ജനങ്ങൾക്ക് നന്മ പഠിപ്പിക്കാനും അതിലേക്ക് അവരെ ക്ഷണിക്കാനും, നന്മ കൽപ്പിക്കാനും തിന്മ വിരോധിക്കാനും, അവരുടെ പ്രയാസങ്ങളിൽ സഹനത്തോടെ വർത്തിക്കാനും ജനങ്ങളുമായി ഇടപഴുകാൻ പ്രേരിപ്പിക്കുന്ന തെളിവുകള്‍ ഖുർആനിലും സുന്നത്തിലും വന്നിട്ടുണ്ട്. അതേസമയം, അവരുമായുള്ള സമ്പർക്കം വെടിയാനും അവരുമായി ഇടപഴകാതിരിക്കാനും പ്രേരിപ്പിക്കുന്ന തെളിവുകളും വന്നിട്ടുണ്ട്.
അതുകൊണ്ടുതന്നെ, ഏകാന്തതയാണോ അതോ ജനങ്ങളുമായി ഇടപഴകുന്നതാണോ കൂടുതൽ ഉത്തമം എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്.
ഏകാന്തതയാണ് ഉത്തമമെന്ന് വാദിക്കുന്നവരുടെ തെളിവ്:
عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ جَاءَ أَعْرَابِيٌّ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ أَىُّ النَّاسِ خَيْرٌ قَالَ ” رَجُلٌ جَاهَدَ بِنَفْسِهِ وَمَالِهِ، وَرَجُلٌ فِي شِعْبٍ مِنَ الشِّعَابِ يَعْبُدُ رَبَّهُ، وَيَدَعُ النَّاسَ مِنْ شَرِّهِ ” .
അബൂ സഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു ഗ്രാമീണൻ നബി ﷺ യുടെ അടുക്കൽ വന്നിട്ട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമൻ ആരാണ്?’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘തന്റെ ശരീരവും സമ്പത്തും കൊണ്ട് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പരിശ്രമിക്കുന്ന (ജിഹാദ് ചെയ്യുന്ന) മനുഷ്യനും, മലനിരകളിലെ ഏതെങ്കിലും ഒരു താഴ്വരയിൽ തന്റെ റബ്ബിനെ ആരാധിച്ചുകൊണ്ട് കഴിയുകയും, തന്റെ ഉപദ്രവങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിവാക്കി നിർത്തുകയും ചെയ്യുന്ന മനുഷ്യനുമാണ്. (ബുഖാരി:6494)
عَنْ عُقْبَةَ بْنِ عَامِرٍ، قَالَ قُلْتُ يَا رَسُولَ اللَّهِ مَا النَّجَاةُ قَالَ ” أَمْسِكْ عَلَيْكَ لِسَانَكَ وَلْيَسَعْكَ بَيْتُكَ وَابْكِ عَلَى خَطِيئَتِكَ ” .
ഉഖ്ബത്തുബ്നു ആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, (പരലോകത്തെ) രക്ഷ എന്തിലാണ്?’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘നിന്റെ നാവിനെ നീ നിയന്ത്രിക്കുക, നിന്റെ വീട് നിനക്ക് വിശാലമാകട്ടെ (അനാവശ്യമായ പുറത്തിറങ്ങലുകളും ഇടപഴകലുകളും ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുക), നിന്റെ തെറ്റുകളെ ഓർത്ത് നീ കരയുക.’ (തിര്‍മിദി:2406)
ഹുദൈഫത്തുബ്നു യമാൻ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ, നബി ﷺ പറഞ്ഞു:
فَاعْتَزِلْ تِلْكَ الْفِرَقَ كُلَّهَا، وَلَوْ أَنْ تَعَضَّ بِأَصْلِ شَجَرَةٍ، حَتَّى يُدْرِكَكَ الْمَوْتُ، وَأَنْتَ عَلَى ذَلِكَ
(ആ കുഴപ്പങ്ങളുടെ) കക്ഷികളെല്ലാം നീ വെടിയുക; ഒരു മരത്തിന്റെ വേരിൽ നീ കടിച്ചുകടിച്ചു പിടിച്ചുകൊണ്ട് നിൽക്കേണ്ടി വന്നാലും ശരി, മരണം നിന്നെ വന്നുചരുന്നത് വരെ നീ ആ അവസ്ഥയിൽ തന്നെ തുടരുക. (ബുഖാരി:7084)
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” يُوشِكُ أَنْ يَكُونَ خَيْرَ مَالِ الْمُسْلِمِ غَنَمٌ، يَتْبَعُ بِهَا شَعَفَ الْجِبَالِ وَمَوَاقِعَ الْقَطْرِ، يَفِرُّ بِدِينِهِ مِنَ الْفِتَنِ ”.
അബൂ സഈദ് അൽ-ഖുദ്രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഒരു മുസ്ലിമിന്റെ ഏറ്റവും മികച്ച സമ്പത്ത് ആടുകളായിത്തീരുന്ന ഒരു കാലം അടുത്തുവന്നിരിക്കുന്നു. മലമുകളിലെ ചുരങ്ങളിലൂടെയും മഴവെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങളിലൂടെയും (പുല്ലും വെള്ളവും തേടി) അവൻ ആടുകളെയും കൊണ്ടുനടക്കും; ഫിത്നകളിൽ (കുഴപ്പങ്ങളിൽ) നിന്ന് തന്റെ മതം രക്ഷിച്ചുകൊണ്ട് അവൻ (സമൂഹത്തിൽ നിന്ന്) ഒഴിഞ്ഞുമാറുകയും ചെയ്യും.’ (ബുഖാരി:7088)
قال عمر رَضِيَ اللَّهُ عَنْهُ: خذوا بحظكم من العزلة.
ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഏകാന്തതയിൽ നിന്നുള്ള നിങ്ങളുടെ ഓഹരി നിങ്ങൾ കരസ്ഥമാക്കുക.’
قال سعد بن أبي وقاص: لوددت أن بيني وبين الناس بابًا من حديد، لا يكلمني أحد ولا أكلمه، حتى ألقى الله سبحانه.
സഅ്ദ് ബിൻ അബീ വഖാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘എനിക്കും ജനങ്ങൾക്കുമിടയിൽ ഇരുമ്പു കൊണ്ട് ഒരു വാതിലുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു; ആരും എന്നോട് സംസാരിക്കുകയോ ഞാൻ ആരോടും സംസാരിക്കുകയോ ഇല്ല, ഞാൻ അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ…’ [مختصر منهاج القاصدين (ص142).]
ഒപ്പം ഇതുപോലെയുള്ള മറ്റ് തെളിവുകളും.
ജനങ്ങളോട് ഇടപഴുകലാണ് ഉത്തമമെന്ന് വാദിക്കുന്നവരുടെ തെളിവ്:
അല്ലാഹു പറയുന്നു:
وَقَالُوا۟ مَالِ هَٰذَا ٱلرَّسُولِ يَأْكُلُ ٱلطَّعَامَ وَيَمْشِى فِى ٱلْأَسْوَاقِ ۙ لَوْلَآ أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُۥ نَذِيرًا
അവര്‍ പറഞ്ഞു: ഈ ദൂതന് എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല? (ഖു൪ആന്‍:25/7)
നബി ﷺ അങ്ങാടികളിലൂടെ ജനങ്ങള്‍ക്കിടയില്‍ നടക്കുകയും, അവരോട് കൽപ്പിക്കുകയും വിലക്കുകയും, അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. അല്ലാഹു പറഞ്ഞതുപോലെ:
وَمَآ أَرْسَلْنَا قَبْلَكَ مِنَ ٱلْمُرْسَلِينَ إِلَّآ إِنَّهُمْ لَيَأْكُلُونَ ٱلطَّعَامَ وَيَمْشُونَ فِى ٱلْأَسْوَاقِ ۗ وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً أَتَصْبِرُونَ ۗ وَكَانَ رَبُّكَ بَصِيرًا
ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്കുമുമ്പ് ദൂതന്മാരില് ആരെയും നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങള്‍ ക്ഷമിക്കുമോ എന്ന് നോക്കാനായി നിങ്ങളില്‍ ചിലരെ ചിലര്‍ക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. (നിന്റെ രക്ഷിതാവ് (എല്ലാം) കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍ :25/20)
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ :الْمُؤْمِنُ الَّذِي يُخَالِطُ النَّاسَ وَيَصْبِرُ عَلَى أَذَاهُمْ أَعْظَمُ أَجْرًا مِنَ الْمُؤْمِنِ الَّذِي لاَ يُخَالِطُ النَّاسَ وَلاَ يَصْبِرُ عَلَى أَذَاهُمْ.
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളുമായി ഇടപഴകുകയും അവരുടെ ഭാഗത്തുനിന്നുള്ള ഉപദ്രവങ്ങൾ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസി, ജനങ്ങളുമായി ഇടപഴകാതെയും അവരുടെ ഉപദ്രവങ്ങൾ ക്ഷമിക്കാതെയും കഴിയുന്ന വിശ്വാസിയേക്കാൾ മഹത്തായ പ്രതിഫലം ലഭിക്കുന്നവനാണ്. (ഇബ്നുമാജ:4032)
ജുമുഅയിലും ജമാഅത്തുകളിലും പങ്കെടുക്കുക, രോഗികളെ സന്ദർശിക്കുക, ജനാസയെ അനുഗമിക്കുക, ക്ഷണം സ്വീകരിക്കുക, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക തുടങ്ങിയ അല്ലാഹു മുസ്ലിംകൾക്ക് നിർബന്ധമാക്കിയ കാര്യങ്ങളും തെളിവായി ഈ വിഭാഗം ഉദ്ധരിച്ചു; ജനങ്ങളുമായി ഇടപഴകുന്നതിലൂടെയല്ലാതെ ഇതൊന്നും സാധ്യമാവുകയില്ലല്ലോ.
ഈ വിഷയത്തിൽ കൃത്യമായി വേർതിരിച്ചറിയുന്നതാണ് ശരിയായ നിലപാട്. അല്ലാഹു അറിവും കഴിവും നൽകുകയും, ഫിത്നകളിൽ (പരീക്ഷണങ്ങളിൽ) അകപ്പെടാതെ സുരക്ഷിതനായി നിന്നുകൊണ്ട് അറിവ് പകരുക, നന്മയിലേക്ക് ക്ഷണിക്കുക, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള സമ്പർക്കത്തിന്റെ ബാധ്യതകൾ നിർവഹിക്കാൻ സാധിക്കുകയും ചെയ്യുന്നവനെ സംബന്ധിച്ചിടത്തോളം ജനങ്ങളുമായി ഇടപഴകുന്നതാണ് ഏറ്റവും ശ്രേഷ്ഠം. എന്നാൽ അതിന് കഴിവില്ലാത്തവനും തന്റെ ദീനിൽ കുഴപ്പമുണ്ടാകുമെന്ന് ഭയപ്പെടുന്നവനുമായ ഒരാളെ സംബന്ധിച്ചിടത്തോളം ഏകാന്തതയാണ് കൂടുതൽ ഉചിതം. എങ്കിലും, ഏകാന്തതയേക്കാള്‍ ശ്രേഷ്ഠമായത് ജനങ്ങളോട് ഇടപഴുകലാണ് തന്നെയാണ്; നേരത്തെ ഉദ്ധരിച്ച ഹദീസിൽ നബി ﷺ പറഞ്ഞതു പോലെ:
الْمُؤْمِنُ الَّذِي يُخَالِطُ النَّاسَ وَيَصْبِرُ عَلَى أَذَاهُمْ أَعْظَمُ أَجْرًا مِنَ الْمُؤْمِنِ الَّذِي لاَ يُخَالِطُ النَّاسَ وَلاَ يَصْبِرُ عَلَى أَذَاهُمْ.
ജനങ്ങളുമായി ഇടപഴകുകയും അവരുടെ ഭാഗത്തുനിന്നുള്ള ഉപദ്രവങ്ങൾ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസി, ജനങ്ങളുമായി ഇടപഴകാതെയും അവരുടെ ഉപദ്രവങ്ങൾ ക്ഷമിക്കാതെയും കഴിയുന്ന വിശ്വാസിയേക്കാൾ മഹത്തായ പ്രതിഫലം ലഭിക്കുന്നവനാണ്. (ഇബ്നുമാജ:4032)
ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ട രണ്ട് പ്രധാന കാര്യങ്ങളുണ്ട്:
ഒന്ന്: പ്രബോധന രംഗത്തുള്ള ചിലർ ജനങ്ങളുമായി ഇടപഴകുമ്പോൾ, ആളുകൾ ചെയ്യുന്ന തെറ്റുകൾ കണ്ടില്ലെന്ന് നടിക്കുകയും അവരെ പ്രീണിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതിനെ അവർ ‘മര്യാദ’യെന്നോ ‘ഹിക്മത്ത്’ എന്നോ വിളിക്കുന്നു. മുകളിൽ പറഞ്ഞ ഹദീസാണ് ഇതിന് തെളിവായി അവർ പറയുന്നത്.
എന്നാൽ ആ ഹദീസ് അവരുടെ വാദത്തെയാണ് എതിർക്കുന്നത്. കാരണം, സത്യം തുറന്നുപറയുമ്പോഴും നന്മ കൽപ്പിക്കുമ്പോഴുമാണ് ജനങ്ങളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. അതാണ് ഹദീസിൽ ക്ഷമിക്കണമെന്ന് പറഞ്ഞത്. എന്നാൽ ഈ കൂട്ടർ ജനങ്ങളുമായി കൂട്ടുചേരുന്നത് സ്വന്തം താൽപ്യങ്ങളും സ്ഥാനമാനങ്ങളും സംരക്ഷിക്കാനും, ദീനിന് ഹാനി വന്നാൽ പോലും പ്രയാസങ്ങളിൽ നിന്ന് ഒളിച്ചോടാനുമാണ്.
മുഹമ്മദ് ﷺ യുടെയും നമ്മുടെയും മാതൃകയായ ഇബ്രാഹിം നബി عليه السلام യുടെ പ്രബോധനം ഇവരുടെ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അദ്ധേഹത്തിന്റെ പ്രബോധനം രണ്ട് കാര്യങ്ങളിൽ അധിഷ്ഠിതമായിരുന്നു:
1) അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുക, അവനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുക, അല്ലാഹുവല്ലാത്ത മറ്റൊന്നിനെയും ആരാധിക്കാതിരിക്കുക.
2) വിശ്വാസത്തെയും നന്മയെയും അടിസ്ഥാനമാക്കി സ്നേഹിക്കുകയും, അവിശ്വാസത്തെയും തിന്മയെയും വെറുക്കുകയും എതിർക്കുകയും ചെയ്യുക. അല്ലാഹു പറഞ്ഞു:
وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ وَقَوْمِهِۦٓ إِنَّنِى بَرَآءٌ مِّمَّا تَعْبُدُونَ ﴿٢٦﴾ إِلَّا ٱلَّذِى فَطَرَنِى فَإِنَّهُۥ سَيَهْدِينِ ﴿٢٧﴾ وَجَعَلَهَا كَلِمَةَۢ بَاقِيَةً فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ ﴿٢٨﴾
ഇബ്രാഹീം തന്റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവനാകുന്നു. എന്നെ സൃഷ്ടിച്ചവനൊഴികെ. കാരണം തീര്‍ച്ചയായും അവന് എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ (സത്യത്തിലേക്കു) മടങ്ങേണ്ടതിനായി അതിനെ (ആ പ്രഖ്യാപനത്തെ) അദ്ദേഹം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വചനമാക്കുകയും ചെയ്തു. (ഖു൪ആന്‍ :43/26-28)
قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِىٓ إِبْرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذْ قَالُوا۟ لِقَوْمِهِمْ إِنَّا بُرَءَٰٓؤُا۟ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ ٱللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ ٱلْعَدَٰوَةُ وَٱلْبَغْضَآءُ أَبَدًا حَتَّىٰ تُؤْمِنُوا۟ بِٱللَّهِ وَحْدَهُۥٓ
നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :60/4)
ശരിയാണോ തെറ്റാണോ എന്ന് നോക്കാതെ ജനങ്ങളെല്ലാം ഏതെങ്കിലും ഒരു നിലപാടിൽ ഒന്നിച്ചു കൂടുക എന്നതായിരുന്നില്ല നബി ﷺ യുടെ പ്രബോധനത്തിന്റെ ലക്ഷ്യം; മറിച്ച്, സത്യത്തിന്റെയും അസത്യത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുക എന്നതായിരുന്നു. നബി ﷺ യുടെ സ്വഹാബികൾ കൃത്യമായി മനസ്സിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തത് ഈ യാഥാർത്ഥ്യമാണ്. അഖബയിൽ വെച്ച് നബി ﷺ യെ സഹായിക്കാനായി അൻസാറുകൾ പ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ അസ്അദ് ബ്നു സുറാര رَضِيَ اللَّهُ عَنْهُ അവരോട് പറഞ്ഞു:
يا أهل يثرب، إنا لم نضرب إليه أكباد الإبل إلا ونحن نعلم أنه رسول الله، وإن إخراجه اليوم مفارقة العرب كافة، وقتل خياركم، وأن تعضكم السيوف، فإما أنتم قوم تصبرون على ذلك وأجركم على الله، وإما أنتم قوم تخافون من أنفسكم[7] جبينة، فبينوا ذلك فهو أعذر لكم عند الله، فقالوا له: أمط عنا يدك يا أسعد، فوالله لا ندع هذه البيعة أبدًا، ولا نسليها[8] أبدًا[9].
‘ഹേ, യഥ്രിബിലെ ജനങ്ങളേ! അല്ലാഹുവിന്റെ റസൂലാണ് അദ്ദേഹമെന്ന് പൂർണ്ണമായി അറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങൾ ഒട്ടകപ്പുറത്ത് ദീർഘയാത്ര ചെയ്ത് ഇവിടെ എത്തിയത്. ഇന്ന് അദ്ദേഹത്തെ (സ്വന്തം നാട്ടിലേക്ക്) കൊണ്ടുപോകുന്നത് അറബികളെ മുഴുവൻ എതിരാക്കുന്നതിനും, നിങ്ങളിലെ ഉത്തമരായ ആളുകൾ കൊല്ലപ്പെടുന്നതിനും, വാളുകൾ നിങ്ങളെ വെട്ടിനുറുക്കുന്നതിനും കാരണമായേക്കാം.. ഒന്നുകിൽ ഈ പ്രയാസങ്ങളെല്ലാം ക്ഷമയോടെ സഹിക്കാൻ തയ്യാറുള്ളവരാണ് നിങ്ങൾ – അതിനുള്ള പ്രതിഫലം അല്ലാഹുവിങ്കൽ നിന്നുണ്ട്; അല്ലെങ്കിൽ, നിങ്ങളോട് തന്നെ ഭയം തോന്നുന്ന (ഭീരുത്വമുള്ള) ആളുകളാണെങ്കിൽ, അത് വ്യക്തമാക്കുക; അതാണ് അല്ലാഹുവിന്റെ അടുക്കൽ നിങ്ങൾക്ക് കൂടുതൽ ന്യായീകരണമാകുക.’ അപ്പോൾ അവർ അദ്ദേഹത്തോട് പറഞ്ഞു: ‘അസ്അദ്, നിന്റെ കൈ ഞങ്ങളിൽ നിന്ന് എടുത്തുമാറ്റുക! അല്ലാഹുവാണ് സത്യം, ഞങ്ങൾ ഈ പ്രതിജ്ഞ ഒരിക്കലും ഉപേക്ഷിക്കുകയോ അതിൽ നിന്ന് പിന്മാറുകയോ ഇല്ല. [مسند الإمام أحمد (22/ 348)]
ശഫാഅത്തിന്റെ ഹദീസിൽ വന്നിരിക്കുന്നു: പരലോകനാളിൽ വിശ്വാസികൾ തങ്ങളുടെ നാഥനോട് പറയും:
يَا رَبَّنَا! فَارَقْنَا النَّاسَ فِي الدُّنْيَا، أَفْقَرَ مَا كُنَّا إِلَيْهِمْ، وَلَمْ نُصَاحِبْهُمْ.
‘ഞങ്ങളുടെ രക്ഷിതാവേ! ദുർഘടഘട്ടങ്ങളിൽ ഞങ്ങൾ ആളുകളെ ഏറ്റവുമധികം ആവശ്യപ്പെട്ടിരുന്ന സന്ദർഭങ്ങളിൽ പോലും, ഞങ്ങൾ അവരിൽ നിന്ന് അകന്നുനിൽക്കുകയും അവരുമായി (തിന്മകളിൽ) കൂട്ടുകൂടാതിരിക്കുകയും ചെയ്തു. (മുസ്ലിം)
രണ്ട്: മതത്തെക്കുറിച്ചോർത്ത് ആശങ്കയുള്ള ഒരു മുസ്ലിമിന്, എല്ലാവരുമായി ഇടപഴകുകയോ പൂർണ്ണമായി ഒറ്റപ്പെട്ടു ജീവിക്കുകയോ ചെയ്യാതെ ഒരു ഇടത്തരം വഴി തിരഞ്ഞെടുക്കേണ്ടി വന്നേക്കാം. അതായത്, ജുമാ, ജമാഅത്ത് പോലുള്ള നിർബന്ധ കർമ്മങ്ങൾക്കും കുടുംബത്തിന് വക കണ്ടെത്താനുമുള്ള അത്യാവശ്യ കാര്യങ്ങൾക്കും മാത്രം അവൻ പുറത്തിറങ്ങുക.
ഹേ പ്രബോധകരെ, മനസ്സിലാക്കുക: പൊതുജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നതിലല്ല നിങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുള്ളത്; മറിച്ച്, പ്രബോധന വഴിയിൽ തടസ്സം നിൽക്കുന്ന അധികാരികളുടെയും സ്വാധീനശക്തിയുള്ളവരുടെ കാര്യത്തിൽ എന്ത് നിലപാട് എടുക്കണം എന്നതിലാണ്. കാരണം അവർ പണത്തിന്റെയും ഭീഷണിയുടെയും സ്വാധീനത്തിലൂടെ സത്യത്തെ തോൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും.
അറിയുക: നബി ﷺ യുടെ പ്രബോധനത്തിന്റെ ലക്ഷ്യം പ്രധാനമായും രണ്ട് കാര്യങ്ങളായിരുന്നു:
ഒന്നാമത്: ഇസ്ലാമിക വ്യവസ്ഥിതി സ്ഥാപിക്കുക.
രണ്ടാമത്: ജനങ്ങൾക്കെല്ലാം സത്യം വ്യക്തമാക്കി കൊടുക്കുക.
നബി ﷺ ക്കും സ്വഹാബികൾക്കും ഈ രണ്ട് ലക്ഷ്യങ്ങളും ഏറ്റവും പൂർണ്ണമായ രീതിയിൽ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ അവസാന കാലഘട്ടത്തിൽ ഇതിലേക്ക് മൂന്നാമതൊരു കാര്യംകൂടി വരുന്നുണ്ട്; അത് ഫിത്നകളിൽ (കുഴപ്പങ്ങളിൽ) നിന്ന് സ്വന്തം മതത്തെയും ജീവനെയും രക്ഷിക്കുക എന്നതാണ്.
ഏകാന്തതയുടെയും ജനങ്ങളുമായി ഇടപഴകുന്നതിന്റെയും ചില ഗുണങ്ങളും നേട്ടങ്ങളും താഴെ വ്യക്തമാക്കുന്നു:
ഏകാന്തതയുടെ ഗുണങ്ങളും നേട്ടങ്ങളും
ഒന്നാമത്തെ നേട്ടം: ആരാധനകൾക്കായി ഒഴിവുസമയം കണ്ടെത്തുക എന്നതും, അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണത്തിൽ (مناجاة) ആനന്ദം കണ്ടെത്തുക എന്നതുമാണ്. കാരണം, അതിന് മനസ്സിനും സമയത്തിനും ഒഴിവ് (ഏകാഗ്രത) ആവശ്യമാണ്. ജനങ്ങളുമായി ഇടകലർന്ന് ജീവിക്കുമ്പോൾ അത്തരമൊരു ഒഴിവ് ലഭിക്കുകയില്ല. അതിനാൽ, ഏകാന്തത അതിലേക്കുള്ള ഒരു മാർഗമാണ്.
രണ്ടാമത്തെ നേട്ടം: ജനങ്ങളുമായി ഇടപഴകുമ്പോൾ മനുഷ്യന് അഭിമുഖീകരിക്കേണ്ടി വരുന്ന സാധാരണ തിന്മകളിൽ നിന്നും പാപങ്ങളിൽ നിന്നും ഏകാന്തതയിലൂടെ രക്ഷനേടാം. അത്തരം തിന്മകള് നാലെണ്ണമാണ്:
1. പരദൂഷണം: മറ്റുള്ളവരുടെ അഭിമാനത്തെക്കുറിച്ച് സംസാരിക്കുന്നതും അതിൽ രസം കണ്ടെത്തുന്നതും ജനങ്ങളുടെ പതിവാണ്. നീ അവരോടൊപ്പം കൂടുകയും അവരുടെ സംസാരത്തോട് യോജിക്കുകയും ചെയ്താൽ നീ പാപിയാവുകയും അല്ലാഹുവിന്റെ കോപത്തിന് പാത്രമാവുകയും ചെയ്യും. ഇനി നീ മൗനം പാലിക്കുകയാണെങ്കിൽ ആ പാപത്തിൽ പങ്കാളിയാവുകയും ചെയ്യും.
2. നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും ഉപേക്ഷിക്കൽ: ജനങ്ങളുമായി ഇടപഴകുന്ന ഒരാൾക്ക് തിന്മകൾ കാണാതിരിക്കാൻ സാധിക്കില്ല. അത്തരം സന്ദർഭങ്ങളിൽ അവൻ മൗനം പാലിക്കുകയാണെങ്കിൽ അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചവനായി മാറും; ഇനി അവൻ അതിനെ എതിർക്കുകയാണെങ്കിൽ പലതരത്തിലുള്ള ഉപദ്രവങ്ങൾക്കും പ്രയാസങ്ങൾക്കും അവൻ വിധേയനാകേണ്ടി വരും. എന്നാൽ ഏകാന്തതയിൽ (അകന്നുനിൽക്കുന്നതിലൂടെ) ഇതിൽ നിന്നെല്ലാം സുരക്ഷിതത്വമുണ്ട്.
3. ലോകമാന്യം (الرياء): ഇതൊരു മാരക രോഗമാണ്; ഇതിന്റെ ദോഷം മാറ്റിയെടുക്കാൻ വളരെ പ്രയാസമാണ്. ആളുകളുമായി ഇടപഴകുമ്പോൾ ആദ്യം ഉണ്ടാകുന്നത് അവരെ കാണാൻ വലിയ ആഗ്രഹമായിരുന്നു എന്നോ ഇഷ്ടമായിരുന്നു എന്നോ പുറത്തുകാണിക്കലാണ്. ഇതിൽ പലപ്പോഴും കളവുണ്ടാകും. ഒന്നുകിൽ മനസ്സിൽ തീരെ ആഗ്രഹമില്ലാതിരുന്നിട്ടും വലിയ ഇഷ്ടം നടിക്കുമ്പോൾ, അല്ലെങ്കിൽ ഉള്ളതിനേക്കാൾ കൂടുതൽ പെരുപ്പിച്ച് കാണിക്കുമ്പോൾ.
“എങ്ങനെയുണ്ട്?” എന്ന് ചോദിക്കുമ്പോൾ പോലും സലഫുകൾ ശ്രദ്ധയോടെയാണ് മറുപടി പറഞ്ഞിരുന്നത്. ഒരാളോട് “ഇന്ന് എങ്ങനെയുണ്ട്?” എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ദുർബലരും പാപികളുമായാണ് ഇന്ന് ഉണർന്നത്; അല്ലാഹു തന്ന ഭക്ഷണം കഴിക്കുന്നു, ഞങ്ങളുടെ മരണസമയവും കാത്തിരിക്കുന്നു.”
സ്നേഹമോ കരുണയോ ഇല്ലാതെയാണ് ഒരാൾ മറ്റൊരാളോട് “എങ്ങനെയുണ്ട്?” എന്ന് ചോദിക്കുന്നതെങ്കിൽ അത് വെറും അഭിനയവും കാണിക്കലുമാണ്. ചിലപ്പോൾ മനസ്സിൽ പകയും വിദ്വേഷവും വെച്ച്, മറ്റേയാളുടെ വിഷമങ്ങൾ അറിയാനായിരിക്കും അങ്ങനെ ചോദിക്കുന്നത്. ഏകാന്തതയിലൂടെ ഇത്തരം കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാം. ആളുകളുമായി ഇടപഴകുമ്പോൾ അവരുടെ മോശം സ്വഭാവങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്തവനെ അവർ വെറുക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. ഇത് അവരിലൂടെ നമ്മുടെ ദീനും സമാധാനവും നഷ്ടപ്പെടാൻ ഇടയാക്കും.
4. മറ്റുള്ളവരുടെ മോശം സ്വഭാവങ്ങൾ നമ്മിലേക്കും പടരുക: ബുദ്ധിമാന്മാർ പോലും പലപ്പോഴും ശ്രദ്ധിക്കാത്ത ഒരു കുഴപ്പമാണിത്. തിന്മ ചെയ്യുന്ന ഒരാളോട് കൂട്ടുചേരുമ്പോൾ, ഉള്ളിൽ ആ തിന്മയോട് എതിർപ്പുണ്ടെങ്കിൽ കൂടിയും, ക്രമേണ ആ തിന്മയോടുള്ള നമ്മുടെ വെറുപ്പ് കുറഞ്ഞുതുടങ്ങും. കാരണം, ഒരു പാപവുമായി നിരന്തരം അടുത്തിടപഴകുമ്പോൾ, അതിന്റെ ഗൗരവം നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞുപോവുകയും അതൊരു സാധാരണ കാര്യമായി മാറുകയും ചെയ്യും.”
മൂന്നാമത്തെ നേട്ടം: ഫിത്നകളിൽ (കുഴപ്പങ്ങളിൽ) നിന്നും തർക്കങ്ങളിൽ നിന്നും രക്ഷനേടുകയും, അവയിൽ പെട്ടുപോകാതെ ദീനിനെ കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നതാണ്. കാരണം, നാട്ടിൽ പക്ഷപാതിത്വവും തർക്കങ്ങളും ഇല്ലാത്ത അവസ്ഥ വളരെ അപൂർവ്വമാണ്. എന്നാൽ ജനങ്ങളിൽ നിന്ന് മാറിനിൽക്കുന്നവൻ ഇത്തരം പ്രശ്നങ്ങളിൽ നിന്നെല്ലാം സുരക്ഷിതനായിരിക്കും.
അബ്ദുല്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസില്‍, നബി ﷺ ഫിത്നകളെക്കുറിച്ച് പരാമർശിക്കുകയും അവയെ വിശേഷിപ്പിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു:
«إذَا رَأَيْتُمُ النَّاسَ قَدْ مَرِجَتْ عُهُودُهُمْ، وَخَفَّتْ أمانَاتُهُمْ، وَكَانُوا هَكَذَا»، وَشَبَّكَ بَينَ أَصَابِعِهِ، فَقُلتُ: مَا تَأمُرُنِي؟ فَقَالَ: «الْزَمْ بَيْتَكَ، وَامْلِكْ عَلَيْكَ لِسَانَكَ، وَخُذْ بِمَا تَعْرِفُ، وَدَعْ مَا تُنكِرُ، وَعَلَيْكَ بِأَمْرِ خَاصَّةِ نَفْسِكَ، وَدَعْ عَنْكَ أَمْرَ الْعَامَّةِ»[12].
‘ജനങ്ങളുടെ കരാറുകൾ (പാലിക്കപ്പെടാതെ) താറുമാറാകുകയും, അവരുടെ വിശ്വസ്തത നഷ്ടപ്പെടുകയും, അവർ ഇപ്രകാരമാവുകയും ചെയ്താൽ’ എന്ന് പറഞ്ഞ് നബി ﷺ തന്റെ വിരലുകൾ കോർത്തുപിടിച്ചു. അപ്പോൾ ഞാൻ ചോദിച്ചു: ‘ഞാൻ എന്തുചെയ്യണം എന്ന് അങ്ങ് കൽപ്പിക്കുന്നു?’ നബി ﷺ പറഞ്ഞു: ‘നിന്റെ വീട്ടിൽ ഒതുങ്ങിക്കൂടുക, നിന്റെ നാവ് സൂക്ഷിക്കുക, നിനക്ക് അറിയാവുന്ന (നന്മയായ) കാര്യങ്ങൾ സ്വീകരിക്കുക, നീ വെറുക്കുന്ന (തിന്മയായ) കാര്യങ്ങൾ ഉപേക്ഷിക്കുക. പൊതുജനങ്ങളുടെ കാര്യങ്ങൾ വിട്ടേക്കുക; നിന്റെ സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക.’ (അബൂദാവൂദ്:4343)
നാലാമത്തെ നേട്ടം: ജനങ്ങളുടെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷനേടുക. കാരണം, അവർ ഒരിക്കൽ പരദൂഷണം കൊണ്ടും, മറ്റൊരു സമയം ഏഷണി കൊണ്ടും, ചിലപ്പോൾ ദുസ്സംശയം കൊണ്ടും, വ്യാമോഹങ്ങൾ കൊണ്ടും നിന്നെ ഉപദ്രവിക്കും. ജനങ്ങളുമായി ഇടപഴകുന്ന ഒരാൾക്ക് അസൂയക്കാരനിൽ നിന്നും ശത്രുക്കളിൽ നിന്നും തന്റെ പരിചയക്കാരിൽ നിന്നും ഏൽക്കേണ്ടിവരുന്ന മറ്റ് തിന്മകളിൽ നിന്നും ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല. എന്നാൽ ഏകാന്തതയിൽ അതിൽ നിന്നെല്ലാം പൂർണ്ണമായ മോചനമുണ്ട്. പണ്ഡിതന്മാരിൽ ചിലർ പറഞ്ഞതുപോലെ:
عَدُوُّكَ مِن صَدِيقِكَ مُسْتَفَادُ – فَلَا تسْتَكْثِرَنَّ مِنَ الصِّحَابِ – فَإِنَّ الدَّاءَ أَكثَرُ مَا تَرَاهُ – يَكُونُ مِنَ الطَّعَامِ أَوِ الشَّرَابِ
നിന്റെ ശത്രു പലപ്പോഴും നിന്റെ കൂട്ടുകാരനിൽ നിന്നുതന്നെയാണ് ഉണ്ടാകുന്നത്; അതിനാൽ കൂട്ടുകാരുടെ എണ്ണം അധികരിപ്പിക്കരുത്. കാരണം, മനുഷ്യനിൽ രോഗങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് അവൻ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നോ കുടിക്കുന്ന വെള്ളത്തിൽ നിന്നോ ആണല്ലോ.
قال عمر رضي الله عنه: في العزلة راحة من خلطاء السوء.
ഉമർ رضي الله عنه പറഞ്ഞു: ‘ഏകാന്തതയിൽ ചീത്ത കൂട്ടുകാരിൽ നിന്നുള്ള ആശ്വാസമുണ്ട്.’
ഒരാൾ തന്റെ സഹോദരനോട് പറഞ്ഞു: ‘ഹജ്ജിൽ ഞാൻ നിങ്ങളോടൊപ്പം കൂടാം.’ അയാൾ മറുപടി നൽകി: ‘നമ്മൾ അല്ലാഹുവിന്റെ മറവിൽ ജീവിക്കട്ടെ; കാരണം, പരസ്പരം വെറുക്കാനിടവരുന്ന കാര്യങ്ങൾ നമ്മളിൽ നിന്ന് മറ്റേയാൾ കണ്ടുപോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു.’ ഏകാന്തതയുടെ മറ്റൊരു പ്രയോജനമാണിത്; അതായത്, ദീനിനും മാന്യതയ്ക്കും മറ്റ് കുറവുകൾക്കും മറവ് നിലനിൽക്കുന്നു എന്നത്.
അഞ്ചാമത്തെ നേട്ടം: ആളുകളുടെ പ്രതീക്ഷകളും നിന്റെ മോഹങ്ങളും അവരിൽ നിന്ന് അറ്റുപോവുക എന്നതാണ്.ജനങ്ങളെ മുഴുവൻ തൃപ്തിപ്പെടുത്തുക അസാധ്യമാണ്. അവരിൽ നിന്ന് അകന്നുനിൽക്കുമ്പോൾ അവർ നമ്മിൽ വെച്ചുപുലർത്തുന്ന അനാവശ്യ പ്രതീക്ഷകൾ അവസാനിക്കുന്നു.അതുപോലെ, ഐഹിക ലോകത്തിന്റെ ആഡംബരങ്ങളിലേക്ക് നോക്കുമ്പോൾ നമ്മുടെ മോഹങ്ങളും അത്യാഗ്രഹങ്ങളും വർദ്ധിക്കുകയും, ഒടുവിൽ നിരാശമാത്രം ബാക്കിയാവുകയും ചെയ്യും. ഏകാന്തത ഈ മാനസിക പ്രയാസങ്ങളിൽ നിന്നെല്ലാം നമ്മെ മോചിപ്പിക്കുന്നു.അല്ലാഹു പറയുന്നു:
وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ
അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്റെ രക്ഷിതാവ് നല്കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്ക്കുന്നതും. (ഖുർആൻ:20/131)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَهُوَ أَجْدَرُ أَنْ لاَ تَزْدَرُوا نِعْمَةَ اللَّهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക, നിങ്ങള്‍ക്ക് മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്. അതാണ് അല്ലാഹുവിന്റെ (നിങ്ങളുടെ മേലുള്ള) അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് സഹായകരമായിട്ടുള്ളത്. (മുസ്ലിം:2963)
ആറാമത്തെ നേട്ടം: വിവരമില്ലാത്തവരുടെയും മടുപ്പിക്കുന്ന സ്വഭാവക്കാരുടെയും ശല്യത്തിൽ നിന്നുള്ള മോചനം: അത്തരം ആളുകളുമായി ഇടപഴകുമ്പോൾ സ്വാഭാവികമായും നമ്മൾ അവരുടെ പരദൂഷണം പറയാൻ തുടങ്ങും. അല്ലെങ്കിൽ അവർ നമ്മെ കുറ്റപ്പെടുത്തുമ്പോൾ നമ്മൾ തിരിച്ചടിക്കും. ഇത് നമ്മുടെ മതജീവിതത്തിന്റെ തകർച്ചയ്ക്ക് കാരണമാകും. ഏകാന്തത ഈ ദോഷങ്ങളിൽ നിന്നെല്ലാം നമ്മെ രക്ഷിക്കുന്നു.
ആളുകളുമായി ഇടപഴകുന്നതുകൊണ്ടുള്ള ഗുണങ്ങളും നേട്ടങ്ങളും:
ഒന്നാമത്തെ നേട്ടം: പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നത് ഏറ്റവും വലിയ പുണ്യകർമ്മങ്ങളിൽ പെട്ടതാണ്. കാരണം, ജനങ്ങൾക്ക് ഭക്ഷണത്തേക്കാളും വെള്ളത്തേക്കാളും ഉപരി മതപരമായ അറിവാണ് ആവശ്യം.
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ ذُكِرَ لِرَسُولِ اللَّهِ صلى الله عليه وسلم رَجُلاَنِ أَحَدُهُمَا عَابِدٌ وَالآخَرُ عَالِمٌ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” فَضْلُ الْعَالِمِ عَلَى الْعَابِدِ كَفَضْلِي عَلَى أَدْنَاكُمْ ” . ثُمَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنَّ اللَّهَ وَمَلاَئِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرْضِ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الْحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ യുടെ അടുക്കൽ രണ്ട് ആളുകളെ കുറിച്ച് പറയപ്പെട്ടു: ഒരാൾ ഭക്തനും മറ്റേയാൾ ദീനിൽ അറിവുള്ളയാളും. അപ്പോൾ നബി ﷺ പറഞ്ഞു: ഭക്തനേക്കാൾ അറിവുള്ളയാളിന്റെ മഹത്വം നിങ്ങളിൽ താഴ്ന്നവരേക്കാൾ എനിക്കുള്ള മാഹാത്മ്യം പോലയാണ്, എന്നിട്ട് നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും ആകാശ ഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവുംകൂടി ജനങ്ങൾക്ക് നൻമ പഠിപ്പിച്ച് കൊടുക്കുന്നവർക്ക് വേണ്ടി പ്രർത്ഥിക്കുന്നതാണ്. (തി൪മിദി:2685)
രണ്ടാമത്തെ നേട്ടം: ഉപകാരം ചെയ്യുകയും ഉപകാരം സ്വീകരിക്കുകയും ചെയ്യുക. ആളുകളിൽ നിന്ന് ഉപകാരം സ്വീകരിക്കുന്നത് കച്ചവടത്തിലൂടെയും ഇടപാടുകളിലൂടെയുമാണ്; അതിന് ആവശ്യമുളളവൻ ഏകാന്തത ഒഴിവാക്കാൻ നിർബന്ധിതനാണ്. ഇനി ആളുകൾക്ക് ഉപകാരം ചെയ്യുക എന്നതിനെക്കുറിച്ച് പറയുകയാണെങ്കിൽ, തന്റെ സമ്പത്തുകൊണ്ടോ ശാരീരികമായ സേവനങ്ങൾ കൊണ്ടോ അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് അവൻ ജനങ്ങൾക്ക് ഉപകാരിയാകുന്നു. ആർക്കാണോ അതിന് കഴിയുന്നത്, അവൻ ഏകാന്തതയേക്കാൾ ഉത്തമനാണ്.
മൂന്നാമത്തെ നേട്ടം: മറ്റുള്ളവരെ സംസ്കരിക്കലും ആത്മസംസ്കരണവും (التأديب والتأدب). ജനങ്ങളുമായി ഇടപഴകുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങളും ഉപദ്രവങ്ങളും സഹിച്ചുകൊണ്ട് സ്വന്തം മനസ്സിനെ പാകപ്പെടുത്തുകയും ആഗ്രഹങ്ങളെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്വഭാവം പൂർണ്ണമായി സംസ്കരിക്കപ്പെടാത്തവരെ സംബന്ധിച്ചിടത്തോളം ഏകാന്തതയേക്കാൾ ഉത്തമമായത് ഇതാണ്. ക്ഷമിക്കാനും പൊരുത്തപ്പെടാനും സ്വന്തം മനസ്സിനെ പാകപ്പെടുത്താനും അവസരം ലഭിക്കും.
നാലാമത്തെ പ്രയോജനം: പരസ്പരം ഒത്തുചേരുന്നതും ആശ്വാസം കണ്ടെത്തുന്നതും. നല്ല തഖ്വയുള്ളവരുമായി കൂടിച്ചേരുന്നത് ചിലപ്പോൾ സുന്നത്തായേക്കാം. ഒറ്റയ്ക്കിരിക്കുമ്പോൾ ഉണ്ടാകുന്ന വിഷമങ്ങളും പ്രയാസങ്ങളും മാറ്റി മനസ്സിന് ആശ്വാസം നൽകുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. എന്നാൽ ഒത്തുചേരുമ്പോൾ സംസാരം ദീനീകാര്യങ്ങളെ കുറിച്ചായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അഞ്ചാമത്തെ പ്രയോജനം: പ്രതിഫലം നേടലും അത് മറ്റുള്ളവർക്ക് ലഭ്യമാക്കലും. ‘പ്രതിഫലം നേടൽ’: ജനാസ നമസ്കാരത്തിലും ചടങ്ങുകളിലും പങ്കെടുക്കുക, രോഗികളെ സന്ദർശിക്കുക, വിവാഹങ്ങളിലും മറ്റ് ക്ഷണങ്ങളിലും സംബന്ധിക്കുക എന്നിവയിലൂടെയാണ്. ഒരു സത്യവിശ്വാസിയുടെ മനസ്സിൽ സന്തോഷം ജനിപ്പിക്കുക വഴി വലിയ പ്രതിഫലം അതിലൂടെ ലഭിക്കുന്നു.
‘പ്രതിഫലം മറ്റുള്ളവർക്ക് ലഭ്യമാക്കൽ’: ഒരാൾ തന്റെ വീടിന്റെ വാതിലുകൾ ജനങ്ങൾക്കായി തുറന്നുകൊടുക്കുക അതായത് അവർക്ക് തന്നോടൊപ്പം വന്ന് അനുശോചനം അറിയിക്കാനോ, സന്തോഷങ്ങൾ പങ്കുവെക്കാനോ, രോഗം അന്വേഷിച്ചെത്താനോ ഒക്കെ അവസരമൊരുക്കുക. കാരണം, അങ്ങനെ ചെയ്യുന്നതിലൂടെ അവരും (വരുന്നവരും) വലിയ പ്രതിഫലം കരസ്ഥമാക്കുന്നു.
ആറാമത്തെ പ്രയോജനം: വിനയം. ഏകാന്തതയിൽ കഴിയുമ്പോൾ ഒരാൾക്ക് ഈ ഗുണം നേടിയെടുക്കാൻ സാധിച്ചെന്നുവരില്ല; ചിലപ്പോൾ അഹങ്കാരമായിരിക്കാം അവൻ ഏകാന്തത തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. ആളുകൾക്കിടയിൽ സദസ്സുകളിൽ ചെന്നാൽ തനിക്ക് ലഭിക്കേണ്ട ആദരവോ മുൻഗണനയോ കുറഞ്ഞുപോകുമെന്ന ഭയം അവനെ അതിൽ നിന്ന് തടഞ്ഞേക്കാം. താൻ ഉന്നതനാണെന്നുള്ള സ്വന്തം ധാരണ കാരണം അവൻ ജനങ്ങളുമായി ഇടപഴകാൻ മടിക്കുന്നവനായേക്കാം, അല്ലെങ്കിൽ ഇതുപോലുള്ള മറ്റു കാരണങ്ങളുമാകാം. [مختصر منهاج القاصدين، لابن قدامة باختصار (ص141 – 150).]
ഈ വിഷയത്തിലെ ഉപസംഹാരമായി നിര്‍ദ്ദേശിക്കാനുള്ളത് ഇതാണ്:
قال شيخ الإسلام ابن تيمية رحمه الله: «فهذه المسألة وإن كان الناس يتنازعون فيها؟ إما نزاعًا كليًا، وإما حاليًا، فحقيقة الأمر أن الخلطة تارة تكون واجبة، أو مستحبة، والشخص الواحد قد يكون مأمورًا بالمخالطة تارة، وبالانفراد تارة وجماع ذلك: أن المخالطة إن كان فيها تعاون على البر والتقوى فهي مأمور بها، وإن كان فيها تعاون على الإثم والعدوان فهي منهي عنها، فالاختلاط بالمسلمين في جنس العبادات كالصلوات الخمس، والجمعة، والعيدين، وصلاة الكسوف، والاستقساء، ونحو ذلك هو مما أمر الله به ورسوله.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: ‘ഈ വിഷയത്തിൽ ആളുകൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്; അത് മൊത്തത്തിലുള്ളതോ അതല്ലെങ്കിൽ ഓരോ വ്യക്തിയുടെയും സാഹചര്യത്തിന് അനുസരിച്ചുള്ളതോ ആകാം. എന്നാൽ ഇതിന്റെ യഥാർത്ഥ വസ്തുത എന്തെന്നാൽ: ആളുകളുമായി ഇടപഴകുക എന്നത് ചിലപ്പോൾ നിർബന്ധമോ അല്ലെങ്കിൽ സുന്നത്തോ ആകാം. ഒരാൾക്ക് തന്നെ ചിലപ്പോൾ ഇടപഴകാനും മറ്റു ചിലപ്പോൾ ഏകാന്തത പാലിക്കാനും കൽപ്പനയുണ്ടാകാം.
ഇതിന്റെയെല്ലാം ആകെത്തുക ഇതാണ്: ആ ഇടപഴകലിൽ പുണ്യത്തിലും സൂക്ഷ്മതയിലും പരസ്പരമുള്ള സഹായമാണുള്ളതെങ്കിൽ അത് കൽപ്പിക്കപ്പെട്ടതാണ്. എന്നാൽ പാപത്തിലും അതിക്രമത്തിലുമാണ് പരസ്പര സഹായമെങ്കിൽ അത് വിലക്കപ്പെട്ടതുമാണ്. അഞ്ച് നേരത്തെ നമസ്കാരം, ജുമുഅ, പെരുന്നാൾ നമസ്കാരങ്ങൾ, ഗ്രഹണ നമസ്കാരം, മഴയെ തേടിയുള്ള നമസ്കാരം തുടങ്ങിയ പൊതുവായ ആരാധനാകർമ്മങ്ങളിൽ മുസ്ലിംകളോട് ചേർന്നുനിൽക്കൽ അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ച കാര്യങ്ങളിൽ പെട്ടതാണ്.
അതുപോലെ ഹജ്ജ് കർമ്മവേളകളിലും, സത്യനിഷേധികളോടും മതഭ്രഷ്ടരായ ഖവാരിജുകളോടുമുള്ള സമരങ്ങളിലും ജനങ്ങളുമായി ഇടപഴകൽ (അനിവാര്യമാണ്). അത്തരം കൂട്ടായ്മകളുടെ നേതാക്കൾ ദുർമാർഗികളാണെങ്കിലും ശരി, ആ സംഘങ്ങളിൽ ദുർമാർഗികളായ ആളുകൾ ഉണ്ടെങ്കിലും ശരി (അതുതന്നെയാണ് നിലപാട്). അതുപോലെ, ഒരാളുടെ വിശ്വാസം വർദ്ധിപ്പിക്കുന്ന കൂട്ടായ്മകളും (ഇടപഴകലുകളും) ഇതിൽ പെട്ടതാണ്; ഒന്നുകിൽ അതിലൂടെ അയാൾക്ക് മറ്റുള്ളവരിൽ നിന്ന് ഉപകാരം ലഭിക്കുന്നത് കൊണ്ടായിരിക്കാം, അല്ലെങ്കിൽ അയാൾ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നത് കൊണ്ടായിരിക്കാം, ഇതുപോലെയുള്ള കാര്യങ്ങളെല്ലാം ഇതിന്റെ പരിധിയിൽ വരുന്നതാണ്.
തന്റെ പ്രാർത്ഥനകളിലും ദിക്റുകളിലും നമസ്കാരങ്ങളിലും ചിന്തകളിലും സ്വന്തം നഫ്സിനെ വിചാരണ ചെയ്യുന്നതിലിലും ഹൃദയം ശുദ്ധീകരിക്കുന്നതിലിലും, മറ്റാരും പങ്കാളിയാല്ലാത്ത, തനിക്ക് മാത്രമായി പ്രത്യേകമായുള്ള കാര്യങ്ങളിലും ഒരാൾക്ക് തനിച്ചായിരിക്കാൻ ചില സമയങ്ങൾ കൂടിയേതീരൂ. ഇതിനൊക്കെ അവന് ഏകാന്തത അത്യന്താപേക്ഷിതമാണ്; അത് സ്വന്തം വീട്ടിലാകാം, താബിഉകളിൽ പെട്ട ത്വാഊസ് رحمه الله പറഞ്ഞതുപോലെ: ‘ഒരു മനുഷ്യന്റെ ഏറ്റവും നല്ല ആരാധനാലയം അവന്റെ വീടാണ്; അവിടെവെച്ച് അവൻ തന്റെ കണ്ണുകളെയും നാവിനെയും (തിന്മകളിൽ നിന്ന്) അടക്കിനിർത്തുന്നു’ – അതുമല്ലെങ്കിൽ വീടിനു പുറത്തുള്ള മറ്റ് സ്ഥലങ്ങളിലുമാകാം.
അതുകൊണ്ട്, പൂർണ്ണമായും സമൂഹവുമായി ഇടപഴകുന്നത് തെറ്റാണ്; അതുപോലെ പൂർണ്ണമായും ഏകാന്തത തിരഞ്ഞെടുക്കുന്നതും തെറ്റാണ്. ഇതിൽ ഓരോ മനുഷ്യനും ഏത് അളവിലാണ് ഇവ ആവശ്യമായി വരുന്നത് എന്നതും, ഓരോ സാഹചര്യത്തിലും അവന് ഏതാണ് കൂടുതൽ ഗുണകരമായിട്ടുള്ളത് എന്നതും പ്രത്യേകമായി പരിശോധിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. [الفتاوى (10/ 425 – 426).]
www.kanzululoom.com
One Response
Masha allah alhamdulillah. Very good content