ഇസ്ലാമിലെ പൊതുഅടിത്തറകൾ

ഒന്ന്

الأَصْلُ في الأَشْيَاءِ الإِبَاحَةُ، إِلَّا مَا دَلَّ الدَّلِيلُ عَلَى تَحْرِيمِهِ

ഭൂമിയിലെ എല്ലാ വസ്തുക്കളും ഉപയോഗിക്കുന്നത് അനുവദനീയമാണ് എന്നതാണ് പൊതുഅടിത്തറ; ഉപയോഗിക്കരുത് എന്ന് പ്രത്യേകം വിലക്കപ്പെട്ട കാര്യങ്ങൾ ഒഴികെ.

ലോകത്തുള്ള ഭക്ഷണങ്ങൾ, പാനീയങ്ങൾ, ഉപഭോഗ വസ്തുക്കൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് ‘ഹറാം’ (നിഷിദ്ധം) ആണെന്ന് ഖുർആനിലോ ഹദീസിലോ വ്യക്തമായ തെളിവില്ലെങ്കിൽ, അത് അടിസ്ഥാനപരമായി ഹലാൽ (അനുവദനീയം) ആയിരിക്കും.

രണ്ട്

الأَصْلُ في الأَشْيَاءِ الطَّهَارَةُ، إِلَّا مَا دَلَّ الدَّلِيلُ عَلَى نَجَاسَتِهِ

ഭൂമിയിലെ എല്ലാ വസ്തുക്കളും ശുദ്ധിയുള്ളതാണ് എന്നതാണ് പൊതുഅടിത്തറ; മാലിന്യമാണ് എന്ന് പ്രത്യേകം സ്ഥിരപ്പെട്ട കാര്യങ്ങളൊഴികെ.

ഏതൊരു വസ്തുവും അടിസ്ഥാനപരമായി ശുദ്ധമാണ്. അത് അശുദ്ധം ആണെന്ന് തെളിയുന്നത് വരെ അതിനെ ശുദ്ധമായിത്തന്നെ കണക്കാക്കണം.

ഇസ്ലാമിലെ ഈ രണ്ട് പൊതുഅടിത്തറകൾക്ക് പണ്ഡിതന്മാർ തെളിവായി സ്വീകരിച്ചിട്ടുള്ള വിശുദ്ധ ഖുര്‍ആനിലെ വചനം കാണുക:

هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًا

അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്‌.  (ഖു൪ആന്‍:2/29)

ഭൂമിയിലുള്ളതെല്ലാം നമുക്കായി സൃഷ്ടിച്ചിരിക്കുന്നു എന്നത് അല്ലാഹുവിൻ്റെ അനുഗ്രഹമായാണ് ഇവിടെ അവൻ എടുത്തു പറഞ്ഞത്. ഇവയൊന്നും ഉപയോഗിക്കാൻ അനുവാദമില്ലെങ്കിൽ അതൊരു അനുഗ്രഹമെന്ന് വിശേഷിപ്പിക്കുക സാധ്യമല്ലല്ലോ? ചുരുക്കത്തിൽ, ഭൂമിയിലെ ഏതൊരു വസ്തുവും നമുക്ക് ഉപയോഗപ്പെടുത്താം; ഭൂമിയിലുള്ള ചെടികളും മൃഗങ്ങളുമെല്ലാം പ്രയോജനപ്പെടുത്താം; അല്ലാഹുവിൻ്റെ ദീൻ നിഷിദ്ധമാക്കിയിട്ടുണ്ട് എന്ന് വ്യക്തമായി സ്ഥിരപ്പെട്ടത് മാത്രമേ അവൻ ഒഴിവാക്കേണ്ടതുള്ളൂ.

وَفِي هَذِهِ الْآيَةِ الْعَظِيمَةِ دَلِيلٌ عَلَى أَنَّ الْأَصْلَ فِي الْأَشْيَاءِ الْإِبَاحَةُ وَالطَّهَارَةُ، لِأَنَّهَا سِيقَتْ فِي مَعْرِضِ الِامْتِنَانِ، يَخْرُجُ بِذَلِكَ الْخَبَائِثُ، فَإِنَّ تَحْرِيمَهَا أَيْضًا يُؤْخَذُ مِنْ فَحْوَى الْآيَةِ، وَمَعْرِفَةِ الْمَقْصُودِ مِنْهَا، وَأَنَّهُ خَلَقَهَا لِنَفْعِنَا، فَمَا فِيهِ ضَرَرٌ، فَهُوَ خَارِجٌ مِنْ ذَلِكَ، وَمِنْ تَمَامِ نِعْمَتِهِ مَنْعُنَا مِنَ الْخَبَائِثِ؛ تَنْزِيهًا لَنَا.

ഈ മഹത്തായ ആയത്തിൽ, കാര്യങ്ങളുടെ (വസ്തുക്കളുടെ) അടിസ്ഥാന വിധി അത് അനുവദനീയവും ശുദ്ധവുമാണ് എന്നതിനുള്ള തെളിവുണ്ട്. കാരണം, അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ എടുത്തുപറയുന്ന ഘട്ടത്തിലാണ് ഇത് വന്നിട്ടുള്ളത്. ഇതിൽ നിന്ന് മ്ലേച്ഛമായ കാര്യങ്ങൾ പുറത്തുപോകുന്നു. കാരണം അവയുടെ നിഷിദ്ധതയും  ഈ ആയത്തിന്റെ സന്ദേശത്തിൽ നിന്നും അതിന്റെ ഉദ്ദേശ്യത്തിൽ നിന്നും ഗ്രഹിക്കാവുന്നതാണ്. അതായത്, നമ്മുടെ നന്മയ്ക്കും പ്രയോജനത്തിനുമായിട്ടാണ് അവൻ അവയെ സൃഷ്ടിച്ചത്. എന്നാൽ എന്തൊന്നിലാണോ ദോഷമുള്ളത്, അത് ഇതിൽ നിന്ന് പുറത്താണ്. അശുദ്ധ കാര്യങ്ങളിൽ നിന്ന് നമ്മെ തടയുന്നത് നമ്മെ വിശുദ്ധീകരിക്കാനുള്ള അല്ലാഹുവിന്റെ പൂർണ്ണമായ അനുഗ്രഹത്തിൽ പെട്ടതുമാണ്. (تفسير السعدي)

من فوائد الآية: أن الأصل في كل ما في الأرض الحلّ. من أشجار، ومياه، وثمار، وحيوان، وغير ذلك؛ وهذه قاعدة عظيمة؛ وبناءً على هذا لو أن إنساناً أكل شيئاً من الأشجار، فقال له بعض الناس: “هذا حرام”؛ فالمحرِّم يطالَب بالدليل؛ ولو أن إنساناً وجد طائراً يطير، فرماه، وأصابه، ومات، وأكله، فقال له الآخر: “هذا حرام”؛ فالمحرِّم يطالب بالدليل؛ ولهذا لا يَحْرم شيء في الأرض إلا ما قام عليه الدليل ..

ഈ ആയത്തിന്റെ ഗുണങ്ങളിൽ പെട്ടതാണ്: ഭൂമിയിലുള്ള മരങ്ങൾ, വെള്ളം, ഫലവർഗ്ഗങ്ങൾ, മൃഗങ്ങൾ തുടങ്ങി എല്ലാ വസ്തുക്കളുടെയും അടിസ്ഥാനപരമായ വിധി അത് ഹലാലാണ് (അനുവദനീയമാണ്) എന്നതാണ്. ഇതൊരു മഹത്തായ അടിസ്ഥാന തത്ത്വമാണ്. ഇതനുസരിച്ച്, ഒരാൾ മരങ്ങളിൽ നിന്നുള്ള ഏതെങ്കിലും സാധനം തിന്നുകയും, അപ്പോൾ വേറൊരാൾ അയാളോട് ‘ഇത് ഹറാമാണ്’ എന്ന് പറയുകയും ചെയ്താൽ, അത് ഹറാമാക്കിയ ആളോടാണ് തെളിവ് ആവശ്യപ്പെടേണ്ടത്. ഇനി ഒരാൾ പറന്നുപോകുന്ന ഒരു പക്ഷിയെ വെടിവെച്ച് വീഴ്ത്തി അതെടുത്ത് തിന്നുകയും, മറ്റൊരു വ്യക്തി വന്ന് ‘ഇത് ഹറാമാണ്’ എന്ന് പറയുകയും ചെയ്താൽ, അതിലും ഹറാമാക്കിയ ആളോടാണ് തെളിവ് ചോദിക്കേണ്ടത്. അതുകൊണ്ട് തന്നെ, വ്യക്തമായ തെളിവുകളിലൂടെ നിരോധിക്കപ്പെട്ടതല്ലാതെ ഭൂമിയിലുള്ള യാതൊരു വസ്തുവും ഹറാമാകുകയില്ല. (كتاب تفسير العثيمين)

ഒരു കാര്യം ചെയ്യരുത് അല്ലെങ്കിൽ അത് ഹറാമാണ് എന്ന് വാദിക്കുന്ന ആളാണ് അതിനുള്ള ഖുർആനിക/ഹദീസ് തെളിവ് ഹാജരാക്കേണ്ടത്. എന്നാൽ ഒരു കാര്യം ഹലാലാണ് എന്ന് വാദിക്കുന്നയാൾക്ക് പ്രത്യേകം തെളിവ് വേണ്ടതില്ല, കാരണം അടിസ്ഥാന നിയമം അനുവദനീയമാണ്.

ഭൗതിക കാര്യങ്ങളിൽ ഇങ്ങനെയാണെങ്കിൽ ഇബാദത്തുകളുടെ കാര്യം ഇങ്ങനെയല്ല, അത് നേരെ തിരിച്ചാണ്.

ഇബാദത്തിന്റെ കാര്യങ്ങളിൽ അടിസ്ഥാന നിയമം തൗഖീഫിയ്യഃ ആണ്. അതായത് ആരാധനാ കാര്യങ്ങളിൽ അടിസ്ഥാനപരമായ നിയമം വിലക്ക് (നിരോധനം) ആണ്; അല്ലാഹുവോ അവന്റെ റസൂൽ ﷺ യോ നിർദ്ദേശിച്ച തെളിവ് ഉണ്ടാകുന്നതുവരെ.

അപ്പോൾ ഒരു ഇബാദത്തും ചെയ്യാൻ പാടില്ല, അല്ലാഹുവോ അവന്റെ റസൂൽ ﷺ യോ നിർദ്ദേശിച്ചത് ഒഴികെ. അതുമാത്രം ചെയ്യാവുന്നതാണ്.

ശിർക്ക് ബിദ്അത്തുകളുണ്ടാക്കിയ, അല്ലാഹു അനുവദിച്ചത് നിഷിദ്ധമാക്കിയും നിഷിദ്ധമാക്കിയത് അനുവദിച്ചും സ്വന്തം ദേഹേച്ഛകൾക്കനുസരിച്ച് പ്രവർത്തിച്ചും മതത്തിൽ നിയമമുണ്ടാക്കിയവരുടെ വിഷയത്തിൽ അല്ലാഹു പറയുന്നു:

‏أَمْ لَهُمْ شُرَكَٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ

അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? (ഖു൪ആന്‍:42/21)

مَعَ أَنَّ الدِّينَ لَا يَكُونُ إِلَّا مَا شَرَعَهُ اللَّهُ تَعَالَى، لِيَدِينَ بِهِ الْعِبَادُ وَيَتَقَرَّبُوا بِهِ إِلَيْهِ، فَالْأَصْلُ الْحَجْرُ عَلَى كُلِّ أَحَدٍ أَنْ يُشَرِّعَ شَيْئًا مَا جَاءَ عَنِ اللَّهِ وَعَنْ رَسُولِهِ،

അല്ലാഹു ഏതൊരു കാര്യമാണോ മതനിയമമാക്കിയത്, അത് മാത്രമാണ് ‘മതം’ എന്നതിരിക്കെ – ദാസന്മാർ അത് പിന്തുടർന്ന് ജീവിക്കാനും, അതിലൂടെ അവനിലേക്ക് അടുക്കാനും വേണ്ടി – അല്ലാഹുവിൽ നിന്നോ അവന്റെ റസൂലിൽ നിന്നോ വരാത്ത യാതൊരു കാര്യവും (മതത്തിൽ) നിയമമാക്കുന്നതിൽ നിന്ന് ഓരോ വ്യക്തിയും വിലക്കപ്പെട്ടിരിക്കുന്നു എന്നതാണ് അടിസ്ഥാന തത്ത്വം. (تفسير السعدي)

വിശുദ്ധ ഖുർആനിന്റെയോ തിരുസുന്നത്തിന്റെയോ തെളിവുകളില്ലാതെ സ്വന്തം ഇഷ്ടപ്രകാരമോ ആരുടെയെങ്കിലും നിര്‍ദ്ധേശപ്രകാരമോ മതത്തിൽ പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നത് തികച്ചും വിലക്കപ്പെട്ടതാണ്. ഇവിടെയാണ് ബിദ്അത്തിന്റെ ഗൗരവം നാം മനസ്സിലാക്കേണ്ടതാണ്. നബിദിനാഘോഷം അനിസ്ലാമികമാണെന്ന് ഹഖിന്റെ (സത്യത്തിന്റെ) ആളുകൾ പറയുമ്പോൾ, നബിദിനാഘോഷം അനിസ്ലാമികമാണെന്നതിന് തെളിവുണ്ടോ? എന്നാണ് തിരിച്ച് ചോദിക്കുന്നത്. ഈ അടിസ്ഥാന തത്വങ്ങൾ അറിയാത്തതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചോദിക്കുന്നത്. യഥാര്‍ത്ഥത്തിൽ അത് അനുവദനീയമാണെന്നതിന് തെളിവ് നൽകുകയാണവര്‍ വേണ്ടത്.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *