ഒരു മുസ്ലിമിന്റെ മേൽ നിർബന്ധമായ കടമയാണ്, അവൻ സത്യത്തെ പിൻപറ്റുകയും, സലഫുസ്സ്വാലിഹുകളുടെ അനുയായികളായ, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ الطائفة المنصورة (അത്ത്വാഇഫത്തുൽ മൻസൂറ – അല്ലാഹുവിന്റെ സഹായം ലഭിക്കുന്ന വിഭാഗം) യോടൊപ്പം നിലകൊള്ളുക എന്നത്. തന്റെ നാട്ടിലായാലും മറ്റേതൊരു നാട്ടിലായാലും അവരെ അല്ലാഹുവിനുവേണ്ടി സ്നേഹിക്കുകയും, പുണ്യത്തിലും തഖ്വയിലും അവരുമായി സഹകരിക്കുകയും, അവരോടൊപ്പം ചേർന്ന് അല്ലാഹുവിന്റെ ദീനിനെ സഹായിക്കുകയും ചെയ്യേണ്ടതുണ്ട്.
അത്ത്വാഇഫത്തുൽ മൻസൂറയെ സംബന്ധിച്ച് നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന നിരവധി ഹദീസുകളുണ്ട്. അതിൽ ചിലത് കാണുക:
عَنْ مُعَاوِيَةَ بْنِ قُرَّةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِذَا فَسَدَ أَهْلُ الشَّامِ فَلاَ خَيْرَ فِيكُمْ لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي مَنْصُورِينَ لاَ يَضُرُّهُمْ مَنْ خَذَلَهُمْ حَتَّى تَقُومَ السَّاعَةُ ” .
മുആവിയ ബ്നു ഖുർറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശാം നിവാസികൾ ദുഷിച്ചുപോയാൽ പിന്നെ നിങ്ങളിൽ യാതൊരു നന്മയുമില്ല. (എങ്കിലും) എന്റെ ഉമ്മത്തിൽ പെട്ട ഒരു വിഭാഗം (طَائِفَةٌ) അന്ത്യനാൾ വരുന്നത് വരെ സഹായിക്കപ്പെട്ടവരായി (مَنْصُورِينَ) നിലകൊണ്ടുകൊണ്ടേയിരിക്കും. അവരെ കൈവിട്ടവർക്കൊന്നും തന്നെ അവർക്ക് യാതൊരു ദോഷവും വരുത്താൻ സാധിക്കുകയില്ല. (തിര്മിദി:2192)
عَنِ الْمُغِيرَةِ بْنِ شُعْبَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: لاَ يَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ حَتَّى يَأْتِيَهُمْ أَمْرُ اللَّهِ وَهُمْ ظَاهِرُونَ.
മുഗീറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തിൽ പെട്ട ഒരു വിഭാഗം (സത്യത്തിൽ) പ്രകടമായി നിൽക്കുന്നവരായിരിക്കും. അല്ലാഹുവിന്റെ കൽപ്പന വന്നെത്തുന്നതുവരെ അവർ അതേ പ്രകാരത്തിൽ പ്രകടമായി നിൽക്കുന്നവരായിരിക്കും. (ബുഖാരി:7311)
عَنْ مُعَاوِيَةَ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ: لاَ يَزَالُ مِنْ أُمَّتِي أُمَّةٌ قَائِمَةٌ بِأَمْرِ اللَّهِ، لاَ يَضُرُّهُمْ مَنْ خَذَلَهُمْ وَلاَ مَنْ خَالَفَهُمْ حَتَّى يَأْتِيَهُمْ أَمْرُ اللَّهِ وَهُمْ عَلَى ذَلِكَ.
മുആവിയ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തിൽ, അല്ലാഹുവിന്റെ കല്പന അനുസരിച്ച് നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ടായിക്കൊണ്ടേയിരിക്കും. അവരെ കൈവെടിയുന്നവരാകട്ടെ, അവരോടു ഭിന്നിച്ചു നില്ക്കുന്നവരാകട്ടെ – ആരും തന്നെ – അവര്ക്കു ഉപദ്രവം വരുത്തുകയില്ല. അങ്ങിനെ, അവര് അതേ നിലയിലിരിക്കെ അല്ലാഹുവിന്റെ കല്പന (അന്ത്യനാൾ) വന്നെത്തും. (ബുഖാരി:3641)
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما، يَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي يُقَاتِلُونَ عَلَى الْحَقِّ ظَاهِرِينَ إِلَى يَوْمِ الْقِيَامَةِ.
ജാബിര് ബ്നു അബ്ദില്ലാ رضى الله عنهما യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തിൽ പെട്ട ഒരു വിഭാഗം സത്യത്തിന് വേണ്ടി പോരാടിക്കൊണ്ടേയിരിക്കും; അന്ത്യനാൾ വരെ അവർ പ്രകടമായി നിലകൊള്ളും. (മുസ്ലിം:1923)
عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ لاَ يَضُرُّهُمْ مَنْ خَذَلَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ وَهُمْ كَذَلِكَ.
ഥൗബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തിൽ ഒരു വിഭാഗം സത്യത്തിൽ നിലകൊള്ളുന്നവരായി എപ്പോഴും ഉണ്ടായിരിക്കും. അവരെ കൈവെടിയുന്നവർക്ക് അവരെ ഉപദ്രവിക്കാൻ കഴിയില്ല. അല്ലാഹുവിന്റെ കൽപന വരുന്നത് വരെ അവർ അങ്ങനെത്തന്നെയായിരിക്കും. (മുസ്ലിം:1920)
عَنِ الْمُغِيرَةِ بْنِ شُعْبَةَ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ: لاَ يَزَالُ مِنْ أُمَّتِي قَوْمٌ ظَاهِرِينَ عَلَى النَّاسِ، حَتَّى يَأْتِيَهُمْ أَمْرُ اللَّهِ.
മുഗീറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ കൽപ്പന (അഥവാ അന്ത്യനാൾ) അവർക്ക് വന്നെത്തുന്നതുവരെ, എന്റെ ഉമ്മത്തിൽ പെട്ട ഒരു ജനവിഭാഗം ജനങ്ങളുടെ മേൽ (സത്യം തുറന്നുപറഞ്ഞുകൊണ്ട്) പ്രകടമായി നിൽക്കുന്നവരാണ്. (ബുഖാരി:7459)
عَنْ عِمْرَانَ بْنِ حُصَيْنٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي يُقَاتِلُونَ عَلَى الْحَقِّ ظَاهِرِينَ عَلَى مَنْ نَاوَأَهُمْ حَتَّى يُقَاتِلَ آخِرُهُمُ الْمَسِيحَ الدَّجَّالَ. .
ഇംറാൻ ബ്നു ഹുസൈൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തിൽ പെട്ട ഒരു വിഭാഗം സത്യത്തിനായി പോരാടിക്കൊണ്ടേയിരിക്കും. തങ്ങളെ എതിർക്കുന്നവർക്ക് മുകളിൽ അവർ സദാ വിജയികളായി നിലകൊള്ളും. അവരുടെ അവസാനത്തെ ആളുകൾ മസീഹുദ്ദജ്ജാലിനെതിരെ പോരാടുന്നത് വരെ ആ സ്ഥിതി തുടരുന്നതാണ്.” (അബൂദാവൂദ്:2484)
ഈ ഹദീസുകളിൽ നിന്നും നിരവധി കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്; അതിൽ പെട്ടതാകുന്നു:
1.നബി ﷺ യുടെ പ്രസ്താവനയായ لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي (എന്റെ ഉമ്മത്തിൽ പെട്ട ഒരു വിഭാഗം നിലകൊള്ളും) എന്നതിൽ, ഈ പറയപ്പെട്ട ഉത്തമ സമൂഹം എന്നത് മുസ്ലിം ഉമ്മത്തിലെ മുഴുവൻ ആളുകളുമല്ല, മറിച്ച് ഉമ്മത്തിൽ പെട്ട ഒരു ‘പ്രത്യേക വിഭാഗം’ മാത്രമാണ് എന്നതിന് വ്യക്തമായ തെളിവുണ്ട്. കൂടാതെ, ഈ ഉമ്മത്തിൽ തന്നെ വേറെ പല വിഭാഗങ്ങളും ഉണ്ട് എന്നതിലേക്ക് കൂടിയുള്ള ഒരു സൂചനയും ഇതിലുണ്ട്.
2.നബി ﷺ യുടെ പ്രസ്താവനയായ لاَ يَضُرُّهُمْ مَنْ خَالَفَهُمْ (അവരെ എതിർക്കുന്നവർ അവർക്ക് യാതൊരു ദോഷവും വരുത്തുകയില്ല) എന്നതിൽ, ‘അത്ത്വാഇഫത്തുൽ മൻസൂറ’ നിലകൊള്ളുന്ന ദീനീയമായ കാര്യങ്ങളിൽ അവരോട് എതിര് നിലപാടുള്ള മറ്റ് പല വിഭാഗങ്ങളും ദീനിൽ ഉണ്ട് എന്നതിന് തെളിവാണ്. ഇത് തന്നെയാണ് ഉമ്മത്തിന്റെ ഭിന്നതയെക്കുറിച്ച് പ്രതിപാദിക്കുന്ന ഹദീസിന്റെ പൊരുളുമായി പൂർണ്ണമായി യോജിക്കുന്നതും. കാരണം, ആ ഹദീസിൽ പറയുന്ന 72 വിഭാഗങ്ങളും യഥാർത്ഥത്തിൽ രക്ഷപ്പെട്ട ഒരു വിഭാഗം (ഫിർഖത്തുന്നാജിയ്യ) മുറുകെപ്പിടിക്കുന്ന ആ പരമമായ സത്യത്തിൽ നിന്നും എതിര് നിലപാടുള്ളവരാണ്.
3.ഇത് സത്യത്തിന്റെ വക്താക്കൾക്ക് വലിയൊരു സന്തോഷവാർത്തയാണ് നൽകുന്നത്. അതിൽ ‘അത്ത്വാഇഫത്തുൽ മൻസൂറ’ യെ ക്കുറിച്ചുള്ള ഹദീസ്, അവർക്ക് ദുനിയാവിൽ വെച്ചുതന്നെ ലഭിക്കാനിരിക്കുന്ന വലിയ വിജയത്തെയും, അല്ലാഹുവിന്റെ പ്രത്യേക സഹായത്തെയും, സത്യത്തിന്റെ പ്രകടമായ പ്രതാപത്തെയും കുറിച്ചാണ് സന്തോഷവാർത്ത അറിയിക്കുന്നത്.
4.നബി ﷺ യുടെ പ്രസ്താവനയായ حَتَّى يَأْتِيَ أَمْرُ اللَّهِ (അല്ലാഹുവിന്റെ കൽപ്പന വന്നെത്തുന്നതുവരെ) എന്നതിൽ അന്ത്യനാളിന് തൊട്ടുമുമ്പായി വരാനിരിക്കുന്ന ഒരു പ്രത്യേക ശാന്തമായ കാറ്റാണ്. അത് വരികയും, ഭൂമിയിലുള്ള ഏതൊരു മുഅ്മിനായ പുരുഷന്റെയും മുഅ്മിനത്തായ സ്ത്രീയുടെയും റൂഹിനെ ശാന്തമായി ഏറ്റെടുക്കുകയും ചെയ്യും.
ഇത് “എന്റെ ഉമ്മത്തിൽ പെട്ട ഒരു വിഭാഗം അന്ത്യനാൾ വരെ സത്യത്തിൽ നിലകൊള്ളും” എന്ന ഹദീസുമായി ഒട്ടും വൈരുദ്ധ്യമാകുന്നില്ല. കാരണം, ആ ഹദീസിന്റെ അർത്ഥം: അന്ത്യനാളിന്റെ വലിയ അടയാളങ്ങൾ വെളിവാകുകയും, അന്ത്യനാളിനോട് ഏറ്റവും അടുത്തുവെച്ച് ആ ശാന്തമായ കാറ്റ് വന്ന് അവരുടെ ആത്മാക്കളെ ഏറ്റെടുക്കുന്നത് വരെയും അവർ സത്യത്തിൽ തന്നെ ഉറച്ചുനിൽക്കും എന്നത് മാത്രമാണ്.
അത്ത്വാഇഫത്തുൽ മൻസൂറ യുടെ വിശേഷണങ്ങൾ
1.അവർ സത്യത്തിലാണ്.
വിവിധ ഹദീസ് രിവായത്തുകളിൽ അവരെക്കുറിച്ച് വന്നിട്ടുള്ളത് ഇപ്രകാരമാണ്:
▪️അവർ സത്യത്തിലാണ് (على حق)
▪️അവർ അല്ലാഹുവിന്റെ കൽപ്പനയിൽ നിലകൊള്ളുന്നവരാണ്. (على أمر الله)
▪️അവർ ഈയൊരു കാര്യത്തിലാണ് – മാർഗ്ഗത്തിലാണ്. (على هذا الأمر)
▪️ അവർ ശരിയായ ദീനിലാണ്. (على الدين)
ഈ പദപ്രയോഗങ്ങളെല്ലാം വ്യക്തമാക്കുന്നത് ഒരൊറ്റ കാര്യമാണ്: മുഹമ്മദ് നബി ﷺ ഏത് ശുദ്ധമായ ദീനുമായാണോ നിയോഗിക്കപ്പെട്ടത്, ആ യഥാർത്ഥ ദീനിലുള്ള അവരുടെ കൃത്യമായ ഇസ്തിഖാമത്തിനെയാണ് തെളിയിക്കുന്നത്.
2.അവർ അല്ലാഹുവിന്റെ കൽപ്പനകളുമായി നിലകൊള്ളുന്നവരാണ്.
അവർ അല്ലാഹുവിന്റെ കൽപ്പനകളുമായി നിലകൊള്ളുന്നു എന്നതുകൊണ്ട് അർത്ഥമാക്കുന്നത്:
ഒന്ന്) അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുക (ദഅ്വത്ത്) എന്ന മഹത്തായ കൊടിമരം ഉയർത്തിപ്പിടിക്കുന്നതിൽ അവർ മറ്റുള്ള എല്ലാ ജനങ്ങളിൽ നിന്നും വേറിട്ടുനിന്നു.
രണ്ട്) അതോടൊപ്പം തന്നെ, ‘നന്മ കൽപ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുക’ എന്ന അതീവ പ്രധാനമായ ദൗത്യം നിർവ്വഹിക്കുന്നതിൽ അവർ സദാ നിലകൊള്ളുന്നവരുമാണ്.
3. അവർ അന്ത്യനാൾ വരെ പ്രകടമായി നിലകൊള്ളുന്നവരാണ്.
ഹദീസുകൾ ഈ വിഭാഗത്തെ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്:
ظَاهِرِينَ حَتَّى يَأْتِيَهُمْ أَمْرُ اللَّهِ وَهُمْ ظَاهِرُونَ
(സത്യത്തിൽ) പ്രകടമായി നിൽക്കുന്നവരായിരിക്കും; അല്ലാഹുവിന്റെ കൽപ്പന വന്നെത്തുന്നതുവരെ അവർ അതേ പ്രകാരത്തിൽ പ്രകടമായി നിൽക്കുന്നവരായിരിക്കും.
{ظَاهِرِينَ عَلَى الْحَقِّ} أو {عَلَى الْحَقِّ ظَاهِرِينَ}
സത്യത്തിൽ പ്രകടമായി നിൽക്കുന്നവരായിരിക്കും
ظَاهِرِينَ إِلَى يَوْمِ الْقِيَامَةِ
അന്ത്യനാൾ വരെ അവർ പ്രകടമായി നിലകൊള്ളും.
ظَاهِرِينَ عَلَى مَنْ نَاوَأَهُمْ
തങ്ങളെ എതിർക്കുന്നവർക്ക് മുകളിൽ അവർ വിജയികളായി നിലകൊള്ളും.
ഈ الظهور (പ്രകടമാവുക / വിജയിക്കുക) എന്ന വാക്ക് താഴെ പറയുന്ന മൂന്ന് കാര്യങ്ങളെയും ഉൾക്കൊള്ളുന്നതാണ്
ഒന്ന്: സുതാര്യതയും വ്യക്തതയും ഒളിച്ചുവെക്കലില്ലായ്മയും. അവർ സമൂഹത്തിൽ തങ്ങളുടെ ആദർശം കൊണ്ട് വ്യക്തമായി അറിയപ്പെടുന്നവരും പ്രമുഖരും ഉന്നതരുമായിരിക്കും.
രണ്ട്: തങ്ങൾ നിലകൊള്ളുന്ന സത്യത്തിലും ദീനിലും ഇസ്തിഖാമത്തിലും അല്ലാഹുവിന്റെ കൽപ്പനകൾ പാലിക്കുന്നതിലും അവന്റെ ശത്രുക്കൾക്കെതിരെയുള്ള പോരാട്ടത്തിലും സ്ഥിരതയുളളവരായിരിക്കും.
മൂന്ന്: അവർ തങ്ങളെ എതിർക്കുന്നവർക്കും ശത്രുത പുലർത്തുന്നവർക്കും മുകളിൽ എപ്പോഴും ആശയപരമായും പ്രമാണബദ്ധമായും വിജയിച്ചു നിൽക്കുന്നവരായിരിക്കും.
4. അവർ ക്ഷമിക്കുന്നവരും പരസ്പരം ക്ഷമ ഉപദേശിക്കുന്നവരുമാണ്.
عن أبي ثعلبة الخشني – رضي الله عنه – أن النبي – صلى الله عليه وسلم – قال: إن من ورائكم أيام الصبر، الصبر فيه مثل قبض على الجمر.
അബൂഥഅ്ലബ: ഖുശനി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും നിങ്ങളുടെ പിന്നാലെ ക്ഷമയുടെ നാളുകൾ വരാനിരിക്കുന്നുണ്ട്. അക്കാലത്ത് (ദീനിൽ ഉറച്ചുനിൽക്കാൻ) ക്ഷമ അവലംബിക്കുക എന്നത് കനൽക്കട്ട കൈവെള്ളയിൽ പിടിക്കുന്നതിന് തുല്യമായിരിക്കും. (അബുദാവൂദ്, തിർമിദി, ഇബ്നുമാജ)
ആരാണ് അത്ത്വാഇഫത്തുൽ മൻസൂറ
قال البخاري: هم أهل العلم.
ഇമാം ബുഖാരി رحمه الله പറഞ്ഞു: അവര് ഇൽമിന്റെ (അറിവിന്റെ) ആളുകളാണ്.
ധാരാളം പണ്ഡിതന്മാർ എടുത്തുപറഞ്ഞിട്ടുള്ളത്, അവര് أهل الحديث (ഹദീസിന്റെ ആളുകൾ) എന്നാണ്.
قال النووي :ويحتمل أن هذه الطائفة مفرقة بين أنواع المؤمنين : منهم شجعان مقاتلون، ومنهم فـقـهـاء، ومنهم محدّثون، ومنهم زهّاد، وآمرون بالمعروف وناهـون عن المنكر ومنهم أنواع أخرى من الخير.
ഇമാം നവവി رحمه الله പറഞ്ഞു: ഈ സവിശേഷ വിഭാഗം (അത്ത്വാഇഫത്തുൽ മൻസൂറ) വിവിധ തരക്കാരായ വിശ്വാസികൾക്കിടയിലായി വിഭജിക്കപ്പെട്ട് കിടക്കുന്നവരാകാനും സാധ്യതയുണ്ട്: അവരിൽ (ദീനിന്റെ സുരക്ഷയ്ക്കായി നിലകൊള്ളുന്ന) ധീരരായ പോരാളികളുണ്ടാകാം, ഫുഖഹാക്കൾ (കർമ്മശാസ്ത്ര പണ്ഡിതന്മാർ) ഉണ്ടാകാം, മുഹദ്ദിസുകൾ (ഹദീസ് പണ്ഡിതന്മാർ) ഉണ്ടാകാം, സാഹിദുകൾ (ഐഹിക വിരക്തി നേടിയവർ) ഉണ്ടാകാം, നന്മ കൽപ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നവർ ഉണ്ടാകാം, അതുപോലെ നന്മയുടെ മറ്റ് വിവിധ മേഖലകളിൽ പ്രയത്നിക്കുന്നവരും അവരിൽ ഉൾപ്പെടാം.
ഇമാം നവവി رحمه الله പറഞ്ഞു:
يجوز أن تكون الطائفة جماعة متعددة من أنواع المؤمنين، ما بين شجاع وبصير بالحرب وفقيه ومحدّث ومفسّر وقائم بالأمر بالمعروف والنهي عن المنكر وزاهد وعابد
ഈ സവിശേഷ വിഭാഗം (അത്ത്വാഇഫത്തുൽ മൻസൂറ) വിവിധ തരക്കാരായ വിശ്വാസികൾ ഉൾക്കൊള്ളുന്ന ഒന്നിലധികം സംഘങ്ങളാകാനും സാധ്യതയുണ്ട്: അവരിൽ ധീരന്മാരായ ആളുകൾ ഉണ്ടാകാം, യുദ്ധതന്ത്രങ്ങളിൽ അതീവ ജ്ഞാനമുള്ളവർ ഉണ്ടാകാം, ഫുഖഹാക്കൾ (കർമ്മശാസ്ത്ര പണ്ഡിതന്മാർ) ഉണ്ടാകാം, മുഹദ്ദിസുകൾ (ഹദീസ് പണ്ഡിതന്മാർ) ഉണ്ടാകാം, മുഫസ്സിറുകൾ (ഖുർആൻ വ്യാഖ്യാതാക്കൾ) ഉണ്ടാകാം, നന്മ കൽപ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നവർ ഉണ്ടാകാം, സാഹിദുകൾ (ഐഹിക വിരക്തി നേടിയവർ) ഉണ്ടാകാം, അല്ലാഹുവിന് സദാ ഇബാദത്ത് ചെയ്യുന്നവരും ഉണ്ടാകാം.
قال ابن حجر رحمه الله : ولا يلزم أن يكونوا مجتمعين في بلد واحد بل يجوز اجتماعهم في قطر واحد وافتراقهم في أقطار الأرض، ويجوز أن يجتمعوا في البلد الواحد وأن يكونوا في بعض منه دون بعض، ويجوز إخلاء الأرض كلها من بعضهم أولاً فأولاً، إلى أن لا يبقى إلا فرقة واحدة ببلد واحد فإذا انقرضوا جاء أمر الله.
ഇബ്നു ഹജർ رحمه الله പറഞ്ഞു: അവർ (അത്ത്വാഇഫത്തുൽ മൻസൂറ) ഒരൊറ്റ നാട്ടിൽ ഒത്തുുകൂടിയവരാകണം എന്ന് യാതൊരു നിർബന്ധവുമില്ല. മറിച്ച്, അവർ ഒരൊറ്റ ദേശത്ത് ഒരുമിച്ചു കൂടുന്നവരോ അല്ലെങ്കിൽ ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നവരോ ആകാം. അതുപോലെ അവർ ഒരു പ്രത്യേക പട്ടണത്തിൽ ഒരുമിച്ചു കൂടാനും, അതിൽ തന്നെ ചില ഭാഗങ്ങളിൽ മാത്രമായി ഉണ്ടാവുകയും മറ്റ് ഭാഗങ്ങളിൽ ഇല്ലാതിരിക്കാനും സാധ്യതയുണ്ട്. ഇനി, ഭൂമിയിൽ നിന്ന് ഒന്നൊന്നായി ഈ വിഭാഗം പൂർണ്ണമായി ഇല്ലാതായിക്കൊണ്ടിരിക്കാനും സാധ്യതയുണ്ട്; അങ്ങനെ ഒടുവിൽ ഒരൊറ്റ നാട്ടിൽ ഒരൊറ്റ സംഘം മാത്രമായി അവശേഷിക്കുന്നത് വരെ. അവർ കൂടി ഇല്ലാതാകുന്നതോടെ (അന്ത്യനാളിന് തൊട്ടുമുമ്പ്) അല്ലാഹുവിന്റെ ആ കൽപ്പന വന്നെത്തുകയും ചെയ്യും. (ഫത്ഹുൽ ബാരി)
പണ്ഡിതന്മാരുടെ വാക്കുകളെല്ലാം അടിവരയിടുന്നത് ഒരു കാര്യത്തിലാണ്: ഈ ‘അത്ത്വാഇഫത്തുൽ മൻസൂറ’ ജനങ്ങളിൽ പെട്ട ഒരു പ്രത്യേക വിഭാഗത്തിൽ മാത്രം പരിമിതമല്ല; അതുപോലെ തന്നെ അത് ഒരു പ്രത്യേക നാട്ടിൽ മാത്രമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതുമല്ല. എങ്കിലും, നബി ﷺ പറഞ്ഞതുപോലെ, ആ വിഭാഗത്തിന്റെ ഏറ്റവും അവസാനത്തെ സംഘം ശാമിൽ ആയിരിക്കുകയും അവർ ദജ്ജാലിനെതിരെ പോരാടുകയും ചെയ്യും.
ശരീഅത്ത് വിജ്ഞാനീയങ്ങളിൽ – അത് അഖീദ (വിശ്വാസകാര്യങ്ങൾ), ഫിഖ്ഹ് (കർമ്മശാസ്ത്രം), ഹദീസ്, തഫ്സീർ എന്നിവയിലാകട്ടെ, അത് പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും, പ്രബോധനം ചെയ്യുന്നതിലും അത് പ്രായോഗികമായി നടപ്പിലാക്കുന്നതിലും (തത്ബീഖ്) – വ്യാപൃതരായ ആളുകൾ തന്നെയാണ് ‘അത്ത്വാഇഫത്തുൽ മൻസൂറ’ യിൽ മുൻഗണനയുള്ളവർ എന്നതിൽ യാതൊരു സംശയവുമില്ല. ആല്ലാഹുവിന്റെ മാര്ഗത്തിലുള്ള പരിശ്രമങ്ങളിലും (ദഅ്വത്ത്, ജിഹാദ്) നന്മ കൽപ്പിച്ച് തിന്മ വിലക്കുന്നതിലും, ബിദ്അത്തിന്റെ ആളുകൾക്ക് മറുപടി നൽകുന്നതിലും ഏറ്റവും മുൻപന്തിയിൽ നിൽക്കേണ്ടവർ അവർ തന്നെയാണ്.
www.kanzululoom.com