ഖവാരിജുകളുമായുള്ള സംവാദം

പിശാചിന്റെ കെണികളിൽ അകപ്പെട്ടു സത്യത്തിനെതിരിൽ ഏറെ ആവേശത്തോടും വൈകാരികതയോടും കൂടി നിലയുറപ്പിച്ച കക്ഷിയായിരുന്നു ഖവാരിജുകൾ. എന്തെല്ലാം അനർഥങ്ങളാണ് അവരിലൂടെ മുസ്‌ലിം ഉമ്മത്തിനുണ്ടായത് എന്ന കാര്യം ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. എന്നാൽ, അറിവും പക്വതയുമുള്ള നേതാക്കളും പണ്ഡിതന്മാരും സമയോചിതം ഇടപെട്ടാൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ പലർക്കും സത്യം ഉൾക്കൊള്ളാനും തങ്ങളുടെ തെറ്റുധാരണകൾ തിരുത്താനും അത് നിമിത്തമാകും എന്നതിന് മികച്ച ഉദാഹരണമാണ് ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വും ഖവാരിജ് ആശയം തലക്കുപിടിച്ച് അലി رَضِيَ اللَّهُ عَنْهُ വിനെ എതിർത്ത് വേറിട്ട് നിന്നവരും തമ്മിൽ നടന്ന ആശയ സംവാദം.

ഇബ്‌നുൽ ജൗസി رحمه الله ആ സംഭവം ഉദ്ധരിക്കുന്നത് കാണുക: “ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ‘ഖവാരിജുകൾ ഇസ്‌ലാമിക ഭരണകൂടത്തെയും സമൂഹത്തെയും വിട്ട് മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോയപ്പോൾ അവർ 6000 പേരുണ്ടായിരുന്നു. ഖലീഫ അലി رَضِيَ اللَّهُ عَنْهُ വിന് എതിരിൽ വിപ്ലവവുമായി പുറപ്പെടാൻ അവർ ഒന്നടങ്കം തീരുമാനിക്കുകയും ചെയ്തു. അപ്പോൾ ഒരാൾ അലി رَضِيَ اللَّهُ عَنْهُ വിന്റെ പിന്നാലെ കൂടി ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു: ‘അല്ലയോ അമീറുൽ മുഅ്മിനീൻ, ആളുകൾ താങ്കൾക്കെതിരെ പടപ്പുറപ്പാടുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്.’ അപ്പോൾ അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അവരെ അവരുടെ പാട്ടിനു വിട്ടേക്കുക. അവർ നമ്മളോട് യുദ്ധം ചെയ്യുന്നതുവരെ നാം അവരോടും യുദ്ധം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ അത് അവർ താമസിയാതെ ചെയ്യും.’

അങ്ങനെ ഞാൻ (ഇബ്‌നു അബ്ബാസ്) ഒരു ദിവസം ദ്വുഹ്ർ നമസ്‌കാരത്തിന് വന്നപ്പോൾ അലി رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു: ‘അമീറുൽ മുഅ്മിനീൻ, നമസ്‌കാരം അൽപനേരം പിന്തിക്കുകയാണെങ്കിൽ ഞാൻ അവരുമായി ഒന്ന് സംസാരിക്കാമായിരുന്നു.’ അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: ‘തീർച്ചയായും അവർ താങ്കളെ അപായപ്പെടുത്തുമെന്ന് ഞാൻ ഭയക്കുന്നു.’

അപ്പോൾ ഞാൻ (ഇബ്‌നു അബ്ബാസ് ) പറഞ്ഞു: ‘ഇല്ല, ഞാൻ അവരുടെ അടുക്കൽ സൽസ്വഭാവിയും നല്ല മനുഷ്യനുമാണ്.’

അങ്ങനെ എനിക്ക് അദ്ദേഹം അവരുമായി സംസാരിക്കാൻ അനുവാദം നൽകി. അങ്ങനെ ഏറ്റവും നല്ല വസ്ത്രം ധരിച്ച്, മുടിയെല്ലാം ചീകിയൊതുക്കി ഞാൻ അവരുടെ അടുക്കലേക്ക് പുറപ്പെട്ടു. അവരെപ്പോലെ ആരാധനാകർമങ്ങളിൽ ഉത്സാഹികളായ ആളുകളെ വേറെ ഞാൻ കണ്ടിട്ടില്ല. സുജൂദുകൾ കാരണത്താൽ അവരുടെ നെറ്റിത്തടങ്ങളിൽ വ്രണങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അവരുടെ കൈകൾ ഒട്ടകങ്ങളുടെ മുട്ടു പോലെ തഴമ്പിച്ചിട്ടുണ്ട്. നിറം മങ്ങിയ, പഴകി നേർത്ത വസ്ത്രങ്ങളായിരുന്നു അവരുടെത്. രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ചതിനാൽ മെലിഞ്ഞ് വിവർണമായ മുഖങ്ങളായിരുന്നു ഞാൻ കണ്ടത്. ഞാൻ അവരോട് സലാം പറഞ്ഞു. അപ്പോൾ അവർ എനിക്ക് സ്വാഗതമരുളി, എന്താണ് ആഗമനോദ്ദേശ്യം എന്ന് ആരാഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു: ‘മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബിമാരുടെ അടുക്കൽ നിന്നാണ് ഞാൻ നിങ്ങളുടെ അടുക്കലേക്ക് വന്നിട്ടുള്ളത്. അപ്രകാരം തന്നെ നബിﷺയുടെ ജാമാതാവ് അലിയുടെ അടുക്കൽനിന്നുമാണ് എന്റെ വരവ്. അവരിലേക്കാണല്ലോ ക്വുർആൻ അവതരിച്ചത്. നിങ്ങളെക്കാൾ ക്വുർആനിക വചനങ്ങളുടെ അർഥവും താൽപര്യവും അവർക്കാണ് കൂടുതൽ അറിയുക.’ അപ്പോൾ അവരിൽപെട്ട ഒരു വിഭാഗം പറഞ്ഞു: ‘നിങ്ങൾ ക്വുറൈശികളോട് – അഥവാ ഇബ്‌നു അബ്ബാസിനോട്- തർക്കിക്കേണ്ട; കാരണം അല്ലാഹു അവരെക്കുറിച്ച് പറഞ്ഞത് ‘അവർ തർക്കം നടത്തുന്ന ഒരു ജനവിഭാഗമാണ്’ എന്നാണ്.

അപ്പോൾ അവരുടെ കൂട്ടത്തിൽനിന്ന് രണ്ടുമൂന്നാളുകൾ പറഞ്ഞു: ‘ഇല്ല, ഞങ്ങൾ അദ്ദേഹത്തോട് സംസാരിക്കട്ടെ. കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്ക് കഴിയുമല്ലോ?’

അപ്പോൾ ഞാൻ (ഇബ്‌നു അബ്ബാസ്) പറഞ്ഞു: ‘നിങ്ങൾ നബിﷺയുടെ ജാമാതാവിന്റെയും മുഹാജിറുകളുടെയും അൻസ്വാറുകളുടെയും പേരിൽ എന്ത് കുറ്റമാണ് ആരോപിക്കുന്നത്? അവരിലേക്കാണല്ലോ വിശുദ്ധ ക്വുർആൻ അവതരിച്ചത്? അവരിൽനിന്ന് ഒരാളെയും നിങ്ങളുടെ കൂട്ടത്തിൽ ഞാൻ കാണുന്നുമില്ല. അവരാണ് ക്വുർആനിന്റെ വിശദീകരണം ഏറ്റവും കൂടുതൽ അറിയുന്നവർ.’

അവർ പറഞ്ഞു: ‘മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഞങ്ങൾക്ക് പറയാനുള്ളത്.’

ഞാൻ പറഞ്ഞു: ‘ശരി, നിങ്ങൾ പറയൂ.’

അവർ പറഞ്ഞു: ‘ഒന്നാമത്തെ കാര്യം അദ്ദേഹം -അലി رَضِيَ اللَّهُ عَنْهُ – അല്ലാഹുവിന്റെ കാര്യത്തിൽ ആളുകളെ വിധി പറയാൻ നിശ്ചയിച്ചു. അല്ലാഹു പറഞ്ഞത് إِنِ ٱلْحُكْمُ إِلَّا لِلَّهِ {അല്ലാഹുവിനല്ലാതെ വിധി പറയാൻ മറ്റാർക്കും അവകാശമില്ല’ (12:67)} എന്നാണ്. അല്ലാഹുവിന്റെ ഈ വചനം നിലനിൽക്കെ ആ ആളുകൾക്കും അവർ വിധിക്കുന്ന വിധിക്കും എന്ത് പ്രസക്തിയാണുള്ളത്?’

അപ്പോൾ ഞാൻ പറഞ്ഞു: ‘ശരി, ഇത് ഒന്ന്. വേറെ എന്താണുള്ളത്?’

അവർ പറഞ്ഞു: ‘രണ്ടാമത്തെ കാര്യം, അദ്ദേഹം യുദ്ധം ചെയ്യുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആരെയും യുദ്ധത്തടവുകാരായി പിടിക്കുകയോ യുദ്ധാർജിത സ്വത്ത് (ഗനീമത്ത്) നേടുകയും ചെയ്തിട്ടില്ല. അവർ അഥവാ എതിരാളികൾ വിശ്വാസികളായിരുന്നുവെങ്കിൽ എങ്ങനെയാണ് അവർക്കെതിരെ യുദ്ധം ചെയ്യാനും അവരെ വധിക്കാനും സാധിക്കുക? എന്നിട്ടും എന്തുകൊണ്ടാണ് അവരിൽനിന്നും ഒരാളെയും യുദ്ധത്തടവുകാരായി പിടികൂടാതിരുന്നത്?’

ഞാൻ ചോദിച്ചു: ‘ശരി, മൂന്നാമത്തേത് എന്താണ്?’

അവർ പറഞ്ഞു: ‘അദ്ദേഹം സ്വന്തം പേരിൽനിന്ന് അമീറുൽ മുഅ്മിനീൻ എന്ന മഹത്തായ പേര് മായ്ച്ചുകളഞ്ഞു. നിശ്ചയം അദ്ദേഹം വിശ്വാസികളുടെ നേതാവല്ലെങ്കിൽ പിന്നെ അവിശ്വാസികളുടെ നേതാവായിരിക്കും!’

ഞാൻ ചോദിച്ചു: ‘ഇതല്ലാത്ത വേറെ വല്ലതും ഉണ്ടോ?’

അവർ പറഞ്ഞു: ‘ഇതുതന്നെ മതിയല്ലോ.’

ഞാൻ അവരോട് പറഞ്ഞു: ‘അദ്ദേഹം അല്ലാഹുവിന്റെ കാര്യത്തിൽ മനുഷ്യരെ വിധികർത്താക്കളാക്കി എന്ന് നിങ്ങൾ പറഞ്ഞല്ലോ, ഇതിനുള്ള മറുപടി ഞാൻ അല്ലാഹുവിന്റെ കിതാബിൽനിന്നുതന്നെ നിങ്ങൾക്ക് ഓതി തരാം. അത് നിങ്ങളുടെ ഈ വാദത്തെ ഖണ്ഡിക്കുന്നതാണെങ്കിൽ നിങ്ങൾ പ്രസ്തുത വാദത്തിൽ നിന്ന് പിന്തിരിയുമോ?’

അവർ പറഞ്ഞു: ‘അതെ, തീർച്ചയായും.’

ഞാൻ പറഞ്ഞു: ‘നിശ്ചയം, അല്ലാഹു തന്റെ കാര്യത്തിൽ ഒരു കാൽക്കാശിന്റെ വിഷയത്തിൽ അഥവാ ഒരു മുയലിന്റെ വിലയുടെയത്ര നിസ്സാര കാര്യത്തിൽ ആളുകളെ വിധി പറയാൻ നിശ്ചയിച്ചത് നിങ്ങൾക്കറിയില്ലേ? എന്നിട്ട് ക്വുർആനിലെ സൂറത്തുൽ മാഇദയിൽനിന്നുള്ള ‘നിങ്ങൾ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്…’(5:95) എന്ന് തുടങ്ങുന്ന വചനം ഓതിക്കേൾപ്പിച്ചു.’

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْتُلُوا۟ ٱلصَّيْدَ وَأَنتُمْ حُرُمٌ ۚ وَمَن قَتَلَهُۥ مِنكُم مُّتَعَمِّدًا فَجَزَآءٌ مِّثْلُ مَا قَتَلَ مِنَ ٱلنَّعَمِ يَحْكُمُ بِهِۦ ذَوَا عَدْلٍ مِّنكُمْ هَدْيَۢا بَٰلِغَ ٱلْكَعْبَةِ

സത്യവിശ്വാസികളേ, നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്‌. നിങ്ങളിലൊരാള്‍ മനഃപൂര്‍വ്വം അതിനെ കൊല്ലുന്ന പക്ഷം, അവന്‍ കൊന്നതിന് തുല്യമെന്ന് നിങ്ങളില്‍ രണ്ടുപേര്‍ തീര്‍പ്പുകല്‍പിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കല്‍ എത്തിച്ചേരേണ്ട ബലിമൃഗമായി നല്‍കേണ്ടതാണ്‌ ….. (ഖു൪ആന്‍:5/95)

അപ്രകാരം തന്നെ ഒരു സ്ത്രീയുടെയും അവളുടെ ഭർത്താവിന്റെയും വിഷയത്തിലും മനുഷ്യന്മാരെയല്ലേ വിധി പറയാൻ അല്ലാഹു നിശ്ചയിച്ചത്? അല്ലാഹു പറയുന്നു:

وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَٱبْعَثُوا۟ حَكَمًا مِّنْ أَهْلِهِۦ وَحَكَمًا مِّنْ أَهْلِهَآ إِن يُرِيدَآ إِصْلَٰحًا يُوَفِّقِ ٱللَّهُ بَيْنَهُمَآ ۗ إِنَّ ٱللَّهَ كَانَ عَلِيمًا خَبِيرًا

ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്‍റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (ഖു൪ആന്‍:4/35)

എന്നിരിക്കെ, ഞാൻ അല്ലാഹുവിനെ മുൻനിർത്തി നിങ്ങളോട് ചോദിക്കട്ടെ; വിശ്വാസികൾക്കിടയിൽ അനുരഞ്ജനത്തിനും അവരുടെ രക്തം സംരക്ഷിക്കുന്നതിനും ആളുകളുടെ വിധി സ്വീകരിക്കലാണോ അതല്ല കേവലം ഒരു മുയലിന്റെ കാര്യത്തിലും ഒരു സ്ത്രീയുടെ ദാമ്പത്യവിഷയത്തിലും ആളുകളുടെ വിധി സ്വീകരിക്കലാണോ ഏതാണ് ഏറ്റവും ഗൗരവപ്പെട്ടതായി നിങ്ങൾ മനസ്സിലാക്കുന്നത്?’

അവർ പറഞ്ഞു: ‘അതെ, ഇതാണ് ഗൗരവപ്പെട്ടത്.’ ഞാൻ ചോദിച്ചു: ‘എങ്കിൽ നിങ്ങൾ മുമ്പ് ഉന്നയിച്ച ആക്ഷേപത്തിൽനിന്ന് പിന്മാറിയോ?’ അവർ പറഞ്ഞു: ‘അതെ, പിന്മാറി.’

രണ്ടാമത് നിങ്ങൾ പറഞ്ഞത്; അലി رَضِيَ اللَّهُ عَنْهُ വിശ്വാസികളോട് യുദ്ധം ചെയ്തു. അവരിൽനിന്ന് ആരെയും യുദ്ധത്തടവുകാരാക്കിയില്ല, അവരിൽനിന്നും യുദ്ധാർജിത സ്വത്ത് പിടിച്ചെടുത്തില്ല എന്നുമല്ലേ? എങ്കിൽ എങ്ങനെയാണ് നിങ്ങളുടെകൂടി മാതാവായ, അഥവാ വിശ്വാസികളുടെ ഉമ്മയായ ആഇശ رضي الله عنها യെ അടക്കം തടവുകാരാക്കുന്നതിനെ നിങ്ങൾക്ക് അംഗീകരിക്കാനാവുക? അല്ലാഹുവാണെ സത്യം! നിങ്ങളെങ്ങാനും അവർ ഞങ്ങളുടെ ഉമ്മയല്ല എന്നു പറയുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഇസ്‌ലാമിൽനിന്നു തന്നെ പുറത്തുപോയി. അപ്പോൾ നിങ്ങൾ രണ്ട് വഴികേടുകൾക്കിടയിൽ ആയിരിക്കും. കാരണം പ്രവാചക പത്‌നിമാരെ കുറിച്ച് അല്ലാഹു പറഞ്ഞത് ഇങ്ങനെയാണ്:

ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ وَأَزْوَٰجُهُۥٓ أُمَّهَٰتُهُمْ

‘പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേ ഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നു…’ (ഖു൪ആന്‍:33/6)

അങ്ങനെയെങ്കിൽ നിങ്ങളുടെ മേൽവാദത്തിൽനിന്നും നിങ്ങൾ പിന്മാറിയോ?’ അവർ പറഞ്ഞു: ‘അതെ.’ ഞാൻ പറഞ്ഞു: ‘നിങ്ങൾ മൂന്നാമതായി പറഞ്ഞത്, അദ്ദേഹം തന്റെ പേരിൽനിന്ന് അമീറുൽ മുഅ്മിനീൻ എന്ന വിശിഷ്ടമായ സ്ഥാനപ്പേര് മായ്ച്ചു എന്നതാണല്ലോ. എന്നാൽ നിങ്ങളെല്ലാം തൃപ്തിപ്പെടുന്ന ഒരാളെ ചരിത്രത്തിൽനിന്നും ഞാൻ നിങ്ങൾക്ക് സമർപ്പിക്കാം. നിശ്ചയം, നബിﷺ ഹുദൈബിയ സന്ധിയുടെ അന്ന് മുശ്‌രിക്കുകളുടെ നേതാക്കളായിരുന്ന അബൂ സുഫിയാൻ, സുഹൈൽ മുതലായവരോട് സന്ധിയിൽ ഏർപ്പെട്ട ചരിത്രം നിങ്ങൾക്കറിയില്ലേ? അന്ന് നബിﷺ അലി رَضِيَ اللَّهُ عَنْهُ  വിനോട് പറഞ്ഞു: ‘അലീ, അവരുമായി നീ ഒരു ഉടമ്പടി എഴുതുക,’ അങ്ങനെ അലി رَضِيَ اللَّهُ عَنْهُ ഇപ്രകാരം ഉടമ്പടി എഴുതാൻ ആരംഭിച്ചു: ‘ഇത് അല്ലാഹുവിന്റെ ദൂതൻ മുഹമ്മദുമായുള്ള ഉടമ്പടിയാണ്.’ അപ്പോഴേക്കും മക്കാമുശ്‌രിക്കുകൾ പറഞ്ഞു: ‘അല്ലാഹുവാണെ, താങ്കൾ അല്ലാഹുവിന്റെ ദൂതനാണ് എന്ന കാര്യം ഞങ്ങൾ ക്കറിയില്ല. ഞങ്ങൾ അപ്രകാരം അംഗീകരിക്കുന്നുവെങ്കിൽ ഞങ്ങളും നിങ്ങളും തമ്മിൽ ഒരു തർക്കത്തിനും ഏറ്റുമുട്ടലിനുമൊന്നും ഒരു ആവശ്യമില്ലല്ലോ.’ അപ്പോൾ നബിﷺ പറഞ്ഞു: ‘അല്ലാഹുവേ, ഞാൻ അല്ലാഹുവിന്റെ ദൂതനാണ് എന്നത് തീർച്ചയായും നീ അറിയുന്നുണ്ട്. അലീ, താങ്കൾ അത് മായ്ച്ചിട്ട് ഇപ്രകാരം എഴുതൂ: ‘ഇത് അബ്ദുല്ലയുടെ മകൻ മുഹമ്മദുമായുള്ള ഉടമ്പടിയാണ്.’ അല്ലാഹുവാണെ സത്യം! അല്ലാഹുവിന്റെ റസൂൽ അലിയ്യിനെക്കാൾ എത്രയോ ഉത്തമനാണ്. അവിടുന്ന് അതിനെക്കാൾ മഹത്തരമായ സ്ഥാനപ്പേര് മായ്ച്ചില്ലേ?

അങ്ങനെ ഈ ചർച്ചക്കൊടുവിൽ ഖവാരിജുകളുടെ കൂട്ടത്തിൽനിന്ന് രണ്ടായിരത്തോളം ആളുകൾ സത്യമാർഗത്തിലേക്ക് മടങ്ങി. (തൽബീസു ഇബ്‌ലീസ്, പേജ് 104)

 

ശമീർ മദീനി

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *