عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ “ إِنَّ مِنَ النَّاسِ مَفَاتِيحَ لِلْخَيْرِ مَغَالِيقَ لِلشَّرِّ وَإِنَّ مِنَ النَّاسِ مَفَاتِيحَ لِلشَّرِّ مَغَالِيقَ لِلْخَيْرِ فَطُوبَى لِمَنْ جَعَلَ اللَّهُ مَفَاتِيحَ الْخَيْرِ عَلَى يَدَيْهِ وَوَيْلٌ لِمَنْ جَعَلَ اللَّهُ مَفَاتِيحَ الشَّرِّ عَلَى يَدَيْهِ ” .
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും, നന്മയുടെ താക്കോലുകളും തിന്മയുടെ പൂട്ടുകളും ആയിത്തീരുന്ന ചില മനുഷ്യരുണ്ട്. അതുപോലെ, തിന്മയുടെ താക്കോലുകളും നന്മയുടെ പൂട്ടുകളും ആയിത്തീരുന്ന ചില മനുഷ്യരുമുണ്ട്. അതിനാൽ, അല്ലാഹു നന്മയുടെ താക്കോലുകൾ ആരുടെ കൈകളിലാണോ ഏൽപ്പിച്ചിട്ടുള്ളത് അവർക്ക് മംഗളം. അല്ലാഹു തിന്മയുടെ താക്കോലുകൾ ആരുടെ കൈകളിലാണോ ഏൽപ്പിച്ചിട്ടുള്ളത് അവർക്ക് നാശം. [رواه ابن ماجه (237) ، وحسنه الألباني رحمه الله في (صحيح سنن ابن ماجه) (194) .]
നന്മയുടെ താക്കോലുകളും തിന്മയുടെ പൂട്ടുകളുമായിത്തീർന്ന്, ആ സൗഭാഗ്യവാന്മാരുടെ ഗണത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്ന ഒരാൾ ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്:
1.വാക്കുകളിലും പ്രവൃത്തികളിലും അല്ലാഹുവിനോട് ഇഖ്ലാസ് (ആത്മാർത്ഥത) പുലർത്തുക, കാരണം അത് എല്ലാ നന്മകളുടെയും അടിസ്ഥാനവും എല്ലാ പുണ്യങ്ങളുടെയും ഉറവിടവുമാണ്.
2.ആ കാര്യത്തിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, വിജയം തേടുകയും ചെയ്യുക. തീർച്ചയായും പ്രാർത്ഥന എന്നത് എല്ലാ നന്മകളിലേക്കുമുള്ള താക്കോലാണ്. തന്നെ വിളിച്ചു പ്രാർത്ഥിച്ച ഒരു ദാസനെയും അല്ലാഹു മടക്കില്ല, തന്നെ വിളിച്ച ഒരു വിശ്വാസിയെയും അവൻ നിരാശപ്പെടുത്തില്ല.
3.ദീനീവിജ്ഞാനം ആർജ്ജിക്കാൻ അതീവ ശ്രദ്ധ ചെലുത്തുക. തീർച്ചയായും ദീനീവിജ്ഞാനം സദ്ഗുണങ്ങളിലേക്കും ഉന്നതമായ സ്വഭാവങ്ങളിലേക്കും നയിക്കുന്നു; അധാർമ്മികതയിൽ നിന്നും പാപങ്ങളിൽ നിന്നും തടയുന്ന ഒരു മറയുമാണ്.
4.അല്ലാഹുവിനെ ആരാധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രത്യേകിച്ചും നിർബന്ധമായ കർമ്മങ്ങളിൽ. അതിൽ തന്നെ നമസ്കാരത്തിന് പ്രത്യേക ശ്രദ്ധ നൽകുക; കാരണം, നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു.
5.ഉന്നതമായ സ്വഭാവഗുണങ്ങളും ഉത്തമമായ പെരുമാറ്റരീതികളും സ്വീകരിക്കുക; നിസ്സാരവും അധമവുമായ സ്വഭാവങ്ങളിൽ നിന്നും അകന്നു നിൽക്കുക.
6.നല്ലവരോടൊപ്പം സഹവസിക്കുകയും സജ്ജനങ്ങളോടൊപ്പം ഇരിക്കുകയും ചെയ്യുക. കാരണം, അവരുടെ സദസ്സുകളിൽ മലക്കുകൾ സന്നിഹിതരാവുകയും അല്ലാഹുവിന്റെ കാരുണ്യം അവർക്ക് മേൽ വർഷിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം, ദുഷ്ടന്മാരുടെയും അധർമ്മികളുടെയും സദസ്സുകളിൽ നിന്നും അകന്നു നിൽക്കുക; കാരണം, അവ പിശാചുക്കൾ ഇറങ്ങിവരുന്ന സ്ഥലങ്ങളാണ്.
7.മനുഷ്യരോടൊപ്പം ജീവിക്കുമ്പോഴും ഇടപഴകുമ്പോഴും അവർക്ക് ഗുണകാംക്ഷയുണ്ടാവുക; അവരെ നന്മയിലേക്ക് നയിച്ചുകൊണ്ടും തിന്മയിൽ നിന്ന് തടഞ്ഞുകൊണ്ടും അവരെ സൽക്കർമ്മങ്ങളിൽ വ്യാപൃതരാക്കുക.
8.പരലോകത്തെക്കുറിച്ചും ലോകരക്ഷിതാവായ അല്ലാഹുവിന്റെ മുന്നിൽ നിൽക്കേണ്ടി വരുമെന്നുമുള്ള കാര്യം ഓർമ്മിക്കുക; അപ്പോൾ അവൻ സുകൃതവാന് അവന്റെ നന്മയ്ക്ക് പ്രതിഫലം നൽകുകയും, തിന്മ ചെയ്തവന് അവന്റെ തിന്മയ്ക്ക് അനുസൃതമായ ശിക്ഷ നൽകുകയും ചെയ്യും.
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ ﴿٨﴾
അപ്പോള്‍ ആര് ഒരു അണുവിന്റെ തൂക്കം നന്മചെയ്തിരുന്നുവോ അവനത് കാണും. ആര് ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന് അതും കാണും. (ഖു൪ആന്‍:99/7-8)
9.ഇതിന്റെയൊക്കെ അടിസ്ഥാനം നന്മ ചെയ്യാനും മനുഷ്യർക്ക് ഉപകാരം ചെയ്യാനുമുള്ള അടിമയുടെ ആഗ്രഹമാണ്. ആ ആഗ്രഹം നിലനിൽക്കുകയും, ഉദ്ദേശ്യം ദൃഢമാവുകയും, തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും, അതിനായി അല്ലാഹുവിനോട് സഹായം തേടുകയും, കാര്യങ്ങൾ ശരിയായ മാർഗ്ഗത്തിലൂടെ സമീപിക്കുകയും ചെയ്താൽ -അല്ലാഹുവിന്റെ അനുമതിയോടെ- അവൻ തീർച്ചയായും നന്മയുടെ താക്കോലും തിന്മയുടെ പൂട്ടും ആയിത്തീരുന്നതാണ്.
www.kanzululoom.com