മലക്കുകൾ: അതൊരു അദൃശ്യ ലോകമാണ്. അവർ സൃഷ്ടിക്കപ്പെട്ടവരും അല്ലാഹുവിനെ ആരാധിക്കുന്നവരുമാണ്. റുബൂബിയ്യത്തിന്റെയോ (രക്ഷിതൃത്വത്തിന്റെയോ) ഉലൂഹിയ്യത്തിന്റെയോ (ആരാധ്യതയുടെയോ) യാതൊരു സവിശേഷതകളും അവർക്കില്ല. അല്ലാഹു അവരെ പ്രകാശത്തിൽ നിന്നാണ് സൃഷ്ടിച്ചത്. അവന്റെ കൽപ്പനയോട് പൂർണ്ണമായ വിധേയത്വവും അത് നടപ്പിലാക്കാനുള്ള കഴിവും അവൻ അവർക്ക് നൽകിയിരിക്കുന്നു. അല്ലാഹു പറയുന്നു:
وَمَنْ عِندَهُۥ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَلَا يَسْتَحْسِرُونَ ﴿١٩﴾ يُسَبِّحُونَ ٱلَّيْلَ وَٱلنَّهَارَ لَا يَفْتُرُونَ ﴿٢٠﴾
അവന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നത് വിട്ട് അഹങ്കരിക്കുകയില്ല. അവര്‍ക്ക് ക്ഷീണം തോന്നുകയുമില്ല. അവര്‍ രാവും പകലും (അല്ലാഹുവിന്‍റെ പരിശുദ്ധിയെ) പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അവര്‍ തളരുകയില്ല. (ഖു൪ആന്‍:21/19-20)
അവർ വളരെ വലിയൊരു സമൂഹമാണ്; അല്ലാഹുവിനു മാത്രമല്ലാതെ മറ്റാർക്കും അവരുടെ എണ്ണം തിട്ടപ്പെടുത്താൻ സാധ്യമല്ല. അല്ലാഹുവിന്റെ റസൂൽ ﷺ മിഅ്റാജിന്റെ രാവിൽ ആകാശത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ, ‘ബൈത്തുൽ മഅ്മൂർ’ അദ്ദേഹത്തിന് കാണിച്ചുകൊടുക്കപ്പെട്ടതായി അനസ് رضى الله عنه വഴി സ്വഹീഹൈനിൽ (ബുഖാരി, മുസ്ലിം) സ്ഥിരപ്പെട്ടിട്ടുണ്ട്. അവിടെ എല്ലാ ദിവസവും എഴുപതിനായിരം മലക്കുകൾ നമസ്കരിക്കുന്നുണ്ട്; ഒരിക്കൽ അവർ പുറത്തിറങ്ങിപ്പോയാൽ പിന്നീട് അവസാനകാലം വരെ അവർ അതിലേക്ക് മടങ്ങിവരില്ല.
മലക്കുകളിലുള്ള വിശ്വസം നാല് കാര്യങ്ങളെ ഉൾക്കൊള്ളുന്നു:
ഒന്നാമത്തേത്: മലക്കുകളുടെ നിലനിൽപ്പിലുള്ള (അവർ യഥാർത്ഥത്തിൽ ഉണ്ടെന്നുള്ള) വിശ്വസം.
രണ്ടാമത്തേത്: നമ്മോട് പേരുകൾ അറിയിക്കപ്പെട്ട മലക്കുകളെ അവരുടെ പേരുകൾ സഹിതം വിശ്വസിക്കുക (ഉദാ: ജിബ്‌രീൽ عليه السلام). പേരുകൾ അറിയാത്തവരെ പൊതുവായി വിശ്വസിക്കുകയും ചെയ്യുക.
മൂന്നാമത്തേത്: മലക്കുകളുടെ വിശേഷണങ്ങളെക്കുറിച്ച് നമ്മെ പഠിപ്പിക്കപ്പെട്ട കാര്യങ്ങളിലുള്ള വിശ്വസം. ഉദാഹരണത്തിന് ജിബ്‌രീൽ عليه السلام മലക്കിന്റെ വിശേഷണം; അദ്ധേഹത്തെ അല്ലാഹു സൃഷ്ടിക്കപ്പെട്ട യഥാർത്ഥ രൂപത്തിൽ താൻ കണ്ടതായി നബി ﷺ അറിയിച്ചിട്ടുണ്ട്. അദ്ധേഹത്തിന് 600 ചിറകുകളുണ്ട്, അവ ചക്രവാളത്തെ തന്നെ മൂടിക്കളഞ്ഞിരിക്കുന്നു.
അല്ലാഹുവിന്റെ കൽപ്പനയനുസരിച്ച് മലക്കിന് ഒരു മനുഷ്യന്റെ രൂപത്തിലേക്ക് മാറാനും സാധിക്കും. മർയം عليه السلام യുടെ അടുക്കലേക്ക് അല്ലാഹു ജിബ്‌രീലിനെ അയച്ചപ്പോൾ അദ്ദേഹം അവർക്കു മുമ്പിൽ തികഞ്ഞ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടതുപോലെയാണിത്. അതുപോലെ നബി ﷺ തന്റെ സ്വഹാബികളുടെ കൂടെ ഇരിക്കുമ്പോൾ അദ്ദേഹം വന്ന സന്ദർഭവും ഇതിനുദാഹരണമാണ്; അന്ന് അതിവെളുത്ത വസ്ത്രവും അതികറുത്ത മുടിയുമുള്ള ഒരു മനുഷ്യന്റെ രൂപത്തിലാണ് അദ്ദേഹം വന്നത്. യാത്രാ ലക്ഷണങ്ങളൊന്നും അദ്ദേഹത്തിൽ കാണാനുണ്ടായിരുന്നില്ല; സ്വഹാബികളാരും അദ്ദേഹത്തെ തിരിച്ചറിഞ്ഞതുമില്ല. അങ്ങനെ അദ്ദേഹം നബി ﷺ യുടെ അരികിൽ വന്നിരുന്ന് തന്റെ മുട്ടുകൾ നബി ﷺ യുടെ മുട്ടുകളോട് ചേർത്തു വെക്കുകയും തന്റെ കൈപ്പത്തികൾ നബിയുടെ തുടകളിൽ വെക്കുകയും ചെയ്തുകൊണ്ട് ഇസ്‌ലാം, ഈമാൻ, ഇഹ്‌സാൻ, അന്ത്യനാൾ, അതിന്റെ അടയാളങ്ങൾ എന്നിവയെക്കുറിച്ച് നബി ﷺ യോട് ചോദിച്ചു. നബി ﷺ അദ്ദേഹത്തിന് മറുപടിയും നൽകി. പിന്നീട് അദ്ദേഹം തിരിച്ചുപോയി. അപ്പോൾ നബി ﷺ പറഞ്ഞു:
هذا جبريل أتاكم يعلمكم دينكم
ഇത് ജിബ്‌രീലാണ്; നിങ്ങളുടെ മതം നിങ്ങൾക്ക് പഠിപ്പിച്ചുതരാൻ വന്നതാണ്. (ബുഖാരി,മുസ്ലിം)
അതുപോലെ ഇബ്രാഹിം നബി عليه السلام യുടെ അടുത്തേക്കും ലൂത്വ് നബി عليه السلام യുടെ അടുത്തേക്കും അല്ലാഹു അയച്ച മലക്കുകളും മനുഷ്യരുടെ രൂപത്തിലാണുണ്ടായിരുന്നത്.
നാലാമത്തേത്: മലക്കുകളിലുള്ള വിശ്വസം ഉൾക്കൊള്ളുന്ന മറ്റൊരു കാര്യം: അല്ലാഹുവിന്റെ കൽപ്പനയനുസരിച്ച് അവർ നിർവഹിക്കുന്ന കർമ്മങ്ങളെക്കുറിച്ച് നമ്മെ പഠിപ്പിക്കപ്പെട്ട കാര്യങ്ങളിലുള്ള വിശ്വാസമാണ്. അതായത്, മടുപ്പോ തളർച്ചയോ ഇല്ലാതെ രാപ്പകലില്ലാതെ അല്ലാഹുവിനെ തസ്ബീഹ് ചൊല്ലുകയും അവനെ ആരാധിക്കുകയും ചെയ്യുക എന്നത് പോലുള്ള കർമ്മങ്ങൾ.
ചില മലക്കുകൾക്ക് പ്രത്യേകമായ ജോലികളും ചുമതലകളും ഉണ്ടായിരിക്കാം. ഉദാഹരണത്തിന്: അല്ലാഹുവിന്റെ വഹ്‌യിന്റെ (ദിവ്യബോധനം) കാര്യത്തിൽ വിശ്വസ്തനായ ജിബ്‌രീൽ عليه السلام; അല്ലാഹു അദ്ദേഹത്തെ നബിമാര്‍ക്കും റസൂലുകൾക്കും അടുത്തേക്ക് ദൂതുമായി അയക്കുന്നു.
മീകാഈൽ: മഴയെയും സസ്യങ്ങളെയും കാര്യം ഏൽപ്പിക്കപ്പെട്ട (ചുമതലപ്പെടുത്തപ്പെട്ട) മലക്ക്.
ഇസ്‌റാഫീൽ: അന്ത്യനാൾ സംഭവിക്കുമ്പോഴും സൃഷ്ടികളെ പുനരുത്ഥാനം ചെയ്യുമ്പോഴും കാഹളത്തിൽ (സൂറിൽ) ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക്.
മലക്കുൽ മൗത്ത് (മരണത്തിന്റെ മലക്ക്): മരണവേളയിൽ റൂഹുകളെ പിടിക്കാൻ ചുമതലപ്പെടുത്തപ്പെട്ട മലക്ക്.
മാലിക്: നരകത്തെ ഏൽപ്പിക്കപ്പെട്ട മലക്ക്; നരകത്തിന്റെ കാവൽക്കാരൻ അവൻ ആകുന്നു.
ഗർഭാശയങ്ങളിലെ ഭ്രൂണങ്ങളുടെ ചുമതല ഏൽപ്പിക്കപ്പെട്ട മലക്കുകൾ; മനുഷ്യൻ തന്റെ മാതാവിന്റെ ഉദരത്തിൽ നാല് മാസം പൂർത്തിയാക്കുമ്പോൾ, അല്ലാഹു ഒരു മലക്കിനെ അവന്റെ അടുത്തേക്ക് അയക്കുകയും അവന്റെ ഉപജീവനവും ആയുസ്സും കർമ്മവും അവൻ ഭാഗ്യവാനോ ദൗർഭാഗ്യവാനോ ആകുമെന്ന കാര്യവും എഴുതിവെക്കാൻ അവനോട് കൽപ്പിക്കുകയും ചെയ്യുന്നു.
ആദം സന്തതികളുടെ കർമ്മങ്ങൾ സംരക്ഷിക്കാനും അവയെ രേഖപ്പെടുത്താനും ഏൽപ്പിക്കപ്പെട്ട മലക്കുകൾ; ഓരോ മനുഷ്യനുമായി രണ്ട് മലക്കുകളുണ്ട്; ഒരാൾ വലതുഭാഗത്തും മറ്റേയാൾ ഇടതുഭാഗത്തും.
മരിച്ചയാളെ ഖബ്‌റിൽ വെച്ചുകഴിഞ്ഞാൽ അദ്ദേഹത്തോട് ചോദിക്കാൻ ചുമതലപ്പെടുത്തപ്പെട്ട മലക്കുകൾ; രണ്ടു മലക്കുകൾ അദ്ദേഹത്തിന്റെ അരികിൽ വന്ന് അവന്റെ റബ്ബിനെ കുറിച്ചും മതത്തെ കുറിച്ചും പ്രവാചകനെക്കുറിച്ചും ചോദിക്കും.
മലക്കുകളിലുള്ള വിശ്വാസം മഹത്തായ ഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്; അവയിൽ ചിലത് താഴെ പറയുന്നവയാണ്:
ഒന്നാമത്തേത്: അല്ലാഹുവിന്റെ മഹത്വവും ശക്തിയും ആധിപത്യവും തിരിച്ചറിയുക എന്നത്. കാരണം, സൃഷ്ടിയുടെ വലുപ്പവും മഹത്വവും സ്രഷ്ടാവിന്റെ മഹത്വത്തെയാണ് അറിയിക്കുന്നത്.
രണ്ടാമത്തേത്: മനുഷ്യരോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിനും പരിപാലനത്തിനും അവന് നന്ദി രേഖപ്പെടുത്തുക എന്നത്. കാരണം, മനുഷ്യരെ സംരക്ഷിക്കാനും അവരുടെ കർമ്മങ്ങൾ എഴുതിയെടുക്കാനും മറ്റു കാര്യങ്ങൾ നോക്കിനടത്താനും ഈ മലക്കുകളിൽ നിന്നുള്ളവരെ അവൻ ചുമതലപ്പെടുത്തിയിരിക്കുന്നു.
മൂന്നാമത്തേത്: അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിലകൊള്ളുന്ന മലക്കുകളെ സ്നേഹിക്കുക എന്നത്.
വഴിതെറ്റിയ ചില വിഭാഗങ്ങൾ മലക്കുകൾ ശരീരമുള്ളവരാണെന്നത് നിഷേധിച്ചിരിക്കുന്നു. അവർ പറഞ്ഞു: “അവ സൃഷ്ടികളിൽ അന്തർലീനമായിരിക്കുന്ന നന്മയുടെ ശക്തികൾ മാത്രമാകുന്നു.” ഇത് അല്ലാഹുവിന്റെ ഗ്രന്ഥത്തെയും അവന്റെ റസൂൽ ﷺ യുടെ ചര്യയെയും മുസ്ലിംകളുടെ ഏകോപനത്തെയും (ഇജ്മാഅ്) തള്ളിക്കളയലാകുന്നു.
അല്ലാഹു പറയുന്നു:
ٱلْحَمْدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلْأَرْضِ جَاعِلِ ٱلْمَلَٰٓئِكَةِ رُسُلًا أُو۟لِىٓ أَجْنِحَةٍ مَّثْنَىٰ وَثُلَٰثَ وَرُبَٰعَ ۚ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. (ഖു൪ആന്‍:35/1)
وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَٰرَهُمْ
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! ഖു൪ആന്‍:8/50)
وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ
ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. (ഖു൪ആന്‍:6/93)
حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا۟ مَاذَا قَالَ رَبُّكُمْ ۖ قَالُوا۟ ٱلْحَقَّ ۖ وَهُوَ ٱلْعَلِىُّ ٱلْكَبِيرُ
അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും; നിങ്ങളുടെ രക്ഷിതാവ് എന്താണു പറഞ്ഞതെന്ന് അവര്‍ മറുപടി പറയും: സത്യമാണ് (അവന്‍ പറഞ്ഞത്) അവന്‍ ഉന്നതനും മഹാനുമാകുന്നു. (ഖു൪ആന്‍:34/23)
സ്വർഗ്ഗവാസികളെക്കുറിച്ച് അല്ലാഹു പറയുന്നു:
وَٱلْمَلَٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ﴿٢٣﴾ سَلَٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ ﴿٢٤﴾
മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും: നിങ്ങൾ ക്ഷമിച്ചതിനാൽ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്‍റെ പര്യവസാനം എത്ര നല്ലത്! (ഖു൪ആന്‍:13/23-24)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا أَحَبَّ اللَّهُ عَبْدًا نَادَى جِبْرِيلَ إِنَّ اللَّهَ يُحِبُّ فُلاَنًا، فَأَحِبَّهُ. فَيُحِبُّهُ جِبْرِيلُ، فَيُنَادِي جِبْرِيلُ فِي أَهْلِ السَّمَاءِ إِنَّ اللَّهَ يُحِبُّ فُلاَنًا، فَأَحِبُّوهُ. فَيُحِبُّهُ أَهْلُ السَّمَاءِ، ثُمَّ يُوضَعُ لَهُ الْقَبُولُ فِي أَهْلِ الأَرْضِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ വിളിച്ചറിയിക്കും: തീർച്ചയായും അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെടുന്നു. അതിനാൽ നീയും അയാളെ ഇഷ്ടപ്പെടുക. അപ്പോൾ ജിബ്‌രീൽ عليه السلام അയാളെ ഇഷ്ടപ്പെടുകയും ആകാശലോകത്തുള്ളവരോടായി വിളിച്ച് പറയുകയും ചെയ്യും: അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെടുന്നു. നിങ്ങളും ഇഷ്ടപ്പെടുവിൻ. അപ്പോൾ ആകാശ ലോകത്തുള്ളവരെല്ലാം അയാളെ ഇഷ്ടപ്പെടും പീന്നീട് ഭൂമി ലോകത്തും അയാൾക്ക് സ്വീകാര്യതയുണ്ടാക്കപ്പെടുന്നു. (ബുഖാരി:6040)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم: إِذَا كَانَ يَوْمُ الْجُمُعَةِ كَانَ عَلَى كُلِّ باب مِنْ أَبْوَابِ الْمَسْجِدِ الْمَلاَئِكَةُ، يَكْتُبُونَ الأَوَّلَ فَالأَوَّلَ، فَإِذَا جَلَسَ الإِمَامُ طَوَوُا الصُّحُفَ وَجَاءُوا يَسْتَمِعُونَ الذِّكْرَ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വെള്ളിയാഴ്ച ദിവസമായാൽ പള്ളിയുടെ ഓരോ കവാടത്തിലും മലക്കുകൾ ഉണ്ടായിരിക്കും; അവർ (പള്ളിയിലേക്ക് വരുന്നവരെ) ആദ്യം വരുന്നവർ ക്രമത്തിൽ രേഖപ്പെടുത്തും. അങ്ങനെ ഇമാം (ഖുതുബക്കായി) ഇരുന്നാൽ അവർ ഏടുകൾ മടക്കിവെക്കുകയും (എഴുത്ത് നിർത്തുകയും) ദിക്ർ (ഖുതുബ) കേൾക്കാനായി വന്നിരിക്കുകയും ചെയ്യും. (ബുഖാരി:3211)
വഴിതെറ്റിയവർ വാദിച്ചതുപോലെ മലക്കുകൾ കേവലം അമൂർത്തമായ ശക്തികളല്ല, മറിച്ച് ശരീരമുള്ള യാഥാർത്ഥ്യങ്ങളാണെന്നതിന് ഈ പ്രമാണങ്ങൾ തികച്ചും വ്യക്തമാണ്. ഈ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് മുസ്ലിം സമൂഹം ഇത് ഏകകണ്ഠമായി അംഗീകരിച്ചിരിക്കുന്നത്.
മുഹമ്മദ് ബ്നു സ്വാലിഹ് അല്‍-ഉഥൈമീന്‍ رحمه الله യുടെ كتاب نبذة في العقيدة الإسلامية എന്ന കൃതിയിൽ നിന്നും
www.kanzululoom.com