ചാരിത്ര്യം / ലൈംഗിക വിശുദ്ധി (العفاف) എന്നത് അത്യുത്തമമായ ഒരു വാക്കും മഹത്തായ ഒരു ലക്ഷ്യവുമാണ്. മാന്യന്മാരും ശ്രേഷ്ഠന്മാരും ഉദാരമതികളും സ്വഭാവമഹിമയുള്ളവരും അത് നേടിയെടുക്കാൻ ആഗ്രഹിക്കുന്നു. ദുർനടപ്പുകാരനെന്നോ, അധർമ്മകാരിയെന്നോ, അശ്ലീലതയുള്ളവനെന്നോ, നാശകാരിയെന്നോ ഉള്ള വിശേഷണങ്ങൾ തനിക്കോ തന്റെ കുടുംബത്തിനോ ചാർത്തിക്കിട്ടാൻ ആരും ആഗ്രഹിക്കുന്നില്ല; പരിശുദ്ധിക്ക് വിരുദ്ധമായ ഇത്തരം മോശമായ സ്വഭാവങ്ങളിലേക്ക് ചേർക്കപ്പെടാൻ ഒരു മാന്യനും ഇഷ്ടപ്പെടുകയില്ല.”
അല്ലാഹു തന്റെ ദാസന്മാരോട് പരിശുദ്ധി (അഫാഫ്) പുലർത്താൻ കൽപ്പിച്ചിരിക്കുന്നു. അവന്റെ പ്രവാചകൻ ﷺ അത് കല്പിക്കുകയും ചെയ്തിട്ടുണ്ട്. പരിശുദ്ധി പാലിക്കുന്നത് വഴി ഈ ലോകത്തും പരലോകത്തും ലഭിക്കുന്ന മഹത്തായ ഫലങ്ങളും സമൃദ്ധമായ നന്മകളും അല്ലാഹുവിന് അല്ലാതെ മറ്റാർക്കും കണക്കാക്കാൻ കഴിയില്ല.
وَلْيَسْتَعْفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ ٱللَّهُ مِن فَضْلِهِۦ ۗ
വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് സ്വാശ്രയത്വം നല്‍കുന്നത് വരെ ചാരിത്ര്യം സംരക്ഷിക്കുവാന്‍ ശ്രമിച്ചു കൊള്ളട്ടെ. (ഖുർആൻ:24/33)
{وَلْيَسْتَعْفِفِ} (അവർ ചാരിത്ര്യം സംരക്ഷിക്കട്ടെ) എന്ന വചനത്തിലെ ‘ലാം’ (ل) കല്പനയെ സൂചിപ്പിക്കുന്നതാണ്. അതിലെ ‘സീൻ’ (س) എന്നത് തേടലിനെ സൂചിപ്പിക്കുന്നു. അതായത്, ഓരോ മുസ്ലിമും തന്റെ ജീവിതത്തിൽ ‘ചാരിത്ര്യം’ നേടിയെടുക്കാനും, അതിന് വിരുദ്ധമായ കാര്യങ്ങളിൽ നിന്നും അതിന്റെ പൂർണ്ണതയെ ബാധിക്കുന്ന മ്ലേച്ഛതകളിൽ നിന്നും അകന്നുനിൽക്കാനും പരിശ്രമിക്കേണ്ടതുണ്ട്. അതിനായി സ്വന്തം നഫ്സിനോട് പോരാടണം. സഹായിയായും, നേർവഴി കാട്ടുന്നവനായും, സംരക്ഷകനായും, ഐശ്വര്യം നൽകുന്നവനായും അല്ലാഹു കൂടെയുണ്ടാകും.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ثَلاَثَةٌ حَقٌّ عَلَى اللَّهِ عَوْنُهُمُ الْمُجَاهِدُ فِي سَبِيلِ اللَّهِ وَالْمُكَاتَبُ الَّذِي يُرِيدُ الأَدَاءَ وَالنَّاكِحُ الَّذِي يُرِيدُ الْعَفَافَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം ആളുകളെ സഹായിക്കുമെന്നത് അല്ലാഹു ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. അല്ലാഹുവിന്റെ മാർഗ്ഗത്തിലെ യോദ്ധാവ് , മോചന പത്രം എഴുതിയ അടിമ , ചാരിത്ര്യം ഉദ്ദേശിച്ച് വിവാഹത്തിനൊരുങ്ങുന്ന വ്യക്തി എന്നിവരാണവർ. (തിര്‍മിദി:1655)
ചാരിത്ര്യം (അഫാഫ്) എന്നത് മാന്യന്മാരുടെ അലങ്കാരവും ശ്രേഷ്ഠന്മാരുടെ ആഭരണവും ഉദാരമതികളുടെ സൗന്ദര്യവുമാണ്. സ്വന്തം അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാനും, സ്വഭാവമഹിമയും മര്യാദയും സംരക്ഷിക്കാനും ആഗ്രഹിക്കുന്ന ഉദാത്തമായ മനസ്സും ഉന്നതമായ സ്വഭാവവുമുള്ള വ്യക്തികളാണിവർ. ജനങ്ങൾ പലവിധത്തിലുള്ള ആഭരണങ്ങൾ അണിഞ്ഞ് സൗന്ദര്യം വർദ്ധിപ്പിക്കുമ്പോൾ, ഇവർ ഉന്നതമായ സ്വഭാവഗുണങ്ങൾ കൊണ്ടും ചാരിത്ര്യവും ആത്മാഭിമാനവും മുറുകെ പിടിച്ചുകൊണ്ടുമാണ് സ്വയം അലങ്കരിക്കുന്നത്.
ചാരിത്ര്യത്തെ (അഫാഫ്) പറയുമ്പോൾ, അല്ലാഹുവിന്റെ ഉത്തമരായ ദാസന്മാരിൽ അതിന്റെ ഏറ്റവും ഉജ്ജ്വലമായ രൂപവും ഭംഗിയും നമുക്ക് കാണാം. ഈ സന്ദർഭത്തിൽ മഹാനായ യൂസുഫ് നബി عليه السلام യെ കുറിച്ച് നമുക്ക് ചിന്തിക്കാം. പരിശുദ്ധിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ഉത്തമമായ ഉദാഹരണമാണ് അദ്ദേഹം കാഴ്ചവെച്ചത്. അസീസിന്റെ ഭാര്യ അദ്ദേഹത്തെ തന്നിലേക്ക് ക്ഷണിച്ച സന്ദർഭം വിശുദ്ധ ഖുർആനിലെ സൂറ: യൂസുഫിൽ അല്ലാഹുവിന്റെ വചനങ്ങളായി നാം പാരായണം ചെയ്യുന്നുണ്ട്. ആ സാഹചര്യത്തിൽ തെറ്റിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്ന ഒട്ടനവധി ഘടകങ്ങളും കാരണങ്ങളും അവിടെയുണ്ടായിരുന്നു. അതിൽ ചിലത് കാണുക:
▪️അദ്ദേഹം ഒരു യുവാവായിരുന്നു; യൗവനം വികാരങ്ങളുടെ വേലിയേറ്റമുള്ള സമയമാണല്ലോ.
▪️അദ്ദേഹം അവിവാഹിതനായിരുന്നു; അതിനാൽ വികാരങ്ങൾ നിയന്ത്രിക്കാൻ മറ്റൊരു മാർഗ്ഗവും അദ്ദേഹത്തിന് അന്ന് ഉണ്ടായിരുന്നില്ല.
▪️അദ്ദേഹം അവിടെ ഒരു വിദേശിയായിരുന്നു; പ്രവാസികളായിരിക്കുമ്പോൾ നാട്ടുകാർ കാണില്ലെന്ന വിചാരത്താൽ തെറ്റുകളിൽ ഏർപ്പെടാനുള്ള സാധ്യത കൂടുതലാണ്.
▪️അദ്ദേഹം അതീവ സുന്ദരനായിരുന്നു; സൗന്ദര്യത്തിന്റെ പകുതി ഭാഗവും അദ്ദേഹത്തിന് നൽകപ്പെട്ടിരുന്നു. സൗന്ദര്യമുള്ളവരോട് മറ്റുള്ളവർക്ക് തോന്നുന്ന ആകർഷണം കൂടുതലായിരിക്കുമല്ലോ.
ക്ഷണിച്ച സ്ത്രീയുടെ (അസീസിന്റെ ഭാര്യ) ഭാഗത്തുനിന്നുള്ള സാഹചര്യങ്ങൾ കൂടി കാണുക:
▪️അവൾ ഉന്നത സ്ഥാനമുള്ളവളും അതീവ സുന്ദരിയുമായിരുന്നു.
▪️അവൾ അവളുടെ സ്വന്തം വീട്ടിലായിരുന്നു; അവിടെ അവൾക്കായിരുന്നു അധികാരം.
▪️അവൾ വാതിലുകളെല്ലാം ഭദ്രമായി അടച്ചിരുന്നു.
▪️അവൾ അണിഞ്ഞൊരുങ്ങി സുഗന്ധം പൂശിയിരുന്നു.
▪️അവൾ അദ്ധേഹത്തെ പ്രലോഭിച്ചുകൊണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ടും സമീപിച്ചു.
ഇത്രയധികം സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും, യൂസുഫ് നബി عليه السلام അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് ചാരിത്ര്യം കാത്തുസൂക്ഷിച്ചു. അദ്ദേഹം അവൾക്ക് വഴങ്ങിക്കൊടുത്തില്ല; പകരം അദ്ദേഹം ഇപ്രകാരം പറഞ്ഞു:
وَرَٰوَدَتْهُ ٱلَّتِى هُوَ فِى بَيْتِهَا عَن نَّفْسِهِۦ وَغَلَّقَتِ ٱلْأَبْوَٰبَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ ٱللَّهِ ۖ إِنَّهُۥ رَبِّىٓ أَحْسَنَ مَثْوَاىَ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّٰلِمُونَ
അവന് (യൂസുഫ് നബി) ഏതൊരുവളുടെ വീട്ടിലാണോ അവള് അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള് പറഞ്ഞു: ഇങ്ങോട്ട് വാ. അദ്ധേഹം പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന് എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല. (ഖുർആൻ:12/23)
അവളും പട്ടണത്തിലെ മറ്റ് സ്ത്രീകളും ഒത്തുചേർന്ന് ഈ കാര്യത്തിനായി അദ്ദേഹത്തെ നിർബന്ധിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്തപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു:
قَالَ رَبِّ ٱلسِّجْنُ أَحَبُّ إِلَىَّ مِمَّا يَدْعُونَنِىٓ إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّى كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ ٱلْجَٰهِلِينَ ﴿٣٣﴾ فَٱسْتَجَابَ لَهُۥ رَبُّهُۥ فَصَرَفَ عَنْهُ كَيْدَهُنَّ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴿٣٤﴾ ثُمَّ بَدَا لَهُم مِّنۢ بَعْدِ مَا رَأَوُا۟ ٱلْـَٔايَٰتِ لَيَسْجُنُنَّهُۥ حَتَّىٰ حِينٍ ﴿٣٥﴾
അവന് (യൂസുഫ് നബി) പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപോകുകയും ചെയ്യും. അപ്പോള്‍ അവന്റെ പ്രാര്‍ത്ഥന തന്റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന് അവന് തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. പിന്നീട് തെളിവുകള്‍ കണ്ടറിഞ്ഞതിന് ശേഷവും അവര്‍ക്ക് തോന്നി; അവനെ ഒരു അവധിവരെ തടവിലാക്കുക തന്നെ വേണമെന്ന്. (ഖുർആൻ:12/33-35)
അങ്ങനെ യൂസുഫ് നബി തടവിലാക്കപ്പെട്ടു. ഏതാനും വർഷങ്ങൾ അദ്ദേഹം തടവറയിൽ കഴിഞ്ഞു. അത് ഏഴ് വർഷമാണെന്നും, പന്ത്രണ്ട് വർഷമാണെന്നും, പതിനാല് വർഷമാണെന്നും അഭിപ്രായങ്ങളുണ്ട്. തന്റെ ചാരിത്യം കാത്തുസൂക്ഷിച്ചതിന്റെ പേരിലാണ് അദ്ദേഹം ഇത്രയും കാലം തടവറയിൽ ചിലവഴിച്ചത്.
ചാരിത്ര്യം പാലിക്കുന്നവർ അത് പാലിക്കാനുള്ള കാരണങ്ങളിലും ലക്ഷ്യങ്ങളിലും വ്യത്യസ്തരാണ്. അതിൽ ഏറ്റവും മഹത്തരവും ഉന്നതവുമായത് അല്ലാഹുവിനോടുള്ള ലജ്ജയും ഭയവും അവന്റെ മഹത്വത്തോടുള്ള ആദരവും കാരണം ഒരാൾ ചാരിത്ര്യം പാലിക്കലാണ്; ഇതാണ് ഏറ്റവും ഉന്നതമായ പദവി. ഭൗതികമായ കാരണങ്ങളാൽ പരിശുദ്ധി പാലിക്കുന്നവരുമുണ്ട്; ഉദാഹരണത്തിന് അപകീർത്തിയെയോ അപമാനത്തെയോ ഭയപ്പെടുക, അല്ലെങ്കിൽ മാരകമായ രോഗങ്ങൾ പിടിപെടുമെന്ന് ഭയപ്പെടുക എന്നിവ. അത്തരക്കാരുടെ നോട്ടം ഭൗതികമായ നേട്ടങ്ങളിലായിരിക്കും, അല്ലാതെ പരലോകത്തേക്കായിരിക്കില്ല. അസുഖങ്ങളും നാശനഷ്ടങ്ങളും ഭയന്ന് അവർ അശ്ലീലതകളിൽ നിന്നും തിന്മകളിൽ നിന്നും വിട്ടുനിൽക്കുന്നു.
എന്നാൽ യാതൊരു ലക്ഷ്യബോധവുമില്ലാത്ത മറ്റൊരു വിഭാഗമാകട്ടെ, ഇതൊന്നും ഗൗനിക്കാതെയും ഒന്നിനെക്കുറിച്ചും ചിന്തിക്കാതെയും അശ്ലീലതകളിലും തിന്മകളിലും ആഴ്ന്നിറങ്ങുന്നു. ഇത്തരക്കാർക്ക് തിന്മയിലൂടെ ലഭിക്കുന്ന ആനന്ദം എന്നത് തികച്ചും നശ്വരമായ ഒന്നാണ്; ഈ ലോകത്ത് അതിനെത്തുടർന്ന് ദുഃഖങ്ങളും അസ്വസ്ഥതകളുമാണ് ഉണ്ടാവുക, പരലോകത്താകട്ടെ കഠിനമായ ശിക്ഷയും ഖേദവുമാണ് അവരെ കാത്തിരിക്കുന്നത്. എന്നാൽ ‘ചാരിത്ര്യം’ നൽകുന്ന ആനന്ദമാകട്ടെ, നിഷിദ്ധമായ മാർഗ്ഗത്തിലൂടെയുള്ള ജഡികാഭിലാഷങ്ങൾ നൽകുന്ന സുഖവുമായി ഒട്ടും താരതമ്യം ചെയ്യാൻ പറ്റാത്തവിധം മഹത്തരമാണ്. പരിശുദ്ധി പാലിക്കുന്നവരുടെ ജീവിതം എത്ര മനോഹരമാണ്! അവരുടെ പരിശുദ്ധി എത്ര ശ്രേഷ്ഠമാണ്! തങ്ങളുടെ പരിശുദ്ധിയിലൂടെ അവർ എത്രമാത്രം സന്തുഷ്ടരാണ്!
ഈ സന്ദർഭത്തിൽ ഓർത്തിരിക്കേണ്ട ഏറ്റവും മഹത്തായ പ്രാർത്ഥനകളിൽ ഒന്ന്, നമ്മുടെ പ്രവാചകൻ ﷺ തന്റെ പ്രാർത്ഥനകളിൽ പതിവായി ഉൾപ്പെടുത്തിയിരുന്നതാണ്:
اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى
അല്ലാഹുവേ, നിന്നോട് ഞാൻ ഹിദായത്തും (സന്മാർഗ്ഗം), തഖ്വയും (ഭയഭക്തി), അഫാഫും (ചാരിത്രശുദ്ധി), ഗിനായും (ഐശ്വര്യം) ചോദിക്കുന്നു. (മുസ്ലിം 2721)
ചാരിത്ര്യത്തെ കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും നാം സ്വയം ഓർമ്മിപ്പിക്കേണ്ടത് ഇന്ന് അനിവാര്യമാണ്. പ്രത്യേകിച്ച്, ജനങ്ങൾക്ക് മുന്നിൽ തിന്മയുടെയും നാശത്തിന്റെയും വാതിലുകൾ മലർക്കെ തുറക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ. ഈ തിന്മകൾ ബുദ്ധിയെ കവർന്നെടുക്കുന്നു, മനസ്സിനെ അടിമപ്പെടുത്തുന്നു, ഹൃദയങ്ങളെ മലിനമാക്കുന്നു, ഒട്ടനവധി ദോഷങ്ങളെ വിളിച്ചുവരുത്തുന്നു. അല്ലാഹു സംരക്ഷിച്ചവർക്കല്ലാതെ ഇതിൽ നിന്ന് യാതൊരു രക്ഷയുമില്ല. നാശകാരിയായ ഈ പരീക്ഷണങ്ങൾക്കും വിപത്തുകൾക്കും ഇടയിൽ, ഒരു ദാസൻ തന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുകയും പരിശുദ്ധിയെന്ന കപ്പലിൽ കയറി രക്ഷപ്പെടുകയും ചെയ്യേണ്ടത് കടമയാണ്. അലതല്ലുന്ന തിരമാലകൾ പോലെ ആഞ്ഞടിക്കുന്ന ഈ പരീക്ഷണങ്ങളിൽ നിന്ന് രക്ഷനേടാൻ ഭൂമിയുടെയും ആകാശങ്ങളുടെയും രക്ഷിതാവിങ്കലേക്ക് അവൻ അഭയം തേടണം. തനിക്ക് മോചനവും പരിശുദ്ധിയും നൽകാനായി അവൻ അല്ലാഹുവിനോട് പ്രാർത്ഥിക്കണം. അല്ലാഹുവിന്റെ മുന്നിൽ താൻ നിൽക്കേണ്ടി വരുമെന്നും, അവൻ തന്നെ ചോദ്യം ചെയ്യുമെന്നും, പരലോകത്ത് പ്രതിഫലവും വിചാരണയും സ്വർഗ്ഗവും നരകവും ഉണ്ടെന്നും അവൻ എപ്പോഴും ഓർമ്മിക്കണം. ഈ ജീവിതത്തിൽ ചെയ്യുന്ന ഓരോ പ്രവൃത്തിയും അന്ത്യനാളിൽ തന്റെ മുന്നിൽ ഹാജരാക്കപ്പെടുമെന്ന ബോധം അവനുണ്ടാകണം.
وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى
അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്കുവാന് വേണ്ടിയത്രെ അത്. നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്കുവാന് വേണ്ടിയും. (ഖുർആൻ:53/31)
www.kanzululoom.com