ശിര്‍കുല്‍ അക്ബറും ശിര്‍കുല്‍ അസ്വ്ഗറും തമ്മിലുള്ള വ്യത്യാസങ്ങള്‍

ശിര്‍കുല്‍ അക്ബറും ശിര്‍കുല്‍ അസ്വ്ഗറും (വലിയ ശിര്‍ക്കും ചെറിയ ശിര്‍ക്കും) തമ്മില്‍ നിര്‍വ്വചനത്തിലും വിധികളിലും വ്യത്യാസങ്ങള്‍ എന്തെല്ലാമാണ്?

ശിര്‍ക്കുല്‍ അക്ബര്‍

ശിര്‍കുല്‍ അക്ബര്‍ എന്നാല്‍ മനുഷ്യന്‍ അല്ലാഹുവിന് സമന്മാരെ നിശ്ചയിക്കലാണ്. സമന്മാരെ നിശ്ചയിക്കല്‍ അല്ലാഹുവിൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും അവന് തുല്യനെ നിശ്ചയിക്കല്‍ കൊണ്ടുണ്ടാകും. അഥവാ, അല്ലാഹുവിൻ്റെ നാമങ്ങള്‍ക്കൊണ്ട് അവനല്ലാത്തവര്‍ക്ക് നാമകരണം ചെയ്യുക, അവൻ്റെ വിശേഷണങ്ങള്‍ക്കൊണ്ട് അവനല്ലാത്തവരെ വിശേഷിപ്പിക്കുകയും ചെയ്യുക. അല്ലാഹു പറഞ്ഞു:

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും. (ഖു൪ആന്‍:7/180)

അല്ലാഹുവിന് പ്രത്യേകമായ നാമങ്ങള്‍കൊണ്ട് അവനല്ലാത്തവര്‍ക്ക് നാമകരണം ചെയ്യലും അവന് പ്രത്യേകമായ വിശേഷണങ്ങള്‍ കൊണ്ട് അവനല്ലാത്തവരെ വിശേഷിപ്പിക്കലും അവൻ്റെ നാമങ്ങളില്‍ കൃത്രിമം കാണിക്കുന്നതില്‍ പെട്ടതാണ്.

ഇബാദത്തില്‍ അല്ലാഹുവിന് തുല്യനെ നിശ്ചയിക്കല്‍ കൊണ്ടും അവന് സമന്മാരെ സ്വീകരിക്കല്‍ ഉണ്ടായിത്തീരും. അല്ലാഹുവിന് പ്രത്യേകമായ പുണ്യകര്‍മ്മങ്ങള്‍ അഥവാ, നമസ്കാരം, പ്രശ്നസങ്കീര്‍ണതകളിലും പ്രയാസങ്ങളിലുമുള്ള സഹായാര്‍ത്ഥന, ഗുണം നേടുവാനുള്ള സഹായതേട്ടം, ദുരിതം നീങ്ങുവാനും ആഗ്രഹം സഫലീകരിക്കുവാനും മറ്റും മരണപ്പെട്ടവരോടോ അദൃശ്യരായവരോടോ ഉയര്‍ത്തുന്ന വിളി തുടങ്ങിയവ, സൂര്യന്‍, ചന്ദ്രന്‍, നബി, മലക്ക്, വലിയ്യ്, തുടങ്ങിയവര്‍ക്ക് വിനയപൂര്‍വ്വം ചെയ്യുക. ഇവകളും ഇവ പോലുള്ളവയും അല്ലാഹു അല്ലാത്തവര്‍ക്കുള്ള ഇബാദത്തും അല്ലാഹുവോടൊപ്പം പങ്കാളിയെ സ്വീകരിക്കലുമാണ്. അല്ലാഹു പറഞ്ഞു:

قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا

( നബിയേ, ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. (ഖു൪ആന്‍:18/110)

ആരാധനകളില്‍ അല്ലാഹുവിനെ ഏകനാക്കണമെന്നറിയിക്കുന്ന ആയത്തുകള്‍ ഇതുപോലെ ധാരാളമാണ്.

തശ്രീഅ് ല്‍ (മതനിയമനിര്‍മ്മാണത്തില്‍) അല്ലാഹുവിന് തുല്യനെ നിശ്ചയിക്കല്‍ കൊണ്ടും അവന് സമന്മാരെ നിശ്ചയിക്കല്‍ ഉണ്ടാകും. അല്ലാഹുവെ കൂടാതെ മറ്റൊരു നിയമനിര്‍മ്മാതാവിനെ സ്വീകരിക്കുക അല്ലെങ്കില്‍ മതനിയമ നിര്‍മ്മാണത്തില്‍ അല്ലാഹുവിന് പങ്കാളിയെ സ്വീകരിക്കുകയും പ്രസ്തുത പങ്കാളിയുടെ വിധിയെ തൃപ്തിപ്പെടുക, ആരാധന, സാമീപ്യം, വിധി, തര്‍ക്കങ്ങളില്‍ പരിഹാരം എന്നീനിലകളില്‍ പ്രസ്തുത പങ്കാളിയുടെ വിധികൊണ്ട് ഹലാലാക്കിയും ഹറാമാക്കിയും അതിന് കീഴ്പ്പെടുക, പ്രസ്തുത പങ്കാളിയുടെ വിധിയെ മതമായിക്കണ്ടില്ലെങ്കിലും അങ്ങിനെ വിധിക്കുന്നത് അനുവദനീയമായി കാണുക എന്നിങ്ങനെയെല്ലാം തശ്രീഅ് ല്‍ (മതനിയമ നിര്‍മ്മാണത്തില്‍) അല്ലാഹുവിന് തുല്യനെ നിശ്ചയിക്കലുണ്ടാകും. ഈ വിഷയത്തില്‍ ജൂതകൈസ്തവരെ കുറിച്ച് അല്ലാഹു പറയുന്നു:

اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَٰهًا وَاحِدًا ۖ لَّا إِلَٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِكُونَ

അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന്‌ പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവനെത്രയോ പരിശുദ്ധന്‍! (ഖു൪ആന്‍:9/31)

അല്ലാഹുവിൻ്റെ വിധിയല്ലാത്ത വിധിയില്‍ തൃപ്തിപ്പെടുക, അല്ലാഹുവിൻ്റെ വിധിയിലേക്ക് വിധിതേടിപ്പോകുന്നതില്‍ വിമുഖനാവുക, അല്ലാഹുവിൻ്റെ വിധിയില്‍നിന്ന് തെറ്റി ഭൗതിക നിയമങ്ങളിലേക്കും ഗോത്രപരമായ സമ്പ്രദായങ്ങളിലേക്കും മറ്റും വിധിതേടിപ്പോവുക എന്നീ വിഷയങ്ങളില്‍ വന്നതായ ആയത്തുകളും ഹദീഥുകളും ഇതുപോലെ വേറേയുമുണ്ട്.

ഈ മൂന്ന് ഇനങ്ങളുമാകുന്നു വലിയ ശിര്‍ക്ക്. വലിയ ശിര്‍ക്ക് പ്രവര്‍ത്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഇസ്ലാമിക മില്ലത്തില്‍നിന്ന് പുറത്താവുകയും മതപരിത്യാഗിയാവുകയും ചെയ്യും. വലിയ ശിര്‍ക്ക് ചെയ്തവന്‍ മരണപ്പെട്ടാല്‍ അവൻ്റെ ജനാസഃ നമസ്കരിക്കപ്പെടുകയില്ല. മുസ്‌ലിംകളുടെ മക്വ്ബറകളില്‍ അവന്‍ മറമാടപ്പെടുകയില്ല. അവൻ്റെ സമ്പത്ത് അനന്തരമെടുക്കപ്പെടുകയില്ല; പ്രത്യുത, അവൻ്റെ സമ്പത്ത് ബൈത്തുല്‍ മാലിലേക്ക് ചേര്‍ക്കപ്പെടും. അവന്‍ അറുത്തത് ഭക്ഷിക്കപ്പെടുകയില്ല. അവനെ വധിക്കല്‍ നിര്‍ബന്ധമാണെന്ന് വിധിക്കപ്പെടുകയും മുസ്‌ലിം ഭരണാധികാരി അവനെ വധിക്കുന്നത് ഏറ്റെടുക്കുകയും ചെയ്യും. എന്നാല്‍, ഭരണാധികാരി അവനില്‍ വധശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് അവനോട് തൗബഃ ചെയ്യുവാന്‍ ആവശ്യപ്പെടണം. അവന്‍ തൗബഃ ചെയ്താല്‍ അവൻ്റെ തൗബഃ സ്വീകരിക്കപ്പെടുകയും വധശിക്ഷയില്‍നിന്ന് അവന്‍ ഒഴിവാക്കപ്പെടുകയും മുസ്‌ലിംകളോട് പെരുമാറുന്നതുപോലെ അവനോട് പെരുമാറുകയും വേണം.

ശിര്‍ക്കുല്‍ അസ്വ്ഗര്‍

വലിയശിര്‍ക്കിലേക്ക് പഴുതാവുകയും അതില്‍ ആപതിപ്പിക്കുവാന്‍ മാര്‍ഗ്ഗമാവുകയും മതം വിരോധിക്കുകയും ചെയ്ത എല്ലാം ശിര്‍ക്കുല്‍അസ്വ്ഗര്‍ (ചെറിയ ശിര്‍ക്ക്) ആകുന്നു. പ്രമാണങ്ങളില്‍ അതിന് ശിര്‍ക്കെന്ന നാമകരണം വന്നിരിക്കുന്നു. അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നത് ഉദാഹരണം. കാരണം, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യല്‍ വലിയശിര്‍ക്കിലേക്ക് ഉതിര്‍ന്നുവീഴുവാനുള്ള വേദിയാകുന്നു. അതിനാലാണ് നബി ﷺ, അത് വിരോധിച്ചത്. അദ്ദേഹം പറഞ്ഞതായി ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു:

أَلا إِنَّ اللهَ يَنْهَاكُمْ أَنْ تَحْلِفُوا بِآبَائِكُمْ ، مَنْ كَانَ حَالِفًا فَلْيَحْلِفُ بِاللهِ ، أَوْ لِيَصْمُتْ.

അറിയുക, നിശ്ചയം നിങ്ങള്‍ നിങ്ങളുടെ പിതാക്കളെക്കൊണ്ട് സത്യംചെയ്യുന്നത് അല്ലാഹു വിരോധിക്കുന്നു. വല്ലവനും സത്യം ചെയ്യുകയാണെങ്കില്‍ അവന്‍ അല്ലാഹുവെക്കൊണ്ട് സത്യം ചെയ്യട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. (ബുഖാരി, മുസ്‌ലിം)

മാത്രവുമല്ല, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്ന വനെ ശിര്‍ക്ക് ചെയ്യുന്നവനെന്ന് നബി ﷺ വിശേഷിപ്പിച്ചു.

ഇബ്നു ഉമര്‍ رضي الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:

مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ أَشْرَكَ

വല്ലവനും, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്താല്‍ തീര്‍ച്ചയായും അവന്‍ ശിര്‍ക്ക് ചെയ്തു.

കാരണം, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നതില്‍ അവരെ ആദരിക്കുന്ന വഷയത്തിലുള്ള അതിരു കവിച്ചിലാണുള്ളത്. അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുമ്പോള്‍ അവരോടുള്ള അതിരുവിട്ട ആദരവ് ശിര്‍ക്കുല്‍ അക്ബറില്‍ ചെന്നെത്തും.

ശിര്‍ക്കുല്‍അസ്വ്ഗറിൻ്റെ മറ്റൊരു ഉദാഹരണത്തില്‍പ്പെട്ടതാണ് മുസ്‌ലിംകളില്‍ ധാരാളമാളുകളുടെ നാവുകളില്‍ വന്നു പോകുന്ന ‘അല്ലാഹുവും നിങ്ങളും ഉദ്ദേശിച്ചത് ‘, ‘അല്ലാഹുവും നിങ്ങളും ഇല്ലായിരുന്നുവെങ്കില്‍’ എന്നുതുടങ്ങിയ വാക്കുകള്‍. തീര്‍ച്ചയായും നബി ﷺ അങ്ങിനെ പറയുന്നത് വിരോധിച്ചു. അങ്ങിനെ പറഞ്ഞവനോട് مَا شَاءَ اللَّهُ وَحْدَهُ (ഏകനായ അല്ലാഹു മാത്രം ഉദ്ദേശിച്ചത്) അല്ലെങ്കില്‍ مَا شَاءَ اللَّهُ ثُمَّ شِئْتَ (അല്ലാഹുവും പിന്നീട് നിങ്ങളും ഉദ്ദേശിച്ചത്) എന്ന് പറയുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

പ്രാപഞ്ചിക വസ്തുക്കളുടെ സംഭവ്യത ഉദ്ദേശിക്കുന്നതില്‍ അല്ലാഹുവിന് പങ്കുകാരുണ്ടെന്ന് വിശ്വസിച്ചാലുണ്ടാകുന്ന വലിയ ശിര്‍ക്കിനെ തടയിടുവാനാണ് അങ്ങിനെ പറയുന്നത് വിരോധിക്കുകയും അങ്ങിനെ പറഞ്ഞവനോട് തിരുത്തുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത്.

‘ഞാന്‍ അല്ലാഹുവിലും താങ്കളിലും ഭരമേല്‍പ്പിച്ചിരിക്കുന്നു’, ‘കോഴിയുടെ കൂവലും താറാവിൻ്റെ കരച്ചിലും ഇല്ലായിരുന്നുവെങ്കില്‍ വിഭവങ്ങള്‍ മോഷ്ടിക്കപ്പെടുമായിരുന്നു’ തുടങ്ങിയ വാക്കുകളും വലിയ ശിര്‍ക്കിലേക്ക് കവാടം തുറക്കുന്ന ശിര്‍ക്കുല്‍അസ്വ്ഗറിൻ്റെ ഉദാഹരണങ്ങളാണ്.

ഇബാദത്തുകളില്‍, കര്‍മ്മങ്ങളിലും വാക്കുകളിലും നേരിയതോതില്‍ ഉണ്ടാകുന്ന ലോകമാന്യത വലിയ ശിര്‍ക്കിലേക്ക് നയിക്കുന്ന ശിര്‍ക്കുല്‍ അസ്വ്ഗറില്‍പ്പെട്ടതാണ്. ജനങ്ങള്‍ കാണുന്നതിനുവേണ്ടി ചില സന്ദര്‍ഭങ്ങളില്‍ നമസ്കാരം ദീര്‍ഘിപ്പിക്കുക, ജനങ്ങള്‍ കേള്‍ക്കുവാനും പുകഴ്ത്തുവാനും ചിലപ്പോള്‍ ക്വുര്‍ആന്‍ പാരായണവും ദിക്റുചൊല്ലലും ഉച്ചത്തിലാക്കുക എന്നിവ അതിൻ്റെ ഉദാഹരണങ്ങളാണ്.

മഹ്മൂദ് ബ്നുലബീദ് رضي الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:

إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشَّرْكُ الأَصْغَرُ قَالُوا : يَا رَسُولَ اللَّهِ وَمَا الشِّرْكُ الأَصْغَرُ ؟ قَالَ : الرِّيَاءُ

നിശ്ചയം, ഞാന്‍ നിങ്ങളില്‍ ഭയക്കുന്നതില്‍ ഏറ്റവും ഭയാനകമായത് ശിര്‍ക്കുല്‍അസ്വ്ഗര്‍ ആകുന്നു. അവര്‍ ചോദിച്ചു: അല്ലാഹുവിൻ്റെ തിരുദൂതരേ, എന്താണ് ശിര്‍ക്കുല്‍അസ്വ്ഗര്‍? അദ്ദേഹം പറഞ്ഞു: ലോകമാന്യത.

എന്നാല്‍, ആരാധനകള്‍ സമൂലമായിതന്നെ ലോകമാന്യതയാലല്ലാതെ നിര്‍വ്വഹിക്കാത്തവന്‍ അഥവാ ലോകമാന്യതയില്ലായിരുന്നുവെങ്കില്‍ നമസ്കരിക്കുകയോ നോമ്പെടുക്കുകയോ ദിക്ര്‍ ചൊല്ലുകയോ ക്വുര്‍ആന്‍ ഓതുകയോ ചെയ്യാത്തവന്‍, അവന്‍ വലിയശിര്‍ക്ക് ചെയ്യുന്ന മുശ്രിക് ആകുന്നു. അവന്‍ കപടവിശ്വാസിയുമാകുന്നു. ഇത്തരം കപടവിശ്വാസികളെ കുറിച്ച് അല്ലാഹു പറഞ്ഞു:

إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا ‎﴿١٤٢﴾‏ مُّذَبْذَبِينَ بَيْنَ ذَٰلِكَ لَآ إِلَىٰ هَٰٓؤُلَآءِ وَلَآ إِلَىٰ هَٰٓؤُلَآءِ ۚ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلًا ‎﴿١٤٣﴾‏ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْكَٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَتُرِيدُونَ أَن تَجْعَلُوا۟ لِلَّهِ عَلَيْكُمْ سُلْطَٰنًا مُّبِينًا ‎﴿١٤٤﴾‏ إِنَّ ٱلْمُنَٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا ‎﴿١٤٥﴾‏ إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَٱعْتَصَمُوا۟ بِٱللَّهِ وَأَخْلَصُوا۟ دِينَهُمْ لِلَّهِ فَأُو۟لَٰٓئِكَ مَعَ ٱلْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ ٱللَّهُ ٱلْمُؤْمِنِينَ أَجْرًا عَظِيمًا ‎﴿١٤٦﴾‏

തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ്‌ വഞ്ചിക്കുന്നത്‌. അവര്‍ നമസ്കാരത്തിന്‌ നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ്‌ നില്‍ക്കുന്നത്‌. കുറച്ച്‌ മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ. ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന്‌ പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല. സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല. എന്നാല്‍ പശ്ചാത്തപിച്ച്‌ മടങ്ങുകയും, നിലപാട്‌ നന്നാക്കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും, തങ്ങളുടെ മതത്തെ നിഷ്കളങ്കമായി അല്ലാഹുവിനു വേണ്ടി ആക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു, അവര്‍ സത്യവിശ്വാസികളോടൊപ്പമാകുന്നു. സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌. (ഖു൪ആന്‍:4/142-146)

ക്വുദ്സിയായ ഹദീഥില്‍ വന്നതായ അല്ലാഹുവിൻ്റെ വചനം അവരില്‍ സത്യമായി പുലര്‍ന്നിരിക്കുന്നു.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” قَالَ اللَّهُ تَبَارَكَ وَتَعَالَى: أَنَا أَغْنَى الشُّرَكَاءِ عَنْ الشِّرْكِ؛ مَنْ عَمِلَ عَمَلًا أَشْرَكَ مَعِي غَيْرِي، تَرَكْتُهُ وَشِرْكَهُ”.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉന്നതനും അനുഗ്രഹദാതാവുമായ അല്ലാഹു പറഞ്ഞിരിക്കുന്നു: ശിര്‍ക്ക് ചെയ്യുന്നവരുടെ ശിര്‍ക്കിനെതൊട്ട് ഞാന്‍ ധന്യനാണ്. ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിക്കുകയും എന്നിട്ടതില്‍ ഞാനല്ലാത്തവരെ പങ്കാളികളാക്കുകയും ചെയ്യുന്നുവെങ്കില്‍ അവനേയും അവൻ്റെ ശിര്‍ക്കിനേയും ഞാന്‍ വിട്ടുകളഞ്ഞിരിക്കുന്നു. (മുസ്‌ലിം)

ശിര്‍ക്കുല്‍അസ്വ്ഗറില്‍ ആപതിച്ചവന്‍ ഇസ്ലാമികമില്ല ത്തില്‍നിന്ന് പുറത്താവുകയില്ല. എന്നാല്‍ അത് ശിര്‍ക്കുല്‍ അക്ബറിന് ശേഷമുള്ള വന്‍പാപങ്ങളില്‍ ഏറ്റവും വലിയ പാപമാകുന്നു. അതിനാലാണ് അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رضي الله عنه ഇപ്രകാരം പറഞ്ഞത്:

لأن أحلف بالله كاذباً أحب إلي من أن أحلف بغيره صادقاً

ഞാന്‍ കളവു പറയുന്നവനായി അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്യലാണ് സത്യം പറയുന്നവനായി അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടകരം.

അതിനാല്‍, അവനുമായി ബന്ധപ്പെട്ട വിധികളില്‍പ്പെട്ടതാണ്, മുസ്‌ലിംകളോടുള്ള പെരുമാറ്റമാണ് അവനോട് പെരുമാറേണ്ടത്. അവന്‍ അവൻ്റെ ബന്ധുക്കളേയും അവര്‍ അവനേയും മതത്തില്‍ വിവരണം വന്നതനുസരിച്ച് അനന്തരമെടുക്കും. മരിച്ചാല്‍ അവൻ്റെ ജനാസ നമസ്കരിക്കപ്പെടും. മുസ്‌ലിംകളുടെ മക്വ്ബറകളില്‍ അവന്‍ മറമാടപ്പെടും. അവന്‍ അറുത്തത് ഭക്ഷിക്കപ്പെടും. തുടങ്ങിയ ഇസ്ലാമിക നിയമങ്ങള്‍. അവന്‍ നരകത്തില്‍ ശാശ്വത വാസിയാകില്ല; നരകത്തില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍തന്നെ അവൻ്റെ വിധി അഹ്ലുസ്സുന്നഃയുടെ അടുക്കല്‍ വന്‍പാപിയുടെ വിധിയായിരിക്കും. (അഥവാ, ഒന്നുകില്‍ അവന്‍ അല്ലാഹുവിൻ്റെ കാരുണ്യത്താല്‍ ശിക്ഷയില്‍നിന്ന് മുക്തനായേക്കും അല്ലെങ്കില്‍ തൻ്റെ കുറ്റത്തിനുള്ള ശിക്ഷ കഴിഞ്ഞാല്‍ അവന്‍ നരകത്തില്‍നിന്ന് പുറത്തുകടക്കും. വിവര്‍ത്തകൻ) ഖവാരിജ്, മുഅ്തസിലത്ത് കക്ഷികളുടെ വീക്ഷണങ്ങള്‍ക്ക് എതിരാണ് അഹ്ലുസ്സുന്നഃയുടെ വീക്ഷണം. (വന്‍പാപം ചെയ്തവന്‍ നരകത്തില്‍ നിത്യനിവാസിയാണെന്നാണ് ഖവാരിജ്, മുഅ്തസിലത്ത് കക്ഷികള്‍ ജല്‍പ്പിക്കുന്നത്. വിവര്‍ത്തകൻ)

അല്ലാഹുവേ, നിൻ്റെ തൗഫീക്വിനായി കേഴുന്നു. നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി ﷺ യിലും അദ്ദേഹത്തിൻ്റെ കുടുംബത്തിലും അനുചരന്മാരിലും സ്വലാത്തും സലാമും അല്ലാഹുവില്‍നിന്ന് സദാവര്‍ഷിക്കുമാറാകട്ടെ.

 

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *