ഇബാദത്ത് : ഒരു ഓര്‍മ്മപ്പെടുത്തൽ

മനുഷ്യര്‍ക്ക് ദുൻയാവിൽ എന്താണ് നിര്‍വ്വഹിക്കാനുള്ളത്? ഈ ചോദ്യത്തിനുള്ള വിശുദ്ധ ഖുർആനിന്റെ കൃത്യമായ ഉത്തരം കാണുക:

ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ

ജിന്നുകളെയും മനുഷ്യരെയും എനിക്ക് ഇബാദത്ത് ചെയ്യാൻ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍ :51/56)

എങ്ങനെയാണ് ഇബാദത്ത് ചെയ്യേണ്ടതെന്ന് നബി ﷺ വിശദീകരിക്കുന്നു:

أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك

അല്ലാഹുവിനെ നീ കാണുന്നതുപോലെ ഇബാദത്ത് ചെയ്യുക, അവനെ നീ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. (മുസ്ലിം:8)

മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തിൽ എല്ലാ ദിവസവും എല്ലാ സമയത്തും എല്ലാ നിമിഷവും ഇബാദത്തല്ലാതെ മറ്റൊന്നും നിര്‍വ്വഹിക്കാനില്ലെന്ന് അല്ലാഹുവിന്റെ വചനത്തിൽ നിന്നും വ്യക്തമാണ്. അപ്പോൾ രാവിലെ ഉറക്കം ഉണർന്നെഴുന്നേൽക്കുന്നു, പല്ലുതേക്കുന്നു, മലമൂത്ര വിസർജനം നടത്തുന്നു, കുളിക്കുന്നു, ഭക്ഷണപാനീയങ്ങൾ കഴിക്കുന്നു, വസ്ത്രം ധരിക്കുന്നു, വീട്ടുജോലികൾ ചെയ്യുന്നു, പുറത്തേക്ക് പോകുന്നു, യാത്ര ചെയ്യുന്നു, അങ്ങാടിയിൽ പോകുന്നു, ജോലി ചെയ്യുന്നു, ക്രയ വിക്രയങ്ങൾ നടത്തുന്നു, വീട്ടിൽ തിരിച്ചെത്തുന്നു, ഭാര്യാ-ഭര്‍തൃ-കുടുംബ ജീവിതം നിര്‍വ്വഹിക്കുന്നു, അയൽപക്ക – സാമൂഹ്യ – രാഷ്ട്രീയ ജീവിതം നിര്‍വ്വഹിക്കുന്നു, ഉറങ്ങുന്നു തുടങ്ങി ദിനേനെ നിര്‍വ്വഹിക്കുന്ന ചെറുതും വലുതുമായ കാര്യങ്ങളൊക്കെയോ?

ഭൂരിപക്ഷം മുസ്ലിങ്ങൾക്കും സംഭവിക്കുന്ന അബദ്ധത്തെക്കുറിച്ച് അല്ലെങ്കിൽ ധാരണ പിശകിനെ കുറിച്ചാണ് ഓർമ്മിപ്പിക്കുന്നത്. നമസ്കാരം പോലെയുള്ള കര്‍മ്മങ്ങൾ ഇബാദത്തുകളായി കണക്കാക്കുകയും അതിൽ ‘ഇഹ്സാൻ’ ശ്രദ്ധിക്കുകയും ചെയ്യുമ്പോൾ ഉറക്കം എഴുന്നേറ്റത് മുതൽ ഉറങ്ങുന്നത് വരെയുള്ള മേൽ സൂചിപ്പിച്ചതും അല്ലാത്തതുമായ കാര്യങ്ങളിൽ എന്തുകൊണ്ട് ഇബാദത്ത് സാധ്യമാകുന്നില്ല?  അതൊക്കെ ദുൻയാവിന്റെ കാര്യങ്ങളാണെന്നും നമസ്കാരം പോലുള്ളവ ഇബാദത്താണെന്നും മനസ്സിലാക്കിയത് കൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്.

ഉറക്കം ഉണർന്നതുമുതൽ ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങളെല്ലാം ഇബാദത്താകുന്നത് എങ്ങനെയാണ്? നാം നിര്‍വ്വഹിക്കുന്ന കാര്യങ്ങളിൽ അല്ലാഹു അവന്റെ വേദഗ്രന്ഥത്തിലൂടെയും അവന്റെ റസൂലിലൂടെയും അറിയിച്ചുതന്ന നിര്‍ദ്ദേശങ്ങൾ പാലിക്കുകയും അതിൽ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിക്കുകയും ചെയ്യുമ്പോൾ അതെല്ലാം ഇബാദത്താകും. പ്രസ്തുത കര്‍മ്മങ്ങളിൽ അല്ലാഹുവിന്റെ പൊരുത്തവും പ്രതിഫലവും പ്രീതിയും കാംക്ഷിക്കുക. അങ്ങനെയാകുമ്പോൾ നമ്മുടെ എല്ലാ ദിവസത്തെയും എല്ലാ സമയത്തെയും എല്ലാ നിമിഷത്തെയും കാര്യങ്ങൾ ഇബാദത്താകും. ഇത് ശ്രദ്ധിച്ചാൽ ഇവിടെയെല്ലാം ഇഹ്സാൻ കൊണ്ടുവരാൻ കഴിയും. നബി ﷺ പറഞ്ഞത് ഓര്‍ക്കുക:

أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك

അല്ലാഹുവിനെ നീ കാണുന്നതുപോലെ ഇബാദത്ത് ചെയ്യുക, അവനെ നീ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. (മുസ്ലിം:8)

അല്ലാഹുവിന്റെ ഈ വചനം കൂടി ചേര്‍ത്ത് വായിക്കുക.

ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ ‎

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:67/2)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *