പ്രാർത്ഥന ആരാധനയാണ് എന്നതിനുള്ള തെളിവുകൾ

ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ തീര്‍ച്ചയായും അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌. (ഖു൪ആന്‍ : 40/60)

ഈ ആയത്തിന്റെ തുടക്കത്തിൽ അല്ലാഹു “നിങ്ങൾ എന്നോട് പ്രാര്‍ത്ഥിക്കൂ” (ادْعُونِي) എന്ന് പറഞ്ഞുകൊണ്ട് പ്രാർത്ഥനയെക്കുറിച്ച് സംസാരിച്ചിട്ട്, തൊട്ടടുത്ത ഭാഗത്ത് “എന്നെ ആരാധിക്കാൻ അഹങ്കാരം നടിക്കുന്നവർ” (عَنْ عِبَادَتِي) എന്ന് പറഞ്ഞ് ആ പ്രാർത്ഥനയെ ‘ആരാധന’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു എന്നതാണ്.

وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ ‎﴿٥﴾‏ وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَٰفِرِينَ ‎﴿٦﴾‏

അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും. (ഖു൪ആന്‍ :46/5-6)

ഈ ആയത്തുകളുടെ തുടക്കത്തിൽ അല്ലാഹു അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുന്നതിനെ “يَدْعُو” (പ്രാർത്ഥിക്കുന്നു) എന്ന് വിശേഷിപ്പിച്ചിട്ട്, അടുത്ത ആയത്തിൽ അതിനെ “بِعِبَادَتِهِمْ” (അവരുടെ ആരാധന) എന്ന് വ്യക്തമായി പ്രയോഗിച്ചിരിക്കുന്നു. അതായത്, അല്ലാഹുവല്ലാത്ത ആരോടാണോ ഒരാൾ പ്രാർത്ഥിക്കുന്നത്, ആ പ്രാർത്ഥനയെ അല്ലാഹു നേരിട്ട് ‘ആരാധന’ ആയിട്ടാണ് കണക്കാക്കുന്നത്. പ്രാർത്ഥന എന്നത് കേവലം ഒരു വിളി മാത്രമല്ല, മറിച്ച് അതൊരു  ആരാധനയാണെന്നും, അത് അല്ലാഹുവിനല്ലാതെ മറ്റാർക്കെങ്കിലും അർപ്പിച്ചാൽ അത്  ശിർക്കാണെന്നും ഈ വചനം പഠിപ്പിക്കുന്നു.

وَٱلَّذِينَ تَدْعُونَ مِن دُونِهِۦ مَا يَمْلِكُونَ مِن قِطْمِيرٍ ‎﴿١٣﴾‏ إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْ ۚ… ‎﴿١٤﴾‏

അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.  നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌ …. (ഖു൪ആന്‍ :35/13-14)

ഈ ആയത്തിന്റെ അവസാന ഭാഗത്ത് {ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌}എന്നാണല്ലോ പറഞ്ഞിട്ടുള്ളത്.  അല്ലാഹുവല്ലാത്തവരോട് നടത്തുന്ന പ്രാർത്ഥനയെയും വിളിച്ചുതേടലിനെയും അല്ലാഹു ശിര്‍ക്ക് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രാർത്ഥന എന്നത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ആരാധനയാണെന്നും, അത് മറ്റുള്ളവർക്ക് നൽകുന്നത് അവനിൽ പങ്കുചേർക്കലാണെന്നും ഇത് വ്യക്തമാക്കുന്നു.

عن النُّعْمَانِ بْنِ بَشِيرٍ قَالَ : سَمِعْتُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – يَقُولُ : الدُّعَاءُ هُوَ الْعِبَادَةُ. ثُمَّ قَرَأَ : {وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ}

നുഅ്മാനുബ്‌നു ബശീർ‌ؓ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രാർത്ഥന, അതുതന്നെയാണ്‌ ആരാധന. ശേഷം നബി ﷺ ഓതി: {നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.} (ഖു൪ആന്‍ : 40/60) (തിർമുദി, ഇബ്‌നുമാജ, അഹ്‌മദ്‌)

عَنْ أَبِي هُرَيْرَةَ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : لَيْسَ شَيْءٌ أَكْرَمَ عَلَى اللَّهِ تَعَالَى مِنَ الدُّعَاءِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന് പ്രാർത്ഥനയേക്കാൾ ആദരണീയമായ മറ്റൊരു കാര്യവുമില്ല. [തിർമിദി: 3370, ഇബ്‌നുമാജ: 3829, സ്വഹീഹുൽ ജാമിഅ്:5392)

ഈ ഹദീസ്, പ്രാർത്ഥന എന്നത് കേവലം ഒരു ആവശ്യപ്പെടൽ മാത്രമല്ല, മറിച്ച് സ്രഷ്ടാവിനു മുന്നിലുള്ള അടിമയുടെ സമ്പൂർണ്ണ സമർപ്പണവും താഴ്മയുടെ പ്രകടനവുമായ  ആരാധനയാണെന്ന് വ്യക്തമാക്കുന്നു. അല്ലാഹുവിലേക്ക് അടിമ തന്റെ നിസ്സഹായാവസ്ഥയും ആശ്രയബോധവും പൂർണ്ണമായി സമർപ്പിക്കുന്ന ഈ പ്രക്രിയയാണ് എല്ലാ ആരാധനകളുടെയും ആത്മാവും സാരവും.

ദുആ എന്നത് ഇബാദത്ത് മാത്രമല്ല, ‘ഇബാദത്തിന്റെ മർമ്മം’ അഥവാ അതിന്റെ കാതലുമാണ് എന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. ഇത് തൗഹീദിന്റെ അടിസ്ഥാന ശിലയുമാണ്. അതുകൊണ്ടാണ് സർവ്വ ശക്തനായ അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാൻ പാടുകയുള്ളൂ എന്ന് ഇസ്ലാം പഠിപ്പിക്കുന്നത്.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *