ഖവാരിജുകൾക്ക് സംഭവിച്ച തെറ്റ്

ഇസ്‌ലാമിക ലോകത്ത് കുഴപ്പങ്ങളുടെ വിത്ത് പാകി കടന്നുവന്ന ഒരു വിഭാഗമാണ് ഖവാരിജുകൾ. വിശുദ്ധരും നിരപരാധികളുമായ ഒട്ടനേകം ആളുകൾ അവരുടെ കൊടും ക്രൂരതകൾക്കിരയായി കൊല്ലപ്പെട്ടിട്ടുണ്ട്. മഹാനായ മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിനെ വീട്ടിൽ തടഞ്ഞുവെച്ച് വെട്ടിക്കൊലപ്പെടുത്തിയ ക്രൂരന്മാരാണ് അവർ. പ്രവാചകൻﷺ തന്റെ രണ്ട് പുത്രിമാരെ (ഒരാളുടെ മരണശേഷം മറ്റൊരാളെ) വിവാഹം ചെയ്തു കൊടുത്തതിലൂടെ ‘ദുന്നൂറൈൻ’ (ഇരട്ട പ്രകാശത്തിന്റെ ഉടമ) എന്ന പേരിൽ പ്രസിദ്ധനായ സ്വഹാബി, സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട മഹാവ്യക്തിത്വം, ഇസ്‌ലാമിക ഖിലാഫത്തിലെ മൂന്നാമത്തെ ഖലീഫ… എന്നിങ്ങനെ നിരവധി മഹത്ത്വങ്ങളും പ്രത്യേകതകളുമുള്ള ഒരു ഭരണാധികാരിയായ സ്വഹാബിയെയാണ് അവർ ക്രൂരമായി കൊലപ്പെടുത്തിയത്.

മുസ്‌ലിം നാമധാരികളായ ഇവർക്ക് എങ്ങനെ അത് സാധിച്ചു എന്നത് അത്ഭുതകരവും അവിശ്വസനീയവുമായി നമുക്ക് തോന്നിയേക്കാം. അവിടെയാണ് പിശാചിന്റെ കെണികളുടെയും കുതന്ത്രങ്ങളുടെയും ആഴവും പരപ്പും നമുക്ക് ബോധ്യപ്പെടുന്നത്. കേവലം ഒരു വാശിയിൽ ഉണ്ടായ അടിപിടിയോ കൊലപാതകമോ ആയിരുന്നില്ല അവരുടെത്. മറിച്ച് ഉസ്മാനുബ്‌നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിനെ അവർ വധിച്ചത് പടച്ചവന്റെ പ്രീതിയും പ്രതിഫലവും ആഗ്രഹിച്ചുകൊണ്ടായിരുന്നുവത്രെ!

തുടക്കം ദുൽഖുവൈസ്വിറയിൽ നിന്ന്

നബിﷺയുടെ അടുക്കലേക്ക് യമനിൽ നിന്ന് കുറച്ചു സ്വർണം അലി رَضِيَ اللَّهُ عَنْهُ കൊടുത്തയച്ചു. നബി ﷺ അത് നാല് പേർക്കായി ഓഹരിവച്ചു. സൈദുൽ ഖൈൽ, അഖ്റഅ്ബ്‌നു ഹാബിസ്, ഉയയ്നതുബ്നു ഹിസ്വ‌്‌ൻ, അൽക്വമത്തുബ്‌നു അലാസ എന്നിവരായിരുന്നു ആ നാലുപേർ. നബിﷺ അങ്ങനെ ചെയ്തതിൽ ചിലർക്ക് നീരസമുള്ളതായി മനസ്സിലാക്കിയ അവിടുന്ന് പൊതുവായി ചോദിച്ചു: ‘നിങ്ങൾക്കെന്നിൽ വിശ്വാസമില്ലേ? ഞാൻ അല്ലാഹുവിന്റെ വിശ്വസ്തനായ ദൂതനാണ്. രാവും പകലും എനിക്ക് അവൻ വാനലോകത്തുനിന്ന് ദിവ്യ സന്ദേശം (വഹ്‌യ്) നൽകിക്കൊണ്ടിരിക്കുന്നു.’

പിന്നീട് കുറച്ചു കഴിഞ്ഞ് തലമുണ്ഡനം ചെയ്ത, വസ്ത്രം കയറ്റിയുടുത്ത, ഇടതൂർന്ന താടിയുള്ള, മുന്നിലേക്ക് തള്ളിയ നെറ്റിത്തടത്തോടുകൂടിയ, രണ്ട് കണ്ണുകളും കുഴിഞ്ഞ, താടിയെല്ലുകൾ പ്രകടമായ ഒരാൾ വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം!’

അപ്പോൾ നബിﷺ അയാൾക്ക് നേരെ തിരിഞ്ഞ് തല ഉയർത്തി പറഞ്ഞു: ‘നിനക്ക് നാശം! ജനങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിനെ സൂക്ഷിക്കാൻ ഏറ്റവും കടപ്പെട്ടവൻ ഞാനല്ലയോ?’

ശേഷം അയാൾ അവിടെനിന്ന് എഴുന്നേറ്റുപോയി. അപ്പോൾ ഖാലിദ് رَضِيَ اللَّهُ عَنْهُ നബിﷺയോട് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഞാൻ അയാളുടെ കഴുത്തെടുക്കട്ടെ?’

അപ്പോൾ നബിﷺ പറഞ്ഞു: ‘അയാൾ നമസ്‌കരിക്കുന്ന ആളല്ലേ?’

ഖാലിദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഇങ്ങനെ എത്രയെത്ര നിസ്‌കാരക്കാരാണ്! ഹൃദയത്തിൽ ഇല്ലാത്ത വിശ്വാസം നാവുകൊണ്ട് പറഞ്ഞു നടക്കുന്ന കപടന്മാർ!’ നബിﷺ പറഞ്ഞു: ‘ജനങ്ങളുടെ ഹൃദയം പിളർന്നു നോക്കാൻ എന്നോട് കൽപിക്കപ്പെട്ടിട്ടില്ല.’

അയാൾ തിരിഞ്ഞു നടക്കുന്നത് നോക്കി നബിﷺ പറഞ്ഞു: ‘തീർച്ചയായും ഇവന്റെ ആശയം പേറി പിൽക്കാലത്ത് ഒരു വിഭാഗം വരുന്നതാണ്. അവർ ക്വുർആൻ പാരായണം ചെയ്യും; എന്നാൽ അത് അവരുടെ തൊണ്ടക്കുഴി വിട്ടു ഹൃദയത്തിലേക്ക് ഇറങ്ങിയിട്ടുണ്ടാവില്ല. വേട്ടമൃഗങ്ങളെ ഭേദിച്ച് അമ്പ് പുറത്ത് പോകുന്നതുപോലെ അവർ മതത്തിൽനിന്ന് തെറിച്ചുപോകും’ (ബുഖാരി, മുസ്‌ലിം).

നബിﷺയോട് ഇങ്ങനെ സംസാരിച്ച ആ മനുഷ്യന്റെ പേരാണ് ദുൽഖുവൈസ്വിറതുത്തമീമി. മറ്റൊരു റിപ്പോർട്ടിൽ അയാൾ നബിﷺയോട് ഇപ്രകാരം പറഞ്ഞതായി കാണാം: ‘മുഹമ്മദ്, താങ്കൾ നീതി പാലിക്കണം!’ അപ്പോൾ നബിﷺ പറഞ്ഞു: ‘നിനക്ക് നാശം! ഞാൻ നീതി പാലിച്ചില്ലെങ്കിൽ പിന്നെ ആര് നീതി പാലിക്കും?’

ഇതാണ് ഇാസ്‌ലാമിക ചരിത്രത്തിലെ ഒന്നാമത്തെ ഖവാരിജ്. അഥവാ നേതൃത്വത്തിനെതിരെ പൊട്ടിപ്പുറപ്പെടുന്ന അനുസരണക്കേടിന്റെ ആദ്യ ശബ്ദം. കാരുണ്യത്തിന്റെയും നീതിയുടെയും പ്രവാചകന്റെ മുഖത്ത് നോക്കി നീതി പാലിക്കുക എന്നു പറയാൻ മാത്രം ധിക്കാരം എങ്ങനെ അയാൾക്ക് ഉണ്ടായി?

സത്യവിശ്വാസികൾ ഏറെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും മാത്രം നോക്കിക്കണ്ടിരുന്ന, വിനയപൂർവം, ശബ്ദം താഴ്ത്തി ആദരവോടെ മാത്രം സംസാരിച്ചിരുന്ന നബി ﷺയുടെ നേരെ നോക്കി ഇങ്ങനെ സംസാരിക്കാൻ അയാൾക്ക് എങ്ങനെ ധൈര്യം വന്നു എന്നത് ചിന്തിക്കേണ്ടതാണ്.

അവിടെയാണ് ഇബ്‌നുൽ ജൗസി رحمه الله പറഞ്ഞ കാര്യങ്ങൾ പ്രസക്തമാകുന്നത്: ‘അയാൾക്ക് പറ്റിയ അബദ്ധം എന്തായിരുന്നു എന്ന് ചോദിച്ചാൽ സ്വന്തമായ അഭിപ്രായങ്ങൾക്ക് അയാൾ വലിയ സ്ഥാനവും അപ്രമാദിത്വവും കൽപിച്ചു എന്നതാണത്. നേരെമറിച്ച് അൽപം അവധാനതയോടെ കാര്യങ്ങളെ സമീപിച്ചിരുന്നുവെങ്കിൽ വഹ്‌യിന്റെ അടിസ്ഥാനത്തിൽ മാത്രം സംസാരിക്കുന്ന പ്രവാചകന്റെ വാക്കുകൾക്ക് മീതെ ഒരു അഭിപ്രായത്തിനും പ്രസക്തിയില്ല എന്ന കാര്യം അയാൾക്ക് അറിയാൻ കഴിഞ്ഞിരുന്നേനെ. അയാളുടെ പിന്മുറക്കാരാണ് പിന്നീട് അലിയ്യുബ്‌നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ വിനോട് യുദ്ധം ചെയ്തത്’ (തൽബീസു ഇബ്‌ലീസ്, പേജ് 102).

മുആവിയ رَضِيَ اللَّهُ عَنْهُ വും അലി رَضِيَ اللَّهُ عَنْهُ വും തമ്മിലുള്ള പ്രതിസന്ധി രൂക്ഷമായി തുടർന്നപ്പോൾ വിശുദ്ധ ക്വുർആൻ കുന്തമുനയിൽ ഉയർത്തിക്കാട്ടി ‘ഇതിലേക്ക് വരൂ; പ്രശ്‌നങ്ങൾ അവസാനിപ്പിക്കാം’ എന്ന് ആഹ്വാനം ചെയ്യുകയും പിന്നീട് മധ്യസ്ഥ ചർച്ചക്ക് വന്നവരെ ‘അല്ലാഹുവിനല്ലാതെ വിധി പറയാൻ അവകാശമില്ല’ എന്നു പറഞ്ഞ് നിരാകരിക്കുകയും ചെയ്ത സംഭവവും ഇവരുടെ ചരിത്രത്തിൽ പ്രസിദ്ധമാണ്.

അലി رَضِيَ اللَّهُ عَنْهُ വും കൂട്ടരും സ്വിഫ്ഫീനിൽനിന്നു മടങ്ങി കൂഫയിൽ പ്രവേശിച്ചു. എന്നാൽ ഖവാരിജുകൾ അദ്ദേഹത്തോടൊപ്പം കൂടാതെ കൂഫക്കടുത്തുള്ള ‘ഹറൂറാഅ്’ എന്ന സ്ഥലത്ത് തമ്പടിച്ചു. പന്ത്രണ്ടായിരത്തോളം ആളുകൾ ഉണ്ടായിരുന്നു അവർ. അല്ലാഹുവിനല്ലാതെ വിധിപറയാൻ ആർക്കും അധികാരമില്ല എന്ന മുദ്രാവാക്യമായിരുന്നു അവർ ഉയർത്തിയത്. അങ്ങനെ അലി رَضِيَ اللَّهُ عَنْهُ വിന്റെ നേതൃത്വത്തെ അംഗീകരിക്കാതെ അവർ സ്വന്തമായി ഒരു സംഘമായി യുദ്ധത്തിനും ആരാധനകൾക്കും വേറെ വേറെ ആളുകളെ നേതാക്കളാക്കി നിശ്ചയിച്ച് ആ പ്രദേശത്തെ ഇസ്‌ലാമിക ഖിലാഫത്തിൽനിന്നും വേർപ്പെടുത്തി. ഖവാരിജുകൾ പ്രകടമായി വലിയ ഭക്തന്മാരും ആരാധനാകർമങ്ങൾ അനുഷ്ഠിക്കുന്നവരുമായിരുന്നെങ്കിലും അവരുടെ ധാരണ അലി رَضِيَ اللَّهُ عَنْهُ അടക്കമുള്ള സ്വഹാബത്തിനെക്കാൾ അറിവും പാണ്ഡിത്യവുമുള്ളവർ തങ്ങളായിരുന്നു എന്നതാണ്. അത് വല്ലാത്ത ഒരു രോഗമാണ്. (വിശദ വിവര ത്തിന് ‘തൽബീസു ഇബ്‌ലീസ്’ പേജ് 102 കാണുക)

 

ശമീർ മദീനി

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *