ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത പണ്ഡിതൻ ഇമാം അബൂ അബൂജഅ്ഫർ അഹ്‌മദ് ബ്നു മുഹമ്മദ് അത്ത്വഹാവി رحمه الله യുടെ വിഖ്യാത കൃതിയായ ‘അഖീദത്തു ത്വഹാവിയ്യ’ യുടെ വിവര്‍ത്തനം
بسم الله الرحمن الرحيم – الحمد لله رب العالمين
അല്ലാമഃ ഹുജ്ജത്തുൽ ഇസ്‌ലാം അബൂജഅ്ഫർ അൽവർറാക് അത്ത്വഹാവി മിസ്‌രി رحمه الله പറയുന്നു:
ഇസ്‌ലാമിക സമൂഹത്തിലെ സമുന്നതരായ കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ, അതായത് അബൂഹനീഫ നുഅ്മാൻ ബ്നു ഥാബിത് അൽകൂഫി, അബൂ യൂസുഫ് യഅ്ഖൂബ് ബ്നു ഇബ്രാഹീം അൽഅൻസ്വാരി, അബൂ അബ്ദില്ലാഹ് മുഹമ്മദ് ബ്നു അൽഹസൻ അശ്ശൈബാനി (*) – അല്ലാഹു അവരെയെല്ലാവരെയും തൃപ്തിപ്പെടുമാറാകട്ടെ – തുടങ്ങിയവരുടെ അഭിപ്രായങ്ങൾക്കനുസരിച്ചുള്ള, ‘അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയുടെ (വിശ്വാസപ്രമാണങ്ങളുടെ) വിശദീകരണമാണിത്. മതത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ അവർ എന്തൊക്കെയാണോ വിശ്വസിച്ചിരുന്നത് എന്നും, ലോകരക്ഷിതാവായ അല്ലാഹുവിനെ അവർ വഴിപ്പെട്ട് ജീവിച്ചിരുന്നത് ഏത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണോ എന്നുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.
(*)ഇമാം ത്വഹാവി حمه الله തന്റെ ഈ ഗ്രന്ഥത്തിൽ അഹ്‌ലുസ്സുന്നത്തി വൽജമാഅയുടെ അഖീദ വിശദീകരിക്കാൻ ആധാരമാക്കുന്നത് മൂന്ന് ഹനഫീ മദ്ഹബിന്റെ ഇമാമുമാരുടെ വാക്കുകളെയാണ്. കർമ്മശാസ്ത്രത്തിൽ വിഭിന്ന അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും അഖീദയിൽ (വിശ്വാസ കാര്യങ്ങളിൽ) ഇവരെല്ലാവരും ഒരൊറ്റ വഴിയിലായിരുന്നു എന്ന് ഈ വരികൾ വ്യക്തമാക്കുന്നു.
1.’അല്ലാഹുവിന്റെ ഏകത്വം’ എന്നാൽ അല്ലാഹുവിന്റെ തൗഫീഖിലും (*) ഉറച്ച വിശ്വാസത്തിലും നാം പറയുന്നു: അല്ലാഹു ഏകനാണ്. അവന് ഒരു പങ്കുകാരനുമില്ല.
(*)അറബി ഭാഷയിൽ ‘തൗഫീഖ്’ എന്നാൽ ഒരു കാര്യത്തിൽ ലക്ഷ്യം കാണാൻ അല്ലാഹു മനുഷ്യന് നൽകുന്ന അനുകൂലമായ സാഹചര്യവും അനുഗ്രഹവുമാണ്. നാം ഒരു നല്ല കാര്യം ഉദ്ദേശിക്കുമ്പോൾ നമ്മുടെ ഹൃദയത്തെയും കർമ്മങ്ങളെയും ആ നന്മയിലേക്ക് വഴിനടത്തുന്നത് അല്ലാഹുവാണ്. അതുകൊണ്ട്, തൗഹീദ് പ്രഖ്യാപിക്കാനും ഈമാൻ ദൃഢമാക്കാനും സാധിക്കുന്നത് സ്വന്തം ബുദ്ധിസാമർത്ഥ്യം കൊണ്ടല്ല, മറിച്ച് അല്ലാഹുവിന്റെ തൗഫീഖ് കൊണ്ടാണ്.
2.അവന് തുല്യമായി യാതൊരു വസ്തുവും ഇല്ല.
3.അവനെ അശക്തനാക്കിക്കളയുന്ന യാതൊന്നുമില്ല.(*)
(*)وَمَا كَانَ ٱللَّهُ لِيُعْجِزَهُۥ مِن شَىْءٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ ۚ إِنَّهُۥ كَانَ عَلِيمًا قَدِيرًا
ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവെ തോല്‍പിക്കാനാവില്ല. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. (ഖുർആൻ:35/44)
4.അവനല്ലാതെ ഒരു ഇലാഹും (ആരാധ്യനും) ഇല്ല
5.അവൻ തുടക്കമില്ലാത്തവണ്ണം പഴക്കമുള്ളവനാണ് (പണ്ടേ ഉള്ളവനാണ്), അവസാനമില്ലാത്തവണ്ണം എന്നെന്നും നിലനിൽക്കുന്നവനുമാണ്.(*)
(*)قديم (പഴക്കമുള്ളവൻ) എന്നത് അല്ലാഹുവിന്റെ നാമവിശേഷണമായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. മറ്റൊന്നിനേക്കാൾ പഴക്കമുള്ളത് എന്നാണ് ഭാഷാപണ്ഢിതന്‍മാര്‍ അര്‍ത്ഥം നൽകിയിട്ടുള്ളത്.
ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കൾക്കും ഒരു തുടക്കമുണ്ട്. മനുഷ്യൻ, ഭൂമി, ആകാശം, സമയം എന്നിവയെല്ലാം ഒരുകാലത്ത് ഇല്ലാതിരുന്നതും പിന്നീട് അല്ലാഹു സൃഷ്ടിച്ചതുമാണ്. എന്നാൽ, അല്ലാഹുവിന് ഒരു തുടക്കമില്ല. അവൻ എപ്പോഴും ഉണ്ടായിരുന്നു. അതേപോലെ പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികൾക്കും ഒരു അവസാനമുണ്ട്. എന്നാൽ അല്ലാഹുവിന് അവസാനമില്ല, അവൻ എന്നെന്നും നിലനിൽക്കുന്നവനാണ്. അല്ലാഹു പറയുന്നു:
هُوَ ٱلْأَوَّلُ وَٱلْـَٔاخِرُ وَٱلظَّٰهِرُ وَٱلْبَاطِنُ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ
അവന്‍ ആദ്യനായുള്ളവനും, അന്ത്യനായുള്ളവനും, പ്രത്യക്ഷനായുള്ളവനും, പരോക്ഷനായുള്ളവനുമാണ്. അവന്‍ സര്‍വ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്. (ഖു൪ആന്‍:57/3)
6.അവൻ നിശ്ശേഷം നശിക്കുകയോ തകരുകയോ ഇല്ല.
7.അവൻ ഉദ്ദേശിക്കുന്നതല്ലാതെ സംഭവിക്കുകയില്ല.
8.മനുഷ്യന്റെ ഭാവനകൾക്ക് അവനെ എത്തിപ്പിടിക്കാൻ സാധ്യമല്ല; മനുഷ്യന്റെ ബുദ്ധിക്ക് അവനെ പൂർണ്ണമായി മനസ്സിലാക്കാനും സാധ്യമല്ല.
9.അവൻ മനുഷ്യരുമായി സാദൃശ്യമുള്ളവനുമല്ല.
10.അവൻ മരിക്കാതെ എന്നെന്നും ജീവിക്കുന്നവനാണ്. അവൻ ഉറങ്ങാതെ സർവ്വതും നിയന്ത്രിക്കുന്നവനാണ്.
11.ആവശ്യക്കാരനല്ലാത്ത നിലയിൽ തന്നെ (മറ്റുള്ളവയെ) സൃഷ്ടിച്ചവനും
അദ്ധ്വാനമില്ലാതെ (അവയെ) ഭക്ഷിപ്പിക്കുന്നവനുമാണ്.
12.അവൻ ഭയമില്ലാതെ മരിപ്പിക്കുന്നവനാണ്, ക്ലേശമില്ലാതെ ഉയിർത്തെഴുന്നേൽപിക്കുന്നവനുമാണ്.
13.അല്ലാഹു തന്റെ സൃഷ്ടികളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ തന്റെ വിശേഷണങ്ങളോടു കൂടി പണ്ടേയുള്ളവനാണ്, സൃഷ്ടികളുടെ സാന്നിധ്യം കാരണം അവന് യാതൊന്നും വർദ്ധിച്ചിട്ടില്ല, അവരെ സൃഷ്ടിക്കുന്നതിന് മുമ്പ് അവനില്ലാതിരുന്ന പുതിയൊരു വിശേഷണവും ഉണ്ടായിട്ടില്ല, തന്റെ വിശേഷണങ്ങളോടു കൂടി അവൻ തുടക്കമില്ലാത്ത ഭൂതകാലത്തിൽ എങ്ങനെയായിരുന്നുവോ, അതുപോലെത്തന്നെ അവസാനമില്ലാത്ത ഭാവികാലത്തിലും അവൻ ആ വിശേഷണങ്ങളോടു കൂടിത്തന്നെ മാറ്റമില്ലാതെ നിലനിൽക്കുന്നതുമാണ്.
14.സൃഷ്ടികളെ സൃഷ്ടിച്ചതിന് ശേഷമല്ല അവന് الْخَالِق (സൃഷ്ടാവ്) എന്ന നാമം സിദ്ധിച്ചത്. സൃഷ്ടികൾക്ക് രൂപകൽപന നൽകിയതു കൊണ്ടല്ല അവന് الباري (രൂപം നൽകന്നവൻ) എന്ന നാമം ഉണ്ടായതും.
15.പരിപാലിക്കപ്പെടാൻ ഒരൊറ്റ സൃഷ്ടിയും ഇല്ലാതിരുന്നപ്പോഴും അവന് രക്ഷിതാവ് എന്ന പദവി ഉണ്ടായിരുന്നു. യാതൊരു സൃഷ്ടിയും ഇല്ലാതിരുന്നപ്പോഴും അവന് സ്രഷ്ടാവ് എന്ന പദവിയും ഉണ്ടായിരുന്നു.
16. അവൻ മരണപ്പെട്ടവർക്ക് ജീവൻ നൽകിയതിന് ശേഷമല്ല അവന് ‘മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവൻ’ എന്ന നാമത്തിന് അർഹതയുണ്ടായത്; മറിച്ച് അവരെ ജീവിപ്പിക്കുന്നതിന് മുമ്പ് തന്നെ അവൻ ആ നാമത്തിന് അർഹനാണ്. അതുപോലെത്തന്നെയാണ്, സൃഷ്ടികളെ ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ അവന് ‘സൃഷ്ടാവ്’ എന്ന നാമത്തിന് അർഹതയുണ്ടായിരുന്നതും.
17.അതെന്തുകൊണ്ടെന്നാൽ, തീർച്ചയായും അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു; സകല വസ്തുക്കളും അവനിലേക്ക് മാത്രം ആശ്രയിക്കുന്നവയുമാകുന്നു; ഏതൊരു കാര്യവും അവന് അതീവ എളുപ്പമുള്ളതുമാകുന്നു; അവൻ യാതൊന്നിന്റെയും ആവശ്യവുമില്ലാത്തവനുമാകുന്നു.
لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ
അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :42/11)
18.അവൻ തന്റെ പരിപൂർണ്ണമായ അറിവോടു കൂടിയാണ് സൃഷ്ടികളെ (മുഴുവൻ) സൃഷ്ടിച്ചത്.
19.അവൻ അവരുടെ വിധികൾ നിർണയിച്ചിരിക്കുന്നു.
20.അവൻ അവരുടെ അവധികൾ നിശ്ചയിച്ചിരിക്കുന്നു.
21.അവൻ അവരെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ അവരിൽ നിന്നുള്ള യാതൊരു കാര്യവും അവന് ഗോപ്യമായിരുന്നിട്ടില്ല. അവരെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ അവർ ഭാവിയിൽ എന്തൊക്കെയാണ് പ്രവർത്തിക്കുയെന്നും അവനറിയാം.
22.അവനെ അനുസരിക്കണമെന്ന് അവരോടു കൽപ്പിക്കുകയും അവനെ ധിക്കരിക്കുന്നത് വിരോധിക്കുകയും ചെയ്തു.
23.അവന്റെ നിർണ്ണയവും ഉദ്ദേശ്യവും അനുസരിച്ചാണ് എല്ലാ കാര്യവും നടന്നുകൊണ്ടിരിക്കുന്നത്. അവന്റെ ഉദ്ദേശ്യങ്ങൾ നടപ്പിലാകുന്നു. അടിമകൾക്കായി താൻ ഉദ്ദേശിച്ചിട്ടുള്ളത് മാത്രമേ അവനുദ്ദേശിക്കുകയുള്ളൂ. അവർക്കായി അവൻ ഉദ്ദേശിക്കുന്നത് സംഭവിക്കുന്നു. അവൻ ഉദ്ദേശിക്കാത്തത് സംഭവിക്കുന്നുമില്ല.
24.അവനുദ്ദേശിക്കുന്നവരെ അവൻ നേർവഴിക്കാക്കും. അവർക്കു സംരക്ഷണവും ആരോഗ്യവും നൽകും. അതവന്റെ ഔദാര്യമാണ്. അവനുദ്ദേശിക്കുന്നവരെ അവൻ വഴിതെറ്റിക്കും. അവരെ കൈവിട്ടുകളയുകയും കഷ്ടപ്പെടുത്തുകയും ചെയ്യും. അതവന്റെ നീതിയാണ്.
25.എല്ലാവരും (സൃഷ്ടികൾ), ഔദാര്യത്തിലും നീതിയിലും അവന്റെ
ഉദ്ദേശത്തിൽ മാറിമറിഞ്ഞു കാണ്ടിരിക്കുന്നു.
26.അവൻ സമന്മാരിൽ നിന്നും എതിരാളികളിൽ നിന്നും അത്യുന്നതനാണ്
27.അവൻ വിധിക്കുന്നത് തള്ളുന്നവനില്ല. അവന്റെ തീരുമാനത്തെ തിരുത്തുന്നവനില്ല. അവന്റെ ആജ്ഞയെ അതിജീവിക്കുന്നവനുമില്ല.
28.ഇപ്പറഞ്ഞതെല്ലാം ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. എല്ലാം അവനിൽ നിന്നുള്ളതാണെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിച്ചിട്ടുണ്ട്.
29.മുഹമ്മദ് ﷺ അല്ലാഹുവിൻ്റെ തെരഞ്ഞെടുത്ത അടിമയും, അവനാൽ നിയോഗിക്കപ്പെട്ട നബിയും, അവൻ പൂർണ്ണമായി തൃപ്തിപ്പെട്ട റസൂലുമാകുന്നു.
30.അദ്ദേഹം പ്രവാചകന്മാരിൽ അന്തിമനും ഭയഭക്തന്മാരുടെ നേതാവും, തിരുദൂതന്മാരുടെ നേതാവും സർവ്വലോക രക്ഷിതാവിന്റെ ഇഷ്ടദാസനും ആകുന്നു.
31.അദ്ദേഹത്തിന്റെ പിറകെയുണ്ടാകുന്ന പ്രവാചകത്വം എന്തും, തികഞ്ഞ വഴിപിഴവും തന്നിഷ്ടവുമാണ്.
32.മനുഷ്യവംശത്തിനും ജിന്നുവർഗത്തിനും ആകമാനം സത്യവും സന്മാർഗവും, വിളക്കും വെളിച്ചവുമായിട്ടാണ് അദ്ദേഹം നിയോഗിക്കപ്പെട്ടിട്ടുള്ളത്.
33.നിശ്ചയമായും ഖുർആൻ അല്ലാഹുവിന്റെ കലാം (സംസാരം) ആണ്. രൂപം എങ്ങിനെയെന്ന് നമുക്ക് അറിയാത്ത വിധത്തിൽ വാക്ക് ആയ നിലയിൽ അവനിൽ നിന്നാണ് അത് അവതീർണ്ണമായത്. വഹ്‌യ് ആയ നിലയിൽ അവന്റെ റസൂൽിക്ക് അത് ഇറക്കി. അതിനെ സത്യവിശ്വാസികൾ ഹഖ് ആയ നിലയിൽ സ്വീകരിച്ചു.
യാഥാര്‍ത്ഥ്യത്തോട് കൂടിയുള്ള അല്ലാഹുവിന്റെ കലാം ആയി അവരതിൽ ഉറച്ചു വിശ്വസിച്ചു. അത് മനുഷ്യ സംസാരം പോലെ ഒരു സൃഷ്ടിയല്ല. അത് കേട്ടതിനു ശേഷം, അത് മനുഷ്യന്റെ സംസാരമാണെന്നു ആരെങ്കിലും വാദിക്കുന്നുവെങ്കിൽ അവൻ കാഫിറായി. അവനെ അല്ലാഹു ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും (നരകമാകുന്ന) ‘സഖറി’ൽ
പ്രവേശിപ്പിക്കുമെന്നു താക്കീത് നൽകുകയും ചെയ്തു. അല്ലാഹു പറയുന്നു:
سَأُصْلِيهِ سَقَرَ
വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്. (ഖു൪ആന്‍:74/26)
അല്ലാഹു ‘സഖർ’ (നരകം) കൊണ്ട് താക്കീത് നൽകിയത് ഇപ്രകാരം പറഞ്ഞവനെയാണ്:
إِنْ هَٰذَآ إِلَّا قَوْلُ ٱلْبَشَرِ
ഇത് മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:74/25)
അത് (ഖുർആൻ) മനുഷ്യനെ സൃഷ്ടിച്ചവന്റെ വാക്കാണെന്നും അത് മനുഷ്യന്റെ വാക്കിനോട് സാദൃശ്യപ്പെടുകയില്ലെന്നും നാം മനസ്സിലാക്കുകയും ദൃഢമായി ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു.
34.ആരെങ്കിലും അല്ലാഹുവിനെ മനുഷ്യന്റെ ഗുണങ്ങളിൽ പെട്ട ഏതെങ്കിലും ഒരു ഗുണം കൊണ്ട് വിശേഷിപ്പിച്ചാൽ അവൻ കാഫിറായി. ആരെങ്കിലും ഇക്കാര്യം ഗ്രഹിക്കുകയും, അതിൽ നിന്ന് ശരിയായ പാഠമുൾക്കൊള്ളുകയും, സത്യനിഷേധികളെപ്പോലെയുള്ളവരുടെ പ്രസ്താവനകളിൽ നിന്ന് മാറിനിൽക്കുകയും, അല്ലാഹു അവന്റെ വിശേഷണങ്ങളിൽ ഒട്ടും മനുഷ്യനെപ്പോലെയല്ല എന്ന് മനസ്സിലാക്കുകയും ചെയ്താൽ അവൻ രക്ഷപ്പെട്ടു.
35.സ്വർഗ്ഗവാസികൾക്ക് (പരലോകത്ത് വെച്ച് തങ്ങളുടെ റബ്ബായ അല്ലാഹുവെ) നേരിട്ട് കാണുക എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ അത് അവനെ പൂർണ്ണമായി ഉൾക്കൊള്ളുന്ന രൂപത്തിലോ, ഏതെങ്കിലും രൂപഭാവങ്ങളോടെയോ അല്ല. നമ്മുടെ റബ്ബിന്റെ ഗ്രന്ഥം (ഖുർആൻ) പ്രസ്താവിച്ചതുപോലെ:
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴿٢٢﴾ إِلَىٰ رَبِّهَا نَاظِرَةٌ ﴿٢٣﴾
ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും, അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. (ഖുർആൻ:75/22-23)
അതിന്റെ (കാഴ്ചയുടെ) വ്യാഖ്യാനം അല്ലാഹു ഉദ്ദേശിച്ചതും അറിഞ്ഞതും പോലെ മാത്രമാകുന്നു. ഈ വിഷയത്തിൽ അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുള്ള സ്വഹീഹായ എല്ലാ ഹദീസുകളിലൂടെയും അവിടുന്ന് അരുളിചെയ്തതുപോലെ തന്നെയാണ്. അതിന്റെ അർത്ഥം (അല്ലാഹുവും റസൂലും) ഉദ്ദേശിച്ചതുപോലെ മാത്രമാണ്. നമ്മുടെ സ്വന്തം അഭിപ്രായങ്ങൾ കൊണ്ട് ദുർവ്യാഖ്യാനങ്ങൾ നൽകിക്കൊണ്ടോ , നമ്മുടെ സ്വന്തം തന്നിഷ്ടങ്ങൾക്കനുസരിച്ച് ഊഹിച്ചുകൂട്ടി കൊണ്ടോ നാം അതിൽ ഇടപെടുകയില്ല. കാരണം, അല്ലാഹുവിനും അവന്റെ റസൂൽ ﷺ ക്കും പരിപൂർണ്ണമായി കീഴടങ്ങുകയും , തനിക്ക് വ്യക്തതയില്ലാത്ത കാര്യങ്ങളുടെ അറിവ് അത് കൃത്യമായി അറിയുന്നവനിലേക്ക് (അല്ലാഹുവിലേക്ക്) മടക്കുകയും ചെയ്തവനല്ലാതെ അവന്റെ ദീനിൽ സുരക്ഷിതനായിത്തീർന്നിട്ടില്ല.
36.(പൂർണമായ) വണക്കവും (പ്രമാണങ്ങളാട്) വിധേയത്വവും എന്നിവയുടെ പുറത്തല്ലാതെ ഇസ്‌ലാമാകുന്ന പാദങ്ങൾ ഉറച്ചുനിൽക്കുകയേയില്ല. തനിക്ക് അറിവ് നൽകപ്പെടാത്ത (മറച്ചുവെക്കപ്പെട്ട) കാര്യങ്ങളെക്കുറിച്ച് അറിയാൻ ആരെങ്കിലും ആഗ്രഹിക്കുകയും, പ്രമാണങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ അവന്റെ ബുദ്ധി തയ്യാറാകാതിരിക്കുകയും ചെയ്താൽ, അവന്റെ ആ ദുരാഗ്രഹം അവനെ ശുദ്ധമായ തൗഹീദിൽ നിന്നും തെളിമയാർന്ന വിജ്ഞാനത്തിൽ നിന്നും, ശരിയായ ഈമാനിൽ നിന്നും തടസ്സപ്പെടുത്തുന്നതാണ്. കുഫ്റിനും ഈമാനിനും ഇടയിൽ അവൻ ആടിക്കളിച്ചു ക്കൊണ്ടിരിക്കും. സത്യപെടുത്താനോ, കളവാക്കാനോ, അംഗീകരിക്കാനോ, നിഷേധിക്കാനോ കഴിയാതെ പരിഭ്രാന്തനും സംശയാലുവുമായിക്കൊണ്ടവൻ നട്ടംതിരിയും. അവൻ നേരാംവണ്ണം വിശ്വസിക്കുന്നവനോ സത്യപ്പെടുത്തുന്നവനോ ആയിരിക്കില്ല, അതേസമയം പൂർണ്ണമായി നിഷേധിക്കുന്നവനോ തള്ളിപ്പറയുന്നവനോ ആയിരിക്കുകയുമില്ല (അവൻ ഇതിനിടയിൽ കിടന്ന് കഷ്ടപ്പെടും).
37.ശാന്തിയുടെ ഭവനമായ സ്വർഗവാസികളുടെ ദിവ്യദർശനത്തിന്, സ്വന്തമായ അനുമാനവും വ്യാഖ്യാനവും നൽകിക്കൊണ്ടുള്ള ഈമാൻ ശരിയാകുകയില്ല. എന്തുകൊണ്ടെന്നാൽ ദിവ്യദർശനത്തിന്റെ വ്യാഖ്യാനമായാലും, റുബൂബിയ്യത്തിലേക്ക് ചേർത്തുപറയുന്ന മറ്റേതൊരു ഗുണവിശേഷത്തിന്റെ വ്യാഖ്യാനമായാലും വ്യാഖ്യാനിക്കപ്പെടുമ്പോൾ ദുർവ്യാഖ്യാനങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കുകയും, പരിപൂർണ്ണമായ കീഴടങ്ങൽ അനിവാര്യമാക്കുകയും വേണം. അതാണ് യഥാർത്ഥ മുസ്‌ലിമിന്റെ ദീൻ. ആരാണോ (അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളെ) നിഷേധിക്കുന്നതിൽ നിന്നും, അവനെ സൃഷ്ടികളോട് താരതമ്യപ്പെടുത്തുന്നതിൽ നിന്നും സ്വയം കാത്തുസൂക്ഷിക്കാതിരുന്നത്, അവൻ തെന്നിവീഴുകയും (വഴിപിഴക്കുകയും) അല്ലാഹുവിനെ പോരായ്മകളിൽ നിന്നും പരിശുദ്ധനാക്കുക എന്ന ശരിയായ ലക്ഷ്യത്തിൽ എത്തിച്ചേരാതിരിക്കുകയും ചെയ്തിരിക്കുന്നു. കാരണം, നമ്മുടെ റബ്ബ് ഏകത്വത്തിന്റെ വിശേഷണങ്ങൾ കൊണ്ട് വിശേഷിപ്പിക്കപ്പെട്ടവനും, അതുല്യതയുടെ ഗുണങ്ങൾ കൊണ്ട് പ്രകീർത്തിക്കപ്പെട്ടവനുമാകുന്നു. സൃഷ്ടികളിൽ ആരും തന്നെ അവന്റെ ഗുണവിശേഷണങ്ങളിൽ അവന് തുല്യനായിട്ടില്ല.
38.പരിധികൾ, പരിമിതികൾ, ഘടകങ്ങൾ, അവയവങ്ങൾ, ഉപകരണങ്ങൾ എന്നിവക്കെല്ലാം അതീതതനാണ് അവൻ. സാധാരണ സൃഷ്ടികളെപ്പോലെ ആറു ഭാഗങ്ങളിൽ (മുമ്പിൽ, പിറകിൽ, വലത്ത്, ഇടത്ത്, മുകളിൽ, താഴെ) അവനെ ഉൾക്കൊള്ളിക്കാവതല്ല. (*)
(*)പരിധികൾ എന്നതുകൊണ്ട് ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നത് മനുഷ്യർക്കറിയാവുന്ന പരിധികൾ എന്നു മാത്രമാണ്. അല്ലാഹുവെ സംബന്ധിച്ചിടത്തോളം അവന്റെ പരിധികൾ അവൻ മാത്രമേ അറിയുകയുള്ളൂ. അവനെ ചൂഴ്ന്ന് കൊണ്ടുള്ള അറിവ് സൃഷ്ടികളിലാർക്കും തന്നെയില്ല. അല്ലാഹു പറയുന്നു:
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِۦ عِلْمًا
അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവര്‍ക്കാകട്ടെ അവനെപ്പറ്റിയൊന്നും പരിപൂര്‍ണ്ണമായി അറിയാനാവുകയില്ല. (ഖുര്‍ആന്‍:20/110)
സിംഹാസനാരോഹണത്തിന്നോ മറ്റോ പൂർവകാല പണ്ഡിതന്മാരാരെങ്കിലും പരിധി നിർണയം നടത്തിയതായി പറഞ്ഞുകാണുന്നുവെങ്കിൽ അതിന്റെ വിവക്ഷ അല്ലാഹുവിന്റെ അറിവിൽ മാത്രമുള്ള പരിധി എന്നാണ്. അടിമകൾക്കതറിയുകയില്ല. പരിമിതി, ഘടകങ്ങൾ, അവയവങ്ങൾ, ഉപകരണങ്ങൾ എന്നൊക്കെയുള്ള പദപ്രയോഗങ്ങളും ഗ്രന്ഥകാരൻ നടത്തിയിട്ടുള്ളത് സൃഷ്ടികളുമായുള്ള സാദൃശ്യത്തിൽ നിന്നും തികച്ചും പരിശുദ്ധനാണ് അല്ലാഹു എന്നു വ്യക്തമാക്കാനാണ്. അവന്റെ യുക്തി, അവന്റെ സത്താവിശേഷങ്ങളായ മുഖം, കൈ, പാദം മുതലായവയിലോ, സൃഷ്ടികളിൽ നിന്നും തികച്ചും വ്യത്യസ്‌തനായിട്ടാണ് അല്ലാഹു വിശേഷിപ്പിക്കപ്പെടേണ്ടത്. അവയെല്ലാം അവനുണ്ട്. എന്നാൽ എങ്ങനെയാണെന്ന് അവനല്ലാതെ മറ്റാർക്കും അറിയില്ല.
39.മുഹമ്മദ് നബി ﷺ യുടെ (മിഅ്റാജ്) ആകാശാരോഹണം സത്യമാണ്. മസ്‌ജിദുൽ ഹറാം മുതൽ മസ്ജിദുൽ അഖ്സാ വരെ ഒരൊറ്റ രാത്രി കൊണ്ടു നടത്തപ്പെട്ട നിശാപ്രയാണവും അതേ രാത്രി തന്നെ ആകാശത്തിലേക്കുയർത്തപ്പെടുകയും പിന്നീട് ഉപരിലോകത്ത് അല്ലാഹു ഉദ്ദേശിച്ചിടത്തെല്ലാം അദ്ദേഹത്തെ സഞ്ചരിപ്പിക്കുകയുമൊക്കെ ഉണ്ടായത് ശരീരസഹിതവും ഉണർവ്വോടുകൂടിയുമായിരുന്നു. അല്ലാഹു അവനിഷ്ടപ്പെട്ട രൂപത്തിലെല്ലാം അദ്ദേഹത്തെ അവിടെവെച്ച് ആദരിക്കുകയുമുണ്ടായി. അവനുദ്ദേശിച്ച ദിവ്യസന്ദേശങ്ങളും അവിടെവെച്ചു നൽകി.
مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ
അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല. (ഖുർആൻ:53/11)
ഇഹത്തിലും പരത്തിലും അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
40.അദ്ദേഹത്തിന്റെ ഉമ്മത്തിന്റെ അന്ത്യനാളിലെ ദാഹശമനത്തിന്നായി അല്ലാഹു അദ്ദേഹത്തിന് അനുവദിച്ച് ആദരിച്ചു നൽകിയിട്ടുള്ള തടാകം (ഹൗളുൽ ക്വൗഥർ) സത്യമാണ്.
41.അവർക്കായി അദ്ദേഹം കരുതിവെച്ചിട്ടുള്ള മഹത്തായ ആ ശുപാർശ ഹദീഥുകളിൽ ഉദ്ധരിക്കപ്പെട്ട പോലെ സത്യമാണ്.
42.ആദം നബി عليه السلام യിൽ നിന്നും സന്തതികളിൽ നിന്നുമായി അല്ലാഹു വാങ്ങിയിട്ടുള്ള കരാറും സത്യമാണ്. (*)
(*)وَإِذْ أَخَذَ رَبُّكَ مِنۢ بَنِىٓ ءَادَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰٓ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا۟ بَلَىٰ ۛ شَهِدْنَآ ۛ أَن تَقُولُوا۟ يَوْمَ ٱلْقِيَٰمَةِ إِنَّا كُنَّا عَنْ هَٰذَا غَٰفِلِينَ
നിന്‍റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്.) (ഖുര്‍ആൻ:7/172)
43.ആരെല്ലാമാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കുകയെന്നും, ആരെല്ലാമാണ് നരകത്തിൽ പ്രവേശിക്കുകയെന്നും മൊത്തത്തിൽ അനാദിയായി തന്നെ അല്ലാഹുവിന്നറിയാം. ആ എണ്ണം കവിയുകയോ ചുരുങ്ങുകയോ ഇല്ല.
44. അപ്രകാരം തന്നെ അവര്‍ (തങ്ങളുടെ ജീവിതത്തിൽ) പ്രവർത്തിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് അനാദിയായ അറിവ് അവനുണ്ട്. ഓരോരുത്തരും താൻ എന്തിനു വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അതിനുള്ള സൗകര്യങ്ങൾ നൽകപ്പെടും. തീർച്ചയായും കർമ്മങ്ങൾ അതിന്റെ അന്തിമ ഫലത്തെ (അവസാനത്തെ) അടിസ്ഥാനമാക്കിയാണ് വിലയിരുത്തപ്പെടുക. ഓരോരുത്തന്റെയും സൗഭാഗ്യം അല്ലാഹുവിന്റെ വിധിയനുസരിച്ചായിരിക്കും. ദൗർഭാഗ്യവും അല്ലാഹു വിധിച്ചതുപോലെ തന്നെ.
45.തന്റെ സൃഷ്ടികളിൽ അല്ലാഹു ഗോപ്യമാക്കിവെച്ചിട്ടുള്ള ഒരു രഹസ്യമത്രെ ഖദ്ര്‍ (വിധി നിർണയം). അല്ലാഹുവിന്റെ സമീപസ്‌തരായ മലക്കുകളോ അല്ലാഹുവിന്റെ ദൂതന്മാരായ നബിമാരോ അതു കണ്ടുപിടിച്ചിട്ടില്ല. അതിനെ കുറിച്ചുള്ള അഗാധമായ അന്വേഷണം പരാജയത്തിന് ഹേതുവാണ്. അനുഗ്രഹങ്ങൾ തടയപ്പെടുന്നതിന് കാരണമാണ്. അത് നഷ്ടത്തിനേ ഇടയാക്കൂ. അതിരുകവിഞ്ഞ വഴികേടിലേക്കുള്ള പടവുകളുമാകുന്നു. അതുകൊണ്ട്, (ഈ വിഷയത്തിൽ) സ്വന്തം നോട്ടം കൊണ്ടോ, ചിന്ത കൊണ്ടോ, അല്ലെങ്കിൽ ഉണ്ടാകുന്ന വസ്‌വാസുകൾ (കുതർക്ക ചിന്തകൾ) കൊണ്ടോ അതിലേക്ക് പോകുന്നതിനെ തൊട്ട് നിങ്ങൾ അങ്ങേയറ്റം ജാഗ്രത പുലർത്തുക. കാരണം അല്ലാഹു ഖദ്റിനെ (വിധിയുടെ) കുറിച്ചുള്ള അറിവ് തന്റെ സൃഷ്ടികളിൽ നിന്ന് മറച്ചുവെക്കുകയും, അത് തേടിപ്പോകുന്നതിനെ അവരോട് വിലക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞതുപോലെ:
لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ
അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. (ഖുർആൻ:21/23)
അത് എന്തിനാണവൻ ചെയ്‌തത്? എന്നാരെങ്കിലും ചോദിച്ചാൽ അവൻ ഖുർആനിന്റെ തീർപ്പിനെ തള്ളിപ്പറയുകയാണ് ചെയ്‌തത്. ഖുർആനിന്റെ തീർപ്പിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ അവൻ കാഫിറായി.
46.ദിവ്യപ്രകാശത്താൽ ഹൃദയം പ്രശോഭിതമായിട്ടുള്ള അല്ലാഹുവിന്റെ ഇഷ്ടദാസന്മാർക്ക് മൊത്തത്തിൽ ആവശ്യമായിട്ടുള്ള ഒരവസ്ഥയാണിത്. സൂക്ഷമജ്ഞാനികളായ പണ്ഡിതശ്രേഷ്ഠരുടെ പദവിയത്രെ ഇത്. അതായത് അറിവ് രണ്ട് തരമുണ്ട്.
ഒന്ന്: സൃഷ്ടികൾക്കിടയിൽ യഥേഷ്ടം ലഭിക്കുന്ന അറിവ്.(*)
മറ്റൊന്ന്: സൃഷ്‌ടികൾക്കിടയിൽ യഥേഷ്ടം ലഭിക്കാത്ത അറിവ്.(**)
യഥേഷ്ടം ലഭിക്കുന്ന അറിവിനെ നിഷേധിക്കുന്നത് കുഫ്റാണ്. യഥേഷ്ടം ലഭിക്കാത്ത അറിവ് അവകാശപ്പെടുന്നതും കുഫ്റാണ്.യഥേഷ്‌ടം ലഭിക്കുന്ന അറിവ് സ്വീകരിക്കുകയും, യഥേഷ്ടം ലഭിക്കാത്ത അറിവ് തേടിപ്പോകുന്നത് ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഒരാളുടെ ഈമാൻ സ്ഥിരപ്പെടുകയുള്ളൂ.
(*)ഉദാഹരണത്തിന്: ശരീഅത്ത് നിയമങ്ങൾ, ഹലാൽ, ഹറാം, അല്ലാഹു പ്രമാണങ്ങളിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങൾ.
(**)ഉദാഹരണത്തിന്: വിധിയുടെ ആന്തരിക രഹസ്യങ്ങൾ, ഗൈബിയ്യായ കാര്യങ്ങൾ.
47.സുരക്ഷിത ഫലകം (ലൗഹുൽ മഹ്ഫൂള്), പേന എന്നിവയിലും ഫലകത്തിൽ എഴുതിക്കുറിക്കപ്പെട്ടിട്ടുള്ള സർവതിലും നാം വിശ്വസിക്കുന്നു.
അല്ലാഹു തആലാ ഉണ്ടാകുമെന്ന് രേഖപ്പെടുത്തിവെച്ച ഒരു കാര്യം ഉണ്ടാകാതിരിക്കാൻ വേണ്ടി പ്രപഞ്ചത്തിലെ മുഴുവൻ സൃഷ്ടികളും ഒന്നിച്ചുകൂടി ശ്രമിച്ചാലും അതിന് അവർക്ക് സാധിക്കുകയില്ല. അതുപോലെ, അല്ലാഹു രേഖപ്പെടുത്താത്ത ഒരു കാര്യം ഉണ്ടാക്കിത്തീർക്കാൻ വേണ്ടി സൃഷ്ടികളെല്ലാം ഒന്നിച്ച് ശ്രമിച്ചാലും അവർക്ക് അതിനും സാധിക്കുകയില്ല. അന്ത്യനാൾ വരേക്കും ഉണ്ടാകേണ്ട എല്ലാ കാര്യങ്ങളും രേഖപ്പെട്ടു കഴിഞ്ഞു. പേന വറ്റിപ്പോയി. ഒരു അടിമയ്ക്ക് ലഭിക്കാതെ പോയ യാതൊന്നും അവന് വന്നുഭവിക്കേണ്ടതായിരുന്നില്ല. അവന് വന്നുഭവിച്ച യാതൊന്നും അവന് ലഭിക്കാതെ പോകേണ്ടതുമായിരുന്നില്ല.
48.തന്റെ സൃഷ്ടികളിൽ ഉണ്ടാകാനിരിക്കുന്ന മുഴുവൻ കാര്യങ്ങളിലും അല്ലാഹുവിന്റെ അറിവ് മുൻകൂട്ടിത്തന്നെ ഉണ്ടായിട്ടുണ്ട് എന്ന് ഓരോ ദാസനും അറിഞ്ഞിരിക്കേണ്ടതുണ്ട്. അല്ലാഹു ആ കാര്യങ്ങളെല്ലാം സുദൃഢവും മാറ്റം വരുത്താൻ കഴിയാത്തതുമായ രീതിയിൽ കൃത്യമായി നിശ്ചയിച്ചിരിക്കുന്നു. അവന്റെ ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള ഒരു സൃഷ്ടിക്കും അല്ലാഹുവിന്റെ ആ വിധിയെ തകർക്കാനോ, അതിന് പിന്നാലെ വന്ന് അതിൽ ഭേദഗതി വരുത്താനോ, അതിനെ നീക്കം ചെയ്യാനോ, അതിൽ മാറ്റം വരുത്താനോ, അതിൽ നിന്ന് ഒന്നുപോലും കുറയ്ക്കാനോ, കൂട്ടാനോ സാധിക്കുകയേ ഇല്ല. ഇതാണ് ഈമാനിന്റെ കെട്ട് (യഥാർത്ഥ വിശ്വാസം), യഥാർത്ഥ ജ്ഞാനത്തിന്റെ അടിസ്ഥാനം, അല്ലാഹുവിന്റെ ഏകത്വത്തിന്റെയും രക്ഷാ കർതൃത്വത്തിന്റെയും അംഗീകാരം. അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞതുപോലെ:
وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا
ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍: 25/2)
وَكَانَ أَمْرُ ٱللَّهِ قَدَرًا مَّقْدُورًا
അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.(ഖു൪ആന്‍:33/38)
ആയതിനാൽ അല്ലാഹുവിന്റെ വിധികാര്യത്തിൽ തർക്കിക്കുകയും, വക്രബുദ്ധികൊണ്ട് അതിന്റെ വിശകലനത്തിനോരുമ്പെടുകയും, അദ്യശ്യകാര്യങ്ങളുടെ നിഗൂഢ രഹസ്യങ്ങൾ അനുമാനങ്ങളിലൂടെ കണ്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ആരായാലും അവൻ നശിച്ചതുതന്നെ. മഹാവ്യാജനും വൻപാപിയുമായിത്തീരുക എന്നതാണവന്റെ പരിണാമം.
49.സിംഹാസനവും (العرش) പാദപീഠവും (الكرسي) അല്ലാഹുവിനുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
50.സിംഹാസനമോ അതിൽ കുറഞ്ഞ മറ്റെന്തെങ്കിലുമോ അതിൽ നിന്നെല്ലാം അവൻ ഐശ്വര്യവാനാകുന്നു (ആവശ്യവുമില്ലാത്തവനാകുന്നു).
51.അവൻ എല്ലാ വസ്‌തുക്കളെയും വലയം ചെയ്തിട്ടുള്ളവനത്രെ. അവക്കെല്ലാം ഉപരിയായിട്ടാണവൻ സ്ഥിതി ചെയ്യുന്നത്. അവനെ ചൂഴ്ന്നറിയുന്നതിൽ നിന്ന് സൃഷ്ടികളത്രയും അശക്തരാക്കപ്പെട്ടിരിക്കുന്നു.
52.ഇബ്റാഹീം നബി عليه السلام യെ അല്ലാഹു കൂട്ടുകാരൻ (ഖലീൽ) ആക്കിയിരിക്കുന്നു, മൂസാ നബി عليه السلام യുമായി അവൻ നേരിൽ സംസാരിച്ചിട്ടുണ്ട് എന്നും നാം പറയുന്നു. (പരിപൂർണ്ണമായ) ഈമാനോടെയും, സത്യപ്പെടുത്തലോടെയും അല്ലാഹുവിന് കീഴടങ്ങിയുമാണ് (നാം ഇത് പറയുന്നത്).
53.മലക്കുകളിലും, നബിമാരിലും, റസൂലുകൾക്ക് അതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലും നാം വിശ്വസിക്കുന്നു. അവരെല്ലാം വ്യക്തമായ സത്യത്തിലായിരുന്നു നിലകൊണ്ടിരുന്നതെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.
54.നമ്മുടെ ക്വിബലയെ അംഗീകരിക്കുന്നവരെ മുസ്‌ലിംകളെന്നും മുഅ്‌മിനുകളെന്നും ഞങ്ങൾ വിളിക്കുന്നു. മുഹമ്മദ് നബി കൊണ്ടുവന്ന മുഴുവൻ കാര്യങ്ങളെയും അവർ അംഗീകരിക്കുകയും, അവിടുന്ന് പറയുകയും അറിയിക്കുകയും ചെയ്ത എല്ലാറ്റിനെയും സത്യപ്പെടുത്തുകയും ചെയ്യുന്നവരാണവരെങ്കിൽ.
55.അല്ലാഹുവിന്റെ കാര്യത്തിൽ നാം അനാവശ്യമായ തർക്കങ്ങളിൽ മുഴുകുകയില്ല. അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തിൽ നാം കുതർക്കങ്ങൾ നടത്തുകയുമില്ല.
56.വിശുദ്ധ ഖുർആന്റെ കാര്യത്തിൽ നാം അനാവശ്യമായ തർക്കങ്ങളിൽ ഏർപ്പെടുകയില്ല. അത് സർവ്വലോക രക്ഷിതാവിന്റെ കലാം (സംസാരം) ആണെന്ന് നാം സാക്ഷ്യം വഹിക്കുന്നു. വിശ്വസ്തനായ ആത്മാവ് (ജിബ്‌രീൽ عليه السلام) അതുമായി ഇറങ്ങുകയും, പ്രവാചകന്മാരുടെ നേതാവായ മുഹമ്മദ് ﷺ യെ അത് പഠിപ്പിക്കുകയും ചെയ്തു. അത് അല്ലാഹുവിന്റെ കലാം (സംസാരം) ആണ്; സൃഷ്ടികളുടെ വചനങ്ങളിൽ ഒന്നുപോലും അതിന് തുല്യമാവുകയില്ല. അത് സൃഷ്ടിയാണെന്ന് നാം പറയുകയില്ല. ഈ വിഷയത്തിൽ മുസ്‌ലിം സമുഹത്തിന്നെ തിരായി നാം വേറിട്ടുനിൽക്കുകയില്ല.
57.കുറ്റകൃത്യം അനുവദനീയമാക്കാത്ത കാലത്തോളം ഒരൊറ്റ മുസ്‌ലിമിനെയും കുറ്റം ചെയ്‌ത കാരണത്താൽ നാം കാഫിറാക്കുകയില്ല.
58.കുറ്റം ചെയ്യുന്നത് ഈമാനിന് യാതൊരു ദോഷവും വരുത്തുകയില്ല എന്ന് നാം പറയുകയില്ല.
59.സത്യവിശ്വാസികളിലെ സദ്‌വൃത്തരായ ആളുകൾക്ക് അവരിൽ നിന്നുണ്ടാകുന്ന വീഴ്‌ചകൾക്ക് അല്ലാഹു മാപ്പ് ചെയ്‌തു കൊടുക്കട്ടെ എന്ന് നാം ആഗ്രഹിക്കുന്നു. അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ, അവരുടെ കാര്യത്തിൽ നാം നിർഭയരല്ല. അവർ സ്വർഗാവകാശികളാണെന്നു നാം സാക്ഷ്യം വഹിക്കുകയുമില്ല. അവരിൽ തെറ്റ് ചെയ്യുന്നവർക്കു വേണ്ടി ഞങ്ങൾ മാപ്പിനപേക്ഷിക്കുന്നു. അവരുടെ കാര്യത്തിൽ ഞങ്ങൾക്ക് ഭയമുണ്ട്. എന്നാൽ നാം അവരെ നിരാശപ്പെടുത്തുകയില്ല.
60.(അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് ഒട്ടും ഭയമില്ലാതെയുള്ള) നിർഭയവും (അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചുള്ള) നിരാശയും ഇസ്‌ലാം മില്ലത്തിൽ (മാർഗ്ഗത്തിൽ) നിന്ന് കടത്തിക്കൊണ്ടുപോകും. അവ രണ്ടിന്നുമിടയിലുള്ള ഒരവസ്ഥയാണ് അഹ്‌ലു ഖിബ്‌ലക്ക് (മുസ്‌ലിംകൾക്ക്) യഥാർത്ഥ സത്യത്തിന്റെ മാർഗ്ഗം.
61.എന്താണോ അടിമയെ സത്യവിശ്വാസത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളത് അതിനെ നിഷേധിക്കുന്നതു കൊണ്ടാണവൻ അവിശ്വാസിയായിത്തീരുന്നത്. (*)
(*)സത്യനിഷേധമല്ലാത്ത പല കാരണങ്ങളാലും ഇസ്ലാമിൽ നിന്ന് പുറത്തുപോയേക്കും. മുർതദ്ദുകളെപ്പറ്റി വിവരിക്കുന്നിടത്ത് പണ്ഡിതൻമാർ അവ വിശദീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിനേയും നബി ﷺയേയും ആക്ഷേപിക്കുക. അല്ലാഹുവിനെയും അവന്റെ റസൂൽ ﷺ യെയും പരിശുദ്ധ ഖുർആനിനെയും അല്ലാഹുവിന്റെ ശരീഅത്തിനെയും പരിഹസിക്കുക എന്നതൊക്കെ അവയിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:
وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ ﴿٦٥﴾ لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَٰنِكُمْ ۚ
നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു …. (ഖു൪ആന്‍:9/65-66)
ബിംബാരാധനയും വിഗ്രഹ പൂജയും അപ്രകാരം തന്നെ. മരിച്ചുപോയവരോട് സങ്കടം ബോധിപ്പിക്കലും സഹായം തേടലും അവരെ വിളിച്ചു തേടലുമൊക്കെ അതിൽ പെടുന്നു. ലാഇലാഹ ഇല്ലല്ലയുടെ തത്വത്തിനെതിരാണത്. ആരാധന അല്ലാഹുവിന്റെ മാത്രം അവകാശമാണെന്നാണ് അതിന്റെ സാരം. പ്രാർത്ഥനയും സഹായം തേടലും രക്ഷതേടലും കുനിയലും നമിക്കലും ബലിയറുക്കലും നേർച്ചയുമെല്ലാം ആരാധനയാണ്. അവയിലേതെങ്കിലുമൊന്ന് അല്ലാഹുവല്ലാത്ത, ബിംബങ്ങൾ, വിഗ്രഹങ്ങൾ, മലക്കുകൾ, ജിന്നുകൾ, തുടങ്ങിയ സൃഷ്‌ടികളിൽ പെട്ട ആർക്ക് സമർപ്പിച്ചാലും അത് ശിർക്കാണ്. അവയെ നിരർത്ഥകമാക്കലാണ്. ഈ വക കാര്യങ്ങളെല്ലാം ഇസ്‌ലാമിൽ നിന്നു പുറത്താക്കിക്കളയുന്നവയാണ് എന്നത് പണ്ഡിതൻമാർക്കിടിയൽ തർക്കമില്ലാത്തതാണ്.
62.ഈമാൻ എന്നാൽ നാവ് കൊണ്ടുള്ള പ്രഖ്യാപനവും, ഹൃദയം കൊണ്ടുള്ള സത്യപ്പെടുത്തലുമാകുന്നു. (*)
(*)ഈമാനിന്റെ നിർവചനത്തിൽ ശാരീരികാവയവങ്ങൾ കാണ്ട് ചെയ്യുന്ന അമലുകൾ
കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ അഹ്ലുസ്സുന്നതിന്റെ അഖീദ പൂര്‍ണ്ണമാകുകയുള്ളൂ. ഇതാണ് ഈ വിഷയത്തിൽ സലഫുകൾ സ്വീകരിച്ച നിലപാട്. അതിനാൽ ഈമാന്‍ എന്നാല്‍ ശറഇയ്യായി ഇപ്രകാരം പറയാം:
هو قول باللسان واعتقاد بالقلب وعمل بالجوارح يزيد بالطاعة وينقص بالمعصية
അത് നാവുകൊണ്ടുള്ള മൊഴിയലും ഹൃദയംകൊണ്ടുള്ള വിശ്വാസവും അവയവങ്ങള്‍ കൊണ്ടുള്ള പ്രവര്‍ത്തനവുമാണ്. അല്ലാഹുവോടുള്ള അനുസരണംകൊണ്ട് അത് വര്‍ദ്ധിക്കുകയും ധിക്കാരം കാരണം അത് ശുഷ്‌കിക്കുകയും ചെയ്യും.
63.അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുള്ള മുഴുവൻ ശരീഅത്ത് നിയമങ്ങളും, അവിടുന്ന് നൽകിയ വിശദീകരണങ്ങളും എല്ലാം തന്നെ സത്യമാകുന്നു. (*)
(*)ഹദീസുകൾ, മുതവാതിർ ആയാലും ആഹാദ് ആയാലും, നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടു വന്നുകഴിഞ്ഞാൽ ഒരുപോലെ സ്വീകാര്യമാണ് എന്ന് ഗ്രന്ഥകർത്താവ് ഇവിടെ സ്ഥാപിക്കുന്നു.
64.ഈമാൻ ഒന്നാണ്. മുഅ്‌മിനുകളും അടിസ്ഥാനപരമായി തുല്യരാണ് (*). ഭയവും (الْخَشْيَة) സൂക്ഷ്‌മതയും (തഖ്‌വ) ദേഹേച്ഛകളോടുള്ള എതിർപ്പും, അത്യുത്തമ കാര്യങ്ങളിലുള്ള നിഷ്കർഷതയുമാണ് അവർക്കിടയിൽ വ്യത്യസ്‌ത പദവികൾ സൃഷ്ടിക്കുന്നത്.
(*)ഗ്രന്ഥകാരന്റെ ഈ അഭിപ്രായത്തോടു വിയോജിപ്പുണ്ട്. കാരണം, അത് സത്യവിരുദ്ധമാണ്. സത്വവിശ്വാസികൾ എല്ലാവരും തുല്യരല്ല. വമ്പിച്ച വ്യത്യാസങ്ങൾ അവർക്കിടയിലുണ്ട്. പ്രവാചകന്മാരുടെ ഈമാൻ മറ്റുള്ളവരെ പോലെയല്ല. ഖുലഫാഉർറാശിദിൻറെയും സ്വഹാബികളുടെയും ഈമാനും ഇതരന്മാരുടേതിനോടു വ്യത്യസ്തമാണ്. സദ്‌വൃത്തരുടേയും ദുർവൃത്തരുടേയും ഈമാൻ തമ്മിലും അന്തരമുണ്ട്. അല്ലാഹുവെയും അവന്റെ ഗുണങ്ങളെയും നാമങ്ങളെയും അവന്റെ ശരീഅത്തിനെയും സംബന്ധിച്ച ഓരോരുത്തന്റെയും അറിവും ബോധവുമനുസരിച്ച് ഈമാൻ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഇതാണ് അഹ്ലുസ്സുന്നത്തി വൽജമാഅഃയുടെ ചിന്താഗതി. മുർജിഅത്തിന്റെയും സഹഗാമികളുടെയും വാദഗതികൾ തികച്ചും ഭിന്നമാണ്. (ശറഹു അഖീദത്തു ത്വഹാവിയ്യ – ശൈഖ് ഇബ്നുബാസ് رحمه الله)
65.എല്ലാ സത്യവിശ്വാസികളും പരമകാരുണികന്റെ ഔലിയാഅ് (ഇഷ്ടദാസൻമാര്‍) ആണ്. അവരിൽ ഏറ്റവുമധികം അനുസരണശീലമുള്ളവനും ഏറ്റവുമധികം ഖുർആനിനെ പിൻപറ്റുന്നവരുമാണ് അല്ലാഹുവിങ്കൽ അത്യാദരണീയർ.
66.ഈമാൻ എന്നാൽ: അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അന്ത്യദിനത്തിലും, വിധിയുടെ നന്മയും തിന്മയും, അതിന്റെ മധുരവും കയ്പും എല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്ന കാര്യത്തിലും വിശ്വസിക്കലാകുന്നു.
67.നാം അതെല്ലാം വിശ്വസിക്കുന്നു. അവന്റെ ദൂതന്മാർക്കിടയിൽ നാം ഒരു വിവേചനവും കാണിക്കുകയില്ല. നാം അവരെല്ലാവരെയും അവരുടെ ദൗത്യങ്ങളെയും സത്യപ്പെടുത്തുന്നു.
68.മുഹമ്മദ് നബി()യുടെ ഉമ്മത്തിൽ പെട്ട വൻപാപികൾ, അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന മുവഹ്ഹിദുകളായിട്ടാണ് മരണമടഞ്ഞിട്ടുള്ളതെങ്കിൽ അവർ നിത്യകാല നരകവാസികളായിരിക്കുകയില്ല. അവരിൽ നിന്ന് പശ്ചാതാപം ഉണ്ടായിരുന്നിട്ടില്ലെങ്കിലും ശരി. സത്യവിശ്വാസികളായിക്കൊണ്ടാണ് അവർ അല്ലാഹുവെ കണ്ടുമുട്ടിയതെങ്കിൽ അല്ലഹുവിന്റെ ഉദ്ദേശ്യത്തിന്നും തീരുമാനത്തിന്നും വിധേയരായിരിക്കും അവർ. അവനുദ്ദേശിച്ചാൽ അവർക്ക് പൊറുത്തു മാപ്പാക്കിക്കൊടുക്കും. അത് അവന്റെ ഔദാര്യമാണ്. അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞതുപോലെ:
وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ
അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. (ഖുർആൻ:4/48,116)
അവൻ ഉദ്ദേശിക്കുന്നവരെ അവൻ നരകത്തിലിട്ടു ശിക്ഷിക്കും. അതവന്റെ നീതിയാണ്. പിന്നീട് അല്ലാഹു തന്റെ കാരുണ്യം കൊണ്ടും, തനിക്ക് അനുസരണപൂർവ്വം ജീവിച്ചവരിൽ നിന്നുള്ള ശുപാർശകരുടെ ശുപാർശ (ശഫാഅത്ത്) കൊണ്ടും അവരെ നരകത്തിൽ നിന്ന് പുറത്തുകൊണ്ടുവരും. തുടർന്ന് അവൻ അവരെ തന്റെ സ്വർഗ്ഗത്തിലേക്ക് അയക്കുകയും ചെയ്യുന്നു. അതിനുള്ള കാരണം, തന്റെ ഇഷ്‌ടദാസന്മാരുടെ കാര്യം അവൻ സ്വയം ഏറ്റെടുത്തിരിക്കുന്നുവെന്നതാണ്.
അവരെ (വിശ്വാസികളെ) അവൻ ഇരുലോകങ്ങളിലും (ദുനിയാവിലും പരലോകത്തിലും) തന്റെ മാർഗ്ഗത്തെ നിഷേധിച്ചവരെപ്പോലെ ആക്കുകയില്ല; അവന്റെ സന്മാർഗ്ഗം നഷ്ടപ്പെടുകയും അവന്റെ സംരക്ഷണം ലഭിക്കാതിരിക്കുകയും ചെയ്തവരാണവർ. അല്ലാഹുവേ! ഇസ്‌ലാമിന്റെയും അതിന്റെ ആളുകളുടെയും സംരക്ഷകനായവനേ, നിന്നിലേക്ക് ഞങ്ങൾ വന്നുചേരുന്നതുവരെ ഞങ്ങളെ നീ ഇസ്‌ലാമിൽ ഉറപ്പിച്ചു നിർത്തേണമേ.
69.അഹ്‌ലു ഖിബ്‌ലയിൽ പെട്ട (മുസ്‌ലിംകളായ) ഉത്തമരായ ആളുകളുടെയും (بَرٍّ), തെറ്റുകാരായ ആളുകളുടെയും (وَفَاجِرٍ) പിന്നിൽ നമസ്കരിക്കൽ അനുവദനീയമാണെന്ന് നാം കരുതുന്നു. അവരിൽ നിന്ന് മരണപ്പെട്ടുപോകുന്ന ഏതൊരു വ്യക്തിക്ക് വേണ്ടിയും ജനാസ നമസ്കരിക്കേണ്ടതാണെന്നും നാം കരുതുന്നു.
70.അവരെ സ്വർഗത്തിലോ നരകത്തിലോ ഇറക്കിയിരുത്താൻ നാം ഒരുക്കമില്ല. പ്രകടമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ അവരെ കാഫിറോ, മുശ്രിക്കോ, മുനാഫിക്വോ ആയി നാം സാക്ഷ്യപ്പെടുത്തുകയുമില്ല. അവരുടെ രഹസ്യ ജീവിതം അല്ലാഹുവിങ്കലേക്കു വിട്ടുകൊടുക്കുക എന്നതായിരിക്കും നാം ചെയ്യുക.
71.നിർബന്ധിതമായ പരിതസ്ഥിതിയിലല്ലാതെ അകാരണമായി മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിൽ ആർക്കു നേരെയും വാളോങ്ങാൻ പാടില്ല.
72.നേതാക്കളും ഭരണാധികാരികളും അക്രമികളായിരുന്നാൽ തന്നെ അവർക്കെതിരായി പൊതുജനത്തെ സംഘടിപ്പിക്കുയോ, വിപ്ലവത്തിന്നിറങ്ങുകയോ ചെയ്യുന്നതു ശരിയല്ല. അവരെ അനുസരിക്കുന്നതിൽ നിന്നും നാമൊഴിഞ്ഞു മാറുകയില്ല. അവർക്കുള്ള അനുസരണം അല്ലാഹുവിനുള്ള നിർബന്ധമായ അനുസരത്തിൽ പെട്ടതായിത്തന്നെ നാം കണക്കാക്കുന്നു. അല്ലാഹുവോടുള്ള ധിക്കാരത്തിന്നവർ കൽപിച്ചാൽ അത് നാം അനുസരിക്കുകയില്ല. അവരുടെ നന്മക്കും സൗഖ്യത്തിനുമായി നാം പ്രാർത്ഥിച്ചുകൊണ്ടിരിക്കും.
73.സുന്നത്ത് ജമാഅത്തിന്റെ മാർഗമാണ് നാം പിൻപറ്റുന്നത്. മുസ്‌ലിംകളിൽ നിന്നും ഒറ്റപ്പെട്ടു പോകാനോ, ഭിന്നിച്ചു നിൽക്കാനോ, എതിർത്തു കഴിയാനോ നാം പ്രേരിപ്പിക്കുകയില്ല.
74.നീതിബോധവും വിശ്വസ്തതയുമുള്ളവരെ നാം ഇഷ്ടപ്പെടുന്നു. അനീതിയുടെയും, വഞ്ചനയുടെയും ആളുകളെ നാം വെറുക്കുകയും ചെയ്യുന്നു.
75വ്യക്തമായി മനസ്സിലാകാത്ത കാര്യങ്ങളെപ്പറ്റി ‘അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ’ എന്നു മാത്രമാണ് നാം പറയുക.
76.ഹദീസുകളിൽ വന്നിട്ടുള്ളതുപോലെ, യാത്രയിലായിരിക്കുമ്പോഴും നാട്ടിലായിരിക്കുമ്പോഴും (അംഗശുദ്ധി നടത്തുമ്പോൾ) രണ്ട് ഖുഫ്ഫുകളുടെ (സോക്സുകൾ) മേൽ തടവൽ അനുവദനീയമാണെന്ന് നാം അംഗീകരിക്കുന്നു.
77.ഉത്തമരായാലും അധമരായാലും മുസ്ലിം ഭരണാധികാരികളോടൊപ്പം ജിഹാദ് ചെയ്യുന്നതും ഹജ്ജ് ചെയ്യുന്നതും ക്വിയാമത്ത് നാൾ വരെ സാധുവാണ്. യാതൊന്നും അവയെ അപ്രകാരം ദുർബലപ്പെടുത്തുകയോ അസാധുവാക്കുകയോ ഇല്ല.
78.നമ്മുടെ കാവൽക്കാരായി അല്ലാഹു നിശ്ചയിച്ചിട്ടുള്ള മാന്യരും എഴുത്തുകാരുമായ മലക്കുകളിൽ നാം വിശ്വസിക്കുന്നു.
79.സർവ്വലോകരുടെയും റൂഹുകളെ (ജീവൻ) പിടിച്ചെടുക്കാൻ നിയോഗിതരായ മരണത്തിന്റെ മലക്കിലും (مَلَكِ الْمَوْتِ) നാം വിശ്വസിക്കുന്നു.
80.ക്വബ്ർ ശിക്ഷയിലും -അതിന് അര്‍ഹരായ ആളുകൾക്ക് -, മുൻകർ, നകീർ എന്നീ മലക്കുകൾ ഖബറിൽ വെച്ച് തന്റെ റബ്ബിനെക്കുറിച്ചും ദീനിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും ചോദിക്കുന്ന ചോദ്യങ്ങളിലും നാം വിശ്വസിക്കുന്നു, അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്നും സ്വഹാബികളിൽ നിന്നും വന്നിട്ടുള്ള സ്ഥിരപ്പെട്ട പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ.
81.ക്വബ്ർ (അന്ത്യവിശ്രമസ്ഥലം) ഒന്നുകിൽ സ്വർഗത്തിലെ പൂന്തോപ്പുകളിലൊന്നാണ്. അല്ലെങ്കിൽ നരകക്കുഴികളിൽ പെട്ട ഒരു തീക്കുണ്ടമാണ്.
82.മരണശേഷമുള്ള പുനരുത്ഥാനത്തിലും, അന്ത്യനാളിൽ മനുഷ്യർ ചെയ്യുന്ന കർമ്മങ്ങൾക്കുള്ള പ്രതിഫലത്തിലും, അല്ലാഹുവിന്റെ മുമ്പിൽ കർമ്മങ്ങൾ ഹാജരാക്കപ്പെടുന്നതിലും, വിചാരണയിലും കർമ്മരേഖകൾ വായിക്കുന്നതിലും, (പുണ്യങ്ങൾക്കുള്ള) പ്രതിഫലത്തിലും, (തിന്മകൾക്കുള്ള) ശിക്ഷയിലും, സ്വിറാത്ത് (പാലത്തിലും), മീസാൻ (എന്ന തുലാസിലും) നാം വിശ്വസിക്കുന്നു.
83.സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്, അവ നശിക്കുകയോ തകരുകയോ ഇല്ല.
സൃഷ്ടികളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ അല്ലാഹു സ്വർഗ്ഗവും നരകവും സൃഷ്ടിച്ചിട്ടുണ്ട് അവ രണ്ടിനും അർഹരായ ആളുകളെയും അവൻ നിശ്ചയിച്ചിട്ടുണ്ട്. അവരിൽ നിന്ന് താൻ ഉദ്ദേശിച്ചവരെ തന്റെ ഔദാര്യം കൊണ്ട് അവൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നു. താൻ ഉദ്ദേശിച്ചവരെ അവൻ നരകത്തിലും പ്രവേശിപ്പിക്കുന്നു. ഓരോരുത്തരും തനിക്കായി നിശ്ചയിക്കപ്പെട്ടത് ചെയ്യുന്നു. താൻ എന്തിനാണോ സൃഷ്ടിക്കപ്പെട്ടത് അതിലേക്കാണ് ഓരോരുത്തരും ചെന്നെത്തുന്നത്.
84. നന്മയും തിന്മയും അടിമകളുടെ മേൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ളതാകുന്നു.
85.ഒരു പ്രവൃത്തി സംഭവിക്കാൻ അനിവാര്യമായ ‘കഴിവ്’ (ഇസ്തിത്വാഅത്ത്) – അതായത്, സൃഷ്ടികളെ വിശേഷിപ്പിക്കാൻ പാടില്ലാത്ത ‘തൗഫീഖ്’ (അല്ലാഹു നൽകുന്ന ഉതവി) പോലെയുള്ളവ – അത് പ്രവൃത്തിയോടൊപ്പമാണ് (പ്രവൃത്തി നടക്കുന്ന സമയത്താണ്) ഉണ്ടാകുന്നത്. എന്നാൽ ആരോഗ്യം, പ്രാപ്തി, സാധ്യമാവൽ, അവയവങ്ങളുടെ സുരക്ഷ എന്നീ നിലക്കുള്ള ‘കഴിവ്’ പ്രവൃത്തിക്ക് മുമ്പാണ് ഉണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് മതപരമായ കൽപ്പനകൾ (ഖിത്വാബ്) നിലനിൽക്കുന്നത്. അല്ലാഹു പറഞ്ഞത് പോലെ:
لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ
അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. (ഖു൪ആന്‍:2/286)
86.അടിമകളുടെ പ്രവർത്തനങ്ങൾ അല്ലാഹുവിന്റെ സൃഷ്ടിയാണ്. അതോടൊപ്പം അവ അടിമകൾ സമ്പാദിച്ചതുമാണ്.
87.അവർക്ക് താങ്ങാവുന്നത് മാത്രമേ അല്ലാഹു അവരെ ചുമതലപ്പെടുത്തിയിട്ടുള്ളൂ. അവരെ ചുമതലപ്പെടുത്തിയിട്ടുള്ളതു മാത്രമേ അവർക്ക് താങ്ങാനാവുകയുള്ളൂ. (*) ഇതാണ് ഈ വാക്യത്തിന്റെ തഫ്സീര്‍:
لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.
നാം പറയുന്നു: അല്ലാഹുവിന്റെ സഹായത്താലല്ലാതെ ഒരാൾക്കും അല്ലാഹുവിനോടുള്ള അനുസരണക്കേടിൽ നിന്ന് മാറിനിൽക്കാനോ, അതിനുള്ള എന്തെങ്കിലും ഉപായമോ ചലനമോ സാധ്യമല്ല. അതുപോലെ തന്നെ, അല്ലാഹുവിന്റെ തൗഫീഖ് കൊണ്ടല്ലാതെ ഒരാൾക്കും അല്ലാഹുവിനെ അനുസരിക്കുന്നതിനും അതിൽ അടിയുറച്ചു നിൽക്കുന്നതിനും യാതൊരു ശക്തിയുമില്ല.
(*)ഗ്രന്ഥകാരൻറെ ഈ പ്രസ്‌താവന ശരിയല്ല. അല്ലാഹു അടിമകളെ ചുമതലപ്പെടുത്തിയിട്ടുള്ളതിനേക്കാൾ എത്രയോ കൂടുതൽ അവർക്ക് താങ്ങാൻ കഴിയും. പക്ഷെ അജയ്യനും അത്യുൽകൃഷ്ടനുമായ റബ്ബ് തന്റെ അടിമകളോട് അനുകമ്പയുള്ളവനാണ്. അതിനാൽ അവൻ അവർക്ക് ആശ്വാസം നൽകിയതാണ്. മതാനുഷ്ഠാനത്തിൽ യാതൊരു പ്രയാസവും അവൻ അവർക്കുണ്ടാക്കിയിട്ടില്ല. അവൻ അവരോടു കാണിച്ചിട്ടുള്ള ഔദാര്യവും അവർക്കു ചെയ്തുകൊടുത്തിട്ടുള്ള ഉപകാരവുമാണത്. (ശറഹു അഖീദത്തു ത്വഹാവിയ്യ – ശൈഖ് ഇബ്നുബാസ് رحمه الله)
88.എല്ലാ കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യവും, അറിവും, വിധിയും നിർണയവുമനുസരിച്ചാണ്. അവന്റെ ഉദ്ദേശ്യം മറ്റെല്ലാ ഉദ്ദേശ്യങ്ങളെയും അതിജയിച്ചിരിക്കുന്നു. അതിന്റെ വിധി മറ്റെല്ലാ തന്ത്രങ്ങളെയും കീഴടക്കിയിരിക്കുന്നു. അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. അവനൊരിക്കലും അനീതി കാണിക്കുന്നവനല്ല. എല്ലാവിധ തിന്മകളിൽ നിന്നും (കുറവുകളിൽ നിന്നും) അവൻ പരിശുദ്ധനായിരിക്കുന്നു. എല്ലാവിധ വൈകല്യങ്ങളിൽ നിന്നും ദോഷങ്ങളിൽ നിന്നും അവൻ അന്യനായിരിക്കുന്നു.
لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ
അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. (ഖുർആൻ:21/23)
89.മരിച്ചുപോയവർക്കു വേണ്ടിയുള്ള ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനയും ദാനധർമങ്ങളും മരിച്ചവർക്ക് പ്രയോജനപ്പെടും.
90.അല്ലാഹു പ്രാർത്ഥനകൾക്കുത്തരം നൽകും. ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും.
91.എല്ലാം അവന്റെ ഉടമയിലാണ്. അവൻ ആരുടെയും ഉടമയിലല്ല. ആർക്കും ഒരു മിഴിയിടപോലും അല്ലാഹുവിനെ ആശ്രയിക്കാതെ നിവൃത്തിയില്ല. അല്ലാഹുവിന്റെ ആശ്രയം ഒരു മിഴിയിട തനിക്ക് വേണ്ടെന്ന് ഒരുത്തൻ നിനച്ചാൽ ആ നിമിഷം തന്നെ അവൻ കാഫിറും നഷ്ടക്കാരുടെ കൂട്ടത്തിലുമായിത്തീരുന്നു.
92.അല്ലാഹു കോപിക്കുകയും തൃപ്‌തിപ്പെടുകയും ചെയ്യും. എന്നാലത് സൃഷ്ടികളിലാരെയും പോലെയല്ല.
93.അല്ലാഹുവിന്റെ റസൂൽ നബി ﷺയുടെ സ്വഹാബികളെയെല്ലാം നാം സ്നേഹിക്കുന്നു. അവരിൽ ഒരാളെ സ്നേഹിക്കുന്നതിൽ പോലും നാം വീഴ്ചവരുത്തുകയില്ല. ഒരൊറ്റ സ്വഹാബിയോടുപോലും നാം വിരക്തി പ്രകടിപ്പിക്കുകയില്ല. അവരെ വെറുക്കുന്നവരെ നാമും വെറുക്കും. അവരെ നന്മയിലല്ലാതെ ഓർക്കുന്നവരെയും നാം വെറുക്കുന്നു; നാം അവരെ നന്മയോടെ മാത്രമാണ് സ്മരിക്കുക. അവരെ സ്നേഹിക്കുന്നത് ദീനാണ്; ഈമാനാണ്; ഇഹ്‌സാനുമാണ്. അവരെ വെറുക്കുന്നത് കുഫ്റും കാപട്യവും ധിക്കാരവുമത്രേ.
94.നബിﷺ യുടെ ഒന്നാമത്തെ പിൻഗാമി അബൂബക്കർ സിദ്ദീഖ് رَضِيَ اللَّهُ عَنْهُ തന്നെയാണ് എന്ന് നാം ഉറപ്പിക്കുന്നു. അദ്ദേഹത്തിന് മറ്റെല്ലാവരെക്കാളും പ്രാമുഖ്യവും ശ്രേഷ്ഠതയും ഉണ്ട്. ഖലീഫമാരിൽ രണ്ടാമത്തേത് ഉമറുബ്നുൽ ഖത്വാബ് رَضِيَ اللَّهُ عَنْهُ വും മൂന്നാമത്തേത് ഉസ്മാനുബ്നു അഫ്‌ഫാൻ رَضِيَ اللَّهُ عَنْهُ വും നാലാമത്തേത് അലിയ്യുബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ വും ആണ്. അവർക്കാണ് ഖുലഫാഉർറാശിദ് എന്നും സന്മാർഗസിദ്ധരായ നേതാക്കൾ എന്നും പറയുന്നത്.
95.അല്ലാഹുവിന്റെ റസൂൽ പേരെടുത്ത് പറഞ്ഞ സ്വർഗസ്ഥരെന്ന് സുവിശേഷം അറിയിച്ചിട്ടുള്ള പത്ത് പേർ സ്വർഗാവകാശികൾ തന്നെയാണെന്ന് നബിﷺ യെ പോലെ തന്നെ നാമും സാക്ഷ്യം വഹിക്കുന്നു. നബി ﷺ പറഞ്ഞത് സത്യം തന്നെ. അവര്‍: അബൂബക്കർ, ഉമർ, ഉസ്‌മാൻ, അലി, ത്വൽഹ, സുബൈർ, സഅദ്, സഈദ്, അബ്‌ദുറഹ്‌മാനുബ്‌നു ഔഫ്, അബൂഉബൈദഃ ഇബ്നുൽ ജർറാഹ് – ഈ ഉമ്മത്തിലെ അമീൻ (വിശ്വസ്തസേവകൻ) ആണ് അദ്ദേഹം – رَضِيَ اللَّهُ عَنْهم أجمعين എന്നിവരാണ്.
96.നബി ﷺ യുടെ സ്വഹാബികളെയും അവിടുത്തെ നിർമലകളും പവിത്രകളുമായ പത്നിമാരെയും അവിടുത്തെ ശുദ്ധാത്മാക്കളായ സന്തതികളെയും പറ്റി നല്ലതു മാത്രം പറയുന്നവർ കാപട്യമുക്തരത്രെ.
97.മുൻഗാമികളും മുൻകടന്നവരുമായ (സ്വഹാബികളിൽപെട്ട) പണ്ഡിതൻമാരെയും, അവർക്ക്ശേഷം വന്ന താബിഉകളേയും – സുകൃതവാന്മാരും പുണ്യവാളന്മാരുമായ, ചിന്തകൻമാരും കർമശാസ്ത്ര വ്യൽപുന്നരുമായ – നല്ലതല്ലാത്തത് പറയാൻ പാടില്ല. ആരെങ്കിലും അവരെക്കുറിച്ച് മോശം പറഞ്ഞാൽ അവൻ യഥാർത്ഥ വഴിയിൽ നിന്ന് വ്യതിചലിച്ചവനായി.
98.ഔലിയാക്കളിൽ ആരെയും അമ്പിയാക്കളെക്കാൾ ശ്രേഷ്ഠരായി നാം കാണുന്നില്ല. ഒരൊറ്റ പ്രവാചകൻ സകല ഔലിയാക്കളേക്കാളും ഉൽകൃഷ്ടനത്രെ.
99.അല്ലാഹു അവർക്ക് നൽകിയിട്ടുള്ള ബഹുമതികളിൽ നാം വിശ്വസിക്കുന്നു. തൽസംബന്ധമായി വിശ്വസ്‌തരിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള കഥകൾ നാം അംഗീകരിക്കുകയും ചെയ്യുന്നു.
100.ആ നിർണായക ഘട്ടത്തിന്റെ അഥവാ ക്വിയാമത്ത് നാളിന്റെ ലക്ഷണങ്ങളായി വിവരിക്കപ്പെട്ടിട്ടുള്ള ദജ്ജാലിന്റെ പുറപ്പാട്, ഈസബ്നു മർയം عليه السلام യുടെ ഉപരിലോകത്ത് നിന്നുള്ള ഇറങ്ങി വരവ്, അസ്‌തമന സ്ഥാനത്ത് നിന്നുള്ള സുര്യോദയം, ‘ദാബ്ബതുൽ അർള്’എന്ന ഭൗമജീവിയുടെ യഥാസ്ഥാനത്ത് നിന്നുള്ള പുറപ്പാട് എന്നിവയെല്ലാം ഞങ്ങൾ വിശ്വസിക്കുന്നു.
101.ജോത്സ്യനെയോ കണിയാനെയോ നാം സത്യപ്പെടുത്തുകയില്ല. അതുപോലെ അല്ലാഹുവിന്റെ കിതാബിനും അവന്റെ റസൂലിന്റെ സുന്നത്തിനും ഉമ്മത്തിന്റെ ഇജ്‌മാഇനും നിരക്കാത്ത അവകാശവാദങ്ങളുമായി വരുന്ന ആരെയും നാം അംഗീകരിക്കുകയില്ല.
102.സംഘടിതചിന്തയെ ശരിയും യഥാർത്ഥവുമായും, ഭിന്നചിന്തകളെ ദുർമാർഗവും ശിക്ഷയുമായും നാം മനസ്സിലാക്കുന്നു.(*)
(*)സ്വഹാബത്തിന്റെയും താബിഉകളുടെയും ഏകീകൃതമായ അഭിപ്രായങ്ങളാണ് സംഘടിതചിന്ത എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. അവക്കെതിരായ അഭിപ്രായങ്ങൾ ഭിന്നചിന്തയും.
103.ആകാശ ഭൂമികളിലെ അല്ലാഹുവിന്റെ ദീൻ ഒന്നു മാത്രം. അതാണ് ദീനുൽ ഇസ്‌ലാം. അല്ലാഹു പറഞ്ഞു:
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. (ഖുർആൻ:3/19)
وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا
മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (ഖുർആൻ:5/3)
104.ആ ദീൻ (ഇസ്ലാം) അതിരുകവിച്ചിലിനും അനാസ്ഥക്കും മധ്യേയുള്ളതാണ് തശ്ബീഹിനും തഅ്ത്വീലിനും മധ്യേയുള്ളതാണ്. ജബ്റിനും ഖ്വദ്റിനും മധ്യേയുള്ളതാണ്. നിർഭയാവസ്ഥക്കും നിരാശാബോധത്തിനുമെല്ലാം മദ്ധ്യയാണ്. (*)
(*)അല്ലാഹുവിന്റെ ഗുണങ്ങളും ചെയ്തികളും മനുഷ്യരുടെ ഗുണങ്ങളും ചെയ്‌തികളും പോലെത്തന്നെയാണെന്ന ചിന്താഗതിക്കാണ് ‘തശ്ബീഹ്’ എന്നു പറയുന്നത്. അല്ലാഹുവിന് ഗുണങ്ങളോ ചെയ്‌തികളോ ഇല്ലെന്ന വാദത്തിനാണ് ‘തഅ്ത്വീൽ’ എന്നു പറയുന്നത്. മുഅതസിലഃ ഈ ചിന്താഗതിക്കാരാണ്. അല്ലാഹുവിന്റെ കലാം സൃഷ്ടിയാണെന്ന വാദവും അവരുടേതു തന്നെ.
മനുഷ്യ പ്രവർത്തനങ്ങൾ അല്ലാഹു നേരത്തെ കണക്കാക്കിയതല്ല എന്ന വാദമാണ് ഖദരിയ്യത്. മനുഷ്യൻ അവന്റെ ഉദ്ദേശ്യത്തിലും പ്രവർത്തനത്തിലും പരിപൂർണ്ണ സ്വതന്ത്രനാണ്; എല്ലാം അവന്റെ ഹിതമനുസരിച്ചു നടക്കുന്നുവെന്നും; അവന്റെ പ്രവർത്തനം അവന്റെ സൃഷ്ടി തന്നെയാണെന്നും; അതിൽ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനോ, പ്രവർത്തനത്തിനോ പങ്കില്ലെന്നും ഖദ്‌രിയാക്കള്‍ വാദിക്കുന്നു.
മനുഷ്യന് പ്രവർത്തന സ്വാതന്ത്ര്യമില്ല എന്ന വാദമാണ് ജബരിയ്യത്. മനുഷ്യന് യാതൊരു വിധത്തിലും ഉദ്ദേശിക്കാനോ പ്രവര്‍ത്തിക്കാനോ സാധ്യമല്ലെന്നും കേവലം കാറ്റിൽപ്പെട്ട ഇലപോലെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും കഴിവിനും മുമ്പിൽ അവൻ ഒരു പാവമാത്രമാണെന്നും ജബ്‌രിയാക്കള്‍ വാദിക്കുന്നു. എന്നാല്‍, അല്ലാഹു മനുഷ്യന് ഉദ്ദേശിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അത് അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടി അനുസരിച്ചാണെന്ന് മാത്രം.
അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നുള്ള നിർഭയത്വത്തിനും അവന്റെ റഹ്മത്തിനെക്കുറിച്ചുള്ള നിരാശക്കും മദ്ധ്യയാണ് ദീൻ.
105.ഇതാണ് ബാഹ്യവും ആന്തരികവുമായ നമ്മുടെ ദീനും അഖീദയും. ഇതുവരെ നാം വിവരിച്ചതിന്നെതിരായുള്ള എല്ലാ ചിന്തകളിൽ നിന്നും മാർഗങ്ങളിൽ നിന്നും നാം തികച്ചും വിമുക്തരാണ്.
സത്യവിശ്വാസത്തിൽ നമ്മെ ഉറപ്പിച്ചു നിർത്താനും സത്യവിശ്വാസികളായിതന്നെ നമ്മുടെ അന്ത്യം കുറിക്കാനും വിവിധ തരത്തിലുള്ള സ്വാർത്ഥതാൽപര്യങ്ങളിൽ നിന്ന് നമ്മെ കാത്തുരക്ഷിക്കാനും, വിഭിന്ന ചിന്താഗതികളിൽ നിന്നും നീചമായ കർമരീതികളിൽ നിന്നും മുശബ്ബിഹഃ, മുഅ്തസിലഃ, ജഹ്‌മിയ്യഃ, ജബ്‌രിയ്യഃ, ഖദ്‌രിയ്യഃ തുടങ്ങിയ ഖുർആനിന്നും സുന്നത്തിന്നുമെതിരായിട്ടുള്ള പ്രസ്ഥാനങ്ങളിൽ നിന്നും നമ്മെ അകറ്റാനും സർവ്വശക്തനായ റബ്ബിനോടു നാം പ്രാർത്ഥിക്കുന്നു. അത്തരക്കാരിൽ നിന്നില്ലാം നാം വിമുക്തരാണ്. അവർ ദുർമാർഗികളും നിന്ദ്യന്മാരുമാണ്. (തെറ്റുകളിൽ നിന്നുള്ള) കാവലും, (നന്മകൾ ചെയ്യാനുള്ള) തൗഫീഖും അല്ലാഹുവിനെക്കൊണ്ട് മാത്രമാകുന്നു.
www.kanzululoom.com