ഇസ്‌ലാം മതം എന്നാൽ അഖീദയും ശരീഅത്തുമാണ്. അഖീദ എന്നാൽ: അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും ഖദ്റിലും – അതിന്റെ നന്മയിലും തിന്മയിലും – വിശ്വസിക്കുക എന്നതാണ് അതിന്റെ അടിസ്ഥാനങ്ങൾ. വിശുദ്ധ ഖുര്‍ആനും തിരുസ്സുന്നത്തും ഈ അടിസ്ഥാനങ്ങളെ വ്യക്തമായി തെളിയിച്ചിട്ടുള്ളതാണ്.
അല്ലാഹു പറയുന്നു:
لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّـۧنَ …….
നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും …….. (ഖു൪ആന്‍:2/177)
ഖദ്റിനെ കുറിച്ച് അല്ലാഹു പറയുന്നു:
إِنَّا كُلَّ شَىْءٍ خَلَقْنَٰهُ بِقَدَرٍ ﴿٤٩﴾وَمَآ أَمْرُنَآ إِلَّا وَٰحِدَةٌ كَلَمْحِۭ بِٱلْبَصَرِ ﴿٥٠﴾
തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു. നമ്മുടെ കല്‍പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിന്‍റെ ഒരു ഇമവെട്ടല്‍ പോലെ.(ഖു൪ആന്‍:54/49-50)
സുന്നത്തിൽ നിന്നുള്ള തെളിവ്: ജിബ്‌രീൽ عليه السلام ഈമാനിനെ (വിശ്വാസത്തെ) കുറിച്ച് ചോദിച്ചപ്പോൾ നബി ﷺ മറുപടിയായി പറഞ്ഞത് ഇപ്രകാരമാണ്:
الإيمان: أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ.
‘ഈമാന്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും, അവസാന നാളിലും, വിശ്വസിക്കലാകുന്നു. നീ ഖദ്റില്‍, അതിന്റെ നന്‍മയിലും അതിന്റെ തിന്‍മയിലും വിശ്വസിക്കലുമാണ്.
അല്ലാഹുവിലുള്ള വിശ്വാസം
അല്ലാഹുവിലുള്ള വിശ്വാസം എന്നത് നാല് കാര്യങ്ങളെ ഉൾക്കൊള്ളുന്നു:
ഒന്ന്: അല്ലാഹുവിന്റെ അസ്തിത്വത്തിലുള്ള (അല്ലാഹു ഉണ്ടെന്നുള്ള) വിശ്വാസം.
അല്ലാഹുവിന്റെ അസ്തിത്വത്തെ തെളിയിക്കുന്നത് താഴെ പറയുന്ന നാല് കാര്യങ്ങളാണ്: പ്രകൃതിസഹജമായ ബോധം (الفطرة), ബുദ്ധി (العقل), പ്രമാണം (الشرع), ഇന്ദ്രിയാനുഭവം (الحس).
1.അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള الفطرة ന്റെ തെളിവ് എന്തെന്നാൽ:: മുൻകൂട്ടിയുള്ള ചിന്തയോ പഠനമോ ഇല്ലാതെത്തന്നെ ഓരോ സൃഷ്ടിയും അതിന്റെ സ്രഷ്ടാവിലുള്ള വിശ്വാസത്തോടെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ആ പ്രകൃതിപരമായ ആവശ്യകതയിൽ നിന്ന് വ്യതിചലിക്കുന്നത്, അതിന്റെ ഹൃദയത്തിൽ അതിൽ നിന്ന് തെറ്റിച്ചുകളയുന്ന എന്തെങ്കിലും കാര്യങ്ങൾ വന്നുഭവിച്ചവർ മാത്രമാണ്; നബി ﷺ പറഞ്ഞതുപോലെ:
مَا مِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ
എല്ലാ കുട്ടികളും ഫിത്‌റത്തിലാണ് (ശുദ്ധപ്രകൃതിയിലാണ്) ജനിക്കുന്നത്. അതില്‍പിന്നെ അവന്റെ മാതാപിതാക്കള്‍ അവനെ ജൂതനാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ ക്രിസ്ത്യാനിയാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ അഗ്‌നിയാരാധകനാക്കുന്നു. (ബുഖാരി:4775)
2.അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ബുദ്ധിയുടെ തെളിവ് എന്തെന്നാൽ: ഈ സൃഷ്ടികൾ – മുൻപുള്ളവരും ശേഷമുള്ളവരും – അവയെ സൃഷ്ടിച്ച ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കൽ നിർബന്ധമാണ്. കാരണം, അവയ്ക്ക് സ്വയം നിലവിൽ വരാൻ സാധ്യമല്ല; യാതൊരു ലക്ഷ്യവുമില്ലാതെ യാദൃശ്ചികമായി ഉണ്ടായതുമാകാൻ കഴിയില്ല.
അവയ്ക്ക് സ്വയം നിലവിൽ വരാൻ സാധ്യമല്ല; കാരണം, ഒരു വസ്തുവിനും സ്വയം സൃഷ്ടിക്കാൻ കഴിയില്ല. അതിന്റെ നിലനിൽപ്പിന് മുമ്പ് അത് കേവലം ശൂന്യതയായിരുന്നു , പിന്നെങ്ങനെയാണ് അത് സ്രഷ്ടാവായിമാറുക?
അതുപോലെ യാദൃശ്ചികമായി ഉണ്ടായതുമാകാൻ കഴിയില്ല; കാരണം, ഉണ്ടായതായ ഓരോ സംഭവത്തിനും അതിന്റേതായ ഒരു സ്രഷ്ടാവായോ കാരണക്കാരനായോ ഒരാൾ ഉണ്ടായിരിക്കൽ നിർബന്ധമാണ്. മാത്രമല്ല, അതിശയകരമായ ഈ വ്യവസ്ഥയിലും, ഇണങ്ങിനിൽക്കുന്ന ക്രമത്തിലും, കാര്യകാരണങ്ങൾ തമ്മിലും സൃഷ്ടികൾ പരസ്പരം തമ്മിലുമുള്ള അഭേദ്യമായ ബന്ധത്തിലും ഇവ നിലനിൽക്കുന്നു എന്നത്, ഇവയുടെ ഉത്ഭവം യാദൃശ്ചികമാണെന്ന വാദത്തെ പൂർണ്ണമായി തടയുന്നു. കാരണം, യാദൃശ്ചികമായി നിലവിൽവന്ന ഒരു വസ്തു അതിന്റെ ഉത്ഭവത്തിൽ തന്നെ കൃത്യമായ ഒരു വ്യവസ്ഥയിലല്ല ആയിരിക്കുന്നത്; പിന്നെങ്ങനെയാണ് അത് നിലനിൽക്കുന്ന വേളയിലും അതിന്റെ പരിണാമത്തിലും ക്രമബദ്ധമായിരിക്കുക?
അങ്ങനെ ഈ സൃഷ്ടികൾക്ക് സ്വയം നിലവിൽ വരാൻ സാധ്യമല്ലെന്നും, യാദൃശ്ചികമായി ഉണ്ടായതുമാകാൻ കഴിയില്ലെന്നും വരുന്ന പക്ഷം, ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവാണ് അവയെ ഉണ്ടാക്കിയ സ്രഷ്ടാവ് എന്ന് തീർച്ചയായും സ്ഥിരപ്പെട്ടിരിക്കുന്നു.
അല്ലാഹു ഈ ബുദ്ധിപരമായ തെളിവും ഉറപ്പായ പ്രമാണവും എടുത്തുപറഞ്ഞിട്ടുണ്ട്; അവന്‍ ഇപ്രകാരം പറഞ്ഞു:
أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَٰلِقُونَ
അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? (ഖുർആൻ :52/35)
അതായത്: അവർ യാതൊരു സ്രഷ്ടാവുമില്ലാതെ സൃഷ്ടിക്കപ്പെട്ടതല്ല; അവർ സ്വയം അവരെ സൃഷ്ടിച്ചതുമല്ല. അതിനാൽ അവരുടെ സ്രഷ്ടാവ് പരിശുദ്ധനും ഉന്നതനുമായ അല്ലാഹുവാണ് എന്ന് ഉറപ്പായിരിക്കുന്നു. അതുകൊണ്ടാണ് ജുബൈർ ബിൻ മുത്അിം رضى الله عنه അല്ലാഹുവിന്റെ റസൂൽ ﷺ സൂറത്തുത്ത്വൂർ ഓതുന്നത് കേൾക്കുകയും ഈ ആയത്തുകളിൽ എത്തുകയും ചെയ്തപ്പോൾ:
أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَٰلِقُونَ ﴿٣٥﴾ أَمْ خَلَقُوا۟ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ ﴿٣٦﴾ أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ ﴿٣٧﴾
അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല. അതല്ല, അവരുടെ പക്കലാണോ നിന്‍റെ രക്ഷിതാവിന്‍റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍? (ഖു൪ആന്‍:52/35-37)
ആ സമയത്ത് ജുബൈർ رضى الله عنه മുശ്രികായിരുന്നു. അദ്ദേഹം പറഞ്ഞു:
كاد قلبي أن يطير، وذلك أول ما وقر الإيمان في قلبي.
എന്റെ ഹൃദയം പറന്നുപോകാൻ തുടങ്ങി (ഞാൻ വല്ലാതെ അമ്പരന്നുപോയി), അതാണ് എന്റെ ഹൃദയത്തിൽ ആദ്യമായി ഈമാൻ (വിശ്വാസം) വേരുറച്ച സന്ദർഭം. (ബുഖാരി)
ഇത് വ്യക്തമാക്കുന്നതിനായി ഒരു ഉദാഹരണം പറയാം: മനോഹരമായ ഒരു കൊട്ടാരത്തെക്കുറിച്ചും, അതിനു ചുറ്റും പൂന്തോട്ടങ്ങൾ ചുറ്റിക്കിടക്കുന്നതിനെയും, അതിനിടയിലൂടെ നൊടിയിടയിൽ നദികൾ ഒഴുകുന്നതിനെയും, അത് വിരിപ്പുകളും കട്ടിലുകളും കൊണ്ട് നിറച്ചുവെച്ചിരിക്കുന്നതിനെയും, അതിന് അനുയോജ്യമായ അലങ്കാര വസ്തുക്കളും സംവിധാനങ്ങളും കൊണ്ട് അത് മോടിപിടിപ്പിച്ചിരിക്കുന്നതിനെയും കുറിച്ച് ഒരാൾ നിങ്ങളോട് സംസാരിക്കുകയും, എന്നിട്ട് നിങ്ങളോട് പറയുകയും ചെയ്തുവെന്ന് കരുതുക:’ഈ കൊട്ടാരവും അതിലുള്ള സകല സമ്പൂർണ്ണതയും സ്വയം ഉണ്ടായതാണ്, അല്ലെങ്കിൽ യാതൊരു സ്രഷ്ടാവുമില്ലാതെ യാദൃശ്ചികമായി അങ്ങനെ ഉണ്ടായതാണ്!’ എങ്കിൽ നിങ്ങൾ പെട്ടെന്ന് തന്നെ ആ പ്രസ്താവനയെ നിഷേധിക്കുകയും അത് കളവാണെന്ന് തള്ളിക്കളയുകയും ചെയ്യും. അയാളുടെ സംസാരത്തെ ബുദ്ധിയില്ലായ്മയായി നിങ്ങൾ കണക്കാക്കുകയും ചെയ്യും. അങ്ങനെയെങ്കിൽ, വിസ്തൃതമായ ഈ പ്രപഞ്ചത്തെക്കുറിച്ച് – അതിന്റെ ഭൂമിയും ആകാശവും ആകാശഗോളങ്ങളും അതിന്റെ അവസ്ഥകളും വിസ്മയകരമായ അദ്ഭുത വ്യവസ്ഥയും – സ്വയം ഉണ്ടായതാണെന്നോ, ഒരു സ്രഷ്ടാവുമില്ലാതെ യാദൃശ്ചികമായി ഉണ്ടായതാണെന്നോ പറയാൻ എങ്ങനെ സാധിക്കും?
അല്ലാഹു തആലയുടെ അസ്തിത്വത്തെ ശരീഅത്ത് (പ്രമാണങ്ങൾ) അറിയിക്കുന്നതെങ്ങനെയെന്നാൽ: വേദഗ്രന്ഥങ്ങളെല്ലാം ഇക്കാര്യം വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. സൃഷ്ടികളുടെ നന്മകൾ ഉൾക്കൊള്ളുന്ന നീതിപൂർവ്വകമായ വിധിവിലക്കുകൾ അവ കൊണ്ടുവന്നത്, തന്റെ സൃഷ്ടികളുടെ നന്മകളെക്കുറിച്ച് നന്നായി അറിയുന്ന അഗാധ ജ്ഞാനിയായ രക്ഷിതാവിങ്കൽ നിന്നുള്ളതാണ് എന്നതിന് തെളിവാണ്. അതുപോലെ, യാഥാർത്ഥ്യം അതിന്റെ സത്യതയ്ക്ക് സാക്ഷ്യം വഹിച്ച പ്രകൃതിപരവും പ്രപഞ്ചപരവുമായ വാർത്തകൾ അവ കൊണ്ടുവന്നത്, താൻ അറിയിച്ച കാര്യങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള ഒരു രക്ഷിതാവിങ്കൽ നിന്നുള്ളതാണെന്നതിന് തെളിവാണ്.
4.അല്ലാഹുലിന്റെ അസ്തിത്വത്തെ ഇന്ദ്രിയജ്ഞാനങ്ങളും അനുഭവങ്ങളും അറിയിക്കുന്നത് രണ്ട് കാര്യങ്ങൾ മുഖേനയാണ്: ഒന്നാമത്തേത്: പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്നതും, ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ നീക്കപ്പെടുന്നതും നാം കേൾക്കുകയും കാണുകയും ചെയ്യുന്നു എന്നതാണ്. ഇത് അല്ലാഹുവിേന്റെ അസ്തിത്വത്തെ ഉറപ്പായ രീതിയിൽ അറിയിക്കുന്നു. അല്ലാഹു പറയുന്നു:
وَنُوحًا إِذْ نَادَىٰ مِن قَبْلُ فَٱسْتَجَبْنَا لَهُۥ فَنَجَّيْنَٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ
നൂഹിനെയും (ഓര്‍ക്കുക). മുമ്പ് അദ്ദേഹം വിളിച്ച് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന് നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം മഹാ ദുഃഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി. (ഖു൪ആന്‍ : 21/76)
ﺇِﺫْ ﺗَﺴْﺘَﻐِﻴﺜُﻮﻥَ ﺭَﺑَّﻜُﻢْ ﻓَﭑﺳْﺘَﺠَﺎﺏَ ﻟَﻜُﻢْ ﺃَﻧِّﻰ ﻣُﻤِﺪُّﻛُﻢ ﺑِﺄَﻟْﻒٍ ﻣِّﻦَ ٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻣُﺮْﺩِﻓِﻴﻦَ
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് ഇസ്തിഗാസചെയ്ത (സഹായം തേടിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.(ഖു൪ആന്‍ :8/9)
عن أنس بن مالك قال: إنَّ أعرابيًّا دخل يوم الجمعة – والنبي صلى الله عليه وسلم يخطبُ – فقال: يا رسول الله، هلك المال، وجاعَ العيال، فادع الله لنا؛ فرفع يديه ودعا؛ فثار السحاب أمثال الجبال، فلم ينزل عن منبره حتى رأيتُ المطر يتحادر على لحيته. – وفي الجمعة الثانية، قام ذلك الأعرابي، أو غيره فقال: يا رسول الله – تهدم البناء، وغرق المال، فادع الله لنا؛ فرفع يديه، وقال: (اللهم حوَاليْنا ولا عَلَيْنَا، فما يشير إلى ناحية إلا انفرجت)
അനസ് ബ്നു മാലിക് رضى الله عنه വിൽ നിന്ന് നിവേദനം: വെള്ളിയാഴ്ച ദിവസം – നബി ﷺ ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കെ – ഒരു അഅ്റാബി പള്ളിയിൽ പ്രവേശിച്ചുകൊണ്ട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, സമ്പത്ത് നശിച്ചു, കുടുംബങ്ങൾ പട്ടിണിയിലാണ്; അതിനാൽ ഞങ്ങൾക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കേണമേ. ഉടനെ നബി ﷺ തന്റെ കൈകൾ ഉയർത്തി പ്രാർത്ഥിച്ചു. പെട്ടെന്ന് പർവ്വതങ്ങളെപ്പോലെ മേഘങ്ങൾ ഉയർന്നുവന്നു; അവിടുന്ന് മിമ്പറിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ, മഴവെള്ളം അവിടുത്തെ താടിയിലൂടെ ഒഴുകിയിറങ്ങുന്നത് ഞാൻ കണ്ടു.
രണ്ടാമത്തെ വെള്ളിയാഴ്ചയായപ്പോൾ ആ അഅ്റാബിയോ മറ്റൊരാളോ എഴുന്നേറ്റുപറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, കെട്ടിടങ്ങൾ തകർന്നു, സമ്പത്ത് മുങ്ങിപ്പോയി; അതിനാൽ ഞങ്ങൾക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കേണമേ.” ഉടനെ നബി ﷺ തന്റെ കൈകൾ ഉയർത്തിക്കൊണ്ട് പ്രാർത്ഥിച്ചു: “അല്ലാഹുവെ, (മഴയെ) ഞങ്ങളുടെ ചുറ്റും നീ വർഷിക്കേണമേ, ഞങ്ങളുടെ മേൽ (ആപത്തായി) ആകരുതേ!” അവിടുന്ന് ഏതൊരു ഭാഗത്തേക്ക് വിരൽ ചൂണ്ടിയോ, ആ ഭാഗത്തെ മേഘങ്ങളെല്ലാം മാറിപ്പോകാതിരുന്നില്ല. (ബുഖാരി)
അല്ലാഹുവിലേക്ക് ആത്മാർത്ഥമായി അഭയം പ്രാപിക്കുകയും പ്രാർത്ഥന സ്വീകരിക്കപ്പെടാനുള്ള നിബന്ധനകൾ പാലിക്കുകയും ചെയ്തവർക്ക്, പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുക എന്നത് ഇന്നോളം നമ്മുടെ കാലഘട്ടത്തിലും കണ്ടറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്നു.
രണ്ടാമത്തേത്: പ്രവാചകന്മാരുടെ (അമാനുഷിക) ദൃഷ്ടാന്തങ്ങൾ. – അവയാണ് മുഅ്ജിസത്തുകൾ എന്ന് വിളിക്കപ്പെടുന്നത് -. മനുഷ്യർ അവ നേരിട്ട് കാണുകയോ അതല്ലെങ്കിൽ അവയെക്കുറിച്ച് കേട്ടറിയുകയോ ചെയ്യുന്നു. ഇത് അവരെ അയച്ച അല്ലാഹുവിന്റെ അസ്തിത്വത്തിനുള്ള ഉറപ്പായ തെളിവാണ്. കാരണം, അവ മനുഷ്യരുടെ ശേഷിക്ക് അതീതമായ കാര്യങ്ങളാണ്; തന്റെ ദൂതന്മാരെ പിന്തുണയ്ക്കാനും അവരെ സഹായിക്കാനും വേണ്ടി അല്ലാഹു നടപ്പിലാക്കുന്നവയാണവ.
അതിന്റെ ഉദാഹരണമാണ് മൂസാ عليه السلام യുടെ ദൃഷ്ടാന്തം; തദ്സമയത്ത് തന്റെ വടികൊണ്ട് കടലിൽ അടിക്കാൻ അല്ലാഹു അദ്ദേഹത്തോട് കൽപ്പിക്കുകയും, അദ്ദേഹം അത് അടിക്കുകയും ചെയ്തു. അങ്ങനെ അത് പന്ത്രണ്ട് ഉണങ്ങിയ വഴികളായി പിളർന്നുപോയി; വെള്ളമാകട്ടെ അവയ്ക്കിടയിൽ വലിയ മലകൾ പോലെയും നിന്നു. അല്ലാഹു പറയുന്നു:
فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ ﴿٦٣﴾ وَأَزْلَفْنَا ثَمَّ ٱلْـَٔاخَرِينَ ﴿٦٤﴾ وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ ﴿٦٥﴾ ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ ﴿٦٦﴾
അപ്പോള്‍, ‘നിന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കുക’ എന്നു് മൂസാക്ക് നാം (അല്ലാഹു) ബോധനം നല്‍കി. (അദ്ദേഹം അടിച്ചു). അപ്പോള്‍ അത് പിളര്‍ന്നു. എന്നിട്ട് ഓരോ പിളര്‍പ്പും വമ്പിച്ച മലന്തിണ്ണ പോലെയായിത്തീര്‍ന്നു. അവിടെവെച്ച് മറ്റേവരെ (ഫി൪ഔന്‍റെ സംഘത്തെ) നാം അടുപ്പിക്കുകയും ചെയ്തു. മൂസായെയും, അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട്, മറ്റേകൂട്ടരെ നാം മുക്കിക്കൊന്നു. (ഖു൪ആന്‍:26/63-66)
മറ്റൊരു ഉദാഹരണം: ഈസാ عليه السلام യുടെ ദൃഷ്ടാന്തം; അദ്ദേഹം അല്ലാഹുവിന്റെ അനുവാദപ്രകാരം മരിച്ചവരെ ജീവിപ്പിക്കുകയും ഖബ്‌റുകളിൽ നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്തിരുന്നു. അദ്ദേഹത്തെക്കുറിച്ച് പരിശുദ്ധനായ അല്ലാഹു പറഞ്ഞു:
وَأُحْىِ ٱلْمَوْتَىٰ بِإِذْنِ ٱللَّهِ ۖ
അല്ലാഹുവിന്‍റെ അനുവാദപ്രകാരം മരിച്ചവരെ ഞാന്‍ ജീവിപ്പിക്കും. (ഖുര്‍ആൻ:3/49)
وَإِذْ تُخْرِجُ ٱلْمَوْتَىٰ بِإِذْنِى
(അല്ലാഹു പറഞ്ഞു) എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭം, (ഖു൪ആന്‍:5/110)
മറ്റൊരു ഉദാഹരണം, മുഹമ്മദ് നബി ﷺ യുടെ ദൃഷ്ടാന്തമാണ്; ഖുറൈശികൾ അദ്ദേഹത്തോട് ഒരു ദൃഷ്ടാന്തം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ചന്ദ്രനെ ചൂണ്ടിക്കാണിക്കുകയും, അങ്ങനെ അത് രണ്ടായി പിളരുകയും ചെയ്തു; ജനങ്ങൾ അത് കാണുകയും ചെയ്തു. അതിനെക്കുറിച്ച് അല്ലാഹു പറയുന്നു:
ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ ﴿١﴾ وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ ﴿٢﴾
ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും. (ഖു൪ആന്‍:54/1-2)
അങ്ങനെ, തന്റെ ദൂതന്മാരെ പിന്തുണയ്ക്കാനും അവരെ സഹായിക്കാനും വേണ്ടി അല്ലാഹു നടപ്പിലാക്കുന്ന ഈ ദൃശ്യമായ ദൃഷ്ടാന്തങ്ങൾ, അവൻെറ അസ്തിത്വത്തെ സംശയമില്ലാത്ത വിധം ഖണ്ഡിതമായി അറിയിക്കുന്നു.
രണ്ട്: അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള (രക്ഷാകർതൃത്വത്തിലുള്ള) വിശ്വാസം
അതായത്: പങ്കാളിയോ സഹായിയോ ഇല്ലാതെ അവൻ മാത്രമാണ് റബ്ബ് (രക്ഷിതാവ്) എന്ന് വിശ്വസിക്കൽ.
സൃഷ്ടിപ്പും ഉടമസ്ഥതാധികാരവും കൽപ്പനാധികാരവും ആര്‍ക്കാണോ അവനാണ് റബ്ബ് (الرب). അതിനാല്‍ അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്ടാവുമില്ല, അവനല്ലാതെ മറ്റൊരു ഉടമസ്ഥനുമില്ല, അവന്റേതല്ലാതെയുള്ള യാതൊരു കൽപ്പനയുമില്ല. അല്ലാഹു പറയുന്നു:
أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ
അറിയുക, സൃഷ്ടിപ്പും ശാസനാധികാരവും അവനു തന്നെയാണ്. (ഖു൪ആന്‍:7/54)
ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۚ وَٱلَّذِينَ تَدْعُونَ مِن دُونِهِۦ مَا يَمْلِكُونَ مِن قِطْمِيرٍ
അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈത്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. (ഖു൪ആന്‍:35/13)
അല്ലാഹുവിന്റെ റുബൂബിയ്യത്ത് (രക്ഷിതാവ് എന്നത്) സൃഷ്ടികളിൽ ആരും നിഷേധിച്ചിട്ടുണ്ടെന്ന് അറിയപ്പെട്ടിട്ടില്ല. അഹങ്കാരത്തോടെ വാശിപിടിക്കുന്നവൻ മാത്രമായിരിക്കും ഇതിന് അപവാദം. ഫിർഔന്റെ പക്കൽനിന്ന് ഉണ്ടായതുപോലെ; തന്റെ ജനങ്ങളോട് അവൻ പറഞ്ഞ സന്ദർഭം:
പരിശുദ്ധനായ അവൻ (അല്ലാഹു അതെല്ലാം കഴിഞ്ഞവൻ). എങ്കിലും തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി വാശിക്കും അഹങ്കാരത്തിനും വേണ്ടി നിഷേധിക്കുന്നവർ ഇതിൽ നിന്ന് വ്യതിരിക്തരാണ്; ഫ്രെഔൻ തന്റെ ജനത്തോട് പറഞ്ഞതുപോലെ:
فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ
ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു. (ഖു൪ആന്‍:79/24)
وَقَالَ فِرْعَوْنُ يَٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَٰهٍ غَيْرِى
ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. (ഖുർആൻ:28/38)
എന്നാൽ അവന്റെ ആ നിഷേധം യഥാർത്ഥ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. അല്ലാഹു പറയുന്നു:
وَجَحَدُوا۟ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْمًا وَعُلُوًّا ۚ
അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. (ഖു൪ആന്‍:27/14)
قَالَ لَقَدْ عَلِمْتَ مَآ أَنزَلَ هَٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ بَصَآئِرَ وَإِنِّى لَأَظُنُّكَ يَٰفِرْعَوْنُ مَثْبُورًا
അദ്ദേഹം (മൂസാ – ഫിര്‍ഔനോട്) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട് ഇവ ഇറക്കിയത് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ് തന്നെയാണ് എന്ന് തീര്‍ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്. ഫിര്‍ഔനേ, തീര്‍ച്ചയായും നീ നാശമടഞ്ഞവന്‍ തന്നെ എന്നാണ് ഞാന്‍ കരുതുന്നത്. (ഖുർആൻ:17/102)
അല്ലാഹുവിന്റെ ഉലൂഹിയ്യത്തിൽ (ആരാധ്യതയിൽ) അവന് പങ്കുചേർത്തിരുന്നതോടൊപ്പം തന്നെ, മുശ്രിക്കുകൾ അല്ലാഹുവിന്റെ റുബൂബിയ്യത്തിനെ (രക്ഷിതാവ് എന്ന നിലയിലുള്ള യാഥാർത്ഥ്യത്തെ) അംഗീകരിക്കുന്നുണ്ടായിരുന്നു. അല്ലാഹു പറയുന്നു:
قُل لِّمَنِ ٱلْأَرْضُ وَمَن فِيهَآ إِن كُنتُمْ تَعْلَمُونَ ﴿٨٤﴾ سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ ﴿٨٥﴾ قُلْ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ ﴿٨٦﴾ سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ ﴿٨٧﴾ قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴿٨٨﴾ سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ ﴿٨٩﴾
(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു? അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്? (ഖു൪ആന്‍: 23/84-89)
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും; പ്രതാപിയും സര്‍വ്വജ്ഞനുമായിട്ടുള്ളവനാണ് അവ സൃഷ്ടിച്ചത് എന്ന്. (ഖു൪ആന്‍:43/9)
ﻭَﻟَﺌِﻦ ﺳَﺄَﻟْﺘَﻬُﻢ ﻣَّﻦْ ﺧَﻠَﻘَﻬُﻢْ ﻟَﻴَﻘُﻮﻟُﻦَّ ٱﻟﻠَّﻪُ ۖ ﻓَﺄَﻧَّﻰٰ ﻳُﺆْﻓَﻜُﻮﻥَ
ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്? (ഖു൪ആന്‍:43/87)
അല്ലാഹുവിന്റെ കൽപ്പന എന്നത് പ്രാപഞ്ചികമായ കൽപ്പനയും മതപരമായ കൽപ്പനയും ഉൾക്കൊള്ളുന്നതാണ്. തന്റെ യുക്തിക്ക് അനുയോജ്യമായ രീതിയിൽ പ്രപഞ്ചത്തിൽ വിധി കൽപിച്ചുകൊണ്ട് അത് നിയന്ത്രിക്കുന്നവൻ എങ്ങനെയോ, അതുപോലെ തന്നെയാണ് തന്റെ യുക്തിക്ക് അനുയോജ്യമായി ഇബാദത്തുകളിലെ നിയമങ്ങളും ഇടപാടുകളിലെ വിധിവിലക്കുകളും നിശ്ചയിക്കുന്ന അവൻ. അതിനാൽ, ഇബാദത്തുകളിൽ അല്ലാഹുവിനോടൊപ്പം നിയമനിർമ്മാതാവിനെയോ, ഇടപാടുകളിൽ അവനെയല്ലാതെ മറ്റൊരു വിധികര്‍ത്താവിനെയോ ആരെങ്കിലും സ്വീകരിച്ചാൽ; അവൻ അല്ലാഹുവിൽ പങ്കുചേർത്തിരിക്കുന്നു; യഥാർത്ഥ വിശ്വാസം അവൻ പൂർത്തീകരിച്ചിട്ടുമില്ല.
മൂന്ന്: അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലുള്ള (ആരാധനയിലുള്ള) വിശ്വാസം.
അതായത്, യാതൊരു പങ്കാളിയുമില്ലാത്ത യഥാർത്ഥ ഇലാഹ് (ആരാധ്യൻ) അവൻ മാത്രമാണെന്ന് വിശ്വസിക്കൽ. ‘ഇലാഹ്’ എന്നാൽ المألوه (ആരാധിക്കപ്പെടുന്നവൻ) എന്നാണർത്ഥം. അതായത്, സ്നേഹത്തോടും ആദരവോടും കൂടി ആരാധിക്കപ്പെടുന്നവൻ.
അല്ലാഹു പറയുന്നു:
وَإِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۖ لَّآ إِلَٰهَ إِلَّا هُوَ ٱلرَّحْمَٰنُ ٱلرَّحِيمُ
നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.) (ഖു൪ആന്‍:2/163)
شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلْمَلَٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمَۢا بِٱلْقِسْطِ ۚ لَآ إِلَٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ
താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍. (ഖു൪ആന്‍:3/18)
അല്ലാഹുവിനോടൊപ്പം മറ്റാരെയെങ്കിലും ഇലാഹായി (ആരാധ്യനായി) സ്വീകരിക്കുകയും, അവനുപുറമെ ആരാധിക്കപ്പെടുകയും ചെയ്യുന്ന ഏതൊരാളുടെയും ഉലൂഹിയ്യത്ത് അസാധുവാകുന്നു.
ﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻥَّ ﻣَﺎ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦ ﻫُﻮَ ٱﻟْﺒَٰﻄِﻞُ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﻌَﻠِﻰُّ ٱﻟْﻜَﺒِﻴﺮُ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍ (ഖു൪ആന്‍:22/62)
അവയ്ക്ക് آلهة (ആരാധ്യൻ) എന്ന് പേരിട്ടത് കൊണ്ട് മാത്രം അവയ്ക്ക് ആരാധ്യതയുടെ യാതൊരു അവകാശവും ലഭിക്കുന്നില്ല. അല്ലാഹു ലാത്ത, ഉസ്സ, മനാത്ത എന്നിവരെ കുറിച്ച് പറയുന്നു:
إِنْ هِيَ إِلَّا أَسْمَاءٌ سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّهُ بِهَا مِن سُلْطَانٍ
നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല… (ഖു൪ആന്‍ :53/23)
ഹുദ് നബി തന്റെ ജനത്തോട് പറഞ്ഞതായി അല്ലാഹു പറയുന്നു:
أَتُجَٰدِلُونَنِى فِىٓ أَسْمَآءٍ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلْطَٰنٍ
നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില (ദൈവ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട് തര്‍ക്കിക്കുന്നത്? (ഖു൪ആന്‍ :7/71)
യൂസുഫ് (അലൈഹിസ്സലാം) ജയിലിലെ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ട് പറഞ്ഞതായി അല്ലാഹു പറയുന്നു:
يَٰصَٰحِبَىِ ٱلسِّجْنِ ءَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ ﴿٣٩﴾ مَا تَعْبُدُونَ مِن دُونِهِۦٓ إِلَّآ أَسْمَآءً سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَٰنٍ ۚ …. ﴿٤٠﴾
ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ? അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. (ഖു൪ആന്‍ :12/39-40)
അതുകൊണ്ടാണ് പ്രവാചകന്മാർ തങ്ങളുടെ ജനങ്ങളോട് ഇപ്രകാരം പറഞ്ഞിരുന്നത്:
ﻳَٰﻘَﻮْﻡِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻣَﺎ ﻟَﻜُﻢ ﻣِّﻦْ ﺇِﻟَٰﻪٍ ﻏَﻴْﺮُﻩُ
എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക് ഒരു ആരാധ്യനില്ല. (ഖു൪ആന്‍ :7/59)
എന്നാൽ ബഹുദൈവവിശ്വാസികൾ അത് അംഗീകരിക്കാൻ വിസമ്മതിച്ചു. അവർ അല്ലാഹുവിന് പുറമെ മറ്റ് ആരാധ്യൻമാരെ സ്വീകരിക്കുകയും, അല്ലാഹുവിനോടൊപ്പം അവരെ ആരാധിക്കുകയും, അവരോട് സഹായം അഭ്യർത്ഥിക്കുകയും, രക്ഷതേടുകയും ചെയ്തു.
എന്നാൽ മുശ്രിക്കുകൾ (ബഹുദൈവവിശ്വാസികൾ) ഇത്തരം ആരാധ്യൻമാരെ സ്വീകരിച്ചതിനെ അല്ലാഹു രണ്ട് ബുദ്ധിപരമായ തെളിവുകളിലൂടെ അസാധുവാക്കിയിരിക്കുന്നു:
(1): അവർ ആരാധ്യൻമാരായി സ്വീകരിച്ചിട്ടുള്ളവയിൽ ദൈവത്വത്തിന്റെ യാതൊരു സവിശേഷതയുമില്ല എന്നതാണ്; അവ സൃഷ്ടിക്കപ്പെട്ടവയാണ്, അവ ഒന്നും സൃഷ്ടിക്കുന്നില്ല. തങ്ങളെ ആരാധിക്കുന്നവർക്ക് ഒരു ഉപകാരവും ചെയ്തു കൊടുക്കാനോ അവരിൽ നിന്ന് ഒരു ഉപദ്രവം തടയാനോ അവയ്ക്ക് സാധിക്കുകയുമില്ല. അവർക്ക് ജീവിതമോ മരണമോ നൽകാൻ അവയ്ക്ക് ഉടമസ്ഥതയില്ല; ആകാശങ്ങളിൽ യാതൊരു പങ്കും അവരിലില്ല, അതിൽ അവരാരും പങ്കാളികളുമല്ല.
അല്ലാഹു പറയുന്നു:
وَٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً لَّا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَوٰةً وَلَا نُشُورًا
അവന് പുറമെ പല ദൈവങ്ങളേയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവര്‍ (ദൈവങ്ങള്‍) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക് തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പ്പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല. (ഖു൪ആന്‍:25/3)
قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُۥ مِنْهُم مِّن ظَهِيرٍ ﴿٢٢﴾ وَلَا تَنفَعُ ٱلشَّفَٰعَةُ عِندَهُۥٓ إِلَّا لِمَنْ أَذِنَ لَهُۥ ۚ …. ﴿٢٣﴾
പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല. ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല. (ഖുർആൻ:34/22-23)
أَيُشْرِكُونَ مَا لَا يَخْلُقُ شَيْـًٔا وَهُمْ يُخْلَقُونَ ﴿١٩١﴾ وَلَا يَسْتَطِيعُونَ لَهُمْ نَصْرًا وَلَآ أَنفُسَهُمْ يَنصُرُونَ ﴿١٩٢﴾
അവര്‍ പങ്കുചേര്‍ക്കുന്നത് യാതൊന്നും സൃഷ്ടിക്കാത്തവരെയാണോ? അവര്‍ (ആ ആരാധ്യര്‍) തന്നെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവരുമാണ്. അവര്‍ക്കൊരു സഹായവും ചെയ്യാന്‍ അവര്‍ക്ക് (പങ്കാളികള്‍ക്ക്) സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്കു തന്നെ അവര്‍ സഹായം ചെയ്യുന്നതുമല്ല. (ഖു൪ആന്‍:7/191-192)
ഈ ആരാധ്യൻമാരുടെ അവസ്ഥ ഇതാണ് എങ്കിൽ, അവയെ ആരാധ്യൻമാരായി സ്വീകരിക്കുന്നത് ഏറ്റവും വലിയ വിഢിത്തവും അസത്യവുമാണ്.
(2) ഈ മുശ്രിക്കുകൾ (ബഹുദൈവവിശ്വാസികൾ) അംഗീകരിച്ചിരുന്നത് എല്ലാറ്റിന്റെയും ആധിപത്യം ആരുടെ കയ്യിലാണോ, ആ അല്ലാഹു മാത്രമാണ് സൃഷ്ടാവായ റബ്ബ് എന്നും അവൻ അഭയം നൽകുന്നവനാണെന്നും അവനെതിരെ അഭയം നൽകപ്പെടുകയില്ലന്നും ആണ്. റുബൂബിയ്യത്തിൽ (രക്ഷാകർതൃത്വത്തിൽ) അവർ അവനെ ഏകനാക്കിയതുപോലെ, ഉലൂഹിയ്യത്തിലും (ആരാധനയിലും) അവർ അവനെ ഏകനാക്കണം എന്ന് ഇത് ആവശ്യപ്പെടുന്നുണ്ട്. അല്ലാഹു പറഞ്ഞതു പോലെ:
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿٢١﴾ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴿٢٢﴾
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്. (ഖു൪ആന്‍ :2/21-22)
ﻭَﻟَﺌِﻦ ﺳَﺄَﻟْﺘَﻬُﻢ ﻣَّﻦْ ﺧَﻠَﻘَﻬُﻢْ ﻟَﻴَﻘُﻮﻟُﻦَّ ٱﻟﻠَّﻪُ ۖ ﻓَﺄَﻧَّﻰٰ ﻳُﺆْﻓَﻜُﻮﻥَ
ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്? (ഖു൪ആന്‍:43/87)
قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ ﴿٣١﴾ فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلْحَقُّ ۖ فَمَاذَا بَعْدَ ٱلْحَقِّ إِلَّا ٱلضَّلَٰلُ ۖ فَأَنَّىٰ تُصْرَفُونَ ﴿٣٢﴾
പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? അവനാണ് നിങ്ങളുടെ യഥാര്‍ത്ഥ രക്ഷിതാവായ അല്ലാഹു. എന്നിരിക്കെ യഥാര്‍ത്ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്? അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്? (ഖുര്‍ആൻ:10/31-32)
നാല്: അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള വിശ്വാസം
അതായത്, അല്ലാഹു അവന്റേതായി അവന്റെ ഗ്രന്ഥത്തിലോ അവന്റെ റസൂൽ ﷺയുടെ ചര്യയിലോ സ്ഥിരീകരിച്ചിട്ടുള്ള നാമങ്ങളും വിശേഷണങ്ങളും, അ൪ത്ഥത്തില്‍ നിന്ന് തെറ്റിക്കാതെയും (തഹ്‌രീഫ്), നിഷേധിക്കലുമില്ലാതെയും (തഅ്തീൽ), രൂപം കൽപ്പിക്കലുമില്ലാതെയും (തക്’യിഫ്), സാദൃശ്യപ്പെടുത്തലുമില്ലാതെയും (തംസീൽ), അവന് അനുയോജ്യമായ രീതിയിൽ അംഗീകരിക്കുക. അല്ലാഹു പറയുന്നു:
وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും. (ഖു൪ആന്‍:7/180)
وَلَهُ ٱلْمَثَلُ ٱلْأَعْلَىٰ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത് അവന്നാകുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ. (ഖു൪ആന്‍:30/27)
لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ
അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :42/11)
ഈ വിഷയത്തിൽ (അല്ലാഹുവിന്റെ നാമവിശേഷണങ്ങളുടെ കാര്യത്തിൽ) രണ്ടു വിഭാഗം ആളുകൾ വഴിപിഴച്ചുപോയിട്ടുണ്ട്:
ഒന്നാമത്തെ വിഭാഗം: (المعطِّلة) അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും – അല്ലെങ്കിൽ അവയിൽ ചിലതിനെ – നിഷേധിച്ചവരാണവർ. അല്ലാഹുവിന് അവ സ്ഥിരീകരിക്കുന്നത് അവനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നതിന് (തശ്ബീഹ്) ഇടയാക്കുമെന്ന് വാദിച്ചുകൊണ്ടാണ് അവർ അവ നിഷേധിച്ചത്. എന്നാൽ ഈ വാദം താഴെ പറയുന്ന കാരണങ്ങളാൽ അസാധുവാകുന്നു:
1: അത് അസ്വീകാര്യമായ പല തിക്തഫലങ്ങൾക്കും വഴിവെക്കുന്നുണ്ട്; അല്ലാഹുവിന്റെ വചനങ്ങളിൽ വൈരുദ്ധ്യം ഉണ്ടാകുന്നു എന്നത് അതിൽ പെട്ടതാണ്. കാരണം, അല്ലാഹു തനിക്ക് നാമങ്ങളും വിശേഷണങ്ങളും സ്ഥിരീകരിക്കുകയും, തനിക്ക് തുല്യമായി യാതൊന്നുമില്ലെന്ന് വ്യക്തമായി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന് വിശേഷണങ്ങൾ സ്ഥിരീകരിക്കുന്നത് സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നതിന് (തശ്ബീഹ്) ഇടയാക്കുമെങ്കിൽ, അത് അല്ലാഹുവിന്റെ വാക്കുകളിൽ വൈരുദ്ധ്യത്തിനും, അവന്റെ വചനങ്ങൾ ഒന്നിനെ മറ്റൊന്ന് നിഷേധിക്കുന്നതിനും കാരണമായിത്തീരും.
2: രണ്ടാമത്: രണ്ട് കാര്യങ്ങൾ ഒരു പേരിലോ വിശേഷണത്തിലോ യോജിച്ചുവന്നു എന്നതുകൊണ്ട് അവ രണ്ടും പൂർണ്ണമായും തുല്യമാണെന്ന് വരുന്നില്ല. ഉദാഹരണത്തിന്, രണ്ട് വ്യക്തികൾ മനുഷ്യരാണെന്നതിലും അവർ കേൾക്കുന്നവരും കാണുന്നവരും സംസാരിക്കുന്നവരുമാണെന്നതിലും യോജിക്കുന്നതായി നിങ്ങൾ കാണുന്നു; എന്നാൽ അതുകൊണ്ട് അവരുടെ മനുഷ്യത്വപരമായ സവിശേഷതകളോ കേൾവി, കാഴ്ച, സംസാരം എന്നിവയോ പരസ്പരം തുല്യമാകണമെന്ന് നിർബന്ധമില്ല. അതുപോലെ മൃഗങ്ങൾക്ക് കൈകളും കാലുകളും കണ്ണുകളും ഉണ്ടെന്ന് കാണാം; എന്നാൽ ഈ യോജിപ്പുള്ളതുകൊണ്ട് മാത്രം അവയുടെ കൈകളും കാലുകളും കണ്ണുകളും പരസ്പരം തുല്യമാണെന്ന് വരുന്നില്ല.
അങ്ങനെയാണെങ്കിൽ, പരസ്പരം യോജിച്ചുപോകുന്ന കാര്യങ്ങളിൽ തന്നെ സൃഷ്ടികൾ തമ്മിൽ വ്യക്തമായ വ്യത്യാസവും വൈജാത്യവും ഉണ്ടെന്ന് വ്യക്തമാകുമ്പോൾ. നാമങ്ങളിലോ വിശേഷണങ്ങളിലോ ആണെങ്കിലും സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള വ്യത്യാസം അതിനേക്കാൾ വ്യക്തവും വളരെ വലുതുമാണ്.
രണ്ടാമത്തെ വിഭാഗം: (المشبهة) – നാമങ്ങളും വിശേഷണങ്ങളും സ്ഥിരപ്പെടുത്തിയതോടൊപ്പം അവയെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയും ചെയ്തവർ. “അല്ലാഹു മനുഷ്യർക്ക് ഗ്രഹിക്കാൻ കഴിയുന്ന ഭാഷയിലാണ് അവരോട് സംവദിക്കുന്നത് എന്നതിനാൽ, പ്രമാണങ്ങളുടെ ഭാഷ്യം ഇതാണ്” എന്ന് അവർ വാദിക്കുന്നു. എന്നാൽ ഈ വാദപ്രകാരം ഇത് അസാധുവാകുന്നു; അതിന് പല കാരണങ്ങളുമുണ്ട്:
A: അല്ലാഹുവിനെ അവന്റെ സൃഷ്ടികളോട് ഉപമിക്കുന്നത് ബുദ്ധിയും മതപ്രമാണങ്ങളും ഒരുപോലെ തെറ്റാണെന്ന് വിധിച്ചിട്ടുള്ള കാര്യമാണ്. വിശുദ്ധ ഖുർആനിന്റെയും സുന്നത്തിന്റെയും പ്രമാണങ്ങളുടെ താൽപ്പര്യം ഒരിക്കലും ബുദ്ധിപരമായി തെറ്റായതോ അസ്വീകാര്യമായതോ ആയ ഒന്നാകാൻ സാധ്യമല്ല.
B: അല്ലാഹു മനുഷ്യരോട് സംസാരിച്ചിട്ടുള്ളത് അവർക്ക് ഗ്രഹിക്കാൻ കഴിയുന്ന അടിസ്ഥാനപരമായ അർത്ഥതലങ്ങൾ വെച്ചുകൊണ്ടാണ്. എന്നാൽ ആ അർത്ഥങ്ങളുടെ യഥാർത്ഥ സ്വഭാവവും യാഥാർത്ഥ്യവും എങ്ങനെയുള്ളതാണെന്നത് അല്ലാഹു അവന്റെ സത്തയോടും വിശേഷണങ്ങളോടും ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വന്തം പക്കൽ മാത്രം സൂക്ഷിച്ചിട്ടുള്ള അറിവാണ്.
അങ്ങനെ അല്ലാഹു തനിക്ക് السمع (കേൾക്കുന്നവൻ) എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ, ആ കേൾവി എന്നത് അതിന്റെ അടിസ്ഥാന അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ (അതായത് ശബ്ദങ്ങൾ തിരിച്ചറിയുക എന്നത്) നമുക്ക് അറിയാവുന്നതാണ്. എന്നാൽ അല്ലാഹുവിന്റെ കേൾവിയുടെ യഥാർത്ഥ സ്വഭാവം എന്താണെന്നത് നമുക്കറിയല്ല; കാരണം, കേൾവിയുടെ യഥാർത്ഥ രൂപം സൃഷ്ടികളിൽ തന്നെ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്. അപ്പോൾ സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ആ വ്യത്യാസം കൂടുതൽ വ്യക്തവും വമ്പിച്ചതുമാണ്.
അല്ലാഹു തന്റെ അർശിൽ (സിംഹാസനത്തിൽ)) ഇസ്തിവാഅ് ചെയ്തു എന്ന് അറിയിച്ചാൽ, ആ ഇസ്തിവാഅ് എന്നത് അതിന്റെ അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് അറിയാവുന്നതാണ്. എന്നാൽ അല്ലാഹു തന്റെ അർശിൽ ഇസ്തിവാഅ് ചെയ്തിട്ടുള്ള അതിന്റെ യഥാർത്ഥ സ്വഭാവം നമുക്ക് അജ്ഞാതമാണ്. കാരണം, ഇസ്തിവാഇന്റെ യാഥാർത്ഥ്യം സൃഷ്ടികളുടെ കാര്യത്തിൽ തന്നെ വ്യത്യസ്തമാണ്; ഉദാഹരണത്തിന്, സുസ്ഥിരമായ ഒരു കസേരയിലിരിക്കുന്നതും, അനുസരണകെട്ട് വിറളിപിടിച്ചു നിൽക്കുന്ന ഒരു ഒട്ടകത്തിന്റെ പുറത്തിരിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടല്ലോ. അപ്പോൾ സൃഷ്ടികളുടെ കാര്യത്തിൽ തന്നെ ഇത്രത്തോളം വ്യത്യാസമുണ്ടെങ്കിൽ, സൃഷ്ടാവും സൃഷ്ടികളും തമ്മിലുള്ള ആ വ്യത്യാസം അതിലും വ്യക്തവും വമ്പിച്ചതുമാണ്.
ഈ വിവരിച്ച രീതിയിലുള്ള അല്ലാഹുവിലുള്ള വിശ്വാസം സത്യവിശ്വാസികൾക്ക് നല്ല ഫലങ്ങൾ സമ്മാനിക്കുന്നുണ്ട്; അവയിൽ ചിലത് താഴെ പറയുന്നവയാണ്:
ഒന്നാമത്തെ ഫലം: അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) പൂർണ്ണമായും യാഥാർത്ഥ്യമാക്കുക എന്നതാണ്. അതായത് അല്ലാഹുവല്ലാത്ത മറ്റാരെക്കുറിച്ചും പ്രതീക്ഷയോ പേടിയോ ഉണ്ടാകാതിരിക്കുകയും, അവനല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുകയും ചെയ്യുക.
രണ്ടാമത്തേത്: അല്ലാഹുവിന്റെ ഏറ്റവും നല്ല നാമങ്ങളുടെയും ഉന്നതമായ വിശേഷണങ്ങളുടെയും അടിസ്ഥാനത്തിൽ അവനോടുള്ള സ്നേഹവും ആദരവും പൂർണ്ണമാക്കുക.
മൂന്നാമത്തേത്: അല്ലാഹു കൽപിച്ച കാര്യങ്ങൾ ചെയ്യുകയും അവൻ വിലക്കിയ കാര്യങ്ങൾ വർജിക്കുകയും ചെയ്തുകൊണ്ട് അവനുള്ള ഇബാദത്ത് (ആരാധന) പൂർണ്ണമായി സാക്ഷാത്കരിക്കുക.
അവലംബം: മുഹമ്മദ് ബ്നു സ്വാലിഹ് അല്‍-ഉഥൈമീന്‍ رحمه الله യുടെ كتاب نبذة في العقيدة الإسلامية എന്ന കൃതിയിൽ നിന്നും
www.kanzululoom.com