മക്കയിൽ അവതരിച്ചത്
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. (1)
അല്ലാഹുവിന്റെ എല്ലാ നാമങ്ങളും മുൻനിർത്തിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു; കാരണം, اسْمٍ (നാമം) എന്ന പദം ഇവിടെ ഏകവചനമാണ്, (അത് അല്ലാഹു എന്ന പദത്തിലേക്ക്) ചേർക്കപ്പെട്ടതുമാണ്. അതിനാൽ (വ്യാകരണ നിയമപ്രകാരം) അത് (അല്ലാഹുവിന്റെ) എല്ലാ ഉത്തമ നാമങ്ങളെയും ഒരേസമയം പൊതുവായി ഉൾക്കൊള്ളുന്നു.
{അല്ലാഹു} എന്നാൽ: ആരാധ്യൻ (الْمَأْلُوهُ). ആരാധിക്കപ്പെടുന്നവൻ (الْمَعْبُودُ), ആരാധനകൾ മുഴുവൻ അവന് മാത്രമാക്കാൻ അവകാശപ്പെട്ടവൻ എന്നാണ്. കാരണം, അവൻ ഉലൂഹിയ്യത്തിന്റെ വിശേഷണങ്ങൾ കൊണ്ട് ധന്യനാണ്; ആ വിശേഷണങ്ങളാകട്ടെ തികച്ചും പരിപൂർണ്ണമായ ഗുണങ്ങളാണ്.
{പരമകാരുണികൻ, കരുണാനിധി} അല്ലാഹു വിപുലവും അത്യന്തം മഹത്തരവുമായ കാരുണ്യത്തിന്റെ ഉടമയാണെന്ന് വ്യക്തമാക്കുന്ന രണ്ട് നാമങ്ങളാകുന്നു; ആ കാരുണ്യം പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും ഉൾക്കൊള്ളുന്നതാണ്, എല്ലാ ജീവജാലങ്ങളെയും അത് ഉൾക്കൊണ്ടിരിക്കുന്നു.
കൂടാതെ, അവൻ തന്റെ പ്രവാചകന്മാരെയും റസൂലുകളെയും പിന്തുടരുന്ന മുത്തഖീങ്ങൾക്കായി ആ കാരുണ്യത്തെ പ്രത്യേകമായി രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട്. അവർക്ക് (പരലോകത്ത്) പരിപൂർണ്ണമായ കാരുണ്യം ലഭിക്കുന്നതാണ്. മറ്റുള്ളവർക്ക് (ഈ ദുനിയാവിൽ) അതിന്റെ ഒരു ഓഹരി മാത്രമാണ് ഉള്ളത്.
അറിയുക: തീർച്ചയായും ഈ ഉമ്മത്തിലെ സച്ചരിതരായ മുൻഗാമികളും, അവരുടെ ഇമാമുകളും ഏകകണ്ഠമായി അംഗീകരിച്ചിട്ടുള്ള അടിസ്ഥാന തത്വങ്ങളിൽ പെട്ടതാണ്, അല്ലാഹുവിന്റെ നാമങ്ങളിലും (അസ്മാഅ്) അവന്റെ വിശേഷണങ്ങളിലും (സ്വിഫാത്), ആ വിശേഷണങ്ങളുമായി ബന്ധപ്പെട്ടു വരുന്ന വിധികളിലും (അഹ്കാമുസ്സ്വിഫാത്) ദൃഢമായി വിശ്വസിക്കുക എന്നത്.
ഉദാഹരണത്തിന്, അവർ (മുൻഗാമികൾ) വിശ്വസിക്കുന്നത്: അല്ലാഹു ‘റഹ്മാനും റഹീമും’ (പരമകാരുണികനും കരുണാനിധിയും) ആകുന്നു; കാരുണ്യത്തിന്റെ ഉടമയാണവൻ, (ആ കാരുണ്യംകൊണ്ട്) അവൻ വിശേഷിപ്പിക്കപ്പെട്ടു. ആർക്കാണോ കാരുണ്യം നൽകപ്പെടുന്നത് (ആ പടപ്പുകളുമായി) നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാകുന്നു. അത്. അതിനാൽ, (നമുക്ക് ലഭിക്കുന്ന) അനുഗ്രഹങ്ങൾ മുഴുവനും അവന്റെ ആ കാരുണ്യത്തിന്റെ പ്രതിഫലനങ്ങളിൽ പെട്ടതു മാത്രമാണ്. ഇതുപോലെ തന്നെയാണ് മറ്റെല്ലാ തിരുനാമങ്ങളുടെ കാര്യവും.
(അവന്റെ നാമങ്ങളിൽ പെട്ട) ‘അൽഅലീം’ എന്ന നാമത്തിന്റെ കാര്യത്തിൽ ഇപ്രകാരം പറയപ്പെടും: തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനാകുന്നു; അറിവിന്റെ ഉടമയുമാണ്. ആ അറിവുകൊണ്ട് അവൻ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളെയും കൃത്യമായി അറിയുന്നു.
‘അൽഖദീർ’ എന്ന നാമത്തിന്റെ കാര്യത്തിലും പറയപ്പെടും: അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു; അവൻ പരിപൂർണ്ണമായ കഴിവിന്റെ ഉടമയുമാണ്. ആ കഴിവുകൊണ്ട് അവൻ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങൾക്കും പൂർണ്ണമായി പ്രാപ്തനായവനാണ്.
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ
എല്ലാ സ്തുതിയും സര്‍വ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു. (2)
{എല്ലാ സ്തുതിയും അല്ലാഹുവിനാകുന്നു} എന്നാൽ: അല്ലാഹുവിന്റെ പരിപൂർണ്ണമായ ഗുണവിശേഷങ്ങളെ എടുത്തുപറഞ്ഞ് അവനെ പ്രകീർത്തിക്കലും സ്തുതിക്കലുമാകുന്നു. അതോടൊപ്പം, അവന്റെ ഔദാര്യത്തിനും, നീതിക്കും ഇടയിൽ മാത്രം ചുറ്റിത്തിരിയുന്ന അവന്റെ എല്ലാ പ്രവർത്തനങ്ങളുടെ പേരിലും അവനെ സ്തുതിക്കലാകുന്നു. അതിനാൽ, എല്ലാ വശങ്ങളിലൂടെയും (എല്ലാ അർത്ഥത്തിലും) പരിപൂർണ്ണമായ സർവ്വസ്തുതിയും അവന് (അല്ലാഹുവിന്) മാത്രമാകുന്നു.
{സര്‍വ്വലോക പരിപാലകനായ}അല്ലാഹു പ്രപഞ്ചത്തെ മുഴുവൻ – അല്ലാഹു അല്ലാത്ത മറ്റെല്ലാ സൃഷ്ടികളുമാണ് പ്രപഞ്ചം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് – അവരെ സൃഷ്ടിച്ചുകൊണ്ട് വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നവനാകുന്നു. അതോടൊപ്പം അവർക്ക് ജീവിക്കാൻ ആവശ്യമായ അവയവങ്ങളും ഉപകരണങ്ങളും ഒരുക്കിക്കൊടുത്തുകൊണ്ടും, അവർക്ക് വലിയ വലിയ അനുഗ്രഹങ്ങൾ ചൊരിഞ്ഞു നൽകിക്കൊണ്ടുമാണ് അവൻ അവരെ പരിപാലിക്കുന്നത്; അങ്ങനെയുള്ള അനുഗ്രഹങ്ങൾ അവർക്ക് നഷ്ടപ്പെട്ടാൽ അവർക്ക് പിന്നെ ഒട്ടും നിലനിൽക്കാൻ (ജീവിക്കാൻ) സാധ്യമാവുകയില്ല. ചുരുക്കത്തിൽ, സൃഷ്ടികളിൽ എന്തെല്ലാം അനുഗ്രഹങ്ങൾ ഉണ്ടോ, അതൊക്കെയും അല്ലാഹുവിൽ നിന്ന് മാത്രമുള്ളതാകുന്നു.
അല്ലാഹു തന്റെ സൃഷ്ടികളെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നത് രണ്ട് വിധമുണ്ട്: പൊതുവായ പരിപാലനവും, പ്രത്യേകമായ പരിപാലനവും.
പൊതുവായ പരിപാലനം എന്നാൽ: അവൻ സൃഷ്ടികളെ സൃഷ്ടിക്കലും, അവർക്ക് ആവശ്യമായ ഉപജീവനം നൽകലും, ഈ ദുൻയാവിലെ അവരുടെ നിലനിൽപ്പിന് ആവശ്യമായതും അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതുമായ കാര്യങ്ങളിലേക്ക് അവരെ വഴിനടത്തലുമാകുന്നു.
പ്രത്യേകമായ പരിപാലനം എന്നാൽ: അത് അല്ലാഹു തന്റെ പ്രിയപ്പെട്ട അടിമകൾക്ക് (ഔലിയാക്കൾക്ക്) നൽകുന്ന പ്രത്യേക പരിപാലനമാകുന്നു. അതായത്, അവൻ അവരെ ഈമാൻ (സത്യവിശ്വാസം) നൽകി വളർത്തുകയും, അതിനായി അവർക്ക് തൗഫീഖ് നൽകുകയും, അവർക്കത് പൂർത്തിയാക്കി കൊടുക്കുകയും ചെയ്യുന്നു. അതോടൊപ്പം, ഈമാനിനും അവർക്കുമിടയിൽ തടസ്സമായി നിൽക്കുന്ന എല്ലാവിധ വഴിതിരിച്ചുവിടലുകളെയും പ്രതിബന്ധങ്ങളെയും അവൻ അവരിൽ നിന്ന് തട്ടിമാറ്റുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ഈ സവിശേഷ പരിപാലനത്തിന്റെ യാഥാർത്ഥ്യം എന്നത്: എല്ലാ നന്മകളിലേക്കുമുള്ള തൗഫീഖ് നൽകലും, എല്ലാ തിന്മകളിൽ നിന്നുമുള്ള സംരക്ഷണവുമാകുന്നു.
പ്രവാചകന്മാരുടെ പ്രാർത്ഥനകളിൽ ഭൂരിഭാഗവും ‘റബ്ബ്’ എന്ന പദം ഉപയോഗിച്ചുകൊണ്ടായതിന്റെ പിന്നിലെ രഹസ്യവും ഒരുപക്ഷേ ഈയൊരു അർത്ഥതലമായിരിക്കാം. കാരണം, അവരുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും മുഴുവനും അല്ലാഹുവിന്റെ സവിശേഷമായ ആ പരിപാലനത്തിന്റെ പരിധിയിൽ മാത്രം വരുന്നവയാകുന്നു.
അതിനാൽ, {സര്‍വ്വലോക പരിപാലകൻ} എന്ന വചനം വ്യക്തമാക്കുന്നത്: സൃഷ്ടിപ്പിലും, നിയന്ത്രണത്തിലും, അനുഗ്രഹങ്ങൾ ചൊരിയുന്നതിലും അവൻ ഏകനാണ് എന്നതാകുന്നു. അതോടൊപ്പം, അത് അല്ലാഹുവിന്റെ പരിപൂർണ്ണമായ നിരാശ്രയത്വത്തെയും, ലോകത്തെ മുഴുവൻ സൃഷ്ടികൾക്കും എല്ലാ കോണുകളിലൂടെയും എല്ലാ പരിഗണനകളിലൂടെയും അവനിലേക്ക് മാത്രമുള്ള ആശ്രയത്വത്തെയും തെളിയിക്കുന്നു.
ٱلرَّحْمَٰنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയും. (3)
ഇതിന്റെ ആശയം ആദ്യ വചനത്തിൽ കൊടുത്തിട്ടുണ്ട്.
مَٰلِكِ يَوْمِ ٱلدِّينِ
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍. (4)
الْمَالِكُ (ഉടമസ്ഥന്‍) എന്നാൽ: രാജാവ് (പരിപൂർണ്ണമായ രാജാധികാരം) എന്ന ഗുണവിശേഷണമുള്ളവനാണ്. ആ ഗുണവിശേഷത്തിന്റെ അനന്തരഫലങ്ങളിൽ പെട്ടതാണ് അവൻ കൽപ്പിക്കുകയും വിലക്കുകയും ചെയ്യുക, നന്മക്ക് പ്രതിഫലം നൽകുകയും തിന്മക്ക് ശിക്ഷിക്കുകയും ചെയ്യുക എന്നത്. അതോടൊപ്പം തന്റെ ഉടമസ്ഥതയിലുള്ള സൃഷ്ടികളിൽ എല്ലാവിധ നിയന്ത്രണങ്ങളും കൈകാര്യം ചെയ്യലുകളും നടത്തുക എന്നതും അതിന്റെ ഭാഗമാണ്. അങ്ങനെയുള്ള ആ പരമാധികാരത്തെ അവൻ ‘പ്രതിഫല നാളിലേക്ക്’ (يَوْمِ ٱلدِّين) ചേർത്തു പറഞ്ഞിരിക്കുന്നു. അത് ഖിയാമത്ത് നാളാകുന്നു. മനുഷ്യർക്ക് അവരുടെ നന്മയും തിന്മയുമായ പ്രവൃത്തികൾക്ക് കൃത്യമായി പ്രതിഫലം നൽകപ്പെടുന്ന ദിവസമാണത്. കാരണം, അന്നേദിവസം സൃഷ്ടികൾക്ക് അല്ലാഹുവിന്റെ പരമാധികാരത്തിന്റെ പരിപൂർണ്ണതയും, അവന്റെ അങ്ങേയറ്റത്തെ നീതിയും, യുക്തിയും പൂർണ്ണമായ രീതിയിൽ വെളിപ്പെടുന്നതാണ്. അതോടൊപ്പം സൃഷ്ടികൾക്ക് ഈ ദുൻയാവിലുണ്ടായിരുന്ന താല്ക്കാലികമായ എല്ലാ ഉടമസ്ഥതകളും അധികാരങ്ങളും അന്ന് പൂർണ്ണമായി അറ്റുപോവുകയും ചെയ്യും. ആ ദിവസത്തിൽ രാജാക്കന്മാരും പ്രജകളും, അടിമകളും സ്വതന്ത്രരും എല്ലാം ഒരുപോലെ സമന്മാരായിത്തീരും. അവരെല്ലാവരും അല്ലാഹുവിന്റെ മഹത്വത്തിന് മുന്നിൽ പൂർണ്ണമായി കീഴടങ്ങിയവരും, അവന്റെ പ്രതാപത്തിന് മുന്നിൽ വിനയാന്വിതരായി നിൽക്കുന്നവരും, അവന്റെ വിധിതീർപ്പിനായി കാത്തിരിക്കുന്നവരും, അവന്റെ പുണ്യത്തെ പ്രതീക്ഷിക്കുന്നവരും, അവന്റെ ശിക്ഷയെ ഭയപ്പെടുന്നവരുമായിരിക്കും. അതുകൊണ്ടാണ് അവൻ ആ ദിവസത്തെ മാത്രം പ്രത്യേകം എടുത്തു പറഞ്ഞത്. യഥാർത്ഥത്തിൽ അവൻ തന്നെയാണ് പ്രതിഫല നാളിന്റെയും അതില്ലാത്ത മറ്റു സകല ദിവസങ്ങളുടെയും ഉടമസ്ഥൻ.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (5)
അതായത്: ഇബാദത്തുകളെ മുഴുവൻ ഞങ്ങൾ നിനക്ക് മാത്രമായി സവിശേഷമാക്കുന്നു.
അതുപോലെത്തന്നെയാണ് ഇസ്തിആനത്തിന്റെ (സഹായംതേടലിന്റെ) കാര്യവും. കാരണം, (വ്യാകരണ നിയമപ്രകാരം) അവസാനം വരേണ്ട കർമ്മപദത്തെ ആദ്യംകൊണ്ടുവരുന്നത് പരിമിതപ്പെടുത്തൽ എന്ന അർത്ഥത്തെയാണ് നൽകുന്നത്. അത്, പരാമർശിക്കപ്പെട്ട (അല്ലാഹുവിന്) മാത്രം വിധി സ്ഥിരപ്പെടുത്തലും, അതിനപ്പുറമുള്ള മറ്റെല്ലാറ്റിൽ നിന്നും ആ വിധിയെ നിഷേധിക്കലുമാകുന്നു. അപ്പോൾ ഇപ്രകാരം പറയുന്നതുപോലെയാകുന്നു: ഞങ്ങൾ നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു, നിനക്കല്ലാതെ മറ്റാർക്കും ഞങ്ങൾ ഇബാദത്ത് ചെയ്യുന്നില്ല. ഞങ്ങൾ നിന്നോട് മാത്രം സഹായം തേടുന്നു, നിന്നോടല്ലാതെ മറ്റാരോടും ഞങ്ങൾ സഹായം തേടുന്നുമില്ല.
പൊതുവായ കാര്യത്തെ സവിശേഷമായ കാര്യത്തിന് മുമ്പായി കൊണ്ടുവരിക എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവൻ സഹായം തേടലിന് മുമ്പായി ആരാധനയെ മുന്തിച്ചു പറഞ്ഞത്. അതോടൊപ്പം, തന്റെ അടിമയുടെ അവകാശത്തേക്കാൾ ഉന്നതനായ അല്ലാഹുവിന്റെ അവകാശത്തിന് മുൻഗണന നൽകാനുള്ള താല്പര്യം (അതിനോടുള്ള പ്രാധാന്യം) കൊണ്ടുമാണ് അവൻ അങ്ങനെ ചെയ്തത്.
ഇബാദത്ത് (ആരാധന) എന്നാൽ: അല്ലാഹു ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ എല്ലാത്തരം ബാഹ്യവും ആന്തരികവുമായ വാക്കുകളെയും പ്രവൃത്തികളെയും ഉൾക്കൊള്ളുന്ന ഒരു നാമമാകുന്നു.
ഇസ്തിആനത്ത് (സഹായം തേടൽ) എന്നാൽ: ഉപകാരങ്ങൾ കൈവരിക്കുന്നതിനും, ഉപദ്രവങ്ങളെ തടുക്കുന്നതിനും വേണ്ടി, അവ നേടിയെടുക്കുന്നതിൽ അല്ലാഹുവിൽ പൂർണ്ണമായി അർപ്പിച്ചു വിശ്വസിച്ചുകൊണ്ട്, അത്യുന്നതനായ അല്ലാഹുവിൻമേൽ മാത്രം പൂർണ്ണമായി ആശ്രയിക്കലാകുന്നു.
അല്ലാഹുവിനെ ആരാധിക്കുന്നതിനായുള്ള നിലകൊള്ളലും, അവനോട് മാത്രം സഹായം തേടലും മാത്രമാകുന്നു ശാശ്വതമായ സൗഭാഗ്യത്തിലേക്കുള്ള ഏക മാർഗ്ഗവും, സകല തിന്മകളിൽ നിന്നുമുള്ള രക്ഷാകവാടവും. അതിനാൽ, ഈ രണ്ട് കാര്യങ്ങളും യഥാവിധി നിർവ്വഹിച്ചുകൊണ്ട് നിലകൊള്ളുക എന്നതിലൂടെയല്ലാതെ (ജീവിതത്തിൽ വിജയിക്കാനോ സകല തിന്മകളിൽ നിന്ന്) രക്ഷപ്പെടാനോ യാതൊരുവിധ മാർഗ്ഗവുമില്ല.
ഒരു ആരാധന (യഥാർത്ഥത്തിൽ അല്ലാഹുവിങ്കൽ സ്വീകാര്യമായ) ആരാധനയായി മാറുന്നത്; അത് അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് സ്വീകരിക്കപ്പെട്ടതും (മാതൃകയുള്ളതും), അതോടൊപ്പം അത് വഴി അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെക്കപ്പെട്ടതും (ഇഖ്‌ലാസുള്ളതും) ആകുമ്പോൾ മാത്രമാണ്. ഈ രണ്ട് കാര്യങ്ങൾ ഒത്തുചേരുമ്പോൾ മാത്രമാണ് അത് ഒരു ആരാധനയായി ഭവിക്കുന്നത്.”
(ഇനി,) ‘സഹായം തേടൽ’ (ഇസ്തിആനത്ത്) എന്നത് ആരാധനയുടെ പരിധിയിൽ ഉൾപ്പെടുന്ന ഒന്നായിരുന്നിട്ടുകൂടി, അതിനെ ആരാധനക്ക് (ഇബാദത്ത്) ശേഷം പ്രത്യേകം എടുത്തു പറഞ്ഞത്; ഒരു അടിമ തന്റെ സകല ആരാധനാ കർമ്മങ്ങളിലും അത്യുന്നതനായ അല്ലാഹുവിന്റെ സഹായം തേടുന്നതിലേക്ക് അതീവ ആവശ്യക്കാരനായതു കൊണ്ടാണ്. കാരണം, അല്ലാഹു ഒരു അടിമയെ സഹായിക്കാതിരുന്നാൽ, കൽപ്പനകൾ അനുസരിക്കുന്നതിലും വിലക്കപ്പെട്ടവയിൽ നിന്ന് അകന്നുനിൽക്കുന്നതിലും താൻ ഉദ്ദേശിക്കുന്ന യാതൊന്നും തന്നെ അവന് കൈവരിക്കാൻ സാധിക്കുകയില്ല.
ശേഷം അല്ലാഹു പറയുന്നു:
ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. (6)
അതായത്: സ്വിറാത്തുൽ മുസ്തഖീമിലേക്ക് (നേരായ മാർഗ്ഗത്തിലേക്ക്) ഞങ്ങൾക്ക് നീ വഴികാണിച്ചു തരേണമേ, ഞങ്ങളെ നയിക്കേണമേ, അതിനായി ഞങ്ങൾക്ക് നീ തൗഫീഖ് നൽകേണമേ. അത് (ആ നേരായ മാർഗ്ഗം) അല്ലാഹുവിലേക്കും അവന്റെ സ്വർഗ്ഗത്തിലേക്കും എത്തിച്ചുചേർക്കുന്ന വ്യക്തമായൊരു പാതയാകുന്നു. അത് സത്യത്തെ തിരിച്ചറിയലും, അതനുസരിച്ച് പ്രവർത്തിക്കലുമാണ്. അതിനാൽ ആ മാർഗ്ഗത്തിലേക്ക് ഞങ്ങളെ നീ നയിക്കേണമേ, ആ മാർഗ്ഗത്തിൽ ഞങ്ങളെ നീ ഉറപ്പിച്ചു നിർത്തുകയും ചെയ്യേണമേ.
അപ്പോൾ, നേരായ മാർഗ്ഗത്തിലേക്കുള്ള സന്മാർഗ്ഗം എന്നാൽ: ഇസ്‌ലാം ദീനിനെ മുറുകെപ്പിടിക്കലും (അതിൽ അടിയുറച്ചു നിൽക്കലും), അതല്ലാത്ത മറ്റ് സകല ആദർശങ്ങളെയും മതങ്ങളെയും പൂർണ്ണമായി വെടിയലുമാകുന്നു.
നേരായ മാർഗ്ഗത്തിലെ സന്മാർഗ്ഗം എന്നാൽ: ദീനിലെ എല്ലാവിധ സൂക്ഷ്മവും വിശദവുമായ കാര്യങ്ങളെയും അറിവിലൂടെയും പ്രവൃത്തിയിലൂടെയും ഉൾക്കൊള്ളുന്നതിലേക്ക് സന്മാർഗ്ഗം ലഭിക്കലാകുന്നു.
അതിനാൽ, (നേര്‍മാര്‍ഗത്തിനായുളള) ഈ പ്രാർത്ഥന ഒരു അടിമക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും സമഗ്രവും ഏറ്റവും ഉപകാരപ്രദവുമായ പ്രാർത്ഥനകളിൽ പെട്ടതാകുന്നു. ഇക്കാരണത്താൽ തന്നെയാണ്, ഒരു മനുഷ്യൻ തന്റെ നമസ്കാരത്തിലെ ഓരോ റക്അത്തിലും ഈ പ്രാർത്ഥനയിലൂടെ അല്ലാഹുവോട് പ്രാര്‍ത്ഥിക്കൽ നിർബന്ധമാക്കപ്പെട്ടിട്ടുള്ളത്; കാരണം അതിലേക്ക് അവൻ അത്രമേൽ ആവശ്യക്കാരനാണ് .
ഇനി, ആ നേരായ മാർഗ്ഗം എന്നാൽ:
صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. (7)
{നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍} പ്രവാചകന്മാർ, സത്യസന്ധന്മാർ, രക്തസാക്ഷികൾ, സജ്ജനങ്ങൾ എന്നിവരുടെ (മാര്‍ഗത്തില്‍). അത് (അല്ലാഹുവിന്റെ) കോപത്തിന് ഇരയായവരുടെ മാർഗ്ഗമല്ല. അവർ സത്യം എന്താണെന്ന് കൃത്യമായി തിരിച്ചറിയുകയും, എന്നാൽ അത് ബോധപൂർവ്വം ഉപേക്ഷിച്ചു കളയുകയും ചെയ്തവരാണ്; യഹൂദരെയും അവരെപ്പോലെയുള്ളവരെയും പോലെ. (അറിവുണ്ടായിട്ടും അതനുസരിച്ച് പ്രവർത്തിക്കാത്തവരാണവര്‍)
അതുപോലെ, വഴിപിഴച്ചുപോയവരുടെ മാർഗ്ഗവുമല്ല. അവർ അറിവില്ലായ്മ (جَهْلٍ) കാരണത്താലും വഴികേട് (ضَلَالٍ) നിമിത്തവും സത്യത്തെ കൈവെടിഞ്ഞവരാകുന്നു; നസ്വാറാക്കളെയും അവരെപ്പോലെയുള്ളവരെയും പോലെ. (അറിവില്ലാതെ പ്രവര്‍ത്തിക്കുന്നവരാണവര്‍)
അതിനാൽ ഈ സൂറത്ത്, അത് വളരെ ചുരുങ്ങിയ വചനങ്ങളുള്ളതാണെങ്കിൽ കൂടിയും, ഖുർആനിലെ മറ്റേതൊരു സൂറത്തും ഉൾക്കൊള്ളാത്ത അത്രയും വലിയ വിജ്ഞാനങ്ങളെയാണ് അത് ഉൾക്കൊണ്ടിരിക്കുന്നത്. അതേപോലെ തൗഹീദിന്റെ മൂന്ന് ഇനങ്ങളെയും ഈ സൂറത്ത് പൂർണ്ണമായി ഉൾക്കൊള്ളുന്നു:
തൗഹീദുര്‍റുബൂബിയ്യഃ (രക്ഷാകർത്വത്തിലെ ഏകത്വം) ഉൾക്കൊള്ളുന്നത്, അല്ലാഹുവിന്റെ ഈ വചനത്തിൽ നിന്നാകുന്നു: رَبِّ الْعَالَمِينَ (റബ്ബിൽ ആലമീൻ)
‘തൗഹീദുൽ ഇലാഹിയ്യഃ’ (ആരാധനയിലുള്ള അല്ലാഹുവിന്റെ ഏകത്വം) – അതായത് സകല ആരാധനകളും അല്ലാഹുവിന് മാത്രം പ്രത്യേകമാക്കലാകുന്നു. അത് – ഗ്രഹിക്കപ്പെടുന്നത്; (സൂറത്തിന്റെ തുടക്കത്തിലുള്ള) ‘അല്ലാഹ്’ എന്ന പദത്തിൽ നിന്നും, അതുപോലെ അല്ലാഹുവിന്റെ إِيَّاكَ نَعْبُدُ (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു) എന്ന വചനത്തിൽ നിന്നുമാകുന്നു.
‘തൗഹീദുൽ അസ്മാഇ വസ്വിഫാത്’ (നാമഗുണവിശേഷങ്ങളിലുള്ള അല്ലാഹുവിന്റെ ഏകത്വം) – അതായത് അത്യുന്നതനായ അല്ലാഹു അവന് തന്നെ സ്ഥിരപ്പെടുത്തിയതും, അവന്റെ റസൂൽ ﷺ അവന് സ്ഥിരീകരിച്ചു നൽകിയതുമായ എല്ലാവിധ പരിപൂർണ്ണ ഗുണവിശേഷങ്ങളെയും, യാതൊരുവിധ നിഷേധമോ (തഅ്ത്വീൽ), സൃഷ്ടികളോട് തുല്ല്യപ്പെടുത്തലോ (തംഥീൽ), സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലോ (തശ്ബീഹ്) കൂടാതെ അല്ലാഹുവിന് മാത്രമായി സ്ഥിരപ്പെടുത്തലാകുന്നു അത്. الْحَمْدُ (എല്ലാ സ്തുതിയും) എന്ന പദം ഇതിലേക്ക് തെളിവ് നൽകുന്നു.
{ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ} എന്ന വചനത്തിൽ പ്രവാചകത്വത്തെ സ്ഥിരീകരിക്കലും ഉൾക്കൊള്ളുന്നുണ്ട്. കാരണം, പ്രവാചക ദൗത്യം (രിസാലത്ത്) ഇല്ലാതെ ആ നേരായ മാർഗ്ഗം കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാകുന്നു.
{പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍} എന്ന വചനത്തിൽ കർമ്മങ്ങൾക്കുള്ള പ്രതിഫലത്തെ സ്ഥിരീകരിക്കൽ ഉൾക്കൊള്ളുന്നു. അതോടൊപ്പം, ആ പ്രതിഫലം തികച്ചും നീതിയുടെ അടിസ്ഥാനത്തിലായിരിക്കും എന്നതിനും ഇത് തെളിവാണ്. കാരണം, ٱلدِّينِ എന്ന പദത്തിന്റെ അർത്ഥം തന്നെ ‘നീതിപൂർവ്വമായ പ്രതിഫലം’ എന്നാകുന്നു.
അതുപോലെ, അല്ലാഹുവിന്റെ ഖദ്‌റിനെ (വിധി) സ്ഥിരീകരിക്കലും ഈ സൂറത്ത് ഉൾക്കൊള്ളുന്നു. അടിമ (മനുഷ്യൻ) തന്നെയാണ് തന്റെ കർമ്മങ്ങൾ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നവൻ എന്ന സത്യത്തെയും ഇത് സ്ഥിരീകരിക്കുന്നു; ഇതിന് വിരുദ്ധമായി വാദിക്കുന്ന ‘ഖദരിയ്യഃ’, ‘ജബരിയ്യ’ വാദങ്ങളെ തള്ളിക്കൊണ്ടുകൂടിയാണിത്.
[ഖദ്‌രിയാക്കള്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യമുണ്ടെന്ന കാര്യം അംഗീകരിക്കുന്നില്ല. മനുഷ്യൻ അവന്റെ ഉദ്ദേശ്യത്തിലും പ്രവർത്തനത്തിലും പരിപൂർണ്ണ സ്വതന്ത്രനാണ്; എല്ലാം അവന്റെ ഹിതമനുസരിച്ചു നടക്കുന്നുവെന്നും; അവന്റെ പ്രവർത്തനം അവന്റെ സൃഷ്ടി തന്നെയാണെന്നും; അതിൽ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനോ, പ്രവർത്തനത്തിനോ പങ്കില്ലെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍ ജബ്‌രിയാക്കള്‍, അവരാകട്ടെ മനുഷ്യന് യാതൊരു വിധത്തിലും ഉദ്ദേശിക്കാനോ പ്രവര്‍ത്തിക്കാനോ സാധ്യമല്ലെന്നും കേവലം കാറ്റിൽപ്പെട്ട ഇലപോലെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും കഴിവിനും മുമ്പിൽ അവൻ ഒരു പാവമാത്രമാണെന്നും വാദിക്കുന്നു. എന്നാല്‍, അല്ലാഹു മനുഷ്യന് ഉദ്ദേശിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അത് അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടി അനുസരിച്ചാണെന്ന് മാത്രം. (വിവര്‍ത്തകൻ)]
{ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ} എന്ന വചനത്തിൽ എല്ലാവിധ ബിദ്അത്തുകാർക്കും (മതത്തിൽ പുതിയത് നിർമ്മിക്കുന്നവർ) വഴിപിഴച്ചവർക്കുമെതിരെയുള്ള പൂർണ്ണമായ മറുപടിയും അടങ്ങിയിരിക്കുന്നു. കാരണം, ആ നേരായ മാർഗ്ഗം എന്നാൽ സത്യം കൃത്യമായി തിരിച്ചറിയലും അതനുസരിച്ച് ജീവിതത്തിൽ പ്രവർത്തിക്കലുമാകുന്നു. ബിദ്അത്ത് ചെയ്യുന്ന, വഴികേടിലായ ഓരോരുത്തരും, സ്വിറാത്വുൽ മുസ്തഖീമിന് (നേരായ മാർഗ്ഗത്തിന്ന്) വിരുദ്ധമായി പ്രവർത്തിക്കുന്നവരാകുന്നു.
{നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു} എന്ന വചനത്തിൽ ഇബാദത്തിലും (ആരാധന) ഇസ്തിആനത്തിലും (സഹായതേട്ടം) കീഴ്‌വണക്കം അത്യുന്നതനായ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുക (ഇഖ്‌ലാസ്) എന്നത് ഉൾക്കൊള്ളുന്നു. ആകയാൽ, സർവ്വലോക പരിപാലകനായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും.
തഫ്സീറുസ്സഅ്ദി
www.kanzululoom.com