ജിബ്‌രീൽ عليه السلام യു‌ടെ വിശേഷണങ്ങൾ ഖുര്‍ആനില്‍

ദിവ്യസന്ദേശത്തിന്റെ സൂക്ഷിപ്പുകാരനാണ് ജിബ്‌രീൽ عليه السلام എന്ന മലക്ക്. അല്ലാഹു അദ്ദേഹത്തിന്റെ ശ്രേഷ്ഠത വിശുദ്ധ ഖുര്‍ആനില്‍ നിരവധി ആയത്തുകളിൽ പരാമർശിച്ചിട്ടുണ്ട്; അവയിൽ ചിലത് കാണുക:

അല്ലാഹു പറയുന്നു:

قُلْ نَزَّلَهُۥ رُوحُ ٱلْقُدُسِ مِن رَّبِّكَ بِٱلْحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُوا۟ وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ

പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും സത്യപ്രകാരം റൂഹുല്‍ ഖുദുസ് (പരിശുദ്ധാത്മാവ്) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അത് ഇറക്കിയിരിക്കുകയാണ്‌. (ഖു൪ആന്‍:16/102)

{റൂഹുല്‍ ഖുദുസ്}: ജിബ്‌രീൽ عليه السلام (ഇബ്നുകസീര്‍)

റൂഹ് എന്നാൽ മലക്കാകുന്നു; അല്ലാഹു പറഞ്ഞതുപോലെ:

فَأَرْسَلْنَآ إِلَيْهَا رُوحَنَا

അപ്പോള്‍ നമ്മുടെ റൂഹിനെ (ആത്മാവിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. (ഖുർആൻ:19/17)

അതായത്: നമ്മുടെ മലക്കുകളിൽ പെട്ട ഒരു മലക്ക്.

القدس (അൽ-ഖുദ്‌സ്) എന്നാല്‍ വിശുദ്ധി, പരിശുദ്ധി അല്ലെങ്കിൽ ശുദ്ധി എന്നാണ് ഇതിന്റെ അർത്ഥം. ഇവിടെ ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത് അതിന്റെ രണ്ട് അർത്ഥങ്ങളുമാണ്; അതായത്, യാഥാർത്ഥ അർത്ഥവും ആലങ്കാരിക അർത്ഥവും. അതായത് ശ്രേഷ്ഠതയും ഉന്നതമായ പദവിയും.

അല്ലാഹു പറയുന്നു:

وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ ‎﴿١٩٢﴾‏ نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ‎﴿١٩٣﴾‏ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ‎﴿١٩٤﴾‏

തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. റൂഹുല്‍ അമീന്‍ (വിശ്വസ്താത്മാവ്) അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു; നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. (ഖുര്‍ആന്‍: 26/192-194)

വിവിധ കാരണങ്ങളാൽ ജിബ്‌രീൽ عليه السلام ക്ക് റൂഹ് (ആത്മാവ്) എന്ന് പേര് നല്‍കപ്പെട്ടിരിക്കുന്നു:

1.അതൊരു പരിശുദ്ധ ആത്മാവായതുകൊണ്ട്; അങ്ങനെ വിശേഷിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനുള്ള ആദരവും പദവിയുടെ ഉന്നതി വ്യക്തമാക്കലുമാണ്.

2.ശരീരം ആത്മാവ് വഴി ജീവസുറ്റതാകുന്നതുപോലെ, മതം സജീവമാകുന്നത് അദ്ദേഹത്തിലൂടെയായതുകൊണ്ട്; പ്രവാചകന്മാർക്ക് ദിവ്യസന്ദേശം എത്തിച്ചുകൊടുക്കുന്നത് അദ്ദേഹമാണ്.

3.അദ്ദേഹത്തിൽ റൂഹാനിയ്യത്ത് (ആത്മീയത) പ്രകടമായതുകൊണ്ട്; മറ്റു മലക്കുകളെല്ലാം അങ്ങനെയണെങ്കിലും, അദ്ദേഹത്തിന്റെ റൂഹാനിയ്യത്ത് കൂടുതൽ പൂർണ്ണവും തികവുറ്റതുമാണ്.

4.കാരണം, അദ്ദേഹത്തെ ആണുകളുടെ പുറങ്ങളോ സ്ത്രീകളുടെ ഗർഭാശയങ്ങളോ ഉൾക്കൊണ്ടിട്ടില്ല. (മനുഷ്യരെപ്പോലെ മാതാപിതാക്കളുടെ സംസർഗ്ഗത്തിലൂടെയോ ജനനത്തിലൂടെയോ അല്ല മലക്കുകളുടെ ഉത്ഭവം)

(الأمِينُ) الذي قد أمن أن يزيد فيه أو ينقص.

അമീൻ (വിശ്വസ്തൻ): അതിൽ (ഖുർആനിൽ) വല്ലതും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുകയില്ലെന്ന് പൂർണ്ണമായി വിശ്വസിക്കാവുന്നവൻ. (തഫ്സീറുസ്സഅ്ദി)

അല്ലാഹു ജിബ്‌രീൽ عليه السلام യെ അഞ്ച് വിശേഷണങ്ങൾകൊണ്ട് വിശേഷിപ്പിച്ചിരിക്കുന്ന വചനം കാണുക:

إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ ‎﴿١٩﴾‏ ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍ ‎﴿٢٠﴾‏ مُّطَاعٍ ثَمَّ أَمِينٍ ‎﴿٢١﴾

തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു. ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ) അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ) (ഖു൪ആന്‍:81/19-21)

ഈ അഞ്ച് വിശേഷണങ്ങളും മഹത്തായ ഖുർആന്റെ സനദിന്റെ പരിശുദ്ധി വ്യക്തമാക്കുന്നുണ്ട്. മുഹമ്മദ് നബി ﷺ ജിബ്‌രീൽ عليه السلام മലക്കിൽ നിന്നും, വിശ്വസ്തനായ ജിബ്‌രീൽ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിങ്കൽ നിന്നും കേട്ടാണ് അത് പ്രാപിച്ചിട്ടുള്ളത്. ഈ പരമ്പരയുടെ ഔന്നത്യവും മഹത്വവും മനസ്സിലാക്കാൻ ഇതുതന്നെ ധാരാളമാണ്.

അമീനായ (വിശ്വസ്തനായ) ജിബ്‌രീൽ عليه السلام യുടെ വിശേഷണങ്ങൾ

ഒന്ന്: അദ്ധേഹം അങ്ങേയറ്റം മാന്യനാണ് (كريم)

ജിബ്‌രീൽ عليه السلام ആദരണീയനായ ഒരു ദൂതനാണ്; അദ്ദേഹത്തിന്റെ ശത്രുക്കൾ പറയുന്നത് പോലെയല്ല. അത് കൊണ്ടുവന്നത് ഒരു ശൈത്വാനാണെന്നത് തെറ്റാണ്. തീർച്ചയായും ശൈത്വാൻ അങ്ങേയറ്റം ദുഷിച്ചവനും, നീചനും, മോശമായ രൂപമുള്ളവനും, നന്മ തൊട്ടുതീണ്ടാത്തവനും, അകവും പുറവും ഒരുപോലെ വികൃതമായവനുമാണ്; പുറംതോട് അകത്തേക്കാൾ ഭീകരവും അകത്തോട് പുറത്തേക്കാൾ കോലക്കേടുള്ളതുമാണ്. അവനിൽ യാതൊരു നന്മയുമില്ല, അവന്റെ അടുക്കൽ നന്മയുമില്ല; അതിനാൽ മാന്യതയിൽ നിന്നും ഏറ്റവും അകന്നുനിൽക്കുന്നവനാണ് അവൻ.

എന്നാൽ മുഹമ്മദ് നബി ﷺ യിലേക്ക് ഖുർആൻ എത്തിച്ച ജിബ്‌രീൽ عليه السلام, ആദരണീയനും സുന്ദരരൂപിയും പ്രകാശപൂരിതനായ മുഖത്തോടുകൂടിയവനും അളവറ്റ നന്മകളുള്ളവനും പരിശുദ്ധനും പരിശുദ്ധരെ പഠിപ്പിക്കുന്നവനുമാണ്.

രണ്ട്: ജിബ്‌രീൽ عليه السلام വലിയ ശക്തിയുള്ളവനാണ്. അല്ലാഹു മറ്റൊരു സ്ഥലത്ത് പറഞ്ഞതുപോലെ:

عَلَّمَهُۥ شَدِيدُ ٱلْقُوَىٰ

ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്‌) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌. (ഖുർആൻ:53/5)

അതിൽ ചില കാര്യങ്ങളെക്കുറിച്ചുള്ള ഉണർത്തലുണ്ട്:

1.തന്റെ ശക്തികൊണ്ട് ശൈത്വാന്മാർ അദ്ദേഹത്തിനടുത്തേക്ക് അടുക്കുന്നതിനെയും, അതിൽനിന്ന് യാതൊനും നേടിയെടുക്കുന്നതിനെയും, അതിൽ വല്ലതും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനെയും അദ്ധേഹം തടയുന്നു. മാത്രമല്ല, ശൈത്വാൻ അദ്ദേഹത്തെ കണ്ടാൽ അവിടെനിന്നും ഓടിപ്പോവുകയും അദ്ദേഹത്തിനടുത്ത് വരാതിരിക്കുകയും ചെയ്യും.

2.നിങ്ങൾ തള്ളിപ്പറഞ്ഞ ഈ ദൂതന്റെ (മുഹമ്മദ് നബി ﷺ യുടെ) സുഹൃത്തും പിന്തുണക്കാരനും സ്നേഹിതനും സഹായിയുമാണ് അദ്ധേഹം. അല്ലാഹു പറഞ്ഞതുപോലെ:

وَإِن تَظَٰهَرَا عَلَيْهِ فَإِنَّ ٱللَّهَ هُوَ مَوْلَىٰهُ وَجِبْرِيلُ وَصَٰلِحُ ٱلْمُؤْمِنِينَ ۖ وَٱلْمَلَٰٓئِكَةُ بَعْدَ ذَٰلِكَ ظَهِيرٌ

ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്‌. (ഖു൪ആന്‍:66/4)

ഇത്രയും ശക്തനായ മലക്ക് ആരുടെ സംരക്ഷകനും സഹായിയും പിന്തുണക്കാരനും അധ്യാപകനുമായി തീരുന്നുവോ, തീർച്ചയായും അവൻ സന്മാർഗം പ്രാപിച്ചവനും വിജയശ്രീലാപിതനുമാണ്. അല്ലാഹുവാണ് അവന് വഴികാട്ടിയും സഹായിയും.

3.ഈ ദൂതനോട് (മുഹമ്മദ് നബി ﷺ യോട്) ആരെങ്കിലും ശത്രുത പുലർത്തിയാൽ, തീർച്ചയായും അവർ അദ്ദേഹത്തിന്റെ ഉറ്റമിത്രത്തോടും സംരക്ഷകനുമായ ജിബ്‌രീലിനോടാണ് ശത്രുത പുലർത്തിയിരിക്കുന്നത്. ഈ ശക്തിമാനോട് ശത്രുത വെച്ചുപുലർത്തുന്നവൻ നാശത്തിന് ഇരയാകുമെന്നുറപ്പാണ്.

4. തനിക്ക് ലഭിച്ച കൽപ്പനകൾ നടപ്പിലാക്കാൻ പൂർണ്ണ കഴിവുള്ളവനാണ് ജിബ്‌രീൽ عليه السلام. ആ ചുമതല നിർവ്വഹിക്കുന്നതിൽ അദ്ധേഹം ഒരിക്കലും പരാജയപ്പെടുകയോ അശ്രദ്ധ കാണിക്കുകയോ ഇല്ല. തനിക്ക് ലഭിച്ച ദൗത്യം പൂർണ്ണമായ അർപ്പണബോധത്തോടും വിശ്വസ്തതയോടും കൂടി അദ്ധേഹം നിറവേറ്റുകയും ചെയ്യുന്നു. അതിനാൽ അദ്ധേഹം ശക്തനും വിശ്വസ്തനുമാണ് (القوي الأمين)

ഇത് അയച്ചവന്റെയും (അല്ലാഹു), ദൂതന്റെയും (ജിബ്‌രീൽ), സന്ദേശത്തിന്റെയും, സ്വീകരിച്ച ആളുടെയും (നബി ﷺ), സന്ദേശത്തിന്റെ തന്നെയുമുള്ള മഹത്വമാണ് കാണിക്കുന്നത്. കാരണം, തന്റെ അടുക്കൽ ആദരണീയനും ശക്തനും സ്വാധീനമുള്ളവനും ‘മലഉൽ അഅ് ലാ’ (الملأ الاعلى) യില്‍ എല്ലാവരും അനുസരിക്കുന്നവനുമായ ഉത്തമനായ ദൂതനെയാണ് അല്ലാഹു ഈ വലിയ ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. രാജാക്കന്മാർ തങ്ങളുടെ പ്രധാനപ്പെട്ട കാര്യങ്ങൾക്കായി ഉന്നത സ്ഥാനമാനങ്ങളും പദവിയുമുള്ള പ്രഭുക്കന്മാരെമാത്രമല്ലേ അയക്കാറുള്ളൂ എന്നത് നമുക്കറിയാവുന്നതാണ്.

മൂന്ന്: ജിബ്‌രീൽ عليه السلام റബ്ബിന്റെ അടുക്കൽ ഉയർന്ന പദവിയും സ്ഥാനവുമുള്ളവനാണ്. അല്ലാഹു പറഞ്ഞതുപോലെ:

ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍ

ശക്തിയുള്ളവനും, അർശിന്റെ ഉടമസ്ഥന്റെ (അല്ലാഹുവിന്റെ) അടുക്കൽ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ). (ഖുർആൻ:81/20-21)

ഉയർന്ന പദവിയും സ്വാധീനവുമുള്ള വ്യക്തിയെയാണ് ‘മകീൻ’ (المكين) എന്ന് പറയുന്നത്. മറ്റുള്ളവരുടെ ഇടയിൽ വലിയ ആദരവും ഉന്നത സ്ഥാനവുമുള്ള ഒരാളെ വിശേഷിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. യൂസുഫ് നബി عليه السلام യുടെയും ഈജിപ്തിലെ രാജാവിന്റെയും ചരിത്രത്തിൽ അല്ലാഹു പറഞ്ഞതുപോലെ:

فَلَمَّا كَلَّمَهُۥ قَالَ إِنَّكَ ٱلْيَوْمَ لَدَيْنَا مَكِينٌ أَمِينٌ

അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ ഇന്ന് നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു. (ഖുർആൻ:12/54)

ശക്തിയുള്ളവന്റെ (ذي قوة) എന്നതിനും ഉന്നത സ്ഥാനവുമുള്ളവന്റെ (مكين) എന്നതിനും ഇടയിൽ ‘അർശിന്റെ ഉടമസ്ഥന്റെ അടുക്കൽ’ (عِندَ ذِى ٱلْعَرْشِ) എന്ന് പരാമർശം കൊണ്ടുവന്നത്, ചുരുങ്ങിയ വാക്കുകളിൽ ആ രണ്ട് വിശേഷണങ്ങളും അതിലേക്ക് ചേർത്തുവരാൻ വേണ്ടിയാണ്. അതായത്: അല്ലാഹുവിന്റെ അടുക്കൽ അദ്ദേഹം അതിശക്തനാണ്. അതായത്, വലിയ കാര്യങ്ങൾ നിർവ്വഹിക്കാൻ പോന്ന കഴിവിന്റെ ശക്തിയും ഭരണപാടവത്തിന്റെ ശക്തിയും ആവശ്യമായി വരുന്ന, അല്ലാഹു തനിക്ക് ഏൽപ്പിച്ചുതരുന്ന അതിഗൗരവമേറിയ കാര്യങ്ങൾ നിർവഹിക്കാൻ  സാധ്യമാകുന്ന വിധം അല്ലാഹു ജിബ്‌രീൽ عليه السلام ക്ക് കഴിവ് നൽകിയിരിക്കുന്നു. അല്ലാഹുവിന്റെ സന്നിധിയിൽ ഉന്നതമായ പദവിയും സാമീപ്യവുമുള്ള ആളുമാണ് അദ്ദേഹം.

ആ സാമീപ്യം (അഥവാ അല്ലാഹുവിന്റെ അടുക്കലുള്ള പദവി), അത് ആദരവിന്റെയും പ്രത്യേക പരിഗണനയുടെയും സാമീപ്യമാകുന്നു.

അല്ലാഹുവിന്റെ വിശുദ്ധ നാമമായ ‘അല്ലാഹു’ എന്ന് പറയുന്നതിന് പകരം ذِى ٱلْعَرْشِ (അഹ്ശിന്റെ ഉടമസ്ഥൻ) എന്ന് പ്രയോഗിച്ചത്; അല്ലാഹുവിന്റെ അടുക്കൽ ജിബ്‌രീൽ عليه السلام ക്ക് ഉള്ള ഉയർന്ന പദവിയെയും അദ്ദേഹത്തിന്റെ അവസ്ഥയെയും ചിത്രീകരിക്കാൻ വേണ്ടിയാണ്. രാജാവിന്റെ കൽപനകൾ നടപ്പിലാക്കുന്നതും രാജാവിന്റെ സന്നിധിയിൽ പ്രത്യേക ആദരവുള്ളവനുമായ ഒരു മന്ത്രിയുടെയോ പ്രഭുവിന്റെയോ അവസ്ഥ നമുക്കറിയാവുന്നതാണ്.

അതിനാൽ ജിബ്‌രീൽ عليه السلام ക്ക് അല്ലാഹുവിന്റെ അടുക്കൽ ഉയർന്ന പദവിയും ഉന്നത സ്ഥാനവുമുണ്ട്. മലക്കുകളിൽ വെച്ച് അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത ആളും അദ്ദേഹമാണ്. അല്ലാഹുവിന്റെ വചനമായ ‘അർശിന്റെ ഉടമസ്ഥന്റെ അടുക്കൽ’ എന്നത് ഇതിന് സാക്ഷ്യം വഹിക്കുന്നു. അർശിന്റെ ഉടമസ്ഥന് സമീപത്തുള്ള ആളായതുകൊണ്ട് തന്നെ, അദ്ദേഹത്തിന്റെ പദവിയുടെ ഔന്നത്യത്തിലേക്കാണ് ഇത് സൂചിപ്പിക്കുന്നത്.

നാല്: ജിബ്‌രീൽ عليه السلام ആകാശ ലോകത്ത് അനുസരിക്കപ്പെടുന്നവനാണ്.

അല്ലാഹുവിന്റെ വചനമായ مُّطَاعٍ ثَمَّ (അവിടെ അനുസരിക്കപ്പെടുന്നവൻ) എന്നതിൽ സൂചിപ്പിക്കുന്നത്, ആദരണീയരായ മറ്റ് മലക്കുകളായ അദ്ദേഹത്തിന്റെ അനുയായികളും സഹായികളും, തങ്ങളുടെ കൂട്ടുകാരനും പ്രിയപ്പെട്ടവനുമായ മുഹമ്മദ് നബിക്ക് -ﷺ- പിന്തുണ നൽകാൻ വേണ്ടി ഒരു സൈന്യാധിപനെ സൈന്യം അനുസരിക്കുന്നതുപോലെ ജിബ്‌രീൽ عليه السلام യെ അനുസരിക്കുന്നുണ്ട് എന്നാണ്.

അതുപോലെ, നിങ്ങൾ നിഷേധിക്കുകയും ശത്രുത പുലർത്തുകയും ചെയ്യുന്ന ഈ പ്രവാചകൻ (മുഹമ്മദ് നബി ﷺ), ആകാശത്ത് ജിബ്‌രീൽ عليه السلام  അനുസരിക്കപ്പെടുന്നതുപോലെ ഭൂമിയിലും അനുസരിക്കപ്പെടുന്നവനായിത്തീരുമെന്ന സൂചനയും ഇതിലുണ്ട്. ആ രണ്ട് ദൂതന്മാരിൽ (ജിബ്‌രീൽ عليه السلام, മുഹമ്മദ് നബി ﷺ) ഓരോരുത്തരും അവരവരുടെ പ്രദേശത്തും ജനങ്ങൾക്കിടയിലും അനുസരിക്കപ്പെടുന്നവരാണ്.

തങ്ങളുടെ ജനതക്കിടയിൽ ആജ്ഞാശക്തിയും അനുസരണയുമുള്ള രാജാക്കന്മാരുടെ പദവിയാണ് അദ്ദേഹത്തിനുള്ളതെന്ന അദ്ദേഹത്തിന്റെ ഉന്നത പദവിയും ഇതിൽ വ്യക്തമാക്കുന്നുണ്ട്. ഇത്രയും വലിയ ഗൗരവമേറിയ കാര്യത്തിന് (ദിവ്യസന്ദേശം എത്തിക്കാനുള്ള ദൗത്യത്തിന്) ഇങ്ങനെയൊരു ഉന്നതനും അനുസരിക്കപ്പെടുന്നവനുമായ മലക്കല്ലാതെ മറ്റാരെയും അല്ലാഹു തിരഞ്ഞെടുത്തിട്ടില്ല.

അഞ്ച്: ജിബ്‌രീൽ عليه السلام അമീൻ (വിശ്വസ്തൻ) ആണ്.

അദ്ദേഹത്തെ ‘അമീൻ’ (വിശ്വസ്തൻ) എന്ന് വിശേഷിപ്പിച്ചതിൽ, താൻ വഹിച്ച ചുമതല സൂക്ഷ്മമായി കാത്തുസൂക്ഷിക്കുകയും, യാതൊരു കുറവുകളും മാറ്റങ്ങളും വരുത്താതെ അത് യഥാവിധി എത്തിച്ചുകൊടുക്കുകയും ചെയ്യും എന്നതിന്റെ സൂചനയുണ്ട്.

ജിബ്‌രീൽ عليه السلام ക്ക് പറയപ്പെട്ട ഈ ഉന്നതമായ വിശേഷണങ്ങളിൽ നിന്ന്, -ക്വിയാസുൽ ഔലാ (ഏറ്റവും ശക്തമായ മാനദണ്ഡം) വഴി- നമുക്ക് വ്യക്തമാകുന്നത്, ആ സന്ദേശം കൊണ്ടുവന്ന ഖുർആന്റെ മഹത്വവും, അതിന്റെ ഉയർന്ന പദവിയും, അല്ലാഹുവിന്റെ അടുക്കലുള്ള അതിന്റെ സ്ഥാനവുമാണ്.

ജിബ്‌രീൽ عليه السلام ക്ക് പറയപ്പെട്ട ഈ ഉന്നതമായ വിശേഷണങ്ങളിൽ നിന്ന്, ആ ദൂതൻ മുഖേന അവതരിച്ച വിശുദ്ധ ഖുർആന്റെ മഹത്വവും, അതിന്റെ പദവിയുടെ ഔന്നത്യവും, അല്ലാഹുവിന്റെ സന്നിധിയിലുള്ള അതിന്റെ ഉയർന്ന സ്ഥാനവും നമുക്ക് ബോധ്യപ്പെടുന്നു.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *