വിശുദ്ധ ഖുർആനിൽ വളരെ പ്രധാന്യത്തോടെ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു പദമാണ് ‘വലിയ്യ്’ (الولي). ഇതിന്റെ ബഹുവചനം ‘ഔലിയാഅ്’ (الأولياء) എന്നാണ്. ഈ പദം വിശുദ്ധ ഖുർആനിൽ പല തലത്തിലും അര്‍ത്ഥത്തിലും വന്നിട്ടുണ്ട്. അവയിൽ ചിലത് താഴെ നൽകുന്നു:
സഹായി എന്ന അർത്ഥത്തിൽ
വിശുദ്ധ ഖുർആനിൽ ഈ പദം ഏറ്റവും കൂടുതലായി ഉപയോഗിച്ചിരിക്കുന്നത് ഈ അർത്ഥത്തിലാണ്. അല്ലാഹു പറയുന്നു:
ٱتَّبِعُوا۟ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۗ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ (أَوْلِيَآءَ) നിങ്ങള്‍ പിന്‍പറ്റരുത്. (ഖു൪ആന്‍ :7/3)
قال الطبري رحمه الله: إنما ضلوا عن سبيل الله، وجاروا عن قصد المحجة، باتخاذهم الشياطين نصراء من دون الله، وظهراء”.
ഇമാം ത്വബരി رحمه الله പറയുന്നു: അല്ലാഹുവിനെ കൂടാതെ പിശാചുക്കളെ സഹായികളും പിന്തുണയ്ക്കുന്നവരുമായി സ്വീകരിച്ചതുകൊണ്ടു മാത്രമാണ് അവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് വഴിപിഴച്ചുപോയതും, നേരായ പാതയിൽ നിന്ന് തെറ്റിപ്പോയതും.
ഈ ഇനത്തിൽ പെട്ടത് തന്നെയാണ് ഈ വചനവും:
ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു (وَلِىُّ) അല്ലാഹു. (ഖുര്‍ആൻ:2/257)
അതായത്: അല്ലാഹു തന്റെ വിശ്വാസികളായ അടിമകളുടെ സഹായിയും പിന്തുണക്കാരനുമാണ്; തന്റെ സഹായം കൊണ്ടും തൗഫീഖ് കൊണ്ടും അവൻ അവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഈ അർത്ഥത്തിൽ ഉള്ളത് തന്നെയാണ് ഈ വചനവും:
إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُوا۟ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُمْ رَٰكِعُونَ
അല്ലാഹുവും അവന്‍റെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട് നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍ (وَلِيُّكُمُ). (ഖുര്‍ആൻ:5/55)
രക്ഷിതാവ് (റബ്ബ്), ആരാധിക്കപ്പെടുന്നവൻ (മഅ്ബൂദ്)
قُلْ أَغَيْرَ ٱللَّهِ أَتَّخِذُ وَلِيًّا فَاطِرِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ
പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ രക്ഷാധികാരിയായി (وَلِيًّا) സ്വീകരിക്കുകയോ? അവനാകട്ടെ ആഹാരം നല്‍കുന്നു. അവന്ന് ആഹാരം നല്‍കപ്പെടുകയില്ല. (ഖുര്‍ആൻ:6/14)
അതായത്: അല്ലാഹുവിനെയല്ലാതെ മറ്റൊരാളെയാണോ ഞാൻ രക്ഷിതാവായും, ആരാധിക്കപ്പെടുന്നവനായും, സഹായിയായും സ്വീകരിക്കേണ്ടത്?
സന്താനം എന്ന അർത്ഥത്തിൽ
وَإِنِّى خِفْتُ ٱلْمَوَٰلِىَ مِن وَرَآءِى وَكَانَتِ ٱمْرَأَتِى عَاقِرًا فَهَبْ لِى مِن لَّدُنكَ وَلِيًّا
എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്‍റെ പക്കല്‍ നിന്ന് നീ എനിക്ക് ഒരു ബന്ധുവെ (وَلِيًّا) നല്‍കേണമേ. (ഖുര്‍ആൻ:19/5)
അതായത്: ഒരു സന്താനത്തെ; ഇതിനുശേഷമുള്ള വചനം ഇതിന് തെളിവാണ്:
يَرِثُنِى وَيَرِثُ مِنْ ءَالِ يَعْقُوبَ ۖ وَٱجْعَلْهُ رَبِّ رَضِيًّا
എനിക്ക് അവന്‍ അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ് കുടുംബത്തിനും അവന്‍ അനന്തരാവകാശിയായിരിക്കും. എന്‍റെ രക്ഷിതാവേ, അവനെ നീ (ഏവര്‍ക്കും) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ. (ഖുര്‍ആൻ:19/6)
കൂട്ടുകാരൻ എന്ന അർത്ഥത്തിൽ
وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَلَمْ يَكُن لَّهُۥ وَلِىٌّ مِّنَ ٱلذُّلِّ ۖ وَكَبِّرْهُ تَكْبِيرَۢا
സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ (وَلِىٌّ) ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. (ഖുര്‍ആൻ:17/111)
അതായത്: കാര്യങ്ങളിൽ തനിക്ക് ശക്തിയും പിന്തുണയും നൽകുന്ന ഒരു കൂട്ടുകാരനും അല്ലാഹുവിന് ഉണ്ടായിട്ടില്ല. ഇതിന് സമാനമാണ് ഈ വചനവും:
وَمَن يُضْلِلْ فَلَن تَجِدَ لَهُۥ وَلِيًّا مُّرْشِدًا
അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ. (ഖുര്‍ആൻ:18/17)
അതായത്: അല്ലാഹു ആരെ വഴിപിഴപ്പിക്കുന്നുവോ, അവന് നേർവഴി കാണിച്ചു കൊടുക്കുന്ന ഒരു ഉറ്റമിത്രത്തെയോ സഹായിയെയോ കണ്ടെത്താൻ മുഹമ്മദ് നബിയേ, താങ്കൾക്ക് സാധിക്കുകയില്ല.
വിഗ്രഹം / വ്യാജദൈവം എന്ന അർത്ഥത്തിൽ:
أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۖ
അതല്ല, അവര്‍ അവന്നുപുറമെ രക്ഷാധികാരികളെ (أَوْلِيَآءَ) സ്വീകരിച്ചിരിക്കുകയാണോ? (ഖുര്‍ആൻ:42/9)
അതായത്: അല്ലാഹുവിന് പുറമെ അവർ അനേകം വിഗ്രഹങ്ങളെയാണോ സ്വീകരിച്ചിരിക്കുന്നത്! ഈ ഇനത്തിൽ പെട്ടത് തന്നെയാണ് ഈ വചനവും:
مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ
അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും (أَوْلِيَآءَ) സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍. (ഖു൪ആന്‍:29/41)
അതായത്: അല്ലാഹുവിന് പുറമെ ആരാധ്യൻമാരെയും വിഗ്രഹങ്ങളെയും രക്ഷാധികാരികളായി സ്വീകരിക്കുകയും, തങ്ങൾക്ക് ആവശ്യമുണ്ടാകുമ്പോൾ അവയുടെ സഹായവും ഉപകാരവും പ്രതീക്ഷിക്കുകയും ചെയ്യുന്നവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. ഇതിന് സമാനമാണ് ഈ വചനവും:
وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ
…. അവനു പുറമെ രക്ഷാധികാരികളെ (أَوْلِيَآءَ) സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. (ഖു൪ആന്‍:39/3)
അതായത്: അല്ലാഹുവിനു പുറമെ മറ്റ് ദൈവങ്ങളെ രക്ഷാധികാരികളായി സ്വീകരിക്കുകയും, അല്ലാഹുവിനെ ഒഴിവാക്കി അവരെ ആരാധിക്കുകയും ചെയ്യുന്നവർക്ക്; ആ ദൈവങ്ങൾ യാതൊരു ഉപകാരവും ചെയ്യുകയോ അവർക്ക് ഗുണം ചെയ്യുകയോ ഇല്ല.
കുടുംബബന്ധമുള്ള അടുത്ത ബന്ധു എന്ന അർത്ഥത്തിൽ
يَوْمَ لَا يُغْنِى مَوْلًى عَن مَّوْلًى شَيْـًٔا وَلَا هُمْ يُنصَرُونَ
അതെ, ഒരു ബന്ധു മറ്റൊരു ബന്ധുവിന് യാതൊരു പ്രയോജനവും ചെയ്യാത്ത, അവര്‍ക്ക് ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസം. (ഖു൪ആന്‍:44/41)
‘വലിയ്യ്’ (الولي), ‘മൗലാ’ (المولى) എന്നീ രണ്ടു പദങ്ങളും ഒരേ അറബി ക്രിയാമൂലത്തിൽ നിന്നാണ് ഉണ്ടാകുന്നത്.
قال ابن كثير رحمه الله: لا ينفع قريب قريباً، كقوله عز وجل:
ഇബ്നു കഥീർ رحمه الله പറയുന്നു:ഒരു ബന്ധുവും മറ്റൊരു ബന്ധുവിനും യാതൊരു ഉപകാരവും ചെയ്യുകയില്ല; അല്ലാഹു പറഞ്ഞതുപോലെ:
فَإِذَا نُفِخَ فِى ٱلصُّورِ فَلَآ أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَآءَلُونَ
എന്നിട്ട് കാഹളത്തില്‍ ഊതപ്പെട്ടാല്‍ അന്ന് അവര്‍ക്കിടയില്‍ കുടുംബബന്ധങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. അവര്‍ അന്യോന്യം അന്വേഷിക്കുകയുമില്ല. (ഖു൪ആന്‍:23/101) (ഇബ്നുകസീര്‍)
അനന്തരാവകാശി / പിൻതുടർച്ചക്കാരൻ എന്ന അർത്ഥത്തിൽ
സക്കരിയ്യാ നബി عليه السلام പറയുന്നതായി വിശുദ്ധ ഖുര്‍ആൻ ഉദ്ധരിക്കുന്നു:
وَإِنِّى خِفْتُ ٱلْمَوَٰلِىَ مِن وَرَآءِى
എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി (ٱلْمَوَٰلِىَ) എനിക്ക് ഭയമാകുന്നു. (ഖു൪ആന്‍:19/5)
അതായത്: അനന്തരാവകാശികൾ (الورثة).
عن ابن عباس رضي الله عنهما، قال: “الموالي: العصبة”، يعني: الورثة.
ഇബ്നു അബ്ബാസ് رضي الله عنهما പറയുന്നു:الموالي എന്നാൽ അസ്വബ: (العصبة) ആണ്,” അതായത്: അനന്തരാവകാശികൾ (الورثة).
ഈ ഇനത്തിൽ പെട്ടത് തന്നെയാണ് ഈ വചനവും:
وَلِكُلٍّ جَعَلْنَا مَوَٰلِىَ مِمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ ۚ
ഏതൊരാള്‍ക്കും തന്‍റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ച് പോയ സ്വത്തിന് നാം അവകാശികളെ (مَوَٰلِىَ) നിശ്ചയിച്ചിട്ടുണ്ട്. (ഖു൪ആന്‍:4/33)
അതായത്: അദ്ദേഹത്തിന്റെ പിതൃവ്യപുത്രന്മാരിൽ നിന്നും സഹോദരന്മാരിൽ നിന്നും മറ്റു പിതൃവഴിയുള്ള ബന്ധുക്കളിൽ നിന്നുമുള്ള അനന്തരാവകാശികൾ. ഇമാം ത്വബരി رحمه الله പറയുന്നത്, അറബികൾ പിതൃവ്യപുത്രനെ ‘അൽ-മൗലാ’ (المولى) എന്ന് വിളിക്കാറുണ്ട് എന്നാണ്.
വളർത്തുപുത്രന്മാരുടെ വംശബന്ധത്തെക്കുറിച്ച് അല്ലാഹു പറയുന്നു:
ٱدْعُوهُمْ لِـَٔابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ ۚ فَإِن لَّمْ تَعْلَمُوٓا۟ ءَابَآءَهُمْ فَإِخْوَٰنُكُمْ فِى ٱلدِّينِ وَمَوَٰلِيكُمْ ۚ
നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു (وَمَوَٰلِيكُمْ). (ഖു൪ആന്‍:33/5)
ഇവിടെ ‘അൽ-മവാലി’ (الموالي) എന്നത് ‘മൗലാ’ (مولى) എന്നതിന്റെ ബഹുവചനമാണ്; അതായത് അടിമത്തത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടയാൾ
അല്ലാഹു പറയുന്നു:
وَإِذَآ أَرَادَ ٱللَّهُ بِقَوْمٍ سُوٓءًا فَلَا مَرَدَّ لَهُۥ ۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ
ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയും (وَالٍ) ഇല്ല. (ഖു൪ആന്‍:13/11)
അതായത്: അവർക്ക് മേൽ അധികാരമുള്ളവരായി, അവരുടെ കാര്യങ്ങൾ നടത്താനോ അവരെ ശിക്ഷിക്കാനോ പോന്ന യാതൊരു സംരക്ഷകനും രക്ഷാധികാരിയും അവർക്കില്ല.
അല്ലാഹു പറയുന്നു:
وَإِن تَوَلَّوْا۟ فَٱعْلَمُوٓا۟ أَنَّ ٱللَّهَ مَوْلَىٰكُمْ ۚ نِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ
എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ അല്ലാഹുവാണ് നിങ്ങളുടെ രക്ഷാധികാരിയെന്ന് (مَوْلَىٰكُمْ) നിങ്ങള്‍ മനസ്സിലാക്കുക. എത്രയോ നല്ല രക്ഷാധികാരി! എത്രയോ നല്ല സഹായി! (ഖു൪ആന്‍:8/40)
അതായത്: നിങ്ങൾക്കും അവന്റെ ഔലിയാഇനും ഏറ്റവും മികച്ച സഹായിയാണ് അല്ലാഹു.
അല്ലാഹു പറയുന്നു:
هُنَالِكَ ٱلْوَلَٰيَةُ لِلَّهِ ٱلْحَقِّ ۚ هُوَ خَيْرٌ ثَوَابًا وَخَيْرٌ عُقْبًا
യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിന്നത്രെ അവിടെ രക്ഷാധികാരം (ٱلْوَلَٰيَةُ). നല്ല പ്രതിഫലം നല്‍കുന്നവനും നല്ല പര്യവസാനത്തിലെത്തുക്കുന്നവനും അവനത്രെ. (ഖു൪ആന്‍:18/44)
ചുരുക്കത്തിൽ, വിശുദ്ധ ഖുർആനിൽ ‘വലിയ്യ്’ (الولي) എന്ന പദം വിവിധ അർത്ഥങ്ങളിലാണ് വന്നിട്ടുള്ളത്. അതിൽ ഭൂരിഭാഗവും ‘സഹായി ,മിത്രം’ എന്നീ അർത്ഥങ്ങളിലാണ് പ്രയോഗിച്ചിരിക്കുന്നത്.
ഈ പദത്തിന് വിശ്വാസകാര്യങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ട്. തന്റെ സദ്‌വൃത്തരായ ദാസന്മാരുടെ കാര്യങ്ങൾ ഏറ്റെടുക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നവനും അല്ലാഹു മാത്രമാണ്. അതിനാൽ, ഒരു സത്യവിശ്വാസിയുടെ അറ്റമില്ലാത്ത സ്നേഹവും കൂറും ആദരവും അല്ലാഹുവിനോട് മാത്രമായിരിക്കണം; അവനല്ലാത്ത മറ്റാരോടും പാടില്ല. തന്റെ പൂർണ്ണമായ ഭാരമേൽപ്പിക്കലും സ്നേഹവും അല്ലാഹുവിൽ മാത്രമാക്കണമെന്നും, അല്ലാഹുവോട് തഖ്‌വയുള്ളവരായി ജീവിച്ച് അവന്റെ ‘വലിയ്യ്’ ആകാൻ ശ്രമിക്കണമെന്നും ചുരുക്കം.
www.kanzululoom.com