സാക്ഷ്യവും സാക്ഷിയും

നിർവചനം, മതവിധി, തെളിവുകൾ

ശഹാദത്തിന്റെ നിർവചനം: ഖണ്ഡിതമായ പ്രസ്താവനയാണ് ഭാഷാപരമായി ‘ശഹാദത്ത്.’ ‘മുശാഹദ’യിൽനിന്ന് എടുക്കപ്പെട്ടതാണ് അത്. താൻ സാക്ഷിയാവുകയും കാണുകയും ചെയ്തതാണ് സാക്ഷി പ്രസ്താവിക്കുന്നത്. വിധി പറയുന്ന വേദിയിൽ മറ്റൊരാളുടെമേൽ ബാധ്യതയായ, അന്യന്റെ ഒരു അവകാശത്തെക്കുറിച്ച് പ്രസ്താവിക്കലാണ്, അല്ലെങ്കിൽ ചില പ്രത്യേക പദപ്രയോഗങ്ങൾകൊണ്ട് സാക്ഷി താൻ അറിഞ്ഞത് പറയലാണ് കർമശാസ്ത്ര പണ്ഡിതന്മാരുടെ അടുക്കൽ ശഹാദത്തുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ‘അശ്ഹദു’ (ഞാൻ സാക്ഷ്യം വഹിക്കുന്നു), ‘ശഹിദ്തു’ (ഞാൻ സാക്ഷ്യം വഹിച്ചു) പോലുള്ള പദങ്ങളാണ് അവ.

മതവിധി

മനുഷ്യരുടെ അവകാശങ്ങളിൽ സാക്ഷ്യം ഏറ്റെടുക്കൽ ഫർദു കിഫ (സാമൂഹ്യബാധ്യത) യാകുന്നു. അതേറ്റെടുക്കുന്നവരുണ്ടായാൽ മറ്റുള്ളവർക്ക് അതു മതി; ഉദ്ദേശ്യം കരഗതമാകുന്നതിനാലാണത്. പര്യാപ്തമായവനല്ലാതെ കാണപ്പെട്ടിട്ടില്ലെങ്കിൽ സാക്ഷ്യം അവനു ഫർദു ഐൻ (വ്യക്തിഗത ബാധ്യത) ആകുന്നു. അല്ലാഹു പറഞ്ഞു:

وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا

(തെളിവ് നൽകാൻ) വിളിക്കപ്പെട്ടാൽ സാക്ഷികൾ വിസമ്മതിക്കരുത്. (ഖുർആൻ: 2/282)

എന്നാൽ ശഹാദത്ത് നിർവഹിക്കുവാൻ ക്ഷണിക്കപ്പെട്ടാൽ അത് നിർവ്വഹിക്കലും അത് സ്ഥാപിക്കലും വ്യക്തിഗത ബാധ്യതയാകുന്നു. അല്ലാഹു പറഞ്ഞു:

وَلَا تَكْتُمُوا الشَّهَادَةَ وَمَنْ يَكْتُمْهَا فَإِنَّهُ آَثِمٌ قَلْبُهُ

നിങ്ങൾ സാക്ഷ്യം മറച്ചുവെക്കരുത്. ആരത് മറച്ചു വെക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു. (ഖുർആൻ: 2/283)

ശഹാദത്ത് മറച്ചുവെക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാകുന്നു ഇത്. ശഹാദത്ത് ഏറ്റെടുത്തവർ അതു നിർവഹിക്കുവാൻ എപ്പോഴാണോ ക്ഷണിക്കപ്പെടുന്നത് അപ്പോൾ അത് നിർവഹിക്കൽ നിർബന്ധമാണെന്ന് ഇതറിയിക്കുന്നു.

സാക്ഷിയെ തൊട്ട് ഉപദ്രവങ്ങൾ ഇല്ലാതാക്കുകയെന്നത് സാക്ഷ്യം ഏറ്റെടുക്കലും നിർവഹിക്കലും നിർബന്ധമാകുന്നതിനു ശർത്ത്വാകുന്നു. അതിനാൽ അവന്റെ അഭിമാനത്തിനോ സമ്പത്തിനോ ശരീരത്തിനോ കുടുംബത്തിനോ വല്ല ക്ഷതവുമേൽക്കുമെങ്കിൽ അവന് അത് നിർബന്ധമാവുകയില്ല. തിരുനബിﷺ പറഞ്ഞു:

لا ضرر ولا ضرار

യാതൊരു ദ്രോഹം ഏൽക്കലും ഏൽപിക്കലുമില്ല. (ഹാകിം)

മതപരമെന്നതിന്റെ തെളിവുകൾ

വിശുദ്ധക്വുർആനും തിരുസുന്നത്തും ഇജ്മാഉം ശഹാദത്ത് മതപരമാണെന്നറിയിക്കുന്നു. അല്ലാഹു പറഞ്ഞു:

وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا

(തെളിവ് നൽകാൻ) വിളിക്കപ്പെട്ടാൽ സാക്ഷികൾ വിസമ്മതിക്കരുത്. (ഖുർആൻ: 2/282)

وَأَقِيمُوا الشَّهَادَةَ لِلَّهِ

അല്ലാഹുവിന് വേണ്ടി സാക്ഷ്യം ശരിയായി നിലനിർത്തുകയും ചെയ്യുക. (ഖുർആൻ: 65/2)

وَلَا تَكْتُمُوا الشَّهَادَةَ وَمَنْ يَكْتُمْهَا فَإِنَّهُ آَثِمٌ قَلْبُهُ

നിങ്ങൾ സാക്ഷ്യം മറച്ചുവെക്കരുത്. ആരത് മറച്ചു വെക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു. (ഖുർആൻ: 2/283)

وَأَشْهِدُوا ذَوَيْ عَدْلٍ مِنْكُمْ

നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. (ഖുർആൻ: 65/2)

وَاسْتَشْهِدُوا شَهِيدَيْنِ مِنْ رِجَالِكُمْ فَإِنْ لَمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّنْ تَرْضَوْنَ مِنَ الشُّهَدَاءِ

നിങ്ങളിൽ പെട്ട രണ്ടു പുരുഷന്മാരെ നിങ്ങൾ സാക്ഷി നിർത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്മാരായില്ലെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന സാക്ഷികളിൽനിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. (ഖുർആൻ: 2/282)

ഇബ്‌നുമസ്ഊദ് رضي الله عنه വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാമുണ്ട്; തിരുനബിﷺ പറഞ്ഞു:

شاهداك أو يمينه

താങ്കളുടെ രണ്ടു സാക്ഷികളെ ഹാജറാക്കുക. അല്ലെങ്കിൽ അവന്റെ സത്യമുണ്ട്. (ബുഖാരി, മുസ്ലിം)

ഇബ്‌നുഅബ്ബാസ് رضي الله عنه വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാമുണ്ട്; തിരുനബിﷺ പറഞ്ഞു:

البينة على المدَّعي، واليمين على من أنكر

വാദിയാണ് തെളിവ് ഹാജറാക്കേണ്ടത്. സത്യം ചെയ്യേണ്ടത് നിഷേധിക്കുന്നവനും. (തിര്‍മിദി)

അവകാശങ്ങൾ സ്ഥാപിക്കുവാനും ആവശ്യകത വിളിച്ചോതുന്നതിനാലും ശഹാദത്ത് മതപരമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.

സാക്ഷിക്ക് ഉണ്ടായിരിക്കേണ്ട നിബന്ധനകൾ

ശഹാദത്ത് സ്വീകരിക്കപ്പെടുന്നവരിൽ താഴെ വരുന്ന കാര്യങ്ങൽ നിബന്ധനയാക്കപ്പെടും:

1) ഇസ്‌ലാം:

وَأَشْهِدُوا ذَوَيْ عَدْلٍ مِنْكُمْ

നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. (ഖുർആൻ: 65/2)

مِمَّنْ تَرْضَوْنَ مِنَ الشُّهَدَاءِ

നിങ്ങൾ ഇഷ്ടപ്പെടുന്ന സാക്ഷികളിൽനിന്ന് … (ഖുർആൻ: 2/282)

സത്യനിഷേധി ദീനീനിഷ്ഠനോ തൃപ്തിപ്പെടുന്നവനോ അല്ല. യാത്രയിൽ വസ്വിയ്യത്തിന്റെ വിഷയത്തിൽ വേദക്കാരിൽപെട്ട അവിശ്വാസിയുടെ സാക്ഷ്യത സ്വീകരിക്കപ്പെടും; അവരല്ലാത്തവരെ കണ്ടുകിട്ടാത്ത നിർബന്ധിതാവസ്ഥയിലാണിത്. അല്ലാഹു പറഞ്ഞു:

يَا أَيُّهَا الَّذِينَ آَمَنُوا شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ حِينَ الْوَصِيَّةِ اثْنَانِ ذَوَا عَدْلٍ مِنْكُمْ أَوْ آَخَرَانِ مِنْ غَيْرِكُمْ إِنْ أَنْتُمْ ضَرَبْتُمْ فِي الْأَرْضِ فَأَصَابَتْكُمْ مُصِيبَةُ الْمَوْتِ

സത്യവിശ്വാസികളേ, നിങ്ങളിലൊരാൾക്ക് മരണമാസന്നമായാൽ വസ്വിയ്യത്തിന്റെ സമയത്ത് നിങ്ങളിൽനിന്നുള്ള നീതിമാന്മാരായ രണ്ടുപേർ നിങ്ങൾക്കിടയിൽ സാക്ഷ്യം വഹിക്കേണ്ടതാണ്. ഇനി നിങ്ങൾ ഭൂമിയിലൂടെ യാത്രചെയ്യുന്ന സമയത്താണ് മരണവിപത്ത് നിങ്ങൾക്ക് വന്നെത്തുന്നതെങ്കിൽ (വസ്വിയ്യത്തിന് സാക്ഷികളായി) നിങ്ങളല്ലാത്തവരിൽപെട്ട രണ്ടുപേരായാലും മതി. (ഖുർആൻ: 5/106)

ഇബ്‌നു അബ്ബാസും വലിയ ഒരു സംഘം പണ്ഡിതന്മാരും  أَوْ آَخَرَانِ مِنْ غَيْرِكُمْ (അല്ലെങ്കിൽ നിങ്ങളല്ലാത്തവരിൽപെട്ട രണ്ടുപേരായാലും മതി – 5/106) എന്ന ആയത്തിന്റെ വിഷയത്തിൽ പറഞ്ഞു:

من غير المسلمين، يعني أهل الكتاب

അമുസ്‌ലിംകളിൽപെട്ട അഥവാ വേദക്കാരിൽപെട്ട. [تفسير ابن كثير (٣/ ٢١١).]

2) പ്രായപൂർത്തിയും ബുദ്ധിയും: കുട്ടിക്ക് സാക്ഷിത്വമില്ല; അവൻ ദീനീനിഷ്ഠയുള്ളവനാണെന്ന് വിശേഷിപ്പിക്കപ്പെട്ടാലും ശരി. കാരണം അവൻ ബുദ്ധി പൂർണമായി ഉറച്ചവനല്ല. അതിനാലവൻ യോഗ്യത കുറഞ്ഞവനാണ്. ഇപ്രകാരം ഭ്രാന്തന്റെയും ഭോഷ്‌കന്റെയും ലഹരിബാധിതന്റെയും സാക്ഷ്യവും സ്വീകരിക്കപ്പെടുകയില്ല. കാരണം അവരുടെ സാക്ഷ്യം വിധി നടത്താനുതകുന്ന ദൃഢജ്ഞാനത്തെ പ്രദാനം ചെയ്യുന്നില്ല.

3) സംസാരം: ഊമയുടെ സാക്ഷ്യം സ്വീകരിക്കപ്പെടുകയില്ല. അവന്റെ ആംഗ്യം മനസ്സിലായാലും ശരി. അവനുമായി പ്രത്യേകമായുള്ള വിധികളിലാണ് നിർബന്ധ സാഹചര്യത്തിൽ അവന്റെ ആംഗ്യം സ്വീകരിക്കപ്പെടുക. എന്നാൽ അവന്റെ എഴുത്തിലൂടെ സാക്ഷ്യം നിർവഹിച്ചാൽ അതു സ്വീകരിക്കപ്പെടും; എഴുത്ത് പദപ്രയോഗങ്ങളെ അറിയിക്കുന്നു എന്നതിനാലാണത്.

4) ഓർമ, ഉണർവ്, കൃത്യത: അശ്രദ്ധയുള്ളവന്റെയും അബദ്ധവും മറവിയും അധികമായി പിണയുന്നവന്റെയും സാക്ഷ്യം സ്വീകരിക്കപ്പെടുകയില്ല. പിഴവിലൂടെയുള്ള സാക്ഷ്യമാകുവാൻ സാധ്യതയുള്ളതിനാൽ തന്റെ വാക്കിൽ വിശ്വാസ്യത നേടാതിരിക്കുന്നതിനാലാണത്. എന്നാൽ അബദ്ധവും മറവിയും കുറച്ചു സംഭവിക്കുന്നവരിൽനിന്ന് സാക്ഷ്യം സ്വീകരിക്കപ്പെടും. കാരണം അതിൽനിന്ന് ഒരാളും സുരക്ഷിതമാകില്ലല്ലോ.

5) ധർമനിഷ്ഠ: തെമ്മാടിയുടെ സാക്ഷ്യം സ്വീകരിക്കപ്പെടുകയില്ല. ‘

وَأَشْهِدُوا ذَوَيْ عَدْلٍ مِنْكُمْ

നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. (ഖുർആൻ: 65/2)

‘അദ്ൽ’ എന്നാൽ സംശയാസ്പദമായ യാതൊന്നും ഉപരിപ്ലവമായി ഇല്ലാത്ത, മനുഷ്യത്വമുള്ള, നിർബന്ധവും ഐച്ഛികവുമായ ബാധ്യതകൾ നിർവഹിക്കുന്ന, നിഷിദ്ധങ്ങളും വെറുക്കപ്പെട്ടതുമായ കാര്യങ്ങൾ കയ്യൊഴിക്കുന്ന, ദീനിൽ നിഷ്ഠയുള്ള വ്യക്തിയാകുന്നു.

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *