മഹാൻമാര്‍ മരണശേഷം ദുൻയാവിലെ കാര്യങ്ങൾ അറിയുമെന്നോ?

മഹാൻമാരായ അമ്പിയാക്കളും ഔലിയാക്കളും മരണശേഷവും  ജീവിത-മരണ വ്യത്യാസമില്ലാതെ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവരാണന്ന്, അവരോട് ഇസ്തിഗാസ നടത്താമെന്ന് വാദിക്കുന്നവര്‍ പ്രചരിപ്പിക്കാറുണ്ട്.

ഒന്നാമതായി, ഭൗതിക ലോകത്തെ ജീവിതവും മരണശേഷമുള്ള അവസ്ഥയും രണ്ടാണ്. അല്ലാഹു  പറയുന്നു:

وَمَا يَسْتَوِى ٱلْأَحْيَآءُ وَلَا ٱلْأَمْوَٰتُ ۚ

ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല.  (ഖു൪ആന്‍:35/22)

മഹാൻമാരായ അമ്പിയാക്കളും ഔലിയാക്കളും മരണപ്പെട്ടാൽ അവരും ബർസഖിയ്യായ ലോകത്തേക്ക് കടക്കുന്നു. അവിടെ അല്ലാഹു അവർക്ക് നൽകുന്ന പ്രത്യേക ആദരവുകളും പദവികളുമുണ്ട്. എന്നാൽ ഭൗതിക ലോകത്തെ നിയമങ്ങളും ബാധ്യതകളും കേൾവിയും ബന്ധങ്ങളും ജീവിച്ചിരിക്കുന്നവരെപ്പോലെയല്ല അവിടെ. ബർസഖിലെ ജീവിതവും ദുനിയാവിലെ ജീവിതവും തമ്മിൽ വ്യക്തമായ തരംതിരിവുണ്ട്.

രണ്ടാമതായി, മഹാൻമാരായ അമ്പിയാക്കളും ഔലിയാക്കളും അവരുടെ മരണശേഷം ഈ ദുൻയാവിൽ എന്തൊക്കെ സംഭവിക്കുന്നുവെന്ന് അറിയുന്നേയില്ല. അതിനുള്ള തളിവ് കാണുക.

പ്രവാചകൻമാരെ പരലോകത്ത് അല്ലാഹു വിചാരണ ചെയ്യുന്നതിനെ കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നു:

يَوْمَ يَجْمَعُ ٱللَّهُ ٱلرُّسُلَ فَيَقُولُ مَاذَآ أُجِبْتُمْ ۖ قَالُوا۟ لَا عِلْمَ لَنَآ ۖ إِنَّكَ أَنتَ عَلَّٰمُ ٱلْغُيُوبِ

അല്ലാഹു ദൂതന്‍മാരെ ഒരുമിച്ചുകൂട്ടുകയും, നിങ്ങള്‍ക്ക് എന്ത് മറുപടിയാണ് കിട്ടിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം അവര്‍ പറയും: ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. നീയാണ് അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്‍. (ഖു൪ആന്‍:5/109)

നിങ്ങള്‍ നിങ്ങളുടെ സമുദായത്തെ തൗഹീദിലേക്കും, സത്യദീനിലേക്കും ക്ഷണിച്ചിട്ട് അവരില്‍ നിന്നുണ്ടായ മറുപടി എന്താണെന്നത്രെ ചോദ്യത്തിന്റെ താല്‍പര്യം. അവരുടെ കാലശേഷം അവരുടെ സമുദായത്തിന്റെ സ്ഥിതി എന്തായിരുന്നുവെന്ന് അവര്‍ക്കറിയുകയില്ലെന്ന് മരുപടിയിൽ വ്യക്തമാണ്. അവരുടെ ജീവിതകാലത്ത് അവരില്‍ നിന്നുണ്ടായ പ്രതികരണം കുറെയൊക്കെ അവര്‍ കണ്ടറിഞ്ഞിരിക്കുമെന്നു മാത്രം.  മറുപടി ഇതാണ്: …لاعِلْمَ لَنَا (ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല.)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം റാസി رحمه الله പറയുന്നു

والوَجْهُ الثّالِثُ في الجَوابِ، وهو الأصَحُّ، وهو الَّذِي اخْتارَهُ ابْنُ عَبّاسٍ أنَّهم إنَّما قالُوا: لا عِلْمَ لَنا؛ لِأنَّكَ تَعْلَمُ ما أظْهَرُوا وما أضْمَرُوا، ونَحْنُ لا نَعْلَمُ إلّا ما أظْهَرُوا، فَعِلْمُكَ فِيهِمْ أنْفَذُ مِن عِلْمِنا. فَلِهَذا المَعْنى نَفَوُا العِلْمَ عَنْ أنْفُسِهِمْ لِأنَّ عِلْمَهم عِنْدَ اللَّهِ كَلا عِلْمٍ.

 മൂന്നാമത്തെ വിശദീകരണം – അതാണ് ഏറ്റവും ശരിയായതും ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ തെരഞ്ഞെടുത്തതും – “തീർച്ചയായും അവർ (പ്രവാചകന്മാർ അല്ലാഹുവിനോട്) {ഞങ്ങൾക്ക് യാതൊരു അറിവുമില്ല} എന്ന് പറഞ്ഞത് ഇതിനാലാണ്: തീർച്ചയായും നീ അവർ വെളിപ്പെടുത്തിയതും രഹസ്യമാക്കിയതും അറിയുന്നുണ്ട്. ഞങ്ങളാകട്ടെ, അവർ വെളിപ്പെടുത്തിയത് അല്ലാതെ (മറ്റൊന്നും) അറിയുന്നുമില്ല. അവരെക്കുറിച്ചുള്ള  ഞങ്ങളുടെ അറിവിനേക്കാൾ നിന്റെ അറിവാണ് സമഗ്രമായ അറിവ്.” ഈ അർത്ഥത്തിലാണ് പ്രവാചകന്മാർ തങ്ങളിൽ നിന്ന് അറിവിനെ ഇല്ലാതാക്കി പ്രസ്താവിച്ചത്; കാരണം, അല്ലാഹുവിന്റെ അറിവിന് മുന്നിൽ അവരുടെ അറിവ് ‘അറിവില്ലായ്മക്ക്’ തുല്യമാണ്.

والوَجْهُ الرّابِعُ في الجَوابِ أنَّهم قالُوا: لا عِلْمَ لَنا، إلّا أنَّ عَلِمْنا جَوابَهم لَنا وقْتَ حَياتِنا، ولا نَعْلَمُ ما كانَ مِنهم بَعْدَ وفاتِنا، والجَزاءُ والثَّوابُ إنَّما يَحْصُلانِ عَلى الخاتِمَةِ وذَلِكَ غَيْرُ مَعْلُومٍ لَنا. فَلِهَذا المَعْنى قالُوا لا عِلْمَ لَنا. وقَوْلُهُ: {إنَّكَ أنْتَ عَلّامُ الغُيُوبِ} يَشْهَدُ بِصِحَّةِ هَذَيْنِ الجَوابَيْنِ.

നാലാമത്തെ വിശദീകരണം:  തീർച്ചയായും അവർ (പ്രവാചകന്മാർ അല്ലാഹുവിനോട്) {ഞങ്ങൾക്ക് യാതൊരു അറിവുമില്ല} എന്ന് പറഞ്ഞത് ഇതിനാലാണ്: ‘ഞങ്ങളുടെ ജീവിതകാലത്ത് അവർ നൽകിയ മറുപടിയെക്കുറിച്ച് മാത്രമാണ് ഞങ്ങൾ അറിയുന്നത്; ഞങ്ങളുടെ മരണശേഷം അവരിൽ നിന്ന് എന്തുണ്ടായി എന്ന് ഞങ്ങൾ അറിയുന്നില്ല. പ്രതിഫലവും പുണ്യവും ലഭിക്കുന്നത് അന്ത്യം അനുസരിച്ചാണ്; എന്നാൽ അതാവട്ടെ ഞങ്ങൾക്ക് അറിവുള്ളതുമല്ല. ഈ അർത്ഥത്തിലാണ് അവർ (പ്രവാചകന്മാർ) {ഞങ്ങൾക്ക് യാതൊരു അറിവുമില്ല} എന്ന് പ്രസ്താവിച്ചത്. അല്ലാഹുവിന്റെ വചനമായ {നീയാണ് അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്‍} എന്നത് ഈ രണ്ട് മറുപടികളുടെയും ശരിവെയ്ക്കലിന്  സാക്ഷ്യം വഹിക്കുന്നു. [تفسير الرازي]

ഈസാ നബി عليه السلام യെ പ്രത്യേകം വിചാരണ ചെയ്യുന്ന രംഗം വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നത് കാണുക:

وَإِذْ قَالَ ٱللَّهُ يَٰعِيسَى ٱبْنَ مَرْيَمَ ءَأَنتَ قُلْتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَٰهَيْنِ مِن دُونِ ٱللَّهِ ۖ

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? (ഖു൪ആന്‍:5/116)

അപ്പോൾ ഈസാ നബി عليه السلام യുടെ മറുപടി എന്തായിരിക്കുമെന്ന് വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നത് കാണുക:

قَالَ سُبْحَٰنَكَ مَا يَكُونُ لِىٓ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ ۚ إِن كُنتُ قُلْتُهُۥ فَقَدْ عَلِمْتَهُۥ ۚ تَعْلَمُ مَا فِى نَفْسِى وَلَآ أَعْلَمُ مَا فِى نَفْسِكَ ۚ إِنَّكَ أَنتَ عَلَّٰمُ ٱلْغُيُوبِ ‎﴿١١٦﴾‏ مَا قُلْتُ لَهُمْ إِلَّا مَآ أَمَرْتَنِى بِهِۦٓ أَنِ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ ‎﴿١١٧﴾

അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (ഖു൪ആന്‍:5/116-117) (3)

قال أبو جعفر: وهذا خبر من الله تعالى ذكره عن قول عيسى, يقول: ما قلت لهم إلا الذي أمرتني به من القول أن أقوله لهم, وهو أن قلت لهم: {ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ}، يقول: وكنت على ما يفعلونه وأنا بين أظهرهم شاهدًا عليهم وعلى أفعالهم وأقوالهم {فَلَمَّا تَوَفَّيْتَنِى}، يقول: فلما قبضتني إليك {كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ} ، يقول: كنت أنت الحفيظ عليهم دوني,  لأني إنما شهدت من أعمالهم ما عملوه وأنا بين أظهرهم.

അബൂ ജാഫർ (ഇമാം ത്വബ്‌രി رحمه الله) പറഞ്ഞു: ഇത് അല്ലാഹു ഈസാ عليه السلام യുടെ വാക്കുകളെക്കുറിച്ച് നൽകുന്ന വിവരമാണ്. ഈസാ عليه السلام പ്രസ്താവിക്കുന്നു: ‘എന്നോട് പറയണമെന്ന് നീ കൽപ്പിച്ച ആ വാക്കല്ലാതെ മറ്റൊന്നും ഞാൻ അവരോട് പറഞ്ഞിട്ടില്ല; ഞാൻ അവരോട് പറഞ്ഞത് ഇതാണ്: {എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു} അതായത് ഞാൻ അവർക്കിടയിൽ ജീവിച്ചിരുന്നപ്പോൾ അവർ പ്രവർത്തിച്ച കാര്യങ്ങൾക്കും അവരുടെ വാക്കുകൾക്കും ഞാൻ  സാക്ഷിയായിരുന്നു.{പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍}അതായത് പിന്നീട് നീ എന്നെ (നിന്നിലേക്ക്) പിടിച്ചെടുത്തപ്പോൾ (ഉയർത്തിയപ്പോൾ) {നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍} അതായത് എനിക്കപ്പുറം നീ തന്നെയായിരുന്നു അവരെ സൂക്ഷ്മമായി വീക്ഷിക്കുന്നവനും കാത്തുസൂക്ഷിക്കുന്നവനും, കാരണം, ഞാൻ അവർക്കിടയിൽ ജീവിച്ചിരുന്ന സമയത്ത് അവർ പ്രവർത്തിച്ച കാര്യങ്ങൾക്ക് മാത്രമാണ് ഞാൻ സാക്ഷിയായിട്ടുള്ളത്. (ത്വബ്‌രി)

മുഹമ്മദ് നബി ﷺ യുടെ കാര്യവും ഇതിൽ നിന്ന് ഭിന്നമല്ല.

عَنِ ابْنِ عَبَّاسٍ، قَالَ قَامَ فِينَا النَّبِيُّ صلى الله عليه وسلم يَخْطُبُ فَقَالَ ‏: ….. وَإِنَّ أَوَّلَ الْخَلاَئِقِ يُكْسَى يَوْمَ الْقِيَامَةِ إِبْرَاهِيمُ، وَإِنَّهُ سَيُجَاءُ بِرِجَالٍ مِنْ أُمَّتِي، فَيُؤْخَذُ بِهِمْ ذَاتَ الشِّمَالِ‏.‏ فَأَقُولُ يَا رَبِّ أُصَيْحَابِي‏.‏ فَيَقُولُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ‏.‏ فَأَقُولُ كَمَا قَالَ الْعَبْدُ الصَّالِحُ ‏{‏وَكُنْتُ عَلَيْهِمْ شَهِيدًا مَا دُمْتُ فِيهِمْ‏}‏ إِلَى قَوْلِهِ ‏{‏الْحَكِيمُ‏}‏ قَالَ فَيُقَالُ إِنَّهُمْ لَمْ يَزَالُوا مُرْتَدِّينَ عَلَى أَعْقَابِهِمْ ‏”‏‏.‏

ഇബ്‌നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖിയാമത്തു നാളില്‍ ആദ്യമായിവസ്ത്രം ധരിപ്പിക്കപ്പെടുന്നത് ഇബ്‌റാഹീം عليه السلام ക്ക് ആയിരിക്കും. അറിയുക: എന്റെ സമുദായത്തില്‍ നിന്ന് ചില മനുഷ്യരെ കൊണ്ടുവന്ന് അവരെ ഇടത് വശത്തേക്ക് (അവിശ്വാസികളായ ദുര്‍ജ്ജനങ്ങളുടെ പക്ഷത്തേക്ക്) എടുക്കും. അപ്പോള്‍, ഞാന്‍: ‘എന്റെ ആള്‍ക്കാര്‍!’ എന്ന് പറയും. അപ്പോള്‍ എന്നോട് പറയപ്പെടും: ‘അവര്‍ താങ്കള്‍ക്കു ശേഷം പുതുതായി ഉണ്ടാക്കിത്തീര്‍ത്തതിനെക്കുറിച്ചു താങ്കള്‍ക്ക് അറിഞ്ഞുകൂടാ’. അപ്പോള്‍ ആ നല്ല അടിയാന്‍ (ഈസാ നബി) പറഞ്ഞതു പോലെ ഞാന്‍ പറയും: وَكُنتُ عَلَيْهِمْ شَهِيدًا (ഞാന്‍ അവരില്‍ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ അവരില്‍ സാക്ഷ്യം വഹിക്കുന്നവനായിരുന്നു…..) അപ്പോള്‍ പറയപ്പെടും: ‘താങ്കള്‍ അവരെ പിരിഞ്ഞതു മുതല്‍ അവര്‍ (ഇസ്ലാമിൽ നിന്ന്) പിന്നോക്കം മടങ്ങിക്കൊണ്ടിരിക്കുകയായിരുന്നു’. (ബുഖാരി:6526)

قَالَ عَبْدُ اللَّهِ قَالَ النَّبِيُّ صلى الله عليه وسلم ‏ “‏ أَنَا فَرَطُكُمْ عَلَى الْحَوْضِ، لَيُرْفَعَنَّ إِلَىَّ رِجَالٌ مِنْكُمْ حَتَّى إِذَا أَهْوَيْتُ لأُنَاوِلَهُمُ اخْتُلِجُوا دُونِي فَأَقُولُ أَىْ رَبِّ أَصْحَابِي‏.‏ يَقُولُ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ ‏”‏‏.‏

ഇബ്നു മസ്ഊദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: ഞാൻ ഹൗദ്വിലേക്ക് നിങ്ങളെ മുൻകടന്ന് വരുന്നവനാണ്. നിങ്ങളിൽ നിന്ന് ഒരു വിഭാഗം എന്നിലേക്ക് ഉയർത്തപ്പെടുക തന്നെ ചെയ്യും. അവർക്ക് വെള്ളമെടുത്ത് നൽകുവാൻ ഞാൻ കുനിഞ്ഞാൽ എന്നിൽനിന്നും അവർ അടർത്തിയെടുക്കപ്പെടും. ഞാൻ പറയും: “എന്റെ രക്ഷിതാവേ, എന്റെ അനുയായികളാണേ.” അപ്പോൾ പറയും: താങ്കളുടെ കാലശേഷം അവർ (മതത്തിൽ) പുതുതായി ഉണ്ടാക്കിയത് താങ്കൾക്ക് അറിയില്ല….” (ബുഖാരി:7049)

മഹാൻമാരായ അമ്പിയാക്കളുടെ കാര്യം ഇതാണെങ്കിൽ അവരേക്കാൾ താഴെ പദവിയുള്ള ഔലിയാക്കളുടെ കാര്യം പറയേണ്ടതില്ല. അവരാരും മരണശേഷം ദുൻയാവലെ കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നവരല്ല. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവൻ അല്ലാഹു മാത്രം. അതിനാൽ അവനോട് മാത്രം പ്രാര്‍ത്ഥിക്കുക, അവനോട് മാത്രം സഹായം ചോദിക്കുക.

 

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *