുര്‍ബലവും (ضعيف) നിർമ്മിതവുമായ (موضوع) ഹദീസുകൾ അദ്ധേഹം വേര്‍തിരിച്ച് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ, ഇത്തരം വ്യാജ പ്രചാരണങ്ങളെക്കുറിച്ച് മുസ്ലിംകൾക്ക് മുന്നറിയിപ്പ് നൽകേണ്ടതും അത്യാവശ്യമാണ്. ശൈഖ് അൽബാനി رحمه الله സ്ഥിരീകരിച്ചതും നിരാകരിച്ചതുമായ ചില ഹദീസുകളെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. സുന്നത് പ്രചരിപ്പിക്കുന്നതിനും ബിദ്അത്തിനെ ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് അത് ഇവിടെ നൽകുന്നത്.
സൂറത്തുൽ ഫാതിഹ
സ്ഥിരപ്പെട്ട ഹദീസുകൾ
عَنِ ابْنِ عَبَّاسٍ، قَالَ بَيْنَمَا جِبْرِيلُ قَاعِدٌ عِنْدَ النَّبِيِّ صلى الله عليه وسلم سَمِعَ نَقِيضًا مِنْ فَوْقِهِ فَرَفَعَ رَأْسَهُ فَقَالَ هَذَا بَابٌ مِنَ السَّمَاءِ فُتِحَ الْيَوْمَ لَمْ يُفْتَحْ قَطُّ إِلاَّ الْيَوْمَ فَنَزَلَ مِنْهُ مَلَكٌ فَقَالَ هَذَا مَلَكٌ نَزَلَ إِلَى الأَرْضِ لَمْ يَنْزِلْ قَطُّ إِلاَّ الْيَوْمَ فَسَلَّمَ وَقَالَ أَبْشِرْ بِنُورَيْنِ أُوتِيتَهُمَا لَمْ يُؤْتَهُمَا نَبِيٌّ قَبْلَكَ فَاتِحَةُ الْكِتَابِ وَخَوَاتِيمُ سُورَةِ الْبَقَرَةِ لَنْ تَقْرَأَ بِحَرْفٍ مِنْهُمَا إِلاَّ أُعْطِيتَهُ
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരിക്കല്‍ ജിബ്രീല്‍ -عَلَيْهِ السَّلَامُ- നബി -ﷺ- യോടൊപ്പം ഉള്ള വേളയില്‍ അദ്ദേഹം (ജിബ്രീല്‍) തന്റെ മുകളില്‍ നിന്ന് (വാതില്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്നത് പോലുള്ള) ഒരു ശബ്ദം കേട്ടു. അപ്പോള്‍ അദ്ദേഹം തലയുയര്‍ത്തി (നോക്കി). എന്നിട്ട് ജിബ്രീല്‍ പറഞ്ഞു: “ആകാശത്തിലെ ഒരു വാതിലാണ് ഇത്. ഇന്നു വരെ തുറക്കപ്പെടാത്ത ആ വാതില്‍ ഇന്ന് തുറന്നിരിക്കുന്നു.” അപ്പോള്‍ ആ വാതിലില്‍ നിന്ന് ഒരു മലക് ഇറങ്ങി വന്നു. അപ്പോള്‍ ജിബ്രീല്‍ പറഞ്ഞു: “ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരു മലകാണ് ഇത്. ഇതു വരെ ഭൂമിയിലേക്ക് ഇറങ്ങിയിട്ടില്ലാത്ത ഒരു മലകാണ് ഇത്.” മലക് (അവരുടെ അടുക്കല്‍ വന്നു) സലാം ചൊല്ലി. ശേഷം പറഞ്ഞു: “നിനക്ക് മുന്‍പ് ഒരു നബിക്കും നല്‍കപ്പെട്ടിട്ടില്ലാത്ത രണ്ടു പ്രകാശങ്ങള്‍ കൊണ്ട് സന്തോഷിക്കുക. ഫാതിഹയും, സൂറതുല്‍ ബഖറയിലെ അവസാനത്തെ (രണ്ട്) ആയതുകളും ആണ് അവ. അവയിലെ ഓരോ അക്ഷരവും വായിക്കുമ്പോള്‍ (അതില്‍ ചോദിക്കപ്പെടുന്ന കാര്യങ്ങള്‍) നിനക്ക് നല്‍കപ്പെടാതിരിക്കില്ല.” (മുസ്ലിം: 806)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَالَّذِي نَفْسِي بِيَدِهِ مَا أُنْزِلَتْ فِي التَّوْرَاةِ وَلاَ فِي الإِنْجِيلِ وَلاَ فِي الزَّبُورِ وَلاَ فِي الْفُرْقَانِ مِثْلُهَا وَإِنَّهَا سَبْعٌ مِنَ الْمَثَانِي وَالْقُرْآنُ الْعَظِيمُ الَّذِي أُعْطِيتُهُ
ഉബൈബ്‌നു കഅ്ബി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! തൗറാതിലോ ഇഞ്ചീലിലോ സബൂറിലോ ഖുർആനിലോ ഇതിന് സമാനമായ ഒരു സൂറത് അവതരിപ്പിക്കപ്പെട്ടിട്ടില്ല. തീർച്ചയായും അതാകുന്നു എനിക്ക് നൽകപ്പെട്ട ഏഴ് ആവർത്തന വചനങ്ങളുള്ള മഹത്തരമായ ഖുർആൻ. (തിർമിദി: 2875)
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: قَالَ اللَّهُ : قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ الْعَبْدُ:{ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } قَالَ اللَّهُ عَزَّ وَجَلَّ: حَمِدَنِي عَبْدِي، وَإِذَا قَالَ:{ الرَّحْمَنِ الرَّحِيمِ } قَالَ اللَّهُ عَزَّ وَجَلَّ: أَثْنَى عَلَيَّ عَبْدِي، وَإِذَا قَالَ:{ مَالِكِ يَوْمِ الدِّينِ } قَالَ اللَّهُ: مَجَّدَنِي عَبْدِي – وَقَالَ مَرَّةً: فَوَّضَ إِلَيَّ عَبْدِي، فَإِذَا قَالَ:{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } قَالَ: هَذَا بَيْنِي وَبَيْنَ عَبْدِي وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ:{ اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ } قَالَ: هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു:അല്ലാഹു പറഞ്ഞു: നമസ്‌കാരത്തെ എനിക്കും എന്റെ അടിമക്കുമിടയില്‍ രണ്ടായി പകുത്തിരിക്കുന്നു. എന്റെ അടിമ എന്താണോ ചോദിക്കുന്നത് അത് അവന് ലഭിക്കുന്നതാണ്. അടിമ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (ലോകരക്ഷിതാവായ അല്ലാഹുവിനാണ് സര്‍വ സ്തുതിയും) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു’.അവന്‍ الرَّحْمَنِ الرَّحِيمِ (അല്ലാഹു കരുണാവാരിധിയും കരുണാനിധിയുമാണ്)എന്ന് പറയുമ്പോള്‍ അല്ലാഹു പറയും : ‘എന്റെ അടിമ എന്നെ വാഴ്ത്തിയിരിക്കുന്നു’. مَالِكِ يَوْمِ الدِّينِ (അല്ലാഹു പ്രതിഫല ദിനത്തിന്റെ ഉടമയാണ്) എന്ന് അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു’. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു) എന്ന് അവന്‍ പറഞ്ഞാല്‍ അല്ലാഹു പറയും: ‘ഇത് എനിക്കും എന്റെ അടിമക്കുമിടയിലുള്ളതാണ്, എന്റെ അടിമ ചോദിച്ചത് അവനുണ്ട്. ’. اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. അതായ്തത് നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ , നിന്റെ കോപത്തിന് ഇരയായവരുടേയോ പിഴച്ചുപോയവരുടേയോ മാര്‍ഗത്തിലല്ല ഞങ്ങളെ ചേ൪ക്കേണ്ടത്) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘ഇത് എന്റെ അടിമക്കുള്ളതാണ്, അവന്‍ ചോദിച്ചത് അവനുണ്ട്.’ (മുസ്‌ലിം:395)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ كُنَّا فِي مَسِيرٍ لَنَا فَنَزَلْنَا فَجَاءَتْ جَارِيَةٌ فَقَالَتْ إِنَّ سَيِّدَ الْحَىِّ سَلِيمٌ، وَإِنَّ نَفَرَنَا غُيَّبٌ فَهَلْ مِنْكُمْ رَاقٍ فَقَامَ مَعَهَا رَجُلٌ مَا كُنَّا نَأْبُنُهُ بِرُقْيَةٍ فَرَقَاهُ فَبَرَأَ فَأَمَرَ لَهُ بِثَلاَثِينَ شَاةً وَسَقَانَا لَبَنًا فَلَمَّا رَجَعَ قُلْنَا لَهُ أَكُنْتَ تُحْسِنُ رُقْيَةً أَوْ كُنْتَ تَرْقِي قَالَ لاَ مَا رَقَيْتُ إِلاَّ بِأُمِّ الْكِتَابِ. قُلْنَا لاَ تُحْدِثُوا شَيْئًا حَتَّى نَأْتِيَ ـ أَوْ نَسْأَلَ ـ النَّبِيَّ صلى الله عليه وسلم فَلَمَّا قَدِمْنَا الْمَدِينَةَ ذَكَرْنَاهُ لِلنَّبِيِّ صلى الله عليه وسلم فَقَالَ ” وَمَا كَانَ يُدْرِيهِ أَنَّهَا رُقْيَةٌ اقْسِمُوا وَاضْرِبُوا لِي بِسَهْمٍ ” .
അബൂസഈദ് അൽ-ഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു യാത്രയിലായിരിക്കെ ഒരു സ്ഥലത്ത് തങ്ങി. അപ്പോൾ ഒരു പെൺകുട്ടി വന്നു പറഞ്ഞു: ‘ഈ പ്രദേശത്തെ ഗോത്രത്തലവന് വിഷബാധയേറ്റിരിക്കുന്നു (പാമ്പ് അല്ലെങ്കിൽ തേൾ കടിയേറ്റിരിക്കുന്നു). ഞങ്ങളുടെ പുരുഷന്മാരാരും ഇവിടെയില്ല. നിങ്ങളുടെ കൂട്ടത്തിൽ മന്ത്രിക്കാൻ അറിയുന്ന ആരെങ്കിലുമുണ്ടോ?’. അപ്പോൾ മന്ത്രിക്കാൻ അറിയുമെന്ന് ഞങ്ങൾ കരുതതിയിരുന്നില്ലാത്ത ഒരു വ്യക്തി അവളോടൊപ്പം എഴുന്നേറ്റുപോയി. അദ്ദേഹം അദ്ദേഹത്തെ മന്ത്രിക്കുകയും അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം മുപ്പത് ആടുകളെ പ്രതിഫലമായി നൽകാൻ ഉത്തരവിടുകയും ഞങ്ങൾക്ക് പാൽ കുടിക്കാൻ നൽകുകയും ചെയ്തു. അദ്ദേഹം മടങ്ങിയെത്തിയപ്പോൾ ഞങ്ങൾ ചോദിച്ചു: ‘നിങ്ങൾക്ക് മന്ത്രിക്കാൻ ശരിക്ക് അറിയാമായിരുന്നോ? അതോ നിങ്ങൾ മുമ്പ് മന്ത്രിച്ചിട്ടുണ്ടോ?’. അദ്ദേഹം പറഞ്ഞു: ‘ഇല്ല, ഖുർആനിലെ സൂറത്തുൽ ഫാത്തിഹ (ഉമ്മുൽ കിതാബ്) ഉപയോഗിച്ചല്ലാതെ ഞാൻ മന്ത്രിച്ചിട്ടില്ല’. ഞങ്ങൾ പറഞ്ഞു: ‘നാം നബി ﷺ യെ കാണുകയോ ചോദിക്കുകയോ ചെയ്യുന്നത് വരെ ഈ ആടുകളുടെ കാര്യത്തിൽ യാതൊന്നും ചെയ്യാൻ പാടില്ല’. അങ്ങനെ ഞങ്ങൾ മദീനയിലെത്തി നബി ﷺ യോട് ഈ വിവരം പറഞ്ഞപ്പോൾ അവിടുന്ന് ചോദിച്ചു: ‘അത് (സൂറത്തുൽ ഫാത്തിഹ) ഒരു മന്ത്രമാണെന്ന് അദ്ദേഹത്തിന് എങ്ങനെ മനസ്സിലായി? നിങ്ങൾ അത് വീതിച്ചെടുക്കുകയും എനിക്ക് അതിൽ ഒരു ഓഹരി മാറ്റിവെക്കുകയും ചെയ്യുക’.” (ബുഖാരി:5007)
ദുര്‍ബലമായ ഹദീസുകൾ
فاتحة الكتاب تجزي ما لا يجزي شيء من القرآن، ولو أن فاتحة الكتاب جعلت في كفة الميزان، وجعل القرآن في الكفة الأخرى، لفضلت فاتحة الكتاب على القرآن سبع مرات ..
ഖുർആനിലെ മറ്റൊന്നിനും സാധിക്കാത്തവിധം ഉപകാരം നൽകുന്നതാണ് സൂറത്തുൽ ഫാത്തിഹ. ഫാത്തിഹയെ ത്രാസിന്റെ ഒരു തട്ടിലും ബാക്കി ഖുർആനെ മറുതട്ടിലും വെച്ചാൽ, ഫാത്തിഹ ഖുർആനേക്കാൾ ഏഴ് മടങ്ങ് തൂക്കമുള്ളതായിരിക്കും. [ضعيف جدا വളരെ ദുര്‍ബലം] [ سلسلة الأحاديث الضعيفة 3996]
فاتحة الكتاب شفاء من السم
സൂറത്തുൽ ഫാത്തിഹ വിഷത്തിനുള്ള ശമനമാണ് [سلسلة الأحاديث الضعيفة 3997 ]
إذا وضعت جنبك على الفراش وقرأت {فاتحة الكتاب} و {قل هو الله أحد} ؛ فقد أمنت من كل شيء إلا الموت.
നീ കിടപ്പറയിൽ പ്രവേശിക്കുകയും (കിടക്കയിൽ പാർശ്വം ചേർത്തു കിടക്കുകയും) ‘സൂറത്തുൽ ഫാത്തിഹ’യും ‘ഖുൽ ഹുവല്ലാഹു അഹദ്’ (സൂറ: ഇഖ്‌ലാസ്) ഓതുകയും ചെയ്താൽ, മരണമൊഴികെ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും നീ സുരക്ഷിതനായി. [ضعيف ദുര്‍ബലം] [ضعيف الترغيب و الترهيب 347 ]
فاتحة الكتاب و آية الكرسي لا يقرؤهما عبد في دار فيصيبهم ذلك اليوم عين إنس و جن.
ഒരു അടിമ ഒരു വീട്ടിൽ വെച്ച് സൂറത്തുൽ ഫാത്തിഹയും ആയത്തുൽ കുർസിയും ഓതിയാൽ, ആ ദിവസം മനുഷ്യന്റെയോ ജിന്നിന്റെയോ കണ്ണേറ് അവരെ ബാധിക്കുകയില്ല. [ضعيف ദുര്‍ബലം] [ضعيف الجامع الصغير 3952]
فاتحة الكتاب شفاء من كل داء
സൂറത്തുൽ ഫാത്തിഹ എല്ലാ രോഗങ്ങൾക്കുമുള്ള ശമനമാണ്. [ضعيف ദുര്‍ബലം] [ضعيف الجامع الصغير 3951 ]
فاتحة الكتاب تعدل بثلثي القرآن.
സൂറത്തുൽ ഫാത്തിഹ ഖുർആന്റെ മൂന്നിൽ രണ്ടു ഭാഗത്തിന് തുല്യമാണ്. [ضعيف ദുര്‍ബലം] [ضعيف الجامع الصغير 3949]
സൂറ: അല്‍ ബഖറ
സ്ഥിരപ്പെട്ട ഹദീസുകൾ
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ആരും തന്നെ നിങ്ങളുടെ ഭവനങ്ങൾ സ്മശാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് ശൈത്വാന്‍ അകന്ന് പോകുന്നതാണ്. (മുസ്‌ലിം:780)
عن أبي مسعود رضي الله عنه قال : قال النبي صلى الله عليه وسلم : أَنَّ مَنْ قَرَأَ بِالآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ.
അബൂമസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും സൂറത്തുൽ ബഖറയുടെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ ഓതിയാൽ, അത് അവന് മതിയായതാകും. (ബുഖാരി:5051)
عَنْ أَبِي أُمَامَةَ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ قَرَأَ آيَةَ الْكُرْسِيِّ فِي دُبُرِ كُلِّ صَلاةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ الْجَنَّةِ إِلا أَنْ يَمُوتَ .
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഓരോ ഫർള് നമസ്കാര ശേഷവും ആയത്തുൽ കുർസിയ്യ് ഓതിയാൽ, മരണമല്ലാതെ മറ്റൊന്നും അവനെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയില്ല. [ رواه النسائي وصححه الألباني في صحيح الجامع الصغير / 6464 ]
عَنِ النُّعْمَانِ بْنِ بَشِيرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :إِنَّ اللَّهَ كَتَبَ كِتَابًا قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالأَرْضَ بِأَلْفَىْ عَامٍ أَنْزَلَ مِنْهُ آيَتَيْنِ خَتَمَ بِهِمَا سُورَةَ الْبَقَرَةِ وَلاَ يُقْرَآنِ فِي دَارٍ ثَلاَثَ لَيَالٍ فَيَقْرَبُهَا شَيْطَانٌ.
നുഉമാന്‍ ഇബ്നു ബഷീര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വ൪ഷങ്ങള്‍ക്ക് മുമ്പ് ഒരു ഗ്രന്ഥം രേഖപ്പെടുത്തി.അതില്‍ നിന്ന് രണ്ട് വചനങ്ങളെ അവന്‍ അവതരിപ്പിക്കുകയും അവകൊണ്ട് സൂറത്തുല്‍ ബഖറ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു.അവ രണ്ടും ഒരു വീട്ടില്‍ പാരായണം ചെയ്യപ്പെടുകയായാല്‍ മൂന്ന് രാവുകള്‍ ആ വീടിനോട് ശൈത്വാന്‍ അടുക്കുകയില്ല. [رواه الترمذي وصححه الألباني في صحيح الجامع الصغير / 1799]
عن عبدالله بن مسعود:عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ لِكلِّ شيءٍ سَنامًا، وسَنامُ القرآنِ سُورَةُ البَقَرَةِ،
അബ്ദില്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീര്‍ച്ചയായും എല്ലാറ്റിനും ഒരു പൂഞ്ഞ (ഉയര്‍ന്ന ഭാഗം) ഉണ്ട്. ഖുര്‍ആനിന്റെ പൂഞ്ഞ സൂറത്തുല്‍ ബഖറയാണ്. [ إسناده حسن] (സിൽസിലത്തു സ്വഹീഹ)
ദുര്‍ബലവും നിര്‍മ്മിതവുമായ ഹദീസുകൾ
آيتان هما قرآن ، و هما يشفعان ، و هما مما يحبهما الله ، الآيتان في آخر سورة البقرة.
രണ്ട് ആയത്തുകൾ; അവ രണ്ടും ഖുർആൻ ആണ്, അവ രണ്ടും (ആളുകൾക്ക് വേണ്ടി) ശഫാഅത്ത് (ശുപാർശ) ചെയ്യുന്നവയാണ്, അവ രണ്ടും അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവയുമാണ്. സൂറത്തുൽ ബഖറയുടെ അവസാനത്തിലുള്ള രണ്ട് ആയത്തുകളാണവ. [ سلسلة الأحاديث الضعيفة / 154 ]
من قرأ سورة البقرة؛ توج بتاج في الجنة
ആരെങ്കിലും സൂറത്തുൽ ബഖറ ഓതിയാൽ; അവന് സ്വർഗ്ഗത്തിൽ കിരീടം അണിയിക്കപ്പെടും. [موضوع നിർമ്മിതം] [سلسلة الأحاديث الضعيفة / 4633 ]
إن لكل شيء سناما ، وإن سنام القرآن ، سورة البقرة ، من قرأها في بيته ليلا لم يدخله الشيطان ثلاث ليال ، و من قرأها في بيته نهارا لم يدخله الشيطان ثلاثة أيام
തീർച്ചയായും എല്ലാ വസ്തുക്കൾക്കും ഒരു ഉന്നതിയുണ്ട് (ഉയർന്ന ഭാഗം). ഖുർആന്റെ ഉന്നതി സൂറത്തുൽ ബഖറയാണ്. ആരെങ്കിലും അത് തന്റെ വീട്ടിൽ രാവന്തിയിൽ ഓതിയാൽ മൂന്ന് രാത്രികളിൽ പിശാച് അവിടെ പ്രവേശിക്കുകയില്ല. ആരെങ്കിലും അത് തന്റെ വീട്ടിൽ പകൽ സമയം ഓതിയാൽ മൂന്ന് ദിനങ്ങൾ പിശാച് അവിടെ പ്രവേശിക്കുകയില്ല. [ضعيف ദുര്‍ബലം]
സൂറ: ആലു ഇംറാൻ
സ്ഥിരപ്പെട്ട ഹദീസുകൾ
عَنْ أَبُو أُمَامَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ: اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ اقْرَءُوا الزَّهْرَاوَيْنِ الْبَقَرَةَ وَسُورَةَ آلِ عِمْرَانَ فَإِنَّهُمَا تَأْتِيَانِ يَوْمَ الْقِيَامَةِ كَأَنَّهُمَا غَمَامَتَانِ أَوْ كَأَنَّهُمَا غَيَايَتَانِ أَوْ كَأَنَّهُمَا فِرْقَانِ مِنْ طَيْرٍ صَوَافَّ تُحَاجَّانِ عَنْ أَصْحَابِهِمَا اقْرَءُوا سُورَةَ الْبَقَرَةِ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلاَ تَسْتَطِيعُهَا الْبَطَلَةُ
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് അന്ത്യനാളില്‍ അതിന്റെ ആളുകള്‍ക്ക് ശുപാര്‍ശകനായി വരും.സഹ്റാവൈനി അഥവാ സൂറത്തുല്‍ ബഖറയും ആലുഇംറാനും നിങ്ങള്‍ പാരായണം ചെയ്യുക. കാരണം അവ രണ്ടും അന്ത്യനാളില്‍ രണ്ട് കാ൪മുകിലുകള്‍ പോലെ, അല്ലെങ്കില്‍ രണ്ട് തണലുകള്‍ പോലെ, അതല്ലായെങ്കില്‍ അണിയായി (പറക്കുന്ന) രണ്ട് പക്ഷിക്കൂട്ടങ്ങള്‍ പോലെ വരും.അവ രണ്ടും അവയുടെ ആളുകള്‍ക്ക് വേണ്ടി പ്രധിരോധിക്കുകയും ത൪ക്കിക്കുകയും ചെയ്യും.
നിങ്ങള്‍ സൂറത്തുല്‍ ബഖറ പാരായണം ചെയ്യണം.കാരണം അത് സ്വീകരിക്കല്‍ ബ൪ക്കത്താണ്.അതിനെ ഉപേക്ഷിക്കല്‍ നഷ്ടമാണ്.മാരണക്കാ൪ക്ക് അതൊരിക്കലും താങ്ങുവാന്‍ സാധ്യമല്ല. (മുസ്ലിം:804)
ദുര്‍ബലവും നിര്‍മ്മിതവുമായ ഹദീസുകൾ
من قرأ السورة التي يذكر فيها آل عمران يوم الجمعة، صلى الله عليه و ملائكته حتى تجب الشمس
ആരെങ്കിലും വെള്ളിയാഴ്ച ദിവസം ആലു ഇംറാൻ പരാമർശിക്കപ്പെടുന്ന സൂറത്ത് (സൂറത്തു ആലു ഇംറാൻ) ഓതിയാൽ, സൂര്യൻ അസ്തമിക്കുന്നത് വരെ അല്ലാഹുവും അവന്റെ മലക്കുകളും അവന് സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും (കാരുണ്യം ചൊരിയുകയും പ്രാർത്ഥിക്കുകയും ചെയ്യും). [موضوع നിർമ്മിതം] [ سلسلة الأحاديث الضعيفة / 415 ]
اسم الله الأعظم الذي إذا دعي به أجاب في هذه الآية من آل عمران:{قل اللهم مالك الملك تؤتي الملك من تشاء} إلى آخره.
ആലു ഇംറാനിലെ {ഖുലില്ലാഹുമ്മ മാലികൽ മുൽക്കി തുഅ്തിൽ മുൽക്ക മൻ തശാഉ…} എന്ന് തുടങ്ങുന്ന ഈ ആയത്തിലാണ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ അവൻ ഉത്തരം നൽകുന്ന അവന്റെ ഏറ്റവും മഹത്തായ നാമം (اسم الله الأعظم) ഉള്ളത്. [سلسلة الأحاديث الضعيفة /2772]
الشرك أخفى في أمتي من دبيب النمل على الصفا في الليلة الظلماء، وأدناه أن تحب على شيء من الجور أو تبغض على شيء من العدل، وهل الدين إلا الحب في الله والبغض في الله؟ قال الله تعالى: {قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ} [آل عمران: 31]
കൂരിരുട്ടുള്ള രാത്രിയിൽ മിനുസമുള്ള കല്ലിലൂടെ ഉറുമ്പ് ഇഴഞ്ഞുനീങ്ങുന്നതിനേക്കാൾ രഹസ്യമായതാണ് എൻ്റെ സമുദായത്തിൽ ശിർക്ക് (പങ്കുചേർക്കൽ). അതിൽ ഏറ്റവും കുറഞ്ഞത്, അക്രമപരമായ കാര്യത്തിൽ നീ സ്നേഹിക്കുകയോ നീതിയുക്തമായ കാര്യത്തിൽ നീ കോപിക്കുകയോ ചെയ്യലാണ്. അല്ലാഹുവിന് വേണ്ടിയുള്ള സ്നേഹവും അല്ലാഹുവിന് വേണ്ടിയുള്ള കോപവുമല്ലാതെ മറ്റെന്താണ് ദീൻ (മതം)? അല്ലാഹു പറയുന്നു: [പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും] [ سلسلة الأحاديث الضعيفة / 3755 ]
من قرأ آخر:آل عمران في ليلة؛ كتب له قيام ليلة.
ആരെങ്കിലും ഒരു രാത്രിയിൽ സൂറ: ആലു ഇംറാന്റെ അവസാന ഭാഗം ഓതിയാൽ; അവന് ഒരു രാത്രി മുഴുവൻ നമസ്കരിച്ചതിന്റെ പ്രതിഫലം രേഖപ്പെടുത്തപ്പെടും. [ضعيف مشكاة المصابيح / 2112 ]
من قرأ سورة آل عمران يوم الجمعة؛ صلت عليه الملائكة إلى الليل.
ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തു ആലു ഇംറാൻ ഓതിയാൽ; രാവാകുന്നത് വരെ മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കും. [ ضعيف مشكاة المصابيح / 2113]
ما من رجل يكون على دابة صعبة فيقول في أذنها : {أَفَغَيْرَ دِينِ ٱللَّهِ يَبْغُونَ وَلَهُۥٓ أَسْلَمَ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ} [آل عمران:83] ؛ إلا وقفت لإذن الله تعالى ) ..
കീഴടക്കാൻ പ്രയാസമുള്ള (അടക്കമില്ലാത്ത) ഒരു മൃഗത്തിന്റെ പുറത്തുള്ള ഏതൊരാളും, അതിന്റെ ചെവിയിൽ: {അപ്പോള്‍ അല്ലാഹുവിന്‍റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും.} [ആലു ഇംറാൻ: 83] എന്ന് പറയുകയാണെങ്കിൽ; അല്ലാഹുവിന്റെ അനുവാദത്താൽ അത് അടങ്ങിനിൽക്കാതിരിക്കില്ല. [ ضعيف الكلم الطيب / 177 ]
ما خيب الله تعالى عبدا قام في جوف الليل ، فافتتح سورة ( البقرة ) و ( آل عمران ) ، و نعم كنز المرء ( البقرة ) و ( آل عمران )
രാത്രിയുടെ യാമങ്ങളിൽ എഴുന്നേറ്റ് സൂറത്തുൽ ബഖറയും സൂറത്തു ആലു ഇംറാനും ഓതി (നമസ്കാരം) ആരംഭിച്ച ഒരു ദാസനെയും അല്ലാഹു നിരാശനാക്കുകയില്ല. മനുഷ്യന്റെ എത്രയോ നല്ല നിധിയാണ് സൂറത്തുൽ ബഖറയും സൂറത്തു ആലു ഇംറാനും! [ ضعيف الجامع الصغير / 5063 ]
സൂറ: ഹൂദ്
സ്ഥിരപ്പെട്ട ഹദീസുകൾ
عَنِ ابْنِ عَبَّاسٍ، قَالَ قَالَ أَبُو بَكْرٍ رضى الله عنه يَا رَسُولَ اللَّهِ قَدْ شِبْتَ . قَالَ “ شَيَّبَتْنِي هُودٌ وَالْوَاقِعَةُ وَالْمُرْسَلاَتُ وَ عمَّ يَتَسَاءَلُونَ وَإذَا الشَّمْسُ كُوِّرَتْ ” .
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അബൂബക്കർ رَضِيَ اللَّهُ عَنْهُ (നബി ﷺയോട്) ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, അങ്ങേക്ക് നര വീണിരിക്കുന്നുവല്ലോ!”നബി ﷺ പറഞ്ഞു: “സൂറത്തു ഹൂദ്, അൽ-വാഖിഅഃ, അൽ-മുർസലാത്ത്, അമ്മ യതസാഅലൂൻ (അന്നുബഅ്), ഇദശ്ശംസു കുവ്വിറത്ത് (അത്തക്‌വീർ) എന്നിവ എന്നെ നരപ്പിച്ചിരിക്കുന്നു. [ رواه الترمذي وصححه الألباني في صحيح الجامع / 3723]
قَالَ رَسُولُ اللَّهِ صلى الله عليه وسلم : شيبتني هود و أخواتها قبل المشيب.
നബി ﷺ പറഞ്ഞു: നര വരും മുമ്പേ ‘ഹൂദും’ അതിന്റെ സഹോദരീ സൂറത്തുകളും എന്നെ നരപ്പിച്ചു കളഞ്ഞു. [ صحيح الجامع الصغير/ 3721]
قَالَ رَسُولُ اللَّهِ صلى الله عليه وسلم : شيبتني هود و أخواتها من المفصل.
നബി ﷺ പറഞ്ഞു: സൂറത്തു ഹൂദും ‘മുഫസ്സലിൽ’ നിന്നുള്ള അതിൻ്റെ സഹോദരിമാരായ (സൂറത്തുകളും) എന്നെ നര ബാധിപ്പിച്ചിരിക്കുന്നു. [ صحيح الجامع الصغير/3722]
قَالَ رَسُولُ اللَّهِ صلى الله عليه وسلم :قد شيبتي هود وأخواتها.
നബി ﷺ പറഞ്ഞു: തീർച്ചയായും സൂറത്തു ഹൂദും അതിൻ്റെ സഹോദരിമാരായ (സൂറത്തുകളും) എന്നെ നര ബാധിപ്പിച്ചിരിക്കുന്നു. [ صحيح الشمائل المحمدية / 35]
ദുര്‍ബലമായ ഹദീസുകൾ
شيبتني ( هود ) و أخواتها ، و ما فعل بالأمم قبلي
സൂറത്തു ഹൂദും അതിന്റെ സഹോദരിമാരായ സൂറത്തുകളും, എനിക്ക് മുമ്പുള്ള സമുദായങ്ങൾക്ക് സംഭവിച്ച കാര്യങ്ങളും (അവരുടെ മേൽ ഇറങ്ങിയ ശിക്ഷകളും) എന്നെ നര ബാധിപ്പിച്ചിരിക്കുന്നു. [ ضعيف الجامع الصغير / 3421]
اقرؤوا سورة (هود يوم الجمعة
വെള്ളിയാഴ്ച ദിവസം നിങ്ങൾ സൂറത്തു ഹൂദ് പാരായണം ചെയ്യുക. [ضعيف الجامع الصغير / 1070]
شيبتني ( هود ) و أخواتها ، ( الواقعة ) و ( الحاقة ) و ( إذا الشمس كورت)
സൂറത്തു ഹൂദും അതിൻ്റെ സഹോദരിമാരായ സൂറത്തുകളും – (സൂറത്തുൽ) വാഖിഅഃ, (സൂറത്തുൽ) ഹാഖ്ഖഃ, (സൂറത്തു) ഇദശ്ശമ്സു കുവ്വിറത്ത് എന്നിവ എന്നെ – നര ബാധിപ്പിച്ചിരിക്കുന്നു). [ضعيف الجامع الصغير/ 3419]
شيبتني سورة (هود و أخواتها (الواقعة و (القارعة و (الحاقة و (إذا الشمس كورت و (سأل سائل)
സൂറത്തു ഹൂദും അതിന്റെ സഹോദരിമാരായ സൂറത്തുകളും – (സൂറത്തുൽ) വാഖിഅഃ, (സൂറത്തുൽ) ഖാരിഅഃ, (സൂറത്തുൽ) ഹാഖ്ഖഃ, (സൂറത്തു) ഇദശ്ശമ്സു കുവ്വിറത്ത്, (സൂറത്തു) സഅല സാഇലുൻ (അൽ-മആരിജ്) എന്നിവ എനിക്ക് നര ബാധിപ്പിച്ചിരിക്കുന്നു. [ضعيف الجامع الصغير / 3418]
شيبتني ( هود ) و أخواتها : ذكر يوم القيامة ، و قصص الأمم.
സൂറത്തു ഹൂദും അതിന്റെ സഹോദരിമാരായ സൂറത്തുകളും എന്നെ നര ബാധിപ്പിച്ചിരിക്കുന്നു; അതായത് അന്ത്യദിനത്തെക്കുറിച്ചുള്ള പരാമർശവും മുൻകാല സമുദായങ്ങളുടെ ചരിത്ര വിവരണങ്ങളും. [ضعيف الجامع الصغير / 3420]
സൂറ:ഇസ്റാഅ്, സൂറ:സുമര്‍
സ്ഥിരപ്പെട്ട ഹദീസുകൾ
قَالَتْ عَائِشَةُ رضى الله عنها كَانَ النَّبِيُّ صلى الله عليه وسلم لاَ يَنَامُ حَتَّى يَقْرَأَ الزُّمَرَ وَبَنِي إِسْرَائِيلَ .
ആഇശ رضى الله عنها പറയുന്നു: നബി ﷺ സൂറത്തുസ്സുമറും സൂറത്തു ബനീ ഇസ്രാഈലും (സൂറ:ഇസ്റാഅ്) ഓതാതെ ഉറങ്ങാറുണ്ടായിരുന്നില്ല. [ رواه الترمذي وصححه الألباني في سلسلة الأحاديث الصحيحة / 641 ]
മുസബ്ബിഹാത്ത് (സൂറത്തുകൾ)
സ്ഥിരപ്പെട്ട ഹദീസുകൾ
عَنِ الْعِرْبَاضِ بْنِ سَارِيَةَ، رضى الله عَنْهُ أَنَّ النَّبِيَّ صلى الله عليه وسلم كَانَ لاَ يَنَامُ حَتَّى يَقْرَأَ الْمُسَبِّحَاتِ وَيَقُولُ ” فِيهَا آيَةٌ خَيْرٌ مِنْ أَلْفِ آيَةٍ ” .
ഇർബാദ് ബിൻ സാരിയ (رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മുസബ്ബിഹാത്ത് (സൂറത്തുകൾ) ഓതാതെ ഉറങ്ങാറുണ്ടായിരുന്നില്ല. നബി ﷺ പറയാറുണ്ടായിരുന്നു: ‘അതിൽ ആയിരം ആയത്തുകളേക്കാൾ ഉത്തമമായ ഒരു ആയത്തുണ്ട്’. [ رواه الترمذي وصححه الألباني / 2712 ]
മുസബ്ബിഹാത്ത് (المسبحات)
സബ്ബഹ” (سَبَّحَ) എന്നോ “യുസബ്ബിഹു” (يُسَبِّحُ) എന്നോ അല്ലാഹുവിന്റെ തസ്ബീഹ് കൊണ്ട് ആരംഭിക്കുന്ന സൂറത്തുകളാണ് ‘മുസബ്ബിഹാത്ത്’.
അവ ഏഴ് സൂറത്തുകളാണ്:
1)ഇസ്‌റാഅ് (17)
2)ഹദീദ് (57)
3)ഹശ്ര്‍ (59)
4)സ്വഫ്ഫ് (61)
5)ജുമുഅഃ (62)
6)അത്തഗാബുൻ (64)
7)അഅ്‌ലാ (87)
സൂറ കഹ്ഫ്
സ്ഥിരപ്പെട്ട ഹദീസുകൾ
عَنْ أَبِي الدَّرْدَاءِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ
അബുദ്ദര്‍ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകൾ മന: പാഠമാക്കിയാൽ അവന് ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്. (മുസ്ലിം : 809)
وفي رِوايةٍ: مِنْ آخِرِ سورةِ الكهفِ.
മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് “സൂറത്തുൽ കഹ്ഫിന്റെ അവസാന ഭാഗങ്ങളില്‍ നിന്ന്” എന്നാണ്.
قال رسول الله صلى الله عليه وسلم :مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنْ فِتْنَةِ الدَّجَّالِ
നബി ﷺ പറഞ്ഞു: സൂറത്തുൽ കഹ്ഫിന്റെ തുടക്കത്തിൽ നിന്നുള്ള പത്ത് ആയത്തുകൾ ആരെങ്കിലും മനഃപാഠമാക്കിയാൽ, അവൻ ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്. [صححه الألباني في سلسلة الأحاديث الصحيحة / 582]
قال رسول الله صلى الله عليه وسلم : ( من قرأ سورة الكهف ) [ كما أنزلت ] كانت له نورا يوم القيامة ، من مقامه إلى مكة ، و من قرأ عشر آيات من آخرها ثم خرج الدجال لم يضره ،….
നബി ﷺ പറഞ്ഞു: ആരെങ്കിലും സൂറത്തുൽ കഹ്ഫ് (അവതരിപ്പിക്കപ്പെട്ടത് പോലെ) ഓതിയാൽ, അന്ത്യനാളിൽ അവന് അവൻ നിൽക്കുന്ന ഇടം മുതൽ മക്ക വരെ പ്രകാശമുണ്ടാകുന്നതാണ്. ആരെങ്കിലും അതിന്റെ അവസാന ഭാഗത്തുനിന്നുള്ള പത്ത് ആയത്തുകൾ ഓതുകയും, പിന്നീട് ദജ്ജാൽ പുറപ്പെടുകയും ചെയ്താൽ അവന് (ദജ്ജാലിന്) അവനെ ഉപദ്രവിക്കാൻ സാധിക്കുകയില്ല. [صححه الألباني في سلسلة الأحاديث الصحيحة / 2651
قال رسول الله صلى الله عليه وسلم 🙁 من قرأ سورة ( الكهف ) ليلة الجمعة، أضاء له من النور ما بينه وبين البيت العتيق )
നബി ﷺ പറഞ്ഞു:ആരെങ്കിലും വെള്ളിയാഴ്ച രാവിൽ (വ്യാഴാഴ്ച സൂര്യാസ്തമയം മുതൽ വെള്ളിയാഴ്ച സൂര്യാസ്തമയം വരെയുള്ള രാത്രിയിൽ) സൂറത്തുൽ കഹ്ഫ് ഓതിയാൽ, അവനും പുരാതന ഭവനത്തിനും (കഅ്ബാലയത്തിനും) ഇടയിൽ അവന് പ്രകാശം നൽകപ്പെടുന്നതാണ്. [صححه الألباني في صحيح الترغيب والترهيب / 736]
قال رسول الله صلى الله عليه وسلم : من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين.
നബി ﷺ പറഞ്ഞു:ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് ഓതിയാൽ, രണ്ട് വെള്ളിയാഴ്ചകൾക്കിടയിൽ അവന് പ്രകാശം നൽകപ്പെടുന്നതാണ്. [صححه الألباني في صحيح الترغيب والترهيب / 736]
ദുര്‍ബലമായ ഹദീസുകൾ
ألا أخبركم بسورة ملأت عظمتها ما بين السماء و الأرض ؟ و لقارئها من الأجر مثل ذلك، و من قرأها غفر له ما بينه و بين الجمعة الأخرى، وزيادة ثلاثة أيام ؟ قالوا : بلى قال : سورة الكهف.
ഞാൻ നിങ്ങൾക്ക് ആകാശത്തിനും ഭൂമിക്കുമിടയിലുള്ള ഭാഗം മഹത്വം കൊണ്ട് നിറഞ്ഞ ഒരു സൂറത്തിനെക്കുറിച്ച് അറിയിച്ചു തരട്ടെയോ? അത് ഓതുന്നവന് അതനുസരിച്ചുള്ള പ്രതിഫലവുമുണ്ട്. ആരെങ്കിലും അത് ഓതിയാൽ അവന് ഈ വെള്ളിയാഴ്ചക്കും അടുത്ത വെള്ളിയാഴ്ചക്കും ഇടയിലുള്ളതും, കൂടാതെ മൂന്ന് ദിവസത്തെ അധികമുള്ളതുമായ (ആകെ 10 ദിവസത്തെ) പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. സ്വഹാബികൾ പറഞ്ഞു: ‘അതെ, അല്ലാഹുവിന്റെ റസൂലേ.’ നബി ﷺ പറഞ്ഞു: ‘അത് സൂറത്തുൽ കഹ്ഫ് ആകുന്നു’. [ضعيف جداَ / ضعيف الجامع الصغير / 2160]
سورة الكهف تدعى في التوراة : الحائلة ؛ تحول بين قارئها وبين النار
സൂറത്തുൽ കഹ്ഫ് തൗറാത്തിൽ ‘അൽ-ഹാഇലഹ്’ (തടസ്സപ്പെടുത്തുന്നത്) എന്ന് വിളിക്കപ്പെടുന്നു; അത് ഓതുന്നവനും നരകത്തിനുമിടയിൽ അത് തടസ്സമായി നിൽക്കുന്നു. [سلسلة الأحاديث الضعيفة / 3259]
من قرأ ثلاث آيات من أول الكهف؛ عصم من فتنة الدجال
സൂറത്തുൽ കഹ്ഫിന്റെ തുടക്കത്തിൽ നിന്നുള്ള മൂന്ന് ആയത്തുകൾ ആരെങ്കിലും ഓതിയാൽ, അവൻ ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്. [ضعيف مشكاة المصابيح / 2088]
സൂറ: സജദ
സ്ഥിരപ്പെട്ട ഹദീസുകൾ
عَنْ جَابِرٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ لاَ يَنَامُ حَتَّى يَقْرَأَ : (الم * تَنْزِيلُ ) وَ ( تَبَارَكَ الَّذِي بِيَدِهِ الْمُلْكُ ).
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ‘അലിഫ് ലാം മീം തൻസീലു’ (സൂറത്തുസ്സജ്ദ), ‘തബാറക്കല്ലദി ബിയദിഹിൽ മുൽക്’ (സൂറത്തുൽ മുൽക്) എന്നിവ പാരായണം ചെയ്യാതെ ഉറങ്ങാറുണ്ടായിരുന്നില്ല. [رواه الترمذي وصححه الألباني / 2316]
സൂറ: അൽഫത്ഹ്
സ്ഥിരപ്പെട്ട ഹദീസുകൾ
عَنْ أَنَسٍ أَنَّهَا نَزَلَتْ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرْجِعَهُ مِنْ الْحُدَيْبِيَةِ وَأَصْحَابُهُ يُخَالِطُونَ الْحُزْنَ وَالْكَآبَةَ وَقَدْ حِيلَ بَيْنَهُمْ وَبَيْنَ مَسَاكِنِهِمْ وَنَحَرُوا الْهَدْيَ بِالْحُدَيْبِيَةِ {إِنَّا فَتَحْنَا لَكَ فَتْحًا مُبِينًا - إِلَى قَوْلِهِ – صِرَاطًا مُسْتَقِيمًا} قَالَ : لَقَدْ أُنْزِلَتْ عَلَيَّ آيَتَانِ هُمَا أَحَبُّ إِلَيَّ مِنْ الدُّنْيَا جَمِيعًا.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ഹുദൈബിയ്യയിൽ നിന്ന് മടങ്ങുന്ന സന്ദർഭത്തിലാണ് ഈ ആയത്ത് (സൂറത്തുൽ ഫത്ഹ്) അവതരിക്കുന്നത്. നബി ﷺ യുടെ സ്വഹാബികൾ അത്യധികം ദുഃഖത്തിലും നിരാശയിലുമായിരുന്നു. കാരണം അവർക്ക് തങ്ങളുടെ സ്വദേശത്തിലേക്കും വീടുകളിലേക്കും പ്രവേശിക്കുന്നതിൽ നിന്ന് തടസ്സം നേരിടുകയും, തങ്ങൾ കൊണ്ടുവന്ന ബല മൃഗങ്ങളെ ഹുദൈബിയ്യയിൽ വെച്ച് തന്നെ അറുക്കേണ്ടി വരികയും ചെയ്തിരുന്നു.
إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا ﴿١﴾ لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَٰطًا مُّسْتَقِيمًا ﴿٢﴾
തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു. നിന്‍റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്. (48/1-2)
അപ്പോൾ നബി ﷺ പറഞ്ഞു: ‘എനിക്ക് മേൽ രണ്ട് ആയത്തുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു, അവ എനിക്ക് ഇഹലോകം മുഴുവതിയേക്കാളും പ്രിയപ്പെട്ടതാണ്’. [ رواه أحمد وصححه الألباني في صحيح الجامع / 5121]
സൂറ: അൽ മുൽക്
സ്ഥിരപ്പെട്ട ഹദീസുകൾ
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ سُورَةً مِنَ الْقُرْآنِ ثَلاَثُونَ آيَةً شَفَعَتْ لِرَجُلٍ حَتَّى غُفِرَ لَهُ وَهِيَ سُورَةُ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ .
അബൂഹുറയ്‌റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: നിശ്ചയം, ഖുർആനിൽ ഒരു സൂറത്തിന് മുപ്പത് ആയത്തുകളാണ്. അത് ഒരു വ്യക്തിക്കുവേണ്ടി ശഫാഅത്ത് ചെയ്തു. അങ്ങിനെ അദ്ദേഹത്തിന് പൊറുക്കപ്പെട്ടു അതത്രേ തബാറ കസൂറത്ത് (സൂറത്തുൽമുൽക്.) [رواه الترمذي وصححه الألباني / 2315]
عَنْ جَابِرٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ لاَ يَنَامُ حَتَّى يَقْرَأَ : (الم * تَنْزِيلُ ) وَ ( تَبَارَكَ الَّذِي بِيَدِهِ الْمُلْكُ ).
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ‘അലിഫ് ലാം മീം തൻസീലു’ (സൂറത്തുസ്സജ്ദ), ‘തബാറക്കല്ലദി ബിയദിഹിൽ മുൽക്’ (സൂറത്തുൽ മുൽക്) എന്നിവ പാരായണം ചെയ്യാതെ ഉറങ്ങാറുണ്ടായിരുന്നില്ല. [رواه الترمذي وصححه الألباني / 2316]
സൂറ: അൽ കാഫിറൂൻ
സ്ഥിരപ്പെട്ട ഹദീസുകൾ
عَنْ فَرْوَةَ بْنِ نَوْفَلٍ، رضى الله عنه أَنَّهُ أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ عَلِّمْنِي شَيْئًا أَقُولُهُ إِذَا أَوَيْتُ إِلَى فِرَاشِي قَالَ ” اقْرَأْْ : {قلْ يَا أَيُّهَا الْكَافِرُونَ} فَإِنَّهَا بَرَاءَةٌ مِنَ الشِّرْكِ ”
ഫർവതു ബ്നു നൗഫൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം നബി ﷺ യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, വിരിപ്പിലേക്ക് (കിടക്കാനായി) ചെന്നെത്തിയാൽ ചൊല്ലാൻ എന്തെങ്കിലും എനിക്ക് പഠിപ്പിച്ചു നൽകുക’. നബി ﷺപറഞ്ഞു: ‘നീ സൂറ: കാഫിറൂൻ പാരായണം ചെയ്യുക. തീർച്ചയായും അത് ശിർകിൽ നിന്നുള്ള ബന്ധവിഛേദനമാണ്.’ [رواه الترمذي وصححه الألباني / 2709]
عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: قُلْ يا أيُّها الكافِرُونَ تَعْدِلُ رُبُعَ القرآنِ.
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഖുൽ യാ അയ്യുഹൽ കാഫിറൂൻ’ എന്ന സൂറത്ത് ഖുര്‍ആനിന്റെ നാലിലൊന്നിന് തുല്ല്യമാണ്. [حسنه الألباني في سلسلة الأحاديث الصحيحة / 586]
സൂറത്തുൽ ഇഖ്‌ലാസും മുഅവ്വിദതൈനിയും (സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ്)
സ്ഥിരപ്പെട്ട ഹദീസുകൾ
عَنْ أَبِي الدَّرْدَاءِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” أَيَعْجِزُ أَحَدُكُمْ أَنْ يَقْرَأَ فِي لَيْلَةٍ ثُلُثَ الْقُرْآنِ ” قَالُوا : وَكَيْفَ يَقْرَأْ ثُلُثَ الْقُرْآنِ ؟ قَالَ : ” قُلْ هُوَ اللَّهُ أَحَدٌ تَعْدِلُ ثُلُثَ الْقُرْآنِ ” .
അബൂദ്ദർദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: ഒരു രാത്രിയിൽ ഖുർആന്റെ മൂന്നിലൊന്ന് ഓതുന്നതിൽ നിങ്ങൾക്ക് ആർക്കെങ്കിലും വീഴ്ച സംഭവിക്കുമോ (വിമുഖത ഉണ്ടാകുമോ)? സ്വഹാബികൾ ചോദിച്ചു: “ഖുർആന്റെ മൂന്നിലൊന്ന് ഒരാൾ എങ്ങനെയാണ് (ഒരു രാത്രിയിൽ) ഓതുക?” അവിടുന്ന് പറഞ്ഞു: “‘ഖുൽ ഹുവല്ലാഹു അഹദ്’ (സൂറത്തുൽ ഇഖ് ലാസ്) ഖുർആന്റെ മൂന്നിലൊന്നിന് തുല്യമാണ്.” (മുസ്ലിം: 811)
عَنْ أَنَسٍ، أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ إِنِّي أُحِبُّ هَذِهِ السُّورَةَ (قُلْ هُوَ اللَّهُ أَحَدٌ ) فَقَالَ “ إِنَّ حُبَّكَ إِيَّاهَا يُدْخِلُكَ الْجَنَّةَ.”
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാൾ നബി ﷺ യോട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, എനിക്ക് ഈ സൂറത്തിനോട് (‘ഖുൽ ഹുവല്ലാഹു അഹദ്’) വലിയ സ്നേഹമാണ്.” അപ്പോൾ അവിടുന്ന് പറഞ്ഞു: “തീർച്ചയായും നിനക്ക് അതിനോടുള്ള സ്നേഹം നിന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും.” [ رواه الترمذي وصححه الألباني / 2323]
قال رسول الله صلى الله عليه وسلم : من قرأ ” قل هو الله أحد ” حتى يختمها عشر مرات بنى الله له قصرا في الجنة.
നബി ﷺ പറഞ്ഞു: ആരെങ്കിലും ‘ഖുൽ ഹുവല്ലാഹു അഹദ്’ (സൂറത്തുൽ ഇഖ് ലാസ്) പത്ത് തവണ പൂർണ്ണമായി ഓതിയാൽ അല്ലാഹു അവന് സ്വർഗ്ഗത്തിൽ ഒരു കൊട്ടാരം നിർമ്മിച്ച് നൽകുന്നതാണ്. [سلسلة الأحاديث الصحيحة / 589]
عَنْ مُعَاذِ بْنِ عَبْدِ اللَّهِ بْنِ خُبَيْبٍ، عَنْ أَبِيهِ، قَالَ خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ نَطْلُبُ رَسُولَ اللَّهِ صلى الله عليه وسلم يُصَلِّي لَنَا – قَالَ – فَأَدْرَكْتُهُ فَقَالَ ” قُلْ ” . فَلَمْ أَقُلْ شَيْئًا ثُمَّ قَالَ ” قُلْ ” . فَلَمْ أَقُلْ شَيْئًا . قَالَ ” قُلْ ” . قُلْتُ مَا أَقُولُ قَالَ ” قُلْ : ( هوَ اللَّهُ أَحَدٌ ) وَالْمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ ”.
മുആദ് ബിൻ അബ്ദില്ലാഹി ബിൻ ഖുബൈബ് തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “കനത്ത മഴയും കറുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ ഞങ്ങൾക്ക് ഇമാമായി നമസ്കരിക്കുന്നതിനായി അല്ലാഹുവിന്റെ റസൂൽ ﷺ യെ തിരക്കി ഞങ്ങൾ പുറപ്പെട്ടു. അങ്ങനെ ഞാൻ അവിടുത്തെ അടുക്കൽ എത്തിയപ്പോൾ അവിടുന്ന് എന്നോട് പറഞ്ഞു: ‘നീ പറയൂ (പാരായാണം ചെയ്യൂ).’ എന്നാൽ ഞാൻ ഒന്നും പറഞ്ഞില്ല. അവിടുന്ന് വീണ്ടും പറഞ്ഞു: ‘നീ പറയൂ.’ അപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല. തുടർന്ന് അവിടുന്ന് വീണ്ടും പറഞ്ഞു: ‘നീ പറയൂ.’ അപ്പോൾ ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഞാൻ എന്താണ് പറയേണ്ടത് (ഓതേണ്ടത്)?’ അവിടുന്ന് പറഞ്ഞു: ‘നീ വൈകുന്നേരമാകുമ്പോഴും പ്രഭാതമാകുമ്പോഴും സൂറത്തുൽ ഇഖ്‌ലാസും , മുഅവ്വിദതൈനിയും (സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ്) മൂന്ന് തവണ വീതം ഓതുക; എങ്കിൽ അത് ഏതു കാര്യത്തിൽ നിന്നും നിനക്ക് മതിയാകുന്നതാണ്. [ رواه الترمذي وصححه الألباني / 2829]
عَنْ أَبِي هُرَيْرَةَ، قَالَ أَقْبَلْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَسَمِعَ رَجُلاً يَقْرَأُ (قُلْ هُوَ اللَّهُ أَحَدٌ * اللَّهُ الصَّمَدُ ) فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” وَجَبَتْ ” . قُلْتُ وَمَا وَجَبَتْ قَالَ ” الْجَنَّةُ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം :അദ്ദേഹം പറഞ്ഞു: “ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ യോടൊപ്പം വന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ ‘ഖുൽ ഹുവല്ലാഹു അഹദ്, അല്ലാഹുസ്സമദ്…’ (സൂറത്തുൽ ഇഖ് ലാസ്) ഓതുന്നത് അവിടുന്ന് കേട്ടു. ഉടൻ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ‘നിർബന്ധമായിരിക്കുന്നു.’ ഞാൻ ചോദിച്ചു: ‘എന്താണ് നിർബന്ധമായിരിക്കുന്നത്?’ അവിടുന്ന് മറുപടി നൽകി: ‘സ്വർഗ്ഗം.’ [ رواه الترمذي وصحح الألباني / 2320 ]
قال رسول الله صلى الله عليه وسلم : يا عقبة ألا أعلمك سورا ما أنزلت في التوراة و لا في الزبور و لا في الإنجيل و لا في الفرقان مثلهن ، لا يأتين عليك إلا قرأتهن فيها ، قل { هوالله أحد } و { قل أعوذ برب الفلق } و { قل أعوذ برب الناس }
നബി ﷺ പറഞ്ഞു: “ഉഖ്ബാ! തൗറാത്തോ സബൂറോ ഇൻജീലോ ഫുർഖാനോ (ഖുർആനോ) അവ പോലെയുള്ളവ അവതരിപ്പിച്ചിട്ടില്ലാത്ത ചില സൂറത്തുകൾ ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? ഏതൊരു രാത്രിയും നിന്റെ മേൽ കടന്നുപോകുമ്പോൾ നീ അവ ഓതിക്കൊണ്ടല്ലാതെ കടന്നുപോകരുത്. (അവ) ‘ഖുൽ ഹുവല്ലാഹു അഹദ്’ (സൂറത്തുൽ ഇഖ് ലാസ്), ‘ഖുൽ അഊദു ബിറബ്ബിൽ ഫലഖ്’ (സൂറത്തുൽ ഫലഖ്), ‘ഖുൽ അഊദു ബിറബ്ബിന്നാംസ്’ (സൂറത്തുന്നാസ്) എന്നിവയാണ്. [سلسلة الأحاديث الصحيحة / 2861]
ദുര്‍ബലമായ ഹദീസുകൾ
من قرأ قل هو الله أحد في مرضه الذى يموت فيه ، لم يفتن في قبره ،وأمن من ضغطة القبر ، و حملته الملائكة يوم القيامة بأكفها حتى تجيزه من الصراط إلى الجنة
ആരെങ്കിലും താൻ മരണപ്പെടുന്ന രോഗത്തിൽ ‘ഖുൽ ഹുവല്ലാഹു അഹദ്’ (സൂറത്തുൽ ഇഖ് ലാസ്) ഓതിയാൽ, അവൻ ഖബ്റിൽ പരീക്ഷിക്കപ്പെടുകയില്ല, ഖബ്റിലെ ഞെരുക്കത്തിൽ നിന്ന് അവന് അഭയം ലഭിക്കും, അന്ത്യദിനത്തിൽ മലക്കുകൾ തങ്ങളുടെ കൈകളിൽ അവനെ താങ്ങി സിറാത്ത് പാലം കടത്തി സ്വർഗ്ഗത്തിൽ എത്തിക്കുന്നതുമാണ്. [ سلسلة الأحاديث الضعيفة / 301 ]
من قرأ ( قل هو الله أحد ) عشرين مرة بنى الله له قصرا في الجنه
ആരെങ്കിലും ‘ഖുൽ ഹുവല്ലാഹു അഹദ്’ (സൂറത്തുൽ ഇഖ് ലാസ്) ഇരുപത് തവണ ഓതിയാൽ അല്ലാഹു അവന് സ്വർഗ്ഗത്തിൽ ഒരു കൊട്ടാരം പണിതു നൽകുന്നതാണ്. [سلسلة الأحاديث الضعيفة / 1351]
من قرأ {قل هو الله أحد} مائتي مرة ، غفرت له ذنوب مائتي سنة
ആരെങ്കിലും ‘ഖുൽ ഹുവല്ലാഹു അഹദ്’ (സൂറത്തുൽ ഇഖ് ലാസ്) ഇരുനൂറ് തവണ ഓതിയാൽ, അവന്റെ ഇരുനൂറ് വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. [ سلسلة الأحاديث الضعيفة / 295]
من قرأ قل هو الله أحد مائتي مرة كتب الله له ألفا و خمسمائة حسنة ، إلا أن يكون عليه دين
ആരെങ്കിലും ‘ഖുൽ ഹുവല്ലാഹു അഹദ്’ (സൂറത്തുൽ ഇഖ്‌ലാസ്) ഇരുനൂറ് തവണ ഓതിയാൽ, കടബാധ്യത ഉള്ള സന്ദർഭത്തിലല്ലാതെ, അല്ലാഹു അവന് ആയിരത്തി അഞ്ഞൂറ് നന്മകൾ രേഖപ്പെടുത്തുന്നതാണ്. [ سلسلة الأحاديث الضعيفة / 300]
من مر بالمقابر فقرأ ( قل هو الله أحد ) إحدى عشرة مرة ، ثم وهب أجره للأموات، أعطي من الأجر بعدد الأموات
ആരെങ്കിലും ഖബറിസ്ഥാനിലൂടെ (മഖ്ബറ) നടന്നുപോകുമ്പോൾ ‘ഖുൽ ഹുവല്ലാഹു അഹദ്’ (സൂറത്തുൽ ഇഖ് ലാസ്) പതിനൊന്ന് തവണ ഓതുകയും, അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് സമ്മാനിക്കുകയും ചെയ്താൽ, അവിടെയുള്ള മരണപ്പെട്ടവരുടെ എണ്ണത്തോളം പ്രതിഫലം അവന് നൽകപ്പെടുന്നതാണ്. [ سلسلة الأحاديث الضعيفة / 1290]
من صلى الصبح ثم قرأ ( قل هو الله أحد ) مائة مرة قبل أن يتكلم ، فكلما قرأ ( قل هو الله أحد ) غفر له ذنب سنة
ആരെങ്കിലും പ്രഭാത നമസ്കാരം (സുബ്ഹ്) നിർവ്വഹിച്ച ശേഷം, (ആരോടും) സംസാരിക്കുന്നതിന് മുൻപായി ‘ഖുൽ ഹുവല്ലാഹു അഹദ്’ (സൂറത്തുൽ ഇഖ് ലാസ്) നൂറ് തവണ ഓതിയാൽ, അത് ഓതുന്ന ഓരോ തവണക്കും അവന്റെ ഓരോ വർഷത്തെ പാപങ്ങൾ വീതം പൊറുക്കപ്പെടുന്നതാണ്. [سلسلة الأحاديث الضعيفة / 405]
من مر على المقابر فقرأ فيها إحدى عشرة مرة : {قل هو الله أحد} ثم وهب أجره للأموات ؛ أعطي من الأجر بعدد الأموات
ആരെങ്കിലും ഖബറിസ്ഥാനിലൂടെ (മഖ്ബറ) കടന്നുപോകുമ്പോൾ അവിടെവെച്ച് ‘ഖുൽ ഹുവല്ലാഹു അഹദ്’ (സൂറത്തുൽ ഇഖ് ലാസ്) പതിനൊന്ന് തവണ ഓതുകയും, അതിൻ്റെ പ്രതിഫലം മരണപ്പെട്ടവർക്ക് സമ്മാനിക്കുകയും ചെയ്താൽ, അവിടെയുള്ള മരണപ്പെട്ടവരുടെ എണ്ണത്തോളം പ്രതിഫലം അവന് നൽകപ്പെടുന്നതാണ്. [ سلسلة الأحاديث الضعيفة /3277]
من قرأ بعد صلاة الجمعة { قل هو الله أحد } و { قل أعوذ برب الفلق } و { قل أعوذ برب الناس } سبع مرات؛أجاره الله بها من السوء إلى الجمعة الأخرى
ആരെങ്കിലും ജുമുഅ നമസ്കാരത്തിന് ശേഷം ‘ഖുൽ ഹുവല്ലാഹു അഹദ്’, ‘ഖുൽ അഊദു ബിറബ്ബിൽ ഫലഖ്’, ‘ഖുൽ അഊദു ബിറബ്ബിന്നാംസ്’ എന്നിവ ഏഴ് തവണ വീതം ഓതിയാൽ, അടുത്ത ജുമുഅ വരെയുള്ള എല്ലാ തിന്മകളിൽ നിന്നും അല്ലാഹു അവന് സംരക്ഷണം നൽകുന്നതാണ്. [ سلسلة الأحاديث الضعيفة /4129]
സൂറ: യാസീൻ ന്റെ ശ്രേഷ്ഠതകളിൽ ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ദുര്‍ബലമായ ഹദീസുകൾ:
إن الله تبارك وتعالى قرأ ( طه ) و ( يّس ) قبل أن يخلق آدم بألفي عام ، فلما سمعت الملائكة القرآن قالوا : طوبى لأمة ينزل هذا عليهم ، وطوبى لألسن تتكلم بهذا ، وطوبى لأجوف تحمل هذا.
അല്ലാഹു ആദം നബിയെ പടക്കുന്നതിന് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ‘ത്വാഹാ’, ‘യാസീൻ’ എന്നീ സൂറത്തുകൾ പാരായണം ചെയ്തു. മലക്കുകൾ ഖുർആൻ കേട്ടപ്പോൾ അവർ പറഞ്ഞു: ‘ഇത് അവതരിക്കപ്പെടുന്ന ഉമ്മത്തിന് (സമുദായത്തിന്) മംഗളം! ഇത് സംസാരിക്കുന്ന നാവുകൾക്ക് മംഗളം! ഇത് പേറുന്ന (മനഃപാഠമാക്കുന്ന) മനസ്സുകൾക്ക് മംഗളം! [سلسلة الأحاديث الضعيفة / 1248]
من دخل المقابر فقرأ سورة (يّس) خفف عنهم يومئذ ، وكان له بعدد من فيها حسنات
ആരെങ്കിലും ഖബറിസ്ഥാനിൽ പ്രവേശിക്കുകയും സൂറത്തു ‘യാസീൻ’ ഓതുകയും ചെയ്താൽ, അന്നേ ദിവസം അവിടെയുള്ളവരുടെ ശിക്ഷ ലഘൂകരിക്കപ്പെടുന്നതാണ്. കൂടാതെ അവിടെയുള്ള മരിച്ചവരുടെ എണ്ണത്തോളം നന്മകൾ ഓതിയവന് ലഭിക്കുകയും ചെയ്യും. [موضوع നിർമ്മിതം] [ سلسلة الأحاديث الضعيفة / 1246]
إن لكل شيء قلبا ، وقلب القرآن (يس ، ومن قرأ (يس ؛ كتب الله له بقراءتها قراءة القرآن عشر مرات
തീർച്ചയായും എല്ലാ വസ്തുക്കൾക്കും ഒരു ഹൃദയമുണ്ട്; ഖുർആന്റെ ഹൃദയം ‘യാസീൻ’ ആകുന്നു. ആരെങ്കിലും ‘യാസീൻ’ ഓതിയാൽ, അത് കാരണം അവൻ പത്ത് തവണ ഖുർആൻ ഓതിയ പ്രതിഫലം അല്ലാഹു രേഖപ്പെടുത്തുന്നതാണ്. [ (( موضوع / ضعيف الترغيب و الترهيب / 885 ]
من قرأ ( يس ) ابتغاء وجه الله ، غفر الله له ما تقدم من ذنبه ، فاقرؤوها عند موتاكم
ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് ‘യാസീൻ’ ഓതിയാൽ, അവന്റെ മുൻകാല പാപങ്ങൾ അല്ലാഹു പൊറുത്തുനൽകുന്നതാണ്. അതിനാൽ നിങ്ങളുടെ മരണാസന്നരായവരുടെ അടുക്കൽ വെച്ച് നിങ്ങളത് ഓതുവിൻ.[ضعيف ദുര്‍ബലം] [ ضعيف الجامع الصغير/ 5785 ] .
من قرأ {يس} في صدر النهار؛ قضيت حوائجه
ആരെങ്കിലും പകലിന്റെ തുടക്കത്തിൽ സൂറത്തു ‘യാസീൻ’ ഓതിയാൽ, അവന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നതാണ്. [ضعيف ദുര്‍ബലം] [ضعيف مشكاة المصابيح / 2118 ]
സൂറ: യാസീൻ ന്റെ ശ്രേഷ്ഠതയിൽ വന്നിട്ടുള്ള എല്ലാ നിവേദനങ്ങളും, ശൈഖ് അൽബാനി رحمه الله ബലഹീനമോ (ളഈഫ്) കെട്ടിച്ചമക്കപ്പെട്ടതോ (മൗളൂഅ്) ആയിട്ടാണ് വിധിച്ചിട്ടുള്ളത്.
സൂറ: ദുഖാൻ ന്റെ ശ്രേഷ്ഠതയായി വന്ന ദുര്‍ബലമായ ഹദീസുകൾ
من قرأ سورة الدخان في ليلة الجمعة؛ غفر له
ആരെങ്കിലും വെള്ളിയാഴ്ച രാവിൽ സൂറത്തുദ്ദുഖാൻ ഓതിയാൽ അവന് പാപമോചനം നൽകപ്പെടുന്നതാണ്. [ضعيف جدا വളരെ ദുര്‍ബലം] [سلسلة الأحاديث الضعيفة / 4632]
من قرأ سورة { الدخان } في ليلة أصبح يستغفر له سبعون ألف ملك.
ആരെങ്കിലും രാത്രിയിൽ സൂറത്തു ‘ദ്ദുഖാൻ’ ഓതിയാൽ, നേരം പുലരുന്നത് വരെ എഴുപതിനായിരം മലക്കുകൾ അവന് വേണ്ടി പാപമോചനം തേടിക്കൊണ്ടിരിക്കും. [موضوع നിർമ്മിതം] [/ ضعيف الترغيب و الترهيب / 978]
من صلى بسورة الدخان في ليلة بات يستغفر له سبعون ألف ملك.
ആരെങ്കിലും രാത്രിയിൽ സൂറത്തുദ്ദുഖാൻ ഓതി നമസ്കരിച്ചാൽ, നേരം പുലരുന്നത് വരെ എഴുപതിനായിരം മലക്കുകൾ അവന് വേണ്ടി പാപമോചനം തേടിക്കൊണ്ടിരിക്കും. [ضعيف الترغيب و الترهيب / 448]
من قرأ { حم الدخان } في ليله الجمعة أو يوم الجمعة ؛ بنى الله له بها بيتا في الجنة
ആരെങ്കിലും വെള്ളിയാഴ്ച രാവിലോ വെള്ളിയാഴ്ച ദിവസമോ ‘ഹാമീം അദ്-ദുഖാൻ’ ഓതിയാൽ, അല്ലാഹു അവന് അത് കാരണം സ്വർഗ്ഗത്തിൽ ഒരു വീട് പണിയുന്നതാണ്. [ضعيف جدا വളരെ ദുര്‍ബലം] [ضعيف الترغيب و الترهيب/ 449]
من قرأ سورة يس في ليلة أصبح مغفورا له . ومن قرأ الدخان ليلة الجمعة أصبح مغفورا له
ആരെങ്കിലും രാത്രിയിൽ സൂറത്തു ‘യാസീൻ’ ഓതിയാൽ അവന് പാപമോചനം ലഭിച്ചവനായി നേരം പുലരും. ആരെങ്കിലും വെള്ളിയാഴ്ച രാവിൽ ‘ദുഖാൻ’ ഓതിയാൽ അവനും പാപമോചനം ലഭിച്ചവനായി നേരം പുലരും. [ ضعيف الترغيب و الترهيب / 978]
സൂറ: ഗാഫിര്‍ ന്റെ ശ്രേഷ്ഠതയായി വന്ന ദുര്‍ബലമായ ഹദീസുകൾ
من قرأ { الدخان } كلها ، وأول { حم غافر } إلى {وإليه المصير } ، و { آية الكرسي } حين يمسي ؛ حفظ بها حتى يصبح ، ومن قرأها حين يصبح ، حفظ بها حتى يمسي )
ആരെങ്കിലും വൈകുന്നേരമാകുമ്പോൾ ‘ദുഖാൻ’ മുഴുവനായും, ‘ഹാമീം ഗാഫിർ’ (സൂറത്തു ഗാഫിർ) തുടക്കം മുതൽ ‘വഇലൈഹിൽ മസ്വീർ’ (ആയത്ത് 3) വരെയും, ആയത്തുൽ കുർസിയും ഓതിയാൽ, നേരം പുലരുന്നത് വരെ അവ വൈകുന്നേരം സംരക്ഷണം നൽകപ്പെടും. ആരെങ്കിലും നേരം പുലരുമ്പോൾ അവ ഓതിയാൽ വൈകുന്നേരം വരെ അവയാൽ സംരക്ഷണം നൽകപ്പെടും. [ضعيف ദുര്‍ബലം] [ضعيف الترغيب و الترهيب / 390]
സൂറ: ഹശ്ര്‍ ന്റെ ശ്രേഷ്ഠതയായി വന്ന ദുര്‍ബലമായ ഹദീസുകൾ
مَنْ قَالَ حِينَ يُصْبِحُ ثَلاَثَ مَرَّاتٍ: أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ وَقَرَأَ ثَلاَثَ آيَاتٍ مِنْ آخِرِ سُورَةِ الْحَشْرِ وَكَّلَ اللَّهُ بِهِ سَبْعِينَ أَلْفَ مَلَكٍ يُصَلُّونَ عَلَيْهِ حَتَّى يُمْسِيَ وَإِنْ مَاتَ فِي ذَلِكَ الْيَوْمِ مَاتَ شَهِيدًا وَمَنْ قَالَهَا حِينَ يُمْسِي كَانَ بِتِلْكَ الْمَنْزِلَةِ ” .
ആരെങ്കിലും പ്രഭാതത്തിൽ മൂന്ന് തവണ ‘അഊദു ബില്ലാഹിസ്സമീഇൽ അലീമി മിനശ്ശൈത്വാനിർ റജീം’ എന്ന് ചൊല്ലുകയും, സൂറത്തുൽ ഹശ്റിന്റെ അവസാനത്തിലെ മൂന്ന് ആയത്തുകൾ ഓതുകയും ചെയ്താൽ, വൈകുന്നേരം വരെ അവനുവേണ്ടി പ്രാർത്ഥിക്കാൻ അല്ലാഹു എഴുപതിനായിരം മലക്കുകളെ ചുമതലപ്പെടുത്തും. അന്ന് അവൻ മരണപ്പെടുകയാണെങ്കിൽ ശഹീദായി മരണപ്പെടും. വൈകുന്നേരമാണ് ഇതൊരാൾ ചൊല്ലുന്നതെങ്കിൽ പ്രഭാതം വരെ അവന് ഇതേ പദവിയുണ്ടായിരിക്കും. [ضعيف ദുര്‍ബലം] [ضعيف الجامع الصغير / 5732]
من قرأ خواتيم ( الحشر ) من ليل أو نهار ، فقبض في ذلك اليوم أو الليلة فقد أوجب الجنة )
ആരെങ്കിലും രാവിലോ പകലോ സൂറത്തുൽ ഹശ്റിന്റെ അവസാന ഭാഗങ്ങൾ (അവസാന ആയത്തുകൾ) ഓതുകയും, ആ ദിവസത്തിലോ രാത്രിയിലോ അവൻ മരണപ്പെടുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായിക്കഴിഞ്ഞു. [ضعيف ദുര്‍ബലം] [ضعيف الجامع الصغير / 5770]
اسم الله الأعظم في ست آيات من آخر سورة الحشر
അല്ലാഹുവിന്റെ ഏറ്റവും മഹത്തായ നാമം (ഇസ്മുല്ലഹ് അൽ-അഅ്ളാം) സൂറത്തുൽ ഹഷറിന്റെ അവസാനത്തിലെ ആറ് ആയത്തുകളിലുണ്ട്. [ ضعيف الجامع الصغير / 853]
إذا أخذت مضجعك فاقرأ سورة الحشر ، إن مت مت شهيدا
നീ ഉറങ്ങാൻ കിടക്കുമ്പോൾ സൂറത്തുൽ ഹശ്ർ ഓതുക; (ആ രാത്രിയിൽ) നീ മരണപ്പെടുകയാണെങ്കിൽ ശഹീദായി മരണപ്പെടും. [ضعيف الجامع الصغير / 307]
സൂറ: റഹ്മാൻ ന്റെ ശ്രേഷ്ഠതയായി വന്ന ദുര്‍ബലമായ ഹദീസുകൾ
لكل شىء عروس ، و عروس القرآن الرحمن
എല്ലാ വസ്തുക്കൾക്കും ഒരു മണവാട്ടിയുണ്ട് (അലങ്കാരമുണ്ട്), ഖുർആന്റെ മണവാട്ടി സൂറത്തുർ റഹ്മാനാണ്. [ضعيف ദുര്‍ബലം] [ضعيف الجامع الصغير / 4729]
സൂറ: വാഖിഅ യുടെ ശ്രേഷ്ഠതയായി വന്ന ദുര്‍ബലമായ ഹദീസുകൾ
علموا نساءكم سورة {الواقعة}، فإنها سورة الغنى
നിങ്ങളുടെ സ്ത്രീകളെ സൂറത്തുൽ വാഖിഅ പഠിപ്പിക്കുക, കാരണം അത് സമ്പന്നത നൽകുന്ന സൂറത്താണ്. [ ضعيف الجامع الصغير / 3730]
من قرأ سورة (الواقعة و تعلمها، لم يكتب من الغافلين ، و لم يفتقر هو و أهل بيته
ആരെങ്കിലും സൂറത്തുൽ വാഖിഅ പാരായണം ചെയ്യുകയും അത് പഠിക്കുകയും ചെയ്താൽ, അവൻ അശ്രദ്ധരുടെ കൂട്ടത്തിൽ എഴുതപ്പെടുകയില്ല; അവനും അവന്റെ കുടുംബത്തിനും ഒരിക്കലും ദാരിദ്ര്യം ബാധിക്കുകയുമില്ല. [سلسلة الأحاديث الضعيفة / 291]
من قرأ سورة ( الواقعة ) في كل ليلة ، لم تصبه فاقة أبدا
ആരെങ്കിലും എല്ലാ രാത്രിയിലും സൂറത്തുൽ വാഖിഅ ഓതിയാൽ അവന് ഒരിക്കലും ദാരിദ്ര്യം ബാധിക്കുകയില്ല. [ضعيف ദുര്‍ബലം] [ ضعيف الجامع الصغير/ 5773]
സൂറ: സൽസല യുടെ ശ്രേഷ്ഠതയായി വന്ന ദുര്‍ബലമായ ഹദീസുകൾ
إذا زلزلت تعدل نصف القرآن
ഇദാ സിൽസിലത്ത്’ (സൂറത്തുസ്സൽസല) പാരായണം ചെയ്യുന്നത് ഖുർആന്റെ പകുതിക്ക് സമമാണ്. [ضعيف ദുര്‍ബലം] [ ضعيف الترغيب و الترهيب / 889]
സൂറ: ശര്‍ഹ്, ഫീൽ ന്റെ ശ്രേഷ്ഠതയായി വന്ന ദുര്‍ബലമായ ഹദീസുകൾ
من قرأ في الفجر بـ ( ألم نشرح ) و ( ألم تر كيف ) لم يرمد
ആരെങ്കിലും സുബ്ഹ് നമസ്കാരത്തിൽ ‘അലം നശ്റഹ്’ (സൂറത്തുശ്ശർഹ്), ‘അലം തറ കൈഫ’ (സൂറത്തുൽ ഫീൽ) എന്നിവ ഓതിയാൽ അവന് കണ്ണ് രോഗം ബാധിക്കുകയില്ല. [ ( لا أصل له ) / سلسلة الأحاديث الضعيفة / 67]
സൂറ: ഖദ്ര്‍ യുടെ ശ്രേഷ്ഠതയായി വന്ന ദുര്‍ബലമായ ഹദീസുകൾ
قراءة ( سورة إنا أنزلناه ) عقب الوضوء
വുളൂഇന് ശേഷം ‘ഇന്നാ അൻസൽനാഹു’ (സൂറത്തുൽ ഖദ്ർ) ഓതുക. [ سلسلة الأحاديث الضعيفة / 68 ] ..
من قرأ في إثر وضوئه :{ إنا أنزلناه في ليلة القدر } مرة واحدة كان من الصديقين ، و من قرأها مرتين كتب في ديوان الشهداء ، و من قرأها ثلاثا حشره الله محشر الأنبياء
ആരെങ്കിലും വുളൂഇന് ശേഷം ‘ഇന്നാ അൻസൽനാഹു ഫീ ലൈലത്തിൽ ഖദ്ർ’ (സൂറത്തുൽ ഖദ്ർ) ഒരു തവണ ഓതിയാൽ അവൻ സിദ്ദീഖീങ്ങളുടെ (സത്യവാന്മാരുടെ) കൂട്ടത്തിലായിരിക്കും. രണ്ട് തവണ ഓതിയാൽ രക്തസാക്ഷികളുടെ (ശുഹദാക്കൾ) ഏടുകളിൽ രേഖപ്പെടുത്തപ്പെടും. മൂന്ന് തവണ ഓതിയാൽ പ്രവാചകന്മാരുടെ കൂട്ടത്തിൽ അല്ലാഹു അവനെ ഒരുമിച്ചുകൂട്ടുന്നതാണ്. [سلسلة الأحاديث الضعيفة / 1449]
www.kanzululoom.com