‘ജിബ്‌രീലിന്റെ ഹദീസ്’ എന്നറിയപ്പെടുന്ന വിഖ്യാതമായ ഒരു ഹദീസുണ്ട്. അതിൽ ജിബ്‌രീൽ എന്ന മലക്ക് ഒരു അപരിചിതന്റെ രൂപത്തിൽ നബിﷺയുടെ അനുചരന്മാരെ സുപ്രധാനമായ മതകാര്യങ്ങൾ പഠിപ്പിക്കുന്നതിന് വേണ്ടി സന്ദർശിക്കുന്നത് വിവരിക്കുകയാണ്. ഈ ഹദീസിൽ ‘ഈമാൻ എന്നാൽ എന്താണ്’ എന്ന ജിബ്‌രീലിന്റെ ചോദ്യത്തിന് നബിﷺ ഇങ്ങനെ മറുപടി പറയുന്നു:
أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ
(ഈമാൻ എന്നാൽ) അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യനാളിലും വിധിയിലും-അതിന്റെ നന്മയിലും തിന്മയിലും വിശ്വസിക്കലാണ്. (ബുഖാരി, മുസ്ലിം)
ഈ ഹദീസ് ഈമാനിന്റെ (വിശ്വാസത്തിന്റെ) ആറ് സ്തംഭങ്ങൾ പരാമർശിക്കുന്നു:
1. അല്ലാഹുവിലുള്ള വിശ്വാസം.
2. മലക്കുകളിലുള്ള വിശ്വാസം.
3. വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം.
4. ദൂതന്മാരിലുള്ള വിശ്വാസം.
5. അന്ത്യനാളിലുള്ള വിശ്വാസം.
6. ക്വദ്‌റിലുള്ള വിശ്വാസം (വിധിവിശ്വാസം).
ആറാമത്തെ സ്തംഭമായ വിധിവിശ്വാസത്തെ കുറിച്ചാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്.
ഈ സ്തംഭങ്ങളിലെല്ലാം നാം വിശ്വസിക്കണം. രണ്ട് മുതൽ ആറ് വരെയുള്ള ഏതെങ്കിലും സ്തംഭങ്ങളെ നിഷേധിക്കുന്നത് അല്ലാഹുവിലുള്ള വിശ്വാസത്തെ തന്നെ നിഷേധിക്കുന്നതിന് തുല്യമാണ്. കാരണം ഈ ഓരോ സ്തംഭവും അല്ലാഹുവിന്റെ ഔന്നത്യത്തിന്റെയും പരമാധികാരത്തിന്റെയും വശങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനെ നിഷേധിക്കുകയെന്നാൽ ഉന്നതമായ അവന്റെ ചില വിശേഷണങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണ്. ഉദാഹരണമായി, അന്ത്യനാളിലുള്ള വിശ്വാസത്തെ നിഷേധിക്കുക എന്നത് നമ്മെ സൃഷ്ടിച്ചതിലുള്ള അല്ലാഹുവിന്റെ സമ്പൂർണമായ ജ്ഞാനത്തെയും നമ്മോടുള്ള അവന്റെ സമഗ്രമായ നീതിയെയും നിഷേധിക്കുന്നതിന് തുല്യമാണ്.
അതുപോലെ, അല്ലാഹുവിന്റെ ചില സുപ്രധാന ഗുണങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ക്വദ്ർ. നമുക്കത് വഴിയെ മനസ്സിലാക്കാം. അല്ലാഹുവിലുള്ള വിശ്വാസവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ക്വദ്‌റിലുള്ള വിശ്വാസം.
ക്വദ്‌റിൽ വിശ്വസിക്കുന്നതിന്റെ പ്രാധാന്യം
ക്വദ്‌റിലുള്ള വിശ്വാസം ഈമാനിന് അനുപേക്ഷണീയമാണ്. ഒരു മനുഷ്യൻ വിധിയിൽ വിശ്വസിക്കുന്നതുവരെ അവനെ വിശ്വാസിയായി പരിഗണിക്കുകയില്ല.
عَنْ عَلِيٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يُؤْمِنُ عَبْدٌ حَتَّى يُؤْمِنَ بِأَرْبَعٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنِّي مُحَمَّدٌ رَسُولُ اللَّهِ بَعَثَنِي بِالْحَقِّ وَيُؤْمِنُ بِالْمَوْتِ وَبِالْبَعْثِ بَعْدَ الْمَوْتِ وَيُؤْمِنُ بِالْقَدَرِ.
അലി رضي الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നാല് കാര്യങ്ങളിൽ വിശ്വസിക്കുന്നതുവരെ ഒരു അടിമ സത്യവിശ്വാസിയാവുകയില്ല:
1. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്ന് സാക്ഷ്യം വഹിക്കുക.
2. ഞാൻ സത്യസന്ദേശവുമായി അയക്കപ്പെട്ട അല്ലാഹുവിന്റെ ദൂതനാണെന്ന് സാക്ഷ്യം വഹിക്കുക.
3. മരണത്തിലും മരണശേഷമുള്ള ഉയിർത്തെഴുന്നേൽപിലും വിശ്വസിക്കുക.
4. ക്വദ്‌റിൽ സമ്പൂർണമായി വിശ്വസിക്കുക. (തിർമിദി, ഇബ്‌നുമാജ).
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يُؤْمِنُ عَبْدٌ حَتَّى يُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ حَتَّى يَعْلَمَ أَنَّ مَا أَصَابَهُ لَمْ يَكُنْ لِيُخْطِئَهُ وَأَنَّ مَا أَخْطَأَهُ لَمْ يَكُنْ لِيُصِيبَهُ
ജാബിറുബ്‌നു അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിധിയിൽ-അതിന്റെ നന്മയിലും തിന്മയിലും വിശ്വസിക്കുന്നതുവരെ ഒരടിമ വിശ്വാസിയാവുകയില്ല. അതായത്, അവന്ന് ബാധിച്ചതൊന്നും അവനിൽനിന്നും ഒഴിഞ്ഞുപോകേണ്ടതല്ലെന്നും അവനിൽനിന്നും ഒഴിഞ്ഞുപോയതൊന്നും അവന്ന് ബാധിക്കേണ്ടതല്ലെന്നും അവൻ അറിയുന്നതുവരെ. (തിർമിദി)
സൈദ് ഇബ്‌നു സാബിതും ഉബയ്യ് ഇബ്‌നു കഅ്ബും മറ്റും (رضِيَ اللهُ عنهم) നബിﷺ യിൽ നിന്ന് കേട്ട് ഉദ്ദരിക്കുന്നു:
لَوْ أَنَّ اللَّهَ عَذَّبَ أَهْلَ سَمَوَاتِهِ وَأَهْلَ أَرْضِهِ عَذَّبَهُمْ وَهُوَ غَيْرُ ظَالِمٍ لَهُمْ وَلَوْ رَحِمَهُمْ كَانَتْ رَحْمَتُهُ خَيْرًا لَهُمْ مِنْ أَعْمَالِهِمْ وَلَوْ أَنْفَقْتَ مِثْلَ أُحُدٍ ذَهَبًا فِي سَبِيلِ اللَّهِ مَا قَبِلَهُ اللَّهُ مِنْكَ حَتَّى تُؤْمِنَ بِالْقَدَرِ وَتَعْلَمَ أَنَّ مَا أَصَابَكَ لَمْ يَكُنْ لِيُخْطِئَكَ وَأَنَّ مَا أَخْطَأَكَ لَمْ يَكُنْ لِيُصِيبَكَ
അല്ലാഹു അവന്റെ ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെ ശിക്ഷിക്കുകയാണെങ്കിൽ, അതൊരിക്കലും അനീതിയാവുകയില്ല. ഇനി അവൻ അവരോട് കരുണ ചെയ്യുകയാണെങ്കിൽ, അവന്റെ കാരുണ്യം അവരുടെ കർമങ്ങളെക്കാൾ ഉത്തമമായിരിക്കും. നീ ഉഹ്ദ് മലയോളം സ്വർണം അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിച്ചാലും അവൻ നിന്നിൽനിന്നും അത് സ്വീകരിക്കുകയില്ല-നീ ക്വദ്‌റിൽ വിശ്വസിക്കുകയും നിനക്ക് ബാധിക്കുന്നത് നിന്നിൽനിന്നും ഒഴിഞ്ഞുപോകേണ്ടതല്ലെന്നും നിന്നിൽ നിന്നും ഒഴിഞ്ഞുപോയത് നിനക്ക് ബാധിക്കേണ്ടതല്ലെന്നും അറിയുകയും ചെയ്യുന്നതുവരെ. (അഹ്‌മദ്, അബൂദാവൂദ്)
ക്വദ്‌റിനെ നിഷേധിക്കുന്നവർക്ക് കഠിനമായ ശിക്ഷയുണ്ട്
ക്വദ്‌റിനെ നിഷേധിക്കുന്നത് ഇരുജീവിതത്തിലും ശിക്ഷക്ക് കാരണമാകുന്ന ഗുരുതരമായ അവിശ്വാസമാണ്. ക്വദ്ർനിഷേധികൾക്ക് അനുഭവിക്കാനുള്ള ഐഹിക ശിക്ഷയെ സംബന്ധിച്ച് ഒരു ഹദീസുണ്ട്.
عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم : يَكُونُ فِي أُمَّتِي خَسْفٌ وَمَسْخٌ وَذَلِكَ فِي الْمُكَذِّبِينَ بِالْقَدَرِ
അബ്ദുല്ലാഹ് ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിൽ ഭൂകമ്പങ്ങളും (മൃഗങ്ങളിലേക്കുള്ള) രൂപപരിണാമങ്ങളുമുണ്ടാകും. ക്വദ്‌റിനെ നിഷേധിക്കുന്നവരിലാണ് അതുണ്ടാവുക. (തിർമിദി, അബൂദാവൂദ്)
അതിനു പുറമെ, പരലോക ജീവിതത്തിലും ക്വദ്ർ നിഷേധികളെ വമ്പിച്ച ശിക്ഷ കാത്തുനിൽക്കുന്നുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ جَاءَ مُشْرِكُو قُرَيْشٍ يُخَاصِمُونَ رَسُولَ اللَّهِ صلى الله عليه وسلم فِي الْقَدَرِ فَنَزَلَتْ {يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ ﴿٤٨﴾ إِنَّا كُلَّ شَىْءٍ خَلَقْنَٰهُ بِقَدَرٍ ﴿٤٩﴾}
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ക്വുറൈശികളായ മുശ്‌രിക്കുകൾ ക്വദ്‌റിന്റെ വിഷയത്തിൽ നബിﷺയുമായി തർക്കിച്ചപ്പോൾ അല്ലാഹു ഇപ്രകാരം ആയത്ത് അവതരിപ്പിച്ചു: {മുഖം നിലത്തു കുത്തിയ നിലയിൽ അവർ നരകാഗ്‌നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. (അവരോട് പറയപ്പെടും:) നിങ്ങൾ നരകത്തിന്റെ സ്പർശനം അനുഭവിച്ച് കൊള്ളുക. തീർച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു (അൽക്വമർ: 48-49)} (മുസ്‌ലിം, തിർമിദി)
ക്വളാ ക്വദ്‌റിന്റെ വിവക്ഷ
അല്ലാഹുവിന്റെ വിധിയെ രണ്ടു പദങ്ങൾ കൊണ്ടാണ് സാധാരണ വിശദീകരിക്കാറുള്ളത്; ക്വളാ, ക്വദ്ർ. പ്രസ്തുത സംജ്ഞകളുടെ ഭാഷാർഥങ്ങളും അവ തമ്മിലുള്ള ബന്ധവുമാണ് താഴെ വിവരിക്കുന്നത്.
‘ക്വളാ’ എന്ന പദം
‘ക്വളാ’(قَضَاء) എന്ന പദവും അതിന്റെ വ്യത്യസ്ത രൂപങ്ങളും അറുപതിലധികം തവണ ക്വുർആനിൽ പരാമർശിച്ചിട്ടുണ്ട്. അതിന് വ്യത്യസ്ത അർഥങ്ങളുമാണുള്ളത്. അതിൽ പലതും താഴെ വരുന്ന രൂപത്തിലാണ്.
1. വിധിക്കുക എന്ന അർഥത്തിൽ.
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ
തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. (ഖുർആൻ:17/23)
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ വിധിച്ചു കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തിൽ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. (ഖുർആൻ:33/36)
2. പരിസമാപ്തി, പൂർണത, അവസാനിപ്പിക്കൽ (കഥകഴിക്കുക) എന്നീ അർഥങ്ങളിൽ.
هَلْ يَنظُرُونَ إِلَّآ أَن يَأْتِيَهُمُ ٱللَّهُ فِى ظُلَلٍ مِّنَ ٱلْغَمَامِ وَٱلْمَلَٰٓئِكَةُ وَقُضِىَ ٱلْأَمْرُ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ
മേഘമേലാപ്പിൽ അല്ലാഹുവും മലക്കുകളും അവരുടെയടുത്ത് വരുകയും കാര്യം അവസാനിപ്പിക്കപ്പെടുകയും ചെയ്യുന്നത് മാത്രമാണോ അവർ കാത്തിരിക്കുന്നത്? എന്നാൽ കാര്യങ്ങളെല്ലാം അല്ലാഹുവിങ്കലേ ക്കാകുന്നു മടക്കപ്പെടുന്നത്. (ഖുർആൻ:2/210)
فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيْهِ ۖ
അപ്പോൾ മൂസാ അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു. അതവന്റെ കഥകഴിച്ചു. (ഖുർആൻ:28/15)
3. ‘സൃഷ്ടിക്കുക’ അല്ലെങ്കിൽ ‘ഉണ്ടാക്കുക’ എന്ന അർഥത്തിൽ.
فَقَضَىٰهُنَّ سَبْعَ سَمَٰوَاتٍ فِى يَوْمَيْنِ
അങ്ങനെ രണ്ടു ദിവസങ്ങളിലായി അവയെ അവൻ ഏഴ് ആകാശങ്ങൾ ആക്കിത്തീർത്തു. (ഖുർആൻ:41/12)
4. അല്ലാഹുവിന്റെ പൂർവജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം അല്ലെങ്കിൽ ഉത്തരവ്.
بَدِيعُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
ആകാശങ്ങളെയും ഭൂമിയെയും മുൻ മാതൃകയില്ലാതെ സൃഷ്ടിച്ചവനത്രെ അവൻ. അവനൊരു കാര്യം തീരുമാനിച്ചാൽ ‘ഉണ്ടാകൂ’ എന്ന് പറയുക മാത്രമെ വേണ്ടതുള്ളൂ; ഉടനെ അതുണ്ടാകുന്നു. (ഖുർആൻ:2/117)
وَكَانَ أَمْرًا مَّقْضِيًّا
അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാണ്. (ഖുർആൻ:19/21)
മുകളിൽ പറഞ്ഞ അർഥങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും അവസാനം പറഞ്ഞ വിഷയമാണ് ഏറ്റവും പ്രസക്തമായത്.
‘ക്വദർ’ എന്ന പദം
‘ക്വദർ’(قَدَر) എന്ന പദവും അതിന്റെ വ്യത്യസ്ത രൂപങ്ങളും ക്വുർആനിൽ വ്യത്യസ്ത അർഥങ്ങളിൽ വന്നിട്ടുണ്ട്. അതിൽ പലതും താഴെ വരുന്ന രൂപത്തിലാണ്:
1. ‘അളവ്’ അല്ലെങ്കിൽ ‘തോത്.’
وَإِن مِّن شَىْءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٍ مَّعْلُومٍ
യാതൊരു വസ്തുവും നമ്മുടെ പക്കൽ അതിന്റെ ഖജനാവുകൾ ഉള്ളതായിട്ടല്ലാതെയില്ല. (എന്നാൽ), ഒരു നിർണിതമായ തോതനുസരിച്ചല്ലാതെ (ഖദർ) നാമത് ഇറക്കുന്നതല്ല. (ഖുർആൻ:15/21)
2. ആദരിക്കൽ അല്ലെങ്കിൽ കണക്കാക്കൽ.
وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦ
അവർ അല്ലാഹുവിനെ കണക്കാക്കേണ്ട പ്രകാരം കണക്കാക്കിയിട്ടില്ല (ക്വദർ). (ഖുർആൻ:39/67)
3. അല്ലാഹുവിന്റെ കഴിവും ശക്തിയും. അതാണ് അൽക്വദീർ (കഴിവുള്ളവൻ) എന്ന അവന്റെ നാമം ബോധ്യപ്പെടുത്തുന്നത്.
إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
നിസ്സംശയം, അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖുർആൻ:2/20)
قال الإمام أحمد رحمه الله: القدر قدرة الله.
ഇമാം അഹ്‌മദ് رحمه الله പറഞ്ഞു: ഖദർ എന്നത് അല്ലാഹുവിന്റെ ‘ഖുദ്‌റത്ത്’ (കഴിവ്) ആണ്.
4. അല്ലാഹുവിന്റെ പൂർവജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ സൃഷ്ടികൾക്കുവേണ്ടി എല്ലാ കാര്യത്തിലുമുള്ള അവന്റെ വ്യവസ്ഥ.
إِنَّا كُلَّ شَىْءٍ خَلَقْنَٰهُ بِقَدَرٍ
തീർച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ (ക്വദർ) പ്രകാരമാകുന്നു. (ഖുർആൻ:54/49)
وَكَانَ أَمْرُ ٱللَّهِ قَدَرًا مَّقْدُورًا
അല്ലാഹുവിന്റെ കൽപന ഖണ്ഡിതമായ ഒരു വിധിയാകുന്നു. (ഖുർആൻ:33/38)
ഇവിടെയും മുകളിൽ പറഞ്ഞ അർഥങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. എന്നാൽ അവസാനം പറഞ്ഞതാണ് നമ്മുടെ ചർച്ചയിൽ ഏറ്റവും പ്രസക്തമായത്.
‘ക്വദ്ർ’ എന്ന പദം
‘ക്വദ്ർ’ (قَدْر) എന്ന പദത്തിന് സാധാരണയായി ‘ക്വദർ’ (قَدَر) എന്നതിന്റെ അതേ അർഥമാണ് വരിക. അതായത് തോത്, വിധി, തീരുമാനം എന്നൊക്കെയുള്ള അർഥങ്ങൾ. ഉദാ: അല്ലാഹു പറയുന്നു:
إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ ﴿١﴾ وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ ﴿٢﴾ لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾
തീർച്ചയായും നാം ഇതിനെ (ക്വുർആനിനെ) ക്വദ്‌റിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. ക്വദ്‌റിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? ക്വദ്‌റിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. (ഖുർആൻ:97/1-3)
ക്വദ്‌റിന്റെ രാത്രി അഥവാ ‘ലൈലത്തുൽ ക്വദ്ർ’ എന്നത് അല്ലാഹു തന്റെ ആണ്ടുതോറുമുള്ള ഉത്തരവുകൾ ഇറക്കുകയും സൃഷ്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയെല്ലാം തോത് നിർണയിക്കുകയും ചെയ്യുന്ന ഒരു രാത്രിയാണ്.
സംക്ഷേപം
മുകളിലുദ്ധരിച്ച ഉദാഹരണങ്ങളിൽനിന്നും ‘ക്വളാ’ എന്നതും ‘ക്വദർ’ എന്നതും ആശയപരമായി പരസ്പരം ബന്ധിതമാണെന്നും ഒന്ന് മറ്റൊന്നിലേക്ക് വഴിവെക്കുന്നതാണെന്നും കാണാം.
ക്വദർ എന്നത് ക്വളാഇന്റെ അർഥത്തിലും വരും. കാരണം, അല്ലാഹുവിന്റെ ക്വദ്ർ (വിധി) പിന്നീട് അവന്റെ ‘ക്വളാ’ (തീരുമാനം) ആയി മാറുന്നതാണ്.
അതുപോലെ ‘ക്വളാ’ എന്നത് ക്വദറിന്റെ ആശയത്തിലും വരും. കാരണം അല്ലാഹുവിന്റെ ‘ക്വളാ’ (തീരുമാനം) അവന്റെ ക്വദറിനെ (വിധി) മുൻകടന്നിട്ടുണ്ടാകണം.
ഇതു രണ്ടും അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള അറിവിന്റെ അടിസ്ഥാനത്തിലുള്ള അവന്റെ തീരുമാനവും വിധിയുമാണ്. അവ സൃഷ്ടികളുടെ മേലുള്ള അവന്റെ ആധിപത്യത്തിന്റെയും ഉടമസ്ഥതയുടെയും പ്രകടനമാണ്. താൻ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത രക്ഷിതാവാണ് അല്ലാഹു എന്നതിനെ അത് പ്രതിഫലിപ്പിക്കുന്നു.
പദങ്ങളെയും അവയുടെ ആശയങ്ങളെയും സൂചിപ്പിക്കുന്നതിന് വേണ്ടി ഈ ലേഖനത്തിൽ നാം കൂടുതലും ഉപയോഗിക്കുന്നത് ക്വദർ (അല്ലാഹുവിന്റെ വിധി) എന്ന പദമായിരിക്കും.
ക്വദർ മനസ്സിലാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ
ക്വദർ മനസ്സിലാക്കുന്നതിനായി താഴെ പറയുന്ന സുപ്രധാന തത്ത്വങ്ങൾ നാം ഓർത്തിരിക്കേണ്ടതുണ്ട്:
1. ഗൈബിയായ അറിവ്
മനുഷ്യന്റെ ധാരണാശേഷിക്കപ്പുറത്തുള്ള അറിവിനെയാണ് ഗൈബ് സൂചിപ്പിക്കുന്നത്. ഗൈബിയായ കാര്യങ്ങളെക്കുറിച്ച് നമുക്ക് അറിയാൻ സാധിക്കുന്നത് അല്ലാഹുവിൽ നിന്നുതന്നെയാണ്. അത് അവൻ തന്റെ കിതാബിലോ തന്റെ റസൂലിﷺന്റെ സുന്നത്തിലോ അവതരിപ്പിച്ച പ്രകാരം മാത്രമാണ്.
وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ
അവന്റെ പക്കലാകുന്നു മറഞ്ഞകാര്യത്തിന്റെ (ഗൈബ്) ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. (ഖുർആൻ:6/59)
ഗൈബിയായ അറിവിൽ അല്ലാഹുവിനെ കുറിച്ചുള്ള അറിവും അവന്റെ മലക്കുകൾ, ആകാശലോകങ്ങൾ, സ്വർഗ-നരകങ്ങൾ, ജിന്നുകൾ, ഭാവിയിലെയും അതിഭൂതകാലത്തെയും സംഭവങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള അറിവും ഉൾപ്പെടും.
ഗൈബിയായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ താഴെ പറയുന്ന സുപ്രധാന നിയമങ്ങൾ നാം ശ്രദ്ധിക്കണം:
എ) ക്വുർആനിലും സുന്നത്തിലും പരാമർശിക്കപ്പെട്ട ഗൈബിയായ കാര്യങ്ങൾ മുഴുവനും സ്വീകരിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യണം.
ബി) ഗൈബിനെ സംബന്ധിച്ച് പ്രമാണങ്ങളിൽ വന്നിട്ടുള്ള വചനങ്ങൾക്ക് മനുഷ്യബുദ്ധിക്ക് ഉൾക്കൊള്ളാവുന്ന യഥാർഥ ആശയങ്ങൾ തന്നെയാണുള്ളത്. അല്ലെങ്കിൽ അല്ലാഹു അത് നമുക്ക് പറഞ്ഞുതരില്ലായിരുന്നു. ഉദാഹരണത്തിന്, സ്വർഗത്തിലെ വൃക്ഷങ്ങൾ, പഴങ്ങൾ, അരുവികൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി നമുക്കറിയാവുന്ന വസ്തുക്കളെ കുറിച്ചുള്ള വചനങ്ങൾ. അവിടെ പ്രതീക്ഷിക്കാവുന്നതിനെ കുറിച്ചുള്ള പൊതുവായ ഒരു ധാരണ ഈ വചനങ്ങൾ നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. എങ്കിലും സ്വർഗത്തിന്റെ ശാശ്വതമായ പകിട്ടും ഈ ജീവിതത്തിലെ താൽക്കാലിക ശോഭയും തുലനം ചെയ്യാൻ നമുക്ക് സാധ്യമല്ല.
സി) മേൽപറഞ്ഞവയ്ക്ക് വിപരീതമായുള്ളതിന് പ്രബലമായ തെളിവില്ലാത്തിടത്തോളം ഗൈബിയായ കാര്യങ്ങൾ വചനങ്ങളുടെ ബാഹ്യമായ ആശയങ്ങൾക്കനുസരിച്ച് മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതാണ്.
ഡി) മനുഷ്യയുക്തി എന്നത് ഈ ഭൗതികലോകത്തിലെ അവന്റെ അനുഭവങ്ങൾക്കനുസരിച്ചുള്ളതാണ്. നമ്മുടെ ലോകത്തിൽനിന്നും വിഭിന്നമായ ഒന്നാണ് ഗൈബ് എന്നതിനാൽ നമ്മുടെ ഭൗതിക നിയമങ്ങളൊന്നും അതിന് ബാധകമല്ല. അതിനാൽ, ഗൈബിയായ കാര്യങ്ങളിൽ അത്തരം നിയമങ്ങൾ ബാധകമാക്കാൻ നാം ശ്രമിച്ചുകൂടാ.
2. അല്ലാഹുവിന്റെ വിശേഷണങ്ങളിൽ വിശ്വസിക്കൽ
ക്വുർആനിലും സുന്നത്തിലും പ്രതിപാദിച്ച അല്ലാഹുവിന്റെ നാമ-വിശേഷണങ്ങളിൽ നാം ശരിയായ വിശ്വാസം വെച്ചുപുലർത്തേണ്ടതാണ്. ഈ വിശ്വാസം താഴെ പറയുന്ന പ്രധാന നിബന്ധനകൾക്ക് വിധേയമായിരിക്കണം.
എ) അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും നാം പൂർണമായും സ്വീകരിക്കണം.
ബി) അല്ലാഹുവിന്റെ മുഴുവൻ നാമ-വിശേഷണങ്ങൾക്കും യഥാർഥ അർഥങ്ങളുണ്ട്.
സി) അല്ലാഹുവിന്റെ വിശേഷണങ്ങളെല്ലാം സമ്പൂർണമാണ്.
ഡി) അല്ലാഹുവിന്റെ നാമ-വിശേഷണങ്ങൾ അവന്റെ ഏതെങ്കിലും സൃഷ്ടികളുടെത് പോലെയല്ല.
ഇ) അല്ലാഹുവിന്റെ നാമ-വിശേഷണങ്ങൾ ഗൈബിയായ അറിവിന്റെ ഭാഗമായതിനാൽ, അവ ‘കയ്ഫ’ (എങ്ങനെ) എന്ന ചോദ്യം കൂടാതെ സ്വീകരിക്കണം. അതായത് നമ്മുടെ പരിമിതമായ അറിവുപയോഗിച്ച് അതിനെ വ്യാഖാനിക്കാൻ ശ്രമിക്കാവതല്ല. ക്വദറിന്റെ ചർച്ചയിൽ വളരെ പ്രസക്തമായ അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ചിലത് താഴെ കാണുന്നവയാണ്:
▪️അറിവ്: ‘അൽഅലീം’ (എല്ലാം അറിയുന്നവൻ) എന്ന അവന്റെ നാമം പ്രതിനിധാനം ചെയ്യുന്നത്.
▪️നീതി: ‘അദ്ദയ്യാൻ’ (പരമാധികാരിയും വിധികർത്താവും) എന്ന അവന്റെ നാമം പ്രതിനിധാനം ചെയ്യുന്നത്.
▪️ജ്ഞാനം: ‘അൽഹകീം’ (തത്ത്വജ്ഞാനി) എന്ന അവന്റെ നാമം പ്രതിനിധാനം ചെയ്യുന്നത്.
▪️കഴിവ്: ‘അൽക്വദീർ’ (കഴിവുള്ളവൻ) എന്ന അവന്റെ നാമം പ്രതിനിധാനം ചെയ്യുന്നത്.
3. നമ്മുടെ ബുദ്ധിയുടെ പരിമിതിയെ അംഗീകരിക്കുക
നാം നമ്മുടെ രക്ഷിതാവിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യുകയോ നമ്മുടെ ബുദ്ധിവൈഭവത്തെ അമിതമായി വിലമതിക്കുകയോ ചെയ്യരുത്. അല്ലാഹുവിനാണ് നമ്മെ – അതായത് അവന്റെ പ്രജകളെ – ചോദ്യം ചെയ്യാനുള്ള പൂർണ അധികാരമുള്ളത്.
لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُونَ
അവൻ പ്രവർത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ, ചോദ്യം ചെയ്യപ്പെടുന്നതുമാണ്. (ഖുർആൻ:21/23)
നമ്മുടെ ധിഷണാശക്തിയെ ശോഷിപ്പിക്കുകയും നമ്മുടെ ബുദ്ധിയെ അതിശയിപ്പിക്കുകയും ചെയ്യുന്ന ഒരു വിഷയം നമുക്ക് മുമ്പിൽ വന്നാൽ, അല്ലാഹുവിന്റെ മാർഗനിർദേശങ്ങൾക്കു മുന്നിൽ തോൽവി സമ്മതിക്കാനും അതിൽ പൂർണമായും കീഴൊതുങ്ങാനും നാം സന്നദ്ധരാവണം; മനുഷ്യബുദ്ധിയെ എന്നും ചോദ്യം ചെയ്തിട്ടുള്ള ക്വദറുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകിച്ചും. വിശ്വാസപരമായ കാര്യങ്ങളിൽ നമ്മുടെ പരിമിതികൾ തിരിച്ചറിയുന്നത് അജ്ഞതയെയല്ല, പ്രത്യുത യഥാർഥമായ അറിവിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
അബൂജഅ്ഫർ അത്ത്വഹാവി رحمه الله മതപരമായ അറിവിനെ രണ്ടായി വിഭജിക്കുന്നു:
എ) ദിവ്യബോധനത്തിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന അറിവ്: ഈ അറിവിനെ നിഷേധിക്കുന്നത് അല്ലാഹുവിന്റെ അധ്യാപനങ്ങളെ നിഷേധിക്കലാണ്.
ബി) ഒരിക്കലും ജനങ്ങൾക്ക് നൽകപ്പെട്ടിട്ടില്ലാത്ത അറിവ്: ഈ അറിവിനെ കുറിച്ച് ഊഹിക്കുന്നതും അതിൽ മുഴുകുന്നതും വ്യക്തമായ അതിക്രമമാണ്.
4. ക്വദറിനെ കുറിച്ചുള്ള തർക്കങ്ങൾ ഒഴിവാക്കൽ
ക്വദർ എന്നത് തികച്ചും വിശ്വാസപരമായ ഒരു വിഷയമാണ്. അതിലെ പല രഹസ്യങ്ങളും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. അതിനാൽ, അതിലെ നിഗൂഢമായ കാര്യങ്ങളെ കുറിച്ച് വാഗ്വാദങ്ങളിലേർപ്പെടുന്നത് നാം ഒഴിവാക്കുകതന്നെ വേണം. അത്തരം വാഗ്വാദങ്ങൾ അബദ്ധങ്ങളിലേക്ക് നയിക്കും. ഈ മേഖലയിലുള്ള അബദ്ധങ്ങൾ നിസ്സാരമായി ഗണിക്കാവുന്നതുമല്ല.
عن ابن مسعود أن النبي صلى الله عليه و سلم قال : إِذَا ذُكِرَ أَصْحَابِي فَأَمْسِكُوا ، وَإِذَا ذُكِرَتِ النُّجُومُ فَأَمْسِكُوا، وَإِذَا ذُكِرَ الْقَدَرُ فَأَمْسِكُوا.
അബ്ദുല്ല ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ അനുചരന്മാരെ കുറിച്ച് (ആരോപണം) പറയപ്പെട്ടാൽ നിങ്ങൾ മാറിനിൽക്കുക; നക്ഷത്രങ്ങളെ (ജ്യോതിഷം) കുറിച്ച് പറയപ്പെട്ടാൽ, നിങ്ങൾ മാറിനിൽക്കുക; ക്വദറിനെ കുറിച്ച് (പ്രമാണബദ്ധമല്ലാതെ) പറയപ്പെട്ടാൽ നിങ്ങൾ മാറി നിൽക്കുക. ( ത്വബ്‌റാനി, അബൂനുഐം തുടങ്ങിയവർ ഉദ്ധരിച്ചത്. അൽബാനി സ്വഹീഹാണെന്ന് ഉറപ്പ് വരുത്തി -അസ്സ്വഹീഹ: 34).
അബൂഹുറയ്‌റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കൽ നബിﷺ പള്ളിയിലേക്ക് കയറിവരുമ്പോൾ തന്റെ അനുചരന്മാർ ക്വദറിന്റെ കാര്യത്തിൽ തർക്കിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്. നബിﷺ കോപിച്ചു. ഇരുകവിളും ഉറുമാൻ പഴത്തിന്റെ കുരു കുത്തിപ്പിഴിഞ്ഞതുപോലെ അവിടുത്തെ മുഖം ചുവപ്പ് വർണമായി. എന്നിട്ടു പറഞ്ഞു:
أَبِهَذَا أُمِرْتُمْ أَمْ بِهَذَا أُرْسِلْتُ إِلَيْكُمْ إِنَّمَا هَلَكَ مَنْ كَانَ قَبْلَكُمْ حِينَ تَنَازَعُوا فِي هَذَا الأَمْرِ عَزَمْتُ عَلَيْكُمْ أَلاَّ تَتَنَازَعُوا فِيهِ
‘ഇപ്രകാരമാണോ നിങ്ങളോട് കൽപിക്കപ്പെട്ടിരിക്കുന്നത്? അതോ, ഇതുമായിട്ടാണോ ഞാൻ നിങ്ങളിലേക്ക് അയക്കപ്പെട്ടിരിക്കുന്നത്? നിങ്ങളുടെ മുമ്പുള്ളവർ നാശമടഞ്ഞത് അവർ ഇക്കാര്യത്തിൽ (ക്വദറിന്റെ കാര്യത്തിൽ) ഭിന്നിച്ചപ്പോഴായിരുന്നു. ഞാൻ നിങ്ങളോട് തീർത്തുപറയുന്നു; നിങ്ങൾ ഈ വിഷയത്തിൽ ഭിന്നിച്ചുപോകരുത്. (തിർമിദി, അൽബാനി ഹസൻ എന്ന് പറഞ്ഞു-അൽ മിശ്കാത്ത്: 95).
ഇതേ സംഭവം റിപ്പോർട്ട് ചെയ്തുകൊണ്ട് അബ്ദുല്ലാഹ് ഇബ്‌നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു:
مَا لَكُمْ تَضْرِبُونَ كِتَابَ اللَّهِ بَعْضَهُ بِبَعْضٍ؟ بِهَذَا هَلَكَ مَنْ كَانَ قَبْلَكُمْ
നിങ്ങളെന്തിനാണ് അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ചില ഭാഗങ്ങളെ പരസ്പരം വൈരുധ്യമുള്ളതാക്കുന്നത്? ഇങ്ങനെയാണ് നിങ്ങളുടെ മുമ്പുള്ളവർ നാശമടഞ്ഞത്. (ഇബ്‌നുമാജ, അഹ്‌മദ്, അൽബാനി ഹസൻ എന്നു വിധിച്ചത്, മിശ്കാത്ത്: 95, അസ്സുന്ന: 406)
ത്വഹാവി رحمه الله പറഞ്ഞു: തന്റെ സൃഷ്ടികൾക്കിടയിലുള്ള അല്ലാഹുവിന്റെ രഹസ്യമാണ് ക്വദർ. തന്റെ സമീപസ്ഥനായ മലക്കിനോ താൻ അയച്ച പ്രവാചകനോ അവൻ അത് അറിയിച്ചുകൊടുത്തിട്ടില്ല. അതിലേക്ക് ചൂഴ്ന്നിറങ്ങുന്നത് പരാജയത്തിനും നാശത്തിനും അതിരുകവിച്ചിലിനും വഴിവെക്കും. (ശർഹുത്ത്വഹാവിയ്യ).
عَنْ أَبِي هُرَيْرَةَ، قَالَ جَاءَ نَاسٌ مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم فَسَأَلُوهُ إِنَّا نَجِدُ فِي أَنْفُسِنَا مَا يَتَعَاظَمُ أَحَدُنَا أَنْ يَتَكَلَّمَ بِهِ . قَالَ ” وَقَدْ وَجَدْتُمُوهُ ” . قَالُوا نَعَمْ . قَالَ ” ذَاكَ صَرِيحُ الإِيمَانِ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ചില സ്വഹാബികൾ നബിﷺയോട് പറഞ്ഞു: ‘(പുറത്തു) പറയാൻ ബുദ്ധിമുട്ടുള്ള ചില ചിന്തകൾ ഞങ്ങളുടെ മനസ്സിൽ വരാറുണ്ട്.’ നബിﷺ ചോദിച്ചു: ‘നിങ്ങൾക്ക് അത് യഥാർഥത്തിൽ അനുഭവപ്പെടാറുണ്ടോ?’ അവർ പറഞ്ഞു: ‘അതേ.’ അപ്പോൾ നബിﷺ പറഞ്ഞു: ‘അത് ഈമാനിന്റെ വ്യക്തമായ തെളിവാണ്’’ (മുസ്‌ലിം, അഹ്‌മദ്).
ഈ ഹദീസിൽ ക്വദറിന്റെ സൂക്ഷ്മമായ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനുള്ള തന്റെ അനുചരന്മാരുടെ വൈമനസ്യത്തെ അവരുടെ ഈമാനിന്റെ വ്യക്തമായ തെളിവായിട്ടാണ് നബിﷺ കണക്കാക്കിയത്. ഇതുതന്നെയായിരിക്കണം നമ്മുടെയും നിലപാട്.
ക്വദ്‌റിലുളള വിശ്വാസത്തിന്റെ ഘടകങ്ങൾ
ക്വദ്‌റിലുള്ള വിശ്വാസം നാല് ഘടകങ്ങൾ ഉൾക്കൊള്ളുന്നുണ്ട്:
1. സൃഷ്ടിപ്പിന് മുമ്പുതന്നെ സൃഷ്ടികളെ സംബന്ധിച്ച് സമ്പൂർണമായ അറിവ് അല്ലാഹുവിനുണ്ടായിരുന്നു.
2. സൃഷ്ടിപ്പിന് മുമ്പ്, സംഭവിക്കാൻ പോകുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിയിരുന്നു.
3. സൃഷ്ടികളിൽ വല്ലതും സംഭവിക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനനുസരിച്ച് മാത്രമാണ്.
4. പ്രപഞ്ചത്തിലുള്ളതഖിലവും അല്ലാഹു മാത്രമാണ് സൃഷ്ടിച്ചത്.
ഈ നാല് ഘടകങ്ങളും നാം വിശദമായി ചർച്ച ചെയ്യുകയാണ്.
1. അല്ലാഹുവിന്റെ സൂക്ഷ്മമായ അറിവ്
കഴിഞ്ഞുപോയതും വരാൻ പോകുന്നതുമായ കാര്യങ്ങളെ കുറിച്ച് പൂർണമായ അറിവ് അല്ലാഹുവിനുണ്ട്. ഇപ്പോൾ നിലവിലില്ലാത്ത വസ്തുക്കൾ നിലവിൽ വന്നാൽ അവ എങ്ങനെയുണ്ടാകും എന്നത് പോലുള്ള സാങ്കൽപിക കാര്യങ്ങളെ കുറിച്ചുള്ള അറിവ് പോലും അവനുണ്ട്.
സൃഷ്ടികളെക്കുറിച്ചുള്ള കൃത്യമായ അറിവ്:
അല്ലാഹുവാണ് ഈ ലോകത്തുള്ള സകല വസ്തുക്കളുടെയും സ്രഷ്ടാവ്. അവന്റെ സൃഷ്ടി അവന്റെ സമ്പൂർണവും സൂക്ഷ്മവുമായ ജ്ഞാനത്തിന്റെ വ്യക്തമായ സാക്ഷ്യമാണ്.
അല്ലാഹു ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും പർവതങ്ങളെയും സമുദ്രങ്ങളെയും മൃഗങ്ങളെയും കീടങ്ങളെയും പരമാണുക്കളെയും ന്യൂക്ലിയസ്സുകളെയുമെല്ലാം അതിസങ്കീർണവും എന്നാൽ കുറ്റമറ്റതുമായ വ്യവസ്ഥയോടെ സൃഷ്ടിച്ചു. അല്ലാഹു പറയുന്നു:
مَّا تَرَىٰ فِى خَلْقِ ٱلرَّحْمَٰنِ مِن تَفَٰوُتٍ ۖ
പരമകാരുണികന്റെ സൃഷ്ടിപ്പിൽ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. (ഖുർആൻ:67/3)
അല്ലാഹു നമ്മെ ഏറ്റവും നല്ല ഘടനയോടെ രൂപപ്പെടുത്തുകയും ചെയ്തു. അവൻ പറയുന്നു:
لَقَدْ خَلَقْنَا ٱلْإِنسَٰنَ فِىٓ أَحْسَنِ تَقْوِيمٍ
തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു. (ഖുർആൻ:95/4)
മൃഗങ്ങൾക്കും കീടങ്ങൾക്കും പരിമിതമായ അറിവ് മാത്രമാണുള്ളത്. മനുഷ്യർക്ക് അവയെക്കാൾ കൂടുതൽ അറിവുണ്ട്. അവരിൽതന്നെയുള്ള ചിലർ ശരാശരി മനുഷ്യനുള്ളതിനെക്കാൾ വിപുലമായ അറിവുകൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ്. സൃഷ്ടികൾക്കിടയിലുള്ള അറിവുകളെല്ലാം അല്ലാഹു നൽകിയതാണ്. അവയാകട്ടെ, അവന്റെ ജ്ഞാനവുമായി തുലനം ചെയ്യാൻ പോലും പര്യാപ്തമല്ല. അല്ലാഹു പറയുന്നു:
أَلَا يَعْلَمُ مَنْ خَلَقَ وَهُوَ ٱللَّطِيفُ ٱلْخَبِيرُ
സൃഷ്ടിച്ചുണ്ടാക്കിയവൻ (എല്ലാം) അറിയുകയില്ലേ? അവൻ നിഗൂഢഹസ്യങ്ങൾ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖുർആൻ:67/14)
മനുഷ്യരെയും ആകാശഭൂമികളെയും സൃഷ്ടിക്കുന്നതിനു മുമ്പ് തന്റെ സൃഷ്ടികൾക്ക് സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് അല്ലാഹുവിന് വിശദമായി അറിയുമായിരുന്നു. അതുകൊണ്ടുതന്നെ സൃഷ്ടികളുടെ ഗുണങ്ങളും കർമങ്ങളും അവന്റെ മുൻകൂട്ടിയുള്ള അറിവുമായി യോജിച്ചുവരുന്നു. അല്ലാഹു പറയുന്നു:
….. لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمَۢا
അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏത് വസ്തുവെയും ചൂഴ്ന്നു അറിയുന്നവനാകുന്നു എന്നും നിങ്ങൾ മനസ്സിലാക്കുവാൻ വേണ്ടി (അല്ലാഹുവിന്റെ കൽപന നിങ്ങൾക്കിറങ്ങുന്നു) (ഖുർആൻ:65/12)
അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള അറിവിൽനിന്നും ഒരു വസ്തുവും ഒഴിഞ്ഞുപോയിട്ടില്ല. ചെറുതും വലുതും മറഞ്ഞതും തെളിഞ്ഞതുമായ സകലതും അതുൾക്കൊള്ളുന്നുണ്ട്. അവൻ പറയുന്നു.
وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ وَيَعْلَمُ مَا فِى ٱلْبَرِّ وَٱلْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِى ظُلُمَٰتِ ٱلْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِى كِتَٰبٍ مُّبِينٍ
അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല. (ഖുർആൻ:6/59)
എല്ലാ സൃഷ്ടികളുടെയും മുഴുവൻ അവസ്ഥ, ആയുസ്സ്, ഉപജീവനം തുടങ്ങിയ കാര്യങ്ങൾ, മനുഷ്യരുടെ സൽകർമങ്ങൾ, ദുഷ്‌കർമങ്ങൾ, വിചാരങ്ങൾ, ചെയ്തികൾ, അവരുടെ വിജയപരാജയങ്ങളുടെ അവസ്ഥകൾ, അതുപോലെയുള്ള മറ്റുകാര്യങ്ങൾ എന്നിവയും അല്ലാഹുവിന്റെ പൂർവ്വജ്ഞാനത്തിലുൾ പ്പെടുന്നതാണ്. ആരൊക്കെ സ്വർഗത്തിൽ പ്രവേശിക്കുമെന്നും ആരൊക്കെ നരകത്തിൽ ആപതിക്കുമെന്നും അല്ലാഹുവിന് കൃത്യമായി അറിയാം. അല്ലാഹു പറയുന്നു:
هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِى بُطُونِ أُمَّهَٰتِكُمْ ۖ فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ
നിങ്ങളെ ഭൂമിയിൽനിന്ന് സൃഷ്ടിച്ചുണ്ടാക്കിയ സന്ദർഭത്തിലും നിങ്ങൾ നിങ്ങളുടെ ഉമ്മമാരുടെ വയറുകളിൽ ഗർഭസ്ഥശിശുക്കളായിരിക്കുന്ന സന്ദർഭത്തിലും അവനാകുന്നു നിങ്ങളെപ്പറ്റി കൂടുതൽ അറിവുള്ളവൻ. അതിനാൽ നിങ്ങൾ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവൻ. (ഖുർആൻ:53/32)
ഗൈബിയ്യായ അറിവ്
അല്ലാഹുവിങ്കൽ ഗൈബിയ്യായ ലോകത്തെ കുറിച്ചുള്ള മുഴുവൻ അറിവുമുണ്ട്. അതായത്, മനുഷ്യകഴിവുകൾക്കും ധാരണകൾക്കും അപ്പുറത്തുള്ള എല്ലാം. അല്ലാഹു പറയുന്നു:
وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ
അവന്റെ പക്കലാകുന്നു ഗൈബിന്റെ (അദൃശ്യകാര്യങ്ങളുടെ) ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയുമില്ല. (ഖുർആൻ:6/59)
നമ്മുടെ ഇന്ദ്രിയശേഷികൾ കൊണ്ടും കഴിവുകൾകൊണ്ടും ഭാഗികമായി ഗ്രഹിക്കാൻ കഴിയുന്ന കാര്യങ്ങളായാലും പൂർണമായും നമ്മുടെ ഗ്രാഹ്യശേഷിക്ക് പുറത്തുള്ള കാര്യങ്ങളായാലും അവയെ കുറിച്ചുള്ള സമ്പൂർണവും സൂക്ഷ്മവും വിശാലവുമായ ജ്ഞാനം അല്ലാഹുവിന് മാത്രമാണ്. അല്ലാഹു പറയുന്നു:
هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ۖ عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ۖ هُوَ ٱلرَّحْمَٰنُ ٱلرَّحِيمُ
താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവൻ. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവൻ. അവൻ പരമകാരുണികനും കരുണാനിധിയുമാകുന്നു. (ഖുർആൻ:59/22)
സാങ്കൽപിക ലോകത്തെ കുറിച്ചുള്ള അറിവ്
നാം ഒരു കളിപ്പാട്ടമോ മറ്റെന്തെങ്കിലും ഒരുപകരണമോ ഉണ്ടാക്കുകയാണെങ്കിൽ, അത് ആസൂത്രണം ചെയ്യുകയും അതിന്റെ പ്രവർത്തന രീതിയെ കുറിച്ച് പ്രവചിക്കാൻ ശ്രമിക്കുകയും ചെയ്യും. പലപ്പോഴും നമ്മുടെ പ്രവചനം യാഥാർഥ്യവുമായി പൊരുത്തപ്പെടുകയില്ല. അപ്പോൾ നാം ഉണ്ടാക്കിയതിൽ ഭേദഗതി വരുത്താൻ നിർബന്ധിതനാകും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അങ്ങനെയില്ല! നിലവിലില്ലാത്ത ഒരു വസ്തു, താൻ സൃഷ്ടിക്കുകയാണെങ്കിൽ, അതെങ്ങനെയുണ്ടാകുമെന്നതിനെ കുറിച്ച് അല്ലാഹുവിന് കൃത്യമായി അറിയാം.
ഉദാഹരണത്തിന്, രണ്ടാമതൊരവസരം കൂടി ഈ ജീവിതത്തിൽ നൽകുകയാണെങ്കിൽ നല്ലത് പ്രവർത്തിക്കുമെന്ന് അവിശ്വാസികൾ പരലോകത്തുവെച്ച് വാദിക്കും. എന്നാൽ, അവർ കള്ളം പറയുകയാ ണെന്നും അവരെ ഈ ജീവിതത്തിലേക്കുതന്നെ തിരിച്ചയക്കുകയാണെങ്കിൽ അവർ തങ്ങളുടെ അവിശ്വാസത്തിലേക്കും ദുഷ്ടതയിലേക്കും മടങ്ങുമെന്നും അല്ലാഹുവിന്നറിയാം. അല്ലാഹു പറയുന്നു:
بَلْ بَدَا لَهُم مَّا كَانُوا۟ يُخْفُونَ مِن قَبْلُ ۖ وَلَوْ رُدُّوا۟ لَعَادُوا۟ لِمَا نُهُوا۟ عَنْهُ وَإِنَّهُمْ لَكَٰذِبُونَ
അല്ല; അവർ മുമ്പ് മറച്ചുവെച്ചുകൊണ്ടിരുന്നത് (ഇപ്പോൾ) അവർക്ക് വെളിപ്പെട്ടിരിക്കുന്നു. തിരിച്ചയക്ക പ്പെട്ടാൽ തന്നെയും അവർ എന്തിൽ നിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്കുതന്നെ അവർ മടങ്ങിപ്പോ കുന്നതാണ്. തീർച്ചയായും അവർ കള്ളം പറയുന്നവരാകുന്നു. (ഖുർആൻ:6/28)
മറ്റൊരുദാഹരണം: മാർഗദർശനം കേട്ടുകഴിഞ്ഞാൽ അവിശ്വാസികളിൽനിന്നുണ്ടാകാൻ സാധ്യതയുള്ള പ്രതികരണവും അല്ലാഹുവിന്നറിയാം:
وَلَوْ عَلِمَ ٱللَّهُ فِيهِمْ خَيْرًا لَّأَسْمَعَهُمْ ۖ وَلَوْ أَسْمَعَهُمْ لَتَوَلَّوا۟ وَّهُم مُّعْرِضُونَ
അവരിൽ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞിരുന്നുവെങ്കിൽ അവരെ അവൻ കേൾപ്പിക്കുക തന്നെ ചെയ്യുമായിരുന്നു. അവരെ അവൻ കേൾപിച്ചിരുന്നെങ്കിൽ തന്നെ അവർ അവഗണിച്ചുകൊണ്ട് തിരിഞ്ഞുകളയുമായിരുന്നു. (ഖുർആൻ:8/23)
2. അല്ലാഹുവിന്റെ പരിപൂർണ രേഖ
വിധിവിശ്വാസത്തിലെ രണ്ടാമത്തെ അനിവാര്യ ഘടകം, അന്ത്യനാൾവരെ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും ‘ലൗഹുൽ മഹ്ഫൂദ്വി’ൽ (സംരക്ഷിതഫലകം) അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കലാണ്.
സംരക്ഷിത ഫലകം (ലൗഹുൽ മഹ്ഫൂദ്വ്)
ആകാശങ്ങളിലുള്ള വിജ്ഞാനത്തിന്റെ മഹത്തായ ഒരു രേഖയാണ് ‘ലൗഹുൽ മഹ്ഫൂള്.’ പ്രപഞ്ചത്തിൽ നടക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും, അതോടൊപ്പം തന്റെ പ്രവാചകന്മാർക്ക് അവതരിപ്പിക്കാനിരിക്കുന്ന എല്ലാ വേദഗ്രന്ഥങ്ങളും അല്ലാഹു അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
‘ലൗഹുൽ മഹ്ഫൂദ്വ്’ എന്നത് വെള്ളികൊണ്ടോ സ്വർണംകൊണ്ടോ ആഭരണങ്ങൾ കൊണ്ടോ മറ്റു വല്ല വിലപിടിപ്പുള്ള വസ്തുകൊണ്ടോ നിർമിച്ചതാണോ? ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ നമുക്ക് അവകാശമില്ല. കാരണം പ്രാമാണിക ഗ്രന്ഥങ്ങളിലൂടെ അതിനെക്കുറിച്ചുള്ള അറിവ് നമുക്ക് നൽകപ്പെട്ടിട്ടില്ല.
‘ലൗഹ്’ എന്നാൽ ‘ഫലകം’ എന്നും ‘മഹ്ഫൂദ്വ്’ എന്നാൽ ‘സംരക്ഷിക്കപ്പെട്ടത്’ എന്നുമാണർഥം. അതിനാൽ ‘ലൗഹുൽ മഹ്ഫൂദ്വ്’ എന്നാൽ അല്ലാഹുവിങ്കൽ ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു ഫലകം. ക്വുർആനിൽ വിവിധ പേരുകളിലായി അതിനെ സൂചിപ്പിക്കുന്നുണ്ട്.
1. അല്ലൗഹുൽ മഹ്ഫൂള് (സംരക്ഷിത ഫലകം):
بَلْ هُوَ قُرْءَانٌ مَّجِيدٌ ﴿٢١﴾ فِى لَوْحٍ مَّحْفُوظِۭ ﴿٢٢﴾
അല്ല, അത് മഹത്ത്വമേറിയ ഒരു ക്വുർആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്. (ഖുർആൻ:85/21-22)
2. അൽകിതാബ് (ഗ്രന്ഥം അഥവാ രേഖ):
أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ. (ഖു൪ആന്‍: 22/70)
3. ഇമാമുൻ മുബീൻ (വ്യക്തമായ രേഖ):
إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ ۚ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍ مُّبِينٍ
അവർ ചെയ്തുവെച്ചതും അവരുടെ (പ്രവർത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളും വ്യക്തമായ ഒരു രേഖയിൽ നാം നിജപ്പെടുത്തിവെച്ചിരിക്കുന്നു. (ഖു൪ആന്‍: 36/12)
4. കിതാബുൻ മസ്തൂർ (എഴുതപ്പെട്ട ഗ്രന്ഥം അല്ലെങ്കിൽ രേഖ):
وَٱلطُّورِ ﴿١﴾ وَكِتَٰبٍ مَّسْطُورٍ ﴿٢﴾ فِى رَقٍّ مَّنشُورٍ ﴿٣﴾
ത്വൂർ പർവതം തന്നെയാണെ, സത്യം! എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം. നിവർത്തിവെച്ച തുകലിൽ. (ഖു൪ആന്‍: 52/1-3)
5. ഉമ്മുൽ കിതാബ് (മൂലഗ്രന്ഥം):
وَإِنَّهُۥ فِىٓ أُمِّ ٱلْكِتَٰبِ لَدَيْنَا لَعَلِىٌّ حَكِيمٌ
തീർച്ചയായും അത് മൂലഗ്രന്ഥത്തിൽ നമ്മുടെ അടുക്കൽ (സൂക്ഷിക്കപ്പെട്ടതത്രെ). അത് ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു. (ഖു൪ആന്‍: 43/4)
6. അദ്ദിക്ർ (ഉൽബോധനം)
وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّٰلِحُونَ
ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്റെ സദ്‌വൃത്തരായ ദാസൻമാരായിരിക്കും എന്ന് ഉൽബോധനത്തിന് ശേഷം നാം സബൂറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ഖു൪ആന്‍: 21/105)
‘അൽ ഖലമി’ (പേന)ന്റെ സൃഷ്ടിപ്പ്
അല്ലാഹു അവന്റെ ജ്ഞാനം കൊണ്ട് അവന്റെ സൃഷ്ടികളുടെ അളവുകൾ നിശ്ചയിച്ചു. അവരുടെ അവസ്ഥാവിശേഷങ്ങളും അവരുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ മുഴുവൻ കാര്യങ്ങളും, താനുദ്ദേശിച്ചതായ മറ്റു സംഗതികളും അല്ലാഹു സംരക്ഷിത ഫലകത്തിൽ രേഖപ്പെടുത്തി.
ആദ്യം അവൻ ‘ക്വലമി’നെ (പേനയെ) സൃഷ്ടിച്ചു. അതിനെ അവൻ തന്റെ വലംകൈകൊണ്ട് പിടിച്ചു. ശേഷം എല്ലാ കാര്യങ്ങളും രേഖപ്പെടുത്താൻ അതിനോട് കൽപിക്കുകയും ചെയ്തു.
ഉബാദതുബ്‌നു സ്വാമിത് رَضِيَ اللَّهُ عَنْهُ നബിﷺയിൽനിന്നും ഇപ്രകാരം കേട്ടതായി നിവേദനം:
إِنْ أَوَّلَ مَا خَلَقَ اللهُ الْقَلَمَ فَقَالَ: اكْتُبْ فَقَالَ: مَا أَكْتُبُ؟ قَالَ: اكْتُبْ الْقَدَرَ مَاكَانَ وَمَا هُوَ كَائِنٌ إِلَى الْأَبَدِ.
നിശ്ചയം, അല്ലാഹു ആദ്യം സൃഷ്ടിച്ചത് പേനയെയാണ്. അവൻ അതിനോട് കൽപിച്ചു: ‘എഴുതുക.’ പേന ചോദിച്ചു: ‘ഞാൻ എന്താണ് എഴുതേണ്ടത്?’ അല്ലാഹു പറഞ്ഞു: ‘ക്വദർ എഴുതുക; (ഇതുവരെ) സംഭവിച്ചതും അനന്തമായി ഇനി സംഭവിക്കാനുള്ളതുമായ എല്ലാം. (അഹ്‌മദ്, തിർമിദി).
إِنَّ أَوَّلَ شَيْءٍ خَلَقَهُ اللَّهُ عَزَّ وَجَلَّ الْقَلَمُ، وَأَخَذَهُ بِيَمِينِهِ -وَكِلْتَا يَدَيْهِ يَمِينٌ- قَالَ: «فَكَتَبَ الدُّنْيَا وَمَا يَكُونُ فِيهَا مِنْ عَمَلٍ مَعْمُولٍ، بِرٍّ أَوْ فُجُورٍ، رَطْبٍ أَوْ يَابِسٍ، فَأَحْصَاهُ عِنْدَهُ فِي الذِّكْرِ»، ثُمَّ قَالَ: ” اقْرَؤُوا إِنْ شِئْتُمْ {هَذَا كِتَابُنَا يَنْطِقُ عَلَيْكُمْ بِالْحَقِّ إِنَّا كُنَّا نَسْتَنْسِخُ مَا كُنْتُمْ تَعْمَلُونَ} فَهَلْ تَكُونُ النُّسْخَةُ إِلَّا مِنْ أَمْرٍ قَدْ فُرِغَ مِنْهُ
നിശ്ചയം, അല്ലാഹു ആദ്യം സൃഷ്ടിച്ചത് പേനയെയാണ്. അവൻ അത് തന്റെ വലതുകൈയിൽ – അവന്റെ ഇരു കരങ്ങളും വലതുകരങ്ങളാണ് – പിടിച്ചുകൊണ്ട് ഐഹിക ജീവിതവും അതിൽ ചെയ്യാനിരിക്കുന്ന കർമങ്ങളും രേഖപ്പെടുത്തിവെച്ചു. പുണ്യവും പാപവും ഈർപ്പമുള്ളതും (അതായത് ജീവനുള്ളതും) വരണ്ടതും (ജീവനില്ലാത്തതും) ആയ എല്ലാ കാര്യങ്ങളും. അവൻ അതെല്ലാം തന്റെയടുക്കൽ ‘ദിക്‌റി’ൽ രേഖപ്പെടുത്തിവെച്ചു. നീ ഉദ്ദേശിക്കുന്നെങ്കിൽ വായിക്കുക: ‘ഇതാ നമ്മുടെ രേഖ. നിങ്ങൾക്കെതിരായി അത് സത്യം തുറന്നുപറയുന്നതാണ്. തീർച്ചയായും നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു’ (അൽജാഥിയ: 29). അപ്പോൾ, പൂർത്തിയായിക്കഴിഞ്ഞ ഒന്നിൽനിന്നല്ലാതെ പകർത്തിയെഴുത്തിന് സാധിക്കുമോ? (ആജുർരി (അശ്ശരീഅയിൽ) രേഖപ്പെടുത്തിയത്. സ്വഹീഹാണെന്ന് അൽബാനി സ്ഥിരപ്പെടുത്തി (അസ്സ്വഹീഹ. 3136).
عَنْ عَبْدِ اللَّهِ بْنِ عَمْرِو، بْنِ الْعَاصِ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ – قَالَ – وَعَرْشُهُ عَلَى الْمَاءِ ” .
അബ്ദുല്ലാഹിബ്‌നു അംറ് رَضِيَ اللَّهُ عَنْهُ നിവേദനം, നബിﷺ പറഞ്ഞു: ആകാശഭൂമികൾ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് അല്ലാഹു മുഴുവൻ സൃഷ്ടികളുടെയും വ്യവസ്ഥകൾ രേഖപ്പെടുത്തി. അവന്റെ സിംഹാസനം വെള്ളത്തിന് മുകളിലാണ്. (മുസ്‌ലിം, തിർമിദി).
ലൗഹുൽ മഹ്ഫൂദ്വിൽ കാര്യങ്ങൾ രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ അല്ലാഹു സിംഹാസനം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു. എന്നാൽ പേനയെക്കാൾ മുമ്പ് സിംഹാസനത്തെ സൃഷ്ടിച്ചു എന്ന് ഇതിന് അർഥമില്ല. പ്രത്യുത, പേനയാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്നും രേഖപ്പെടുത്തുന്ന സമയത്ത് ഭാവികാര്യങ്ങളും സംഭവിച്ചുകഴിഞ്ഞ ചില കാര്യങ്ങളും ആ പേന എഴുതിവെച്ചിട്ടുണ്ടെന്നും മുകളിൽ സൂചിപ്പിച്ച ഉബാദرَضِيَ اللَّهُ عَنْهُ വിന്റെ ഹദീസിൽ നിന്നും വ്യക്തമാകുന്നു. ഈ ഹദീസുകളിൽ നിന്നെല്ലാം മനസ്സിലാകുന്നത് അല്ലാഹു ആദ്യം പേന സൃഷ്ടിച്ചു; ശേഷം സിംഹാസനം, വെള്ളം, സംരക്ഷിതഫലകം. പിന്നെ ഒരുപക്ഷേ, മറ്റു കാര്യങ്ങളും സൃഷ്ടിച്ചിരിക്കാം. അതിന് ശേഷം പേന ഉപയോഗിച്ച് ഫലകത്തിൽ ക്വദർ രേഖപ്പെടുത്തിവെച്ചു. (കൂടുതൽ അറിയുന്നവൻ അല്ലാഹുവാണ്).
പ്രപഞ്ചത്തിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും ഫലകത്തിൽ രേഖപ്പെടുത്തപ്പെട്ടതനുസരിച്ചാണ് സംഭവിക്കുന്നത്. അല്ലാഹു പറയുന്നു:
مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഖുർആൻ:57/22)
സമ്പൂർണവും നിശ്ചിതവുമായ രേഖകൾ
സംരക്ഷിതഫലകം എല്ലാ വസ്തുക്കളുടെയും ഭാഗധേയം ഉൾക്കൊള്ളുന്നതാണെന്ന് നാം മുകളിൽ കണ്ടു. അത് അതിബൃഹത്തായ ഗ്രന്ഥശേഖരം പോലെയാണ്. അന്ത്യനാൾ വരെയുള്ള സൃഷ്ടികൾക്കിടയിൽ സംഭവിക്കാനിരിക്കുന്ന മുഴുവൻ രചനകളും സംസാരങ്ങളും കർമങ്ങളും ഉൾക്കൊള്ളുന്ന ബൃഹത്തായ ഒരു ഗ്രന്ഥാലയം. അത് ഒരൊറ്റ രേഖ മാത്രമാണെങ്കിലും ആദ്യന്തമുള്ള ലോകത്തിലെ മുഴുവൻ ഗ്രന്ഥാലയങ്ങളെയും ഒരുമിച്ചു ചേർത്താലുള്ളതിനെക്കാൾ അനേകം മടങ്ങ് വലുതായിരിക്കുമത്.
ഈ സമ്പൂർണ രേഖയിൽനിന്നും സൃഷ്ടികളുമായി ബന്ധപ്പെട്ട മറ്റനേകം ചെറിയ രേഖകളും ഉദയം ചെയ്യുന്നതാണ്. അവയുടെ വിവരങ്ങൾ സമ്പൂർണരേഖയിൽ നിന്നും വരുന്നതാണുതാനും. സൂക്ഷ്മമായി പറഞ്ഞാൽ ഈ ജീവിതത്തിലെ അനുക്രമമായ സംഭവങ്ങളുമായി ബന്ധപ്പെട്ട മൂന്നുതരം നിശ്ചിതരേഖകളുണ്ട്. തുടർന്ന് അതുസംബന്ധിച്ചാണ് വിശദീകരിക്കുന്നത്.
1. ആയുഷ്‌കാല രേഖ: മുഴുവൻ മനുഷ്യവർഗത്തിന്റെയും ജനനത്തിന് മുമ്പെ നിർണയിക്കപ്പെടുകയും അവന്റെ (അല്ലെങ്കിൽ അവളുടെ) വിശദമായ ഭാഗധേയം ഉൾക്കൊള്ളുകയും ചെയ്യുന്ന രേഖയാണത്.
മനുഷ്യനിലേക്ക് ആത്മാവ് ഊതപ്പെടുന്നതിന് മുമ്പ്, അവന്റെ രേഖകൾ സംരക്ഷിതഫലകത്തിൽ നിന്നും മലക്കുകളുടെ പക്കലുള്ള മറ്റൊരു രേഖയിലേക്ക് പകർത്തിയെഴുതാൻ ഗർഭാശയങ്ങളുടെ മലക്കിനെ അല്ലാഹു നിയോഗിക്കും.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أنَّ خَلْقَ أحَدِكُمْ يُجْمَعُ في بَطْنِ أُمِّهِ أرْبَعِينَ يَوْمًا أوْ أرْبَعِينَ لَيْلَةً، ثُمَّ يَكونُ عَلَقَةً مِثْلَهُ، ثُمَّ يَكونُ مُضْغَةً مِثْلَهُ، ثُمَّ يُبْعَثُ إلَيْهِ المَلَكُ فيُؤْذَنُ بأَرْبَعِ كَلِماتٍ، فَيَكْتُبُ: رِزْقَهُ، وأَجَلَهُ، وعَمَلَهُ، وشَقِيٌّ أمْ سَعِيدٌ، ثُمَّ يَنْفُخُ فيه الرُّوحَ، فإنَّ أحَدَكُمْ لَيَعْمَلُ بعَمَلِ أهْلِ الجَنَّةِ حتَّى لا يَكونُ بيْنَها وبيْنَهُ إلَّا ذِراعٌ، فَيَسْبِقُ عليه الكِتابُ، فَيَعْمَلُ بعَمَلِ أهْلِ النَّارِ فَيَدْخُلُ النَّارَ، وإنَّ أحَدَكُمْ لَيَعْمَلُ بعَمَلِ أهْلِ النَّارِ، حتَّى ما يَكونُ بيْنَها وبيْنَهُ إلَّا ذِراعٌ، فَيَسْبِقُ عليه الكِتابُ، فَيَعْمَلُ عَمَلَ أهْلِ الجَنَّةِ فَيَدْخُلُها
ഇബ്‌നു മസ്ഊദ്(റ) നിവേദനം, നബിﷺ പറഞ്ഞു: “നിങ്ങളിൽ ഓരോരുത്തരുടെയും സൃഷ്ടിപ്പ് സ്വന്തം മാതാവിന്റെ വയറ്റിൽ നാൽപത് ദിവസങ്ങൾ കൊണ്ട് കൂട്ടിയോജിപ്പിക്കപ്പെടുന്നു; ഇന്ദ്രിയത്തുള്ളിയായും ഭ്രൂണമായും അനന്തരം അത്രതന്നെ മാംസപിണ്ഡമായും. തുടർന്ന് അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും. നാല് കാര്യങ്ങൾ രേഖപ്പെടുത്താൻ കൽപിക്കപ്പെടും; അവന്റെ ഉപജീവനം, ആയുസ്സ്, കർമങ്ങൾ, അവൻ സൗഭാഗ്യവാനാണോ അതല്ല ദൗർഭാഗ്യവാനാണോ എന്നുള്ളതും. ശേഷം അദ്ദേഹം അതിൽ ആത്മാവിനെ ഊതുകയും ചെയ്യും.’’
“(നിശ്ചയം), നിങ്ങളിലൊരുവൻ (ബാഹ്യമായി) സ്വർഗക്കാരുടെ കർമങ്ങൾ ചെയ്തുകൊണ്ടേയി രിക്കും. അവന്റെയും അതിന്റെയുമിടയിൽ ഒരു മുഴം മാത്രം ബാക്കിയാകുന്നതുവരെ. ശേഷം അവന്റെ രേഖ അതിനെ മറികടക്കും. അതിനാൽ അവൻ നരകക്കാരുടെ കർമങ്ങൾ ചെയ്യുകയും അതിൽ പ്രവേശിക്കുകയും ചെയ്യും. നിശ്ചയം, നിങ്ങളിലൊരുവൻ (ബാഹ്യമായി) നരകക്കാരുടെ കർമങ്ങൾ ചെയ്തു കൊണ്ടേയിരിക്കും. അതിന്റെയും അവന്റെയുമിടയിൽ ഒരു മുഴം മാത്രം ബാക്കിയാകുന്നതുവരെ. ശേഷം അവന്റെ രേഖ അതിനെ മറികടക്കും. അതിനാൽ, അവൻ സ്വർഗക്കാരുടെ കർമങ്ങൾ ചെയ്യുകയും അതിൽ പ്രവേശിക്കുകയും ചെയ്യും’’ (ബുഖാരി, മുസ്‌ലിം).
ഒരു വ്യക്തിയുടെ രേഖയിൽ എഴുതപ്പെടുന്ന നാല് കാര്യങ്ങൾ ഈ ഹദീസ് പരാമർശിക്കുന്നുണ്ട്. മറ്റൊരു റിപ്പോർട്ടിൽ, മനുഷ്യന്റെ ഭാവിജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, ഇബ്‌നു ഉമറും(റ) ഹുദൈഫ ഇബ്‌നു ഉസൈദ് അൽ അൻസാരി(റ)യും നിവേദനം. നബിﷺ പറഞ്ഞു: “ഗർഭാശയങ്ങളുടെ മലക്ക് ചോദിക്കും: ‘എന്റെ നാഥാ! ഇത് ആണാണോ പെണ്ണാണോ?…’’(മുസ്‌ലിം, അഹ്‌മദ്).
ഈ രേഖയിൽ എഴുതപ്പെട്ട കാര്യങ്ങൾ അതേരൂപത്തിൽ സംഭവിക്കും. അത് ഒരിക്കലും മാറ്റാൻ സാധിക്കുകയില്ല. ഇബ്‌നു ഉമറി(റ)ന്റെയും ഹുദൈഫ(റ)യുടെയും റിപ്പോർട്ടിൽ നബിﷺ പറഞ്ഞു: “പിന്നീട് ഈ രേഖ മടക്കിവെക്കും. അന്ത്യനാളുവരെ ആരും അത് തൊടുകയില്ല.’’
2. വാർഷിക രേഖ: ലൈലത്തുൽ ക്വദ്‌റിൽ മലക്കുകൾ നിർവഹിക്കുന്ന രേഖയാണിത്. അല്ലാഹു പറയുന്നു:
إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ. (ഖു൪ആന്‍:97/1-5)
ക്വുർആൻ മുഴുവൻ ലൈലത്തുൽ ക്വദ്‌റിൽ സംരക്ഷിത ഫലകത്തിൽനിന്നും താഴോട്ട് ഇറക്കിയതാ ണെന്ന് ഈ ആയത്തുകൾ സൂചിപ്പിക്കുന്നു. എല്ലാ വർഷവും ഇതേ രാത്രിയിൽ മലക്കുകൾ അല്ലാഹുവി ന്റെ ഉത്തരവുകളുമായി താഴോട്ട് ഇറങ്ങിവരുമെന്നും അവ സൂചിപ്പിക്കുന്നു. അതേ രൂപത്തിൽ, അല്ലാഹു പറയുന്നു:
إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ﴿٣﴾ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ ﴿٤﴾ أَمْرًا مِّنْ عِندِنَآ ۚ… ﴿٥﴾
തീർച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും നാം മുന്നറിയിപ്പ് നൽകുന്നവനാകുന്നു. ആ രാത്രിയിൽ യുക്തിപൂർണമായ ഓരോ കാര്യവും വേർതിരിച്ചു വിവരിക്കപ്പെടുന്നു. അതെ, നമ്മുടെ പക്കൽനിന്നുള്ള കൽപന. (ഖു൪ആന്‍:44/3-5)
അതിനാൽ, എല്ലാ വർഷവും ലൈലത്തുൽ ക്വദ്‌റിൽ ആ വർഷത്തിലേക്കുള്ള അല്ലാഹുവിന്റെ കൽപനകളും ഉത്തരവുകളും മലക്കുകൾ താഴെ കൊണ്ടുവരികയും അവർ കൈകാര്യം ചെയ്യുന്ന നിശ്ചിത രേഖകളിൽ രേഖപ്പെടുത്തിവെക്കുകയും ചെയ്യും.
3. ദൈനംദിന രേഖകൾ: ഈ രേഖയിൽ ഒരു പ്രത്യേക ദിവസത്തിലെ മുഴുവൻ കാര്യങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഉൾക്കൊള്ളുന്നു. ഇവയാകട്ടെ, സംരക്ഷിതഫലകത്തിലുള്ളതിനെ സസൂക്ഷ്മം പിന്തുടരുന്നതാണ്. അല്ലാഹു പറയുന്നു:
يَسْـَٔلُهُۥ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ كُلَّ يَوْمٍ هُوَ فِى شَأْنٍ
ആകാശങ്ങളിലും ഭൂമിയിലും ഉള്ളവർ അവനോട് ചോദിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവൻ കാര്യനിർവഹണത്തിലാകുന്നു. (ഖു൪ആന്‍:55/29)
മുഹമ്മദ് അൽജിബാലി
വിവര്‍ത്തനം : മുഹമ്മദ് സിയാദ് കണ്ണൂർ
www.kanzululoom.com