ഇസ്ലാമിക സ്വഭാവഗുണങ്ങളിൽ വെച്ച് മഹത്തായ ഒരു ഉന്നത ഗുണത്തെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒരു അടിമ ഈ സ്വഭാവം സ്വന്തത്തിൽ വളർത്തിയെടുത്താൽ, അവന്റെ ഹൃദയം സമാധാനപ്പെടുകയും, മനസ്സ് ശാന്തമാകുകയും, അവസ്ഥകൾക്ക് ആശ്വാസം ലഭിക്കുകയും, അവന്റെ അവയവങ്ങൾ ഹറാമിൽ നിന്ന് സുരക്ഷിതമാകുകയും ചെയ്യുന്നു. പ്രവാചകന്മാരുടെ സ്വഭാവഗുണങ്ങളിൽ പെട്ട ഒന്നാണിത്; ഭയഭക്തരുടെ ലക്ഷണങ്ങളിലൊന്നും, വിജയിച്ചവരുടെ വിശേഷണങ്ങളിൽ ഒന്നുമാണത്. القناعة (ഖനാഅത്ത് – ഉള്ളതുകൊണ്ട് തൃപ്തിപ്പെടൽ) എന്ന ആ മഹത്തായ സ്വഭാവത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.
ആളുകളിൽ ഭൂരിഭാഗവും ഭൗതികലോകത്തിന് മേൽ വീണടിയുകയും, അതിൻ്റെ ആസക്തികളിൽ മുഴുകുകയും ചെയ്ത ഈ കാലഘട്ടത്തിൽ ഖനാഅത്തിലേക്കും അല്ലാഹു ഓഹരിവെച്ചു നൽകിയതിൽ സംതൃപ്തി അടയുന്നതിലേക്കും നാം എത്രമാത്രം ആവശ്യക്കാരാണ്! അസന്തുഷ്ടിയും ആവലാതികളും പരാതികളും പെരുകുകയും, ലോകരക്ഷിതാവായ അല്ലാഹു നിശ്ചയിച്ചതിലും വിധിച്ചതിലുമുള്ള തൃപ്തി വല്ലാതെ ദുർബലപ്പെടുകയും ചെയ്ത ഒരു കാലഘട്ടമാണിത്. ഖനാഅത്ത് അപ്രത്യക്ഷമായപ്പോഴാണ് ആർത്തിയും അധിമോഹവും പടർന്നുപിടിച്ചത്. ഖനാഅത്ത് നഷ്ടപ്പെട്ടതുകൊണ്ടാണ് സമൂഹങ്ങൾ അസൂയയുടെയും വിദ്വേഷത്തിന്റെയും ശത്രുതയുടെയും തീജ്വാലകളാൽ പൊള്ളിപ്പോയിട്ടുള്ളത്. സമൂഹത്തിൽ ഖനാഅത്തിന്റെ അഭാവം മൂലമാണ് തർക്കങ്ങളും സംഘട്ടനങ്ങളും മോഷണങ്ങളും വർദ്ധിച്ചുവന്നത്?
ഖനാഅത്തിന്റെ അർത്ഥം:
ഖനാഅത്ത് (القناعة) എന്നാൽ:
▪️അല്ലാഹു നൽകിയതിലും, അവൻ വിധിച്ചതിലും, ഓഹരി വെച്ചതിലും സംതൃപ്തി അടയലാണ്.
▪️കൈവശമുള്ളതുകൊണ്ട് ഐശ്വര്യപ്പെടലും (മതിയാക്കലും), നഷ്ടപ്പെട്ടതിലേക്ക് മോഹത്തോടെ നോക്കാതിരിക്കലുമാണ്.
▪️നിഷിദ്ധവും മോശവുമായ കാര്യങ്ങൾക്ക് പകരം, അനുവദനീയവും പരിശുദ്ധവുമായ കാര്യങ്ങൾ കൊണ്ട് തൃപ്തിപ്പെടലാണ്.
▪️ഒരു വ്യക്തി തൻ്റെ കയ്യിലുള്ളതുകൊണ്ട് മതിയാക്കലും, തനിക്കില്ലാത്തതിലേക്ക് കൊതിക്കാതിരിക്കലുമാണ്.
▪️ഹൃദയത്തിൽ സംതൃപ്തി നിറയലും, അസന്തുഷ്ടിയിൽ നിന്നും പരാതികളിൽ നിന്നും അകന്നുനിൽക്കലുമാണ്.
തന്റെ സൃഷ്ടാവിനെയും അന്നദാതാവിനെയും കുറിച്ച് സൃഷ്ടികളോട് പരാതിപ്പെടുന്നവനോ, തനിക്കില്ലാത്തതിലേക്ക് കണ്ണ് നട്ടിരിക്കുന്നവനോ, ഐഹിക ലോകത്ത് താൻ ആഗ്രഹിച്ച പദവികളിൽ എത്തിച്ചേരാൻ കഴിയാത്തപ്പോൾ കോപിക്കുന്നവനോ അല്ല യഥാർത്ഥത്തിൽ ‘ഖാനിഅ് (القانع)’ (ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവൻ). യഥാര്‍ത്ഥത്തിൽ, അവൻ ആഗ്രഹിച്ചതിന് നേരെ വിപരീതമായ കാര്യത്തിലായിരിക്കാം അവനുള്ള നന്മ ഇരിക്കുന്നത്.
അതുപോലെ തന്നെ ‘ഖനാഅത്ത്’ എന്ന് പറഞ്ഞാൽ ഒരാൾ നിർബന്ധമായും ദരിദ്രനായിരിക്കണം എന്ന് അർത്ഥമില്ല. ദരിദ്രന് എത്രത്തോളം ഖനാഅത്ത് ആവശ്യമാണോ, അത്രത്തോളം തന്നെ ധനികനും ഖനാഅത്ത് ആവശ്യമാണ്. ധനികന്റെ ‘ഖനാഅത്ത്’ എന്നത് അവൻ അല്ലാഹുവോട് നന്ദിയുള്ളവനും തൃപ്തിയുള്ളവനുമായിരിക്കുക എന്നതാണ്; അല്ലാതെ നന്ദികെട്ടവനോ അതിക്രമിയോ ആവുകയല്ല. തന്റെ സമ്പത്ത് ഖൽബിലേക്ക് കടന്നുചെല്ലുകയും, താൻ സമ്പത്തിന്റെ അടിമയായി മാറുകയും ചെയ്യാതിരിക്കലാണ് അവന്റെ ഖനാഅത്ത്. തന്റെ ധനം കൊണ്ട് പാവപ്പെട്ടവരുടെയും സാധുക്കളുടെയും മേൽ അഹങ്കരിക്കാതിരിക്കലും, മറ്റുള്ളവരുടെ സ്വത്തുക്കൾ കവർന്നെടുക്കാനും അവരുടെ അവകാശങ്ങളെ ധ്വംസിക്കാനും തന്റെ സമ്പത്ത് ഉപയോഗിക്കാതിരിക്കലുമാണ് അവന്റെ ഖനാഅത്ത്. അപ്പോൾ പ്രതിമാസം ആയിരം രൂപ മാത്രം വരുമാനമുള്ളവന് ഖനാഅത്ത് ഉണ്ടായിരിക്കണം, അല്ലെങ്കിൽ അവൻ പരാജയപ്പെടും, അവന്റെ മനസ് തൃപ്തി അടയുകയില്ല. പ്രതിമാസം അയ്യായിരവും പതിനായിരവും അമ്പതിനായിരവും ലക്ഷവും അതിന് മുകളിലും വരുമാനമുള്ളവനും ഖനാഅത്ത് ഉണ്ടായിരിക്കണം, അല്ലെങ്കിൽ അവൻ പരാജയപ്പെടും, അവന്റെ മനസ് തൃപ്തി അടയുകയില്ല.
ധാരാളം സമ്പത്തും വലിയ അനുഗ്രഹങ്ങളും ഉള്ള ‘ഖനാഅത്ത്’ ലഭിച്ച ഒരാൾ തന്റെ കച്ചവടത്തിൽ വഞ്ചന കാണിക്കുകയില്ല, തന്റെ തൊഴിലാളികൾക്ക് അർഹമായ അവകാശങ്ങളും കൂലിയും തടഞ്ഞു വെക്കുകയുമില്ല. സമ്പത്തിനോ പദവിക്കോ വേണ്ടി സ്വന്തം ആത്മാഭിമാനത്തെ പണയം വെച്ച് തരം താഴുകയോ, തന്റെ സമ്പത്തിന്റെ സകാത്ത് കൊടുക്കാതിരിക്കുകയോ ഇല്ല. ലാഭം കിട്ടിയാൽ അവൻ അല്ലാഹുവിന് നന്ദി കാണിക്കും, നഷ്ടം സംഭവിച്ചാൽ അവൻ വിധിയിൽ തൃപ്തിപ്പെടും.
ദരിദ്രന്റെ ‘ഖനാഅത്ത്’ എന്നത് അല്ലാഹുവിന്റെ ഓഹരിവെപ്പിൽ തൃപ്തിയടയലും, അവന്റെ കൽപ്പനകൾക്ക് പൂർണ്ണമായി കീഴ്പ്പെടലുമാണ്. അവൻ തൃപ്തികേട് കാണിക്കുന്നവനോ, ആവലാതിപ്പെടുന്നവനോ, തന്റെ അവസ്ഥയിൽ പരിഭ്രാന്തനാകുന്നവനോ, തന്റെ അന്നദാതാവായ അല്ലാഹുവിനോട് കോപിക്കുന്നവനും ആവില്ല. മറ്റുള്ളവരുടെ കയ്യിലുള്ള ഭൗതികവസ്തുക്കളിലേക്ക് അവൻ കണ്ണുവെക്കാതിരിക്കലാണ് അവന്റെ ഖനാഅത്ത്. ആത്മാഭിമാനമുള്ളവനും, അത് കാത്തുസൂക്ഷിക്കുന്നവനുമായിരിക്കലും, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഹറാമായ കാര്യങ്ങളിൽ ഏർപ്പെടാതിരിക്കലുമാണ് അവന്റെ ഖനാഅത്ത്.
തനിക്കാവശ്യമായ ഉപജീവനമാർഗ്ഗം ഉള്ള എത്രയെത്ര ആളുകളാണ് തങ്ങളുടെ ഹൃദയത്തിൽ അധിമോഹം നിറച്ച്, തങ്ങൾക്ക് വീതിച്ചു കിട്ടിയതിൽ തൃപ്തിപ്പെടാതെ കഴിയുന്നത്! അങ്ങനെ അവൻ തൻ്റെ ഉപജീവനത്തിൽ പരിഭ്രമിക്കുകയും, തനിക്ക് ആഹാരം നൽകിയവനോട് കോപിക്കുകയും, തൻ്റെ പരാതികൾ ജനങ്ങളോട് വിളമ്പുകയും, തന്നെത്തന്നെ ധനികനാക്കാൻ വേണ്ടി എല്ലാ നിഷിദ്ധ മാർഗ്ഗങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു. ഇവര്‍ ഖനാഅത്ത് എന്ന ഗുണം എടുത്തുമാറ്റപ്പെട്ടവനാണ്.
ഖനാഅത്തിന്റെ ശ്രേഷ്ഠതയും സ്ഥാനവും
ഖനാഅത്ത് എന്നത് ഒരു ശമനവും ഔഷധവുമാണ്. അത് ആർത്തിയുടെയും ദുരാഗ്രഹത്തിന്റെയും രോഗത്തിൽ നിന്നുള്ള ശമനമാണ്; ആശങ്കകളിൽ നിന്നും ദുഃഖങ്ങളിൽ നിന്നുമുള്ള ശമനമാണ്; വിദ്വേഷത്തിൽ നിന്നും അസൂയയിൽ നിന്നുമുള്ള ശമനമാണ്; ധനം കവർന്നെടുക്കുന്നതിൽ നിന്നും മറ്റുള്ളവരുടെ സ്വത്തുക്കൾ കൈയേറുന്നതിൽ നിന്നുമുള്ള ശമനവുമാണ്.
ആർക്കെങ്കിലും ‘ഖനാഅത്ത്’ നഷ്ടപ്പെട്ടാൽ, അവന്റെ അസന്തുഷ്ടിയും വ്യാകുലതയും വർദ്ധിച്ചുകൊണ്ടിരിക്കും; അല്ലാഹു നൽകിയ വിഭവങ്ങളിൽ തൃപ്തിയടയുന്നതിൽ നിന്ന് അവൻ തടയപ്പെടുകയും ചെയ്യും. ആ സമയത്ത്, വയറുനിറയ്ക്കുന്ന ഭക്ഷണവും, നഗ്നത മറയ്ക്കുന്ന വസ്ത്രവും, യാത്ര ചെയ്യാൻ സഹായിക്കുന്ന വാഹനവും, അഭയം നൽകുന്ന വീടും ഒന്നും അവനെ തൃപ്തിപ്പെടുത്തുകയില്ല! നബി ﷺ പറഞ്ഞതെത്രശരി.
وَلاَ يَمْلأُ جَوْفَ ابْنِ آدَمَ إِلاَّ التُّرَابُ،
മനുഷ്യന്റെ വയറ് മണ്ണുകൊണ്ടല്ലാതെ നിറയുകയുമില്ല. (ബുഖാരി:6436)
അതായത് അവൻ എല്ലാ ഭാഗത്തുനിന്നും ധനം അന്വേഷിച്ചു നടക്കും, ഹലാലും ഹറാമും തമ്മിൽ കൂട്ടിക്കലർത്തും. ചിലപ്പോൾ അവൻ്റെ സമ്പത്ത് മുഴുവൻ ഹറാമിൽ നിന്നുള്ളതുമായിരിക്കും; കാരണം ഹലാലായതിൽ അവൻ തൃപ്തിയടയുന്നില്ല!
നബി ﷺ ഖനാഅത്തിന് ശക്തമായി പ്രോത്സാഹനം നൽകുകയും, അത് സന്തോഷത്തിലേക്കും വിജയത്തിലേക്കുമുള്ള വഴിയാണെന്ന് വ്യക്തമാക്കിത്തരികയും ചെയ്തിട്ടുണ്ട്.
عَنْ عَبْدِ اللَّهِ، بْنِ عَمْرِو بْنِ الْعَاصِ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : قَدْ أَفْلَحَ مَنْ أَسْلَمَ وَرُزِقَ كَفَافًا وَقَنَّعَهُ اللَّهُ بِمَا آتَاهُ ” .
അബ്ദുല്ലാഹ് ഇബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്ലാം സ്വീകരിക്കുകയും ആവശ്യ നിര്‍വഹണത്തിനു മതിയായതും മിച്ചംവരാത്തതുമായ ഉപജീവനം നല്കപ്പെടുകയും തനിക്കു നല്കപ്പെട്ടതില് അല്ലാഹു മനഃസംതൃപ്തി ഏകുകയും ചെയ്തവര്‍ തീര്‍ച്ചയായും വിജയം വരിച്ചിരിക്കുന്നു. (മുസ്ലിം:1054)
عَنْ سَلَمَةَ بْنِ عُبَيْدِ اللَّهِ بْنِ مِحْصَنٍ الْخَطْمِيِّ عَنْ أَبِيهِ – وَكَانَتْ لَهُ صُحْبَةٌ – قَالَ:قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ أَصْبَحَ مِنْكُمْ آمِنًا فِي سِرْبِهِ مُعَافًى فِي جَسَدِهِ عِنْدَهُ قُوتُ يَوْمِهِ فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا.
സലമത് ബിൻ ഉബൈദില്ലാഹ് ബിൻ മിഹ്സ്വൻ അൽ-ഖത്മി തന്റെ പിതാവിൽ – അദ്ദേഹത്തിന് സ്വഹാബിയാകാനുള്ള ഭാഗ്യം ഉണ്ടായിരുന്നു – നിന്ന് നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു: നിങ്ങളിൽ ആർക്കെങ്കിലും (ഓരോദിവസവും) തന്റെ വാസസ്ഥലത്ത് നിർഭയത്വത്തോടെയും ആഫിയത്തുള്ള ശരീരത്തോടെയും അന്നന്നത്തെ ഭക്ഷണത്തോടെയും കഴിച്ചുകൂട്ടാനായാൽ അവന് ദുൻയാവ് മുഴുവൻ ലഭിച്ചതിനു തുല്യമാണ്. (തിർമിദി:2346)
പിന്നെന്തിനാണ് ഈ തൃപ്തികേട്? എന്തിനാണ് ഈ പരാതിപ്പെടലും ആവലാതികളും? നാമും നമ്മുടെ കുടുംബവും സമ്പത്തും സുരക്ഷിതമായിരിക്കെ, ശരീരത്തിന് ആരോഗ്യവും ആശ്വാസവും ലഭിച്ചിരിക്കെ, ഒരു ദിവസത്തെ ആഹാരം – അല്ല, ഒരു വർഷത്തേക്കോ അതിൽ കൂടുതലോ ഉള്ള ആഹാരവും വിഭവങ്ങളും – നമ്മുടെ പക്കൽ ഉണ്ടായിരിക്കെ? അതെന്തുകൊണ്ടെന്നാൽ, അതെല്ലാം ഹൃദയങ്ങളെ കീഴടക്കിയ ദുരാഗ്രഹം കാരണമാണ്! അതുകൊണ്ട് തന്നെ ചെറുതിലോ വലുതിലോ തൃപ്തിയടയാൻ ആ ഹൃദയങ്ങൾക്ക് സാധിക്കുന്നില്ല. ഇതേക്കുറിച്ചാണ് നബി ﷺ നമ്മോട് മുന്നറിയിപ്പ് നൽകിയത്:
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ رضى الله عنهما ـ يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ” لَوْ كَانَ لاِبْنِ آدَمَ وَادِيَانِ مِنْ مَالٍ لاَبْتَغَى ثَالِثًا، وَلاَ يَمْلأُ جَوْفَ ابْنِ آدَمَ إِلاَّ التُّرَابُ، وَيَتُوبُ اللَّهُ عَلَى مَنْ تَابَ ”.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ മകന് (മനുഷ്യന്) ധനത്തിന്റെ രണ്ട് താഴ്വരകൾ ഉണ്ടായാലും, അവൻ മൂന്നാമതൊന്ന് കൂടി ആഗ്രഹിക്കുക തന്നെ ചെയ്യും. മനുഷ്യന്റെ വയറ് മണ്ണുകൊണ്ടല്ലാതെ നിറയുകയുമില്ല, പശ്ചാത്തപിച്ചു മടങ്ങുന്നവന്റെ പശ്ചാത്താപ്പം അല്ലാഹു സ്വീകരിക്കുകയും ചെയ്യും. (ബുഖാരി:6436)
قال أبو حاتم رحمه الله: مِنْ أكثر مواهب الله لعباده وأعظمها خطراً؛ القناعة. وليس شيءٌ أروحَ للبدن من الرضا بالقضاء والثقة بالقَسْم، ولو لم يكن في القناعة خصلة تحمد إلا الراحة وعدم الدخول في مواضع السوء لِطلب الفَضلِ، لكان الواجبُ على العاقل ألا يفارق القناعة على حالة من الأحوال.
അബൂ ഹാതിം رحمه الله പറഞ്ഞു:അല്ലാഹു തന്റെ അടിമകൾക്ക് നൽകുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും വലിയതും മഹത്തായതുമായ ഒന്നാണ് ‘ഖനാഅത്ത്’. വിധിയിൽ സംതൃപ്തി അടയുന്നതിനേക്കാളും, അല്ലാഹുവിന്റെ ഓഹരിവെപ്പിൽ വിശ്വാസമർപ്പിക്കുന്നതിനേക്കാളും ശരീരത്തിന് ആശ്വാസം നൽകുന്ന മറ്റൊന്നുമില്ല. അധിക നന്മകൾ തേടിപ്പോയി തിന്മയുടെ വഴികളിൽ ചെന്നെത്താതിരിക്കലും, മനസ്സിന്റെ സമാധാനവും മാത്രമാണ് ഖനാഅത്തിന്റെ ഏക ഗുണമെങ്കിൽ പോലും; ഏതൊരു സാഹചര്യത്തിലും ഖനാഅത്തിനെ കൈവിടാതിരിക്കൽ ബുദ്ധിമാനായ ഏതൊരാളുടെയും ബാധ്യതയാകുമായിരുന്നു.
അദ്ദേഹം വീണ്ടും പറഞ്ഞു:
القناعة تكون بالقلب؛ فمن غني قلبه غنيت يداه، ومن افتقر قلبه لم ينفعه غناه، ومن قنع لم يتسخطْ وعاش آمنا مطمئنا، ومن لم يقنع لم يكن له في الفوائت نهاية لرغبته).
ഖനാഅത്ത് ഉണ്ടാകേണ്ടത് ഹൃദയത്തിലാണ്. അപ്പോൾ ഒരാളുടെ ഹൃദയം ധന്യമായാൽ അയാളുടെ കൈകളും ധന്യമാകും. എന്നാൽ ഒരാളുടെ ഹൃദയമാണ് ദരിദ്രമെങ്കിൽ അയാളുടെ ധനസമൃദ്ധി അയാൾക്ക് ഒട്ടും ഉപകരിക്കുകയില്ല. തൃപ്തിയടഞ്ഞവൻ ഒരിക്കലും അസംതൃപ്തനാവുകയോ കോപിക്കുകയോ ഇല്ല; അവൻ സുരക്ഷിതനും ശാന്തനുമായി ജീവിക്കും. എന്നാൽ തൃപ്തിയടയാത്തവനാകട്ടെ, നഷ്ടപ്പെട്ടുപോയ കാര്യങ്ങളോടുള്ള അവന്റെ ആഗ്രഹത്തിന് ഒരവസാനവും ഉണ്ടായിരിക്കുകയുമില്ല.
ഖനാഅത് കൈവരിക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ
ഖനാഅത്ത് കൈവരിക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങളും വഴികളും കാരണങ്ങളുമുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്:
1.അല്ലാഹു മാത്രമാണ് അന്നദാതാവ് എന്ന ദൃഢമായ വിശ്വാസം.
പടപ്പുകളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ അവൻ അവരുടെ ഉപജീവന മാർഗ്ഗങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഏതൊരു സൃഷ്ടിയും അതിന് നിശ്ചയിച്ച ഉപജീവനവും ആയുസ്സും പൂർണ്ണമായി നേടാതെ മരണപ്പെടുകയുമില്ല. അല്ലാഹു മാത്രമാണ് അടിമകൾക്ക് ആഹാരം നൽകുന്നവൻ.
إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلْقُوَّةِ ٱلْمَتِينُ
തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്കുന്നവനും ശക്തനും പ്രബലനും. (ഖു൪ആന്‍: 51/58)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : أَيُّهَا النَّاسُ اتَّقُوا اللَّهَ وَأَجْمِلُوا فِي الطَّلَبِ فَإِنَّ نَفْسًا لَنْ تَمُوتَ حَتَّى تَسْتَوْفِيَ رِزْقَهَا وَإِنْ أَبْطَأَ عَنْهَا فَاتَّقُوا اللَّهَ وَأَجْمِلُوا فِي الطَّلَبِ خُذُوا مَا حَلَّ وَدَعُوا مَا حَرُمَ
ജാബിര്‍ ബിന്‍ അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ജനങ്ങളെ നിങ്ങള്‍ അല്ലാഹുവെ തഖ്വ പുലര്‍ത്തുക, (ഉപജീവനം) അന്വേഷിക്കുന്നതിൽ മാന്യത കാണിക്കുക. ഒരാത്മാവും അതിന് നിശ്ചയിച്ചിട്ടുള്ള വിഭവങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടല്ലാതെ മരണപ്പെടുകയില്ല, അത് പതുക്കെയാണെങ്കിലും. അതില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക, (ഉപജീവനം) അന്വേഷിക്കുന്നത് ഭംഗിയാക്കുക. നിങ്ങള്‍ക്കവന്‍ അനുവദിച്ചവ സ്വീകരിക്കുകയും വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്യുക. (ഇബ്നുമാജ:2144)
قال عامر بن عبد قيس رضي الله عنه: أربع آيات من كتاب الله إذا قرأتهن مساء لم أبال على ما أمسي، وإذا تلوتهن صباحًا لم أبال على ما أصبح:
ആമിർ ബിൻ അബ്ദി ഖൈസ് رضي الله عنه പറയുന്നു: അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ നാല് ആയത്തുകളുണ്ട്; വൈകുന്നേരങ്ങളിൽ അവ ഞാൻ പാരായണം ചെയ്താൽ പിന്നെ എനിക്ക് ഏത് അവസ്ഥയിലാണ് വൈകുന്നേരം വന്നെത്തുന്നത് എന്ന് നോക്കേണ്ടതില്ല (എനിക്ക് യാതൊരു ഭയവുമില്ല). രാവിലെയെത്തുമ്പോൾ അവ ഞാൻ പാരായണം ചെയ്താൽ ഏത് അവസ്ഥയിലാണ് പ്രഭാതമുണ്ടാകുന്നത് എന്നും എനിക്ക് ഭയപ്പെടേണ്ടതില്ല, (പ്രസ്തുത വചനങ്ങൾ):
مَّا يَفْتَحِ ٱللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُۥ مِنۢ بَعْدِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
അല്ലാഹു മനുഷ്യര്‍ക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത് പിടിച്ച് വെക്കാനാരുമില്ല. അവന് വല്ലതും പിടിച്ച് വെക്കുന്ന പക്ഷം അതിന് ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും. (ഖു൪ആന്‍ :35/1)
وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَآدَّ لِفَضْلِهِۦ ۚ يُصِيبُ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَهُوَ ٱلْغَفُورُ ٱلرَّحِيمُ
നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്നപക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന് നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്മാരില് നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന് അനുഭവിപ്പിക്കുന്നു. അവന് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖുർആൻ:10/107)
وَمَا مِن دَآبَّةٍ فِى ٱلْأَرْضِ إِلَّا عَلَى ٱللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِى كِتَٰبٍ مُّبِينٍ
ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന് അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്. (ഖുർആൻ:11/6)
ﺳَﻴَﺠْﻌَﻞُ ٱﻟﻠَّﻪُ ﺑَﻌْﺪَ ﻋُﺴْﺮٍ ﻳُﺴْﺮًا
അല്ലാഹു ഞെരുക്കത്തിന് ശേഷം സൌകര്യം ഏര്‍പെടുത്തികൊടുക്കുന്നതാണ്..(ഖു൪ആന്‍ : 65/7)
2.ദുനിയാവ് നശിച്ചുപോകുന്നതാണെന്നും, അതിലെ വിഭവങ്ങളും ആഡംബരങ്ങളും ഇല്ലാതായിത്തീരുന്നതാണെന്ന് തിരിച്ചറിയൽ
ബുദ്ധിമാൻ മനസ്സിലാക്കട്ടെ; എല്ലാ അവസ്ഥകളും മാറ്റത്തിന് വിധേയമാണ്! അതിനാൽ ഒരു ധനികനും അഹങ്കരിക്കാനും അതിരുവിടാനും തക്കവണ്ണം സന്തോഷിക്കേണ്ടതില്ല; ഒരു ദരിദ്രനും അല്ലാഹുവോട് അനനുസരണക്കേട് കാണിക്കാനും അവിശ്വസിക്കാനും തക്കവണ്ണം നിരാശനാകേണ്ടതുമില്ല! കാരണം ഒരു ദാരിദ്ര്യവും ശാശ്വതമല്ല, ഒരു ധനസ്ഥിതിയും അന്തിമമല്ല!
മരണം ജീവിച്ചിരിക്കുന്ന എല്ലാവരെയും സമന്മാരാക്കും; ധനികനെയും ദരിദ്രനെയും! മണ്ണിലെ പുഴുക്കൾ ഉടമസ്ഥനും തൊഴിലാളിയും തമ്മിലോ, ദരിദ്രനും പ്രഭുവും തമ്മിലോ, വലിയവനും ചെറിയവനും തമ്മിലോ വേർതിരിവ് കാണിക്കാറില്ല. അതിനാൽ, ഒരു ദരിദ്രനും തന്റെ ദാരിദ്ര്യത്തിൽ വ്യാകുലപ്പെടേണ്ടതില്ല; ഒരു ധനികനും തന്റെ ധനത്തിൽ അഹങ്കരിക്കേണ്ടതുമില്ല.
മനുഷ്യർക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങൾക്കും ഭിന്നതകൾക്കും കാരണം ഭൗതികലോകവും അതിനായുള്ള മത്സരവുമാണ്; ഹൃദയങ്ങളിൽ ‘ഖനാഅത്തിന്റെയും’ സംതൃപ്തിയുടെയും അളവ് കുറവാണ്. നബി ﷺ പറഞ്ഞത് എത്ര സത്യമാണ്:
فَوَاللَّهِ لاَ الْفَقْرَ أَخْشَى عَلَيْكُمْ، وَلَكِنْ أَخْشَى عَلَيْكُمْ أَنْ تُبْسَطَ عَلَيْكُمُ الدُّنْيَا كَمَا بُسِطَتْ عَلَى مَنْ كَانَ قَبْلَكُمْ، فَتَنَافَسُوهَا كَمَا تَنَافَسُوهَا وَتُهْلِكَكُمْ كَمَا أَهْلَكَتْهُمْ
അല്ലാഹുവിനെ തന്നയാണെ സത്യം, ഞാന്‍ നിങ്ങളില്‍ ദാരിദ്യത്തെ ഭയപ്പെടുന്നില്ല, എന്നാല്‍ നിങ്ങളുടെ മുമ്പുള്ളവ൪ക്ക് ലഭിച്ചതുപോലെ നിങ്ങള്‍ക്കും ദുന്യാവ് വിശാലമായി ലഭിക്കുന്നതാണ് ഞാന്‍ ഭയപ്പെടുന്നത്. അങ്ങനെ അവ൪ മല്‍സരിച്ചതുപോലെ നിങ്ങളും മല്‍സരിക്കുന്നതും അവ൪ നശിച്ചതുപോലെ നിങ്ങളും നശിക്കുന്നതുമാണ്. (ബുഖാരി: 3158)
അതിനാൽ ദുൻയാവിനെ തന്റെ കരങ്ങളിൽ ഒതുക്കി നിർത്തുകയും, അത് തന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന് അതിനെ മലിനമാക്കുന്നതിനെ തൊട്ട് ജാഗ്രത പുലർത്തുകയും ചെയ്യുക. നബി ﷺ പറഞ്ഞു:
أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ
അറിയുക! നിശ്ചയം, ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ദുഷിച്ചാൽ ശരീരം മുഴുവൻ ദുഷിച്ചു. അറിയുക! അത് ഹൃദയമാണ്. (ബുഖാരി 52, മുസ്ലിം 1599)
3.ധനം, പദവി, പ്രതാപം എന്നിവയിൽ തന്നേക്കാൾ താഴെയുള്ളവരിലേക്ക് നോക്കലും തന്നേക്കാൾ മുകളിലുള്ളവരിലേക്ക് നോക്കാതിരിക്കലും.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَهُوَ أَجْدَرُ أَنْ لاَ تَزْدَرُوا نِعْمَةَ اللَّهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക, നിങ്ങള്‍ക്ക് മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്. അതാണ് അല്ലാഹുവിന്റെ (നിങ്ങളുടെ മേലുള്ള) അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് സഹായകരമായിട്ടുള്ളത്. (മുസ്ലിം:2963)
മറ്റൊരു റിപ്പോര്‍ട്ടിൽ ഇപ്രകാരമാണുള്ളത്:
إِذَا رَأَى أَحَدُكُمْ مَنْ فَوْقَهُ فِي الْمَالِ وَالْحَسَبِ، فَلْيَنْظُرْ إِلَى مَنْ هُوَ دُونَهُ فِي الْمَالِ وَالْحَسَبِ
നിങ്ങളിൽ ഒരാൾ ധനത്തിലും തറവാട്ടുമഹിമയിലും തനിക്കുമുകളിലുള്ള ഒരാളെ കണ്ടാൽ, ധനത്തിലും തറവാട്ടുമഹിമയിലും തനിക്കു താഴെയുള്ളവനിലേക്ക് അവൻ നോക്കിക്കൊള്ളട്ടെ. (ഇബ്നുഹിബ്ബാൻ)
ഈ ദുൻയാവിൽ പല കാര്യങ്ങളിലും തന്നേക്കാൾ മികച്ച ഒരാളെയോ, അല്ലെങ്കിൽ തന്നേക്കാൾ താഴ്ന്ന നിലയിലുള്ള ഒരാളെയോ കണ്ടെത്താത്തവരായി ആരുമില്ല! നീ ഒരു പാവപ്പെട്ടവനാണെങ്കിൽ, ജനങ്ങൾക്കിടയിൽ നിന്നെക്കാൾ പാവപ്പെട്ടവരുണ്ട്! നീ ഒരു രോഗിയാണെങ്കിൽ, ജനങ്ങൾക്കിടയിൽ നിന്നെക്കാൾ കഠിനമായ രോഗമുള്ളവരുണ്ട്! ഇനി നീ ഒരു ബലഹീനനാണെങ്കിൽ, ജനങ്ങൾക്കിടയിൽ നിന്നെക്കാൾ ബലഹീനരായവരുണ്ട്. എന്നിരിക്കെ, നിനക്ക് മുകളിലുള്ളവരെ നോക്കാൻ നീ എന്തിനാണ് തല ഉയർത്തിപ്പിടിക്കുന്നത്? നിനക്ക് താഴെയുള്ളവരെ കാണാൻ എന്തുകൊണ്ടാണ് നീ തല താഴ്ത്തി നോക്കാത്തത്?
4.ചെലവഴിക്കുന്നതിൽ മിതത്വം പാലിക്കാനും, ധൂർത്തും അനാവശ്യ ചെലവുകളും ഒഴിവാക്കാനും സ്വന്തം മനസ്സിനെ ശീലിപ്പിക്കൽ
يَٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ
ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (ഖു൪ആന്‍:7/31)
ഇബാദു റഹ്മാന്റെ ഒരു ഗുണമായി അല്ലാഹു പറയുന്നു:
ﻭَٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﻧﻔَﻘُﻮا۟ ﻟَﻢْ ﻳُﺴْﺮِﻓُﻮا۟ ﻭَﻟَﻢْ ﻳَﻘْﺘُﺮُﻭا۟ ﻭَﻛَﺎﻥَ ﺑَﻴْﻦَ ﺫَٰﻟِﻚَ ﻗَﻮَاﻣًﺎ
ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കി പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍. (ഖു൪ആന്‍:25/67)
മനസ്സിന് ആഗ്രഹങ്ങൾ നൽകിക്കൊണ്ടിരുന്നാൽ അത് കൂടുതൽ ആഗ്രഹിച്ചുകൊണ്ടിരിക്കും; എന്നാൽ കുറഞ്ഞ അളവിലേക്ക് അതിനെ തിരിച്ചുകൊണ്ടുവന്നാൽ അത് തൃപ്തിപ്പെടുകയും ചെയ്യും.
5.മനുഷ്യർക്കിടയിൽ ഉപജീവനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കിയത് അല്ലാഹുവിന് മാത്രം അറിയാവുന്ന യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് വിശ്വസിക്കൽ
അടിമകൾക്കിടയിൽ ഉപജീവനമാർഗ്ഗങ്ങളിലും പദവികളിലും വ്യത്യാസങ്ങൾ വരുത്തിയതിൽ അല്ലാഹുവിന് മഹത്തായ യുക്തിയുണ്ട്. ഭൂമിയിൽ മനുഷ്യവാസം സാദ്ധ്യമാകാനും, ജനങ്ങൾ പരസ്പരം ഉപകാരങ്ങളും ആവശ്യങ്ങളും പങ്കുവെക്കാനും, പരസ്പരം സേവനം ചെയ്യാനും വേണ്ടിയാണത്. അല്ലാഹു പറയുന്നു:
أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ
അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം. (ഖു൪ആന്‍:43/32)
وَهُوَ ٱلَّذِى جَعَلَكُمْ خَلَٰٓئِفَ ٱلْأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَٰتٍ لِّيَبْلُوَكُمْ فِى مَآ ءَاتَىٰكُمْ ۗ إِنَّ رَبَّكَ سَرِيعُ ٱلْعِقَابِ وَإِنَّهُۥ لَغَفُورٌ رَّحِيمُۢ
അവനാണ് നിങ്ങളെ ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശികളാക്കിയത്. നിങ്ങളില്‍ ചിലരെ ചിലരെക്കാള്‍ പദവികളില്‍ അവന് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന് ഏറെ പൊറുക്കുന്നവനും കരുണാനിധിയും കൂടിയാകുന്നു. (ഖു൪ആന്‍:6/165)
അതുകൊണ്ട്, അല്ലാഹുവിന്റെ ഓഹരിവെപ്പിൽ എതിർപ്പ് പ്രകടിപ്പിക്കുന്നവൻ അല്ലാഹുവിന്റെ അറിവിനെയും അവന്റെ യുക്തിയെയുമാണ് എതിർക്കുന്നത്. ഇത് അജ്ഞതയും വഴികേടുമാണ്. കാരണം, പടപ്പുകളെ പടച്ചവൻ തന്നെയാണ് അവരുടെ നന്മകളെക്കുറിച്ചും ഉപകാരങ്ങളെക്കുറിച്ചും ഏറ്റവും നന്നായി അറിയുന്നവൻ. അല്ലാഹു പറയുന്നു:
… وَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰٓ أَن تُحِبُّوا۟ شَيْـًٔا وَهُوَ شَرٌّ لَّكُمْ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല. (ഖു൪ആന്‍:2/261)
6.ദാരിദ്ര്യവും സമ്പന്നതയും പരീക്ഷണമാണെന്ന് മനസ്സിലാക്കുക
ദരിദ്രൻ തന്റെ ദാരിദ്ര്യവും ആവശ്യങ്ങളും കൊണ്ട് പരീക്ഷിക്കപ്പെടുന്നു; സമ്പന്നനാകട്ടെ തന്റെ ഐശ്വര്യവും സമ്പത്തും കൊണ്ട് പരീക്ഷിക്കപ്പെടുന്നു. രണ്ടുപേരും അല്ലാഹുവിന്റെ മുമ്പിൽ നിർത്തപ്പെടുന്നവരും ചോദ്യം ചെയ്യപ്പെടുന്നവരും ഉത്തരം പറയേണ്ടവരുമാണ്.
അല്ലാഹു പറയുന്നു:
وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّٰبِرِينَ ﴿١٥٥﴾ ٱلَّذِينَ إِذَآ أَصَٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ ﴿١٥٦﴾ أُو۟لَٰٓئِكَ عَلَيْهِمْ صَلَوَٰتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُهْتَدُونَ ﴿١٥٧﴾
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്, ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്, ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്ഗം പ്രാപിച്ചവര്‍. (ഖു൪ആന്‍:2/155-157)
عَنْ أَنَسِ بْنِ مَالِكٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاَءِ وَإِنَّ اللَّهَ إِذَا أَحَبَّ قَوْمًا ابْتَلاَهُمْ فَمَنْ رَضِيَ فَلَهُ الرِّضَا وَمَنْ سَخِطَ فَلَهُ السَّخَطُ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പരീക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് പ്രതിഫലം വർദ്ധിക്കുന്നതാണ്. നിശ്ചയം, അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷണത്തിന് വിധേയരാക്കുന്നതാണ്. അപ്പോൾ ആരാണോ അത് തൃപ്തിപ്പെടുന്നത് അവർക്ക് അല്ലാഹുവിൻ്റെ തൃപ്തിയുണ്ട്. ആര് കോപിക്കുന്നുവോ അവർക്ക് അവൻ്റെ കോപവുമുണ്ട്. (തിർമിദി: 2398)
ദാരിദ്ര്യം ഒരു പരീക്ഷണമായിരിക്കുന്നതുപോലെ തന്നെ, സമ്പന്നതയും ഒരു പരീക്ഷണമാണ്. അല്ലാഹു പറയുന്നു:
وَٱعْلَمُوٓا۟ أَنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌ وَأَنَّ ٱللَّهَ عِندَهُۥٓ أَجْرٌ عَظِيمٌ
നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍:8/28)
ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ
ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്കിക്കൊണ്ടും നന്മ നല്കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (ഖു൪ആന്‍:21/35)
عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ
അബൂബർസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല. (1) തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്. (2) തന്റെ അറിവ് കൊണ്ട് എന്താണ് പ്രവർത്തിച്ചതെന്ന്. (3) തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്. (4)തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)
പ്രയാസങ്ങളിലും കഷ്ടപ്പാടുകളിലും ക്ഷമ പാലിക്കലും സന്തോഷത്തിലും സമൃദ്ധിയിലും നന്ദി കാണിക്കലും സത്യവിശ്വാസിയുടെ പ്രത്യേകതയാണ്.
عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ
സുഹൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന് നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന് ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)
ഖനാഅത്തിലും രിളാ (തൃപ്തി) യിലും മാതൃക
ഖനാഅത്തിലും രിളാ (തൃപ്തി) യിലും ഏറ്റവും മഹത്തായ മാതൃക നബി ﷺ തന്നെയാണ്; അവിടുന്ന് എല്ലാ സദ്ഗുണങ്ങളിലും മാതൃകയാണ്. അവിടുന്ന് എല്ലാത്തിലും അത്യധികം തൃപ്തിയുള്ളയാളും, ഐഹികവിരക്തനും, അല്ലാഹുവിന്റെ വിധിയിൽ സന്തോഷിക്കുന്നയാളും, ക്ഷമാശീലനും, പ്രതിഫലം പ്രതീക്ഷിക്കുന്നയാളുമായിരുന്നു. ദുൻയാവിന്റെ സുഖഭോഗങ്ങളിൽ നിന്ന് ഏറ്റവും അകന്നുനിന്നയാളും പരലോകത്തെ ഏറ്റവും കൂടുതൽ ആഗ്രഹിച്ചയാളുമായിരുന്നു. നബി ﷺ എങ്ങനെ അങ്ങനെയാകാതിരിക്കും! ലോകരക്ഷിതാവായ അല്ലാഹു നബി ﷺ യോട് ഇപ്രകാരം കൽപ്പിക്കുമ്പോൾ:
وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ
അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്റെ രക്ഷിതാവ് നല്കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്ക്കുന്നതും. (ഖുർആൻ:20/131)
നബി ﷺ അമിത മോഹമുള്ളതും തൃപ്തിവരാത്തതുമായ മനസ്സിൽ നിന്ന് അല്ലാഹുവിനോട് ശരണം തേടാറുണ്ടായിരുന്നു.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ وَمِنْ قَلْبٍ لاَ يَخْشَعُ وَمِنْ نَفْسٍ لاَ تَشْبَعُ وَمِنْ دُعَاءٍ لاَ يُسْمَعُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ (ഇപ്രകാരം) പ്രാര്‍ത്ഥിക്കുമായിരുന്നു:’അല്ലാഹുവേ, ഉപകാരപ്പെടാത്ത അറിവിൽ നിന്നും, ഭയഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും, തൃപ്തിയടയാത്ത മനസ്സിൽ നിന്നും, സ്വീകരിക്കപ്പെടാത്ത പ്രാർത്ഥനയിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു.’ (നസാഇ)
നബി ﷺ യുടെ ഭക്ഷണത്തെയും ആഹാരരീതിയെയും കുറിച്ച് പറയുകയാണെങ്കിൽ, അത് ലാളിത്യത്തിന്റെയും ഖനാഅത്തിന്റെയും അത്യുന്നത തലത്തിലായിരുന്നു;
عَنْ عَائِشَةَ ـ رضى الله عنها ـ أَنَّهَا قَالَتْ لِعُرْوَةَ ابْنَ أُخْتِي، إِنْ كُنَّا لَنَنْظُرُ إِلَى الْهِلاَلِ ثُمَّ الْهِلاَلِ، ثَلاَثَةَ أَهِلَّةٍ فِي شَهْرَيْنِ، وَمَا أُوقِدَتْ فِي أَبْيَاتِ رَسُولِ اللَّهِ صلى الله عليه وسلم نَارٌ. فَقُلْتُ يَا خَالَةُ مَا كَانَ يُعِيشُكُمْ قَالَتِ الأَسْوَدَانِ التَّمْرُ وَالْمَاءُ، إِلاَّ أَنَّهُ قَدْ كَانَ لِرَسُولِ اللَّهِ صلى الله عليه وسلم جِيرَانٌ مِنَ الأَنْصَارِ كَانَتْ لَهُمْ مَنَائِحُ، وَكَانُوا يَمْنَحُونَ رَسُولَ اللَّهِ صلى الله عليه وسلم مِنْ أَلْبَانِهِمْ، فَيَسْقِينَا.
ആയിശ رضى الله عنها യിൽ നിന്ന് നിവേദനം: അവർ തന്റെ സഹോദരീപുത്രനായ ഉർവയോട് പറഞ്ഞു: (എന്റെ സഹോദരീപുത്രാ) രണ്ട് മാസത്തിനിടെ മൂന്ന് ഹിലാലുകൾ (മാസപ്പിറവികൾ) ഞങ്ങൾ കാണുമായിരുന്നു; എന്നിട്ടും അല്ലാഹുവിന്റെ റസൂൽ ﷺ യുടെ വീടുകളിൽ അടുപ്പിൽ തീ കത്തിക്കപ്പെട്ടിരുന്നില്ല (ഭക്ഷണം പാകം ചെയ്തിരുന്നില്ല).” അപ്പോൾ ഞാൻ (ഉർവ) ചോദിച്ചു: “എന്റെ വല്ല്യുമ്മാ! എന്ത് കഴിച്ചാണ് നിങ്ങൾ ജീവിച്ചിരുന്നത്?” അവർ പറഞ്ഞു: “രണ്ട് കറുത്ത വസ്തുക്കൾ കഴിച്ച്; അഥവാ ഈത്തപ്പഴവും വെള്ളവും. എങ്കിലും അൻസാരികളിൽപ്പെട്ട ചില അയൽവാസികൾ അല്ലാഹുവിന്റെ റസൂൽ ﷺ ക്ക് ഉണ്ടായിരുന്നു. അവർക്ക് പാൽക്കറവയുള്ള മൃഗങ്ങളുണ്ടായിരുന്നു. അവർ അതിൽ നിന്നുള്ള പാൽ അല്ലാഹുവിന്റെ റസൂൽ ﷺ ക്ക് അങ്ങോട്ട് സമ്മാനമായി നൽകുകയും, അവിടുന്ന് അത് ഞങ്ങൾക്ക് കുടിക്കാൻ തരികയും ചെയ്യുമായിരുന്നു.” (ബുഖാരി:2567)
عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم قَالَتْ لَقَدْ مَاتَ رَسُولُ اللَّهِ صلى الله عليه وسلم وَمَا شَبِعَ مِنْ خُبْزٍ وَزَيْتٍ فِي يَوْمٍ وَاحِدٍ مَرَّتَيْنِ .
നബിയുടെ പത്നിയായ ആയിശ رضى الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: ഒരു ദിവസത്തിൽ രണ്ടുനേരം ഖുബ്സും (خبز) എണ്ണയും (زيت) കഴിച്ച് വയറുനിറയുന്ന അവസ്ഥയില്ലാതെയാണ് അല്ലാഹുവിന്റെ റസൂൽ ﷺ വിടവാങ്ങിയത് (വഫാത്തായത്). (മുസ്ലിം:2974)
നബി ﷺ യുടെ വീടിനെ കുറിച്ച് പറയട്ടെ,
عن داود بن قيس رَحِمَهُ اللهُ قال: رَأَيْتُ الْحُجُرَاتِ مِنْ جَرِيدِ النَّخْلِ مَغْشِيًّا مِنْ خَارِجٍ بِمُسُوحِ الشَّعْرِ، وَأَظُنُّ عَرْضَ الْبَيْتِ مِنْ بَابِ الْحُجْرَةِ إِلَى بَابِ الْبَيْتِ نَحْوًا مِنْ سِتِّ أَوْ سَبْعِ أَذْرُعٍ، وَأَحْزِرُ الْبَيْتَ الدَّاخِلَ عَشْرَ أَذْرُعٍ، وَأَظُنُّ سُمْكَهُ بَيْنَ الثَّمَانِ وَالسَّبْعِ نَحْوَ ذَلِكَ، وَوَقَفْتُ عِنْدَ بَابِ عَائِشَةَ فَإِذَا هُوَ مُسْتَقْبِلٌ الْمَغْرِبَ.
ദാവൂദ് ബിൻ ഖൈസ് رَحِمَهُ اللهُ പറയുന്നു: “നബി ﷺ യുടെ ഹുജ്റകൾ (മുറികൾ) ഈന്തപ്പനയോലകൾ കൊണ്ട് നിർമ്മിച്ചതും, പുറംഭാഗം മൃഗങ്ങളുടെ രോമം കൊണ്ടുള്ള കട്ടിയുള്ള തുണികൊണ്ട് മൂടപ്പെട്ടതുമായി ഞാൻ കണ്ടു. മുറിയുടെ വാതിൽ മുതൽ വീടിന്റെ വാതിൽ വരെയുള്ള വീതി ഏകദേശം 6 അല്ലെങ്കിൽ 7 മുഴം ആണെന്ന് ഞാൻ കരുതുന്നു. അകത്തെ മുറിയുടെ നീളം 10 മുഴവും, അതിന്റെ ഉയരം 7 നും 8 നും ഇടയിൽ ആയിരിക്കുമെന്ന് ഞാൻ കണക്കാക്കുന്നു. ആയിശ رضى الله عنها യുടെ മുറിയുടെ വാതിലിനു മുന്നിൽ ഞാൻ നിന്നപ്പോൾ, അത് പടിഞ്ഞാറ് ഭാഗത്തേക്ക് അഭിമുഖീകരിക്കുന്നതായി ഞാൻ കണ്ടു. (അൽ അദബുൽ മുഫ്രദ്:451)
قال الحسن البصري رحمه الله: كُنْتُ أَدْخُلُ بُيُوتَ أَزْوَاجِ النَّبِيِّ صلى الله عليه وسلم فِي خِلاَفَةِ عُثْمَانَ بْنِ عَفَّانَ فَأَتَنَاوَلُ سُقُفَهَا بِيَدِي.
ഹസൻ അൽ ബസ്വരി رحمه الله പറയുന്നു: ഉഥ്മാൻ ബിൻ അഫ്ഫാൻ رضى الله عنه വിന്റെ ഭരണകാലത്ത് ഞാൻ നബി ﷺ യുടെ പത്നിമാരുടെ വീടുകളിൽ പ്രവേശിക്കാറുണ്ടായിരുന്നു; അപ്പോൾ എന്റെ കൈകൾ കൊണ്ട് എനിക്ക് ആ വീടുകളുടെ മേൽക്കൂരകൾ തൊടാൻ സാധിക്കുമായിരുന്നു. (അൽ അദബുൽ മുഫ്രദ്:450)
എന്നിട്ടും നബി ﷺ ഖനാഅത്തിൽ മാതൃകയുള്ളയാളാണ്. അവിടുന്ന് തന്റെ ദുൻയാവിന്റെ കാര്യത്തിൽ പരിപൂര്‍ണ്ണ സംതൃപ്തനായിരുന്നു. നബി ﷺയുടെ കുടുംബത്തിലും സലഫുസ്സ്വാലിഹുകളിലും ഖനാഅത്തിൽ മാതൃകയുണ്ട്. ഇത് ദീര്ഘിച്ചുപോകുമെന്നതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല.
ഖനാഅത്തിന്റെ ഉപകാരങ്ങളും അതിന്റെ ഫലങ്ങളും
ഖനാഅത്തിന് ധാരാളം ഗുണങ്ങളും മഹത്തായ ഫലങ്ങളുമുണ്ട്; അത് ഒരാൾക്ക് സന്തോഷവും സമാധാനവും സുരക്ഷിതത്വവും മനഃശാന്തിയും നൽകുന്നു. ആ ഗുണങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്:
1.ഖനാഅത്ത് എന്നത് അല്ലാഹുവിലുള്ള ഈമാനിന്റെ ശക്തിയുടെ തെളിവാണ്; അല്ലാഹുവിലുള്ള സത്യസന്ധമായ തവക്കുലിന്റെയും, അവൻ വിധിച്ചതിലും വീതിച്ചുനൽകിയതിലും സംതൃപ്തി അടയുന്നതിന്റെയും തെളിവാണ്; അല്ലാഹുവിന്റെ അടുക്കലുള്ളതിൽ ഉള്ള ഉറച്ച വിശ്വാസത്തിന്റെ (യഖീൻ) തെളിവാണ്.
قال الحسن البصري رحمه الله:إن من ضعف يقينك أن تكون بما في يدك أوثقَ منك بما في يد الله عز وجل.
ഹസനുൽ ബസ്വരി رحمه الله പറഞ്ഞു: അല്ലാഹുവിന്റെ കയ്യിലുള്ളതിനേക്കാൾ നിന്റെ കയ്യിലുള്ളതിൽ വിശ്വസിക്കുകയും അതിൽ ആശ്വാസം കണ്ടെത്തുകയും ചെയ്യുക എന്നത് നിന്റെ ‘യഖീനിന്റെ’ (ഉറച്ച വിശ്വാസത്തിന്റെ) ബലഹീനതയിൽ പെട്ടതാണ്!
2.ഖനാഅത്ത് നന്ദിപ്രകാശനം പൂർത്തീകരിക്കപ്പെടുന്നു
തനിക്ക് ലഭിച്ച ഉപജീവനത്തിൽ തൃപ്തിയടയുന്നവൻ അല്ലാഹുവിന് നന്ദി (ശുക്ർ) രേഖപ്പെടുത്തുന്നു. എന്നാൽ തന്റെ ഉപജീവനത്തെ നിസ്സാരമായി കാണുന്നവനാകട്ടെ, അല്ലാഹുവിന് നന്ദി കാണിക്കുന്നതിൽ വീഴ്ച വരുത്തുന്നു; ചിലപ്പോൾ അവൻ അസഹിഷ്ണുത കാണിക്കുകയും അല്ലാഹുവിന്റെ വിധയിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തേക്കാം. അതുകൊണ്ടാണ് നബി ﷺ ഇപ്രകാരം പറഞ്ഞത്:
كُنْ وَرِعًا تَكُنْ أَعْبَدَ النَّاسِ وَكُنْ قَنِعًا تَكُنْ أَشْكَرَ النَّاسِ
“നീ ‘വറഅ്’ (തഖ്വയും സൂക്ഷ്മതയും) ഉള്ളവനാവുക, എങ്കിൽ ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ ആരാധകനായി (ആബിദായി) നീ മാറും. നീ ‘ഖനാഅത്ത്’ ഉള്ളവനാവുക, എങ്കിൽ ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ നന്ദിയുള്ളവനായി നീ മാറും. (ഇബ്നുമാജ)
3- ഖനാഅത്ത് ഉത്തമമായ ജീവിതത്തിലേക്കുള്ള വഴിയാണ്
ശാന്തവും സമാധാനപൂർണ്ണവുമായ മനോഹരമായ ഒരു ജീവിതം ആഗ്രഹിക്കുന്നവരേ! നിങ്ങൾ ‘ഖനാഅത്ത്’ ശീലമാക്കുക. കാരണം, മനോഹരമായ ജീവിതം നിലകൊള്ളുന്നത് ഖനാഅത്തിലാണ്. അല്ലാഹു പറയുന്നു:
مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖുർആൻ:16/97)
عن علي وابن عباس والحسن رضي الله عنهم أنهم قالوا: “الحياة الطيبة هي القناعة”.
അലി رضي الله عنه, ഇബ്നു അബ്ബാസ് رضي الله عنه, ഹസൻ അൽ ബസ്വരി رحمه الله എന്നിവര്‍ പറഞ്ഞിട്ടുണ്ട്: حَيَوٰةً طَيِّبَةً (നല്ലൊരു ജീവിതം) എന്നാൽ ഖനാഅത്ത് ആണ്.’
ഈ ആശയത്തിൽ ഇബ്നുൽ ജൗസി رحمه الله യും പറഞ്ഞിട്ടുണ്ട്:
من قنع طاب عيشه، ومن طمع طال طيشه
ആര് ‘ഖനാഅത്ത്’ പാലിക്കുന്നുവോ, അവന്റെ ജീവിതം ആനന്ദകരവും സ്വസ്ഥവുമാകും! ആര് ആർത്തി കാണിക്കുന്നുവോ, അവന്റെ അസ്വസ്ഥത നീണ്ടുനിൽക്കും!
ഖനാഅത്തിൽ മനോഹരമായ ഒരു ജീവിതമുണ്ട്; കാരണം അത് ദുൻയാവിനും അതിന്റെ അലങ്കാരങ്ങൾക്കും പിന്നാലെയുള്ള ഓട്ടത്തിന്റെ ക്ഷീണത്തിൽ നിന്ന് മനുഷ്യന് ആശ്വാസം നൽകുന്നു. കൂടാതെ, ദുനിയാവിൽ നിന്ന് തനിക്ക് നഷ്ടപ്പെട്ടുപോയ കാര്യങ്ങളെക്കുറിച്ചുള്ള ആധികളിൽ നിന്നും, സങ്കടത്തിൽ നിന്നും, വ്യാകുലതകളിൽ നിന്നും അത് മനസ്സിന് ആശ്വാസമേകുന്നു. കാരണം, തനിക്ക് ലഭിച്ച ഒരു കാര്യവും തന്നിൽ നിന്ന് തെറ്റിപ്പോവുകയില്ലെന്നും, തനിക്ക് ലഭിക്കാതെ പോയതൊന്നും തനിക്ക് ലഭിക്കേണ്ടതായിരുന്നില്ലെന്നും അവൻ ഉറച്ചു വിശ്വസിക്കുന്നു. അല്ലാഹു പറയുന്നു:
مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴿٢٢﴾ لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ ۗ وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿٢٣﴾
ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന് നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല. (ഖുർആൻ:57/22-23)
ദുൻയാവിന് വേണ്ടിയുള്ള മത്സരവും തർക്കങ്ങളും കാരണം ഹൃദയത്തെ ബാധിക്കുന്ന അസൂയ, വിദ്വേഷം, വെറുപ്പ്, ശത്രുത തുടങ്ങിയ നിരവധി രോഗങ്ങളിൽ നിന്ന് ഖനാഅത്ത് ഹൃദയത്തെ ശുദ്ധീകരിക്കുകയും അതിന് ആശ്വാസമേകുകയും ചെയ്യുന്നു. അതുപോലെ തന്നെ, സമൂഹത്തെ തകർക്കുകയും അതിന്റെ അടിത്തറ ഇളക്കുകയും ഐക്യം തകർക്കുകയും ചെയ്യുന്ന നിരവധി തെറ്റുകളിൽ നിന്നും പാപങ്ങളിൽ നിന്നും ഒരു മനുഷ്യന് അത് സംരക്ഷണം നൽകുന്നു. പരദൂഷണം, ഏഷണി, കള്ളം പറയൽ, വ്യാജസാക്ഷി നൽകാൽ, കൊലപാതകം, മോഷണം തുടങ്ങിയ മോശം സ്വഭാവങ്ങളിൽ നിന്നും വലിയ പാപങ്ങളിൽ നിന്നും അത് സംരക്ഷിക്കുന്നു; ഇത്തരം കാര്യങ്ങളിൽ വീണുപോകാൻ പലപ്പോഴും കാരണമാകുന്നത് ഭൗതിക ആസക്തിയും ദുൻയാവിനോടുള്ള അമിതമായ താല്പര്യവും ആഗ്രഹവുമാണ്.
തത്ത്വജ്ഞാനികളിൽ ചിലർ പറഞ്ഞിട്ടുണ്ട്: ‘മനുഷ്യരിൽ ഏറ്റവും കൂടുതൽ ദുഃഖിക്കുന്നവൻ അസൂയയുള്ളവനാണെന്നും, ഏറ്റവും സന്തോഷകരമായി ജീവിക്കുന്നവൻ ഖനാഅത്തുള്ളവനാണെന്നും ഞാൻ കണ്ടെത്തി.’
4- ഖനാഅത്തിൽ ദുരാഗ്രഹത്തിൽ നിന്നും യാചനയിൽ നിന്നുമുള്ള ശമനമുണ്ട്
നബി ﷺ തന്റെ സ്വഹാബികൾക്ക് ‘ഖനാഅത്തും’, മറ്റുള്ളവരോട് ചോദിക്കാതിരിക്കാനുള്ള ആത്മാഭിമാനവും (التعفف) പഠിപ്പിച്ചുകൊടുത്തിരുന്നു. അവർ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് മാത്രം ചോദിക്കാനും, സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് മാത്രം സഹായം തേടാനും അവിടുന്ന് അവരെ പഠിപ്പിച്ചു. ചോദ്യങ്ങളും ആവശ്യങ്ങളും തങ്ങളുടെ സ്രഷ്ടാവും അന്നദാതാവുമായ അല്ലാഹുവിലേക്ക് മാത്രം അർപ്പിക്കാനാണ് അവിടുന്ന് അവരെ ഉണർത്തിയത്.
عَنِ ابْنِ عَبَّاسٍ، قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ “ يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ ”
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ അല്ലാഹുവിന്റെ റസൂൽ യുടെ പിന്നിലായിരിക്കെ നബി ﷺപറഞ്ഞു: കുട്ടീ, നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരട്ടെ! നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്ക് അവന്റെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിണോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി. (തിർമിദി:37/ 2706)
أَنَّ حَكِيمَ بْنَ حِزَامٍ ـ رضى الله عنه ـ قَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم فَأَعْطَانِي، ثُمَّ سَأَلْتُهُ فَأَعْطَانِي، ثُمَّ سَأَلْتُهُ فَأَعْطَانِي ثُمَّ قَالَ “ يَا حَكِيمُ إِنَّ هَذَا الْمَالَ خَضِرَةٌ حُلْوَةٌ، فَمَنْ أَخَذَهُ بِسَخَاوَةِ نَفْسٍ بُورِكَ لَهُ فِيهِ، وَمَنْ أَخَذَهُ بِإِشْرَافِ نَفْسٍ لَمْ يُبَارَكْ لَهُ فِيهِ كَالَّذِي يَأْكُلُ وَلاَ يَشْبَعُ، الْيَدُ الْعُلْيَا خَيْرٌ مِنَ الْيَدِ السُّفْلَى ”. قَالَ حَكِيمٌ فَقُلْتُ يَا رَسُولَ اللَّهِ وَالَّذِي بَعَثَكَ بِالْحَقِّ لاَ أَرْزَأُ أَحَدًا بَعْدَكَ شَيْئًا حَتَّى أُفَارِقَ الدُّنْيَا، فَكَانَ أَبُو بَكْرٍ ـ رضى الله عنه ـ يَدْعُو حَكِيمًا إِلَى الْعَطَاءِ فَيَأْبَى أَنْ يَقْبَلَهُ مِنْهُ، ثُمَّ إِنَّ عُمَرَ ـ رضى الله عنه ـ دَعَاهُ لِيُعْطِيَهُ فَأَبَى أَنْ يَقْبَلَ مِنْهُ شَيْئًا. فَقَالَ عُمَرُ إِنِّي أُشْهِدُكُمْ يَا مَعْشَرَ الْمُسْلِمِينَ عَلَى حَكِيمٍ، أَنِّي أَعْرِضُ عَلَيْهِ حَقَّهُ مِنْ هَذَا الْفَىْءِ فَيَأْبَى أَنْ يَأْخُذَهُ. فَلَمْ يَرْزَأْ حَكِيمٌ أَحَدًا مِنَ النَّاسِ بَعْدَ رَسُولِ اللَّهِ صلى الله عليه وسلم حَتَّى تُوُفِّيَ.
ഹകീം ബ്നു ഹിസാം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യോട് ഞാൻ പണം ചോദിക്കുകയുണ്ടായി. അപ്പോൾ അവിടുന്ന് എനിക്ക് നൽകി. ഞാൻ വീണ്ടും ചോദിച്ചപ്പോൾ വീണ്ടും നൽകി. ഞാൻ വീണ്ടും ചോദിച്ചു അപ്പോൾ വീണ്ടും എനിക്ക് നൽകി എന്നിട്ട് പറയുകയുണ്ടായി: ഹകീം ഈ പണം മാധുര്യമുള്ളതും വർണ്ണശഭളവുമാണ്. അതാരെങ്കിലും വിശാലമനസ്കതയോടെ സ്വീകരിക്കുകയാണെങ്കിൽ അല്ലാഹു അതിൽ അനുഗ്രഹം ചൊരിയും. ആർത്തിയോടെ അത് സീകരിച്ചാൽ അതിന് ബറകത്ത് ഉണ്ടാവുകയില്ല. അവന്റെ ഉദാഹരണം ഭക്ഷിച്ചിട്ടും വിശപ്പ് മാറാത്തവനെപ്പോലെയാകുന്നു. നൽകുന്ന കരങ്ങളാകുന്നു വാങ്ങുന്ന കരങ്ങളെക്കാൾ ഉത്തമം. ഹകീം رَضِيَ اللَّهُ عَنْهُ പറയുകയുണ്ടായി: പ്രവാചകരേ നിങ്ങളെ ദൂതനായ് അയച്ച രക്ഷിതാവു തന്നെ സത്യം, മരണം വരെ ഒരാളോടും ഞാൻ പണമാവശ്യപ്പെടുകയില്ല തന്നെ. അങ്ങനെ അബൂബക്കർ رَضِيَ اللَّهُ عَنْهُ പിൽക്കാലത്ത് പാരിദോഷികം നൽകാൻ വിളിച്ചപ്പോൾ ഹകീം رَضِيَ اللَّهُ عَنْهُ സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് ഉമർ رَضِيَ اللَّهُ عَنْهُ വിളിച്ചപ്പോഴും വിസമ്മതിച്ചു. അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ പറയുകയുണ്ടായി: ജനങ്ങളെ, ഹകീം തന്റെ വിഹിതമായി അല്ലാഹു നിശ്ചയിച്ചു തന്ന അവകാശം നൽകിയിട്ട് പോലും സ്വീകരിക്കാത്തതിന് ഞാൻ നിങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ മരണം വരെ അദ്ദേഹം ഒരാളോടും ഒന്നും വാങ്ങാതെ ജീവിക്കുകയുണ്ടായി. (ബുഖാരി: 1472)
عَنْ قَبِيصَةَ بْنِ، مُخَارِقٍ الْهِلاَلِيِّ قَالَ تَحَمَّلْتُ حَمَالَةً فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم أَسْأَلُهُ فِيهَا فَقَالَ ” أَقِمْ حَتَّى تَأْتِيَنَا الصَّدَقَةُ فَنَأْمُرَ لَكَ بِهَا ” . قَالَ ثُمَّ قَالَ ” يَا قَبِيصَةُ إِنَّ الْمَسْأَلَةَ لاَ تَحِلُّ إِلاَّ لأَحَدِ ثَلاَثَةٍ رَجُلٍ تَحَمَّلَ حَمَالَةً فَحَلَّتْ لَهُ الْمَسْأَلَةُ حَتَّى يُصِيبَهَا ثُمَّ يُمْسِكُ وَرَجُلٍ أَصَابَتْهُ جَائِحَةٌ اجْتَاحَتْ مَالَهُ فَحَلَّتْ لَهُ الْمَسْأَلَةُ حَتَّى يُصِيبَ قِوَامًا مِنْ عَيْشٍ – أَوْ قَالَ سِدَادًا مِنْ عَيْشٍ – وَرَجُلٍ أَصَابَتْهُ فَاقَةٌ حَتَّى يَقُومَ ثَلاَثَةٌ مِنْ ذَوِي الْحِجَا مِنْ قَوْمِهِ لَقَدْ أَصَابَتْ فُلاَنًا فَاقَةٌ فَحَلَّتْ لَهُ الْمَسْأَلَةُ حَتَّى يُصِيبَ قِوَامًا مِنْ عَيْشٍ – أَوْ قَالَ سِدَادًا مِنْ عَيْشٍ – فَمَا سِوَاهُنَّ مِنَ الْمَسْأَلَةِ يَا قَبِيصَةُ سُحْتًا يَأْكُلُهَا صَاحِبُهَا سُحْتًا ” .
ഖബീസ്വത്ത ബ്നു മുഖാറഖിൽ ഹിലാലിയ്യ് رَضِيَ اللهُ عَنْهُ പറയുന്നു: ഞാൻ കടക്കെണിയിലായി, ഞാൻ നബി ﷺ യുടെ അടുക്കൽ വന്ന് അദ്ദേഹത്തോട് അതിനെ കുറിച്ച് യാചിച്ചു. അദ്ദേഹം പറഞ്ഞു: ഞങ്ങൾക്ക് സദഖ ലഭിക്കുന്നത് വരെ കാത്തിരിക്കൂ, അത് നിങ്ങൾക്ക് നൽകാൻ ഞങ്ങൾ കൽപ്പിക്കുന്നു. ശേഷം അവിടുന്ന് പറഞ്ഞു: ‘ചോദിച്ചു വാങ്ങുവാന്‍ മൂന്നാളുകള്‍ക്കേ പാടുള്ളൂ; വല്ല കടബാദ്ധ്യതയും ഏറ്റെടുത്തവന് അത് ലഭിക്കുന്നതു വരെയും, വല്ല അത്യാപത്തും സംഭവിച്ചു ധനം നശിച്ചു പോയവന് അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതുവരെയും, ഇന്ന ആള്‍ക്ക് ദാരിദ്ര്യം ബാധിച്ചിട്ടുണ്ടെന്ന് നാട്ടുകാരായ മൂന്ന് ബുദ്ധിമാന്മാര് പറയത്തക്കവിധം ദാരിദ്ര്യം പിടിപെട്ട ആള്‍ക്ക് അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതു വരെയും. പിന്നീടവന് നിറുത്തണം. ഇതല്ലാത്ത ചോദ്യം- ഖബീസ്വാ- ഹറാമാകുന്നു. അത് തിന്നുന്നവന് ഹറാം തിന്നുകയാണ്. (മുസ്ലിം:1044)
5- ഖനാഅത്ത് ഇഹലോകത്തും പരലോകത്തും വിജയത്തിലേക്കും സൗഭാഗ്യത്തിലേക്കുമുള്ള വഴിയാണ്
عَنْ فَضَالَةَ بْنِ عُبَيْدٍ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ طُوبَى لِمَنْ هُدِيَ إِلَى الإِسْلاَمِ وَكَانَ عَيْشُهُ كَفَافًا وَقَنِعَ ” .
ഫളാല: ബ്നു ഉബൈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ഇപ്രകാരം പറയുന്നതായി അദ്ധേഹം കേട്ടു: ഇസ്ലാമിലേക്ക് വഴിനടത്തപ്പെടുകയും, തന്റെ ജീവിതവിഹിതം ആവശ്യത്തിന് മാത്രമുള്ളതാവുകയും, അതിൽ അവൻ തൃപ്തിപ്പെടുകയും (ഖനാഅത്ത്) ചെയ്തവന് മംഗളം. (തിർമിദി:2349)
عَنْ عَبْدِ اللَّهِ، بْنِ عَمْرِو بْنِ الْعَاصِ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : قَدْ أَفْلَحَ مَنْ أَسْلَمَ وَرُزِقَ كَفَافًا وَقَنَّعَهُ اللَّهُ بِمَا آتَاهُ ” .
അബ്ദുല്ലാഹ് ഇബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്ലാം സ്വീകരിക്കുകയും ആവശ്യ നിര്‍വഹണത്തിനു മതിയായതും മിച്ചംവരാത്തതുമായ ഉപജീവനം നല്കപ്പെടുകയും തനിക്കു നല്കപ്പെട്ടതില് അല്ലാഹു മനഃസംതൃപ്തി ഏകുകയും ചെയ്തവര്‍ തീര്‍ച്ചയായും വിജയം വരിച്ചിരിക്കുന്നു. (മുസ്ലിം:1054)
عَنْ ثَوْبَانَ، قَالَ وَكَانَ ثَوْبَانُ مَوْلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ تَكَفَّلَ لِي أَنْ لاَ يَسْأَلَ النَّاسَ شَيْئًا وَأَتَكَفَّلَ لَهُ بِالْجَنَّةِ ” . فَقَالَ ثَوْبَانُ أَنَا . فَكَانَ لاَ يَسْأَلُ أَحَدًا شَيْئًا .
നബി ﷺ യുടെ മൗല ആയിരുന്ന സൌബാന്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: ജനങ്ങളോട് യാതൊന്നും ചോദിക്കുകയില്ലെന്ന് ‘ആരാണ് എനിക്ക് ഉറപ്പു നല്‍കുക! ഞാന്‍ അവന് സ്വര്‍ഗം ഉറപ്പു നല്‍കാം’. സൌബാന്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഞാൻ’. (പിന്നീട്) സൌബാന്‍ رَضِيَ اللَّهُ عَنْهُ ആരോടും ഒന്നും ചോദിക്കാറില്ലായിരുന്നു. (അബൂദാവൂദ്:1643)
6.യഥാർത്ഥ ഐശ്വര്യം ഖനാഅത്തിലാണ്
യഥാർത്ഥ ഐശ്വര്യം മനസ്സിന്റെ ഐശ്വര്യമാണെന്ന് നബി ﷺ വ്യക്തമാക്കിയിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ، وَلَكِنَّ الْغِنَى غِنَى النَّفْسِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഐശ്വര്യം എന്നത് സമ്പത്തിൻറെ ആധിക്യമല്ല. പ്രത്യുത, മനസ്സിൻറെ ധന്യതയാണ് ഐശ്വര്യം. (ബുഖാരി: 6446)
അതായത്, മനുഷ്യന്റെ മനസ്സിനെ നിറയ്ക്കുകയും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുന്നതിൽ നിന്ന് അവനെ തടയുകയും ചെയ്യുന്ന യഥാർത്ഥ ഐശ്വര്യം (സമ്പന്നത) എന്നത് ഭൗതിക വസ്തുക്കളുടെയോ ഐഹിക വിഭവങ്ങളുടെയോ സമൃദ്ധിയല്ല. മറിച്ച്, യഥാർത്ഥ ഐശ്വര്യം എന്നത് – ഭൗതിക ലോകത്തിന്റെ വിഭവങ്ങളിൽ നിന്ന് ഒന്നും തന്നെ സ്വന്തമായി ഇല്ലെങ്കിൽ പോലും – ഒരു അടിമയുടെ മനസ്സ് ശാന്തവും, സമാധാനപൂർണ്ണവും, അല്ലാഹു നൽകിയതിൽ തൃപ്തിയടയുന്നതുമായിരിക്കുക എന്നതാണ്.
عَنْ أَبِي ذَرٍّ , قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : يَا أَبَا ذَرٍّ أَتَرَى كَثْرَةَ الْمَالِ هُوَ الْغِنَى ؟ ” قُلْتُ : نَعَمْ , يَا رَسُولَ اللَّهِ . قَالَ : ” فَتَرَى قِلَّةُ الْمَالِ هُوَ الْفَقْرُ ؟ ” قُلْتُ : نَعَمْ , يَا رَسُولَ اللَّهِ ، قَالَ : ” إِنَّمَا الْغِنَى غِنَى الْقَلْبُ , وَالْفَقْرُ فَقْرُ الْقَلْبِ ” ، ثُمَّ سَأَلَنِي عَنْ رَجُلٍ مِنْ قُرَيْشٍ , فَقَالَ : ” هَلْ تَعْرِفُ فُلانًا ؟ ” ، قُلْتُ : نَعَمْ , يَا رَسُولَ اللَّهِ ، قَالَ : ” فَكَيْفَ تَرَاهُ أَوْ تُرَاهُ ؟ ” ، قُلْتُ : إِذَا سَأَلَ أُعْطِيَ , وَإذَا حَضَرَ أُدْخِلَ ، ثُمَّ سَأَلَنِي عَنْ رَجُلٍ مِنْ أَهْلِ الصُفَّةِ , فَقَالَ : ” هَلْ تَعْرِفُ فُلانًا ؟ ” قُلْتُ : لا وَاللَّهِ , مَا أَعْرِفُهُ يَا رَسُولَ اللَّهِ ، قَالَ : فَمَا زَالَ يُحَلِّيِهِ , وَيَنْعَتُهُ , حَتَّى عَرَفْتُهُ , فَقُلْتُ : قَدْ عَرَفْتُهُ يَا رَسُولَ اللَّهِ ، قَالَ : ” فَكَيْفَ تَرَاهُ أَوْ تُرَاهُ ؟ ” ، قُلْتُ : رَجُلٌ مِسْكِينٌ مِنْ أَهْلِ الصُّفَّةِ ، فَقَالَ : ” هُوَ خَيْرٌ مِنِ طِلاعِ الأَرْضِ مِنَ الآَخَرِ ” ، قُلْتُ : يَا رَسُولَ اللَّهِ , أَفَلا يُعْطَى مِنْ بَعَضِ مَا يُعْطَى الآَخَرُ ؟ فَقَالَ : ” إِذَا أُعْطِيَ خَيْرًا فَهُوَ أَهْلُهُ , وَإِنْ صُرِفَ عَنْهُ فَقَدْ أُعْطِيَ حَسَنَةً “
അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ (എന്നോട്) ചോദിച്ചു: “അബൂദർറ്! സമ്പത്തിന്റെ സമൃദ്ധിയാണ് ഐശ്വര്യം (ധന്യത) എന്ന് താങ്കൾ കരുതുന്നുവോ?” ഞാൻ പറഞ്ഞു: “അതെ, അല്ലാഹുവിന്റെ റസൂലേ.” അവിടുന്ന് ചോദിച്ചു: “എന്നാൽ സമ്പത്തിന്റെ കുറവാണ് ദാരിദ്ര്യമെന്ന് താങ്കൾ കരുതുന്നുവോ?” ഞാൻ പറഞ്ഞു: “അതെ, അല്ലാഹുവിന്റെ റസൂലേ.” അവിടുന്ന് പറഞ്ഞു: “യഥാർത്ഥ ഐശ്വര്യം എന്നത് ഹൃദയത്തിന്റെ ഐശ്വര്യമാണ് (തൃപ്തിയാണ്); യഥാർത്ഥ ദാരിദ്ര്യം എന്നത് ഹൃദയത്തിന്റെ ദാരിദ്ര്യവുമാണ്.”
പിന്നീട് നബി ﷺ ഖുറൈശികളിൽപ്പെട്ട ഒരാളെക്കുറിച്ച് എന്നോട് ചോദിച്ചു: “ഇന്നയാളെ താങ്കൾക്ക് അറിയാമോ?” ഞാൻ പറഞ്ഞു: “അതെ, അല്ലാഹുവിന്റെ റസൂലേ.” അവിടുന്ന് ചോദിച്ചു: “അയാളെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?” ഞാൻ പറഞ്ഞു: “അദ്ദേഹം വല്ലതും ചോദിച്ചാൽ കൊടുക്കപ്പെടും; ഏത് സദസ്സിൽ വന്നാലും സ്വീകരിക്കപ്പെടുകയും ചെയ്യും.”
പിന്നീട് നബി ﷺ ‘അഹ്ലുസ്സുഫ്ഫ’യിൽപ്പെട്ട (മസ്ജിദുന്നബവിയിലെ ദരിദ്രരായ സ്വഹാബികൾ) ഒരാളെക്കുറിച്ച് ചോദിച്ചു: “ഇന്നയാളെ താങ്കൾക്ക് അറിയാമോ?” ഞാൻ പറഞ്ഞു: “ഇല്ല, അല്ലാഹുവിനെത്തന്നെ സത്യം! എനിക്ക് അദ്ദേഹത്തെ അറിയില്ല, അല്ലാഹുവിന്റെ റസൂലേ.” നബി ﷺ അദ്ദേഹത്തിന്റെ ലക്ഷണങ്ങളും വിശേഷണങ്ങളും വിവരിച്ചുതന്നുകൊണ്ടിരുന്നു; അങ്ങനെ ഞാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. ഞാൻ പറഞ്ഞു: “എനിക്ക് അദ്ദേഹത്തെ മനസ്സിലായി, അല്ലാഹുവിന്റെ റസൂലേ.” അവിടുന്ന് ചോദിച്ചു: “അയാളെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?” ഞാൻ പറഞ്ഞു: “അദ്ദേഹം അഹ്ലുസ്സുഫ്ഫയിലെ നിർദ്ധനനായ ഒരു പാവം മനുഷ്യനാണ്.”
അപ്പോൾ നബി ﷺ പറഞ്ഞു: “തീർച്ചയായും ഭൂമി നിറയെ ആദ്യത്തെയാളുണ്ടാകുന്നതിനേക്കാൾ ഉത്തമനാണ് ഈ മനുഷ്യൻ!”ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എങ്കിൽ മറ്റേയാൾക്ക് നൽകപ്പെടുന്നതിൽ ചിലതെങ്കിലും ഇദ്ദേഹത്തിനും നൽകപ്പെടേണ്ടതല്ലേ?” അവിടുന്ന് പറഞ്ഞു: “ഇദ്ദേഹത്തിന് ഖൈര്‍ (ഭൗതിക വിഭവം) നൽകപ്പെട്ടാൽ അദ്ദേഹം അതിന് അർഹനാണ്; ഇനി അത് ഇദ്ദേഹത്തിന് തടയപ്പെടുകയാണെങ്കിൽ (പരലോകത്ത്) ഇദ്ദേഹത്തിന് നന്മ നൽകപ്പെടും.” (നസാഇ)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ يَأْخُذُ عَنِّي هَؤُلاَءِ الْكَلِمَاتِ فَيَعْمَلُ بِهِنَّ أَوْ يُعَلِّمُ مَنْ يَعْمَلُ بِهِنَّ ” . فَقَالَ أَبُو هُرَيْرَةَ فَقُلْتُ أَنَا يَا رَسُولَ اللَّهِ فَأَخَذَ بِيَدِي فَعَدَّ خَمْسًا وَقَالَ “ اتَّقِ الْمَحَارِمَ تَكُنْ أَعْبَدَ النَّاسِ وَارْضَ بِمَا قَسَمَ اللَّهُ لَكَ تَكُنْ أَغْنَى النَّاسِ وَأَحْسِنْ إِلَى جَارِكَ تَكُنْ مُؤْمِنًا وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ تَكُنْ مُسْلِمًا وَلاَ تُكْثِرِ الضَّحِكَ فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ ചോദിച്ചു: “എന്നിൽ നിന്ന് ഈ വചനങ്ങൾ സ്വീകരിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയോ അല്ലെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് അത് പഠിപ്പിച്ചുകൊടുക്കുകയോ ചെയ്യുന്ന ആരുണ്ട്?” അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ പറഞ്ഞു, അല്ലാഹുവിന്റെ റസൂലേ, ഞാൻ തയ്യാറാണ്!” അപ്പോൾ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ എന്റെ കൈപിടിച്ച് അഞ്ച് കാര്യങ്ങൾ എണ്ണിപ്പറഞ്ഞു തന്നു: 1.ഹറാമുകളെ നീ സൂക്ഷിക്കുക, എങ്കിൽ ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ ആരാധകനായി നീ മാറും. 2.അല്ലാഹു നിനക്ക് വീതിച്ചുനൽകിയതിൽ നീ തൃപ്തിയടയുക, എങ്കിൽ ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ ഐശ്വര്യവാനായി നീ മാറും. 3.നിന്റെ അയൽക്കാരനോട് നീ നന്മ ചെയ്യുക, എങ്കിൽ നീ യഥാർത്ഥ വിശ്വാസിയായി മാറും. 4.നിനക്ക് നീ ഇഷ്ടപ്പെടുന്നത് ജനങ്ങൾക്കും നീ ഇഷ്ടപ്പെടുക, എങ്കിൽ നീ യഥാർത്ഥ മുസ്ലിം ആയി മാറും. 5.നീ അധികമായി ചിരിക്കരുത്; കാരണം അധികമായ ചിരി ഹൃദയത്തെ നിർജ്ജീവമാക്കും. ( أخرجه الإمام أحمد والترمذي والطبراني، وحسنه الألباني.).
അത് വ്യക്തമായ ഒരു യാഥാർത്ഥ്യമാണ്! കാരണം, ആയിരം വർഷം ജീവിച്ചിരുന്നാൽ പോലും തനിക്കും തന്റെ മക്കൾക്കും തികയുന്നത്ര സമ്പത്ത് സ്വന്തമായുണ്ടായിട്ടും, കൂടുതൽ നേടിയെടുക്കാൻ ആഗ്രഹിച്ച് തന്റെ ദീനിനെയും ആരോഗ്യത്തെയും പണയപ്പെടുത്തുകയും തന്റെ സമയത്തെ ബലികഴിക്കുകയും ചെയ്യുന്ന എത്രയെത്ര ധനികന്മാരാണുള്ളത്! അവർക്ക് സമാധാനത്തിന്റെ രുചിയോ ഉറക്കത്തിന്റെ സുഖമോ അനുഭവിക്കാൻ സാധിക്കുന്നില്ല! എന്നാൽ, നാളത്തേക്കുള്ള ആഹാരം പോലും കൈവശമില്ലാതിരുന്നിട്ടും, താനാണ് ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ ധനികൻ എന്ന് കരുതുന്ന എത്രയെത്ര ദരിദ്രരുമുണ്ട്! അപ്പോൾ രഹസ്യം കിടക്കുന്നത് ഹൃദയങ്ങളിലാണ്: തൃപ്തിയിലും അസഹിഷ്ണുതയിലുമാണ്, (മനസ്സിന്റെ) വിശാലതയിലും ഇടുക്കത്തിലുമാണ്; അല്ലാതെ ദാരിദ്ര്യത്തിലോ സമ്പന്നതയിലോ അല്ല.
قال سعد بن أبي وقاص لابنه: يا بني: إذا طلبت الغنى فاطلبه بالقناعة، فإنها مال لا ينفد؛ وإياك والطمع فإنه فقر حاضر.
സഅ്ദ് ബ്നു അബീ വഖാസ് رَضِيَ اللَّهُ عَنْهُ തന്റെ മകനോട് പറഞ്ഞു: മകനേ! നീ ഐശ്വര്യം ആഗ്രഹിക്കുന്നുവെങ്കിൽ അത് ‘ഖനാഅത്തിലൂടെ’ നേടുക; കാരണം തീർച്ചയായും അത് തീർന്നുപോകാത്ത സമ്പത്താണ്. ദുരാഗ്രഹത്തെ നീ സൂക്ഷിക്കുകയും ചെയ്യുക; കാരണം അത് ഒപ്പമുള്ള ദാരിദ്ര്യമാണ്.
ولما قيل لأبي حازم رحمه الله: “ما مالُك؟” قال: “لي مالان لا أخشى معهما الفقر: الثقة بالله، واليأس مما في أيدي الناس”.
അബൂ ഹാസിം رحمه الله ചോദിക്കപ്പെട്ടു: “താങ്കളുടെ സമ്പാദ്യം എന്താണ്?” അദ്ദേഹം മറുപടി പറഞ്ഞു: “എനിക്ക് രണ്ട് സമ്പാദ്യങ്ങളുണ്ട്, അവയുള്ളപ്പോൾ ഞാൻ ദാരിദ്ര്യത്തെ ഭയപ്പെടുന്നേയില്ല: 1.അല്ലാഹുവിലുള്ള ദൃഢമായ വിശ്വാസവും അവനിൽ ഭാരമേൽപ്പിക്കലും, 2.ജനങ്ങളുടെ കയ്യിലുള്ളതിൽ (പ്രതീക്ഷ വെക്കാതെ) നിരാശപ്പെടലും.
7.പ്രതാപവും പ്രൗഢിയും ഖനാഅത്തിലാണ്; നിന്ദ്യതയും അപമാനവും ദുരാഗ്രഹത്തിലാണ്.
ഖനാഅത്തുള്ളവൻ ജനങ്ങളുടെ ഇടയിൽ പ്രതാപമുള്ളവനായിരിക്കും; കാരണം അവൻ ജനങ്ങളെ ആശ്രയിക്കാത്തവനും, അവരുടെ കൈകളിലുള്ളതിനോട് ദുരാഗ്രഹമില്ലാത്തവനുമാണ്. എന്നാൽ ദുരാഗ്രഹിയാകട്ടെ, കൂടുതൽ നേടാൻ വേണ്ടി സ്വന്തം ആത്മാവിനെ നിന്ദ്യനാക്കുന്നു. ഇതിനാലാണ് നബി ﷺ ഇപ്രകാരം പറഞ്ഞത്:
أتاني جبريل فقال: يا محمد، عش ما شئتَ فإنكَ ميّت، وأحبِب مَن أحببت فإنك مفارقه، واعمل ما شئت فإنك مجزي به، واعلم أن شرف المؤمن قيامه بالليل، وعزّهُ استغناؤه عن الناس
ജിബ്രീൽ എന്റെ അടുക്കൽ വന്ന് പറഞ്ഞു: ‘ഹേ മുഹമ്മദ്! താങ്കൾ ഉദ്ദേശിക്കുന്നത്ര കാലം ജീവിച്ചുകൊള്ളുക, തീർച്ചയായും താങ്കൾ മരണപ്പെടാനുള്ളവനാണ്. താങ്കൾക്കിഷ്ടമുള്ളവരെ സ്നേഹിച്ചുകൊള്ളുക, തീർച്ചയായും താങ്കൾ അവരുമായി വേർപിരിയേണ്ടവനാണ്. താങ്കൾ ഉദ്ദേശിക്കുന്ന പ്രവൃത്തികൾ ചെയ്തുകൊള്ളുക, തീർച്ചയായും താങ്കൾക്ക് അതിനുള്ള പ്രതിഫലം നൽകപ്പെടുന്നതാണ്. അറിയുക: ഒരു സത്യവിശ്വാസിയുടെ ശ്രേഷ്ഠത അവൻ രാത്രിയിൽ എഴുന്നേറ്റു നമസ്കരിക്കുന്നതിലും, അവന്റെ പ്രതാപം അവൻ ജനങ്ങളിൽ നിന്ന് സ്വയംപര്യാപ്തനാകുന്നതിലുമാണ് (മറ്റുള്ളവരോട് കൈനീട്ടാതിരിക്കുന്നതിലുമാണ്). [رواه الحاكم وصححه، والطبراني والبيهقي. وصححه الألباني.]
ഖനാഅത്തുള്ളവൻ അല്ലാഹുവിനല്ലാതെ മറ്റൊരാൾക്കും മുന്നിലും സ്വന്തം ആത്മാവിനെ നിന്ദ്യനാക്കില്ല; അവന്റെ മനസ്സിനെ അല്ലാഹുവിലല്ലാതെ അവൻ ബന്ധിപ്പിക്കുകയുമില്ല; അല്ലാഹുവിന്റെ പക്കലുള്ളതിലല്ലാതെ അവൻ ആഗ്രഹിക്കുകയുമില്ല.
عَنِ الزُّبَيْرِ بْنِ الْعَوَّامِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : لأَنْ يَأْخُذَ أَحَدُكُمْ حَبْلَهُ فَيَأْتِيَ بِحُزْمَةِ الْحَطَبِ عَلَى ظَهْرِهِ فَيَبِيعَهَا فَيَكُفَّ اللَّهُ بِهَا وَجْهَهُ، خَيْرٌ لَهُ مِنْ أَنْ يَسْأَلَ النَّاسَ أَعْطَوْهُ أَوْ مَنَعُوهُ
സുബൈറു ബ്നു അവ്വാം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾ കയറെടുത്ത് മലയിൽ പോയി തന്റെ മുതുകിൽ ഒരു കെട്ട് വിറക് ചുമന്ന് കൊണ്ട് വന്ന് അത് വിറ്റ് കിട്ടുന്ന കാശ് കൊണ്ട്, അയാളുടെ അഭിമാനം അല്ലാഹു സംരക്ഷിക്കുന്നുവെങ്കിൽ അതാണ് ജനങ്ങളോട് യാചിക്കുന്നതിനേക്കാൾ അയാൾക്ക് ഉത്തമം. ജനങ്ങൾ അയാൾക്ക് നൽകുകയോ നിഷേധിക്കുകയോ ചെയ്യാം. (ബുഖാരി: 1471)
كان محمد بن واسع رحمه اللّه يَبُلّ الخبز اليابس بالماء ويأكله، ويقول: “من قنع بهذا لم يحتج إلى أحد”.
മുഹമ്മദ് ബ്നു വാസിഅ് ഉണങ്ങിയ റൊട്ടി വെള്ളത്തിൽ മുക്കി കഴിക്കാറുണ്ടായിരുന്നു. എന്നിട്ട് അദ്ദേഹം പറയുമായിരുന്നു: “ഇതുകൊണ്ട് തൃപ്തിപ്പെടുന്നവനാരോ, അവന് മറ്റൊരാളെയും ആശ്രയിക്കേണ്ടി വരില്ല.”
ഖനാഅത്തുള്ളവൻ അല്ലാഹുവിനും ജനങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ടവൻ
عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ، قَالَ أَتَى النَّبِيَّ ـ صلى الله عليه وسلم ـ رَجُلٌ فَقَالَ يَا رَسُولَ اللَّهِ دُلَّنِي عَلَى عَمَلٍ إِذَا أَنَا عَمِلْتُهُ أَحَبَّنِيَ اللَّهُ وَأَحَبَّنِيَ النَّاسُ فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ “ ازْهَدْ فِي الدُّنْيَا يُحِبَّكَ اللَّهُ وَازْهَدْ فِيمَا فِي أَيْدِي النَّاسِ يُحِبُّوكَ ” .
സഹ്ല് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ അടുക്കലേക്ക് ഒരു വ്യക്തി വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഞാന്‍ അനുഷ്ഠിച്ചാല്‍ അല്ലാഹുവും ജനങ്ങളും എന്നെ ഇഷ്ടപ്പെടുന്ന ഒരു കര്‍മം എന്നെ അറിയിച്ചാലും.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ഭൗതിക ജീവിതത്തില്‍ നീ വിരക്തിയില്‍ കഴിയുക; അല്ലാഹു താങ്കളെ ഇഷ്ടപ്പെടും. ജനങ്ങളുടെ കൈകളിലുള്ളതിലും വിരക്തി കാണിക്കുക; ജനങ്ങളും താങ്കളെ ഇഷ്ടപ്പെടും. (ഇബ്നുമാജ -സ്വഹീഹ് അല്‍ബാനി)
قال الحسن – رحمه الله -: لا تزال كريمًا على الناس، ولا يزال الناس يُكرِمونك ما لم تَعَاطَ ما في أيديهم، فإذا فعلت ذلك استخفّوا بك وكرهوا حديثك وأبغضوك.
ഹസനുൽ ബസ്വരി رحمه الله പറഞ്ഞു: ജനങ്ങളുടെ കയ്യിലുള്ളതിലേക്ക് നീ നീട്ടാതിരിക്കുവോളം (ആഗ്രഹിക്കാതിരിക്കുവോളം) നീ അവരിൽ മാന്യനായി തുടരുകയും ജനങ്ങൾ നിന്നെ ആദരിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ നീ അപ്രകാരം ചെയ്താൽ (അവരുടെ പക്കലുള്ളതിനായി കൈനീട്ടിയാൽ) അവർ നിന്നെ നിസ്സാരനായി കാണുകയും, നിന്റെ സംസാരത്തെ വെറുക്കുകയും, നിന്നോട് കോപിക്കുകയും ചെയ്യും.
قال أعرابي لأهل البصرة: “من سيد أهل هذه القرية؟” قالوا: ” الحسن “، قال: “بم سادهم؟” قالوا: “احتاج الناس إلى علمه، واستغنى هو عن دنياهم”.
ഒരു ഗ്രാമീണൻ (അഅ്റാബി) ബസ്വറ നിവാസികളോട് ചോദിച്ചു: ഈ നാട്ടിലെ നേതാവ് ആരാണ്?” അവർ പറഞ്ഞു: “ഹസൻ (ഹസനുൽ ബസ്വരി) ആണ്.” അദ്ദേഹം ചോദിച്ചു: “ഏത് കാര്യത്തിലാണ് അദ്ദേഹം അവരുടെ നേതാവായത്?” അവർ പറഞ്ഞു: “ജനങ്ങൾ അദ്ദേഹത്തിന്റെ അറിവിലേക്ക് ആവശ്യക്കാരായി; അദ്ദേഹമാകട്ടെ ജനങ്ങളുടെ ദുൻയാവിനെ തീർത്തും ആശ്രയിക്കാതെ സ്വയംപര്യാപ്തനാവുകയും ചെയ്തു.
അതിനാൽ അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങൾ അല്ലാഹുവിൽ തഖ്വ പാലിക്കുക. നിങ്ങൾ അറിയുക: തീർച്ചയായും ഉപജീവനം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതും വീതിക്കപ്പെട്ടതുമാണ്. തനിക്ക് അല്ലാഹു വീതിച്ചുവെച്ചതിൽ കൂടുതൽ നേടാൻ ഒരാൾക്കും സാധിക്കുകയുമില്ല. അതിനാൽ ഉപജീവനം തേടുന്നതിൽ നിങ്ങൾ മിതത്വവും മാന്യതയും (നല്ല മാർഗ്ഗങ്ങളും) സ്വീകരിക്കുക. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതിൽ (ഖനാഅത്തിൽ) വിശാലതയും, ആവശ്യത്തിനുള്ള വിഭവവും, സ്വയംപര്യാപ്തതയും, മനസ്സമാധാനവുമുണ്ട്. ഈ ലോകത്തിന്റെ വിഭവങ്ങളായി നിങ്ങൾ കാണുന്നതെല്ലാം നശിക്കുന്നതും ഇല്ലാതാകുന്നതുമാണ്. കഴിഞ്ഞുപോയതെല്ലാം ഒരിക്കലും ഉണ്ടായിരുന്നില്ല എന്നപോലെ മാഞ്ഞുപോയിരിക്കുന്നു; ഇനി വരാനിരിക്കുന്നതെല്ലാം തന്നെ വളരെ അടുത്തതുമാണ്.
وَٱتَّقُوا۟ يَوْمًا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ
അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്കപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല. (ഖു൪ആന്‍ :2/281)
www.kanzululoom.com