ജനങ്ങൾ അശ്രദ്ധയിലായിരിക്കുമ്പോൾ ഇബാദത്ത് ചെയ്യുന്നതിന്റെ മഹത്വം

മാനവരാശിയുടെ സൃഷ്ടിപ്പുതന്നെ അവര്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിന് വേണ്ടിയാണ്. എന്നാൽ ഭൗതിക ലോകത്തിന്റെ ആകർഷണങ്ങളിലും സുഖലോലുപതയിലും മുഴുകി മനുഷ്യൻ തന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തിൽ നിന്ന് അശ്രദ്ധനായിപ്പോകുന്നു.

ജനങ്ങൾ അശ്രദ്ധയിൽ (الغفلة) ആയിരിക്കുമ്പോൾ ഇബാദത്ത് ചെയ്യൽ ഏറെ പുണ്യകരമാണ്. അത് മനസ്സിൽ വലിയ സ്വാധീനമുണ്ടാക്കാനും, അല്ലാഹുവിങ്കൽ നിന്ന്  വമ്പിച്ച പ്രതിഫലം നേടിക്കൊടുക്കാനും സഹായിക്കും. അതുകൊണ്ടാണ് മുൻഗാമികളിൽ ചിലര്‍ മഗ്‌രിബിനും ഇശാഇനും ഇടയിലുള്ള സമയം ഇബാദത്തുകളിലൂടെ ജീവസ്സുറ്റതാക്കാറുണ്ടായിരുന്നത്. ജനങ്ങൾ അശ്രദ്ധരാകുന്ന ഒരു സമയമാണത്.

അശ്രദ്ധയുടെ സമയങ്ങളിലെ ഇബാദത്തുകളിൽ നബി ﷺ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. പല അവസരങ്ങളിലും സമയങ്ങളിലും ഇത് സംബന്ധിച്ച് നബി ﷺയുടെ ഉപദേശങ്ങളും മാതൃകകളും ഉണ്ടായിട്ടുണ്ട്.

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ، رضى الله عنها أَنَّهَا قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَصُومُ حَتَّى نَقُولَ لاَ يُفْطِرُ ‏.‏ وَيُفْطِرُ حَتَّى نَقُولَ لاَ يَصُومُ ‏.‏ وَمَا رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم اسْتَكْمَلَ صِيَامَ شَهْرٍ قَطُّ إِلاَّ رَمَضَانَ وَمَا رَأَيْتُهُ فِي شَهْرٍ أَكْثَرَ مِنْهُ صِيَامًا فِي شَعْبَانَ

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ رضى الله عنها യില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: നബി ﷺ ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്റെ റസൂല്‍ പരിപൂര്‍ണമായി നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാല്‍ പിന്നെ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. (മുസ്ലിം:1156)

عَنْ أُسَامَةُ بْنُ زَيْدٍ، قَالَ قُلْتُ يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ ‏.‏ قَالَ ‏ “‏ ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ ‏”

ഉസാമ ബ്ന്‍ സൈദ്‌ رضي الله عنه പറഞ്ഞു: ഞാന്‍ (നബി ﷺ യോട്) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘റജബിനും റമളാനിനും ഇടയില്‍ ആളുകള്‍  അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. (നസാഇ: 2357 – അല്‍ബാനി ഹദീസിനെ ഹസനെന്ന് വിശേഷിപ്പിച്ചു)

عن عمر بن الخطاب ـ رضي الله عنه ـ أن رسول الله صلى الله عليه وسلم قال: مَنْ قَالَ فِي السُّوقِ {لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَىٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ} كَتَبَ اللَّهُ لَهُ أَلْفَ أَلْفِ حَسَنَةٍ وَمَحَا عَنْهُ أَلْفَ أَلْفِ سَيِّئَةٍ وَبَنَى لَهُ بَيْتًا فِي الْجَنَّةِ.

ഉമര്‍ ബ്നു ഖത്വാബ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍ ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് പത്ത് ലക്ഷം നന്മകള്‍ വീതം രേഖപ്പെടുത്തുകയും അയാളുടെ പത്ത് ലക്ഷം (തിന്മകള്‍) മായ്ക്കപ്പെടുകയും, അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു വീട് ഉണ്ടാക്കപ്പെടുന്നതുമാണ്.

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَىٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം (അവനാണ് പരമാധിപത്യവും) എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ എന്നെന്നും ജീവിക്കുന്നവനാണ്. ഒരിക്കലും മരിക്കുകയില്ല. എല്ലാ നന്മകളും അവന്റെ കയ്യിലാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും പരിമിതികളില്ലാതെ ശക്തിയും കഴിവുള്ളവനാണ്. (തി൪മിദി:3429, ഇബ്നുമാജ: 2235 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

قَالَ الطِّيبِيُّ رحمه الله: خَصَّهُ بِالذِّكْرِ لِأَنَّهُ مَكَانُ الْغَفْلَةِ عَنْ ذِكْرِ اللَّهِ وَالِاشْتِغَالِ بِالتِّجَارَةِ فَهُوَ مَوْضِعُ سَلْطَنَةِ الشَّيْطَانِ وَمَجْمَعُ جُنُودِهِ فَالذَّاكِرُ هُنَاكَ يُحَارِبُ الشَّيْطَانَ وَيَهْزِمُ جُنُودَهُ فَهُوَ خَلِيقٌ بِمَا ذُكِرَ مِنَ الثَّوَابِ.

ഇമാം തീബി رحمه الله പറഞ്ഞു: അങ്ങാടിയെ നബി ﷺ പ്രത്യേകം എടുത്തുപറഞ്ഞത്, അത് അല്ലാഹുവിന്റെ സ്മരണയിൽ നിന്നുള്ള അശ്രദ്ധയുടെയും കച്ചവട കാര്യങ്ങളിൽ മുഴുകുന്നതിന്റെയും സ്ഥലമായതുകൊണ്ടാണ്. അത് ശൈത്വാന്റെ ആധിപത്യത്തിന്റെയും അവന്റെ സൈന്യങ്ങളുടെ സംഗമത്തിന്റെയും സ്ഥാനമാണ്. അതിനാൽ അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കുന്നയാൾ ശൈത്വാനോട് പൊരുതുകയും അവന്റെ സൈന്യത്തെ പരാജയപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, അവൻ ഈ പരാമർശിക്കപ്പെട്ട വമ്പിച്ച പ്രതിഫലത്തിന് അര്‍ഹൻ തന്നെയാകുന്നു. [مرقاة المفاتيح شرح مشكاة المصابيح: الهروي (4/ 1687).

ഇതിൽ പെട്ടതാണ് മൂന്ന് വിഭാഗം ആളുകളെക്കുറിച്ചുള്ള ഹദീസും.

عن أبي ‌الدرداء رضي الله عنه، قال: قال رسول الله صلى الله عليه وسلم: ثلاثَةٌ يحبُّهُمُ اللهُ -عزَّ وجلَّ-، ويَضْحَكُ إليهِمْ، ويَسْتَبْشِرُ بِهمْ: الذي إذا انْكَشَفَتْ فِئَةٌ؛ قاتَلَ ورَاءَها بِنفسِهِ للهِ -عزَّ وجلَّ-، فَإِمَّا أنْ يُقتلَ، وإِمَّا أنْ يَنْصُرَهُ اللهُ ويَكْفيهِ، فيقولُ اللهُ: انظُروا إلى عَبدي كَيْفَ صَبَّرَ لي نفسَهُ؟! والذي لهُ امرأةٌ حَسْناءُ، وفِرَاشٌ لَيِّنٌ حَسَنٌ، فَيَقُومُ مِنَ الليلِ، فيقولُ: يَذَرُ شَهْوَتَهُ، فَيَذْكُرُنِي ويُناجِينِي، ولَوْ شاءَ رَقَدَ! والذي يكونُ في سفرٍ، وكان مَعَهُ رَكْبٌ؛ فَسَهَرُوا ونَصَبُوا، ثُمَّ هَجَعُوا، فقامَ مِنَ السحر في سَرَّاءٍ أوْ ضَرَّاءٍ.

അബുദ്ദര്‍ദ്ദാഅ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘മൂന്ന് വിഭാഗം ആളുകളുണ്ട്; അല്ലാഹു അവരെ ഇഷ്ടപ്പെടുകയും, അവരിലേക്ക് പുഞ്ചിരിക്കുകയും , അവരെക്കുറിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു:

1.സ്വന്തം സൈനിക വ്യൂഹം (ശത്രുവിന് മുന്നിൽ പരാജയപ്പെട്ട്) പിന്തിരിഞ്ഞോടുമ്പോൾ, അല്ലാഹുവിനായി സ്വന്തം ജീവൻ സമർപ്പിച്ച് അവർക്ക് പിന്നിൽ ഉറച്ചുനിന്ന് പോരാടുന്ന വ്യക്തി. അവൻ ഒന്നുകിൽ (അല്ലാഹുവിന്റെ മാർഗ്ഗത്തിൽ) കൊല്ലപ്പെടുന്നു, അല്ലെങ്കിൽ അല്ലാഹു അവനെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അപ്പോൾ അല്ലാഹു (മലക്കുകളോട്) പറയും: ‘എന്റെ അടിയനിലേക്ക് നോക്കൂ, എനിക്കായി അവൻ സ്വന്തം മനസ്സിനെ എപ്രകാരമാണ് ക്ഷമയോടെ പൊരുതിനിർത്തിയത്?’

2.സൗന്ദര്യമുള്ള ഭാര്യയും, മൃദുലവും മനോഹരവുമായ വിരിപ്പും (കിടക്കയും) ഉണ്ടായിരിക്കെ രാത്രിയിൽ (ഉറക്കമൊഴിച്ച്) എഴുന്നേൽക്കുന്ന വ്യക്തി. അപ്പോൾ അല്ലാഹു (മലക്കുകളോട്) പറയും: ‘അവൻ തൻ്റെ ഇച്ഛകളെ ഉപേക്ഷിച്ച് എന്നെ സ്മരിക്കുകയും എന്നോട് സ്വകാര്യമായി പ്രാർത്ഥിക്കുകയുമാണ്. അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അവന് അവിടെ കിടന്നുറങ്ങാമായിരുന്നു.’

3.യാത്രയിലായിരിക്കുകയും ഒപ്പം ഒരു സംഘം (കൂട്ടുകാര്‍) ഉണ്ടാവുകയും ചെയ്ത വ്യക്തി. അവർ രാത്രിയിൽ ഏറെ നേരം ഉണർന്നിരിക്കുകയും കടുത്ത യാത്രാക്ഷീണം അനുഭവപ്പെടുകയും ചെയ്തപ്പോൾ (കിടന്ന്) ഉറങ്ങിപ്പോയി. എന്നാൽ അവൻ സുഖത്തിലാകട്ടെ ദുഃഖത്തിലാകട്ടെ അത്താഴസമയത്ത് എഴുന്നേറ്റ് നമസ്കരിച്ചു. (ഇമാം ഹാക്കിമും ബൈഹഖിയും ഉദ്ധരിച്ചത്, അൽബാനി ഹസനാക്കിയത്)

‘ആളുകൾ അശ്രദ്ധരാന്ന സമയങ്ങളിലെ ഇബാദത്ത്,’ എന്ന തത്വം ഈ ഹദീസിലെ മൂന്ന് അവസരങ്ങളിലും പ്രകടമാണ്:

ആളുകൾ അശ്രദ്ധരായിരിക്കുന്ന സമയത്തെ ഇബാദത്ത് മനസ്സിന് കൂടുതൽ പ്രയാസമുള്ളതായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. കാരണം, മാതൃകയാക്കാൻ (പിന്തുടരാൻ) അപ്പോൾ അവിടെ മറ്റാരുമുണ്ടാവില്ല. മാതൃകകളുണ്ടാകുന്നത് കർമ്മങ്ങൾ എളുപ്പമാക്കുകയും അതിന് സഹായകരമാവുകയും ചെയ്യും. എന്നാൽ അവിടെയൊക്കെ ക്ഷമയോടെ അല്ലാഹുവിനുള്ള ഇബാദത്തുകളിൽ മുഴുകുന്നതിന് പ്രത്യേക ആനന്ദവും മധുരവുമുണ്ട്. ജനങ്ങൾ ഉറങ്ങുന്ന രാത്രിയുടെ അന്ത്യയാമങ്ങളിൽ റബ്ബ് തന്റെ അടിയനോട് ഏറ്റവും അടുത്തവനാകുന്നത് ഓര്‍ക്കുക.

ജനങ്ങൾ ഭയത്തിലും അരാജകത്വത്തിലും പെട്ട് ദൈവസ്മരണ മറന്നുപോകുന്ന ഏറ്റവും വലിയ ‘അശ്രദ്ധയുടെ സമയത്ത്’, അല്ലാഹുവിലേക്ക് മനസ്സ് തിരിച്ചു ഇബാദത്തിൽ ഉറച്ചുനിൽക്കുന്നത് നബി ﷺ യുടെ കൂടെയുള്ള ഹിജ്റയ്ക്ക് തുല്യമായ ആത്മീയ മഹത്വം നൽകുന്നു. നബി ﷺ പറഞ്ഞു:

الْعِبَادَةُ فِي الْهَرْجِ كَهِجْرَةٍ إِلَىَّ

കുഴപ്പങ്ങളുടെ കാലത്തെ ഇബാദത്ത് എന്നിലേക്കുള്ള ഹിജ്റയ്ക്ക് തുല്യമാണ്. (മുസ്ലിം:2948)

ഇമാം മുസ്ലിം رحمه الله ഈ ഹദീസിന് നൽകിയ അധ്യായത്തിന്റെ പേര് ഇപ്രകാരമാണ്:

باب فَضْلِ الْعِبَادَةِ فِي الْهَرْجِ

കുഴപ്പങ്ങളുടെ സമയത്തെ ഇബാദത്തിന്റെ ശ്രേഷ്ഠത.

يقول الإمام النووي رحمه الله تعالى في شرحه: المراد بالهرج هنا الفتنة واختلاط أمور الناس وسبب كثرة فضل العبادة فيه أن الناس يغفلون عنها ويشتغلون عنها ولا يتفرغ لها إلا أفراد.

ഇമാം നവവി رحمه الله പറയുന്നു: ‘ഇവിടെ ഹർജ് (الهرج) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഫിത്നയും (കുഴപ്പങ്ങളും) ജനങ്ങളുടെ കാര്യങ്ങളിലെ ആശയക്കുഴപ്പങ്ങളുമാണ്. ആ സമയത്തെ ഇബാദത്തിന് ഇത്രയധികം ശ്രേഷ്ഠത വരാൻ കാരണം: ജനങ്ങൾ ഇബാദത്തിനെ കുറിച്ച് അശ്രദ്ധരാവുകയും, അതിൽ നിന്ന് (മറ്റു കാര്യങ്ങളിലേക്ക്) തിരിഞ്ഞുപോവുകയും ചെയ്യും എന്നതിനാലാണ്; അപൂർവ്വം ചില ആളുകൾ മാത്രമാണ് ആ സമയത്ത് ഇതിനായി സമയം കണ്ടെത്തുന്നത്. [المنهاج شرح صحيح مسلم بن الحجاج: 18/ 88.]

ഒരു മുഹാജിർ തന്റെ നാടിനെയും സ്വത്തുക്കളെയും ഉപേക്ഷിച്ച്, അല്ലാഹുവിന്റെ പക്കലുള്ള പ്രതിഫലത്തിന് മുൻഗണന നൽകി നബി ﷺ യിലേക്ക് ഹിജ്റ ചെയ്തതുപോലെ, ജനങ്ങളുടെ അശ്രദ്ധയുടെയും ഫിത്നകളുടെയും സമയത്ത് ഇബാദത്ത് ചെയ്യുന്ന വ്യക്തിയും തന്റെ ഹൃദയം കൊണ്ട് റബ്ബിലേക്ക് ഹിജ്റ ചെയ്യുകയാണ് ചെയ്യുന്നത്. അവൻ ജനങ്ങളുടെ ഫിത്നകളിൽ നിന്ന് വിട്ടുനിൽക്കുകയും, തന്റെ ഹൃദയവും ശരീരവും കൊണ്ട് അതിൽ നിന്ന് അകന്ന് നിൽക്കുകയും, റബ്ബിന്റെ ഇബാദത്തിലേക്ക് തിരിയുകയും അവങ്കൽ നിന്നുള്ള മഹത്തായ ഔദാര്യത്തിന് മുൻഗണന നൽകുകയും ചെയ്യുന്നു.

സലഫുകൾ പറയാറുണ്ടായിരുന്നു:

لولا مَن يذكر الله في غفلة الناس لهلك الناس.

ജനങ്ങളുടെ അശ്രദ്ധയുടെ സമയങ്ങളിൽ അല്ലാഹുവിനെ ഓർക്കുന്നവർ ഇല്ലായിരുന്നെങ്കിൽ, മനുഷ്യർ മുഴുവൻ നശിച്ചുപോകുമായിരുന്നു.

അശ്രദ്ധയുടെ ഘട്ടങ്ങളിൽ അല്ലാഹുവിനുള്ള ഇബാദത്തിലേക്ക് തിരിയുന്നവർക്ക് വമ്പിച്ച പ്രതിഫലമുണ്ട്. അതിനാൽ അത്തരം സാഹചര്യങ്ങളിൽ ഇബാദത്തിൽ മുഴുകുകയാണ് ഒരാൾക്ക് അനുയോജ്യമായിട്ടുള്ളത്. ഇത്തരം സാഹചര്യങ്ങൾ ഓരോരുത്തര്‍ക്കും ഓരോ നാട്ടുകാര്‍ക്കും വ്യത്യസ്തമായിരിക്കും. പൊതുവായ ചില ഉദാഹരണങ്ങൾ മാത്രം സൂചിപ്പിക്കാം.

 രാത്രി നമസ്കാരം

مَّنْ هُوَ قَٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ ٱلْـَٔاخِرَةَ وَيَرْجُوا۟ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَٰبِ

അതല്ല, പരലോകത്തെ പറ്റി ജാഗ്രത പുലര്‍ത്തുകയും, തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യം ആശിക്കുകയും ചെയ്തു കൊണ്ട് സാഷ്ടാംഗം ചെയ്തും, നിന്നു പ്രാര്‍ത്ഥിച്ചും രാത്രി സമയങ്ങളില്‍ കീഴ്‌വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്‍?) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ. (ഖുര്‍ആൻ:39/9)

تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿١٦﴾‏ فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ ‎﴿١٧﴾

ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (ഖു൪ആന്‍ :32/15-17)

മറ്റു മനുഷ്യർ ഉറക്കത്തിലാവുകയും, രാത്രിയിലെ ഇബാദത്തുകളിൽ നിന്നും  വിമുഖത കാണിക്കുകയും ചെയ്യുന്ന സമയത്ത്, അല്ലാഹുവിന്റെ മുന്നിൽ വിനയാന്വിതനായി നിൽക്കുകയും നമസ്കരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്കുള്ള പ്രശംസയും വാഴ്ത്തലുമാണിത്.

രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടുക

സ്വ‍ര്‍ഗ വാസികളായ മുത്തഖീങ്ങളുടെ ഒരു ഗുണമായി അല്ലാഹു പറയുന്നു:

وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ

രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖുർആൻ: 51/18)

{وَبِالْأَسْحَارِ} التي هي قبيل الفجر {هُمْ يَسْتَغْفِرُونَ} الله تعالى، فمدوا صلاتهم إلى السحر، ثم جلسوا في خاتمة قيامهم بالليل، يستغفرون الله تعالى، استغفار المذنب لذنبه، وللاستغفار بالأسحار، فضيلة وخصيصة، ليست لغيره، كما قال تعالى في وصف أهل الإيمان والطاعة: {وَالْمُسْتَغْفِرِينَ بِالْأَسْحَارِ}

{രാത്രിയുടെ അന്ത്യവേളകളില്‍} സ്വുബ്ഹിന് തൊട്ടുമുമ്പ്. {അവര്‍ പാപമോചനം തേടുന്നവരായിരുന്നു} അല്ലാഹുവിനോട്. അത്താഴസമയംവരെ അവര്‍ നമസ്‌കാരം നീട്ടും. തുടര്‍ന്ന് രാത്രി നമസ്‌കാരത്തിന്റെ അവസാനത്തില്‍ തങ്ങളുടെ തെറ്റുകള്‍ക്ക് അവര്‍ പാപമോചനം തേടും. ഈ അത്താഴസമയത്ത് പാപമോചനത്തിന് ശ്രേഷ്ഠതയുണ്ട്. മറ്റു സമയങ്ങള്‍ക്കില്ലാത്ത ഒരു പ്രത്യേകതയാണത്. അല്ലാഹുവിനെ അനുസരിക്കുന്ന വിശ്വാസികളെക്കുറിച്ച് പറഞ്ഞപ്പോള്‍ ക്വുര്‍ആന്‍ പറയുന്നു: {അത്താഴവേളകളില്‍ പാപമോചനം തേടുന്നവരും}(ആലുഇംറാൻ:17) (തഫ്സീറുസ്സഅ്ദി)

ٱلصَّٰبِرِينَ وَٱلصَّٰدِقِينَ وَٱلْقَٰنِتِينَ وَٱلْمُنفِقِينَ وَٱلْمُسْتَغْفِرِينَ بِٱلْأَسْحَارِ

(അതെ) ക്ഷമാലുക്കളും, സത്യവാന്മാരും, ഭക്തന്മാരും ചിലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടുന്നവരും! [ഇവരാണ് സൂക്ഷ്മത പാലിക്കുന്നവര്‍.] (ഖുർആൻ: 3/17)

ഭൂരിഭാഗം ആളുകളും ഉറക്കത്തിലും ആഴത്തിലുള്ള നിദ്രയിലുമായ സമയമാണ് രാത്രിയുടെ അന്ത്യവേളകൾ.

ജമാഅത്ത് നമസ്കാരങ്ങൾ, പ്രത്യേകിച്ച് അസ്ര്‍, സുബ്ഹ്

عَنْ أَبِي مُوسَى، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ صَلَّى الْبَرْدَيْنِ دَخَلَ الْجَنَّةَ ‏‏‏

അബൂമൂസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ബര്‍ദയ്ന്‍ നമസ്‌കരിച്ചാല്‍ (സുബ്ഹിയും അസ്റും) അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. (ബുഖാരി:574 – മുസ്ലിം:635)

ഈ രണ്ട് നമസ്കാരങ്ങൾക്കും ഇത്രയും വലിയ മഹത്വം വരാനുള്ള കാരണങ്ങളിലൊന്ന്, അവയുടെ സമയം ആളുകൾ പൊതുവെ അശ്രദ്ധരാകുന്ന സമയമായതുകൊണ്ടാണ്: സുബ്ഹി വരുന്നത് ഭൂരിഭാഗം ആളുകളും  ഉറക്കത്തിലായിരിക്കുന്ന സമയത്താണ്; അസ്വ്റാകട്ടെ ജോലികളിലും, സമ്പാദ്യത്തിലും, കച്ചവടങ്ങളിലും, ഔദ്യോഗിക കാര്യങ്ങളിലും ആളുകൾ വ്യാപൃതരായിരിക്കുന്ന സമയത്തുമാണ്. ചിലയാളുകൾ ഉച്ചയുറക്കത്തിലും.

രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകളും ദുആകളും

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ ٱللَّهَ ذِكْرًا كَثِيرًا ‎﴿٤١﴾‏ وَسَبِّحُوهُ بُكْرَةً وَأَصِيلًا ‎﴿٤٢﴾

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, രാവിലേയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍. (ഖു൪ആന്‍ : 33/41-42)

രാവിലെ : സുബ്ഹി നമസ്കാരശേഷം സൂര്യന്‍ ഉദിച്ച് പൊങ്ങുന്നതുവരെയും.  വൈകുന്നേരം : അസ്വര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെയും രാവിലത്തേയും വൈകുന്നേരത്തേയും ദിക്റ് ചൊല്ലാവുന്നതാണ്.

സുന്നത്ത് നോമ്പുകൾ

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: تُعْرَضُ الأَعْمَالُ يَوْمَ الاِثْنَيْنِ وَالْخَمِيسِ فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ

അബൂഹുറൈറ رَضِيَ اللهُ عَنْهُ യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും പ്രവ൪ത്തനങ്ങള്‍ (അല്ലാഹുവിന്) പ്രദ൪ശിപ്പിക്കപ്പെടുന്നു. ഞാന്‍ നോമ്പുകാരനായ രൂപത്തില്‍ എന്റെ പ്രവ൪ത്തനങ്ങള്‍ പ്രദ൪ശിപ്പിക്കപ്പെടുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (തി൪മിദി:747)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ صَوْمُ ثَلاَثَةِ أَيَّامٍ صَوْمُ الدَّهْرِ كُلِّهِ

നബി ﷺ പറഞ്ഞു: ഓരോ മാസത്തിലും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുന്നത് വർഷം മുഴുവൻ വ്രതമനുഷ്ഠിക്കുന്നതിന് തുല്യമാണ്. (ബുഖാരി: 1979)

ദുല്‍ഹജ്ജിലെ ആദ്യത്തെ 10 ദിനങ്ങള്‍

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ :‏ مَا الْعَمَلُ فِي أَيَّامِ الْعَشْرِ أَفْضَلَ مِنَ الْعَمَلِ فِي هَذِهِ ‏”‏‏.‏ قَالُوا وَلاَ الْجِهَادُ قَالَ ‏”‏ وَلاَ الْجِهَادُ، إِلاَّ رَجُلٌ خَرَجَ يُخَاطِرُ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ بِشَىْءٍ

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈ പത്ത് ദിവസങ്ങളില്‍ (ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങള്‍) നി൪വ്വഹിക്കുന്ന സല്‍കര്‍മ്മങ്ങളേക്കാള്‍ ശ്രേ‍ഷ്ടകരമായ മറ്റൊരു ദിവസത്തെ സല്‍ക൪മ്മങ്ങളുമില്ല’. അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ? നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ല.എന്നാല്‍ ഒരാള്‍ സ്വന്തംശരീരവും സമ്പത്തുമായും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന് പുറപ്പെടുകയും അവയില്‍ നിന്ന് ഒന്നും അദ്ദേഹം തിരിച്ചുകൊണ്ടുവരാതെ രക്തസാക്ഷിയാകുകയും ചെയ്താലല്ലാതെ. (ബുഖാരി :969)

قال الشيخ ابن عثيمين رحمه الله : والعجب أن الناس غافلون عن هذه العشر تجدهم في عشر رمضان يجتهدون في العمل لكن في عشر ذي الحجة لا تكاد تجد أحداً فرق بينها وبين غيرها، ولكن إذا قام الإنسان بالعمل الصالح في هذا الأيام العشرة إحياء لما أرشد إليه النبي – صلى الله عليه وعلى آله وسلم – من الأعمال الصالحة. فإنه على خير عظيم.

ശൈഖ് ഉസൈമീന്‍ رحمه الله പറഞ്ഞു: റമളാനിലെ അവസാനത്തെ പത്ത് ദിവസം സല്‍ക൪മ്മം പ്രവ൪ത്തിക്കുന്നതില്‍ ധാരാളം പരിശ്രമിക്കുന്ന പലരും ദുല്‍ഹിജ്ജയിലെ ആദ്യ പത്തിനെ കുറിച്ച് അശ്രദ്ധയിലാണെന്നത് വളരെ ആശ്ചര്യംതന്നെ. അവ൪ ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളില്‍ മറ്റ് ദിവസങ്ങളേക്കാള്‍ ശ്രേഷ്ടത കാണുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഒരാല്‍ നബി ﷺ അറിയിച്ചു തന്നതനുസരിച്ച് ഈ ദിവസങ്ങളില്‍ സല്‍ക൪മ്മങ്ങളില്‍ വ്യാപൃതനാകുകയാണെങ്കില്‍ അവന്‍ വമ്പിച്ച നന്‍മയിലാണ്. (മജ്മൂഉല്‍ ഫത്വാവാ :21/37)

അയ്യാമുത്തശ്‌രീഖ്

ദുല്‍ഹിജ്ജ മാസം 11,12,13 ദിവസങ്ങള്‍ക്കാണ് അയ്യാമുത്തശ്‌രീഖ് എന്ന് പറയുന്നത്.

يقول ابن أبي جمرة رحمه الله: قال وسر كون العبادة فيها أفضل من غيرها أن العبادة في أوقات الغفلة فاضلة على غيرها وأيام التشريق أيام غفلة في الغالب فصار للعابد فيها مزيد فضل على العابد في غيرها كمن قام في جوف الليل وأكثر الناس نيام.

ഇബ്നു അബീ ജംറ رحمه الله പറയുന്നു: മറ്റ് ദിവസങ്ങളേക്കാൾ ഈ ദിവസങ്ങളിൽ (അയ്യാം തശ്രീഖിൽ) ഇബാദത്തിന് കൂടുതൽ ശ്രേഷ്ഠത വരാനുള്ള രഹസ്യം എന്തെന്നാൽ: അശ്രദ്ധയുടെ സമയങ്ങളിലെ ഇബാദത്ത് മറ്റു സമയങ്ങളേക്കാൾ ശ്രേഷ്ഠമാണ് എന്നതാണ്. അയ്യാം തശ്രീഖ് പൊതുവെ ആളുകൾ അശ്രദ്ധരാകുന്ന ദിവസങ്ങളാണ്. അതിനാൽ ഈ ദിവസങ്ങളിൽ ഇബാദത്ത് ചെയ്യുന്ന വ്യക്തിക്ക് മറ്റ് ദിവസങ്ങളിൽ ഇബാദത്ത് നടത്തുന്നവനേക്കാൾ അധിക പ്രതിഫലം ലഭിക്കുന്നു; ജനങ്ങളിൽ ഭൂരിഭാഗവും ഉറങ്ങിക്കിടക്കുന്ന രാത്രിയുടെ മധ്യത്തിൽ എഴുന്നേറ്റ് നമസ്കരിക്കുന്നവനെപ്പോലെ. [فتح الباري: 2/ 459]

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *