قال إمام ابن القيم رحمه الله: ما اخذ العبد ما حرم عليه إلا من جهتين، إحداهما: سوء ظنه بربه، وانه لو اطاعه وآثره لم يعطه خيرا منه حلالا. والثانية: أن يكون عالماً بذلك وإن من ترك لله شيئا أعاضه خيرا منه، ولكن تغلب شهوته صبره وهواء عقله، ڤالأول من ضعف علمه، والثاني من ضعف عقله وبصيرته.
ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: രണ്ട് കാരണങ്ങൾ കൊണ്ടല്ലാതെ അടിമ അവന്റെ മേൽ അല്ലാഹു ഹറാമാക്കിയത് പ്രവർത്തിക്കുകയില്ല.
ഒന്ന്: അല്ലാഹുവിനെ സംബന്ധിച്ച് മോശമായ വിചാരം. അവൻ അല്ലാഹുവിനെ അനുസരിച്ചിരുന്നെങ്കിൽ ഹലാലായതിൽ നിന്ന് ഉത്തമമായത് അല്ലാഹു അവന് നൽകുമായിരുന്നു.
രണ്ട്: അല്ലാഹുവിന് വേണ്ടി എന്തെങ്കിലും ഒഴിവാക്കിയാൽ അതിനേക്കാൾ ഉത്തമമായത് അവൻ നൽകുമെന്ന അറിവ് അവനുണ്ടാകും. പക്ഷെ ദേഹേച്ച അവന്റെ ക്ഷമയെയും, തിന്മയുടെ പ്രവണത അവന്റെ ബുദ്ധിയെയും കീഴ്പ്പെടുത്തിയിട്ടുണ്ടാകും.
ഒന്നാമത്തേത് ഇൽമിലുള്ള കുറവു കൊണ്ടാണ്, രണ്ടാമത്തേത് ബുദ്ധിയുടേയും ഉൾക്കാഴ്ച്ചയുടെയും ദുർബലത കൊണ്ടും. (അൽഫവാഇദ്)
قال رسول الله صلى الله عليه وسلم : إنك لن تدع شيئا لله عز وجل إلا بدلك الله به ما هو خير لك منه.
നബി ﷺ പറഞ്ഞു: നീ അല്ലാഹുവിന് വേണ്ടി (നിഷിദ്ധമായ) ഒരു കാര്യം ഉപേക്ഷിച്ചാല്‍, അതിനേക്കാള്‍ നല്ലത് അവന് നിനക്ക് പകരം നല്കാതിരിക്കില്ല. (മുസ്നദ് അഹ്മദ്: 21996 – സ്വഹീഹ് അല്‍ബാനി)
അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച്, അവൻ നിഷിദ്ധമാക്കിയ ഒരു കാര്യം നാം ഉപേക്ഷിക്കുകയാണെങ്കിൽ അതിനെക്കാൾ ഖൈര്‍ ആയത് അല്ലാഹു നമുക്ക് പകരം തരും. അത് ദുൻയാവിൽ ആയിരിക്കാം, ആഖിറത്തിൽ ആയിരിക്കാം. അല്ലെങ്കിൽ രണ്ടിടത്തും ആയിരിക്കാം.
അല്ലാഹുവുമായുള്ള അടുപ്പവും അവനോടുള്ള സ്നേഹവും, അവനിലൂടെയുള്ള മനസ്സമാധാനവും ഇതുവഴി വര്‍ദ്ധിക്കുകയും ചെയ്യും.
ഇബ്നുൽ ക്വയ്യിം رحمه الله പറയുന്നു: “അല്ലാഹു ‘പകരം നൽകും’ എന്നു പറയുന്നത് വ്യത്യസ്ത രൂപങ്ങളിലാകാം. അതിൽ ഏറ്റവും പ്രധാനം (ആ പ്രവൃത്തി ചെയ്യുന്നതിലൂടെ) അല്ലാഹുവിനോടുള്ള സ്നേഹവും ഹൃദയത്തിനും മനസ്സിനും ലഭിക്കുന്ന സ്ഥൈര്യവും സമാധാനവും സംതൃപ്തിയുമാണ്’’ (അൽഫവാഇദ്)
വിശ്വാസിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനം അല്ലാഹു കൽപിച്ചത് ചെയ്യുന്നതിലൂടെയും വിരോധിച്ചതിൽനിന്നും വിട്ടുനിൽക്കുന്നതിലൂടെയും ലഭിക്കുന്ന മനഃസംതൃപ്തിയാണ്.
“ചില സൽകർമങ്ങൾക്ക് ഇഹലോകത്തുവച്ച് തന്നെ അല്ലാഹു ചില അനന്തരഫലങ്ങൾ നൽകിയേക്കാം. മുഹാജിറുകൾ ഇതിന് ഉദാഹരണമാണ്. അല്ലാഹുവിനുവേണ്ടി വീടും ജനിച്ച നാടും സമ്പത്തുമെല്ലാം ഉപേക്ഷിച്ച മുഹാജിറുകൾക്ക് പിൽക്കാലത്ത് അല്ലാഹു സമ്പത്ത് പകരമായി നൽകി. ഭൂമിയുടെ കിഴക്കും പടിഞ്ഞാറും അല്ലാഹു അവർക്ക് കീഴ്പെടുത്തിക്കൊടുത്തു’’ (ഇബ്നുൽ ക്വയ്യിം, റൗദത്തുൽ മുഹിബ്ബീൻ: 445)
അതിനാൽ അല്ലാഹുവിനെ കുറിച്ച് സൽവിചാരം വെച്ചുപുലര്‍ത്തുക. അല്ലാഹു നമുക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത് നാം സ്വയം തിരഞ്ഞെടുക്കുന്നതിനേക്കാൾ നല്ലതാണെന്നും അറിയുക.
അല്ലാഹുവിന് വേണ്ടി എന്തെങ്കിലും ഒഴിവാക്കിയാൽ അതിനേക്കാൾ ഉത്തമമായത് അവൻ നൽകുമെന്ന വിശ്വാസം തിൻമകളിൽ നിന്നും നമ്മെ തടയുന്നു.
قُل لِّلْمُؤْمِنِينَ يَغُضُّوا۟ مِنْ أَبْصَٰرِهِمْ وَيَحْفَظُوا۟ فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ ٱللَّهَ خَبِيرُۢ بِمَا يَصْنَعُونَ
(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖുർആൻ:24/30)
ശൈഖ് അസ്സഅ്ദി رحمه الله പറഞ്ഞു: “ആരെങ്കിലും തന്റെ ഗുഹ്യവയവത്തെയും ദൃഷ്ടിയെയും കാത്തുസൂക്ഷിച്ചാൽ, നീചവൃത്തികളിലേർപ്പെടുന്നവർ മലിനമാകുന്ന അഴുക്കുകളിൽ നിന്ന് അവൻ ശുദ്ധിയാവുന്നു. നിഷിദ്ധമായ കാര്യങ്ങൾ (ഹറാമുകൾ) ഉപേക്ഷിച്ചതു കാരണം അവന്റെ കർമ്മങ്ങൾ സംസ്കരിക്കപ്പെടുന്നു. ആ ഹറാമുകളിലേക്കാകട്ടെ മനസ്സ് ആഗ്രഹിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. ആരെങ്കിലും അല്ലാഹുവിന് വേണ്ടി എന്തെങ്കിലും ഉപേക്ഷിച്ചാൽ, അല്ലാഹു അവന് അതിനേക്കാൾ ഉത്തമമായത് പകരം നൽകുന്നതാണ്.” [തയ്സീറുൽ കരീമി റഹ്മാൻ: പേജ് 566]
www.kanzululoom.com