ആമുഖം
തൗഹീദിനെക്കുറിച്ചുള്ള അറിവ് ഏറ്റവും ശ്രേഷ്ഠമായ വിജ്ഞാനങ്ങളിൽ പെട്ടതാകുന്നു. അതിന്റെ സ്ഥാനം ഏറ്റവും ഉയർന്നതാണ്. അത് പഠിക്കുക ഏറ്റവും നിർ ബന്ധമായ കാര്യമാണ്. കാരണം ആ വിജ്ഞാന മെന്നാൽ അത് അല്ലാഹുവിനെക്കുറിച്ചും അവന്റെ നാമങ്ങളെക്കുറിച്ചും വിശേഷണങ്ങളെക്കുറിച്ചും അവനോടുള്ള അടിമകളുടെ ബാധ്യതയെ കുറിച്ചുമുള്ള വിജ്ഞാനമാണ്. മാത്രമല്ല, അത് അല്ലാഹുവിലേക്കുള്ള വഴിയുടെ താക്കോലും അവന്റെ മതനിയമങ്ങളുടെ അടിത്തറയുമാണ്.
അതുകൊണ്ടാണ് അല്ലാഹുവിന്റെ മുഴുവൻ റസൂലുകളും അതിലേക്ക് ജനങ്ങളെ ക്ഷണിച്ചത്. അല്ലാഹു പറയുന്നു:
ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ
ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)
അല്ലാഹു ഏകനാണ് എന്നതിന് അവൻ തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു. അവന്റെ മലക്കുകളും അറിവുള്ളവരും അതിന് സാക്ഷികളാണ്. അല്ലാഹു പറയുന്നു:
ﺷَﻬِﺪَ ٱﻟﻠَّﻪُ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ﻭَٱﻟْﻤَﻠَٰٓﺌِﻜَﺔُ ﻭَﺃُﻭ۟ﻟُﻮا۟ ٱﻟْﻌِﻠْﻢِ ﻗَﺎٓﺋِﻤًۢﺎ ﺑِﭑﻟْﻘِﺴْﻂِ ۚ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﺤَﻜِﻴﻢُ
താനല്ലാതെ ഒരു ആരാധ്യനുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന് സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍.(ഖു൪ആന്‍:3/18)
തൗഹീദിന്റെ പ്രാധാന്യം ഇതായിരിക്കെ, ഓരോ മുസ്‌ലിമും തൗഹീദ് പഠിക്കുകയും പഠിപ്പിക്കുകയും തൗഹീദിനെക്കുറിച്ച് ഉറ്റാലോചിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യുക നിർബന്ധമാണ്. തന്റെ മതം സുരക്ഷിതമായ അടിത്തറയിലും സമാധാനത്തിലും സമ്പൂർണ്ണ സമർപ്പണത്തിലും പടുത്തുയർത്താനും, അതിന്റെ ഫലങ്ങളും സൽഫലങ്ങളും അനുഭവിച്ചറിയാനും അതുവഴി സാധിക്കും.
ഇസ്ലാം മതം
അല്ലാഹു മുഹമ്മദ് നബി ﷺ യിലൂടെ നിയോഗിച്ചതും, അതിന് മുമ്പ് ഉണ്ടായിരുന്ന മതസംഹിതകളെല്ലാം അവസാനിപ്പിച്ചുകൊണ്ട് പൂർത്തിയാക്കിയതും, തന്റെ ദാസന്മാർക്കായി പൂർണ്ണമാക്കിക്കൊടുത്തതും, അവർക്ക് അനുഗ്രഹം പൂർണ്ണമാക്കി നൽകിയതും, അവർക്കായി തൃപ്തിപ്പെട്ടു നൽകിയതുമായ മതമാകുന്നു ഇസ്ലാം മതം. അതുകൊണ്ട് ഇതിനപ്പുറം മറ്റൊരാളിൽ നിന്നും യാതൊരു മതവും അവൻ സ്വീകരിക്കുന്നതല്ല. അല്ലാഹു പറയുന്നു:
مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا
മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.(ഖു൪ആന്‍:33/40)
ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (ഖു൪ആന്‍ : 5/3)
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. (ഖുർആൻ:3/19)
وَمَن يَبْتَغِ غَيْرَ ٱلْإِسْلَٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَٰسِرِينَ
ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും. (ഖുർആൻ:3/85)
ഇസ്ലാം മതം സ്വീകരിച്ചുകൊണ്ട് അല്ലാഹുവിന് കീഴൊതുങ്ങുക എന്നതാണ് സകലമനുഷ്യരുടെ മേലും അല്ലാഹു നിർബന്ധമാക്കിയിട്ടുള്ളത്. അല്ലാഹു അവൻ്റെ റസൂലിനെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു:
قُلْ يَٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ لَآ إِلَٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِ ٱلنَّبِىِّ ٱلْأُمِّىِّ ٱلَّذِى يُؤْمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ
പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ (ദൂതന്‍.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം. (ഖു൪ആന്‍:7/158)
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لاَ يَسْمَعُ بِي أَحَدٌ مِنْ هَذِهِ الأُمَّةِ يَهُودِيٌّ وَلاَ نَصْرَانِيٌّ ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِي أُرْسِلْتُ بِهِ إِلاَّ كَانَ مِنْ أَصْحَابِ النَّارِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എൻറെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, ജൂതൻ ആകട്ടെ ക്രിസ്ത്യാനി ആകട്ടെ ഈ ഉമ്മത്തിൽ നിന്ന് എന്നെകുറിച്ച് കേൾക്കുകയും എന്നിട്ട് എന്തുകൊണ്ടാണോ ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിൽ വിശ്വസിക്കാതെ മരിക്കുകയും ചെയ്താൽ അവൻ നരകക്കാരനാകാതിരിക്കുകയില്ല. (മുസ്ലിം:153)
നബി ﷺയിൽ വിശ്വസിക്കുകയെന്നാൽ അവിടുന്ന് കൊണ്ടുവന്ന കാര്യം സ്വീകരിക്കുകയും അതിന് കീഴൊതുങ്ങുകയും പ്രവര്‍ത്തനങ്ങളിലൂടെ അതിനെ സത്യപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അല്ലാതെ കേവലം ശരിവെക്കൽ മാത്രം കൊണ്ട് കാര്യമില്ല. അതുകൊണ്ടാണ് അബൂ ത്വാലിബിനെ നബി ﷺയിൽ വിശ്വസിച്ചവരുടെ കൂട്ടത്തിൽ പരിഗണിക്കാത്തത്. അദ്ദേഹം നബി യുടെ മതത്തെ ശരിവെച്ചിരുന്നു. അതാണ് മതങ്ങളിൽ ഏറ്റവും നല്ല മതം എന്നയാൾ സാക്ഷ്യം വഹിച്ചിരുന്നു.
കഴിഞ്ഞുപോയ മതസംഹിതകളിലെ സകല നന്മകളെയും ഇസ്ലാം മതത്തിൽ അടങ്ങിയിരിക്കുന്നു. എന്നാൽ അവക്കൊന്നുമില്ലാതെ പ്രത്യേകതകൾ ഇസ്‌ലാമിനുണ്ട്. ഇസ്ലാം ഏതുകാലത്തേക്കും ഏതു നാട്ടിലേക്കും ഏതു സമൂഹത്തിനും യോജിച്ചതാണെന്നത് അതിൽ പെട്ടതാകുന്നു. അല്ലാഹു അവൻ്റെ റസൂലിനെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു:
وَأَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَٰبِ وَمُهَيْمِنًا عَلَيْهِ ۖ
(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത് … (ഖു൪ആന്‍:5/48)
ഇസ്ലാം ഏതുകാലത്തേക്കും ഏതു നാട്ടിലേക്കും ഏതു ജനവിഭാഗത്തിനും യോജിച്ചതാണ് എന്നു പറഞ്ഞാൽ അതിനർത്ഥം ഏത് കാലഘട്ടത്തിലായാലും സ്ഥലത്തായാലും അതിനെ മുറുകെപ്പിടിക്കുന്നത് ജനങ്ങളുടെ നന്മകൾക്കോ താൽപ്പര്യങ്ങൾക്കോ എതിരാകുന്നില്ല എന്ന് മാത്രമല്ല, യഥാർത്ഥത്തിൽ അതാണ് അവരുടെ നന്മയും പരിഹാരവും. അല്ലാതെ ഏതു നാട്ടിലെയും ഏതു കാലത്തെയും ആളുകൾക്ക് ഇസ്‌ലാമിനെ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കാം എന്നല്ല അതിനർത്ഥം. അങ്ങനെയാണ് ചിലയാളുകൾ ഈ വാചകം കൊണ്ടുദ്ദേശിക്കുന്നത്.
ഇസ്‌ലാമാണ് സത്യമതം. അത് യഥാവിധി മുറുകെപ്പിടിക്കുന്നവർക്ക് അല്ലാഹു അവന്റെ സഹായം ഉറപ്പ് നൽകിയിരിക്കുന്നു. ഇസ്ലാമിന് മറ്റ് ആദർശങ്ങൾക്ക് മേൽ വിജയം നൽകുന്നതാണ് എന്നതും അവൻ ഏറ്റിട്ടുള്ള കാര്യമാണ്. അല്ലാഹു പറയുന്നു:
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ
സന്‍മാര്‍ഗവും സത്യമതവും കൊണ്ട് -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്‍റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്) അനിഷ്ടകരമായാലും ശരി. (ഖു൪ആന്‍:61/9)
وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ ദീനിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണ്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ് കാരണം). അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍. (ഖു൪ആന്‍:24/55)
ഇസ്‌ലാം മതം എന്നാൽ അഖീദയും ശരീഅത്തുമാണ്. അഖീദയെന്നാൽ വിശ്വാസകാര്യങ്ങളും ശരീഅത്തെന്നാൽ നിയമസംഹിതയുമാണ്. ഇസ്‌ലാമിൻ്റെ അഖീദയും ശരീഅത്തും സമ്പൂർണമാകുന്നു.
ഇസ്‌ലാം മതം:
1. തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം) കൽപിക്കുന്നു. ശിർക്കിൽ (അല്ലാഹുവിന്റെ പങ്കുചേർക്കുന്നതിൽ) നിന്ന് വിലക്കുകയും ചെയ്യുന്നു.
2.സത്യസന്ധത പാലിക്കുവാൻ കൽപിക്കുന്നു. കളവ് വിലക്കുന്നു.
3. നീതി പാലിക്കാൻ കൽപിക്കുന്നു. അനീതി വിലക്കുന്നു. നീതിയെന്നാൽ സമാനമായ കാര്യങ്ങളെ ഒരുപോലെ പരിഗണിക്കുകയും ഭിന്നമായ കാര്യങ്ങളെ വേർതിരിച്ചു കാണുകയും ചെയ്യലാണ്. എന്നാൽ ചില ആളുകൾ “ഇസ്‌ലാം സമത്വത്തിന്റെ മതമാണ്” എന്ന് യാതൊരു ഉപാധിയുമില്ലാതെ (പൊതുവായി) പ്രസ്താവിക്കാറുള്ളത് പോലെ, സമ്പൂർണ്ണമായ തുല്യതയല്ല നീതി. കാരണം, ഭിന്നതകളുള്ള കാര്യങ്ങൾ തമ്മിൽ തുല്യത കൽപ്പിക്കുന്നത് ഇസ്‌ലാം ഒരിക്കലും കൊണ്ടുവന്നിട്ടില്ലാത്ത അനീതിയാണ്, അത്തരം പ്രവൃത്തി ചെയ്യുന്നവരും പ്രശംസിക്കപ്പെടുകയുമില്ല.
4. വിശ്വസ്തത പാലിക്കാൻ കൽപിക്കുന്നു. വഞ്ചന വിലക്കുന്നു.
5.കരാറുകൾ പൂർണമായി പാലിക്കാൻ കൽപിക്കുന്നു. ചതി വിലക്കുന്നു.
6.മാതാപിതാക്കൾക്ക് നന്മ ചെയ്യാൻ കൽപിക്കുന്നു. അവരെ ദ്രോഹിക്കുന്നത് വിലക്കുന്നു.
7.കുടുംബബന്ധം ചേർക്കാൻ കൽപ്പിക്കുന്നു; അവരുമായുള്ള ബന്ധം മുറിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യുന്നു.
8.അയൽവാസികളോട് നല്ല രീതിയിൽ വർത്തിക്കാൻ കൽപ്പിക്കുന്നു; അവരോട് മോശമായി പെരുമാറുന്നതിൽ നിന്ന് വിലക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, ഇസ്‌ലാം മതം എല്ലാ സദാചാരങ്ങളെയും നന്മകളെയും കൽപ്പിക്കുന്നു; എല്ലാ നീചസ്വഭാവങ്ങളെയും തിന്മകളെയും വിരോധിക്കുകയും ചെയ്യുന്നു.
അത് എല്ലാ സൽക്കർമ്മങ്ങളെയും കൽപ്പിക്കുന്നു; എല്ലാ തിന്മയായ പ്രവർത്തനങ്ങളിൽ നിന്നും വിലക്കുകയും ചെയ്യുന്നു.
അല്ലാഹു പറയുന്നു:
إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلْإِحْسَٰنِ وَإِيتَآئِ ذِى ٱلْقُرْبَىٰ وَيَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ وَٱلْبَغْىِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ
തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ് . അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു. (ഖു൪ആന്‍ :16/90)
ഇസ്‌ലാമിന്റെ അടിത്തറകൾ
أركان الإسلام എന്നാൽ ഇസ്ലാമിൻ്റെ അടിത്തറകളാണ്. ഇസ്‌ലാം പണിതുയർത്തപ്പെട്ടിരിക്കുന്നത് അതിന്മേലാണ്. അവ അഞ്ച് കാര്യങ്ങളാണ്. അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നബി ﷺയിൽ നിന്നുദ്ധരിച്ച പ്രസിദ്ധമായ ഹദീഥിൽ ഈ അഞ്ച് കാര്യങ്ങളും പരാമർശിക്കപ്പെട്ടിട്ടുണ്ട്: നബി പറഞ്ഞു:
بُنيَ الإسلام على خمسة: على أنْ يُوَحَّدَ اللهُ – وفي رواية على خمس -: شهادةِ أنْ لا إله إلا الله، وأنَّ محمدًا عبده ورسوله، وإقامِ الصلاة، وإيتاءِ الزكاة، وصيامِ رمضان، والحجِّ.
ഇസ്ലാം പണിതുയർത്തപ്പെട്ടിരിക്കുന്നത് അഞ്ച് കാര്യങ്ങളിന്മേലാണ്: അല്ലാഹുവിനെ ഏകനാക്കുക (ചില റിപ്പോര്‍ട്ടുകളിൽ: അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് അല്ലാഹുവിൻ്റെ അടിമയും റസൂലുമാണെന്നും സാക്ഷ്യം വഹിക്കുക), നമസ്കാരം നിലനിർത്തുക, സകാത്ത് കൊടുക്കുക, റമദാനിൽ നോമ്പെടുക്കുക, ഹജ്ജ് ചെയ്യുക.
ഇതുകേട്ടപ്പോൾ ഒരാൾ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما വോട് ചോദിച്ചു: “ഹജ്ജ് ചെയ്യുക, റമദാനിൽ നോമ്പെടുക്കുക” എന്നല്ലേ? അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ല! “റമദാനിൽ നോമ്പെടുക്കുക, ഹജ്ജ് ചെയ്യുക.” അങ്ങനെയാണ് അല്ലാഹുവിന്റെ റസൂലിൽ നിന്ന് ഞാൻ കേട്ടത്.
1. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നുമുള്ള സാക്ഷ്യപ്പെടുത്തൽ:
നാവുകൊണ്ട് മൊഴിയുന്നതിനോടൊപ്പം ഹൃദയത്തിൽ ഉറച്ച ബോധ്യമുണ്ടാവുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്; എത്രത്തോളമെന്നാൽ, തന്റെ ആ ദൃഢവിശ്വാസം കാരണം ആ കാര്യങ്ങൾ നേരിൽ കാണുന്നതുപോലെ അവന് അനുഭവപ്പെടണം. സാക്ഷ്യപ്പെടുത്തേണ്ട കാര്യങ്ങൾ രണ്ടെണ്ണമുണ്ടെങ്കിലും (അല്ലാഹുവിന്റെ ഏകത്വവും പ്രവാചകത്വവും), ഈ രണ്ട് സാക്ഷ്യങ്ങളെയും ഒരൊറ്റ സ്തംഭമായി നിശ്ചയിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നാൽ:
▪️റസൂൽ ﷺ യാണ് അല്ലാഹുവിൻ്റെ സന്ദേശം ജനങ്ങൾക്കെത്തിച്ചു നൽകുന്നത്. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല എന്ന സാക്ഷ്യം പൂർണമാകുന്നത് മുഹമ്മദ് നബി അല്ലാഹുവിൻ്റെ അടിമയും റസൂലുമാണെന്ന് സാക്ഷ്യം വഹിക്കുമ്പോൾ മാത്രമാണ്. ഇതാവാം കാരണം.
▪️പ്രവർത്തനങ്ങളെല്ലാം സ്വീകരിക്കപ്പെടുന്നതിനുള്ള അടിസ്ഥാനപരമായ മാനദണ്ഡം ഈ രണ്ട് ശഹാദത്തുകളാണ്. അല്ലാഹുവിനു വേണ്ടി മാത്രം നിഷ്കളങ്കമാക്കുകയും (ഇഖ്‌ലാസ്) റസൂലിനെ പിൻപറ്റിക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്താലല്ലാതെ (ഇത്തിബാഅ്) ഒരു കർമവും ശരിയാവുകയോ സ്വീകരിക്കപ്പെടുകയോ ചെയ്യുകയില്ല. ഈ രണ്ട് നിബന്ധനകളും ഒത്തുവരണം. രണ്ട് സാക്ഷ്യങ്ങൾ ഒന്നായി എണ്ണാനുള്ള കാരണം ഇതുമാവാം.
▪️ഇഖ്‌ലാസിലൂടെ, അഥവാ, കർമങ്ങളെല്ലാം അല്ലാഹുവിനു വേണ്ടി മാത്രം നിഷ്കളങ്കമാക്കുന്നതിലൂടെയാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ശഹാദത്ത് സാക്ഷാത്ക്കരിക്കപ്പെടുന്നത്. മുഹമ്മദ് നബിയെ പിൻപറ്റിക്കൊണ്ട് പ്രവർത്തിക്കുമ്പോഴാണ് ‘മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന സാക്ഷ്യം സാക്ഷാത്ക്കരിക്കപ്പെടുന്നത്.
ഈ സാക്ഷ്യം മുഖേന ലഭിക്കുന്ന ശ്രേഷ്ഠമായ ചില ഗുണഫലങ്ങളുണ്ട്: ഹൃദയത്തെയും ശരീരത്തെയും സൃഷ്ടികളോടുള്ള അടിമത്തത്തിൽ നിന്നും മോചിപ്പിക്കുകയും, മുര്‍സലീങ്ങളല്ലാത്തവരോടുള്ള വിധേയത്തത്തിൽ നിന്നും സ്വതന്ത്രമാക്കുകയും ചെയ്യുക എന്നത് അതിലൊന്നാണ്.
2.നമസ്കാരം നിലനിർത്തുക: അല്ലാഹുവിനുള്ള ആരാധന എന്ന നിലക്ക് നമസ്കാരം അതിൻ്റെ സമയത്ത് നിശ്ചിത രൂപത്തിൽ സ്ഥിരമായി നിർവഹിക്കുക.
നമസ്കാരം മുഖേന ലഭിക്കുന്ന സൽഫലങ്ങൾ അനേകമാണ്. ഹൃദയവിശാലതയും കൺകുളിർമയും അതുമുഖേന ലഭിക്കും. നീചവും മോശവുമായ കാര്യങ്ങളിൽ നിന്നും നമസ്കാരം മനുഷ്യരെ തടയുന്നതാണ്.
3.സകാത് കൊടുക്കുക: അല്ലാഹുവിനുള്ള ആരാധന എന്ന നിലക്ക് സകാത്ത് ബാധകമാകുന്ന സമ്പത്തിൻ്റെ നിശ്ചിത ഓഹരി അവകാശപ്പെട്ടവർക്ക് നൽകുക.
ഏറെ പ്രയോജനങ്ങൾ സകാത്ത് മുഖേന ലഭിക്കും. പിശുക്കെന്നെ തരംതാണ സ്വഭാവത്തിൽ നിന്ന് മനസിനെ ശുദ്ധീകരിക്കാൻ സകാത്ത് കൊണ്ട് കഴിയുന്നു. ഇസ്‌ലാമിൻ്റെയും മുസ്‌ലിംകളുടെയും ആവശ്യങ്ങൾ അത് മുഖേന നിറവേറുകയും ചെയ്യുന്നു.
4.റമദാനിലെ നോമ്പ്: അല്ലാഹുവിനുള്ള ആരാധന എന്ന നിലക്ക് റമദാനിൻ്റെ പകൽ മുഴുവൻ നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട്, തനിക്കിഷ്ടപ്പെട്ട കാര്യങ്ങൾ ഉപേക്ഷിക്കാൻ മനസ്സിനെ പരിശീലിപ്പിക്കുക എന്നത് ഇതിന്റെ ഫലങ്ങളിൽ പെട്ടതാണ്.
5.ഹജ്ജ്: അല്ലാഹുവിനുള്ള ആരാധന എന്ന നിലക്ക് ഹജ്ജിൻ്റെ നിശ്ചിതകർമങ്ങൾ നിർവഹിക്കുവാൻ വേണ്ടി മസ്‌ജിദുൽ ഹറാം ലക്ഷ്യമാക്കി ചെല്ലുക.
അല്ലാഹുവിന്റെ പ്രീതിക്കായി സ്വന്തം ശരീരവും സമ്പത്തും ത്യഗിക്കാൻ മനസ്സിനെ പരിശീലിപ്പിക്കുക എന്നത് ഇതിന്റെ ഫലങ്ങളിൽ പെട്ടതാണ്. അതുകൊണ്ടുതന്നെ ഹജ്ജ് എന്നത് അല്ലാഹുവിന്റെ മാർഗത്തിലുള്ള ഒരു ജിഹാദ് കൂടിയാകുന്നു.
ഇസ്‌ലാമിന്റെ അടിത്തറയാകുന്ന ഈ കാര്യങ്ങൾക്ക് ഈ വിവരിച്ചതും അല്ലാത്തതുമായ ധാരാളം ഫലങ്ങളുണ്ട്. അവ യഥാർത്ഥ മതമായ ഇസ്‌ലാം ജീവിതമാക്കിക്കൊണ്ടും, സൃഷ്ടികളോട് നീതിയോടും സത്യസന്ധതയോടും കൂടി പെരുമാറിക്കൊണ്ടും, പരിശുദ്ധവും നിർമ്മലവുമായ ഒരു ഇസ്‌ലാമിക സമൂഹമായി ഈ ഉമ്മത്തിനെ മാറ്റിയെടുക്കുന്നു. കാരണം, ഇസ്‌ലാമിന്റെ മറ്റ് നിയമങ്ങളും ചട്ടങ്ങളും ശരിയാകുന്നത് ഈ അടിസ്ഥാനങ്ങൾ ശരിയാകുമ്പോഴാണ്. മതപരമായ കാര്യങ്ങൾ ശരിപ്പെടുന്നതനുസരിച്ചാണ് ഒരു സമൂഹത്തിന്റെ അവസ്ഥകളും മെച്ചപ്പെടുന്നത്. മതകാര്യങ്ങളിലെ വീഴ്ചകൾക്ക് ആനുപാതികമായി അവരുടെ ഭൗതിക ജീവിതത്തിലെ നന്മകളും അവസരങ്ങളും നഷ്ടപ്പെടുകയും ചെയ്യും.
ഇത് വ്യക്തമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവൻ അല്ലാഹുവിന്റെ ഈ വചനം വായിക്കട്ടെ:
وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا۟ وَٱتَّقَوْا۟ لَفَتَحْنَا عَلَيْهِم بَرَكَٰتٍ مِّنَ ٱلسَّمَآءِ وَٱلْأَرْضِ وَلَٰكِن كَذَّبُوا۟ فَأَخَذْنَٰهُم بِمَا كَانُوا۟ يَكْسِبُونَ ﴿٩٦﴾ أَفَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا بَيَٰتًا وَهُمْ نَآئِمُونَ ﴿٩٧﴾ أَوَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ ﴿٩٨﴾ أَفَأَمِنُوا۟ مَكْرَ ٱللَّهِ ۚ فَلَا يَأْمَنُ مَكْرَ ٱللَّهِ إِلَّا ٱلْقَوْمُ ٱلْخَٰسِرُونَ ﴿٩٩﴾
ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്‍റെ ഫലമായി നാം അവരെ പിടികൂടി. എന്നാല്‍ ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ രാത്രിയില്‍ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ? ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ പകല്‍ സമയത്ത് കളിച്ചു നടക്കുന്നതിനിടയില്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ പറ്റിയും അവര്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയില്ല. (ഖു൪ആന്‍ :7/96-99)
മുൻകാലക്കാരുടെ ചരിത്രത്തിലേക്ക് അവൻ നോക്കട്ടെ; തീർച്ചയായും ബുദ്ധിമാന്മാർക്ക് ചരിത്രത്തിൽ ദൃഷ്ടാന്തങ്ങളുണ്ട്; ഹൃദയത്തിൽ മറകൾ വീണിട്ടില്ലാത്തവർക്ക് അതൊരു ഉൾക്കാഴ്ചയുമാണ്. അല്ലാഹുവാണ് സഹായി.
മുഹമ്മദ് ബ്നു സ്വാലിഹ് അല്‍-ഉഥൈമീന്‍ رحمه الله യുടെ كتاب نبذة في العقيدة الإسلامية എന്ന കൃതിയിൽ നിന്നും
www.kanzululoom.com